നാസ്തികരും ശാസ്ത്രവും തമ്മിലെന്ത്… !?

//നാസ്തികരും ശാസ്ത്രവും തമ്മിലെന്ത്… !?
//നാസ്തികരും ശാസ്ത്രവും തമ്മിലെന്ത്… !?
ശാസ്ത്രം / തത്ത്വശാസ്ത്രം

നാസ്തികരും ശാസ്ത്രവും തമ്മിലെന്ത്… !?

നിരീശ്വരവാദത്തെ ഒളിച്ചുകടത്താനുള്ള മറ്റൊരു മാധ്യമമായാണ് നാസ്തികര്‍ ശാസ്ത്രത്തെയുപയോഗിക്കുന്നത്. ഇവിടെയും നാസ്തികത നേര്‍ക്ക് നേരെ പറഞ്ഞും അതിന്റെ സാമൂഹ്യ ഗുണങ്ങളെ വ്യക്തമാക്കിയും ജനശ്രദ്ധയുണ്ടാക്കുകയല്ല, പകരം ഒരു ബന്ധവുമില്ലാഞ്ഞിട്ടും സയന്‍സിനെ കൂട്ടുപിടിക്കുന്നത് സ്വന്തം ആശയത്തോട് തോന്നുന്ന അപകര്‍ഷതാബോധം കൊണ്ടാവണം. ഈ നാസ്തിക നിലപാടുകളെ ഒരു തരത്തില്‍ ഇത്തിക്കണ്ണികളുമായി ഉപമിക്കാം. സ്വന്തമായി ഒന്നും ഉത്പാദിപ്പിക്കാതെ സയന്‍സിനെ ആശ്രയിച്ച് വളരാന്‍ ശ്രമിക്കുകയും അങ്ങനെ ക്രമേണ സയന്‍സിന്റെ ജ്ഞാനശാസ്ത്ര രീതികളെ തന്നെ അപനിർമ്മിക്കുകയുമാണ് നവനാസ്തികത ചെയ്യുന്നതെന്ന് കാണാം.

നാസ്തികത: ഒരു ശാസ്ത്രവിശകലനം

ശാസ്ത്രത്തെ ഏതെങ്കിലും തരത്തില്‍ നിരീശ്വര ദര്‍ശനങ്ങളുമായി ചേര്‍ത്തു പറയാനാകാണമെങ്കില്‍ ആശയപരമായി ഇവ തമ്മില്‍ എന്തെങ്കിലും ഉള്‍ച്ചേര്‍ച്ച പറയാൻ ഉണ്ടായിരിക്കേണ്ടത് പ്രാഥമിക മാനദണ്ഡമാണ്. എന്നാല്‍ നിര്‍വ്വചനപരമായിത്തന്നെ നാസ്തികത ശാസ്ത്രമാനദണ്ഡങ്ങള്‍ക്കും, അതിന്റെ രീതിശാസ്ത്രത്തിനും എതിരാണ് എന്ന് കാണാം.

ആശയപരമായി നാസ്തികത മുന്നോട്ട് വെക്കുന്ന ഏക നിലപാട് ‘ദൈവമില്ലെന്ന’താണ്. എന്നാല്‍ അടിസ്ഥാനപരമായ ഈ ലോകവീക്ഷണം തന്നെ ശാസ്ത്രത്തിന്റെതായ അന്വേഷണ ബുദ്ധിക്ക് എതിരാകുന്നു. റിച്ചാര്‍ഡ് ഡോക്കിൻസ് അടക്കമുള്ള നവനാസ്തികര്‍ ദൈവമില്ലെന്ന് പൂര്‍ണമായി തെളിയിക്കാന്‍ കഴിയില്ലെന്ന് തുറന്ന് സമ്മതിച്ചിട്ടുള്ളവരാണ്. ഒരസ്തിത്വത്തെയും പൂര്‍ണമായി ഇല്ലായെന്ന് തെളിയിക്കാന്‍ കഴിയില്ലെന്നും അതിന് കാരണമായി ഇവര്‍ തന്നെ പറയുന്നു. നിരീശ്വര ദര്‍ശനങ്ങളുടെ അടിസ്ഥാന ആശയം പോലും തെളിവുകള്‍ക്കന്യമായാണ് നിലനില്‍ക്കുന്നത് എന്ന് പറയുന്നത്. നാസ്തികത തെളിവ് രഹിതമായ അന്ധവിശ്വാസം മാത്രമാണെന്ന് സമ്മതിക്കലാണ്. ഒരന്ധവിശ്വാസത്തെ ശാസ്ത്രവുമായി ഏച്ചുകെട്ടി സംസാരിക്കുന്നതിനെയെല്ലാം വെറും ആഗ്രഹ ചിന്ത മാത്രമായിക്കണ്ട് അവഗണിക്കാനേ കഴിയൂ.

