നിർഭയകേസ്: മാനവികമാണ് ശിക്ഷാവിധി; അംഗീകരിക്കാനൊരുക്കമുണ്ടോ ?

//നിർഭയകേസ്: മാനവികമാണ് ശിക്ഷാവിധി; അംഗീകരിക്കാനൊരുക്കമുണ്ടോ ?
//നിർഭയകേസ്: മാനവികമാണ് ശിക്ഷാവിധി; അംഗീകരിക്കാനൊരുക്കമുണ്ടോ ?
ആനുകാലികം

നിർഭയകേസ്: മാനവികമാണ് ശിക്ഷാവിധി; അംഗീകരിക്കാനൊരുക്കമുണ്ടോ ?

നിർഭയവധക്കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റിയിരിക്കുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷമാണെങ്കിലും നീതി നടപ്പായിരിക്കുന്നുവെന്ന നിർഭയയുടെ മാതാവിന്റെ നെടുവീർപ്പോടുകൂടിയുള്ള ആഹ്ളാദവാക്കുകൾ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തു. വധശിക്ഷ നടപ്പാക്കിയ തിഹാർ ജയിലിന് പുറത്ത് ജനക്കൂട്ടം ഹർഷാരവം മുഴക്കിക്കൊണ്ട് വധശിക്ഷയെ ആഘോഷിച്ചു. എല്ലാവരുടെയും മനസ്സ് ഒരേ സ്വരത്തിൽ പറയുന്നു; കിട്ടേണ്ടത് തന്നെയാണ് പ്രതികൾക്ക് കിട്ടിയത്.

കൊലപാതകികളെ കൊല്ലുക തന്നെയാണ് നീതി!

സ്രഷ്ടാവിന് മാത്രമേ ആരാധനകളെല്ലാം അര്‍പ്പിക്കാന്‍ പാടുള്ളുവെന്ന ഇസ്‌ലാമിന്റെ അടിസ്ഥാനതത്വം മുതല്‍ സാമൂഹ്യവ്യവസ്ഥയുടെ പൂര്‍ണതയില്‍ നടപ്പാക്കേണ്ട ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ വരെ ശുദ്ധമായ മനുഷ്യപ്രകൃതി ആഗ്രഹിക്കുന്നവയാണ് എന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഈ പ്രതികരണങ്ങൾ. കാപട്യങ്ങള്‍ തമസ്‌കരണങ്ങള്‍ കൊണ്ടോ വിമര്‍ശനങ്ങളുടെ മൂടുപടം കൊണ്ടോ മറച്ചുവെക്കുവാന്‍ എത്രതന്നെ ശ്രമിച്ചാലും ഇസ്‌ലാമികനിയമങ്ങള്‍ മാനവികമാണെന്ന വസ്തുത വിമര്‍ശകരുടെ മനസ്സുകള്‍ പോലും തുറന്നു പുറത്തുവരുമെന്ന സത്യത്തിന്റെ അവസാനത്തെ ഉദാഹരണമാണ് നിർഭയവധക്കേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോൾ ഇന്ത്യയിലെ മുഴുവനാളുകളും സന്തോഷിച്ച സംഭവം. മുസ്‌ലിം പക്ഷപാതികളായി മുദ്രയടിക്കപ്പെട്ടവരോ ഇസ്‌ലാമികപ്രബോധകരോ അല്ല വധശിക്ഷയെ അനുകൂലിച്ചവരും അത് പെട്ടെന്ന് നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചവരുമെന്ന വസ്തുത ഇസ്‌ലാം വിമർശകരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. കൊന്നവരെ കൊല്ലണമെന്ന് ഇസ്‌ലാം പറയുമ്പോൾ അത് കാടത്തമാണെന്നും മുസ്‌ലിംരാജ്യങ്ങളെവിടെയെങ്കിലും വധശിക്ഷനടപ്പാക്കുമ്പോൾ അത് പ്രാകൃതമാണെന്നും ഉപന്യസിക്കുന്നവർക്കുള്ള മറുപടി നൽകുന്നതാണ് നിർഭയയുടെ അമ്മയുടെ പ്രതികരണം: “എട്ടു വർഷത്തോളം കാത്തിരുന്നിട്ടാണെങ്കിലും ഇന്ന് എന്റെ മകൾക്ക് നീതി കിട്ടി”

അതെ! ഇസ്‌ലാം നീതിയുടെ പക്ഷത്താണ്. നിഷ്കളങ്കരായ ഇരകളുടെ കൂടെയാണ് ഇസ്‌ലാം; കുറ്റവാളികളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലരാകുന്നവർ ഇരകളുടെ നീതിയെക്കുറിച്ച് മിണ്ടാറില്ല. എത്ര വലിയ ഇസ്‌ലാം വിരോധിയാണെങ്കിലും അയാളുടെ മനസ്സിനകത്തെ മാനവികമായ നിഷ്‌കളങ്കതയ്ക്ക് ഇസ്‌ലാമിക ജീവിതവ്യവസ്ഥയുടെ സാധുതയും സാധ്യതയും അംഗീകരിക്കാതിരിക്കാനാവില്ലെന്ന സത്യമാണ് സിനിമാനടനും പ്രധാനമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തയാളും കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുമായിരുന്ന സുരേഷ്‌ഗോപിയുടെ നാവിലൂടെ, മുമ്പ് ജിഷ വധക്കേസിനെക്കുറിച്ച പരാമർശത്തിനിടയിൽ ഇസ്‌ലാമിക നാടുകളിലേതുപോലെ ശിക്ഷകൾ നടപ്പാക്കിയാൽ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങളില്ലാതാവൂയെന്ന പരാമർശം പുറത്ത് വന്നത്.

