നാശത്തിലേക്കാണ് ഈ പോക്ക്

//നാശത്തിലേക്കാണ് ഈ പോക്ക്
//നാശത്തിലേക്കാണ് ഈ പോക്ക്
ആനുകാലികം

നാശത്തിലേക്കാണ് ഈ പോക്ക്

ജെൻഡർ ന്യൂട്രാലിറ്റി: അപകടകരമായ സമൂഹനിർമ്മാണത്തിന് -9

ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെയുള്ള പ്രധാനപ്പെട്ട ആക്ഷേപങ്ങളും അത് നടപ്പാക്കാൻ സർക്കാർ സംവിധാനങ്ങളുപയോഗിക്കുമ്പോഴുള്ള വേവലാതിയും അതിന്റെ ലക്ഷ്യം അപകടകരമാണെന്ന് മനസ്സിലാക്കുന്നതുകൊണ്ടാണെന്ന വസ്തുതയാണ് നാം പറഞ്ഞുവന്നത്. എതിർവർഗത്തിലുള്ളവർ തമ്മിൽ നടക്കുന്ന ലൈംഗികബന്ധമാണ് സ്വാഭാവികമെന്ന പൊതുബോധം തകർക്കപ്പെടുന്നത് വഴി ഉണ്ടാകാൻ പോകുന്നത് വലിയ ദുരന്തമാണെന്ന വസ്തുത കൂടി അതോടൊപ്പം തന്നെ നാം മനസ്സിലാക്കേണ്ടതാണ്. ആ ദുരന്തത്തെക്കുറിച്ച് നമുക്ക് അറിവ് നൽകുന്നത് മതഗ്രന്ഥങ്ങളാണ്. സ്വവർഗ്ഗാനുരാഗം സ്വാഭാവികരതി എന്ന നിലയിൽ സ്വീകരിച്ചിരുന്ന ഒരു ജനതയുടെ ചരിത്രം ഖുർആനും ബൈബിളും നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ സമൂഹത്തെ ദൈവം നശിപ്പിച്ചുവെന്നാണ് ഈ വേദഗ്രന്ഥങ്ങൾ പറഞ്ഞു തരുന്നത്. ഭൂമി കീഴ്മേൽ മറിച്ചും ഗന്ധകമഴ വർഷിച്ചും ഒരു നാടിനെത്തന്നെ ദൈവം നശിപ്പിച്ചത് ഈ തിന്മയുടെ പേരിലാണ്. ജീവനുള്ള യാതൊന്നിനും ജീവിക്കാനാവാത്ത ചാവുകടൽ ആ നശിപ്പിക്കലിന്റെ അവശേഷിപ്പായി ആ പ്രദേശത്ത് ഇപ്പോഴുമുണ്ട്. സ്ഥായിയായ സംതൃപ്തി നൽകാത്തതും പ്രത്യുൽപാദനപരമല്ലാത്തതുമായ ലൈംഗികത ഒരു നാടിനെ നശിപ്പിക്കാൻ പോന്ന തിന്മായാണെന്ന് ചാവുകടൽ നമ്മോട് വിളിച്ച് പറയുന്നുണ്ട്. ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കാനായി കരുക്കൾ നീക്കുന്നവർക്കെല്ലാം മുന്നറിയിപ്പായി ജീവസാന്നിധ്യമില്ലാത്ത ആ തടാകം ഫലസ്തീനിലും ജോർദാനിലുമായി പരന്നുകിടക്കുന്നുണ്ട്.

സ്വവർഗ്ഗാനുരാഗം കൊണ്ടുണ്ടാകുന്ന വർത്തമാനകാലപ്രശ്നങ്ങളെയാണ് കഴിഞ്ഞ അധ്യായങ്ങളിലെല്ലാം നാം അപഗ്രഥിച്ചത്. പുരുഷനും സ്ത്രീയും തമ്മിൽ സമൂഹത്തിന്റെ അംഗീകാരത്തോടെ നടക്കുന്നതല്ലാത്ത ലൈംഗികബന്ധങ്ങളെല്ലാം വ്യക്തിയെയും സമൂഹത്തെയും നാശത്തിലേക്കേ നയിക്കൂവെന്നതാണ് ചരിത്രവും വർത്തമാനവും നൽകുന്ന പാഠം. നൂറുകണക്കിനും ആയിരക്കണക്കിനും ലൈംഗികപങ്കാളികളുള്ള സ്ത്രീ-പുരുഷന്മാർ; കുളിമുറികള്‍, ബാറുകളുടെയും ക്ലബ്ബുകളുടെയുമെല്ലാം പിന്‍മുറികള്‍, പുസ്തകശാലകള്‍, സിനിമാശാലകള്‍, ക്ലാസ് മുറികൾ എന്നിവ എല്ലാ തരം ലൈംഗികതകളും ആസ്വദിക്കാനുള്ള തുറന്നുവെക്കപ്പെട്ട കേന്ദ്രങ്ങൾ; എയ്ഡ്സ്, സിഫിലിസ്, ഗൊണേറിയ, ലിംഫോഗ്രാനുലോമവെനേറിയം, പ്രോക്ടിറ്റിസ്, ഹെപ്പറ്റൈറ്റിസ്, ഷിഗില്ലോസിസ്, ഗുദ ക്യാന്‍സര്‍ തുടങ്ങിയ ലൈംഗികരോഗങ്ങളാൽ പൊറുതിമുട്ടുന്ന ശിശുക്കൾ മുതൽ വൃദ്ധർ വരെ; സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ക്രൂരവും നിരന്തരവുമായ ലൈംഗികാതിക്രമങ്ങൾ; വ്യത്യസ്തങ്ങളായ ലൈംഗികപ്രശ്നങ്ങളാൽ ജീവിതം മടുത്ത് ആത്മഹത്യകളിൽ അഭയം കണ്ടെത്തുന്ന കൗമാരക്കാർ മുതൽ വയസ്സന്മാർ വരെ; പ്രശ്നകാലുഷ്യങ്ങളിൽ നിന്നുള്ള മോചനം തേടി മയക്കുമരുന്നുകളിൽ അഭയം കണ്ടെത്തുന്നവർ; മനഃസംഘർഷം ഒരു സാംക്രമികരോഗം പോലെ പടർന്ന് പിടിക്കുന്ന സാമൂഹ്യാന്തരീക്ഷം; ലിംഗമാറ്റത്തിനായി ക്യൂ നിൽക്കുന്ന കൗമാരക്കാർ; ജനിച്ച ലിംഗത്തിലേക്കു തന്നെ തിരിച്ച് പോകാനായി ആശുപത്രികളിലെത്തുന്ന ലിംഗമാറ്റം നടത്തിയ യുവാക്കൾ; പൂച്ചയും നായയും ആടും പശുവും പട്ടിയും പന്നിയും ആനയും ആൾക്കുരങ്ങുമെല്ലാം മനുഷ്യരുടെ ലൈംഗികാതിക്രമങ്ങളെ ഭയക്കുന്ന അന്തരീക്ഷം.… ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർത്ത ശേഷം നമുക്ക് നിർമ്മിക്കാനുള്ള സമൂഹത്തിന്റെ ചിത്രമാണിത്. ചാവുകടലിനേക്കാൾ ഊഷരമായ സാമൂഹ്യാവസ്ഥ. ജെൻഡർ പൊളിറ്റിക്സ് നമുക്ക് വാഗ്ദാനം ചെയ്യുന്ന സമൂഹത്തിന്റെ ചിത്രം.

