നാസ്തികർ ഭീകരതയുടെ മതം ചികയുമ്പോൾ…

//നാസ്തികർ ഭീകരതയുടെ മതം ചികയുമ്പോൾ…
//നാസ്തികർ ഭീകരതയുടെ മതം ചികയുമ്പോൾ…
ആനുകാലികം

നാസ്തികർ ഭീകരതയുടെ മതം ചികയുമ്പോൾ…

“ഭീകരതക്ക് മതമില്ല എന്നൊക്കെ പറയുന്നത് വെറും തൊലിപ്പുറമെയുള്ളൂ. ഭീകരർക്ക് ശരിക്കും മതം മാത്രമേയുള്ളൂ. മതത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അവർ നടപ്പാക്കുന്നത്.”

കേരളത്തിലെ ഒരു പ്രമുഖ നാസ്തിക ബുദ്ധിജീവിയുടെ പ്രസ്താവനയാണിത്. ക്വുർആനോ നബിവചനങ്ങളോ ഒരിക്കൽപോലും വായിച്ച്‌ നോക്കാതെ ഇസ്‌ലാമാണ് ലോകത്തെ ഏറ്റവുമധികം തിന്മ നിറഞ്ഞ മതമെന്ന് എഴുതുന്ന റിച്ചാർഡ് ഡോക്കിൻസിൽ നിന്ന് പഠിച്ചവർക്ക് ഇങ്ങനെയേ പറയാൻ കഴിയൂ. ശ്രീലങ്കയിലെ ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള, ഇസ്‌ലാമിനെതിരെയുള്ള ഈ വർത്തമാനത്തിൽ സത്യത്തിന്റെ ചെറിയൊരു അംശം പോലുമില്ല. ചാവേറുകൾക്ക് ഭീകരത പഠിപ്പിച്ചത് ഇസ്‌ലാമാണ് എന്നു പറയുന്നവർക്ക് ഭീകരതയെയോ അതിന്റെ ചരിത്രത്തേയോക്കുറിച്ച് യാതൊന്നുമറിയില്ല. പുതിയ കാല രാഷ്ട്രീയപ്രതിഭാസമായ ഭീകരതയെ ഏതെങ്കിലും ഒരു മതത്തിലേക്ക് കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നവർ അറിഞ്ഞോ അറിയാതെയോ ഭീകരതയുടെ ദർശനത്തെ അംഗീകരിക്കുകയും ഭീകരരും അവർക്ക് പിന്നിലുള്ളവരും പ്രസരിപ്പിക്കുവാനുദ്ദേശിക്കുന്ന ആശയത്തിന്റെ പ്രചാരകരാവുകയുമാണ് ചെയ്യുന്നത്. മഹാബുദ്ധിമാന്മാരെന്ന് സ്വയം കരുതുന്ന നാസ്തികർക്ക്‌ പോലും ഇത് മനസ്സിലാവുന്നില്ലെന്നതാണ് ദുഃഖകരം.

ജനങ്ങളെയും രാഷ്ട്രങ്ങളെയും ഭീതിപ്പെടുത്തുന്ന ക്രൂരകൃത്യങ്ങള്‍ ചെയ്ത് രാഷ്ട്രീയമോ മതപരമോ പ്രത്യയശാസ്ത്രപരമോ ആയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നതിനെയാണ് രാഷ്ട്രമീമാംസകർ ഭീകരവാദമെന്ന് വിളിക്കുന്നത്. ജനങ്ങളെ ഭീതിപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിച്ച വ്യക്തികളും ആള്‍ക്കൂട്ടങ്ങളും പുരാതന കാലം മുതല്‍ നിലനിന്നിട്ടുണ്ട്. ആധുനിക കാലത്ത് ഭീകരതയെ ഒരു രാഷ്ട്രീയായുധമായി ഉപയോഗിക്കാനാരംഭിച്ചത് ക്രിസ്ത്യന്‍ സംഘടനയായ ഐറിഷ് റിപ്പബ്ലിക്കന്‍ ബ്രദര്‍ഹുഡും സഹോദര സംഘടനയായ അമേരിക്കന്‍ ഫെനിയന്‍ ബ്രദര്‍ഹുഡുമാണ്. 1818 മുതല്‍ 1885 വരെ അവര്‍ നടത്തിയ പത്തിലധികം വരുന്ന സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഇവരുടെ ഇരുപതാം നൂറ്റാണ്ടിലെ പിന്‍ഗാമിയായ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി 1916 മുതല്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ നിരവധിയാണ്. 1920ലെ ഈസ്റ്ററിനുമുമ്പ് ഒരേ സമയത്ത് മുന്നൂറ് പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചത്, നവംബറില്‍ പന്ത്രണ്ട് പോലീസുകാരെ പരസ്യമായി കൊന്നുകളഞ്ഞത്, ലിവര്‍പൂളിലെ നിരവധി സ്ഥാപനങ്ങള്‍ കത്തിച്ചുകളഞ്ഞ ബ്ലഡി സണ്‍ഡേ എന്നിവയാണ് അവയില്‍ പ്രധാനം. ഐ.ആര്‍.എ പിളര്‍ന്നുണ്ടായ പ്രൊവിന്‍ഷ്യല്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി 1969 മുതല്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടവ ഒന്‍പതുപേരുടെ മരണത്തിനും 130 പേരുടെ ഗുരുതരാവസ്ഥക്കും കാരണമായ 22 ബോംബുകള്‍ ഒന്നിച്ചു ബെല്‍ഫാസ്റ്റില്‍ പൊട്ടിയ ബ്ലഡി ഫ്രൈഡേ (21.07.1972), രണ്ടാം എലിസബത്ത് രാജ്ഞിയുടെ അമ്മാവന്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിനെയും മൂന്നുപേരെയും കൊന്ന 1979ലെ ബോട്ട് സ്‌ഫോടനം, 29 പേരെ കൊന്ന 1998ലെ വടക്കേ അയർലൻഡ് കാര്‍ സ്‌ഫോടനം എന്നിവയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രൂപപ്പെട്ട ക്രിസ്ത്യന്‍-കത്തോലിക്ക ഭീകരവാദത്തിന്റെ മാതൃകയിലാണ് പിന്നീട് ലോകത്തുണ്ടായ മുഴുവന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളും രൂപപ്പെട്ടത്.

