നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -3

//നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -3
//നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -3
ശാസ്ത്രം / തത്ത്വശാസ്ത്രം

നാസ്‌തികരും ഇസ്‌ലാമും: തെളിവുകൾ എന്ത് പറയുന്നു !? -3

തെളിവുകളുടെ ഇസ്‌ലാം യുക്തിവാദികൾക്ക്

e 15: ദൈവം, പ്രവാചകന്മാർ

ചരിത്രത്തിൽ ഏതൊരു മനുഷ്യ നാഗരികതയെടുത്താലും ഏതെങ്കിലും തരത്തിലൊരു ദൈവ വിശ്വാസം അവരെ ഒരുമിപ്പിച്ചിരുന്നുവെന്ന് കാണാം. അതിൽ പല ദൈവങ്ങളെ വിശ്വസിച്ചിരുന്നവർ പോലും ആ ദൈവങ്ങൾക്ക് മുകളിൽ ഏകമായ ഒരു ശക്തിയുണ്ടെന്നും മറ്റെല്ലാം അതിന് വിധേയമാണെന്നും കരുതിയിരുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു ഗവേഷണ ഫലവും വ്യത്യസ്ത ഭൂമിശാസ്ത്ര ചുറ്റുപാടിൽ ജീവിക്കുന്ന മനുഷ്യരിൽ ഒരുപോലെ ദൈവത്തിലുള്ള വിശ്വാസം കാണപ്പെടുന്നുവെന്ന തീർപ്പിലെത്തിയിരുന്നു. ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയായ ഡോ. ജസ്റ്റിൻ ബാരറ്റ് ദി ബോൺ ബിലീവേഴ്സ് എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. കൃതിയിൽ മനുഷ്യനിലെ ജന്മനാ ബോധമാണ് ദൈവമെന്നു തെളിവുകൾ സഹിതം സ്ഥാപിക്കുകയാണ് ബാരറ്റ് ചെയ്യുന്നത്. വേറെയും അനവധി പഠനങ്ങൾ ഇത് തന്നെ തെളിയിക്കുന്നുണ്ട്. theism അനുസരിച്ചാണ് എങ്കിൽ ഇത് പ്രതീക്ഷിക്കാവുന്ന ഡാറ്റയാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവം ദൈവത്തെ സംബന്ധിച്ച ബോധ്യവും മനുഷ്യന് നൽകിയിരിക്കുന്നു. എന്നാൽ നാസ്‌തികതയനുസരിച്ച് ഇങ്ങനെയൊന്ന് സംഭവിക്കേണ്ടതില്ല. അപ്പോൾ theism അനുസരിച്ച് സംഭവിക്കേണ്ട കാര്യം പ്രകൃതിയിൽ കാണുന്നു എന്നത് theism-ത്തിനുള്ള evidence ആകുന്നു. സമൂഹത്തിൻ്റെ ധാർമികമായ പുനർസൃഷ്ടിക്കും അനീതിയോട് സമരം ചെയ്യാനും ദൈവ നിയുക്തരായ ദൂതന്മാർ സമൂഹങ്ങളിലേക്കിറങ്ങി വരുന്നുവെന്ന വീക്ഷണവും മനുഷ്യ നാഗരികതകൾ പൊതുവായി പ്രകടിപ്പിക്കുന്നു. മിക്ക ദർശണങ്ങളിലും ദേശ വ്യത്യാസമില്ലാതെ ഈ വീക്ഷണം പ്രകടമാണ്. ദിവ്യ ബോധനത്തെ സംബന്ധിച്ച ഇസ്‌ലാമിക കാഴ്ചപ്പാട് തന്നെ മഹാനായ ചിന്തകൻ സോക്രട്ടീസിൻ്റെ വർത്തമാനത്തിലും കാണാം. മനുഷ്യ രൂപത്തിലുള്ള ഏതൻസുകാരുടെ ദൈവ വീക്ഷണത്തെ നിഷേധിച്ച അദ്ദേഹമെന്നാൽ ഒരു ദൈവത്തിൽ വിശ്വസിക്കുകയും മനുഷ്യന് ദൈവികമായ ഉൾവിളിയുണ്ടാകുമെന്നും വിശ്വസിച്ചിരുന്നു. ആ വിശ്വാസത്തിൻ്റെ തീവ്രതയാൽ അദ്ദേഹം വധശിക്ഷക്ക് പോലും വിധിക്കപ്പെട്ടു. ചരിത്രത്തിലിതുപോലെ പ്രവാചകന്മാരുടെ കൈ രേഖകൾ കാണാം. മനുഷ്യ നാഗരികതകൾ രൂപപ്പെട്ട് ആയിരക്കണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ഇന്നുവരെ സദാചാരമോ, ധാർമിക ബോധമോ ഉൾക്കൊള്ളാത്ത സമൂഹം ഉണ്ടാകാത്തത്? സ്വാർത്ഥ സുഖഭോഗങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ആരോടും ഉത്തരവാദിത്തമോ കടമകളോ പാലിക്കാത്ത individualistic ജീവിതരീതി ലിബറലിസത്തിൻ്റെ ഭാഗമായി നിലവിൽ ഉരുത്തിരിഞിട്ടുണ്ട്. ഇതുപോലെ ജീവിക്കാനുള്ള സ്വാർത്ഥ താൽപര്യങ്ങൾ എല്ലാ മനുഷ്യനിലും എല്ലാ കാലത്തുമുണ്ടായിട്ടും കുടുംബ ബന്ധങ്ങളും, സാമൂഹ്യ ബന്ധങ്ങളും, സദാചാരവും, ധാർമിക മൂല്യങ്ങളും, ഉത്തരവാദിത്വങ്ങളും, കടമകളും പാലിക്കാൻ പ്രാകൃത മനുഷ്യനെ വഴി നടത്തിച്ചത് എന്താകും? അവരെ മൂല്യങ്ങളിലേക്ക് തന്നെ തിരിച്ച് വിളിച്ചുകൊണ്ടിരുന്നത് ആരാകും? എല്ലാ സമുദായങ്ങളിലേക്കും നിയോഗിത ദൂതന്മാരുണ്ടെന്ന ഇസ്‌ലാമിക വീക്ഷണം ഈ സമസ്യയെ കൃത്യമായും വിശദീകരിക്കുന്നു. ചരിത്രത്തിലെ പ്രവാചകന്മാരുടെ കൈരേഖപോലെ ഈ സാമൂഹ്യ മൂല്യങ്ങൾ നിലനിൽക്കുന്നു.

principle of evidence എന്ന ആരംഭത്തിൽ സൂചിപ്പിച്ച തിയറിയനുസരിച്ച് ഒരു വീക്ഷണത്തിന് അനുസരിച്ച് ലഭിക്കുന്ന വിവരങ്ങൾ ആ വീക്ഷണത്തിനുള്ള evidences ആണ്. മനുഷ്യനിലെ ദൈവ ബോധവും, ചരിത്രത്തിലെ പ്രവാചകന്മാരും theism അനുസരിച്ചും കൃത്യമായി ഇസ്‌ലാം അനുസരിച്ചും പ്രതീക്ഷിക്കേണ്ട വിവരങ്ങളാണ്. ഇസ്‌ലാം അനുസരിച്ച് കാണേണ്ട വിവരങ്ങൾ ലഭിക്കുന്നത് ഇസ്‌ലാമിനുള്ള തെളിവാണ്.