സ്വവർഗ്ഗാനുരാഗത്തിന്റെ ചരിത്രം

ക്രിസ്തുവിന് 2400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈജിപ്തിലെ അഞ്ചാം രാജവംശത്തില്‍ പെട്ട ഫറോവയായിരുന്ന തിയൂസെര്‍റെ രാജാവിന്റെ സേവകരായിരുന്ന ഖ്‌നം-ഹോടെപ്പും നിയാന്‍ ഖ്ഖ്‌നുമ്മുമാണ് ചരിത്രത്തില്‍ അറിയപ്പെട്ടിടത്തോളമുള്ള ആദ്യത്തെ സ്വവര്‍ഗാനുരാഗികളെന്നാണ് പുരാവസ്തുശാസ്ത്രജ്ഞനായ തോമസ് എ ഡൗസണ്‍ എഴുതുന്നത് (Thomas A Dowson in Pamela L Gellar & Miranda K Stockett: Feminist Anthropology Past Present and Future (2006) Chapter 5,Page 89-102) രാജസദസില്‍ നടക്കുന്ന നൃത്തസദസ്സുകളില്‍ അവര്‍ ഒന്നിച്ചിരിക്കുന്നതായുള്ള ചിത്രവും രണ്ടുപേരും മൂക്കുകള്‍ മുട്ടിച്ചുകൊണ്ടു നടത്തുന്ന ആലിംഗനത്തിന്റെ ചിത്രവുമാണ് അവര്‍ സ്വവര്‍ഗാനുരാഗികളാണെന്ന നിഗമനത്തിന് നിദാനം. സഹപ്രവര്‍ത്തകരുടെ സ്‌നേഹപ്രകടനം എന്നതിലുപരിയായി സ്വവര്‍ഗാനുരാഗത്തിന്റെ ലക്ഷണമൊന്നും പ്രസ്തുത ചിത്രങ്ങളില്‍ ഇല്ലെന്ന് അവ കണ്ടാല്‍ വ്യക്തമാവും. (“The Tomb of Niankhkhnum and Khnumhotep”, http://www.egyptology.com) രണ്ടു പേരേയും ഒരേ ശവകുടീരത്തിലാണ് അടക്കം ചെയ്തിട്ടുള്ളതെന്ന വസ്തുത അവരുടെ സ്വവര്‍ഗപ്രണയത്തിന് തെളിവാക്കുന്നതും അതിശയോക്തിപരമാണ്. ഈജപ്ഷ്യന്‍ വരേണ്യരുടെ ശവകുടീരങ്ങളായ മസ്തബകളില്‍ ചിലതില്‍ ഒന്നിലധികം പേരുടെ ശവകുടീരങ്ങളുണ്ടെന്ന വസ്തുത പ്രസിദ്ധനായ മൈക്കിൾ റൈസ് ‘ഈജിപ്തിലെ ആർ ആരൊക്കെയാണ്?’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. (Michael Rice: Who is who in Ancient Egypt, London, 1999, 255- 259)

പുരാവസ്തുരേഖകളെ അനുകൂലമായി വ്യാഖ്യാനിച്ച് സ്വവര്‍ഗാനുരാഗത്തെ മനുഷ്യാരംഭം മുതല്‍ നിലനിന്ന ലൈംഗികാഭിനിവേശമാണെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ശ്രമമാണ് ഈജിപ്ഷ്യന്‍ ഹിരോഗ്ലിഫുകളില്‍ സ്വവര്‍ഗലൈംഗികത തിരയുന്നതിനു പിന്നിലുള്ളതെന്നാണ് പ്രസ്തുത രേഖകള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടുക. സോക്രട്ടീസ് മുതൽ ഷേക്സ്പിയർ വരെയും മഹാനായ അലക്‌സാണ്ടർ മുതൽ അലക്‌സാണ്ടർ ഹാമിൽട്ടൺ വരെയും മൈക്കൽ ആഞ്ചലോ മുതൽ വാൾട്ട് വിറ്റ്മാൻ വരെയും സാഫോ മുതൽ ഗെർട്രൂഡ് സ്റ്റീൻ വരെയുമുള്ളവർ സ്വവർഗ്ഗാനുരാഗികളായിരുന്നുവെന്ന വാദവും ഇതേപോലെതന്നെയാണ്. അവരുടെ ജീവിതത്തിലെ പ്രത്യേക സംഭവങ്ങളെയെടുത്ത് ദുർവ്യാഖ്യാനിച്ചുകൊണ്ടാണ് അവരെയെല്ലാം സ്വവർഗ്ഗരതിക്കാരാക്കി അവതരിപ്പിക്കുന്നത്.

ആദ്യത്തെ ഹോമോനോർമേറ്റീവ് സമൂഹം

ലൂത്ത് നബി(അ)യുടെ സമുദായമാണ് സ്വവര്‍ഗരതിയെ ലൈംഗികാസ്വാദനത്തിന് ഉപയോഗിച്ച ആദ്യത്തെ ജനതയെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.

”ലൂത്തിനെയും (നാം അയച്ചു) അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ? എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു എന്നുപറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി.” (7:80-82)

സ്വവര്‍ഗരതിക്കാരായ സദോം ഗമോറാ ദേശക്കാരെ ദൈവം നശിപ്പിച്ചതായി ഉല്‍പത്തി പുസ്തകം വ്യക്തമാക്കുന്നു. പ്രസ്തുത നാശത്തെ കുറിച്ച ബൈബിള്‍ വിവരണം ശ്രദ്ധിക്കുക.