ഭീകരത, ഭീകരവാദം എന്നിങ്ങനെ നാം പരിഭാഷപ്പെടുത്തുന്ന terror, terrorism എന്നീ രാഷ്ട്രീയ സംജ്ഞകള്‍ ഇംഗ്ലീഷില്‍ ഉടലെടുത്തതുപോലും മുസ്‌ലിംകളുമായി ബന്ധപ്പെട്ടല്ല. 1789ല്‍ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് ലൂയി പതിനാറാമനെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലെത്തിയ തീവ്രവിപ്ലവവാദികളുടെ കയ്യാൽ 1793 മുതല്‍ വിപ്ലവത്തെ ഒറ്റുകൊടുക്കുന്നുവെന്നാരോപിച്ച് സഹസ്രക്കണക്കിന് ഫ്രഞ്ച് പൗരന്മാര്‍ ഗില്ലറ്റിനുകള്‍ എന്ന പേരില്‍ കുപ്രസിദ്ധമായിത്തീര്‍ന്ന വധശിക്ഷാ യന്ത്രങ്ങളിലേക്ക് നയിക്കപ്പെട്ടു. ഈ കരാളതയെ കുറിക്കാന്‍ വികസിച്ചുവന്ന le terror, terrorisme എന്നീ ഫ്രഞ്ച് പദങ്ങളില്‍ നിന്നാണ് terrorism നിഷ്പന്നമായത്. ഭരണകൂടങ്ങള്‍ക്കെതിരില്‍ പ്രവര്‍ത്തിക്കുന്ന ഗറില്ലാ സംഘങ്ങളെ വിളിക്കാൻ പിന്നീട് terrorist എന്ന പദം വ്യാപകമായി ഉപയോഗിക്കപ്പെടുകയാണുണ്ടായത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം റഷ്യയില്‍ സാര്‍ അലക്‌സാണ്ടര്‍ രണ്ടാമനടക്കമുള്ള ഭരണാധികാരികളെ വധിച്ച് സജീവമായ അനാര്‍ക്കിസ്റ്റുകൾ ഈ ഭീകരവാദപ്രവണതയുടെ ആദ്യകാല ഉദാഹരണങ്ങളിലൊന്നായിരുന്നു. അവരും മുസ്‌ലിംകളായിരുന്നില്ല. വ്യവസ്ഥാപിതമായ ഒരു ഭീകരപ്രസ്ഥാനത്തിന് ആധുനിക ലോകത്ത് ആദ്യമായി തുടക്കം കുറിച്ച ഐറിഷ് വിപ്ലവകാരികള്‍ റോമന്‍ കത്തോലിക്കരാണ്.

1917ല്‍ റഷ്യയിലും 1949ല്‍ ചൈനയിലും നടന്ന കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ലോകത്തുടനീളം നക്‌സല്‍ ഭീകര പ്രസ്ഥാനങ്ങളുണ്ടായത്. ഇന്നും ഇന്‍ഡ്യ നേരിടുന്ന ഏറ്റവും വലിയ ഭീകരവാദ ഭീഷണി മാര്‍ക്‌സിസ്റ്റ് ഭൗതികവാദികളുടെ നക്‌സല്‍ ഗ്രൂപ്പുകളില്‍ നിന്നാണെന്ന് നമ്മുടെ ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അവരൊന്നും ഭീകരത പഠിച്ചത് ഇസ്‌ലാമിൽ നിന്നോ ക്വുർആനിൽ നിന്നോ അല്ലെന്ന വസ്തുത എല്ലാവർക്കുമറിയാം. മതമില്ലാത്ത ഭൗതികവാദികളാണ് ഇന്നും ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ഭീകരന്മാരിൽ മുൻപന്തിയിലുള്ളത് എന്ന തിരിച്ചറിവെങ്കിലും ഇസ്‌ലാമിന്റെ തലയിൽ ഭീകരതാപട്ടം ചാർത്തുവാൻ മത്സരിക്കുന്ന നാസ്തികർക്കുണ്ടായിരുന്നെങ്കിൽ!!!

ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ഫലസ്ത്വീനില്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം ജൂതന്‍മാര്‍ക്കുവേണ്ടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സജീവമായിത്തീര്‍ന്ന ജൂതഭീകരഗ്രൂപ്പുകളായിരുന്നു ഹഗന, ബിറ്റ് ഹഗന, ഇര്‍ഗുന്‍, സ്റ്റേണ്‍ ഗാംഗ് മുതലായവ. അവയുടെ തലപ്പത്തുണ്ടായിരുന്നവരാണ് പില്‍ക്കാലത്ത് ഇസ്രയേലിന്റെ രാഷ്ട്രത്തലവന്‍മാരായി അവരോധിക്കപ്പെട്ടത്. ഫലസ്തീനിൽ ജനിച്ചു വളർന്നവർക്ക് അവിടെ മാന്യമായി ജീവിക്കുവാൻ അവകാശം നൽകാതെ ഭീതിപ്പെടുത്തി ആട്ടിയോടിക്കുകയെന്ന തന്ത്രം പയറ്റുന്ന സയണിസ്റ്റുകളാണ് യഥാർത്ഥത്തിൽ ആധുനിക കാലത്ത് ഭീകരതയെ രാഷ്ട്രതന്ത്രമാക്കിത്തീർത്ത കൊടുംഭീകരന്മാർ. ഭീകരരാഷ്ട്രം എന്ന് ഇന്ത്യയടക്കമുള്ള ലോകം ഒരു കാലത്ത് വിളിച്ചിരുന്ന ഇസ്‌റാഈൽ ഭീകരതയെ വിമർശിക്കാൻ നവനാസ്തികതയുടെ കുതിരക്കാർക്കൊന്നും മനസ്സ് വന്നിട്ടില്ല. ഫലസ്തീനിപൈതങ്ങളെ കൂട്ടമായി കൊന്നുകൊണ്ട് ഭീകരതാണ്ഡവം നടത്തിക്കൊണ്ടിരുന്ന ഇസ്രായേൽ ഭീകരതയോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് മധ്യപൗരസ്ത്യദേശത്ത് ആദ്യമായി ചാവേർ ആക്രമണങ്ങളുണ്ടായത്. ഫലസ്തീൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചില ഗ്രൂപ്പുകളാണ് ചാവേറുകളിലൂടെ ഇസ്രായേൽ ഭീകരതയോട് പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്തത്. ഇസ്‌ലാമികമായി ന്യായീകരിക്കാനാവാത്തതാണ് ചാവേർ ആക്രമണമെന്ന് അന്ന് മുതൽ തന്നെ മുഖ്യധാരയിലെ മുസ്‌ലിം പണ്ഡിതന്മാരെല്ലാം ഒറ്റക്കെട്ടായി പറയുകയും പ്രാമാണികമായി ബോധവൽക്കരണം നടത്തുകയും ചെയ്തിട്ടുണ്ട്. ചാവേർ ഭീകരതക്ക് കാരണം ഇസ്‌ലാമിലെ സ്വർഗ്ഗസങ്കല്പമാണെന്ന് സമർത്ഥിക്കാൻ പാടുപെടുന്ന നാസ്തികർക്ക് ഈ ചരിത്രയാഥാർഥ്യങ്ങളൊന്നും കാണാൻ കഴിയില്ല. ഇസ്‌ലാമിനെതിരെ ലഭിച്ച ആയുധങ്ങൾ തേച്ചുമിനുക്കി മൂർച്ച കൂട്ടുന്നതിനിടയ്ക്ക് ഈ ചരിത്രമെല്ലാം പഠിക്കാനെവിടെ നേരം.!?

1967 മുതല്‍ പ്രവര്‍ത്തനരംഗത്ത് സജീവമായ എല്‍.ടി.ടി.ഇ എന്ന ഭീകരസംഘടന വേലുപ്പിള്ളി പ്രഭാകരന്‍ എന്ന ശ്രീലങ്കന്‍ ഹിന്ദുവിന്റെ നേതൃത്വത്തിലാണ് വളര്‍ന്നുവന്നത്. തമിഴ് പുലികളാണ് ആത്മഹത്യ ബോംബുകളായിത്തീര്‍ന്ന് തങ്ങളുടെ ശത്രുവിനടുത്തുപോയി സ്വയം പൊട്ടിത്തെറിച്ച് ശത്രുവിനെക്കൊല്ലുന്ന സമ്പ്രദായത്തിന് ആധുനിക കാലത്ത് തുടക്കം കുറിച്ചത്. എല്‍.ടി.ടി.ഇയ്ക്ക് കീഴിലുള്ള ബ്ലാക്ക് ടൈഗര്‍ യൂണിറ്റ് നടത്തിയ 82 ആത്മഹത്യാ സ്‌ഫോടനങ്ങള്‍ വഴി 1987നും 2009നുമിടയ്ക്ക് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡന്റ് രാണസിംഹ പ്രേമദാസയുമടക്കം 961 പേരെയാണ് കൊന്നുകളഞ്ഞത്. ചാവേർ സ്ഫോടനത്തെ രാഷ്ട്രീയായുധമാക്കുന്നതിന് മുന്നിൽ നടന്ന തമിഴ് പുലികളുടെ ലക്‌ഷ്യം ഇസ്‌ലാമിന്റെ സ്വർഗ്ഗമായിരുന്നുവെന്ന് നാസ്തികർ ആയത്തുകളും ഹദീഥുകളും ഉദ്ധരിച്ച് സമർത്ഥിക്കുമോ? നൂറിലധികം തമിഴ് പുലികൾ മരിച്ചത് സ്വന്തം ശരീരത്തിൽ ഘടിപ്പിച്ച ബോംബുകൾ പൊട്ടിച്ചുകൊണ്ടാണ്. അവരുടെ പ്രചോദനം ഏതെങ്കിലും വേദഗ്രൻഥങ്ങളായിരുന്നില്ലെന്ന് എല്ലാവർക്കുമറിയാം. സ്വർഗ്ഗത്തോടുള്ള അഭിനിവേശവും ക്വുർആൻ അനുസരിച്ചുള്ള ജീവിതവുമാണ് ചാവേറുകളെ സൃഷ്ടിക്കുന്നത് എന്ന് ഉപന്യസിക്കുന്നവർക്ക് നൂറിലധികം തമിഴ് പുലികൾക്ക് പ്രചോദനമായി ഭവിച്ചത് ഏത് സ്വർഗ്ഗമാണെന്ന് പറഞ്ഞു തരേണ്ട ബാധതയുണ്ട്. അതവർ ചെയ്യുകയില്ല. ഇസ്‌ലാമിനെതിരെ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. അതാണ് അവരുടെ യുക്തിബോധം !!!