e 16: ഇസ്‌ലാം

ഒരു ദൈവമുണ്ടെങ്കിൽ അത് ഏകമാകണം, പരാശ്രയ മുക്തമാകണം, സകലതും അതിനെ ആശ്രയിക്കുകയാകണം, പ്രപഞ്ചത്തിൻ്റെ സ്വഭാവങ്ങളിൽ നിന്നെല്ലാം വിഭിന്നമാകണം, ഭൗതിക രൂപമാനങ്ങളിൽ നിന്നെല്ലാം വ്യതിരിക്തമാകണം, മനുഷ്യൻ്റെ പരിമിത മസ്തിഷ്കം കൊണ്ട് സങ്കൽപ്പിക്കാൻ കഴിയാത്തവനാകണം. ഇതെല്ലാം ഫിലോസഫിക്കലായി നാം ദൈവത്തെ സംബന്ധിച്ച് എത്തുന്ന അവലോകനങ്ങളാണ്. ഒരു മതമോ, ലോക വീക്ഷണമോ ശരിയാകണമെങ്കിൽ അത് ദൈവത്തെ സംബന്ധിച്ച ഈ കാഴ്ചപ്പാടുകൾ തന്നെ പുലർത്തുന്നവയാകണം. ദൈവത്തെ സംബന്ധിച്ച് ഇതേ കാഴ്ചപ്പാടുകൾ തന്നെ സൂക്തങ്ങളായി പങ്കു വെക്കുന്ന പ്രായോഗിക ദർശനം ഇസ്‌ലാം മാത്രമാണ്. ഇസ്‌ലാം ശരിയാണെങ്കിൽ പ്രതീക്ഷിക്കേണ്ട ഏറ്റവും പ്രാഥമിക വിഷയം അതിൻ്റെ ദൈവ വീക്ഷണം ശരിയാവുകയാണ്. ഈ മാനദണ്ഡത്തെ ഇസ്‌ലാം വിജയകരമായി അഭിമുഖീകരിക്കുന്നു.

e 17: പ്രവാചകൻ

ജൂത അഗ്നോസ്റ്റിക്കായ ലേസി ഹസിൽട്ടൻ പ്രവാചകൻ മുഹമ്മദിൻ്റെ(സ) ചരിത്രത്തിൽ നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട്. ഹിറാ ഗുഹയിൽ വെച്ച് ദൈവത്തിൻ്റെ മാലാഖ ജിബ്‌രീലിനെ അനുഭവിക്കുന്ന പ്രവാചകൻ ആദ്യമെത്തുന്നത് തൻ്റെ ഇണ ഖദീജയുടെ (റ) അടുക്കലാണ്. ഭയന്നു വിറച്ച അദ്ദേഹം തന്നെ പുതപ്പിക്കാൻ ഇണയോട് ആവശ്യപ്പെടുന്നു. ഇതിൽ ഭയപ്പെടുന്ന ഒരു പച്ഛ മനുഷ്യനെ സംബന്ധിച്ച് മനഃശാസ്ത്രപരമായ രണ്ട് കാര്യങ്ങളുണ്ട്. പേടികൊണ്ട് വിറക്കുന്ന ഏതൊരു മനുഷ്യനും തൻ്റെ പ്രിയ്യപ്പെട്ടവരുടെ അടുക്കലെത്താൻ ആഗ്രഹിക്കും, ഖദീജത്തിങ്കൽ എത്തിയ പ്രവാചകൻ കാണിക്കുന്നത് ആ അടയാളമാണ്. രണ്ട്: കടുത്ത പേടിയുള്ള അവസ്ഥയിൽ കൈകാലുകൾ തണുക്കും, എന്തിനെങ്കിലും ഇടയിലേക്ക് ചുരുളാനും വിശ്രമിക്കാനും മനസ്സ് വല്ലാതെ ആഗ്രഹിക്കും. ഈ അവസ്ഥയിൽ നിന്നുള്ള തേട്ടമാണ് പുതപ്പിച്ച് തരാനുള്ള പ്രവാചകൻ്റെ ആവശ്യപ്പെടലിൽ കാണുന്നത്. ഭയന്നു വിറക്കുന്ന ഒരു പച്ഛ മനുഷ്യനിൽ നിന്നും സ്വാഭാവികമായും ഉണ്ടായേക്കാവുന്ന പ്രതികരണങ്ങൾ ഈ ചിത്രത്തിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നു. അതിനർത്ഥം പ്രവാചകൻ്റെ അനുഭവ സാക്ഷ്യം ശരിയായിരുന്നു. അദ്ദേഹത്തെ അത്രയേറെ ഭയപ്പെടുത്താൻ മാത്രം ഒരു അഭൗതിക ഇടപെടൽ അവിടെ സംഭവിച്ചിരുന്നു.