”വൈകുന്നേരമായപ്പോള്‍ ആ രണ്ടു ദൂതന്മാര്‍ സോദോമില്‍ ചെന്നു. ലോത്ത് നഗരവാതില്‍ക്കല്‍ ഇരിക്കുയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലോത്ത് അവരെ എതിരേല്‍ക്കാനായി എഴുന്നേറ്റ് ചെന്ന് നിലംപറ്റെ താണുവണങ്ങി. അവന്‍ പറഞ്ഞു: യജമാനന്മാരേ, ദാസന്റെ വീട്ടിലേക്ക് വന്നാലും, കാല്‍കഴുകി രാത്രി ഇവിടെ തങ്ങുക. രാവിലെ ഏഴുന്നേറ്റ് യാത്ര തുടരാം. അവര്‍ മറുപടി പറഞ്ഞു: വേണ്ട, രാത്രി ഞങ്ങള്‍ തെരുവില്‍ കഴിച്ചുകൊള്ളാം. അവന്‍ വളരെ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ അവന്റെ വീട്ടിലേക്ക് പോയി. അവന്‍ അവര്‍ക്കൊരു വിരുന്നൊരുക്കി. പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. അവര്‍ അതു ഭക്ഷിച്ചു. അവര്‍ കിടക്കും മുമ്പെ സോദോം നഗരത്തിന്റെ എല്ലാ ഭാഗത്തും നിന്ന് യുവാക്കന്‍മാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുള്ള എല്ലാവരും വന്ന് വീടു വളഞ്ഞു. അവര്‍ ലോത്തിനെ വിളിച്ചു പറഞ്ഞു: രാത്രി നിന്റെയടുക്കല്‍ വന്നവരെവിടെ? ഞങ്ങള്‍ക്ക് അവരുമായി സുഖഭോഗങ്ങളിലേര്‍പ്പെടേണ്ടതിന് അവരെ പുറത്തു കൊണ്ടുവരിക. ലോത്ത് പുറത്തിറങ്ങി. കതകടച്ചിട്ട് അവരുടെ അടുത്തേക്ക് ചെന്നു. അവന്‍ പറഞ്ഞു: സഹോദരരേ, ഇത്തരം മ്ലേച്ഛത കാട്ടരുതെന്ന് ഞാന്‍ നിങ്ങളോട് യാചിക്കുന്നു. പുരുഷസ്പര്‍ശമേല്‍ക്കാത്ത രണ്ടു പെണ്‍മക്കള്‍ എനിക്കുണ്ട്. അവരെ നിങ്ങള്‍ക്ക് വിട്ടുതരാം. ഇഷ്ടംപോലെ അവരോട് ചെയ്തുകൊള്ളുക. പക്ഷേ ഈ പുരുഷന്മാരെ മാത്രം ഒന്നും ചെയ്യരുത്. എന്തെന്നാല്‍, അവര്‍ എന്റെ അഥിതികളാണ്. മാറിനില്‍ക്കൂ. അവര്‍ അട്ടഹസിച്ചു. പരദേശിയായി വന്നവന്‍ ന്യായം വിധിക്കുവാന്‍ ഒരുങ്ങുന്നു! അവരോടെന്നതിനേക്കാള്‍ മോശമായി നിന്നോടും ഞങ്ങള്‍ പെരുമാറും. അവര്‍ ലോത്തിനെ ശക്തിയായി തള്ളിമാറ്റി വാതില്‍ തല്ലിപ്പൊളിക്കാന്‍ ചെന്നു. പക്ഷേ, ലോത്തിന്റെ അതിഥികള്‍ കൈനീട്ടി അവനെ വലിച്ച് വീട്ടിനുള്ളിലാക്കിയിട്ട് വാതിലടച്ചു. വാതില്‍ക്കലുണ്ടായിരുന്ന എല്ലാവരെയും അവര്‍ അന്ധരാക്കി. അവര്‍ വാതില്‍ തപ്പിത്തടഞ്ഞു വലഞ്ഞു. ആ രണ്ടുപേര്‍ ലോത്തിനോട് പറഞ്ഞു: ഇവരെക്കൂടാതെ നിനക്ക് ആരെങ്കിലും ഇവിടെയുണ്ടോ? പുത്രന്മാര്‍, പുത്രികളോ മരുമക്കളോ മറ്റാരെങ്കിലുമോ നഗരത്തില്‍ ഉണ്ടെങ്കില്‍ എല്ലാവരെയും ഉടന്‍ പുറത്തു കടത്തിക്കൊള്ളുക. ഈ സ്ഥലം ഞങ്ങള്‍ നശിപ്പിക്കുവാന്‍ പോവുകയാണ്. ഇവിടുത്തെ ജനങ്ങള്‍ക്കെതിരെ രൂക്ഷമായ നിലവിളി കര്‍ത്താവിന്റെ മുമ്പിലെത്തിയിരിക്കുന്നു. ഇവിടെ നശിപ്പിക്കാന്‍ കര്‍ത്താവ് ഞങ്ങളെ അയച്ചിരിക്കുകയാണ്. ഉടനെ ലോത്ത് തന്റെ പുത്രിമാരെ വിവാഹം ചെയ്യാനിരുന്നവരുടെ അടുത്ത് ചെന്ന് പറഞ്ഞു: എഴുന്നേറ്റ് ഉടനെ സ്ഥലം വിട്ടു പോവുക. കര്‍ത്താവ് ഈ നഗരം നശിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ അവന്‍ തമാശ പറയുകയാണെന്നത്രെ അവര്‍ക്ക് തോന്നിയത്. നേരം പുലര്‍ന്നപ്പോള്‍ ദൂതന്മാര്‍ ലോത്തിനോട് പറഞ്ഞു. എഴുന്നേറ്റ് ഭാര്യയെയും പെണ്‍മക്കള്‍ രണ്ടുപേരെയും കൂട്ടി വേഗം പുറപ്പെടുക. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചു പോകും. എന്നാല്‍ അവര്‍ മടിച്ചു നിന്നു. കര്‍ത്താവിന് അവനോട് കരുണ തോന്നിയതുകൊണ്ട് ആ മനുഷ്യര്‍ അവനെയും ഭാര്യയെയും മക്കളെയും കൈക്കു പിടിച്ചു നഗരത്തിന് പുറത്തുകൊണ്ടുപോയി വിട്ടു. അവരെ പുറത്തുകൊണ്ടുപോന്നു വിട്ടതിന് ശേഷം അവരിലൊരുവന്‍ പറഞ്ഞു: ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക. പിന്‍തിരിഞ്ഞു നോക്കരുത്. താഴ്‌വരയിലെങ്ങും തങ്ങുകയുമരുത്. മലമുകളിലേക്ക് ഓടി രക്ഷപ്പെടുക. അല്ലെങ്കില്‍ നിങ്ങള്‍ വെന്തു നശിക്കും. ലോത്ത് പറഞ്ഞു: ”യജമാനനേ അങ്ങനെ പറയരുത്. ഞാന്‍ അങ്ങയുടെ പ്രീതിക്ക് പാത്രമായല്ലോ. എന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ അവിടുന്ന് വലിയ കാരുണ്യമാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍, മലയില്‍ ഓടിക്കയറി രക്ഷപ്പെടാന്‍ എനിക്കു വയ്യ. അപകടം എന്നെ പിടികൂടി എന്നു ഞാന്‍ ഭയപ്പെടുന്നു. ഇതാ, ആ കാണുന്ന പട്ടണം ഓടി രക്ഷപ്പെടാവുന്നത്ര അടുത്താണ്. ചെറുതാണ്. ഞാന്‍ അങ്ങോട്ട് ഓടിരക്ഷപ്പെട്ടുകൊള്ളട്ടെ?- അതു ചെറുതാണല്ലോ- അങ്ങനെ എനിക്ക് ജീവന്‍ രക്ഷിക്കാം. അവന്‍ പറഞ്ഞു: ശരി, അക്കാര്യവും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. വേഗമാവട്ടെ, അങ്ങോട്ട് ഓടി രക്ഷപ്പെടുക, നീ അവിടെയെത്തുംവരെ എനിക്കൊന്നും ചെയ്യാനാവില്ല. ആ പട്ടണത്തിന് സോവാര്‍ എന്ന പേരുണ്ടായി. ലോത്ത് സോവാറില്‍ എത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചു കഴിഞ്ഞിരുന്നു. കര്‍ത്താവ് ആകാശത്ത് നിന്ന് സോദോമിലും ഗോമാറായിലും അഗ്നിയും ഗന്ധകവും വര്‍ഷിച്ചു. ആ പട്ടണങ്ങളെയും താഴ്‌വരയെയും അവയിലെ നിവാസികളെയും സസ്യലതാദികളെയും അവിടുന്ന് നാമാവശേഷമാക്കി. ലോത്തിന്റെ ഭാര്യ അവന്റെ പിറകെ വരുകയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞ് നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായിത്തീര്‍ന്നു.” (ഉല്‍പത്തി 19:1-26)

