നാസ്തികരുടെ മുസ്‌ലിം വെറുപ്പ് സൈദ്ധാന്തികമാണ്

//നാസ്തികരുടെ മുസ്‌ലിം വെറുപ്പ് സൈദ്ധാന്തികമാണ്
//നാസ്തികരുടെ മുസ്‌ലിം വെറുപ്പ് സൈദ്ധാന്തികമാണ്
ആനുകാലികം

നാസ്തികരുടെ മുസ്‌ലിം വെറുപ്പ് സൈദ്ധാന്തികമാണ്

1877-നും 1907-നും ഇടയിൽ ബ്രിട്ടൻ ഈജിപ്തിലേക്ക് അയച്ച കൺട്രോളർ ജനറൽ ആണ് Evelyn Baring. അദ്ദേഹത്തിന് 1st Earl of Cromer(ക്രോമറിലെ ആദ്യത്തെ ഇൻഗ്ലീഷ്പ്രഭു) എന്ന ഒരു വിളിപ്പേരുകൂടി ഉണ്ടായിരുന്നു. ഇദ്ദേഹത്തിൻറെ കുതന്ത്രങ്ങളിലൂടെ ഈജിപ്തിനെ അവരുടെ സാമ്പത്തികപ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ സഹായിക്കാം എന്ന വ്യാജേന ആദ്യം കയറിപ്പറ്റുകയും, പിന്നീട് മിലിറ്ററി അധിനിവേശത്തിലൂടെ ബ്രിട്ടൻ കീഴടക്കുകയും ചെയ്തു. കോളനിവൽക്കരണം കഴിഞ്ഞു ബ്രിട്ടൻ ഈജിപ്ത് വിട്ടാൽ പോലും തങ്ങളുടെ താല്പര്യങ്ങൾക്കൊത്തു ജീവിക്കുകവും പ്രവർത്തിക്കുകയും ചെയ്യുന്ന ജനതയെ വാർത്തെടുക്കണം എന്നത് ബ്രിട്ടൻറെ അജണ്ടയിലുള്ള ഒരു പ്രധാന ലക്ഷ്യമായിരുന്നു. ഇതിനായി അവർ ഈജിപ്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഴുവനും നവീകരിച്ചു. അവിടുത്തെ കുട്ടികൾ പഠിക്കുന്ന ചരിത്രം പോലും തിരുത്തിയെഴുതി.

1916 -ൽ Evelyn Baring ‘Modern Egypt’ എന്ന പേരിൽ ഒരു പുസ്തകം എഴുതി. ഈജിപ്തിൽ ബ്രിട്ടൻ നടത്തിയ പ്രവർത്തനങ്ങളും, അതുകൊണ്ട് അവർ ഉദ്ദേശിച്ച പരിണതഫലങ്ങളും വെളിപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തിൽ. ‘മോഡേൺ ഈജിപ്ത്’ -ലെ 565 ആം പേജിൽ അദ്ദേഹം പറയുന്നത് “മൊഹമ്മദൻ ആശയങ്ങൾ നിലനിർത്തിക്കൊണ്ടുള്ള ഒരു ഭരണം യൂറോപ്പിന് താങ്ങാൻ കഴിയുന്നതല്ല, അതുകൊണ്ട് മനുഷ്യാവകാശം, പുരോഗമനചിന്ത എന്നതിന്റെ മറവിൽ പാശ്ചാത്യ മൂല്യങ്ങൾ മുസ്‌ലിം യുവാക്കളുടെ മനസ്സുകളിലേക്ക് കുത്തിനിറക്കണം.” 539 ആം പേജിൽ “സ്ത്രീശാക്തീകരണം എന്ന പേരിൽ യുറോപ്പിയൻ ആശയങ്ങൾ സ്ത്രീകളുടെ മനസ്സുകളിലേക്ക് ഇട്ടുകൊടുക്കണം…” ഇതിലെ വിരോധാഭാസം എന്തെന്നാൽ, മുസ്‌ലിം സ്ത്രീകൾക്ക് ഇസ്‌ലാമികരാഷ്ട്രങ്ങളിൽ സ്വാതന്ത്ര്യമില്ല എന്ന് പറഞ്ഞിരുന്ന ലോർഡ് ക്രൊമർ തന്നെ, യൂ.കെ-യിലെ മെൻസ് ലീഗിൻറെ പ്രെസിഡെൻറ്റും യൂറോപ്പിലെ സ്ത്രീകളുടെ വോട്ടവകാശത്തിനായി പോരാടിയ Women’s Suffrage Movement -ന് എതിരെ ശക്തമായി പ്രവർത്തിക്കുകയും ചെയ്തയാളാണ്.