നാസ്തികരും ശാസ്ത്രവുമായുള്ള വൈരുധ്യം ഇവിടം കൊണ്ടും തീരുന്നതല്ല. നിരീശ്വരത്വം ദൈവത്തെ സംബന്ധിച്ച് നെഗറ്റീവായ ഒരു വാദം മുന്നോട്ട് വെക്കുന്ന ദര്‍ശനമാണ്. എന്നാല്‍ ഒരു വിഷയത്തില്‍ ‘ഇല്ലാ’യെന്ന നിലപാട് പുലര്‍ത്തുന്നത് സയന്‍സിന്റെ ചിന്താ രീതികള്‍ക്ക് തന്നെയെതിരായി വരുന്നു. ഒരസ്തിത്വത്തെ സംബന്ധിച്ച് യാതൊരു തെളിവും കൂടാതെ ഇല്ലായെന്ന് സംഗ്രഹിച്ചാല്‍ പിന്നെ സയന്‍സിന്റെ ജ്ഞാനാന്വേഷണ രീതികളായ ഗവേഷണങ്ങള്‍ക്കോ പഠനങ്ങള്‍ക്കോ അവിടെ സാധ്യതയില്ലാതാവുകയാണ് സംഭവിക്കുന്നത്. ആദ്യം തന്നെ ഇല്ലായെന്ന തീര്‍പ്പിലെത്തിയ ഒരു വിഷയത്തിൽ പിന്നെ പഠന ഗവേഷണങ്ങൾക്ക് സാധ്യത ഇല്ലല്ലോ. ഉദാഹരണത്തിന് അന്യഗ്രഹ ജീവികളെയോ, മറ്റു പ്രപഞ്ചങ്ങളെയോ സംബന്ധിച്ച് നമുക്ക് തെളിവ് ഒന്നും ലഭ്യമല്ല. എന്നാൽ തെളിവ് ഇല്ലാത്തത് കൊണ്ട് അവയൊന്നും നിലനിൽക്കുന്നില്ല എന്ന നാസ്തിക ന്യായം ഇവിടെ ഉപയോഗിച്ചാലോ.? തീർച്ചയായും ശാസ്ത്ര വിരുദ്ധമായ ഒരു ചപല നിലപാട് ആകുമത്. കാരണം ആദ്യത്തിൽ തന്നെ ഇല്ലെന്ന തീർപ്പിൽ എത്തിയ ഒന്നിന്റെ അസ്തിത്വത്തെ സംബന്ധിച്ച് പിന്നെ പഠിക്കേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ ആ രംഗത്തുള്ള ഗവേഷണ ചിന്തകളെ ആദ്യത്തിൽ തന്നെ നിരാകരിക്കുകയാണ് ഇത്തരം അന്ധമായ ഇല്ലാ വാദങ്ങൾ ചെയ്യുന്നത്. നാസ്തികതയും ഒരു സമാന അന്ധ വിശ്വാസ പ്രസ്ഥാനം ആകുന്നത് അങ്ങനെ ആണ്.

ചുരുക്കത്തില്‍ നാസ്തികത മുന്നോട്ട് വെക്കുന്ന ദൈവനിഷേധമെന്ന അടിസ്ഥാന നിലപാട് തന്നെ ശാസ്ത്രത്തിനെതിരാണ് എന്ന് വ്യക്തമായും സംഗ്രഹിക്കാം.

നാസ്തികതയെ ചരിത്രപരമായി വിശകലനം ചെയ്താലും ശാസ്ത്രീയവുമായി സമാനമായമായ പൊരുത്തക്കേട് പ്രകടിപ്പിക്കുന്നതായിത്തന്നെയാണ് കാണുന്നത്.

പ്രാചീന ഗ്രീസ്, ഭാരതം, റോം പോലുള്ള മനുഷ്യ നാഗരികതകളാണല്ലോ ശാസ്ത്ര ചിന്തയുടെ ഉത്പത്തി കേന്ദ്രങ്ങൾ ആയി അറിയപ്പെടുന്നത്. ഇംഹോടെപ്പിന്‍, ഥെയ്‌ലീസ്, അനക്‌സിമാണ്ടര്‍, ഡെമോക്രിറ്റസ് അനക്‌സഗോറസ്, പൈഥഗോറസ്, ചരകന്‍, സുശ്രുതന്‍ തുടങ്ങിയ നിരവധി ശാസ്ത്ര പ്രതിഭകളുടെ ഉദയത്തിന് കാരണമായത് ഈ നാഗരികതകളാണ്. വിവിധ ദൈവ സങ്കല്പങ്ങളെയും ദര്‍ശനങ്ങളെയും അടിസ്ഥാനമാക്കി നിലനിന്നവയാണ് ഇവയെല്ലാം. എന്നല്ലാതെ ശാസ്ത്ര വളര്‍ച്ചയ്ക്ക് അടിത്തറ പാകിയ ഒരു നാസ്തിക നാഗരികതയും ചരിത്രത്തില്‍ കാണാന്‍ കഴിയുന്നില്ല.

തനിക്കു ചുറ്റും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന പ്രപഞ്ചത്തിന്റെ മൂല കാരണങ്ങളെ മനസ്സിലാക്കാനുള്ള അന്വേഷണ ത്വരയാണ് മനുഷ്യനെ ആധുനിക ശാസ്ത്രത്തിലേക്ക് നയിച്ചത്. എന്നാല്‍ വളരെ യാദൃശ്ചികമായി മാത്രം ലഭിച്ച ഈ അപൂര്‍വ്വ ജീവിതത്തെ ഇത്തരം അന്വേഷണ, ഗവേഷണ മാര്‍ഗ്ഗങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ഭൗതിക വാദമനുസരിച്ച് വിഡ്ഢിത്തമാണ് എന്ന പരികല്പന നാസ്തികർക്ക്‌ തന്നെയുണ്ടായിരുന്നു. യാദൃശ്ചികതയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ എങ്ങനെയോ വീണു കിട്ടിയ ജീവിതം പരമാവധി സുഖിക്കാന്‍ മാത്രം ഉള്ളതാണെന്ന് സിദ്ധാന്തിച്ചിരുന്ന ഭൗതികവാദ ചിന്തകര്‍ ശാസ്ത്ര അന്വേഷണങ്ങളുടെ നിരര്‍ത്ഥകത സമര്‍ത്ഥിക്കാന്‍ ശ്രമിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം.