e 18: It’s a Considerable Case

I am a time traveller. ഞാന്‍ കാലചക്രത്തെ തിരിച്ച് 2122ല്‍ നിന്നും നൂറുവര്‍ഷം പിറകിലേക്ക് അഥവാ 2022 എന്ന ഭൂതകാലത്തേക്ക് വന്നതാണ്. 2122ല്‍ ഞാന്‍ സ്വന്തമായി time machine നിര്‍മിച്ചു. അങ്ങനെയാണ് ഇത് സംഭവിച്ചത്.
Extraordinary Claims സാധാരണക്കാര്‍ പറയുമ്പോള്‍ മാത്രമാണ് അവിശ്വസനീയമാകുന്നത്, Extraordinary Talented Legends പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്ക് പോലും സ്ഥാനം ഉണ്ടായില്ലെന്നു വരാം. വാസ്തവത്തില്‍ Legends അങ്ങനെ സ്വയം ഒരു അവകാശവാദം പറയുക പോലും വേണ്ട. ഇലോണ്‍ മസ്‌ക് ഇന്നുവരെ താന്‍ ടൈം ട്രാവലര്‍ ആണെന്നോ, അന്യഗ്രഹ ജീവിയാണെന്നോ ഒന്നും സ്വയം ഒരു അവകാശവാദവും നടത്തിയിട്ടില്ല. എന്നിട്ടും അയാളെ വിശദീകരിക്കാന്‍ ജനങ്ങള്‍ Extraordinary Claims ന്റെ പിറകില്‍ പോകുന്നത് എന്തുകൊണ്ടായിരിക്കും.
ഇലോണ്‍ മസ്‌ക് അന്യഗ്രഹ ജീവിയാണെന്നും, ടൈം ട്രാവലര്‍ ആണെന്നും ഒക്കെയുള്ള സിദ്ധാന്തങ്ങള്‍ പരന്നു കൊണ്ടിരിക്കുന്നുണ്ട്. ഇലോണ്‍ മസ്‌ക് ഏലിയന്‍ ആണെന്നു സംശയിക്കുന്ന ആരും ഞാന്‍ ഏലിയന്‍ ആണോന്ന് സംശയിക്കുന്നില്ല. ഇനി ഞാന്‍ തന്നെ അങ്ങനെ പറഞ്ഞാലും ആരും വിശ്വസിക്കാന്‍ പോകുന്നുമില്ല. എന്തുകൊണ്ടാണ് ഈ വിവേചനം? കാരണം ഇലോണ്‍ മസ്‌ക് തന്റെ ബുദ്ധി ഉപയോഗിച്ച് ജീവിതത്തില്‍ അസാധാരണ വിജയം കൈവരുത്തിയ വ്യക്തിയാണ്. ഞാന്‍ അങ്ങനെയല്ല. അസാധാരണമായ വിജയം വരിച്ച വ്യക്തിയെ വിശദീകരിക്കാനേ അസാധാരണമായ വിശദീകരണം വേണ്ടുള്ളൂ. എന്നെ വിശദീകരിക്കാന്‍ സാധാരണമായ വിശദീകരണം തന്നെ ധാരാളമാണ്. ഇനി നേരത്തെ പറഞ്ഞ സാധ്യതാ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ചുകൊണ്ടുകൂടി ഒന്ന് പുനര്‍വായിക്കാം. എന്തുകൊണ്ടാണ് ഇലോണ്‍ മസ്‌ക് അസാധാരണക്കാരന്‍ ആയത്? അസാധാരണം ആയത് കുറഞ്ഞ സാധ്യതയുള്ളതാണ്. കുറഞ്ഞ സാധ്യതയുള്ള കാര്യം അപൂര്‍വമാണ്. അതിനാലാണ് ടെസ്‌ല മുതലാളി ഇലോണ്‍ മസ്‌ക് മാത്രം ഉള്ളത്. മറ്റുള്ളവര്‍ക്കും ഇലോണ്‍ മസ്‌കിനെ പോലെ ജീവിത്തില്‍ ഉയരത്തില്‍ എത്തണം എന്നുണ്ടാകാം. അത് അവരുടെ സ്വപ്നമാകാം. എന്നിട്ടും അവരെല്ലാം പരാജയപ്പെട്ടു. കൂടുതല്‍ പേര്‍ പരാജയപ്പെട്ടു എന്നതിന് അര്‍ത്ഥം കൂടുതല്‍ സാധ്യത അതിനാണ് എന്നാണ്. അഥവാ പരാജയപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ള ഈ ലോകത്ത് വിജയിക്കാന്‍ പാടാണ്. മസ്‌കിനെ പോലുള്ളവരുടെ വലിയ വിജയങ്ങള്‍ അത്യപൂര്‍വമാണ്. Extraordinary ആയ അത്തരം വിജയങ്ങള്‍ക്ക് Extraordinary വിശദീകരണം തേടാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നുത് ഈ അപൂര്‍വതയാണ്. എന്നാല്‍ ഇലോണ്‍ മസ്‌കില്‍ വലിയ അസാധാരണത്വങ്ങള്‍ ഒന്നും ഇല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഇറോള്‍ മസ്‌ക് എന്ന ശതകോടീശ്വരനായ പിതാവിന്റെയും മയേ മസ്‌ക് എന്ന മോഡലായ അമ്മയുടെയും പുത്രനാണ് ഇലോണ്‍ മസ്‌ക്. ഒരു സാംബിയന്‍ മരതക ഖനിയുടെ പകുതി ഉടമയും അക്കാലത്ത് പ്രിട്ടോറിയയിലെ പ്രധാനപ്പെട്ട പല കോണ്‍ട്രാക്ടുകളും കൈവശം ഉണ്ടായിരുന്ന ഇലക്‌ട്രോ മെക്കാനിക്കല്‍ എഞ്ചിനീയറും കൂടിയായിരുന്നു മസ്‌കിന്റെ പിതാവ്. അതായത് ഇന്നത്തെ മുതലാളിയെ നിര്‍മിക്കാനുള്ള എല്ലാ പശ്ചാത്തലവുമുള്ള ഒരിടത്തുനിന്നുമാണ് അദ്ദേഹത്തിന്റെ വരവ് എന്നര്‍ത്ഥം. Powerful people come from Powerful places -ശക്തരായ മനുഷ്യര്‍ ശക്തമായ ഇടങ്ങളില്‍ നിന്നും വരുന്നു. അതില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ല. ഡോക്ടറുടെ മകന്‍ ഡോക്ടര്‍ ആകുന്നതും, സിനിമാ നടന്റെ മകന്‍ സിനിമാ നടന്‍ ആകുന്നതും മന്ത്രിയുടെ മകന്‍ മന്ത്രി ആകുന്നതും, പോലീസുകാരന്റെ മകന്‍ പോലീസുകാരന്‍ ആകുന്നതും ഒക്കെ സ്വാഭാവികതകള്‍ മാത്രമാണ്. എന്നാല്‍ സാങ്കേതിക രംഗത്ത് വളരുന്നതോ ലോകം ഭരിക്കുന്നതോ നിസ്സാര കാര്യമല്ല. അസംഭവ്യതകളോട് അടുത്തുകിടക്കുന്ന ആ അപൂര്‍വത യാഥാര്‍ത്ഥ്യം ആകണമെങ്കില്‍ അതിനുമാത്രം Extraordinary ആയ വ്യക്തിയെകൊണ്ടേ കഴിയൂ…. ആ വ്യക്തിയെ വിശദീകരിക്കാന്‍ Extraordinary വിശദീകരണങ്ങളും വേണ്ടിവരും.

കോടാനുകോടി മനുഷ്യര്‍ വന്നുപോയ ഈ ഭൂമിയില്‍ അങ്ങനെയാരെങ്കിലും ഉണ്ടായിട്ടുണ്ടാകുമോ? ഉണ്ടെങ്കില്‍ അവരെ ചരിത്രം ഓര്‍ക്കാതെയിരിക്കില്ല, ചരിത്രം അവരാല്‍ സ്വാധീനിക്കപ്പെടാതെയിരിക്കില്ല. ചരിത്രത്തില്‍ തങ്ങളുടെ കൈരേഖകള്‍ പതിപ്പിച്ചുപോയ ലോകത്തിന്റെ ഗതി തന്നെ മാറ്റിയ അങ്ങനെ കുറെ നായകന്‍മാരെ വിവരിക്കുന്നതാണ് മൈക്കിള്‍ എച്ച് ഹാര്‍ട്ടിന്റെ The 100: A Ranking of the Most Influential Persons in History എന്ന ഗ്രന്ഥം. ചരിത്രത്തെ സ്വാധീനിച്ച 100 മനുഷ്യരെ അവര്‍ ചെലുത്തിയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്കിങ് ചെയ്തിരിക്കുന്നു. അരിസ്റ്റോട്ടിലും പ്ലേറ്റോയും മുതല്‍ ന്യൂട്ടണും ഐന്‍സ്റ്റീനും വരെ ഭാഗമാകുന്ന പട്ടികയിലെ ഒന്നാം സ്ഥാനക്കാരനില്‍നിന്നും തുടങ്ങാം, Muhammad (pbuh), The Prophet of Islam
അദ്ദേഹത്തിലൂടെ ലോകം കേട്ട ആശയത്തിന് സാമ്രാജ്യങ്ങളെ മറിച്ചിടാന്‍ കഴിഞ്ഞിരുന്നു. ചരിത്രത്തിന്റെ ഗതിമാറ്റാന്‍ കഴിഞ്ഞിരുന്നു. അന്നുവരെയുണ്ടായ മതതത്ത്വ ചിന്തകള്‍ അദ്ദേഹത്തിന്റെ കൈയ്യിലൊതുങ്ങി. ചരിത്രത്തില്‍ അറിയപ്പെടാതെ കിടന്ന അപരിഷ്‌കൃതരായ കുറച്ച് മരുഭൂ മനുഷ്യരെ ലോകം ഭരിക്കാന്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം പ്രാപ്തമാക്കി. ഭരണം ഏകാധിപതികളില്‍നിന്നും അക്രമികളില്‍നിന്നും പിടിച്ചെടുത്ത് ദൈവമല്ലാത്ത എല്ലാ ശക്തികളെയും നിഷേധിച്ചൊതുക്കിയ ആള്‍. വധിക്കാന്‍ ശത്രുലോകം മുഴുവന്‍ വളഞ്ഞനേരത്തും സാമ്രാജ്യങ്ങളുടെ താക്കോല്‍ നമുക്ക് കീഴ്‌പ്പെടുന്ന കാലത്തെ സംബന്ധിച്ച് അണികളോട് പ്രവചിക്കാന്‍ മാത്രം നേതൃബോധവും മനോശക്തിയും ഉള്ള ആള്‍. കിടങ്ങിനപ്പുറത്ത് അദ്ദേഹത്തെ വധിക്കാന്‍ സംഘം ചേര്‍ന്നവരോട് പ്രകൃതി പോലും കോപിച്ചിരുന്നു. അദ്ദേഹം ആകാശത്തോട്ട് വിരല്‍ ചൂണ്ടിയപ്പോള്‍ ആ ഇരുണ്ട ആകാശത്തെ ചന്ദ്രക്കല പിളര്‍ന്നിരുന്നു.