ഇത്തരിലുള്ള കൊളോണിയൽ ചിന്താഗതി വെച്ചുപുലർത്തിയയാളുകൾ മുസ്‌ലിം സ്ത്രീയെ വിമോചിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിക്കുന്നതൊന്നും സത്യസന്ധമായി ആയിരുന്നില്ല. എന്നാൽ, സ്ത്രീകളുടെ മനസ്സുകളിലേക്ക് പാശ്ചാത്യൻ ‘മൂല്യങ്ങളുള്ള’ ആശയങ്ങൾ നിറക്കുക എന്നായിരുന്നു അവരുടെ ഉദ്ദേശം. “യുറോപ്പിയൻ രാഷ്ട്രീയ വ്യവസ്ഥിതി സ്ഥാപിക്കണം, ഇസ്‌ലാമിനെക്കുറിച്ചു ഒരു അപകർഷതാബോധം മുസ്‌ലിംങ്ങളിൽ സൃഷ്ടിക്കണം. അങ്ങനെ ഇസ്‌ലാം ഇല്ലാത്ത മുസ്‌ലിംങ്ങളെ അഥവാ, മുസ്‌ലിം നാമധാരികളായിട്ടുള്ള ഒരു കൂട്ടം ആളുകളെ മാത്രം വാർത്തെടുക്കണം.. എന്നാൽ ഇസ്‌ലാമിനെ അത്ര എളുപ്പത്തിൽ പരിഷ്കരിക്കാൻ കഴിയില്ല. പരിഷ്കരിക്കപ്പെട്ട ഇസ്‌ലാം എന്നാൽ, ഇസ്‌ലാം ഇല്ലാതായി എന്നാണ് അർഥം!” പേജ് 228-229

Evelyn Baring -ൻറെ പോലെ സമാനമായ വാദങ്ങളാണ് നാസ്തികരും പറയാറുള്ളത്. “ഇസ്‌ലാം പുരോഗമനപരമായ ആശയങ്ങൾക്കൊത്തു സഞ്ചരിക്കുന്നില്ല, അതുകൊണ്ട് നമ്മൾ ഇസ്‌ലാമിനെ അയവ് വരുത്തണം.” പക്ഷെ എന്താണ് ഇവർ ഉദ്ദേശിക്കുന്ന പുരോഗമനം? കൊളോണിയൽ യജമാനന്മാർ പറഞ്ഞ അതെ പുരോഗമനം തന്നെ. “ഞങ്ങളുടെ സംസ്കാരവും ആശയങ്ങളുമാണ് മാനവികം. അതുകൊണ്ട് നിങ്ങൾ ഞങ്ങൾ പറയുന്നപോലെ ജീവിതത്തെ ക്രമപ്പെടുത്തണം” എന്നുമാണ് ഇക്കൂട്ടർ പറയുന്നത്. എന്നാൽ, യഥാർത്ഥത്തിൽ ഇവർ മാനവികവാദികളാണോ? മനുഷ്യാവകാശധ്വംസനങ്ങൾക്കെതിരെ നിഷ്പക്ഷമായി സംസാരിക്കുന്നവരാണോ ഇവർ? 2020 October മാസം യു.കെ യിലെ ബ്രൈറ്റണിൽ നടക്കാനിരിക്കുന്ന നാസ്തികരുടെ അന്താരാഷ്ട്ര മനുഷ്യാവകാശ കൺവെൻഷൻറെ അജണ്ടയിൽ, ഇന്ന് ലോകത്ത്‌ നടക്കുന്നതിൽവെച്ചു ഏറ്റവും നികൃഷ്ടവും, പൈശാചികവുമായ പ്രവർത്തിയായ ഉയിഗുർ മുസ്‌ലിംങ്ങളുടെ വംശഹത്യയെക്കുറിച്ചു ഒരു വാക്കുപോലും ഇല്ല. തടവുകാരുടെ അവയവങ്ങൾ വിൽക്കുകയാണ് ചൈന. പ്രതിവർഷം 7105 കോടി ആണ് ‘ലാഭം’. ‘മതം ഉപേക്ഷിക്കൂ, മനുഷ്യരാകൂ’ എന്ന് നാലുനേരം പറഞ്ഞുനടക്കുന്നവർ, മതം ഉപേക്ഷിക്കാത്തതിൻറെ പേരിൽ നാസ്തികരാൽ കൊല്ലപ്പെടുന്ന നിരപരാധികൾക്ക് വേണ്ടി ഒരക്ഷരം മിണ്ടില്ല.