ഗണിത ശാസ്ത്രം ഉപയോഗിച്ചിരുന്നത് കൊണ്ട് ഭൗതികജീവിതത്തില്‍ നേര്‍ക്കു നേരെ ഗുണമൊന്നും ഉണ്ടാകുന്നില്ലെന്നും അതുകൊണ്ട് ഗണിതം തന്നെ വ്യര്‍ഥമാണെന്ന് വാദിക്കുകയും ചെയ്ത വ്യക്തിയായിരുന്നു കടുത്ത ആജ്ഞേയവാദി കൂടിയായ പ്രോട്ടഗോറസ്. സുഖഭോഗ ജീവിതം നയിക്കുക മാത്രമാണ് ഓരോ മനുഷ്യന്റെയും ജീവിത ലക്ഷ്യം എന്ന് നേര്‍ക്കുനേരെ വാദിച്ച വ്യക്തിയായിരുന്നു. നാസ്തികനായിരുന്ന തിയോഡോറസ്. ഭാരത്തില്‍ ജീവിച്ചിരുന്ന നിരീശ്വര ചിന്തകനായിരുന്ന ചാര്‍വകന്‍മാരുടെയും സമാന കാഴ്ച്ചപ്പാട് തന്നെയായിരുന്നുവെന്ന് കാണാം. ജീവിതം പരമാവധി സ്വന്തം സുഖഭോഗങ്ങള്‍ക്ക് വിനിയോഗിക്കാന്‍ ഉള്ളതാണെന്ന് ചിന്തിച്ചിരുന്നവരായിരുന്നു എന്നുള്ളതുകൊണ്ട് തന്നെ കടം വാങ്ങിയായാലും നെയ്യ് സേവിക്കുകയെന്നവര്‍ പറഞ്ഞു. അക്കാലത്തെ ആഡംബര ഭക്ഷണമായ വെണ്ണ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക വഴി സുഖ ജീവിതം നയിക്കുകയെന്നത് മാത്രമാണ് മനുഷ്യ ജീവിതത്തിന്റെ ഏക ലക്ഷ്യമെന്ന ആശയമാണ് അവര്‍ യഥാര്‍ത്ഥത്തില്‍ പ്രബോധനം ചെയ്തത്.

സുഖഭോഗ ജീവിതത്തോടുള്ള അധിനിവേശം കടുത്ത ജിജ്ഞാസുക്കളെപോലും ശാസ്ത്ര ഗവേഷണങ്ങില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പര്യാപ്തമാണ്. സമര്‍പ്പണ ബുദ്ധിയോട് കൂടി അതീവ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ചെയ്യുന്ന ശാസ്ത്ര ഗവേഷണങ്ങള്‍ പോലും കൈപ്പേറിയ ഫലങ്ങള്‍ നല്‍കിയേക്കാം. താന്‍ ഏറെ പ്രാധാന്യം നല്‍കുന്ന ഈ ജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെ നഷ്ടപ്പെടുത്താവുന്ന ഒരു ഉദ്യമത്തില്‍ നിന്നും ഒരു നിരീശ്വരവാദി പിന്‍മാറുകയെന്നത് സ്വാഭാവികമാണ്. അക്കാരണം കൊണ്ടാകാം ശാസ്ത്ര വളര്‍ച്ചയുടെ പ്രാരംഭദശകളില്‍ നാസ്തികരില്‍ നിന്നും കാര്യമായ ശാസ്ത്ര സംഭാവനകളൊന്നും ഇല്ലാതെ പോയത്. നിരീശ്വരവാദത്തിന്റെ ഒരു സ്വാഭാവിക ബഹിസ്ഫുരണം എന്നോണം ഇന്ദ്രിയ ഗോചരമായ അറിവുകള്‍ മാത്രമേ സ്വീകാര്യയോഗ്യമായതൊള്ളൂ എന്നു കൂടി ചാര്‍വാകന്മാര്‍ വാദിച്ചു. അതുകൊണ്ട് തന്നെ ശാസ്ത്ര ഗവേഷണത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന അനുമാനത്തെ ചാര്‍വാകന്മാര്‍ നിശേധിച്ചിരുന്നതായി കാണാം.

ശാസ്ത്രത്തിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും മനസ്സിലാകുന്നത് ശാസ്ത്രത്തിന്റെ രീതി ശാസ്ത്രത്തോട് തന്നെ പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് നിരീശ്വരദര്‍ശനങ്ങള്‍ സ്വീകരിച്ചിരുന്നതെന്നതെന്നാണ്.

തത്ത്വശാസ്ത്രപരമായിത്തന്നെ വളരെ കുടുസ്സായ തീര്‍പ്പ് ലോകത്തെ സംബന്ധിച്ച് നിരീശ്വര ദര്‍ശനങ്ങള്‍ പുലര്‍ത്തുന്നു. നാം നേര്‍ക്ക് നേരെ അനുഭവിക്കുന്ന ഭൗതിക ചുറ്റുപാടുകളില്‍ നിന്നും ഭൗതികത മാത്രമേ യാഥാര്‍ത്ഥ്യമായൊള്ളൂ എന്ന നിലപാടിലേക്കെത്തുന്നത് വളരെ ബാലിശമായ യുക്തിയാണ്. നാസ്തിക ദര്‍ശനങ്ങളുടെ അടിത്തറ തന്നെയും ഈ നിലവാരമില്ലാത്ത യുക്തിന്യായങ്ങളിലാണെന്ന് മനസ്സിലാക്കാം.

ലോകത്തെസംബന്ധിച്ച് അതിനപ്പുറം അറിയാൻ ഒന്നുമില്ലെന്ന് സങ്കല്‍പ്പിക്കുന്നവർക്ക് പ്രകാശവര്‍ഷങ്ങള്‍ക്കുപ്പറത്തെ തമോഗര്‍ത്തങ്ങളെ പഠിക്കുന്നതോ, പ്രപഞ്ചാരംഭത്തിന്റെ ആദ്യ നിമിഷങ്ങളില്‍ സംഭവിച്ചതെന്തെന്നോ ചിന്തിക്കുന്നതിന് വലിയ പ്രസക്തിയൊന്നുമില്ല. കാരണം ഭൗതികവാദ ദര്‍ശനങ്ങളുടെ അടിത്തറ തന്നെ മനുഷ്യന്റെ ജിജ്ഞാസയെ കൊന്നാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ശാസ്ത്രം തന്നെയും മനുഷ്യന്റെ ജിജ്ഞാസയുടെ ഉത്പന്നമാണ് താനും. നാസ്തികരുടെ സയന്‍സുമായുള്ള ചരിത്രബന്ധം ഇങ്ങനെയൊക്കെയാണെങ്കിലും അതിന്റെ മൊത്ത കുത്തകാവകാശം തങ്ങള്‍ക്കാണെന്നാണ്. പൊതുവിലുള്ള നാസ്തിക സംസാരം.