23 വര്‍ഷക്കാലം അദ്ദേഹത്തിന്റെ നാവില്‍നിന്ന് ലോകം കേട്ട വാക്കുകളുടെ കമാന്‍ഡിങ് പവറില്‍ ശക്തരുടെ ഹൃദയങ്ങള്‍ പോലും കീഴൊതുങ്ങി. ലോകം കണ്ട നീതിയുടെ വക്താക്കളും ഏകാധിപതികളുടെ പേടിസ്വപ്നവും ഭരണാധികാരിയുമായി. ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഒരു മരുഭൂമിയില്‍ ജനിച്ച അനാഥന്‍. ആട്ടിടയനും കച്ചവടക്കാരനുമായ ഒരു സാധാരണ ആറാം നൂറ്റാണ്ടുകാരന്റെ വെറും 23 വര്‍ഷത്തിന് ഈ ലോകം മാറാന്‍ വഴങ്ങിയെങ്കില്‍ ഇദ്ദേഹത്തിന് സാധാരണ വിശദീകരണങ്ങള്‍ ചേരില്ല. അസാധാരണമായ ഈ ജീവിതത്തിന് അസാധാരണം തന്നെയായ ഒരു വിശദീകരണം ഉണ്ടാകും. ഇദ്ദേഹം സ്വയം താനൊരു ടൈം ട്രാവലര്‍ ആണെന്നോ അന്യഗ്രഹ ജീവി ആണെന്നോ പറഞ്ഞാല്‍ അതില്‍ വിശ്വസിക്കാന്‍ എനിക്കൊരു മടിയും ഉണ്ടാകില്ല.
എന്നാല്‍ അദ്ദേഹം പറഞ്ഞത് അബ്രഹാമിന്റെയും മോശയുടെയും യേശുവിന്റെയും പാതയിലെ പ്രവാചകനാണ് താന്‍ എന്നാണ്.
Extraordinary events need extraordinary explanation. and this explanation makes sense

e 19: വിശ്വസ്തത

തൻ്റെ നാൽപത് വർഷത്തെ ജീവിതത്തിലെ സത്യസന്ധത കൊണ്ട് ഒരു ജനതയുടെ തന്നെ വിശ്വസ്തത നേടിയെടുക്കാൻ കഴിഞ്ഞ വ്യക്തി, കഠിനശത്രുക്കൾ പോലും വിശ്വസ്തനെന്ന് തന്നെ പരിചയപ്പെടുത്തുമാറ് കളവ് പറഞ്ഞിട്ടില്ലാത്ത വ്യക്തി. അങ്ങനെ പറയുന്നത് കൊണ്ട് യാതൊന്നും നേടിയിട്ടില്ലാത്ത വ്യക്തി, അതിൽ നിന്നും പിന്തിരിഞാൽ അധികാരമോ, ധനമോ നിനക്ക് വേണ്ടതെല്ലാം നൽകാമെന്ന മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളെ അവഗണിച്ച് ജീവിതത്തിലുടനീളം കഷ്ടപ്പെട്ടത് എന്തിനായിരിക്കും? അദ്ദേഹത്തിൻ്റെ അവകാശവാദങ്ങൾ സത്യമായിരുന്നു എന്നത് മാത്രമാണ് എത്താവുന്ന യുക്തിപരമായ നിഗമനം.

പ്രവാചകനെ സംബന്ധിച്ച് അന്ന് പ്രവാചക ശത്രുവായിരുന്ന അബൂ സുഫിയാനോട് അന്നത്തെ ബൈസൻ്റൈൻ ചക്രവർത്തിയായിരുന്ന ഹെരാക്ലിയസ് ചോദിക്കുന്ന ചോദ്യങ്ങൾക്കിടയിൽ ഇങ്ങനെ കാണാം- “അദ്ദേഹം പ്രവാചകത്വം പറയുന്നതിന് മുമ്പ് കളവ് പറഞ്ഞിരുന്നതിൻ്റെ പേരിൽ നിങ്ങളാൽ ആക്ഷേപിക്കപ്പെട്ടിട്ടുണ്ടോ? ഇല്ലെന്ന് ഞാൻ മറുപടി പറഞ്ഞു. അദ്ദേഹം വാഗ്ദാനങ്ങൾ ലംഗിക്കാറുണ്ടോ? ഇല്ലെന്ന് ഞാൻ മറുപടി പറഞ്ഞു.” പ്രവാചകനെ തങ്ങൾ അവിശ്വസിക്കുന്നത് തങ്ങളുടെ വിശ്വാസത്തിന് എതിര് പറയുന്നതുകൊണ്ട് മാത്രമാണ് എന്നും അതല്ലാതെ കളവ് ആരോപിക്കാൻ പോലുമില്ലാത്ത വിധം സത്യസന്ധനായിരുന്നു പ്രവാചകൻ മുഹമ്മദ്(സ) എന്നാണ് അദ്ദേഹത്തിൻ്റെ അന്നത്തെ പ്രധാന ശത്രുവായ അബൂ സുഫിയാൻ പോലും പറഞ്ഞ് വെക്കുന്നത്.

പ്രവാചകൻ്റെ ആദ്യ പരസ്യ പ്രബോധന രംഗത്ത് പ്രവാചകർ തനിക്ക് മുന്നിൽ നിൽക്കുന്ന തൻ്റെ ജനങ്ങളോട് ഇങ്ങനെ ചോദിക്കുന്നുണ്ട്: ഈ പർവ്വതത്തിനപ്പുറം നിന്നും ശത്രുക്കൾ ആക്രമിക്കാൻ വരുന്നതായി ഞാൻ പറഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതിനവർ നൽകുന്ന മറുപടി താങ്കളിൽ നിന്നും കളവായി ഒന്നും ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല എന്നാണ്. (Sahih Muslim, Book 001, Number 0406).

മറ്റൊരിടത്ത് ക്ലേശസന്ദർഭത്തിലും കരാറിനോട് സത്യസന്ധത പാലിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പ്രവാചകനെ കാണാം. ബദറിന് മുന്നോടിയായി മദീനയിലേക്ക് പാലായനം ചെയ്തിരുന്ന ഹുദൈഫ(റ)യും പിതാവും ഖുറൈശികളാൽ പിടിക്കപ്പെട്ടു. തങ്ങൾക്കെതിരെ യുദ്ധം ചെയ്യുന്നതിന് മുഹമ്മദിനെ സഹായിക്കില്ല എന്ന കരാറിൻ്റെ പുറത്താണ് അവരെ പിന്നെ മദീനയിലേക്ക് പോകാൻ അനുവദിച്ചത്. തങ്ങളുടെ പല മടങ്ങ് വരുന്ന സൈന്യത്തോട് ഏറ്റുമുട്ടാൻ പോകുന്ന, യുദ്ധത്തിന് വേണ്ടത്ര സൈനികരില്ലാത്ത അവസ്ഥയിൽ നിൽക്കുന്ന പ്രവാചകൻ്റെ പക്കൽ ഈ വാർത്തയെത്തിയപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം ഇതായിരുന്നു “നാം അവരോടുള്ള ഈ കരാർ പാലിക്കും”.