ലൂത്തി(അ)ന്റെ സമുദായത്തെ നശിപ്പിച്ചതിനെകുറിച്ച് ഖുര്‍ആന്‍ നിരവധി തവണ വ്യക്തമാക്കുന്നുണ്ട്.

”നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ലൂത്തിന്റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു. ലൂത്തിന്റെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, ഇതാ എന്റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ?) അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ? അവര്‍ പറഞ്ഞു: നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിനക്ക് അറിവുണ്ടല്ലോ? തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന്.

അദ്ദേഹം പറഞ്ഞു: എനിക്ക് നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍. അവര്‍ പറഞ്ഞു: ലൂത്തേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്‍മാരാണ്. അവര്‍ക്ക് (ജനങ്ങള്‍ക്ക്) നിന്റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്റെ കുടുംബത്തേയും കൊണ്ട് യാത്ര പുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്. നിന്റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക് (ജനങ്ങള്‍ക്ക്) വന്നു ഭവിച്ച ശിക്ഷ അവള്‍ക്കും വന്നു ഭവിക്കുന്നതാണ്. തീര്‍ച്ചയായും അവര്‍ക്ക് നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത് തന്നെയല്ലേ? അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്‌മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളം വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍). അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല.” (11:77-83)

”അങ്ങനെ ലൂത്തിന്റെ കുടുംബത്തില്‍ ആ ദൂതന്‍മാര്‍ വന്നെത്തിയപ്പോള്‍. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ. അവര്‍ (ആ ദൂതന്‍മാരായ മലക്കുകള്‍) പറഞ്ഞു: അല്ല, ഏതൊരു (ശിക്ഷയുടെ) കാര്യത്തില്‍ അവര്‍ (ജനങ്ങള്‍) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്. യാഥാര്‍ഥ്യവും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു. അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട് രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്ര ചെയ്ത് കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ് നോക്കരുത്. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക് നടന്ന് പോയിക്കൊള്ളുക. ആ കാര്യം, അതായത് പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചു നീക്കപ്പെടുന്നതാണ് എന്ന കാര്യം നാം അദ്ദേഹത്തിന് (ലൂത്ത് നബിക്ക്) ഖണ്ഡിതമായി അറിയിച്ച് കൊടുത്തു. രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വന്നു. അദ്ദേഹം (ലൂത്ത്) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്റെ അതിഥികളാണ്. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ? അദ്ദേഹം പറഞ്ഞു: ഇതാ എന്റെ പെണ്‍മക്കള്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാം) നിങ്ങള്‍ക്ക് ചെയ്യാം എന്നുണ്ടെങ്കില്‍. നിന്റെ ജീവിതം തന്നെയാണെ സത്യം തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു. അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു. നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. തീര്‍ച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതിചെയ്യുന്നത്. തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്.” (15:61-77)

”നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.” (7:84)

”ലൂത്തിന്റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്ത് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. അവര്‍ പറഞ്ഞു: ലൂത്തേ, നീ (ഇതില്‍ നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍ നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു. അദ്ദേഹം പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തേയും മുഴുവന്‍ നാം രക്ഷപ്പെടുത്തി. പിന്‍മാറി നിന്നവരില്‍ ഒരു കിഴവി ഒഴികെ. പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്തുകളഞ്ഞു. അവരുടെ മേല്‍ നാം ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്ര മോശം! തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.” (26:160-174)

ചരിത്രം നൽകുന്ന പാഠം

അബ്രഹാമിന്റെ സഹോദരനായിരുന്ന ഹാരാന്റെ മകനായിരുന്നു ലോത്ത് എന്നാണ് ഉല്‍പത്തി പുസ്തകം പറയുന്നത്. (ഉല്‍പത്തി 11: 27) ഊരില്‍ നിന്ന് കാനാനിലേക്കും ഹാരാനില്‍ നിന്ന് ഈജിപ്തിലേക്കും അവിടെനിന്ന് നെഗബ് ദേശത്തേക്കുമുള്ള യാത്രയിലെല്ലാം അബ്രഹാമിനോടൊപ്പം ലോത്തുമുണ്ടായിരുന്നു. (ഉല്‍പത്തി 11:31; 12:4; 13:1) ലോത്തിന്റെ സമൂഹത്തെ നശിപ്പിക്കുവാന്‍ വേണ്ടി നിയോഗിക്കപ്പെട്ട മാലാഖമാര്‍ അബ്രഹാമിന്റെയടുത്ത് പോയശേഷമാണ് ലോത്തിനടുത്തേക്ക് ചെന്നതെന്ന് ബൈബിളും ഖുര്‍ആനും വ്യക്തമാക്കുന്നു. (ഉല്‍പത്തി 18:1-19, ഖുര്‍ആന്‍ 11:69-83) ക്രിസ്തുവിന് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കണം അബ്രഹാം ജീവിച്ചിരുന്നതെന്നാണ് ബൈബിള്‍ കാലഗണനയുടെ വെളിച്ചത്തില്‍ മനസ്സിലാക്കാനാവുന്നത്. സ്വവര്‍ഗരതിയെ ലൈംഗികാസ്വാദനത്തിനുള്ള മാര്‍ഗമായി സദോം നിവാസികള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ട് നാലായിരം വര്‍ഷങ്ങളെങ്കിലുമായി എന്നര്‍ഥം. സദോമുമാരുടെ നാശത്തിന് നിമിത്തമായ സ്വവര്‍ഗരതിയെന്ന വൈകൃതം മാനവരാശിക്ക് നാശവും നഷ്ടവും മാത്രമെയുണ്ടാക്കിയിട്ടുള്ളൂവെന്നതാണ് വസ്തുത. പ്രസ്തുത നാശം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇസ്രായീലിനും ജോര്‍ദാനിനുമിടയിലുള്ള ചാവുകടല്‍ (dead sea) എന്നറിയപ്പെടുന്ന തടാകം സദോം ഗാമോറാ നാശത്തിന്റെ ബാക്കിപത്രവും സ്വവര്‍ഗരതിക്കെതിരായ ദൈവികദൃഷ്ടാന്തവുമായി നിലനില്‍ക്കുന്നു.