തമിഴ് പുലികളെ പ്രചോദിപ്പിച്ചത് ആര്യ-ദസ്യു സംഘട്ടനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഹൈന്ദവവേദങ്ങളോ ധർമയുദ്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന ഭഗവദ്ഗീതയോ ആണെന്ന് തലക്ക് വെളിവുള്ളവരൊന്നും പറയുകയില്ല. മുസ്‌ലിംകൾ പ്രതിസ്ഥാനത്ത് വരുമ്പോൾ ഈ വെളിവാണ് ബുദ്ധിജീവിനാട്യക്കാരിൽ പലർക്കും നഷ്ടമാവുന്നത്. ആത്മഹത്യാ സ്‌ഫോടനം നടത്തുന്നവര്‍ ആത്മഹത്യ പാപമാണെന്ന് പഠിപ്പിക്കുന്ന ക്വുര്‍ആനില്‍നിന്നോ ആത്മഹത്യ ചെയ്യുന്നവർക്ക് സ്വർഗം നിഷിദ്ധമാണെന്ന് പഠിപ്പിച്ച മുഹമ്മദ് നബി(സ)യുടെ ഉപദേശങ്ങളിൽ നിന്നോ അല്ല മതം പഠിച്ചിരിക്കുന്നത് എന്നുറപ്പാണ്. തമിഴ് പുലികളുടെ നേതാവായ പ്രഭാകരനും രാജീവ്ഗാന്ധിയെ കൊന്ന തനുവുമെല്ലാമാണ് അവരുടെ മാതൃക.

ഇന്‍ഡ്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭീകരപ്രസ്ഥാനങ്ങളിലൊന്നും മുസ്‌ലിംകളല്ല അംഗങ്ങളായിട്ടുള്ളത്. നാഗാ ഭീകരവാദികള്‍ ക്രിസ്ത്യാനികളാണ്. ആസാമിലെ ഉല്‍ഫ തീവ്രവാദികളും ത്രിപുരയിലെ വിഘടനവാദി ഭീകരവാദികളും ഹിന്ദുക്കളില്‍ നിന്നുള്ളവരാണ്. മാവോയിസ്റ്റുകളും നക്സലൈറ്റുകളും തികഞ്ഞ ഭൗതികവാദികളുമാണ്. മുസ്‌ലിംകളുമായി യാതൊരു ബന്ധവുമില്ലാത്ത അനേകം ഭീകരപ്രസ്ഥാനങ്ങള്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഇന്നും ചോര ചിന്തിക്കൊണ്ടിരിക്കുന്നുണ്ട്. അവരിൽ ചിലരെങ്കിലും തികഞ്ഞ ഭൗതികവാദികളാണ്. അവയെക്കുറിച്ച് യാതൊന്നും മനസ്സിലാക്കാതെയാണ് ഇസ്‌ലാമാണ് ഭീകരതയുണ്ടാക്കുന്നത് എന്ന് ബ്ലോഗുകയും പോസ്റ്റുകയും ചെയ്യാൻ നാസ്തികർ ധൃഷ്ടരാവുന്നത്. പ്രമാണങ്ങളൊന്നും വായിക്കാതെയും അന്താരാഷ്‌ട്ര ചലനങ്ങളെ കൃത്യമായി അപഗ്രഥിക്കാതെയും വിവരക്കേടുകൾ വിളമ്പുന്നത് അലങ്കാരമാണെന്ന് കരുതുന്നവർക്കേ ഇത്തരം പ്രസ്താവനകൾ പഥ്യമാവൂ. ഭീകരത സമം ഇസ്‌ലാം എന്ന പാശ്ചാത്യൻ പ്രചാരണം മാത്രമാണ് സത്യമെന്ന് കരുതുന്ന ഡോക്കിന്സിനെപ്പോലെയുള്ളവരിൽ നിന്ന് പഠിക്കുന്നവരിൽ നിന്ന് ഇത്തരം വിവരക്കേടുകൾ ഉണ്ടാവുക സ്വാഭാവികമാണെന്ന് തന്നെ മനസ്സിലാക്കണം.