കേരളത്തിലെങ്കിലും യുക്തിവാദ സംഘടനകൾ ഉയിഗുർ മുസ്‌ലിംങ്ങളുടെ മനുഷ്യാവകാശത്തിനുവേണ്ടി സംസാരിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കാണില്ല… കാരണം, മതത്തിനെതിരെയുള്ള ആക്രമണങ്ങൾ ചൈനയിൽ നടത്തുന്നത് ഭരണകൂടം തന്നെയാണ്. മതനിരാസത്തിന്റെയും നിരീശ്വരവാദത്തിന്റെയും പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ ഭരണകൂടം. ഉത്തര കൊറിയയിൽ മതം അനുസരിച്ചു ജീവിക്കുന്നവർ നേരിടേണ്ടി വരുന്ന അതിക്രമങ്ങൾക്ക് പിന്നിൽ ഇതേ നാസ്തിക പ്രത്യയശാസ്ത്രം പിൻപറ്റുന്ന ഭരണകൂടം തന്നെയാണ്. ഉത്തര കൊറിയയുടെ പുരാതന വിളിപ്പേര് സന്യാസി രാജ്യം(Hermit Kingdom) എന്നായിരുന്നു. പുറംലോകവുമായി ബന്ധം മുഴുവനും വിച്ഛേദനം ചെയ്ത്, മത കർമങ്ങൾ പാലിച്ചു ജീവിക്കുന്നവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ് ഈ “സ്വതന്ത്രലോകക്കാർ”. അവിടെ നടക്കുന്ന മനുഷ്യാവകാശലംഘനം ചൂണ്ടിക്കാണിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ UNHRC(United Nations Human Rights Commission) 2013 -ൽ ‘Report of the Commission of Inquiry on Human Rights in the Democratic People’s Republic of Korea’ എന്ന പേരിൽ ഒരു പഠനം നടത്തുകയും, 2014 -ൽ ആ റിപ്പോർട്ടിൻറെ നിഗമനങ്ങൾ വെളിപ്പെടുത്തുകയും ചെയ്‌തു.
(https://www.ohchr.org/en/hrbodies/hrc/coidprk/pages/commissioninquiryonhrindprk.aspx )
അതിൽ അസന്ദിഗ്‌ദ്ധമായി പറയുന്നത് “ചിന്താ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, വിവേചനത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, താമസം, ഭക്ഷണത്തിനുള്ള അവകാശം എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശങ്ങൾ ഉത്തരകൊറിയൻ സർക്കാർ ആസൂത്രിതമായി ലംഘിച്ചു. ഉന്മൂലനം, കൊലപാതകം, അടിമത്തം, പീഡനം, തടവ്‌, ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, മറ്റ് ലൈംഗിക അതിക്രമങ്ങൾ, രാഷ്ട്രീയം, മതം, വംശം, ലിംഗം എന്നീ കാരണങ്ങളാലുള്ള പീഡനങ്ങൾ എല്ലാം ഉത്തര കൊറിയ ചെയ്തിട്ടുണ്ട്”. ഇക്കാരണത്താൽ UN General Assembly ഒരു പ്രമേയം(69/188) പാസാക്കുകയും, UN Security Council -നോട് ഈ വിഷയം അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ(International Criminal Court) ഉന്നയിക്കാൻ ആവശ്യപ്പെട്ടെങ്കിലും വലിയ ഫലം കണ്ടില്ല. ഏതാനം മാസങ്ങൾക്കുമുമ്പ് 2019 -ൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ വീണ്ടും ഈ വിഷയം ഉന്നയിക്കുകയുണ്ടായി. ഇതിന് മറുപടിയായി ഉത്തര കൊറിയയുടെ പ്രതിനിധിയായ കിം സോങ് ഐക്യരാഷ്ട്രസഭയോട് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞത് “ഉത്തര കൊറിയയുടെ കാര്യങ്ങളിൽ ഇടപെടാൻ നിന്നാൽ, മറ്റൊരു വലിയ പ്രകോപനമായി തന്നെ ഞങ്ങൾക്കത്‌ കാണേണ്ടിവരും” എന്നാണ്.