സമുദ്രനിരപ്പില്‍ നിന്നും 422 മീറ്റര്‍ (1385 അടി) താഴ്ചയിലുള്ള ചാവുകടല്‍തീരമാണ് കരയിലെ ഏറ്റവും താഴ്ചയുള്ള ഭൂപ്രദേശം. 378 മീറ്റര്‍ ആഴവും 67 കിലോമീറ്റര്‍ നീളവും 18 കിലോമീറ്റര്‍ വീതിയുമുള്ള ചാവുകടലാണ് ലോകത്തിലെ ഏറ്റവും ആഴമുള്ള മഹാലവണ താടാകം (hypersaline lake). സമുദ്രജലത്തിന്റെ 8.6 ഇരട്ടിയാണ് ഇതിലെ ജലത്തിന്റെ ലവണത്വം. അതുകൊണ്ടുതന്നെ ജീവന്റെ യാതൊരു ബാഹ്യലക്ഷണവും പ്രസ്തുത ജലത്തിനകത്തില്ല. ഉയര്‍ന്ന ലവണത്വമുള്ള ജലത്തില്‍ നിലനില്‍ക്കുന്ന ചില തരം ബാക്ടീരിയകളും, ഫംഗസുകളും വളരെ ചെറിയ തോതില്‍ ഈ ജലത്തിലുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചെടികളോ മല്‍സ്യങ്ങളോ പായല്‍പോലുള്ള കാണാവുന്ന ജൈവികവസ്തുക്കളോ ഒന്നും തന്നെ ഇതിലില്ല; അതുകൊണ്ടുതന്നെയാണല്ലോ ഇതിനു ചാവുകടല്‍ എന്ന പേരുണ്ടായത്. പ്രജനനത്തിനും സ്‌നേഹത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും വേണ്ടി സര്‍വേശ്വരന്‍ നിശ്ചയിച്ച സ്ത്രീപുരുഷ ഇണകളുടെ പാരസ്പര്യവും കുടുംബവുമെന്ന വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് പ്രകൃതിവിരുദ്ധമായ സ്വവര്‍ഗരതിയെ മാന്യവല്‍ക്കരിക്കുകയും സാമൂഹ്യധര്‍മ്മമായി സ്വീകരിക്കുകയും ചെയ്തവര്‍ ജീവിച്ച സ്ഥലങ്ങളില്‍ ജീവലക്ഷണങ്ങളൊന്നും വേണ്ട എന്ന് തീരുമാനിക്കപ്പെട്ടതാവാം; ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ മനുഷ്യര്‍ക്കെല്ലാം സാധിക്കേണ്ടതാണ്. ഖുര്‍ആനിന്റെ പ്രഥമ സംബോധിതരായവര്‍ വ്യാപാരയാത്രകള്‍ നടത്തിയിരുന്ന പാതക്കരികിലുള്ള സദോം ഗൊമോറയില്‍ നിന്ന് പാഠം ഉള്‍ക്കെള്ളണമെന്ന ഖുര്‍ആനികനിര്‍ദേശം ഏറെ ശ്രദ്ധേയമാണ്.

”അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു. നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുണ്ട്. തീര്‍ച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതിചെയ്യുന്നത്. തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്്.” (15:73-77)

ലൂത്തിന്റെ ചരിത്രം കെട്ടുകഥയല്ല

ചാവുകടലിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ അവിടെ സദോം ഗൊമോറ തുടങ്ങിയ നഗരങ്ങള്‍ നിലനിന്നിരുന്നു എന്നതിന്റെ യാതൊരു വിധ ലാഞ്ചനകളും നിലനില്‍ക്കാത്ത രൂപത്തിലാണ് ഇന്നുള്ളത്. എന്നാല്‍ സദോം ഗെമോറ തുടങ്ങിയ നഗരങ്ങള്‍ നിലനിന്നിരുന്നുവെന്നു തന്നെയാണ് അവിടെ നടന്ന ഉല്‍ഖനന ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് ഭൗമഗവേഷകനായ ഡോ: ഗ്രഹാം ഹാരിസിന്റെ ഇവ്വിഷയകമായ കണ്ടെത്തലുകള്‍ 2001 ആഗസ്ത് 18ന്റെ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.(Andrew Craig: “Scientists uncover Sodom’s fiery end” http://news.bbc.co.uk) പ്രകൃതിജന്യമായ കീല്‍ (asphalt) വ്യാപാരം നടത്തിയവരായിരുന്നു ചാവുകടലിനു ചുറ്റും ജീവിച്ചിരുന്നവര്‍ എന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ചാവുകടലിനടുത്തുള്ള ഭൂവല്‍ക്കം വളരെയേറെ ലോലവും ഭൂമിയുടെ പ്രധാനപ്പെട്ട രണ്ട് ടെക്‌ടോണിക് ഫലകങ്ങള്‍ (techtonic plates) കൂടിയോജിക്കുന്ന സ്ഥലവുമാണ്. ചാവുകടല്‍ത്തീരത്തിനടിയിലെ മീഥൈന്‍ നിക്ഷേപങ്ങള്‍ ഭൂമികുലുക്കം വഴി കത്തിക്കപ്പെടുകയും അതുവഴി തറയാകെ മണല്‍ക്കൂനയായിത്തീരുകയും സദോം ഗൊമോറ നഗരങ്ങള്‍ ജലത്തിനടിയില്‍ മുങ്ങുകയും ചെയ്തിരിക്കാമെന്നാണ് ഗ്രഹാം ഹാരിസിന്റെ പക്ഷം. കാംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട പരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ സത്യപ്പെടുത്തുന്നതാണെന്ന് ബി.ബി.സി ലേഖകന്‍ എഴുതുന്നുണ്ട്. സദോം ഗൊമോറ നഗരങ്ങള്‍ ഉണ്ടായിരുന്നുവെന്നും അവ നശിപ്പിക്കെപ്പട്ടിട്ടുണ്ടെന്നും സമ്മതിക്കുന്ന ഗവേഷകര്‍, പക്ഷെ ഇത് സംഭവിച്ചത് പ്രകൃതിപരമായ കാരണത്താലായിരുന്നുവെന്നും ദൈവകോപത്താലല്ലെന്നും സമര്‍ഥിച്ച് സംതൃപ്തിയടയുകയാണ് ചെയ്യുന്നത്. നിരവധി ടെക്‌ടോണിക് ഫലകങ്ങള്‍ ഉണ്ടായിട്ടും ആ പ്രദേശത്തു മാത്രം ആ പ്രത്യേക സമയത്ത് ഫലകങ്ങളുടെ നീക്കവും അതോടനുബന്ധിച്ച് ഭൂമിയിലെവിടെയും ഇല്ലാത്ത രൂപത്തിലുള്ള നാശവും എങ്ങനെയുണ്ടായിയെന്ന ചോദ്യത്തിനു മുമ്പില്‍ കൊഞ്ഞനംകുത്തുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഗവേഷകരുടെ കൈവശമില്ല. ഖുര്‍ആന്‍ പറഞ്ഞതുതന്നെയാണ് യഥാര്‍ഥ്യം എന്ന് തന്നെയാണ് ഉല്‍ഖനന ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നതെന്നാണ് ഇതിനർത്ഥം.

”അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്‌മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളം വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍). അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല.” (11:82,83)

”പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്തുകളഞ്ഞു. അവരുടെ മേല്‍ നാം ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്ര മോശം! തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.” (26:172-174)

വിശുദ്ധവും ശാന്തിദായകവുമായ കുടുംബസംവിധാനത്തിനകത്തെ ലൈംഗികതക്കുപകരം പ്രകൃതി വിരുദ്ധമായ സ്വവര്‍ഗകാമത്തിന്റെ പാത തിരഞ്ഞെടുത്തവര്‍ക്ക് സര്‍വ്വശക്തന്‍ നല്‍കിയ ശിക്ഷയുടെ അവശിഷ്ടമാണ് ചാവുകടല്‍. അതൊരു ദൃഷ്ടാന്തമാണ്. പ്രകൃതിവിരുദ്ധലൈംഗികത ജീവല്‍സ്പര്‍ശമേല്‍ക്കാത്ത ശാരീരികക്രിയ മാത്രമാണെന്ന് പഠിപ്പിക്കുന്ന ദൃഷ്ടാന്തം. ഹെറ്ററോ നോർമേറ്റിവിറ്റി തകർന്ന ജനതയെ നശിപ്പിക്കാന്‍ പോകുകയാണെന്ന വാര്‍ത്തയുമായി വന്ന മലക്കുകള്‍ ലൂത്ത് നബി(അ)യോട് പറഞ്ഞതായി ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക.

”ഈ നാട്ടുകാരുടെ മേല്‍ അവര്‍ ചെയ്തുകൊണ്ടിരുന്ന അധര്‍മത്തിന്റെ ഫലമായി ആകാശത്തു നിന്ന് ഞങ്ങള്‍ ഒരു ശിക്ഷ ഇറക്കുന്നതാണ്. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ആളുകള്‍ക്ക് വ്യക്തമായ ഒരു ദൃഷ്ടാന്തം നാം അവശേഷിപ്പിച്ചിട്ടുണ്ട്.” (29:34,35)

ചാവുകടലും പരിസരപ്രദേശങ്ങളും വലിയൊരു ദൃഷ്ടാന്തമാണ്; ഇണകളുടെ പരസ്പര്യത്തിലൂടെയുള്ളതല്ലാത്ത ലൈംഗികവൃത്തികൾ എത്രത്തോളം ഊഷരവും നശീകരണാത്മകവുമാണെന്ന് വ്യക്തമാക്കുന്ന ദൃഷ്ടാന്തം ! ഒപ്പം തന്നെ ഹെറ്ററോ നോർമാലിറ്റി തകർന്നാലുണ്ടാവുന്ന ഭവിഷ്യത്ത് എത്രമാത്രം ഭീകരമായിരിക്കുമെന്നും അത് നമ്മെ തെര്യപ്പെടുത്തുന്നു.

സ്വവർഗരതിക്കാർക്കെതിരെയുള്ള നിയമങ്ങൾ

ഹെറ്ററോ നോർമേറ്റിവിറ്റി തകർന്ന ചരിത്രത്തിലെ ആദ്യജനതയാണ് സദോം ഗാമോറയിൽ ജീവിച്ചിരുന്നത്. അവർക്കുണ്ടായ നാശത്തില്‍ നിന്നുള്ള പാഠമെന്നോണം എല്ലാ കാലത്തും എല്ലാ സമൂഹങ്ങളിലും അതിന്നെതിരിയയുള്ള നിയമങ്ങള്‍ നിലനിന്നിരുന്നു. പുരാതന ഗ്രീസ് ഇതിന് അപവാദമാണെന്നാണ് പറയപ്പെടുന്നത്. ആര്‍ക്കായിക് കാലം (archaic period) എന്നറിയപ്പെടുന്ന, ക്രിസ്തുവിന് 650 വര്‍ഷം മുതല്‍ 480 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന കാലഘട്ടത്തില്‍ അവിടെ വ്യാപകമായ രൂപത്തില്‍ സ്വവര്‍ഗസ്‌നേഹവും രതിയും നിലനിന്നിരുന്നുവത്രെ!! (Beertec.Verstraete& Vernon L Provencal : Same sex desire and Love in Greeco- Roman Antiquity and in the Classical Tradition of the West (2006) Page 45-49) കൗമാരപ്രായത്തിലെത്തിയ ആണ്‍കുട്ടികളുമായി പ്രായമായവര്‍ നടത്തിയിരുന്ന ലൈംഗികബന്ധമായ കൗമാര സ്വവര്‍ഗരതി (pederasty)യായിരുന്നു അവിടെ വ്യാപകമായി നിലനിന്നിരുന്നതെന്ന് പുരാതന ഗ്രീക്ക് ചിത്രങ്ങളും ലിഖിതങ്ങളും വ്യക്തമാക്കുന്നുണ്ടെന്നാണ് ഈ രണ്ട് ഗവേഷകന്മാർ അഭിപ്രായപ്പെടുന്നത്. പ്രസിദ്ധരായ സോക്രട്ടീസ്, പ്ലാറ്റോ, ക്‌സിനോഫോണ്‍, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തുടങ്ങിയവരെല്ലാം സ്വവര്‍ഗരതിയെ ന്യായീകരിക്കുകയും തങ്ങളുടെ ലൈംഗികാഭിനിവേശമായി അതിനെ സ്വീകരിക്കുകയും ചെയ്തിരുന്നുവെന്നും വാദമുണ്ടെങ്കിലും അതിന്ന് ഉപോൽബലകമായി ഉദ്ധരിക്കപ്പെടുന്ന തെളിവുകൾ വളരെ ദുർബലവും ബാലിശവുമാണെന്ന് കാണാനാവും.

ഗ്രീക്ക് നാഗരികത ഹെറ്ററോ നോർമേറ്റിവ് ആയിരുന്നില്ലെന്ന വാദം ശരിയാണെങ്കിൽ സഹസ്രാബ്ദങ്ങളായി തലയുയര്‍ത്തി നിന്നിരുന്ന ഗ്രീക്ക് നാഗരികത നാശത്തിലേക്ക് കുതിച്ചത് അതുകൊണ്ട് കൂടിയായിരിക്കാമെന്ന് മനസ്സിലാക്കാവുന്നതാണ്. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ അക്കാലഘട്ടത്തിലെ അതികായരായിരുന്നിട്ടും ഗ്രീക്ക് സംസ്‌കാരം തകര്‍ച്ചയുടെ പടികളിറങ്ങിയതിന്റെ രാഷ്ട്രീയമായ കാരണങ്ങള്‍ മാത്രമേ കാര്യമായി അപഗ്രഥിക്കപ്പെട്ടിട്ടുള്ളൂ. ലൈംഗികവൈകൃതങ്ങളെ മാന്യവല്‍ക്കരിക്കുന്ന സമൂഹങ്ങള്‍ക്കൊന്നും വല്ലാതെ ആയുസ്സുണ്ടായിട്ടില്ലെന്ന വസ്തുത തന്നെയായിരിക്കണം നാഗരികതയുടെ ഔന്നത്യത്തില്‍ നിന്നിരുന്ന ഗ്രീസിന്റെ പതനത്തിലും സംഭവിച്ചത് എന്ന് മനസ്സിലാക്കാം.