കുറ്റകൃത്യങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്നവരുടെ പക്ഷത്തുനില്‍ക്കുന്ന ഇസ്‌ലാമികശിക്ഷാനിയമങ്ങളുടെ മാനവികതയെ മറയ്ക്കുവാനാണ് മനുഷ്യാവകാശങ്ങളുടെ പട്ടില്‍ പൊതിഞ്ഞ കുറ്റവാളിയെ സംരക്ഷിക്കുന്ന നിയമങ്ങളുപയോഗിച്ച് ജനാധിപത്യത്തിന്റെ സംരക്ഷകരെന്നവകാശപ്പെടുന്നവര്‍ ശ്രമിക്കാറുള്ളത്. 2011 ഫെബ്രുവരിയില്‍ നടന്ന സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമി, ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി തെണ്ടിയിരുന്ന ആളായിരുന്നുവെങ്കില്‍ ഇപ്പോള്‍ ജയിലില്‍ മൂന്നുനേരം വയറുനിറച്ചുണ്ണുന്നവനാണെന്ന വസ്തുത അതൊരു ശിക്ഷയേയല്ലെന്നാണ് മനസ്സിലാക്കിത്തരുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് സൗദിഅറേബ്യയിലേതുപോലെ മാതൃകാപരവും കാലവിളംബമില്ലാത്തതുമായ ശിക്ഷകള്‍ നടപ്പാക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശിക്ഷാവിധികളുടെ ഫലശൂന്യതയെയും ഇസ്‌ലാമികനിയമങ്ങളുടെ മാനവികതയെയും വരച്ചുകാണിക്കുന്നുണ്ട്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്ന് ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിലെ പീഡനത്തിന് ശേഷം കൊല്ലപ്പെട്ട സൗമ്യയുടെയും 2012 ഡിസംബര്‍ 16ന് ദല്‍ഹിയില്‍വെച്ച് ക്രൂരമായ മാനഭംഗത്തിന് വിധേയയായി കൊല്ലപ്പെട്ട നിർഭയയയുടെയും 2016 ഏപ്രില്‍ 16ന് കേരളത്തിലെ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെയുമെല്ലാം രക്ഷിതാക്കള്‍ക്ക് പറയാനുള്ളത് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രസ്തുത ശിക്ഷയെക്കുറിച്ചറിയുന്ന ആരും തന്നെ പിന്നീട് ഇതേരീതിയിലുള്ള ഒരു കുറ്റകൃത്യം ചെയ്യാന്‍ ഒരുമ്പെടരുതെന്നുമാണ്. കരയുന്ന രക്ഷിതാക്കള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നതിനാല്‍ ഇസ്‌ലാമികനിയമങ്ങളെ കാടനെന്ന് വിളിക്കുന്നവരാരെങ്കിലും പ്രസ്തുത കാടത്തത്തിന് ഓശാന പാടിയെന്ന കുറ്റം ചുമത്തി ഈ രക്ഷിതാക്കളെയും കുറ്റവാളികൾ കൊല്ലപ്പെടുന്ന സമയത്ത് ജയിലിന് പുറത്ത് തടിച്ചുകൂടി മധുരം വിതരണം ചെയ്തവരെയും വധശിക്ഷയെ നീതിയുടെ വിജയമെന്ന് വിശേഷിപ്പിച്ച വനിതാക്ഷേമപ്രവർത്തകരെയുമെല്ലാം വിചാരണ ചെയ്യുമോയെന്ന് കണ്ടറിയണം.

കുറ്റകൃത്യങ്ങള്‍ കടന്നുവരുവാന്‍ സാധ്യതയുള്ള സാമൂഹ്യസാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യുകയും അതിന് പ്രേരിപ്പിക്കുന്ന വൈയക്തികബലഹീനതകള്‍ക്ക് പരിഹാരം കാണുകയും ചെയ്തതിന് ശേഷമാണ് കുറ്റകൃത്യങ്ങളില്ലാത്ത ഒരു സമൂഹസൃഷ്ടിക്ക് അനിവാര്യമായ മാതൃകാപരമായ ശിക്ഷകള്‍ നടപ്പാക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നതെന്ന വസ്തുത പ്രസ്തുത നിയമങ്ങളുടെ മാനവികതയെയാണ് വെളിപ്പെടുത്തുന്നത്. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുറ്റങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് ഇസ്‌ലാം ശ്രമിക്കുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്തയാളെ അതുകൊണ്ടുണ്ടായ വേദനയുടെ ചെറിയൊരു അംശമെങ്കിലും അനുഭവിപ്പിച്ച് പ്രതികാരം ചെയ്യുന്നതും അവകൊണ്ട് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും സാന്ത്വനവും നല്‍കുന്നതും അതുചെയ്യുന്നതില്‍നിന്ന് മറ്റുള്ളവരെ തടയാന്‍ തക്കവണ്ണം മാതൃകാപരമാകുന്നതുമാകണം ശിക്ഷകളെന്ന അടിസ്ഥാനതത്ത്വം പാലിക്കുന്നവയാണ് ഇസ്‌ലാമികശിക്ഷാവിധികളെല്ലാം തന്നെ.