ആധുനിക ശാസ്തത്രത്തിന്റെ ചരിത്രത്തിലേക്ക് വന്നാലും അതിനെ ഉയര്‍ത്തിക്കൊണ്ടുവന്നവരില്‍ മുന്നില്‍ കാണുന്നത് വിവിധ മത ദര്‍ശനങ്ങളെ പിന്‍പറ്റിയിരുന്ന, ദൈവവിശ്വാസികളെയാണ്. ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗര്‍ മെന്റല്‍ ഒരു ക്രൈസ്തവ മത പുരോഹിതന്‍ കൂടിയായിരുന്നു. ആധുനിക ഭൗതിക ശാസ്ത്ര മുന്നേറ്റങ്ങൾക്കെല്ലാം കാരണക്കാരനായ ഐസക് ന്യൂട്ടണ്‍ പ്രപഞ്ചത്തെ ദൈവ സൃഷ്ടിപ്പായി നോക്കിക്കണ്ട് പഠിക്കാന്‍ ശ്രമിച്ച വ്യക്തിയായിരുന്നു. ക്വാണ്ടം മെക്കാനിക്‌സിന്റെ പിതാവായി അറിയപ്പെടുന്ന മാക്‌സ് പ്ലാങ്കും, ആധുനിക ഫിസിക്‌സിന്റെ പിതാവായി അറിയപ്പെടുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമൊക്കെ പ്രപഞ്ചത്തിന് പിറകില്‍ ഒരു ദൈവത്തിന്റെ അസ്തിത്വമുണ്ടെന്ന് അംഗീകരിച്ചവരായിരുന്നുവെന്നും കാണാം. കാര്യമായി നാസ്തികരെ ശാസ്ത്രലോകത്ത് കണ്ട് തുടങ്ങുന്നത് തന്നെ സാമ്പത്തിക ലാഭമുണ്ടാക്കുന്ന കറവ പശുവായി ശാസ്ത്ര രംഗം മാറിയതില്‍ പിന്നെയാണ്. ആശയപരമായും, ചരിത്രപരമായും ശാസ്ത്രത്തോട് ഒരു തരത്തിലും ബന്ധിപ്പിക്കാനാവാത്ത ഇക്കൂട്ടര്‍ ഇന്ന് സയന്‍സിന്റെ മൊത്തക്കുത്തക അവകാശപ്പെട്ട് വന്നു കാണുന്നത് ബാലിശമായ ഒരു തമാശ മാത്രമായേ ലോക ബോധമുള്ളവർക്ക്‌ വിലയിരുത്താൻ ആകൂ..

സയന്‍സും – ഇസ്‌ലാമിക സമീപനവും

പ്രവാചകന് ശേഷമുള്ള അറേബ്യയിലേക്ക് നോക്കിയാല്‍ ദ്രുതഗതിയിലുള്ള വികാസം എല്ലാ മേഖലയിലും കാണാം എന്ന പോലെത്തന്നെ ശാസ്ത്രത്തിന്റെ വിഷയത്തിലും അത് പ്രകടമാണ്. ഏഴാം നൂറ്റാണ്ടു മുതല്‍ നീണ്ട് കിടക്കുന്ന ശാസ്ത്ര പ്രതിഭകളാല്‍ സമ്പന്നമായ ഈ കാലയളവിനെ ശാസ്ത്രത്തിന്റെ സുവര്‍ണ്ണകാലമായാണ് വിശേഷിപ്പിക്കാറ്. ആറാം നൂറ്റാണ്ട് വരെ വൈജ്ഞാനികമായി അറിയപ്പെടാതെ കിടന്ന ഒരു സമൂഹത്തില്‍ നിന്നും വൈദ്യശാസ്ത്രവും, മനശാസ്ത്രവും, ഭൗതിക ശാസ്ത്രവും മുതല്‍ രസതന്ത്രവും ഗണിതവും, തത്ത്വശാസ്ത്രവുമെല്ലാം വികസിപ്പിച്ചെടുത്ത നിരവധി മഹാ പ്രതിഭകളെയാണ് കാണാന്‍ കഴിയുന്നത്. മധ്യകാലഘട്ടത്തില്‍ വിജ്ഞാന കൃതികള്‍ ജ്ഞാന സമ്പാദനത്തിനായി എത്തിച്ചേര്‍ന്നിരുന്നത് ഇസ്‌ലാമിക ലോകത്തേക്കായിരുന്നുവെന്നും, ഇരുണ്ട യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്ക് അറിവും വെളിച്ചവും എത്തിയതും, അങ്ങനെ നവോത്ഥാനത്തിന് കാരണമായതും ഈ മുസ്‌ലിം ലോകമായിരുന്നുവെന്നും ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. മധ്യകാലത്ത് ഇസ്‌ലാമിക ലോകത്ത് നിന്നുള്ള നിരവധി അറബി കൃതികള്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത് ഈ വൈജ്ഞാനിക കൈമാറ്റത്തിന് കാരണമായി പറയപ്പെടുന്നു. സ്പെയിൻ, സിസിലി തുടങ്ങിയ പ്രദേശങ്ങള്‍ യൂറോപ്പിനെ ഇസ്‌ലാമിക ലോകവുമായി ബന്ധിപ്പിച്ചു. അന്നുവരെ അക്ഷരാഭ്യാസം ഇല്ലാതെ കിടന്ന നാടോടികളായ ഗോത്ര മനുഷ്യര്‍ക്കിടയില്‍ നിന്നും പൊടുന്നനെയുള്ള വൈജ്ഞാനിക വിപ്ലവത്തിന് കാരണമാകാന്‍ മാത്രം ചരിത്രത്തില്‍ എന്ത് ഇടപെടലാണ് ഉണ്ടായത് എന്ന ചോദ്യം എത്തുന്നത് ഇസ്‌ലാമിലേക്കാണ്. 