ദൈവനിഷേധത്തിന്റെ പ്രത്യയശാസ്ത്രം അടിച്ചേൽപിക്കുന്നതിനും ഭൗതികവാദം സ്വീകരിപ്പിക്കുന്നതിനും വേണ്ടിയാണ് കഴിഞ്ഞ സഹസ്രാബ്ധത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളുണ്ടായത് എന്ന സത്യം മറന്നുകൊണ്ടാണ് ഭീകരതയുടെ കുപ്പായം ഇസ്‌ലാമിന്റെ മേൽ അണിയിക്കുവാൻ നാസ്തികന്മാർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ‘രണോൽസുക ദൈവനിഷേധസംഘം’ (League of Militant Atheists) എന്ന് സ്വയം വിശേഷിപ്പിച്ച യെമെലിൻ സാരോവസ്‌കിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ഭീകരസംഘം മതത്തെയും ദൈവവിശ്വാസത്തെയും ഇല്ലാതെയാക്കുവാൻ നടത്തിയ നരനായാട്ടുകളെക്കുറിച്ച് അറിയണമെങ്കിൽ വിർജിനിയ ജോർജ് മസോൺ സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറായ പീറ്റർ നന്താനിയൽ സ്റ്റർനാസ് എഡിറ്റു ചെയ്ത് 2008ൽ പ്രസിദ്ധീകരിച്ച ‘ഓക്സ്ഫോർഡ് എൻസൈക്ലോപീഡിയ ഓഫ് ദി മോഡേൺ വേൾഡ്’ മാത്രം വായിച്ചാൽ മതിയാവും. സോവിയറ്റ് യൂണിയനിലെ നൂറുക്കണക്കിന് പള്ളികൾ തകർത്തതും ആയിരക്കണക്കിന് പുരോഹിതന്മാരെ വധിച്ചതും ലക്ഷക്കണക്കിന് ദൈവവിശ്വാസികളെ കൂട്ടക്കൊല ചെയ്തതുമെല്ലാം സമൂഹത്തെ മതേതരമാക്കി പരിഷ്കരിക്കാനും അവരിലെ ദൈവവിശ്വാസത്തെ വേരോടെ പിഴുതെറിയാനും വേണ്ടിയായിരുന്നു. ആധുനിക കാലത്തെ ഏറ്റവും വലിയ ഭീകരപ്രവർത്തനങ്ങളിലൂടെ മതത്തെയും ദൈവവിശ്വാസത്തെയും ഇല്ലായ്മ ചെയ്യാൻ പരിശ്രമിച്ചവരുടെ പിൻഗാമികൾ ഭീകരതാകുപ്പായവുമായി ഇസ്‌ലാമിന്റെ പിന്നിൽ ഓടുന്നതിന്റെ സാംഗത്യമൊന്നും ആരും ചോദ്യം ചെയ്യരുത്; അങ്ങനെ ചെയ്‌താൽ അവരെയും മതമൗലികവാദിയെന്ന് മുദ്ര കുത്തിക്കളയും, ജാഗ്രതൈ!!

സതേൺ ഇല്ലെനിയോസ് സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസർ തിയോഡോർ ആർ വീക്സ് 2011ൽ എഴുതിയ Across the Revolutionary Divide: Russia and the USSR, 1861-1945, എന്ന കൃതിയുടെ 292 പുറങ്ങളിലൂടെ കടന്നുപോവുമ്പോൾ മതം പൂർണമായി ഇല്ലാതെയാക്കുവാനായി നാസ്തികഭീകരന്മാർ നടത്തിയ ക്രൂരതകളെക്കുറിച്ച് വായിച്ച് നാം തലയിൽ കൈവെച്ച് പോവും. 1930ൽ അമ്പതിനായിരം മതസമൂഹങ്ങളുണ്ടായിരുന്ന സോവിയറ്റ് റഷ്യയിൽ 1941 ആയപ്പോഴേക്ക് അത് ആയിരം മാത്രമായി ചുരിങ്ങിയത് രണോൽസുകനാസ്തികരുടെ ഭഗീരഥസേവനം വഴിയാണെന്ന് റഷ്യൻ ഓർത്തഡോൿസ് സഭയുടെ ചരിത്രകാരനായ ദിമിത്രി വി പോസ്പിലോവ്സ്കി തന്റെ സോവിയറ്റ് നാസ്തികതയെക്കുറിച്ച പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. സോവിയറ്റ് നാസ്തികർ ചെയ്ത ഭീകരതയുടെ ആഴമെത്രയായിരുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ആ ഭീകരതയിൽ നിന്ന് കേരള യുക്തിവാദി സംഘത്തിന്റേയോ ഫ്രീ തിങ്കേഴ്‌സ് മുതൽ എസ്സെൻസ്‌ വരെയുള്ള നവനാസ്തിക കൂട്ടായ്മകളുടെയോ ആശയസ്രോതസ്സുകൾ കണ്ടെത്താൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണെന്ന് ആർക്കും മനസ്സിലാവും. ഐഎസ് ഭീകരന്മാരുടെ ചെയ്തികൾക്കകത്ത് ഇസ്‌ലാമിനെ തെരയുന്നവരും ചെയ്യുന്നത് ഇതേ വിഡ്ഢിത്തമാണ്. തങ്ങൾ ചെയ്യുന്നത് ഈ മഹാവിഢിത്തമാണെന്ന് മനസ്സിലാക്കാനുള്ള മനസ്സ് പക്ഷെ, നവനാസ്തികർക്ക് ഇല്ലാതെ പോയി !