വധശിക്ഷകൾ നടപ്പാക്കപ്പെടുകയും അതാണ് ശരിയെന്ന് സമാധാനത്തോടെ ജീവിക്കണമെന്നാഗ്രഹിക്കുന്ന സമൂഹത്തിലുള്ളവരെല്ലാം ഒരേ സ്വരത്തിൽ പറയുകയും ചെയ്യുമ്പോൾ ഈ പ്രതികരണം ഇസ്‌ലാമിക ശിക്ഷാനിയമങ്ങൾക്കുള്ള അംഗീകാരമാണെന്ന് പ്രബോധകന്മാർ പറയാറുണ്ട്. അതുവരെ നിശ്ശബ്ദരായിരിക്കുന്ന നാസ്തികന്മാർ ഇത് കേൾക്കുമ്പോഴേക്ക് സട കുടഞ്ഞെഴുന്നേൽക്കാറുമുണ്ട്. ഇസ്‌ലാമിന് ഏതെങ്കിലും രൂപത്തിലുള്ള യാതൊരു തരം അംഗീകാരവും മനുഷ്യമനസ്സിലുണ്ടാകാൻ തങ്ങൾ സമ്മതിക്കില്ല എന്നവണ്ണം ഇസ്‌ലാമികരാജ്യങ്ങളിലെ മനുഷ്യാവകാശപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള ബ്ലോഗെഴുത്തുകൾ സജീവമാകാറുള്ളത് അപ്പോഴാണ്. ജിഷ വധക്കേസിനോടനുബന്ധിച്ച് സിനിമാനടൻ ‘മുസ്‌ലിംരാജ്യങ്ങളിലേതുപോലെ’ എന്ന ഒരു വാചകം പറഞ്ഞപ്പോഴേക്ക് സൗദി അറേബ്യയിൽ നടന്ന ബലാൽസംഗക്കേസുകളിൽ വിധികകൾ പുറപ്പെടുവിച്ചത് സ്ത്രീകൾക്കെതിരെയായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഓൺലൈൻ അധരവ്യായാമങ്ങൾ സജീവമാകാറുള്ളത്. അതെല്ലാം ഇപ്പോഴും പ്രതീക്ഷിക്കാവുന്നതാണ്.

നിയമങ്ങള്‍ എത്രതന്നെ കുറ്റമറ്റതാണെങ്കിലും അവ നടപ്പാക്കുന്നത് മനുഷ്യരാണ് എന്നതിനാല്‍ അവരുടെ പരിമിതികളും ന്യൂനതകളുമെല്ലാം വിധികളെ സ്വാധീനിക്കുവാന്‍ സാധ്യതയുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. ഈ പരിമിതിയും ന്യൂനതയും ഏതുകാലത്തും ഏതുദേശത്തുമുള്ള ആര്‍ക്കും ഉണ്ടാകാവുന്നതാണ്. ന്യായന്യായങ്ങള്‍ കക്ഷികളില്‍നിന്ന് കേട്ട് തീരുമാനങ്ങളെടുക്കുമ്പോള്‍ പ്രവാചകനു(സ) പോലും പ്രസ്തുത പരിമിതികളുണ്ടാകാമെന്നും അതുകൊണ്ടുതന്നെ പൂര്‍ണമായ നീതി പരലോകത്തുനിന്നാണ് ലഭിക്കുകയെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദുര്‍ന്യായങ്ങളാല്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് അന്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാന്‍ ശ്രമിക്കുന്നവര്‍, അവര്‍ക്കനുകൂലമായ തന്റെ വിധിയിലൂടെ നേടിയെടുക്കുന്നത് നരകത്തിന്റെ കഷ്ണമാണെന്ന പ്രവാചകന്റെ(സ) മുന്നറിയിപ്പ് ഈ വസ്തുതയാണ് വ്യക്തമാക്കുന്നത്. ഉമ്മു സലമ(റ)യില്‍നിന്ന് ബുഖാരിയും മുസ്‌ലിമുമെല്ലാം നിവേദനം ചെയ്യുന്ന ഒരു നബിവചനത്തിന്റെ ആശയം ഇങ്ങനെയാണ്: ‘ഞാനൊരു മനുഷ്യന്‍ മാത്രമാണ്; നിങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളുമായി നിങ്ങള്‍ എന്റെയടുക്കല്‍ വരുന്നു. അതിലൊരാള്‍ മറ്റേയാളേക്കാള്‍ നന്നായി തന്റെ ന്യായം സമര്‍ത്ഥിക്കുകയും അയാളുടെ വര്‍ത്തമാനം കേട്ട് അതാണ് ശരിയെന്നുകരുതി അയാള്‍ക്കനുകൂലമായി വിധി നല്‍കുകയും ചെയ്യുന്നു. അതിനാല്‍ ആരുടെയെങ്കിലും ന്യായം കേട്ട് ഞാന്‍ അയാള്‍ക്കായി വിധിച്ചുനല്‍കുന്നത് തന്റെ സഹോദരന്റെ അവകാശമാണെങ്കില്‍ അയാള്‍ അതില്‍നിന്ന് എടുക്കാതിരിക്കട്ടെ; കാരണം ഞാന്‍ അയാള്‍ക്ക് വിധിച്ചുനല്‍കുന്നത് നരകത്തിന്റെ ഒരു കഷ്ണം മാത്രമാണ്.’

ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കുന്ന രംഗത്ത് സൗദി അറേബ്യയിലും പാളിച്ചകളുണ്ടായിരുന്നിരിക്കാം; ന്യായാധിപന്‍മാരുടെ കൊള്ളരുതായ്മകളും പക്ഷപാതിത്വവും വിധികളെ സ്വാധീനിച്ചിരിക്കാം; പ്രസ്തുതവിധികള്‍മൂലം നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും അപരാധികള്‍ രക്ഷപെടുകയും ചെയ്ത സംഭവങ്ങളുണ്ടായിരുന്നിരിക്കാം. പക്ഷേ, അവ എങ്ങനെയാണ് ഇസ്‌ലാമികനിയമങ്ങളുടെ സാധ്യതയെ ചോദ്യം ചെയ്യുന്നത്? ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയുടെ ഭരണഘടനയുടെയോ നിയമവ്യവസ്ഥയുടെയോ കുഴപ്പം കൊണ്ടാണോ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയും അപരാധികള്‍ രക്ഷപെടുകയും ചെയ്യുന്ന വിധിന്യായങ്ങളുണ്ടാവുന്നത്? ന്യായാധിപന്‍മാര്‍ മനുഷ്യരാണെന്നും അവരുടെ ദൗര്‍ബല്യങ്ങളും പരിമിതികളും വിധിയെ ബാധിക്കാമെന്നുമുള്ള വസ്തുതകള്‍ ജനാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും പാതപിന്‍പറ്റുന്ന രാജ്യങ്ങള്‍ക്ക് ബാധകമാവുന്നതുപോലെ ഇസ്‌ലാമിക രാഷ്ട്രങ്ങൾക്കും ബാധകമാണ്. പ്രവാചകന്റെയും(സ) സച്ചരിതരായ ആദിമ ഖലീഫമാരുടെയും കാലത്ത് കൈവരിക്കാനാവാത്ത പൂര്‍ണത ഇപ്പോൾ മാത്രമായി ആർക്കും കൈവരിക്കാനാവുകയില്ലല്ലോ.

പെണ്‍പീഡനങ്ങളുടെ കാര്യത്തില്‍ ഇസ്‌ലാമികനിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളും ഒട്ടും പിന്നിലല്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിന്റെ ഭാഗമായാണ് സൗദിയിലെ പെണ്‍പീഡനത്തെക്കുറിച്ച വാര്‍ത്തകളുണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും എന്നതുകൊണ്ടാണ് ഇസ്‌ലാമിക പ്രബോധകര്‍ക്ക് അത്തരം വാര്‍ത്തകള്‍ പരിശോധിക്കുകയും അപഗ്രഥിക്കുകയും ചെയ്യേണ്ടിവരുന്നത്. സൗദിഅറേബ്യയെന്ന രാഷ്ട്രത്തെ വെള്ളപൂശുകയോ അവിടുത്തെ ഭരണാധികാരികളെ ന്യായീകരിക്കുകയോ ചെയ്യുക ഇസ്‌ലാമികപ്രബോധകരുടെ ജോലിയല്ല. ഏതുരാഷ്ട്രത്തിനുമുള്ളതുപോലെയുള്ള ന്യൂനതകളും പരിമിതികളും ആ രാജ്യത്തിനുമുണ്ടാകാം. അവിടെയുള്ള ഭരണാധികാരികളെല്ലാം അപ്രമാദിത്വമുള്ളവരാണെന്നോ ന്യായാധിപന്‍മാരെല്ലാം പൂര്‍ണരാണെന്നോ ആര്‍ക്കും അഭിപ്രായമില്ല. എന്നാല്‍ അവിടെയുണ്ടായതായി പറയപ്പെടുന്ന സംഭവങ്ങളും വിധികളും ഇസ്‌ലാമികനിയമങ്ങളുടെ അപ്രായോഗികതയ്ക്കുള്ള തെളിവുകളായി ഉദാഹരിക്കപ്പെടുമ്പോള്‍ അവയുടെ നിജസ്ഥിതിയെക്കുറിച്ച് പഠിക്കുകയും പറയുകയും ചെയ്യേണ്ടത് പ്രബോധകരുടെ ബാധ്യതയായിത്തീരുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള ഇസ്‌ലാമികരാഷ്ട്രത്തിന്റെ വിധികളെ അപഗ്രഥിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില അടിസ്ഥാന വസ്തുതകളുണ്ട്. ജനാധിപത്യ രാഷ്ട്രങ്ങളിലേതുപോലെ ബലാല്‍സംഗം മാത്രമല്ല ഇസ്‌ലാം കുറ്റകരമായി കാണുന്നതെന്ന കാര്യമാണ് ഒന്നാമത്തേത്. വ്യഭിചാരം കര്‍ക്കശമായ ശിക്ഷ നല്‍കേണ്ട കുറ്റകൃത്യമാണ് ഇസ്‌ലാമികവീക്ഷണത്തില്‍. അതുകൊണ്ടുതന്നെ വ്യഭിചാരത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെല്ലാം കുറ്റകൃത്യങ്ങളാണ്. അന്യരായ സ്ത്രീയും പുരുഷനും ഒറ്റയ്ക്ക് സ്വകാര്യസംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതുമെല്ലാം കുറ്റകരമാണെന്ന ഇസ്‌ലാമിക നിലപാടിന്റെ വെളിച്ചത്തിലായിരിക്കും ഇസ്‌ലാമികരാഷ്ട്രം ശിക്ഷ വിധിക്കുക. ഉഭയകക്ഷി സമ്മതപ്രകാരമുള്ള വ്യഭിചാരം കുറ്റകരമല്ലെന്നു മാത്രമല്ല, പ്രോത്സാഹനാജനകമാണെന്നുകൂടി കരുതുന്ന മാനസികാവസ്ഥയുള്ളവര്‍ക്ക് അതുകൊണ്ടുതന്നെ ഇത്തരം ശിക്ഷകള്‍ ദഹിക്കുകയില്ല. സാമൂഹിക ധാര്‍മികതയ്ക്കു നേരെയുള്ള അക്രമമായിട്ടാണ് വ്യഭിചാരം ഇസ്‌ലാം പരിഗണിക്കുന്നതെന്നും നാലുപേര്‍ കാണ്‍കെ അതുചെയ്തവര്‍ പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും കര്‍ക്കശമായി ശിക്ഷിക്കപ്പെടണമെന്നുമുള്ള ഇസ്‌ലാമിക നിയമത്തിന്റെ മാനവികത മനസ്സിലാക്കണമെങ്കില്‍ വ്യഭിചാരത്തിന് വിലക്കുകളില്ലാത്ത നാടുകളിലെ കുടുംബസ്ഥാപനത്തിന്റെ തകര്‍ച്ചയെയും അതുമൂലം കഷ്ടപ്പെടുന്ന ‘തന്തയാരെന്നറിയാത്ത’ കുഞ്ഞുങ്ങളുടെ മനോവ്യഥകളെയും അതുമൂലമുണ്ടാകുന്ന സാമൂഹ്യകുറ്റകൃത്യങ്ങളെയും കുറിച്ച പഠനങ്ങള്‍ വായിച്ചാല്‍ മതിയാവും.