എങ്ങനെയാണ് ഒരു ആശയത്തിന് തുടര്‍ന്നു വരുന്ന സമൂഹങ്ങളുടെ തന്നെ ബൗദ്ധികവും, ശാസ്ത്രീയവുമായ വികാസനത്തിന് കാരണമാകാന്‍ കഴിയുക എന്നതിന് ചരിത്രപരമായി വ്യക്തമായ ഉദാഹരണം കൂടിയാണ് ഈ ഇസ്‌ലാമിക സ്വാധീനം. ഈ വിഷയത്തില്‍ പ്രാഥമികമായി ഇസ്‌ലാം ചെയ്തത് മനുഷ്യരില്‍ ശാസ്ത്രബോധമുണ്ടാക്കലാണ്. കേവലമായ കുറച്ച് ശാസ്ത്രസത്യങ്ങള്‍ മനപാഠമാക്കി വെക്കുന്നതോ, അത് ക്ലാസ് എടുക്കുന്നതോ കൊണ്ട് യഥാർത്ഥത്തിൽ ശാസ്ത്ര ബോധം ഉണ്ടാകുന്നില്ല. തേങ്ങ ഉടച്ച് ബഹിരാകാശത്തേക്ക് സാറ്റലൈറ്റുകൾ അയക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞർ തന്നെ ഇവയ്ക്ക് ഇടയിലുള്ള വൈരുദ്ധ്യങ്ങൾ മനസ്സിലാക്കി തരുന്നുണ്ട്.

ചുറ്റുപാടുകളെ സംബന്ധിച്ച പഠിക്കാനും, ചിന്തിക്കാനും അതിനെ ശരിയാം വിധം ഉപയോഗിക്കാനുമുള്ള ബൗദ്ധികശേഷി മനുഷ്യരിലുണ്ടാകുമ്പോഴാണ് അതിന്റെ ഉല്പന്നമെന്നോണം ശാസ്ത്രീയവും, സാങ്കേതികവും വൈജ്ഞാനികവുമായ വികാസം ഉണ്ടായിവരുന്നത്.

ഈ രീതിക്ക് ഇസ്‌ലാം മനുഷ്യരില്‍ ശാസ്ത്രീയ ചിന്താരീതിയെ ഒരു ജനതയിലൂടെ മുളപ്പിക്കുകയായിരുന്നുവെന്ന് പറയാം. അത്തരം ഒരു സമീപനത്തിന് മാത്രമേ നൂറ്റാണ്ടുകൾക്ക് അപ്പുറവും മനുഷ്യ വികാസത്തെ സ്വാധീനിക്കാൻ കഴിയൂ.

ശാസ്ത്ര ചരിത്രത്തിലെ തന്നെ വിപ്ലവാത്മകമായ ഈ ഇടപെടലിനെ ഇങ്ങനെ സംഗ്രഹിക്കാം.

1) ഇസ്‌ലാം അറിവാര്‍ജ്ജിക്കാന്‍ മനുഷ്യരോട് ആവശ്യപ്പെട്ടു.

പ്രവാചകന്‍ പറഞ്ഞു: ”വിജ്ഞാനം തേടി പുറപ്പെട്ട് പോകുന്നവര്‍ തിരികെ വരുന്നത് വരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാകുന്നു.”
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം അല്ലാഹുവിന്റെ ദൂതര്‍ (സ) പറഞ്ഞു: വിജ്ഞാനമുള്ള വാക്ക് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. (തിർമുദി)

2) ഇസ്‌ലാം അറിവിന്റെ കുത്തകവത്ക്കരണം നിരോധിച്ചു.

അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു ”ആരെങ്കിലും ഒരു കാര്യത്തെ സംബന്ധിച്ച് ചോദിക്കപ്പെട്ടു, എന്നിട്ടവനത് മറച്ചുവെച്ചു. എങ്കില്‍ അന്ത്യദിനത്തില്‍ അവന് തീയാലുള്ള കടിഞ്ഞാണിടപ്പെടും.” (അബൂദാവുദ്, തിര്‍മിദി) 

3) ദൃശ്യ പ്രപഞ്ചത്തെക്കുറിച്ച് പഠനം നടത്തുവാനും ചിന്തിക്കാനും പ്രേരിപ്പിച്ചു.

أَفَلَا يَنْظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ

ഒട്ടകത്തിന്‍റെ നേര്‍ക്ക്‌ അവര്‍ നോക്കുന്നില്ലേ? അത്‌ എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.” ഖുർആൻ (88: 17 – 20).

أَوَلَمْ يَتَفَكَّرُوا فِي أَنْفُسِهِمْ ۗ مَا خَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ وَأَجَلٍ مُسَمًّى ۗ وَإِنَّ كَثِيرًا مِنَ النَّاسِ بِلِقَاءِ رَبِّهِمْ لَكَافِرُونَ

അവരുടെ സ്വന്തത്തെപ്പറ്റി അവര്‍ ചിന്തിച്ച്‌ നോക്കിയിട്ടില്ലേ? ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ശരിയായ മുറപ്രകാരവും നിര്‍ണിതമായ അവധിയോട്‌ കൂടിയുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതില്‍ വിശ്വാസമില്ലാത്തവരത്രെ.
ഖുർആൻ (30: 8),

أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَالْأَنْعَامِ ۖ بَلْ هُمْ أَضَلُّ سَبِيلًا

അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന്‌ നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍. ഖുർആൻ (25: 44),

إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الْأَلْبَابِ

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.
ഖുർആൻ (3: 190, 191) 

4) അന്വേഷണ ബുദ്ധിയെ പ്രോത്സാഹിപ്പിച്ചു.

കടുത്ത അന്വേഷണ ത്വരയും ജിജ്ഞാസയും പ്രകടിപ്പിച്ച വ്യക്തിയായി ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തിയ ഇബ്‌റാഹിമിനെ(അ) മാനവരാശിക്ക് ആകമാനം മാതൃകയായി കൂടിയാണ് ഖുർആൻ എടുത്ത് കാട്ടുന്നത്.