മുസ്‌ലിംകൾക്കിടയിൽ ചില ഭീകരന്മാരുണ്ട് എന്നതിനാൽ ഇസ്‌ലാമാണ് സകല വിധ ഭീകരതകൾക്കും കാരണമെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നവർ നാസ്തികത അടിച്ചേൽപിക്കാൻ വേണ്ടി നടത്തിയ കൂട്ടക്കുരുതികൾ കാണാതെപോകുന്നതെന്തു കൊണ്ടാണ്? സോവിയറ്റ് റഷ്യയിൽ മാത്രം മതമില്ലാതെയുള്ള രാഷ്ട്രനിർമിതിക്കായി കൊന്നു തള്ളിയത് 2.1 കോടി മനുഷ്യരെയാണ്. ചൈനയിൽ ഇത് 8.2 കോടിയാണ്. നോർത്ത് കൊറിയയിൽ 46 ലക്ഷവും വിയറ്റ്നാമിൽ 38 ലക്ഷവും കംബോഡിയയിൽ 24 ലക്ഷവും അഫ്‌ഗാനിസ്ഥാനിൽ 15 ലക്ഷവും യുഗോസ്ളാവിയയിൽ 11.72 ലക്ഷവും ജർമനിയിൽ 8.15 ലക്ഷവും മൊസാംബിക്കിൽ 7.29 ലക്ഷവും എതിയോപ്യയിൽ 7.2 ലക്ഷവും റൊമാനിയയിൽ 4.35 ലക്ഷവും ചെക്കോസ്ലോവാക്യയിൽ 2.62 ലക്ഷവും വെനിസുലയിൽ 2.52 ലക്ഷവും പോളണ്ടിൽ 2.35 ലക്ഷവും ഹംഗറിയിൽ 2.1 ലക്ഷവും അംഗോളയിൽ 1.25 ലക്ഷവും കൊളമ്പിയയിൽ 1.05 ലക്ഷവും അൽബാനിയയിൽ ഒരു ലക്ഷവും റൊഡേഷ്യയിൽ അമ്പതിനായിരവും ലാവോസിൽ നാല്പത്തി അയ്യായിരവും ബൾഗേറിയയിൽ മുപ്പത്തതൊന്നായിരവും ക്യൂബയിൽ എഴുപത്തി മൂന്നായിരവും പെറുവിൽ മുപ്പത്തിയെട്ടായിരവും മംഗോളിയയിൽ മുപ്പത്തിഅയ്യായിരവും ഫിലിപ്പീൻസിൽ ഇരുപത്തിമൂവായിരവും മനുഷ്യരെ കൊന്നു തള്ളിക്കൊണ്ടാണ് നാസ്തികന്മാർ അവിടങ്ങളിളെല്ലാം മതമോ ദൈവവിശ്വാസമോ ഇല്ലാത്ത തങ്ങളുടെ വീക്ഷണത്തിലുള്ള മാനവികസമൂഹത്തെ സൃഷ്ടിക്കുവാൻ ശ്രമിച്ചത്. എന്നിട്ട് എന്തുണ്ടായെന്ന് എല്ലാവർക്കുമറിയാം. ഒന്നുമുണ്ടായില്ല; മതം പൂർവാധികം ശക്തിയോടെ പല സ്ഥലങ്ങളിലും തിരിച്ചു വന്നു. ഈ ക്രൂരതകൾക്കെല്ലാം സൈദ്ധാന്തിക ന്യായീകരണവുമായി നടന്നവർ ഇന്ന് നവനാസ്തികതയുടെ മുഖാവരണമണിഞ്ഞ് ഇസ്‌ലാമിനെ ഭീകരതയുടെ മതവും പ്രചോദനവുമായി അവതരിപ്പിക്കുവാൻ ആവേശപ്പെടുന്നത് കാണുമ്പോൾ കിട്ടുണ്ണി സർക്കസിലെ ജോക്കറിനെയാണ് ഓർമ്മ വരുന്നത്.

ചരിത്രകാലത്തിൽ ഏതെങ്കിലുമൊരു ദർശനത്തിന്റെ പേരിൽ കോടികൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അത് നാസ്തിക ദർശനത്തിന്റെ പേരിൽ മാത്രമാണ്. 1917 നും 2017നുമിടയിലുള്ള ഒരു നൂറ്റാണ്ടിനിടയിൽ നാസ്തികർ തങ്ങളുടെ തത്വശാസ്ത്രം നടപ്പാക്കാനായി കൊന്നുതള്ളിയത് പതിനഞ്ചു കോടി മനുഷ്യരെയാണ്. വിശദവിവരങ്ങൾ അറിയേണ്ടവർ ഫ്രഞ്ച് ചരിത്രകാരനും ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസേർച്ചിലെ ഗവേഷണവിഭാഗം ഡയറക്ടറുമായ സ്റ്റിഫൈൻ കോർട്ടോയിസിന്റെ 1999 ൽ പുറത്തിറങ്ങിയ ‘കമ്മ്യൂണിസത്തിന്റെ കറുത്ത പുസ്തകം’ (The Black Book of Communism – Crimes, Terror, Repression) വായിച്ചാൽ മതി.
പുസ്തകത്തിന്റെ 862 പുറങ്ങളിലായി പരന്നുകിടക്കുന്ന, ശാസ്ത്രീയഭൗതികവാദത്തിന്റെ വക്താക്കൾ മതത്തെ നിർമ്മൂലനം ചെയ്യാനും ദൈവവിശ്വാസത്തെ ഇല്ലാതെയാക്കുവാനുമായി ലോകവ്യാപകമായി ചെയ്ത ക്രൂരതകളുടെ സ്ഥിതിവിവരക്കണക്കുകളും സംഭവവിവരണങ്ങളും സാധാരണക്കാർക്കും ഗവേഷണവിദ്യാർത്ഥികൾക്കും ഒരേപോലെ പ്രയോജനപ്പെടുന്നതാണ്. അവയ്ക്കു തുല്യമായ ക്രൂരതകളൊന്നും തന്നെ ചരിത്രത്തിൽ മറ്റെവിടെയും നമുക്ക് വായിക്കാനാവില്ല.