മുമ്പ് സൗമ്യവധക്കേസുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ, സൗദി അറേബ്യയില്‍ പീഢിപ്പിക്കപ്പെട്ട സ്ത്രീകളും ശിക്ഷിക്കപ്പെടുന്നുവെന്ന് വാദിക്കുന്നതിനുവേണ്ടി ഉദാഹരിക്കപ്പെട്ടത് 2009ല്‍ നടന്ന ബലാല്‍സംഗക്കേസിലെ വിധിയാണ്. ബലാല്‍സംഗം ചെയ്യപ്പെട്ട ഇരുപത്തിമൂന്നുകാരിയായ സൗദി വനിതക്ക് ഒരു വര്‍ഷം തടവും നൂറ് അടിയും നല്‍കുവാനുള്ള ജിദ്ദ ജില്ലാ കോടതി വിധിയെക്കുറിച്ച് സൗദി ഗസറ്റില്‍ 2009 ജനുവരി ഏഴിന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിമര്‍ശനം. പീഢിപ്പിക്കപ്പെട്ട വനിതയുടെ സ്വയം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഈ വിധിയെന്ന വസ്തുത വിമര്‍ശകര്‍ കാണാതെ പോവുകയാണ്. നാലുപേര്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് അവര്‍ പരാതിപ്പെടുന്നത് സംഭവം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കുശേഷമാണ്. പ്രസ്തുത ലൈംഗികബന്ധത്തിലൂടെ ഗര്‍ഭിണിയായ അവര്‍ തന്റെ ഗര്‍ഭം അലസിപ്പിക്കുവാനായി ശ്രമിച്ച് പരാജയപ്പെട്ടതിനാലാണ് അധികൃതരോട് പരാതി പറയുന്നത്. പ്രസ്തുത പരാതിയില്‍ അവര്‍ നടത്തിയ കുറ്റസമ്മതത്തിന്റെ വെളിച്ചത്തിലുള്ളതായിരുന്നു വിധി.

താന്‍ ഒറ്റയ്ക്കുനില്‍ക്കുന്ന സമയത്ത് തന്നെ കാറില്‍ വിടാമെന്ന് വാഗ്ദാനം ചെയ്ത ഒരാളോടൊപ്പം താന്‍ പോയിയെന്നും അയാള്‍ അടുത്ത ഗസ്റ്റ് ഹൗസിലേക്ക് തന്നെ കൊണ്ടുപോയി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ താന്‍ വഴങ്ങിയെന്നും അയാളോടൊപ്പം ലൈംഗികമായി ബന്ധപ്പെട്ടുകഴിഞ്ഞപ്പോള്‍ അയാളുടെ നാലു സുഹൃത്തുക്കള്‍ കൂടി സ്ഥലത്തെത്തി അവളെ ബലാല്‍സംഗം ചെയ്തുവെന്നുമാണ് അവളുടെ മൊഴി. പ്രസ്തുത മൊഴിപ്രകാരം അന്യനായ ഒരു പുരുഷനോടൊപ്പം യാത്ര ചെയ്തുവെന്നതും അയാളുടെ നിര്‍ബന്ധത്തിനുവഴങ്ങിയാണെങ്കിലും അയാളുമായി താല്‍പര്യപൂര്‍വം ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്നതും പ്രതി ചെയ്തകുറ്റമാണ്. പ്രസ്തുത കുറ്റത്തിന് ഇസ്‌ലാമിക നിയമപ്രകാരമുള്ള ശിക്ഷ നൂറ് അടിയാണ്. അവര്‍ ഗര്‍ഭിണിയായതിനാല്‍ പ്രസവിക്കുന്നതുവരെ ശിക്ഷ നീട്ടിവെക്കുവാനും അക്കാലമത്രയും പോലീസിന്റെ നിരീക്ഷണത്തില്‍ ജയിലില്‍ പാര്‍പ്പിക്കുവാനും ശേഷം അവിവാഹിതര്‍ക്ക് വ്യഭിചാരത്തിനുള്ള ശിക്ഷ നടപ്പാക്കുവാനുമാണ് കോടതി വിധിച്ചത്. അവരെ പീഢിപ്പിച്ചവര്‍ക്കെതിരെയുള്ള ആരോപണം തെളിയിക്കപ്പെട്ടാല്‍ അവര്‍ക്കും കര്‍ക്കശമായ ശിക്ഷതന്നെ കോടതി വിധിക്കുമെന്നും പ്രസ്തുത വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍പീഢനം മാത്രമല്ല അതുകടന്നുവരുന്ന വഴികളും അടക്കേണ്ടതാണെന്ന ഇസ്‌ലാമികനിയമത്തിന്റെ മാനവികത മാത്രമാണ് ഈ വിധിയില്‍ നമുക്ക് കാണാനാവുന്നത്.