കളവായാണെങ്കിൽ ആ ജനതയെ മുഴുവൻ തന്നിൽ വിശ്വസിപ്പിക്കാനുള്ള സാഹചര്യവും പ്രവാചകനുണ്ടായി. പ്രവാചക പുത്രൻ ശൈശവത്തിൽ മരിച്ച ദിവസം. അന്ന് അറേബ്യ ഒരു സൂര്യഗ്രഹണം കണ്ടു. കണ്ടവരെല്ലാം പറഞ്ഞു കൊണ്ടിരുന്നു “പ്രവാചകപുത്രൻ്റെ വിയോഗത്തിൽ പ്രകൃതി പോലും ദുഃഖം രേഖപ്പെടുത്തുന്നുവെന്ന്.” അതിനോട് കണ്ണടച്ചാൽ ചിലപ്പോൾ പ്രവാചകരേ അംഗീകരിക്കാത്ത ശത്രുക്കൾ പോലും വിശ്വസിച്ച് വന്നെന്നിരിക്കും.എന്നാൽ അപ്പോഴും ഒരു അന്ധവിശ്വാസത്തെ നീക്കാനുള്ള സന്ദർഭമായി അതിനെ കണ്ടാണ് പ്രവാചകൻ സംസാരിച്ചത്. ആകാശ ഗോളങ്ങളുടെ ചലനവും ആരുടെയും ജനന മരണങ്ങളുമായി ബന്ധമില്ലെന്ന് പറഞ്ഞ് ജ്യോതിഷം പോലൊരു അന്ധവിശ്വാസത്തെ നിരാകരിക്കുകയാണ് പ്രവാചകൻ ചെയ്തത്. ചെറിയ കാര്യങ്ങളിൽ പോലും സത്യസന്ധമായും, നീതിയോടെയും വർത്തിക്കാൻ നിർബന്ധം കാണിച്ച ഒരു വ്യക്തി ജീവിതത്തിലൊരുനാൾ വലിയൊരു കളവ് പറയുകയും ജീവിതത്തിൻ്റെ അവസാനം വരെ അത് തുടരുകയും ചെയ്തുവെന്ന് വിശ്വസിക്കുന്നതിൽ യുക്തിയില്ല.

ഇസ്‌ലാം പോലൊരു ആശയത്തെ മനുഷ്യന് പരിചയപ്പെടുത്തിയത് കൊണ്ട് കുറേ ത്യാഗങ്ങൾ സഹിക്കേണ്ടി വരുകയല്ലാതെ വ്യക്തിപരമായ ഭൗതിക ലാഭങ്ങൾ പ്രവാചകന് ഉണ്ടായിട്ടില്ല എന്നും കാണാം. ദിവസങ്ങളോളം വേവിച്ച ആഹാരമില്ലാതെ വെറും വെള്ളവും ഈന്തപ്പഴവും മാത്രം ആഹരിച്ച് ജീവിച്ചിരുന്നതായി പ്രവാചക പത്നി ആയിഷ(റ) പറയുന്നുണ്ട്. (Sahih al-Bukhari 6459).

അന്നത്തെ സാമ്രാജ്യങ്ങളുടെ ചക്രവർത്തിമാർ ഭൗതിക സൗകര്യങ്ങളെ ആസ്വദിക്കുമ്പോൾ, ഈന്തപ്പനയോലയുടെ പായയിൽ കിടന്ന് അടയാളം പതിഞ്ഞ ശരീരവുമായി നിൽക്കുന്ന പ്രവാചകരെയും, അദ്ദേഹത്തിൻ്റെ പക്കലുള്ള കുറഞ്ഞ ഭക്ഷണവും കണ്ട് ഉമർ (റ) പരാതി പറയുന്നുണ്ട്. അവർക്കത് ഈ ലോകത്തും നമുക്കത് പരലോകത്തുമാണ് എന്നാണ് പ്രവാചകൻ അതിനു നൽകുന്ന മറുപടി. പരലോകത്തെ സംബന്ധിച്ച് ഉറച്ച ബോധ്യമുള്ള ഒരാൾക്കല്ലാതെ ഇങ്ങനെ ജീവിക്കാനാവില്ല.

പ്രവാചകൻ്റെ ആശയ പ്രചരണം സത്യസന്ധമല്ലെങ്കിൽ അതിനു വേണ്ടി നിഷ്കളങ്കമായി ജീവിക്കാനും ത്യാഗങ്ങൾ സഹിക്കാനും കഴിയുകയെങ്ങനെയാണ്!? ആരും കാണാനില്ലാത്ത രാത്രികളിൽ രഹസ്യമായി പോലും അദ്ദേഹം ഉറക്കമൊഴിച്ച് നിസ്കരിച്ചത് പിന്നെ എന്തുകൊണ്ടാണ്? ശത്രുക്കൾ പിടികൂടാൻ ചുറ്റും വലയം ചെയ്ത നേരത്ത് പോലും സാമ്രാജ്യങ്ങളെ ഈ ആശയം അതിജയിക്കുമെന്ന് പറയാനുള്ള കോൺഫിഡൻസ് അദ്ദേഹത്തിന് നൽകിയത് എന്തായിരിക്കും? ചുരുങ്ങിയ അണികളുമായി തങ്ങളേക്കാൾ പല മടങ്ങ് ശക്തമായ സേനയുമായി വിജയം പ്രതീക്ഷിച്ച് യുദ്ധംചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണ്? സമ്പത്തോ ഭൗതിക സുഖ സൗകര്യങ്ങളോ നേടിയില്ലെങ്കിൽ പിന്നെ അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്തായിരുന്നു? അന്നുവരെ യാതൊരു സാഹിത്യവും എഴുതുകയോ, പറയുകയോ ചെയ്തിട്ടില്ലാത്ത, നിയമ പുസ്തകങ്ങൾ വായിച്ചിട്ടില്ലാത്ത, പ്രകൃതി ശാസ്ത്രമോ, തത്ത്വചിന്തയോ പഠിച്ചിട്ടില്ലാത്ത വ്യക്തി ഒരുനാൾ ഇതെല്ലാം കൈകാര്യം ചെയ്യാനാരംഭിക്കുകയും അതിനു പകരം കൊണ്ടുവരാൻ ഒരു സമൂഹത്തെ വെല്ലുവിളിച്ച ശേഷവും കഴിയില്ലെന്നവർക്ക് സാക്ഷ്യം പറയേണ്ടി വന്നത് ഭൗതിമായി എങ്ങനെയാണ് വിശദീകരിക്കുക? മുഹമ്മദ്(സ) ദൈവദൂതനായിരുന്നു എന്ന വിശദീകരണത്തിന് മാത്രമാണ് ഈ സംജ്ഞകളെ വിശദീകരിക്കാൻ കഴിയുന്നത്.

e 20: ഒരു വ്യക്തി തൻ്റെ ഉദ്ദേശ്യങ്ങൾക്ക് വേണ്ടി സ്വയമാണ് ഒരു ഗ്രന്ഥം രചിക്കുന്നതെങ്കിൽ മൂന്ന് കാര്യങ്ങൾ പ്രതീക്ഷിക്കാം.

1) തൻ്റെ വികാര വിക്ഷോപങ്ങൾ അതിൽ പ്രകടമാകും.
2) തൻ്റെ അറിവിൻ്റെയും ബുദ്ധിയുടെയും പരിമിതി അതിനെ ബാധിക്കും.
3) തൻ്റെ ഭാഷയതിൽ പ്രതിധ്വനിക്കും.