ഭൗതികവാദം നടപ്പാക്കാനായി കൊല്ലപ്പെട്ട കോടികളുടെ കണക്ക് പറയുന്നത് നാസ്തികരെല്ലാം ഭീകരവാദികളാണെന്ന് ചാപ്പ കുത്തുന്നതിനു വേണ്ടിയല്ല, പ്രത്യുത ഭീകരതക്ക് മതമില്ല എന്ന് പറയുന്നതെന്തു കൊണ്ടാണെന്ന് അല്പമെങ്കിലും വിവേകമുള്ള യുക്തിവാദികൾക്ക് മനസ്സിലാകുന്നതിന് വേണ്ടിയാണ്. ഭീകരത ഏതെങ്കിലും ഒരു മതത്തിൽ നിന്നോ ദർശനത്തിൽ നിന്നോ ഉണ്ടാവുന്നതല്ല; തികച്ചും രാഷ്ട്രീയമായ കാരണങ്ങളാൽ ഉണ്ടാവുന്ന ഒരു സവിശേഷപ്രതിഭാസമാണത്. അതിന്ന് അതിന്റേതായ ഒരു മനഃശാസ്ത്രമുണ്ട്; പ്രത്യയശാസ്ത്രവുമുണ്ട്. അനീതിയും അക്രമവുമുണ്ടാവുമ്പോൾ അവയ്ക്കുള്ള പ്രതികരണമെന്ന നിലയ്ക്കാണ് അത് ഉരുവം കൊള്ളുന്നത്. തങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള രാഷ്ട്രീയക്രമം നടപ്പാക്കുകയാണ് ഭീകരരുടെ ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള ഏത് മാർഗ്ഗത്തെയും അവർ ന്യായീകരിക്കുന്നു. ന്യായീകരണങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കാനായി മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടവരുടെ അച്ചടക്കമുള്ള ആൾക്കൂട്ടമാണ് അവരുടെ സ്വത്ത്. അവർക്ക് അവരുടേതായ ശരികളുണ്ട്. ആ ശരികളിൽ അഭിരമിക്കുവാൻ നേതാക്കൾ അനുയായികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. തികച്ചും മാനവികമാണ് അവരെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യങ്ങൾ. അവയെ മാനവികമാക്കി മസ്തിഷ്കപ്രക്ഷാളനം ചെയ്യാനാണ് അവരുടെ ബുദ്ധിരാക്ഷസന്മാർ മതത്തെയും ദർശനത്തെയുമെല്ലാം ഉപയോഗിക്കുന്നത്. അവരുടെ കൂട്ടത്തിന് ശരിയായതെല്ലാം ലോകം ശരിയായി അംഗീകരിക്കണമെന്നാണ് അവരുടെ നിലപാട്.

മനുഷ്യരാശിക്ക് വലിയ സേവനമാണ് തങ്ങൾ ചെയ്യുന്നതെന്ന് വിശ്വസിപ്പിച്ചുകൊണ്ടാണ് യുവത്വത്തെ ഭീകരന്മാർ നേടിയെടുക്കുന്നത്. നല്ല നാളെയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് യുവാക്കളെ അവർ തെര്യപ്പെടുത്തുന്നത്; അത് ഭൂമിയിലോ മരണാനന്തരമോ ഉള്ള സ്വർഗമാവാം; നന്മ നിറഞ്ഞത് എന്ന് അവർ കരുതുന്ന ലോകക്രമമാവാം. എന്തായാലും അതിന്നായി ജീവിതം ഹോമിക്കുവാനായി യുവത്വത്തെ പ്രേരിപ്പിക്കുവാൻ അവർക്ക് കഴിയുന്നു. അങ്ങനെയാണ് ചാവേറുകൾ ഉണ്ടാവുന്നത്. രാജീവ്ഗാന്ധിയെ കൊല്ലാൻ പൊട്ടിത്തെറിച്ചവളെയും ശ്രീലങ്കയിൽ പൊട്ടിത്തെറിച്ചവരെയും നയിക്കുന്ന മാനസികാവസ്ഥ ഒന്നാണ്. അവരുടെ പ്രത്യയശാസ്ത്രങ്ങൾ വ്യത്യസ്തമാവാമെങ്കിലും മനഃശാസ്ത്രം ഒന്ന് തന്നെയാണ്. ആ മനസ്സ് നിർമിക്കുന്നതിൽ ഭീകരന്മാർ വിജയിക്കുന്നുണ്ട്. അത് പ്രസരിപ്പിക്കുവാൻ ആർക്കും നിയന്ത്രിക്കുവാൻ കഴിയാത്ത സൈബർലോകത്തെ അവർ സമർത്ഥമായി ഇന്ന് ഉപയോഗിക്കുന്നുമുണ്ട്. ഭീകരതയുടെ ബീജങ്ങൾ മതഗ്രൻഥങ്ങളിലും പ്രത്യയശാസ്ത്രപുസ്തകങ്ങളിലുമല്ല തിരയേണ്ടത്; തങ്ങളെ പൊട്ടിത്തെറിക്കുവാൻ പ്രേരിപ്പിക്കുന്ന മനസ്സ് സൃഷ്ടിക്കുന്ന സാമൂഹ്യക്രമത്തിലാണ്. ചികിൽസിക്കേണ്ടത് ആ സാമൂഹ്യക്രമത്തെയും അത് വഴിയുണ്ടാവുന്ന മാനസികാവസ്ഥയെയുമാണ്. അതല്ലാതെയുള്ള ചികിത്സകളെല്ലാം വിപരീതഫലമേയുണ്ടാക്കൂ. അതാണ് ചരിത്രം നൽകുന്ന പാഠം.