5) അക്ഷരാഭ്യാസം പ്രോത്സാഹിപ്പിച്ചു.

ബദ്‌റില്‍ ബന്ധികളായി പിടിക്കപ്പെട്ട ചിലരെ മോചിപ്പിക്കാനുള്ള ഉപാധിയായി നബി (സ) ആവശ്യപ്പെട്ടത് അക്ഷരാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവര്‍ക്ക് അക്ഷരാഭ്യാസം നല്‍കാനായിരുന്നു. അക്ഷരാഭ്യാസം നേടിയ സമൂഹത്തെ സൃഷ്ടിക്കുവാന്‍ പ്രവാചകന്‍ (സ) ഇത്തരത്തില്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തി.

6) ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ അറബി ഭാഷ ശക്തിപ്പെട്ടു.

വിശ്വാസത്തിന്റെയും, ആദർശത്തിന്റെയും അടിസ്ഥാനത്തില്‍ ഏകീകരിക്കപ്പെട്ടപോലെ ഭാഷയുടെ പേരിലും അറേബ്യ ഏകീകരിക്കപ്പെട്ടു. സുഗമമായ ആശയ കൈമാറ്റത്തിനും, ഗ്രന്ഥ രചനകള്‍ക്കും, വിജ്ഞാന വ്യാപനത്തിനും അതൊരു കാരണമായി മാറി. ഖുര്‍ആനിന് അറബി ഭാഷയെ ചരിത്രപരമായി സുസ്ഥിരമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഈ രംഗത്ത് കൃതികള്‍ രചിച്ചിട്ടുള്ള ജിം അലി ഖലീലി നിരീക്ഷിക്കുന്നുണ്ട്. ആയിരത്തി നാനൂറ് വര്‍ഷമായി സുസ്ഥിരമായി നിലനില്‍ക്കുന്ന ഖുര്‍ആനിന്റെ ഭാഷ (അറബിക്) ആദ്യകാല അറബി കൃതികള്‍ ആധുനിക ലോകത്തിന് മനസ്സിലാക്കുന്നതിന് സഹായിക്കുന്നതായായും അദ്ദേഹം പറയുന്നു.

7) രോഗങ്ങള്‍ക്ക് ഭൗതികമായി ചികിത്സിക്കുന്നതിന്റെ അനിവാര്യത പഠിപ്പിച്ചു. അത് വൈദ്യശാസ്ത്രരംഗത്തെ വികാസത്തിന് കാരണമായി.

വൈദ്യശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്ന സ്വഹാബി വര്യനായിരുന്ന ഹാരിഥ്ബ്‌നു കല്‍ദ (റ) ചില സ്വഹാബിമാര്‍ക്ക് അസുഖം വന്നപ്പോള്‍ നബി (സ) ഇദ്ദേഹത്തെ ചികിത്സിക്കുവാന്‍ വിളിച്ചുവരുത്തിയതായി ചരിത്രത്തില്‍ കാണാം.

റുബിഅ (റ) പറയുന്നു: ”ഞങ്ങള്‍ നബി(സ)യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്. ഞങ്ങള്‍ ജനങ്ങളെ ചികിത്സിക്കും. അവര്‍ക്ക് വേല ചെയ്ത് കൊടുക്കും” (ബുഖാരി)

8) സര്‍വ്വ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്നും അത് കണ്ടത്തേണ്ടതുമാണെന്ന ബോധം ജനങ്ങള്‍ക്കുണ്ടാക്കി.

ഔഷധമില്ലാത്ത ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. (ബുഖാരി) ഇത് വൈദ്യശാസ്ത്ര ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ചു.

9) അറിവ് നേടുന്നതിന്റെയും ജ്ഞാനാന്വേഷണത്തിന്റെയും മാനദണ്ഡങ്ങളെ ബോധ്യപ്പെടുത്തി.

ചാർവാകന്മാരെ പോലെ അനുമാനങ്ങളെ തീർത്തും നിഷേധിച്ചവരും ഇന്ദ്രിയങ്ങള്‍ക്ക് അപ്രമാഥിത്യം നല്‍കിയവരുമായിരുന്നില്ല മുസ്‌ലിം ലോകം. ഒരറിവ് ലഭിച്ചാല്‍ അതിനെ സംശയ ബോധത്തോടെ മാത്രം കാണാമെന്നും, കൂടുതല്‍ അത് സംബന്ധിയായി അന്വേഷിച്ച് അറിഞ്ഞ ശേഷം മാത്രം സത്യം ഉറപ്പിക്കാം എന്നുമുള്ള ആശയബോധം ഖുര്‍ആന്‍ നല്‍കി.

يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ

സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. ഖുർആൻ (48: 6) 

ഇന്ദ്രിയങ്ങളുടെ പരിമിതിയെക്കുറിച്ച് മുസ്‌ലിം ലോകം ബോധവാന്മാര്‍ ആയിരുന്നു. ”അല്‍ മുന്‍കിദു മിനദ്ദലാല്‍” എന്ന ഗ്രന്ഥത്തില്‍ ഇമാം ഗസ്സാലി ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഭീമാകാരമായ നക്ഷത്രങ്ങള്‍ നമ്മുടെ കണ്ണുകള്‍ക്ക് നാണയവട്ടത്തോളം മാത്രമുള്ള ഒന്നായാണ് അനുഭവപ്പെടുന്നത്. ഗോളശാസ്ത്രപ്രകാരം ഭൂമിയേക്കാള്‍ എത്രയോമടങ്ങ് വലിപ്പമുള്ളതാണ് നക്ഷത്രങ്ങള്‍. നമ്മുടെ ഇന്ദ്രിയപരമായ പരിമിതികള്‍ കൊണ്ടാണ് അവയെ തീരെ ചെറുതായി അനുഭവപ്പെടുന്നത് എന്നും അദ്ദേഹം വാദിച്ചു.