കത്വീഫ് ബലാല്‍സംഗക്കേസിലെ വിധിയാണ് സൗദി അറേബ്യയില്‍ പെണ്ണുങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് സ്ഥാപിക്കുവാനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട കേസുകളിലൊന്ന്. കേസിന് ആസ്പദമായ സംഭവമിതാണ്: തന്റെ പതിനാറാം വയസ്സുമുതല്‍ പ്രണയത്തിലായിരുന്ന പത്തൊന്‍പതുകാരി തന്റെ കാമുകനുമൊത്ത് കാറില്‍ ഒറ്റയ്ക്ക് രതിയിലേര്‍പ്പെടുന്ന സമയത്ത് ഒരു കൂട്ടം യുവാക്കള്‍ അവരെ വളയുകയും അവരില്‍ ഏഴുപേര്‍ അവളെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു. അവളെ പീഢിപ്പിച്ചവര്‍ക്ക് പരസ്യമായി ആയിരം ചാട്ടവാറടികളും പത്ത് വര്‍ഷം ജയില്‍ശിക്ഷയും നല്‍കുവാന്‍ വിധിച്ച കോടതി അവള്‍ക്കും കാമുകനും 90 അടികള്‍ വീതം നല്‍കുവാനും വിധിക്കുകയുണ്ടായി. ബലാല്‍സംഗത്തിലൂടെ പീഢിപ്പിക്കപ്പെടാന്‍ അവളും കാമുകനും തമ്മിലുള്ള രതിലീലകളാണ് പീഢകര്‍ക്ക് പ്രചോദനമായതെന്നും അതുകൊണ്ടുതന്നെ വിവാഹിതരല്ലാത്ത വ്യഭിചാരികള്‍ക്ക് നല്‍കുന്ന ശിക്ഷക്ക് അവര്‍ രണ്ടുപേരും അര്‍ഹരാണെന്നുമായിരുന്നു കോടതിവിധി. എങ്കിലും, അവള്‍ ഏറെ പീഢിപ്പിക്കപ്പെട്ടതിനാല്‍ അവള്‍ക്ക് ശിക്ഷയില്‍ ഇളവും നല്‍കിക്കൊണ്ട് 2007 ഡിസംബര്‍ 17ന് സൗദിരാജാവായിരുന്ന അബ്ദുല്ലയുടെ കല്‍പനയുണ്ടാവുകയും അവര്‍ക്ക് ശിക്ഷയില്‍ നിന്ന് വിടുതല്‍ നല്‍കുകയും ചെയ്തു.

പീഢകര്‍ക്ക് ആയിരം ചാട്ടവാറടികളും പത്തുവര്‍ഷം ജയില്‍ശിക്ഷയുമാണ് കോടതി വിധിച്ചതെന്ന വസ്തുതയൊന്നും മനുഷ്യാവകാശത്തിന്റെ പേരില്‍ ഇസ്‌ലാമികനിയമങ്ങളെ പ്രതിക്കൂട്ടില്‍ കയറ്റുന്നവരുടെ കണ്ണ് തുറപ്പിക്കുകയില്ല. താനും കാമുകനും കൂടി രതിപൂര്‍വ്വലീലകളിലേര്‍പ്പെട്ടതായി ആദ്യവും ശാരീരികബന്ധത്തിലേര്‍പ്പെട്ടതായി പിന്നീടും സമ്മതിച്ച പെണ്‍കുട്ടിക്ക് വ്യഭിചാരത്തിനുള്ള ശിക്ഷ വിധിക്കാതിരിക്കുവാന്‍ കോടതിക്ക് കഴിയില്ല. അതാണ് ഇസ്‌ലാമികനിയമം. എന്നാല്‍ അവള്‍ അനുഭവിച്ച പീഢനം പരിഗണിച്ചുകൊണ്ട് അവള്‍ക്ക് രാജകീയമായ മാപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. പെണ്‍പീഢനത്തിന്റെ ഇന്‍ഡ്യന്‍ കേസുകളിലേതിലെങ്കിലും പിടിക്കപ്പെടുന്നവര്‍ക്ക് പരസ്യമായി നൂറ് ചാട്ടവാറടി നല്‍കുവാന്‍ വിധിക്കുകയാണെങ്കില്‍ പിന്നീട് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയില്ലെന്ന് ഉറപ്പാണ്. അതുതന്നെയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാമികശിക്ഷാവിധികള്‍ വേണമെന്ന് മനഃസാക്ഷിയുള്ളവരെല്ലാം പറഞ്ഞുപോകുന്നത്.