പരസ്പരം ഭീകരതാ ആരോപണങ്ങൾ നടത്തുന്നത് കൊണ്ട് മതവിശ്വാസികൾക്കോ ഭൗതികവാദികൾക്കോ ഒന്നും നേടാനില്ല. അത്തരം ആരോപണങ്ങളാൽ മതത്തെ ഇല്ലാതെയാക്കാനാകുമെന്നാണ് ആരെങ്കിലും കരുതുന്നതെങ്കിൽ അവർ ചരിത്രം പഠിക്കാത്തവരാണ്. മതവും നാസ്തികതയുമെല്ലാം എല്ലാ കാലത്തും ലോകത്ത് നിലനിൽക്കും. അവ തമ്മിലുള്ള സൃഷ്ടിപരമായ സംവാദങ്ങൾ സമൂഹത്തിന്റെ സംവേദനക്ഷമതക്ക് ഒരു പരിധി വരെ ആവശ്യവുമാണ്. ഭീകരതയിലേക്ക് യുവാക്കളെ ആകർഷിക്കുന്ന മാനസികാവസ്ഥയെയും സാമൂഹ്യസ്ഥിതിയെയും എങ്ങനെ ചികില്സിക്കാനാവും എന്നാണ് മതവിശ്വാസികളും നാസ്തികരുമെല്ലാം, അവർ മനുഷ്യരെ സ്നേഹിക്കുന്നവരാണെങ്കിൽ, ഇപ്പോൾ ചിന്തിക്കേണ്ടത്. അത്തരം ചിന്തകൾക്ക് നിമിത്തമാകുന്ന പഠനങ്ങൾ നടക്കണം. പരസ്പരം പഴി ചാരുവാനല്ല, പാരസ്പര്യത്തോടെ പ്രവർത്തിച്ച് ഭീകരതയുടെ വൈറസുകളിൽ നിന്ന് നമ്മുടെ യുവതയുടെ മസ്തിഷ്കത്തെ എങ്ങനെ രക്ഷിക്കാമെന്ന് ചിന്തിക്കുവാനാണ് നാം സന്നദ്ധമാവേണ്ടത്. ചാവേറുകളായിത്തിത്തീരാൻ സാധ്യതയുള്ള മനസ്സ് സൃഷ്ടിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുകയും പരിഹാരങ്ങൾ നിർധരിക്കുകയും ചെയ്യാനാണ് നന്മ നിറഞ്ഞ മനസ്സുകളുള്ളവരെല്ലാം ഇപ്പോൾ പരിശ്രമിക്കേണ്ടത്. നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്നവരെല്ലാം നിർവഹിക്കേണ്ട ദൗത്യമതാണ്. അതിന്ന് എല്ലാവരും സന്നദ്ധമായെങ്കിൽ.!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

6 Comments

  • Nice one

    AFTHAB KANNANCHERI 02.05.2019
  • തീവ്ര വാദവും ഭീകര വാദവും എതിർക്കപ്പെടണം, അപ്രകാരം തന്നെ മത നിരാസവും നിഷേധവും, അനീതിയും, വ്യാജ ആരോപണങ്ങളും എതിർക്കപ്പെടണം…

    മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ശ്രീലങ്കൻ സ്ഫോടനത്തിൽ നിരവധി നിരപരാധികളുടെ ജീവൻ പൊലിഞ്ഞതിൽ എല്ലാ മത വിശ്വാസികളും തുല്യ ദുഖിതരാണ്, ആരും ആ ഭീകരരെ ന്യായീകരിക്കാൻ മുതിർന്നിട്ടില്ല..

    എന്നാൽ കിട്ടിയ അവസരത്തിൽ മുതലെടുപ്പ് നടത്താൻ, ലോകത്ത് എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ മതമാണ് എന്ന് വരുത്തി തീർക്കാൻ ചിലർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്, ഈ വിഫല ശ്രമത്തെ തുറന്നു കാട്ടുകയാണ് ബഹു MM അക്ബർ സാഹിബിന്റെ ഈ ലേഖനം, എല്ലാവരും പരമാവധി ഷെയർ ചെയ്യുക….

    ഉസാമ മുഹമ്മദ്‌ 02.05.2019
  • കാര്യങ്ങൾ എത്ര വ്യക്തമായിട്ടാണ് വിശദീകരിച്ചിട്ടുള്ളത്! എത്ര തന്നെ വിശദീകരിച്ചാലും എത്രതന്നെ വ്യക്തത വരുത്തിയാലും പുറംതിരിഞ്ഞു നിൽക്കാനും തെറ്റിദ്ധേരിപ്പിക്കാനും ഒരുകൂട്ടർ എന്നും ഉണ്ടാവും.. 🙁

    Ameen 03.05.2019
  • مشاء الله
    ഭീകരതയും ,ഭീകതയുടെ ഉല്പത്തിയും.
    പഠനാർഹമായ ലേഖനം..

    abduljaleel Eriyadan 04.05.2019
  • മതത്തിന്റെ പേരിലാണ് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നുതള്ളിയിട്ടുള്ളത് എന്ന് പലപ്പോഴും കേൾക്കേണ്ടി വരാറുണ്ട്. അതിന്റെ അർത്ഥരാഹിത്യം കൃത്യമായ കണക്കുകളിലൂടെയും പഠനങ്ങൾ നടത്തിയവരുടെയും വെളിപ്പെടുത്തലുകൾ ഏറെ ശ്രദ്ധേയമായി.
    പക്ഷേ ഒരു സംശയമുള്ളത് 1917 നും 2017 നുമിടലുള്ള ഒരു നൂറ്റാണ്ടിനിടയിൽ നാസ്തികരുടെ തത്ത്വശാസ്ത്രം നടപ്പാക്കാനായി കൊന്നു തളളിയതിന്റെ കണക്ക് പരിശോധിക്കേണ്ടവർ 1999ൽ പുറത്തിറങ്ങിയ കമ്മ്യൂണിസത്തിന്റെ കറുത്ത പുസ്തകം (The Black Book of Communism – Crimes, Terror, Repression) വായിക്കാനാണ് ആവശ്യപ്പെടുന്നത്. 2017 ലെ കണക്ക് എങ്ങനെയാണ് 1999 ൽ ഇറങ്ങിയ പുസ്തകത്തിലുണ്ടാവുന്നത്? ഇത് അച്ചടി പിശകാണോ?

    Shajir iringalthodi 11.07.2019
  • പേരുകൊണ്ട് മുസ്ലിമായിരുന്ന ഞാൻ ഇസ്ലാം പഠിക്കുന്നത് ഇവിടെ നിന്നാണ് ഒരു പാട് സന്തോഷമുണ്ട്

    firoz shinu 08.09.2019

Leave a Reply to Ameen Cancel Comment

Your email address will not be published.