പ്രവാചകൻ്റെ പ്രിയ പത്നിയും, പിതാമഹനും, മക്കളുമെല്ലാം മരിച്ച വേദനയേറിയ എത്രയോ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പലായങ്ങളുടെയും, യുദ്ദങ്ങളുടെയും, അധിക്ഷേപങ്ങളുടെയും സമയമുണ്ടായിട്ടുണ്ട്. എന്നാൽ ഈ വൈകാരികതകളെ ആ സമയത്ത് അവതരിച്ച ഖുർആൻ സൂക്തങ്ങളിൽ കാണാൻ കഴിയുന്നില്ല. രണ്ടാമതായി വ്യക്തിപരമായ പ്രവാചക പരിമിതിയും ഖുർആനിൽ കാണുന്നില്ല. വൈരുധ്യമില്ലാതെ പ്രപഞ്ചത്തെ മുതൽ നൈതികതയെ വരെ നിർവ്വചിക്കാൻ കഴിഞ്ഞതിനാലാണ് ആയിരത്തി നാനൂറ് വർഷങ്ങൾക്ക് ഇപ്പുറവും പ്രായോഗിക ദർശനമായി ഇസ്‌ലാം നിലനിൽക്കുന്നത്. മൂന്നാമതായി പ്രവാചകൻ്റെ ഭാഷാ പരിമിതി തന്നെ ഖുർആനിൽ പ്രകടമാകുന്നുണ്ടോ എന്നതിനെ സംബന്ധിച്ച് നടന്നിട്ടുള്ള പഠനങ്ങൾ ഇല്ലെന്ന് തെളിയിക്കുന്നുണ്ട്.
“Author Discrimination between the Holy Qur’an and Prophet’s Statements,” Literary and Linguistic Computing എന്ന പഠനം പ്രവാചക അധ്യാപനങ്ങളിലെ ഭാഷയും ഖുർആനിൻ്റെ ശൈലിയും വ്യത്യസ്തങ്ങളാണെന്ന് സ്ഥാപിക്കുന്നതാണ്.

Words composed of a single letter are much more frequently used in the Qur’an than in the Hadith.
The Qur’an contains approximately twice the number of words with nine and ten letters than the Hadith.
This fact shows that the Qur’anic vocabulary contains longer words than the Hadith, words longer than eight letters. – *Most importantly, 62 percent of the words from the Hadith are not found in the Qur’an and 83 percent of the Qur’an’s words are not found in the Hadith.)

ഖുർആനിൻ്റെ ഭാഷ പ്രവാചകൻ്റെ ഭാഷാ ശൈലിയിൽ നിന്നും വ്യത്യസ്തമാണെന്നും ആയതിനാൽ ഇവ രണ്ടും ഒരാളിൽ നിന്നല്ലെന്നും ഇത് തെളിയിക്കുന്നു. ഈ പഠനമനുസരിച്ച് ഖുർആനിക പ്രയോഗങ്ങളുടെ 83 ശതമാനം ഹദീസുകളിൽ ഇല്ലാത്തതാണ്.

പ്രവാചക സൃഷ്ടിയല്ല ഖുർആൻ എന്നിത് സമർത്ഥിക്കുന്നു.

e 21: റോമിൻ്റെ തിരിച്ചുവരവ്

ഖുർആനിലെ മുപ്പതാം അദ്ധ്യായത്തിൻ്റെ പേര് അൽ റൂം (al-rum) എന്നാണ്. അഥവാ റോം ആണ് പ്രധാന വിഷയം. അന്നത്തെ റോമൻ പേർഷ്യൻ സാമ്രാജ്യങ്ങൾക്കിടയിൽ തുടർച്ചയായി നടന്നിരുന്ന യുദ്ധങ്ങളുടെ സാഹചര്യത്തിൽ നിന്നാണ് (Byzantine-Sassanid War series of 602–628.) ഇതിലെ ആദ്യ വചനങ്ങൾ സംസാരിച്ച് തുടങ്ങുന്നത്. ആരംഭത്തിൽ Ad.613 ഇൽ പേർഷ്യക്ക് മുന്നിൽ റോം പരാചിതരായി. പ്രധാനപ്പെട്ട പല സ്ഥലങ്ങളും പേർഷ്യൻ സൈന്യം പിടിച്ചെടുത്തു(History of the Byzantine State, Ostrogorsky, pp. 100-101, and History of Persia, Sykes, vol. 1, pp. 483-484. Also see The New Encyclopaedia Britannica, Micropaedia vol. 4, p. 1036.). അബ്രഹാമിക് ഏക ദൈവത്വത്തിൽ വിശ്വസിച്ചിരുന്ന റോമിന് മേൽ ബഹുദൈവത്വ വിശ്വാസികളായ പേർഷ്യയുടെ വിജയം രാഷ്ട്രീയമായി അറേബ്യയിലും പ്രതിഫലിച്ചു. ഏക ദൈവവിശ്വാസികൾക്ക് മേൽ ബഹുദൈവ വിശ്വാസികളുടെ വിജയമായും, അതിൻ്റെ പേരിൽ അബ്രഹാമിക പാരമ്പര്യമുള്ള ഇസ്‌ലാമിനെ പരിഹസിക്കാനും ഈ അവസരത്തെ ചിലർ ഉപയോഗിച്ചു. വരാൻ പോകുന്ന രാഷ്ട്രീയ അട്ടിമറിയെ സംബന്ധിച്ച കൃത്യമായ പ്രവചനംകൊണ്ടാണ് ഈ അവസ്ഥയോട് ഖുർആൻ സംവദിച്ചത്. സൂറത്ത് റൂമിലെ ആദ്യ വചനങ്ങളിൽ ഇങ്ങനെ കാണാം. “റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നതാണ്‌.(Quran 30:2-4).”

ഈ സംഭവത്തിന് ഒൻപതാം വർഷം AD 622-ഇൽ ഉണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ ഖുർആൻ്റെ പ്രവചനം പോലെ പേർഷ്യയെ റോം പരാജയപ്പെടുത്തുകയും വിജയികളാവുകയും ചെയ്തു. ചെറിയൊരു സമയത്തിനകം പരാജയപ്പെട്ട ഒരു വിഭാഗം വിജയിച്ച വൻശക്തിയെ കീഴ്‌പ്പെടുത്തുന്നത് ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. ആ അപൂർവ്വത സംഭവിക്കാൻ പോകുന്നതായി ഒരു മനുഷ്യന് പ്രവചിക്കാൻ കഴിയുന്നത് ചരിത്രത്തിൽ ഉദാഹരണമില്ലാത്ത മറ്റൊരു അൽഭുതവും. കേവലം മനുഷ്യ ജൽപനമല്ല ഖുർആൻ എന്നിത് ഒരിക്കൽ കൂടി തെളിയിക്കുന്നു. ചെറിയ സമയത്തിനകം റോം പേർഷ്യയെ പരാജയപ്പെടുത്തിയില്ല എങ്കിൽ ഖുർആൻ്റെ പ്രവചനം തെറ്റിയതായി ജനങ്ങൾ മനസ്സിലാക്കുകയും, ജനങ്ങളാൽ പ്രവാചകർ അവഗണിക്കപ്പെടുകയും ചെയ്യുമായിരുന്നു എന്നിരിക്കെ മുഹമ്മദ് (സ) സ്വയമൊരിക്കലും ഇത്തരമൊരു വാദം ഉന്നയിക്കാൻ സാധ്യതയില്ല.

e 22: മക്കാവിജയം

”അതല്ല, അവര്‍ പറയുന്നുവോ; ഞങ്ങള്‍ സംഘടിതരും സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ളവരുമാണ് എന്ന്. എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്യും.” (ക്വുര്‍ആന്‍ 54: 44-45)