10) ഗവേഷണ നിരീക്ഷണങ്ങളെ അറിവ് നേടുന്നതിനായുള്ള മാര്‍ഗ്ഗങ്ങളായി പഠിപ്പിച്ചു.

കേലവമായ ഊഹങ്ങളെ സത്യമായി വിശ്വസിക്കരുതെന്ന് പറയുന്ന ഖുര്‍ആന്‍ ശരിയായ അറിവ് നേടുന്നതിന് ഗവേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഉള്ള പ്രസക്തിയും ഉദ്‌ബോധിപ്പിക്കുന്നത് കാണാം. അതിനായി ആകാശ ഭൂമികളിലേക്ക് നോക്കാനും, ചരിത്രത്തെ പഠിക്കാനും, ജീവ ലോകത്തെക്കുറിച്ച് ചിന്തിക്കാനും ഒക്കെ ആഹ്വാനം നടത്തുന്ന വിവിധ ഖുരആന്‍ അധ്യാപനങ്ങളുണ്ട്. ദൈവത്തിന്റെ സൃഷ്ടിപ്പിനെ മനസ്സിലാക്കാന്‍ ഭൂമിയിലൂടെ സഞ്ചരിക്കാൻ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത് കാണാം ഖുർആൻ (29: 20). ഇതുമായി ബന്ധപ്പെട്ട് വായിക്കാവുന്ന മറ്റൊരു കാര്യം ഡാർവിൻ തന്റെ ജീവ പരിണാമസിദ്ധാന്തത്തിലേക്ക് എത്തുന്നത് ഭൂമിയിലൂടെയുള്ള നിരന്തരമായ ഇത്തരം യാത്രകളില്‍ നിന്നാണ്. 1831 ല്‍ എച്ച് എം എസ് ബീഗിള്‍ എന്ന കപ്പല്‍ വഴി തുടരെയുള്ള അഞ്ച് വര്‍ഷത്തെ യാത്രകള്‍ കഴിഞ്ഞെത്തിയ ശേഷമാണ് താന്‍ നിരീക്ഷിച്ചതില്‍ നിന്നും ഡാർവിൻ ജീവപരിണാമമെന്ന ആശയത്തിലേക്ക് എത്തുന്നത്. ചുറ്റുപാടുകളെ നിരീക്ഷിക്കുകയും അതിനെ സംബന്ധിച്ച് ചിന്തിക്കുകയും ചെയ്യുകയെന്ന ഖുർആനിക ആശയത്തിന്റെ പ്രസക്തിയാണ് ഡാർവിനിൽ നിന്നു പോലും വായിക്കാന്‍ കഴിയുന്നത്.

11) ശാസ്ത്രപഠനം വ്യര്‍ഥമല്ലെന്ന ബോധമുണ്ടാക്കി.

ചുറ്റുപാടുകളെക്കുറിച്ച് ചിന്തിക്കാനും, പഠിക്കാനും, അന്വേഷിക്കാനുമുള്ള ഖുര്‍ആനിക കല്‍പനയെ പിന്‍പറ്റുക വഴി അടിസ്ഥാനപരമായി ദൈവത്തെ തന്നെ അനുസരിക്കുകയാണ് സംഭവിക്കുന്നത്. ദൈവത്തെ അനുസരിക്കുന്നത് ഇസ്‌ലാമില്‍ സല്‍കര്‍മ്മവും പരലോക വിജയത്തിന്റെ മാനദണ്ഡവുമാണ്. അതിനാൽ അടിസ്ഥാനപരമായി ശാസ്ത്ര പഠനവും ഇബാദത്ത് ആകുന്നു.

12) ഖുര്‍ആനിനെ മനസ്സിലാക്കാന്‍ ലോകവിവരം ആവശ്യമായി വന്നു. 

വിശുദ്ധഗ്രന്ഥം ഭൗതികലോകത്തേക്കും, വിവിധ പ്രകൃതി പ്രതിഭാസങ്ങളിലേക്കും മനുഷ്യശ്രദ്ധ ക്ഷണിക്കുന്ന നിരവധി വചനങ്ങൾ അടങ്ങിയതാണ്. പ്രപഞ്ച പ്രതിഭാസങ്ങളെ സംബന്ധിച്ച ഇത്തരം വിവരങ്ങളുള്‍ക്കൊള്ളുന്ന വചനങ്ങളെ പൂര്‍ണമായി വിശദീകരിക്കാന്‍ മുഫസ്സിറുകള്‍ക്ക് അവയെ സംബന്ധിച്ച ഭൗതികമായ ജ്ഞാനം കൂടെ നേടിയെടുക്കുക ആവശ്യമായി വന്നു.

മുസ്‌ലിം ലോകത്തിന്റെ ശാസ്ത്ര തല്‍പരതക്ക് ഇതുകൂടി ഒരു കാരണമായതായി ജിം അല്‍ ഖലീലി പറയുന്നുണ്ട്-”ഇസ്‌ലാമിക സുവര്‍ണകാലത്തെ ശാസ്ത്ര വളര്‍ച്ചയ്ക്ക് അതിന്റെ മതവുമായും കടുത്ത ബന്ധമുണ്ട്. ഖുര്‍ആനിനെ പൂര്‍ണമായി വ്യാഖ്യാനിക്കാനുള്ള ആദ്യകാല പണ്ഡിതന്മാരുടെ ആവശ്യത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതു കൂടിയാണത്. (ജിം അല്‍ ഖലീലി)

ഇസ്‌ലാമിന്റെ അവതരണത്തിനുശേഷം അതിന്റെ സ്വാധീനം ശാസ്ത്ര മണ്ഡലങ്ങളിലും വന്‍ വികാസത്തിന് കാരണമായി.