ശിക്ഷ വിധിക്കുന്നതില്‍ സൗദി അറേബ്യയില്‍ പക്ഷപാതിത്വമുണ്ടെന്ന് വരുത്തുന്നതിനായി ഒരേ കുറ്റത്തിന് 2013ലും 2010ലും നടന്ന രണ്ട് ശിക്ഷാവിധികളാണ് ഉദാഹരിക്കപ്പെടാറുള്ളത്. ഒരു വിദേശിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് കൊള്ളനടത്തുകയും വീട്ടമ്മയെ ബലാല്‍സംഗം ചെയ്യുകയും ചെയ്തതിന് രണ്ട് പാക്കിസ്ഥാനികളെ തല വെട്ടിയതായി 2010 ഒക്‌ടോബര്‍ 23ന് ബി.ബി.സി പുറത്തുവിട്ട വാര്‍ത്തയാണ് ഒന്നാമത്തേത്. പാക്കിസ്ഥാനികളായ കഹ്‌റാം ഷാസാദിനെയും മുഹമ്മദ് അബ്ദുല്‍ ഖദീറിനെയും റിയാദില്‍വെച്ച് തലവെട്ടുന്നത് ഒരു പ്രവാസി വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചുകയറി അവരെ ബലാല്‍സംഗം ചെയ്യുകയും അവരുടെ സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ചെയ്തുവെന്ന കുറ്റം തെളിയിക്കപ്പെട്ടതിനാണെന്ന സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവനയാണ് ബി.ബി.സിയുടെ അവലംബം. ഫയ്ഹാന്‍ അല്‍ ഗാമിദിയെന്ന ടെലിവിഷന്‍ പ്രഭാഷകന്‍ തന്റെ ആദ്യഭാര്യയിലുണ്ടായ മകളെ പീഢിപ്പിച്ചുകൊന്നതിന് പരസ്യമായി എണ്ണൂറ് ചാട്ടവാറടിയും എട്ട് വര്‍ഷത്തെ കഠിനതടവും കൊല്ലപ്പെട്ടവളുടെ മാതാവിന് പത്ത് ലക്ഷം റിയാല്‍ പ്രായശ്ചിത്തവും നല്‍കുവാനുള്ള കോടതിവിധിയെപ്പറ്റി 2013 ഒക്‌ടോബര്‍ ഏഴിന് ബി.ബി.സി പുറത്തുവിട്ട വാര്‍ത്തയാണ് രണ്ടാമത്തേത്.

യഥാര്‍ത്ഥത്തില്‍ ഇതുരണ്ടും തികച്ചും വ്യത്യസ്തമായ രണ്ട് കേസുകളാണ്. ഒന്നാമത്തേത് ശുദ്ധമായ കൊള്ളയും ബലാല്‍സംഗവുമാണ്. ആ രംഗത്തെ പരമാവധി ശിക്ഷയായ വധശിക്ഷയാണ് രണ്ട് പാക്കിസ്ഥാനികള്‍ക്കും കോടതി വിധിച്ചത്. രണ്ടാമത്തേതാകട്ടെ മനോരോഗിയായ ഒരു പ്രഭാഷകന്റെ ക്രൂരമായ വിക്രിയകളാണ്. തന്റെ ആദ്യഭാര്യയിലുണ്ടായ സ്വന്തം മകളെ പീഢിപ്പിച്ചു കൊന്നതാണ് പ്രസ്തുതകേസ്. പീഢനങ്ങള്‍ക്ക് അയാളുടെ രണ്ടാം ഭാര്യയും കൂട്ടിനുണ്ടായിരുന്നു. അഞ്ച് വയസ്സായ തന്റെ മകള്‍ ലാമയുടെ കന്യകാത്വത്തില്‍ സംശയിച്ചുകൊണ്ട് അവളുടെ ഗുഹ്യഭാഗങ്ങളിലൂടെ തന്റെ ലിംഗവും വിരലുകളുമെല്ലാം കടത്തി നോക്കുകയും മറ്റുരീതികളില്‍ അവളെ പീഢിപ്പിക്കുകയും പ്രസ്തുത പീഢനങ്ങളാല്‍ 2011 ഡിസംബര്‍ 25ന് അവള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും മാസങ്ങള്‍ക്കുശേഷം 2012 ഒക്‌ടോബറില്‍ മരണപ്പെടുകയും ചെയ്തുവെന്നതാണ് അയാള്‍ക്കെതിരിലുള്ള കുറ്റകൃത്യം. സാധാരണഗതിയില്‍ ഒരാളെ കൊന്നതായി തെളിയിക്കപ്പെട്ടാല്‍ കൊലയാളിയെ വധിക്കുകയെന്നതാണ് ഇസ്‌ലാമികനിയമം. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികള്‍ക്ക് കൊലയാളിക്ക് പൊറുത്തുകൊടുക്കുവാനും വധശിക്ഷക്ക് പകരം അയാളില്‍നിന്ന് പ്രായശ്ചിത്തപ്പണം വാങ്ങി വെറുതെ വിടുവാനും അവകാശമുണ്ട്. കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശിയും കൊലയാളിയുടെ ആദ്യഭാര്യയുമായ പെണ്‍കുട്ടിയുടെ മാതാവ് പത്ത് ലക്ഷം റിയാല്‍ സൗദി റിയാല്‍ (ഒരു കോടി എണ്‍പത് ലക്ഷം രൂപ) പ്രായശ്ചിത്തമായി വാങ്ങുവാനാണ് തീരുമാനിച്ചത്. കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ മാതാവിന് രണ്ട് കോടിയോളം രൂപ നല്‍കിയതിനുശേഷവും എണ്ണൂറ് ചാട്ടവാറടികള്‍ നല്‍കുവാനും എട്ടുവര്‍ഷത്തെ തടവിനും കൂടി ശിക്ഷിക്കുകയാണ് കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി ചെയ്തത്. ഒപ്പം തന്നെ കൊലയ്ക്ക് കൂട്ടുനിന്ന ഗാമിദിയുടെ രണ്ടാം ഭാര്യയെ നൂറ്റിഅമ്പത് ചാട്ടവാറടികള്‍ നല്‍കുവാനും പത്ത് മാസം തടവിലിടുവാനും കൂടി കോടതി വിധിക്കുകയുണ്ടായി.