പ്രബോധനത്തിന്റെ ആരംഭകാലത്ത് മുസ്‌ലിംകള്‍ ന്യൂനപക്ഷമായിരുന്നു. ഭൂരിപക്ഷത്താല്‍ ആ ചെറിയ സംഘം വേട്ടയാടപ്പെട്ടിരുന്നു. ആ സമയത്ത് ക്വുര്‍ആന്‍ നല്‍കുന്ന പ്രത്യാശാപരമായ പ്രഖ്യാപനമാണ് ശത്രുലോകത്തെ അവര്‍ പരാജയപ്പെടുത്തുമെന്നത്. ശേഷമുണ്ടായ നിരവധി നയതന്ത്ര നീക്കങ്ങള്‍ക്കും പലായനങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും ശേഷം മുസ്‌ലിം ലോകം ഭുരിപക്ഷത്തെ അതിജയിച്ചതിന് ചരിത്രം സാക്ഷിയാണ്. ഒരു ന്യൂനപക്ഷം ഭൂരിപക്ഷത്തെ പരാജയപ്പെടുത്തുന്നത് അപൂർവ്വമാണ്. അതിൻ്റെ സംഭവ്യത പ്രവചിക്കുകയും അതുപോലെ സംഭവിക്കുകയും ചെയ്തത് ഇസ്‌ലാമിനെ തെളിയിക്കുന്നു.

e 23: ലിബറിലിസത്തെക്കുറിച്ച്

ഒരു പ്രത്യയശാസ്ത്രത്തിന്റെ നിലവാരമിരിക്കുന്നത് അതിന് ശക്തമായി മനുഷ്യനെയും ലോകത്തെയും വിശദീകരിക്കാന്‍ കഴിയുന്നുണ്ടോ എന്നതിലാണ്. ആ നിലക്ക് നിരീക്ഷിക്കുമ്പോള്‍ ഇസ്‌ലാം ആശയങ്ങളെ മുഴുവന്‍ രണ്ടായി തിരിക്കുന്നു എന്നു കാണാം. ഒന്ന് മനുഷ്യന് ദൈവത്തിങ്കല്‍ നിന്ന് അവതീര്‍ണമായതാണ്. മറ്റെല്ലാം മനുഷ്യന്‍ അവന്റെ ദേഹേച്ഛകള്‍ക്കനുസരിച്ച് നിര്‍മിച്ചവയാണ് എന്നതാണ് ഇസ്‌ലാമിന്റെ വിശദീകരണം.

”പൂര്‍വ വേദങ്ങളെ മനുഷ്യന്‍ ഈ സ്വഭാവത്തില്‍ അവന്റെ സ്വാര്‍ത്ഥമായ ദേഹേച്ഛകള്‍ക്കനുസരിച്ച് വളച്ചൊടിച്ചിരിക്കുന്നു.” (ക്വുര്‍ആന്‍ 2:79)

ദേഹേച്ഛകള്‍ക്കനുസരിച്ച് ദൈവങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. സെക്യുലറിസം, ലിബറലിസം, നാസ്‌തികത തുടങ്ങിയ വാദങ്ങളുടെ പേരിലും ദേഹേച്ഛകള്‍ക്കനുസരിച്ച ജീവിത്തെ പ്രോത്സാഹിപ്പിക്കുന്നു. ദേഹേചകളെ ദൈവമാക്കി അതിന് കീഴൊതുങ്ങുന്നവർ എന്നീ വിഭാഗത്തെ ഖുർആൻ പരിചയപ്പെടുത്തുന്നു “എന്നാല്‍ തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ?…” (Qur’an 45: 23).

ലിബറല്‍ തത്ത്വചിന്തകനായ ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിന്റെ ഒരു പ്രശസ്ത വര്‍ത്തമാനം ഇങ്ങനെയാണ്:
“You have two Lords, one is pain and the other is pleasure.”
നിങ്ങള്‍ക്കുള്ളത് രണ്ടു ദൈവങ്ങളാണ്, ഒന്ന് വേദനകളും ദുഃഖങ്ങളും ആണെങ്കില്‍ മറ്റൊന്ന് സുഖഭോഗങ്ങളാണ്. അതിനാല്‍ സുഖാനുഭൂതികളുടെ ആസ്വാദനം അധികരിപ്പിക്കലാകുന്നു മനുഷ്യ ജീവിതങ്ങളുടെ ലക്ഷ്യം.
അഥവാ മനുഷ്യന്‍ അടിസ്ഥാനപരമായി സ്വാര്‍ത്ഥനായതുകൊണ്ടുതന്നെ അതിനെ തൃപ്തിപ്പെടുത്തി ജീവിക്കാനാണ് അവന്റെ ജനിതകവും അവനെ പ്രചോദിപ്പിക്കുന്നത്. എന്നാല്‍ അത്തരമൊരു അവസ്ഥയില്‍ മനുഷ്യനും ജന്തുക്കളും തമ്മില്‍ വ്യത്യസ്തകളൊന്നുമില്ല. ഈ നിലക്ക് മനുഷ്യനെ അവന്റെ ദേഹേച്ഛകളോട് അടിമകളാവാതിരിക്കാനാണ് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത്. ഇവിടെ മനുഷ്യനെ നയിക്കുന്നത് എന്താണ് എന്നു കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നു എന്നതാണ് ഇസ്‌ലാമിന്റെ പ്രസക്തി. അങ്ങനെ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ സാമുഹ്യ പരിണാമം എങ്ങോട്ടായിരിക്കും എന്നുള്ള പ്രവചനവും ഇസ്‌ലാം നടത്തുന്നുണ്ട്. ഇസ്‌ലാം എന്ന പ്രത്യയശാസ്ത്രത്തിന്റെ ബലത്താല്‍ ദേഹേച്ഛകള്‍ക്കപ്പുറം അന്യനെ കാണാന്‍ പരിശീലിപ്പിക്കപ്പെട്ട സമുദായമാണ് പ്രവാചകന്റേത്. അതിനാല്‍ ഉത്തമ സമുദായം തന്റേതും പിന്നീട് ശേഷമുള്ളവരുടെയും പിന്നെ അതിനെ പിന്തുടര്‍ന്നുള്ള സമൂഹവും എന്നു പറയുന്ന പ്രവാചക വചനം കാണാം. ഈ സാമൂഹ്യ പരിണാമത്തിന്റെ തുടര്‍ച്ചയായി അവസാനകാലത്തെ പറയുമ്പോള്‍ പക്ഷേ നേരെ വിപരീതമായ ഒരു ലോകക്രമത്തെയും ഇസ്‌ലാം പ്രവചിക്കുന്നു. അഥവാ കൊള്ളയും കൊലയും വ്യഭിചാരവും പലിശയും അധികരിക്കുന്ന അനര്‍ഹരായ വ്യക്തികളുടെ കൈയ്യില്‍ അധികാരമെത്തുന്ന മോശപ്പെട്ട കാലമായാണ് അവസാന നാളുകളെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. മനുഷ്യന്‍ ദേഹേച്ഛകളിലേക്ക് ഒതുങ്ങുന്ന കാലമാണിത്. മുസ്‌ലിംകള്‍ എണ്ണത്തില്‍ അധികമായിരിക്കും എന്നിട്ടും ഈ അവസ്ഥയെത്തും എന്നും പ്രവാചകന്‍ പറയുന്നത് കാണാം. അതിന്റെ കാരണമായി അദ്ദേഹം വിശദീകരിക്കുന്നത് ഭൗതിക താല്‍പര്യങ്ങളിലേക്കവര്‍ ചുരുങ്ങും എന്നു തന്നെയാണ്. ഒഴുക്കുവെള്ളത്തിലെ ചവറുകള്‍ പോലെയായിരിക്കും എന്നുകൂടെ മുസ്‌ലിംകളുടെ ആ അവസ്ഥയെ വിശേഷിപ്പിക്കുന്നു. സമൂഹത്തിന്റെ ഒഴുക്കിനൊത്ത് മുസ്‌ലിം ലോകം വാര്‍ക്കപ്പെടുകയെന്ന പ്രതിഭാസം തന്നെയാണല്ലോ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നെറ്റ് ഫ്‌ളിക്‌സും മൂവീസും സീരീസുകളും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ദേഹേച്ഛകള്‍ക്കനുസരിച്ച് ജീവിച്ചു മരിക്കാന്‍ പറയുന്നു. ലിബറല്‍ ജീവിത വീക്ഷണങ്ങള്‍ കുഞ്ഞുങ്ങളില്‍ തന്നെ കുത്തിനിറക്കപ്പെടുന്നു. ആ ഒഴുക്കിനകത്തു തന്നെയാണ് മുസ്‌ലിം ലോകവും. അഥവാ ഇസ്‌ലാമിന് മനുഷ്യ മനഃശാസ്ത്രത്തെ കൃത്യമായും അഡ്രസ്സ് ചെയ്യാന്‍ കഴിയുന്നുണ്ട് എന്നുമാത്രമല്ല, ഇതനുസരിച്ച് മനുഷ്യ ലോകത്തിന്റെ പര്യവസാനം എങ്ങോട്ടായിരിക്കുമെന്ന് പ്രവചിക്കാനും സാധിക്കുന്നു. ആ പ്രവചനത്തിനനുസരിച്ച് ദേഹേച്ഛകള്‍ നാസ്‌തികവല്‍കരിച്ച് ലിബറലിസവും ഹെഡോണിസവും ഭരിക്കുന്ന ലോകത്ത് തന്നെയാണ് നാമും ഉള്ളതെന്ന കാര്യത്തില്‍ സംശയമില്ല. മനുഷ്യനെയും അവന്റെ ഭാവിയെയും കൃത്യമായി വിശദീകരിക്കാന്‍ ഈ ദര്‍ശനത്തിന് കഴിയുന്നു.