ഉമറി(റ)ന്റെ ഭരണ കാലഘട്ടത്തിൽ ഒട്ടനവധി സാങ്കേതിക പദ്ധതികള്‍ നടപ്പിലാക്കി. കനാലുകള്‍ മുതല്‍ കാറ്റാടി യന്ത്രങ്ങള്‍ വരെ ഇസ്‌ലാമിക ലോകത്ത് യഥേഷ്ടം നിര്‍മ്മിക്കപ്പെട്ടു.

മുആവിയ(റ)യുടെ പൗത്രൻ ഖാലിദ് ഇബ്‌നു യസീദിന്റെ കാലഘട്ടത്തില്‍ ശാസ്ത്ര ഗവേഷണ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്താന്‍ ആരംഭിച്ചു. രസതന്ത്ര ഗവേഷണത്തില്‍ പരീക്ഷണങ്ങൾക്ക് പ്രാധാന്യം നല്‍കിയ ജാബിര്‍ ഇബ്‌നു ഹയ്യാന്റെ ഗുരു ഇമാം ജഅ്ഫര്‍ സ്വാദിഖ് ഖാലിദ്ബ്‌നു യസീദിന്റെ ശിഷ്യനായിരുന്നു.
ഖാലിദ്ബ്‌നു യസീദിന്റെ കാലഘട്ടത്തില്‍ ആരംഭിച്ച ഈ വിവര്‍ത്തന പദ്ധതി അബ്ബാസിയ രാജവംശത്തിന്റെ കാലഘട്ടത്തില്‍ കൂടുതല്‍ വിപുലീകരിക്കപ്പെട്ടു. 

ശാസ്ത്ര ഗവേഷണത്തിനും വിവര്‍ത്തനത്തിനുമായി ‘ബൈതുല്‍ഹിക്മ’ എന്ന പേരില്‍ ഒരാലയം ബാഗ്ദാദില്‍ സ്ഥാപിക്കപ്പെട്ടു. ഈജിപ്തിലും, സ്‌പെയിനിലും ഇത്തരത്തിലുള്ള ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വന്നു. ശാസ്ത്ര ഗവേഷണങ്ങള്‍ക്കാവശ്യമായ ഫണ്ടുകള്‍ ഗവണ്‍മെന്റ് വര്‍ദ്ധിപ്പിച്ചു. സകല ശാസ്ത്രമേഖലകളിലും മുസ്‌ലിംകള്‍ ഉയര്‍ന്നു വന്നു.

അല്‍ജിബ്രയുടെ പിതാവായ ഖവാരിസ്മി, ക്രിപ്റ്റനലൈസിസിന്റെ പിതാവായ അൽകിന്ദി, ശാസ്ത്രീയ രീതിശാസ്ത്രത്തിന് തന്നെ അടിത്തറ പാകിയ ലോകത്തെ ആദ്യത്തെ തിയററ്റിക് ഫിസിസിസ്റ്റ് ആയി കണക്കാക്കപ്പെടുന്ന ഇബ്‌നു ഹയ്ഥം, വൈദ്യശാസ്ത്ര മേഖലയില്‍ യൂറോപ്യന്മാർ അടക്കമുള്ളവവര്‍ക്ക് ഗുരുവായിത്തീര്‍ന്ന ഇബ്‌നുസീന, ശസ്ത്രക്രിയ മേഖലയിൽ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ച അല്‍ സഹ്‌റാവി, ജ്യോതി ശാസ്ത്ര രംഗത്ത് വിസ്മയകരമായ കണ്ടെത്തലുകള്‍ നടത്തിയ ഇബ്‌നു ശാത്തിര്‍, തൂസി, ഇന്‍ഡോളജിയുടെ പിതാവായ അല്‍ ബിറൂണി, റെസിപ്രോക്കല്‍ ഇന്‍ഹിബിഷന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച അല്‍ബല്‍കി, ശിശു രോഗ ചികിത്സയുടെ പിതാവായ അല്‍റാസി, രക്ത ചംക്രമണ വ്യവസ്ഥ ആദ്യമായി വിശദീകരിച്ച ഇബ്‌നു നഫീസ് തുടങ്ങിയ നിരവധി പ്രതിഭകള്‍ ശാസ്ത്ര മേഖലയില്‍ നിസ്തുല സംഭാവനകള്‍ അര്‍പ്പിച്ചു. വൈദ്യ ശാസ്ത്ര മേഖലകളിലും ജ്യോതിശാസ്ത്ര മേഖലകളിലും ആധികാരിക ശബ്ദം മുസ്‌ലിംകളുടെതായി മാറി.

മഹാനായ ചരിത്രകാരന്‍ ഇബ്‌നു ഖൽദൂന്‍ ‘മുക്വദ്ദിമ’ എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമിക ലോകത്തുണ്ടായി വന്ന ശാസ്ത്ര വളര്‍ച്ചയെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്-
”മറ്റൊരു ജനതയും നേടിയിട്ടില്ലാത്ത വിധം ശാസ്ത്രത്തെ മുസ്‌ലിംകള്‍ വളര്‍ത്തിയെടുത്തു. അവര്‍ വിവിധ ശാസ്ത്രശാഖകളില്‍ പ്രാവിണ്യം നേടി. ഈ രംഗത്ത് അവര്‍ കൈവരുത്തിയ പുരോഗതി അതില്‍ വീണ്ടും മെച്ചപ്പെടുത്താന്‍ ഒന്നും ശേഷിക്കാത്ത വിധമായിരുന്നു.”

ശാസ്ത്രത്തിന്റെ ചരിത്ര ഘടനയില്‍ത്തന്നെ വന്‍ വിസ്‌ഫോടനം ഉണ്ടാക്കിയ ഒരു വിഭാഗം ശാസ്ത്രവിരുദ്ധരെന്നും, സയന്‍സുമായി വിദൂരബന്ധം പോലുമില്ലാത്ത ചിലര്‍ അതിന്റെ കുത്തകാവകാശികള്‍ എന്നും അറിയപ്പെടുന്നതാകും ചരിത്രം കണ്ട വലിയ വൈരുധ്യങ്ങളില്‍ ഒന്ന്!

print

No comments yet.

Leave a comment

Your email address will not be published.