രണ്ടുതരം കുറ്റകൃത്യങ്ങള്‍ക്ക് രണ്ടുതരം ശിക്ഷകള്‍ നല്‍കുകയാണ് ഒരേ കുറ്റത്തിന് രണ്ടുതരം ശിക്ഷകള്‍ നല്‍കുകയല്ല കോടതി ഇവിടെ ചെയ്തത്. സൗദിയിലെ ശിക്ഷകള്‍ പക്ഷാപാതപരമാണെന്ന് വാദിക്കുന്നവര്‍ അവിടുത്തെ ശിക്ഷകളെ വിമര്‍ശിച്ചുകൊണ്ടുള്ള ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ വെബ്‌സൈറ്റ് ലേഖനങ്ങള്‍ വായിക്കുവാന്‍ തയ്യാറായാല്‍ മതി. ആംനസ്റ്റിയുടെ കണക്കുകള്‍ പ്രകാരം 2015ല്‍ സൗദിയില്‍ നടപ്പാക്കിയ 151 വധശിക്ഷകളില്‍ പ്രതികള്‍ 71 പേര്‍ വിദേശികളും 80 പേര്‍ സ്വദേശികളുമാണ്. 30 ശതമാനത്തിലധികം വിദേശികള്‍ ജീവിക്കുന്ന ഒരു രാജ്യത്താണ് ഇതെന്നോര്‍ക്കണം. മയക്കുമരുന്നുകള്‍ കടത്തിയതിന് കയ്യോടെ പിടികൂടിയതാണ് ഇവരില്‍ 45 വിദേശികളെയും. മറ്റു കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട വിദേശികള്‍ 26 പേരും, സ്വദേശികള്‍ 62 പേരുമാണ്. വിദേശികളേക്കാള്‍ ഇരട്ടിയിലധികം സ്വദേശികള്‍ക്ക് സഊദി കോടതി വധശിക്ഷ വിധിക്കുന്നുണ്ട് എന്നര്‍ത്ഥം. വിദേശികളോട് പക്ഷാപാതപരമായാണ് സഊദിയില്‍ ശിക്ഷ വിധിക്കുന്നതെന്ന വാദം എത്രത്തോളം അടിസ്ഥാനരഹിതമാണെന്ന് ആ വാദമുന്നയിക്കുന്നവരുടെ രേഖകള്‍ തന്നെ മനസ്സിലാക്കിത്തരുന്നുണ്ടെന്നര്‍ത്ഥം.

ഇസ്‌ലാമിക ശിക്ഷകളെ ഭയപ്പെടുന്നത് കുറ്റവാളികളും, വിമര്‍ശിക്കുന്നത് മനുഷ്യാവകാശത്തിന്റെ തണലില്‍ കുറ്റവാളികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ശ്രമിക്കുന്നവരുമാണ്. ഇസ്‌ലാമികമെന്ന് വിളിച്ചാലും ഇല്ലെങ്കിലും, ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കര്‍ക്കശമായ ശിക്ഷ നടപ്പാക്കാന്‍ തയ്യാറാവാതിരുന്നാല്‍ നിർഭയമാരും ജിഷമാരും സൗമ്യമാരും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കും. ലൈംഗികതയെ ഉദ്ദീപിപ്പിക്കുവാനുള്ള സകല സ്ഥാപനങ്ങളും കൂടി മനുഷ്യരുടെ കണ്ണും കാതും മസ്തിഷ്‌കവും നേടിയെടുക്കുവാനായി മത്സരിക്കുകയും കുറ്റവാളികളോട് മൃദുലസമീപനം സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാനുള്ള കാരണമെന്ന വസ്തുത തുറന്നുപറയുവാനാണ് ഈ അവസരത്തില്‍ മനുഷ്യത്വമുള്ളവരെല്ലാം സന്നദ്ധമാകേണ്ടത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

3 Comments

  • സത്യസന്ധമായ വിശകലനം… islam again proves that it is strengthened by RIGHT….

    അക്ബർ ഷാ 20.03.2020
  • Good message

    Abdul jaleel 20.03.2020
  • Im supporting this article

    Riswan M 22.03.2020

Leave a Reply to Riswan M Cancel Comment

Your email address will not be published.