ക്രിസ്തുവിനു മുമ്പ് 172 മുതല്‍ 168 വരെ വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന മാസിഡോണിയന്‍ യുദ്ധത്തോടെയാണ് ഗ്രീക്കിന്റെ ഭാഗങ്ങളില്‍ ചിലത് റോമാസാമ്രാജ്യത്തിന്റെ അധീനതയിലായിത്തീരുന്നത്. ബി.സി 146 ആയപ്പോഴേക്കും ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട ഗ്രീക്ക് നഗരങ്ങളും റോമക്കാരുടെ കൈവശമായിത്തീര്‍ന്നു. സ്വവര്‍ഗരതിയെയും സമാനവൈകൃതങ്ങളേയും വെറുത്തവരായിരുന്നു റോമക്കാര്‍. അതിനെതിരെയുള്ള ശക്തമായ നിയമങ്ങളും റോമില്‍ നിലനിന്നിരുന്നു. ലൈംഗിക വൈകൃതങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ നിര്‍ദേശിക്കുന്ന ‘ലെക്‌സ് സ്‌കാന്റിനിയ’ (Lex Scantinia) നടപ്പാക്കപ്പെട്ടത് ക്രിസ്തുവിന് മുമ്പ് 149ാം വര്‍ഷം മുതലാണ്. സ്വതന്ത്രരായവര്‍ നടത്തുന്ന സ്വവര്‍ഗരതിയും വ്യഭിചാരവുമെല്ലാം വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെന്നാണ് ഈ നിയമം പറയുന്നത്. സ്വവര്‍ഗഭോഗികളെ പരസ്യമായി അടിച്ചുകൊല്ലണമെന്ന നിയമം വരെ റോമില്‍ നിലനിന്നിരുന്നു. (F. X. Ryan: “The Lex Scantinia and the Prosecution of Censors and Aediles”, Classical Philology”, April 1994). ഹോമോനോർമേറ്റിവ് സൊസൈറ്റിയെ ഹെറ്ററോ നോർമേറ്റിവ് സമൂഹത്തെക്കൊണ്ട് തകർത്തതായിരിക്കാം റോമിന്റെ നാശത്തിൽ സംഭവിച്ചത്.

ബൈബിൾ നിയമങ്ങൾ

സ്വവര്‍ഗരതിക്കെതിരായ ശക്തമായ നിയമങ്ങള്‍ തന്നെയായിരുന്നു ഇസ്രായീല്‍ സമുദായത്തിലും നിലനിന്നിരുന്നത്. സ്വവര്‍ഗരതി മ്ലേച്ഛമാണെന്നാണ് ബൈബിള്‍ പഴയനിയമം പഠിപ്പിക്കുന്നത്.

”ഞാനാണ് കര്‍ത്താവ്. സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടു കൂടെ നീ ശയിക്കരുത്. അതു മ്ലേഛതയാകുന്നു.” (ലേവ്യ 18:22)

സ്വവര്‍ഗഭോഗികള്‍ക്ക് മരണശിക്ഷയാണ് നല്‍കേണ്ടതെന്നാണ് തോറയിലെ നിയമം. ”ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടു കൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണ് ചെയ്യുന്നത്. അവരെ വധിക്കണം.”(ലേവ്യ: 20:13)

ബൈബിള്‍ പുതിയനിയമത്തിലും സ്വവര്‍ഗരതിയെ വിമര്‍ശിക്കുകയും അത് തിന്മയും സ്വര്‍ഗത്തില്‍ നിന്ന് അകറ്റുന്ന പ്രവര്‍ത്തനവുമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. പൗലോസ് ശ്ലീഹ എഴുതുന്നത് കാണുക.

”അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ! നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു.” (കൊരിന്ത്യര്‍ 6:9-10)

”അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ ശരീരങ്ങള്‍ പരസ്പരം അപമാനിതമാക്കുന്നതിന് അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍. അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പകരം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു. അതുപോലെ പുരുഷന്മാര്‍ സ്ത്രീകളുമായുള്ള സ്വാഭാവിക ബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയില്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരമായ കൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്ക് ലഭിച്ചു. ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായി അവര്‍ കരുതിയതു നിമിത്തം അധമവികാരത്തിനും അനുചിത പ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു. അവര്‍ എല്ലാ തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. അവര്‍ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മകള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹരാണ് എന്ന ദൈവകല്‍പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.” (റോമക്കാര്‍ 1:24-32)

”ഉചിതമായി കൈകാര്യം ചെയ്യുന്നെങ്കില്‍ നിയമം നല്ലതാണെന്നു നമുക്കറിയാം. നിയമം നിര്‍മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്‍മാര്‍ക്കുവേണ്ടിയല്ല, മറിച്ച് നിയമനിഷേധകര്‍, അനുസരണമില്ലാത്തവര്‍, പാപികള്‍, വിശുദ്ധിയില്ലാത്തവര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവര്‍, അസാന്‍മാര്‍ഗികള്‍, സ്വവര്‍ഗഭോഗികള്‍, ആളുകളെ അപഹരിച്ചു കൊണ്ടുപോകുന്നവര്‍, നുണയര്‍, അസത്യവാദികള്‍ എന്നിവര്‍ക്കു വേണ്ടിയും സത്യപ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയുമാണ്.” (1 തിമോത്തിയോസ് 1:8-10)

സദോം ഗമോറയിലെ നാശത്തില്‍ നിന്ന് ഉള്‍ക്കൊള്ളണമെന്ന് യൂദാ ഉപദേശിക്കുന്നു. ”അതുപോലെത്തന്നെ സോദോമിനെയും ഗൊമോറെയെയും അവയെ അനുകരിച്ച് ഭോഗാസക്തിയിലും വ്യഭിചാരത്തിലും മുഴുകിയ ചുറ്റുമുള്ള പട്ടണങ്ങളെയും നിത്യാഗ്നിയുടെ ശിക്ഷക്ക് വിധേയമാക്കി അവിടുന്ന് എല്ലാവര്‍ക്കും ദൃഷ്ടാന്തം നല്‍കിയിരിക്കുന്നു. സ്വപ്നങ്ങളില്‍ നിമഗ്നനായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നു.” (യൂദാ 7,8)