e 24: ലൈംഗിക അരാജകത്വങ്ങളുടെ വ്യാപനം

“The Hour will not be established until people fornicate with each other in the road just as donkeys fornicate.”– Ibn Hibban, Hadith #6767.,
“Never does sexual perversion become widespread and publicly known in certain people without them being overtaken by disease that never happened to their ancestors who came before them”
(Sunan Ibn majah #4019)

ഇസ്‌ലാമിന്റെ ആരംഭ ദശകളിലാണെങ്കിലും മത ദര്‍ശനങ്ങള്‍ ധാര്‍മിതകളെ നിയന്ത്രിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് പ്രവാചകന്‍ ഇത് പറയുന്നത്. അഥവാ ലൈംഗിക അരാജകത്വങ്ങള്‍ക്ക് വലിയ സാമൂഹ്യ അംഗീകാരം ഒന്നുമില്ലാത്ത ഒരു ലോകക്രമത്തില്‍. പടിഞ്ഞാറ് ക്രൈസ്തവതയും കിഴക്ക് ബുദ്ധ ഹൈന്ദവ മതങ്ങളും മനുഷ്യനെ ലൈംഗിക സദാചാരവാദികളാക്കി തന്നെ നിലനിര്‍ത്തിയിരുന്ന കാലത്ത് ഇതിന് മാറ്റം വരുമെന്നും കഴുതകള്‍ പരസ്യമായി വ്യഭിചരിക്കുന്ന പോലെ മനുഷ്യരാവുകയും അന്നുവരെ കേട്ടുകേള്‍വിയില്ലാത്ത ലൈംഗിക പകര്‍ച്ചവ്യാധികള്‍ അതുമൂലം അവര്‍ക്കിടയില്‍ വ്യാപിക്കുകയും ചെയ്യുമെന്നതാണ് പ്രവാചക വചനം. മധ്യകാലത്തിനുശേഷം വേശ്യാലയങ്ങളും വേശ്യാവൃത്തിയും യൂറോപ്പില്‍ വ്യാപകമായി. തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും എയ്ഡ്‌സ് പോലുള്ള ചികിത്സയില്ലാത്ത മാരക ലൈംഗിക രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സി.ഡി.സിയുടെ കണക്കുകള്‍ അനുസരിച്ച് 2014ല്‍ 1.9 മില്യണ്‍ ലൈംഗിക വ്യാപന രോഗികള്‍ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എങ്കില്‍ 2019ല്‍ അത് 2.6 മില്യണ്‍ ആയി ഉയര്‍ന്നു എന്നുകാണാം.

e2 5: ഉയര്‍ന്ന ഗോപുരങ്ങള്‍

“And if you see the barefoot, naked shepherds of camels competing in the construction of high-rise buildings, then this is from among the signs of the Hour.” (Sunan Ibn Majah 63 In-book reference: Introduction, Hadith 63
English translation: Vol. 1, Book 1, Hadith 63)

നഗ്‌നപാദരായ വസ്ത്രമില്ലാത്ത നാടോടികളായ അറബികളാണ് ബദവികൾ. മധ്യയുഗത്തിലെ ഇസ്‌ലാമിന്റെ സുവര്‍ണ കാലത്തുപോലും ഈ അറബ് വിഭാഗത്തിൽ വിജ്ഞാനമോ പരിഷ്‌കാരമോ എത്തിയിരുന്നില്ല. 1940ല്‍ ഗവേഷകനായ സര്‍ വില്‍ഫ്രഡ് തെസിഗര്‍ പ്രകൃതിയിലും ഭാഗ്യത്തിലും മാത്രം വിശ്വസിച്ച് ദിവസങ്ങളെ നീക്കുന്ന ഇവരുടെ ജീവിതത്തെ വിശദകരിക്കുന്നുണ്ട്. ഈ മരുഭൂവാസികള്‍ സാമ്പത്തിക ഉന്നതിയിലെത്തുന്ന അവസ്ഥയാണ് ഈ പ്രവാചക വര്‍ത്തമാനം എന്നു സുവ്യക്തമാണ്. കാര്യമായ പ്രകൃതി വിഭവങ്ങളൊന്നും നോക്കിയാല്‍ കാണാത്ത ഈ മരുഭൂമിയില്‍ നിന്നും ഇവര്‍ ഉയരമുള്ള ഗോപുരങ്ങളെ നിര്‍മിക്കുന്നതില്‍ മത്സരിക്കുമെന്ന് കേവല യുക്തിയാല്‍ പറയുക പ്രയാസമാണ്. എന്നാല്‍ ആ പ്രവാചക വചനം പുലര്‍ന്നത് ഇന്ന് നേര്‍ക്കുനേരെ കാണാം.

മിഡില്‍ ഈസ്റ്റിലെ ബ്ലാക്ക് ഗോള്‍ഡ് എന്നറിയപ്പെടുന്ന പെട്രോളിയത്തിന്റെ കണ്ടെത്തല്‍ അറബ് ലോകത്തെ സമ്പന്നമാക്കി മാറ്റി. ഗള്‍ഫ് മേഖല തന്നെ ഉയരമുള്ള കെട്ടിടങ്ങളാല്‍ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്നത് ദുബായിലാണ്. ഉയരത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനം പ്രവാചകന്റെ തന്റെ ജന്മദേശത്തുള്ള മക്കാ റോയല്‍ ക്ലോക്ക് ടവറിനാണ്. ധൂര്‍ത്തുകളെയും ദുരുപയോഗങ്ങളെയും അനാവശ്യമായി കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിനെയും നിരുത്സാഹപ്പെടുത്തിയ പ്രവാചകന് തൻ്റെ ആദർശം പിൻപറ്റുന്നവരിൽ ഈ മാറ്റമുണ്ടാകുമെന്ന് കേവല യുക്തിയാല്‍ മനസ്സിലാക്കാന്‍ കഴിയില്ലെന്നുറപ്പാണ്.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.