ന്യൂസീലൻഡിലെ ഒരു മുസ്‌ലിം പള്ളി വെള്ളിയാഴ്ച ദിവസം ആക്രമിക്കുകയും, 51 പേരെ ഒരു തീവ്രവലതുപക്ഷ ഭീകരവാദി കൊലപ്പെടുത്തുകയും ചെയ്തപ്പോൾ, “വിതച്ചതേ കൊയ്യൂ” എന്ന് ഫേസ്ബുക്കിൽ കുറിച്ച ഒരു യുക്തിവാദിനേതാവിനെ മലയാളികൾ അത്രവേഗമൊന്നും മറക്കില്ല. നാസ്തികത ഒരുതരം സദാചാരപരമായ ശൂന്യതവാദത്തിലേക്കാണ്(Moral Nihilism) നയിക്കുന്നത്. ശൂന്യതവാദത്തിൽ മനുഷ്യൻ ഒരു താഴ്ന്ന ജന്തുതന്നെയാണ്. ഇതുകൊണ്ടുതന്നെ നാസ്തികത നിഷ്പക്ഷപരമായ മനുഷ്യാവകാശത്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് പറയാൻ ഒരിക്കലും കഴിയില്ല. അതുകൊണ്ടാണല്ലോ ഡീറ്റെൻഷൻ ക്യാമ്പുകൾ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു വലിയ മുറിയാണെന്നുപറഞ്ഞുകൊണ്ട് ഫാസിസത്തെ പരോക്ഷമായി ന്യായീകരിക്കാനും, ‘വെടിയേറ്റ വൻമരം’ എന്ന പ്രസംഗത്തിൽ ഗാന്ധിവധത്തെ വെള്ളപൂശാനും കേരളീയ യുക്തിവാദിനേതാക്കൾക്ക് കഴിയുന്നത്!

നാസ്തികരുടെ മനുഷ്യാവകാശം എക്കാലവും പക്ഷപാതയുക്തമായതാണ്. ഇത് ഒരുതരത്തിലെ Selective Amnesia ആണ്. ശരിയും തെറ്റും വേർതിരിക്കാൻ നാസ്തികർ മുൻകാലങ്ങളിൽ കൂട്ടുപിടിച്ചിരുന്നത് 18 ആം നൂറ്റാണ്ടിലെ ഇംഗ്ലീഷ് തത്വജ്ഞാനിയായ Jeremy Bentham -ൻറെ സുഖമാത്ര പ്രയോജനാചാരവാദം(Utilitarianism) ആണ്. ശരിയായത്, ഏറ്റവും പ്രയോജനകരമായതും കൂടുതൽ ആളുകൾക്ക് കൂടുതൽ സന്തുഷ്ടി നൽകുന്നതുമാണ് എന്ന നൈതിക സിദ്ധാന്തത്തെയാണ് Utilitarianism എന്ന് പറയുന്നത്. കൂടുതൽ ആളുകൾക്ക് കൂടുതൽ സന്തുഷ്ടി നൽകുന്നതെല്ലാം ശരിയാണെന്ന് പറയണമെങ്കിൽ, നാസി ജർമനിയിൽ ഹോളോകാസ്റ്റ് ഉൾപ്പടെ നടന്ന ക്രൂരതകളും വംശഹത്യയും ശരിയാണെന്ന് പറയേണ്ടി വരും. അമേരിക്കയിൽ കറുത്തവർഗക്കാർ നേരിട്ട അടിമത്തവും, വർണവെറിയും, ചരിത്രത്തിലുടനീളം ഭൂരിപക്ഷം ന്യൂനപക്ഷത്തോട് കാണിച്ച എല്ലാ അതിക്രമങ്ങളും ശരിയാണെന്നു പറയേണ്ടിവരും.

ഇവിടെയാണ് നാസ്തികർ സഹിഷ്ണുതയുടെ പാഠങ്ങൾ ഇസ്‌ലാമിൽ നിന്നും പഠിക്കണം എന്നുപറയുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. ഇസ്‌ലാമിൻറെ നാലാം ഖലീഫ അലി ഇബ്ൻ അബി താലിബിൻറെ رضي الله عنه പിതാവും മുഹമ്മദ് നബിയുടെ ﷺ പിതൃവ്യനുമായ അബൂ താലിബ് ഇബ്ൻ അബ്ദുൽ മുത്തലിബ് മരണം വരെ ഇസ്‌ലാം സ്വീകരിച്ചട്ടെ ഇല്ല. പ്രവാചകനോ അനുചരന്മാരോ അദ്ദേഹത്തെ അതിന്റെ പേരിൽ അകറ്റിനിർത്തുകയോ, ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിക്കുകയോ ചെയ്തിട്ടില്ല. വ്യത്യസ്തമായ ഒരു ആദർശത്തിൽ വിശ്വസിക്കുന്നു എന്നതുകൊണ്ട് മാത്രം മറ്റുള്ളവരെ കൊന്ന്, അവരുടെ അവയവങ്ങൾ കച്ചവടം ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട സുന്ദരകരമായ ഇസ്‌ലാമിക ചരിത്രം. ആറാം നൂറ്റാണ്ടിലേക്കാണോ നിങ്ങൾ ഞങ്ങളെ ക്ഷണിക്കുന്നതെന്ന് ചോദിക്കുന്നതിന് മുൻപ്, ആറാം നൂറ്റാണ്ടിലെ സഹിഷ്ണുതയും സാഹോദര്യവും വ്യക്തമായി അറിയേണ്ടതുണ്ട് ഇക്കൂട്ടർ. കപട ശാസ്ത്രത്തിൻറെ(Pseudo Science) മറവിൽ അമാനവികതയിലേക്ക് ക്ഷണിക്കുന്ന നാസ്തികർ, എത്ര ശ്രമിച്ചാലും, മറച്ചുവെക്കാൻ നോക്കിയാലും വെറുപ്പിൻറെയും, വർഗ-വർണ-വംശ വെറിയുടെയും കോമ്പല്ലുകൾ പുറത്തേക്ക് മുഴച്ചുതന്നെ നിൽക്കും!

print

2 Comments

  • എത്ര മനോഹരമാണ് വസ്തുനിഷ്ഠമായും എഴുതുന്നു… MaashaAllah

    Abu Sufyan 27.03.2020
  • വലിച്ചുനീട്ടലുകൾ ഇല്ലാതെതന്നെ വളരെ precise ആയി കാര്യങ്ങൾ അവതരിപ്പിച്ചു. വളരെ നല്ല ശൈലി.

    Dr. Abubakar Jaleel 27.03.2020

Leave a comment

Your email address will not be published.