ആദ്യകാല സഭാപിതാക്കന്മാരെല്ലാം സ്വവര്‍ഗരതിയെ വിമര്‍ശിക്കുകയും അത് തിന്മയാണെന്ന് ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. സെന്റ് ജസ്റ്റിന്‍ മാര്‍ട്ടിയര്‍, അലക്‌സാണ്ട്രിയയിലെ ക്ലെമന്റ്, തെര്‍ത്തുല്യന്‍, യൂസിബിയസ്, ഹിപ്പോയിലെ സെന്റ് അഗസ്റ്റിന്‍ തുടങ്ങിയവരെല്ലാം സ്വവര്‍ഗരതിയെ ശക്തമായി വിമര്‍ശച്ചവരാണ്. പ്രസിദ്ധനായ സെന്റ് തോമസ് അക്വിനാസാകട്ടെ തന്റെ ‘ഥുമ്മ തിയോളജിക്ക’യില്‍ സ്വവര്‍ഗരതിയാണ് ലൈംഗികമായ പാപങ്ങളില്‍ ഏറ്റവും മാരകമായത് എന്നാണ് സമര്‍ഥിച്ചിരിക്കുന്നത്. (Summa Theologiae II-II, 153, 3)

ഹൈന്ദവനിയമങ്ങൾ

സ്വവര്‍ഗലൈംഗികതക്ക് ശക്തമായ ശിക്ഷ തന്നെയായിരുന്നു ഇന്ത്യയിലും നിലനിന്നിരുന്നത്. കന്യകയുമായി സ്വവര്‍ഗരതിയിലേര്‍പ്പെട്ടത് കന്യകയാണെങ്കില്‍ ഇരുനൂറ് പണം പിഴയായി വാങ്ങുകയും പത്ത് ചാട്ടവാറടി നല്‍കുകയും ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്ന മനുസ്മൃതി ഇത് ചെയ്തത് വിവാഹിതയാണെങ്കില്‍ അവരുടെ രണ്ടുവിരലുകള്‍ ഛേദിക്കുകയും തലമൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി രാജവീഥിയിലൂടെ നടത്തണമെന്നും കൂടി കല്‍പ്പിക്കുന്നുണ്ട്.

”കനൈ്യവ കന്യാം യാ കുര്യാത്തസ്യാഃ സ്യാദ്വിശതോ ദമഃ
ശുല്‍ക്കം ച ദ്വിഗുണം ദദ്യാച്ഛിഫാശ്ചൈ വാപ്നുയാദ്ദശ
യാ തു കന്യാം പ്രകുര്യാത് സ്ത്രീ സാസദ്യോ മൗണ്ഡ്യമര്‍ഹതി
അംഗുല്യോരേവ വാ ച്ഛേദം ഖരേണോദ്വഹനം തഥാ”

”ഒരു കന്യക തന്നെ മറ്റൊരു കന്യകയെ മേല്‍പ്പറഞ്ഞ രീതിയില്‍ ദുഷിപ്പിച്ചാല്‍ 200 പണം പിഴ കൊടുക്കണം. അവള്‍ ദുഷിപ്പിക്കപ്പെട്ട കന്യകയുടെ പിതാവിന് കന്യാശല്കത്തിന്റെ ഇരട്ടികൊടുക്കുകയും ചാട്ടയോ ചൂരലോ കൊണ്ട് പത്തടി കൊള്ളുകയും വേണം. ഒരു കന്യകയെ ദുഷിപ്പിക്കുന്നതു സ്ത്രീയാണെങ്കില്‍ അവര്‍ ഉടന്‍തന്നെ ശിരോമുണ്ഡനമോ സാഹചര്യമനുസരിച്ച് രണ്ടംഗുലികളുടെ ഛേദനമോ അര്‍ഹിക്കുന്നു. അതുപോലെ തന്നെ ആ സ്ത്രീയെ കഴുതപ്പുറത്തു കയറ്റി രാജവീഥിയിലൂടെ സഞ്ചരിപ്പിക്കുകയും വേണം.” (മനുസ്മൃതി 8: 369, 370)

സ്വവര്‍ഗഭോഗത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ ജാതിഭ്രഷ്ടരായി കണക്കാക്കപ്പെടുമെന്നാണ് മനുനിയമം. ജാതിഭ്രഷ്ടരായിത്തീര്‍ന്നവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ പരിഗണിച്ചാല്‍ ഇതൊരു കഠിനമായ ശിക്ഷ തന്നെയാണെന്ന് മനസ്സിലാക്കാം.

”ബ്രാഹ്മണസ്യ രുജഃകൃത്വാ ഘ്രാതിര ഘ്രേയ മദ്യയോഃ
ജൈഹ്മ്യം ച മൈഥുനം പുംസി ജാതി ഭ്രംശകരം സ്മൃതം”

”ബ്രാഹ്മണനെ(താഡനാദിയാല്‍) പീഡിപ്പിക്കുക. അഘ്രേയങ്ങളായ (മണക്കാന്‍ പാടില്ലാത്ത) ഉള്ളി അമേദ്ധ്യം മുതലായവയും മദ്യവും മണപ്പിക്കുക, വക്രത, പുരുഷന്മാരുമായി പ്രകൃതിവിരുദ്ധമൈഥുനം എന്നിവ ജാതിഭ്രംശകരമായ പാതകമാണ്.” (മനുസ്മൃതി 11:68)

ഇസ്‌ലാമികനിയമങ്ങൾ

സ്വവര്‍ഗരതിക്കെതിരെയുള്ള ശക്തമായ നിയമങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത് മുസ്‌ലിം സമൂഹത്തിലാണ്. ലൂത്ത് നബി(അ)യുടെ ചരിത്രം പറയുമ്പോള്‍ സ്വവര്‍ഗരതി എത്രത്തോളം വെറുക്കപ്പെട്ടതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. സ്വവര്‍ഗരതിക്കാരെ കുറിച്ച് പ്രതിപാദിക്കുന്ന ചില ഖുര്‍ആന്‍ വചനങ്ങള്‍ നോക്കുക.

”നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ.” (26: 165,166)

”നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു.” (27: 55)

”സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.” (7: 81)

”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഈ ജനതക്കെതിരില്‍ എന്നെ നീ സഹായിക്കണമേ.” (29: 30)

ഹെറ്റെറോനോർമിറ്റിവിറ്റി തകർന്നാലുള്ള സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച വ്യക്തമായ ചിത്രം നല്‍കുവാന്‍ പര്യാപ്തമാണ് ഈ വചനങ്ങള്‍. അതിക്രമകാരികളായ ജനത (ഖൗമുന്‍ ആദ്ദൂന്‍), അവിവേകം കാണിക്കുന്ന ജനത (ഖൗമുന്‍ തജ്ഹലൂന്‍), അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ജനത (ഖൗമുന്‍ മുസ്‌രിഫൂന്‍), കുഴപ്പക്കാരായ ജനത (ഖൗമില്‍ മുഫ്‌സിദീന്‍) എന്നിങ്ങനെയാണ് ഈ വചനങ്ങളില്‍ സ്വവര്‍ഗഭോഗികളായ ഭൂമിയിലെ ആദ്യസമുദായത്തെ വിളിച്ചിരിക്കുന്നത്. ഹോമോനോർമേറ്റിവ് ആയ സമൂഹം എങ്ങനെയുള്ളതായിരിക്കുമെന്ന് ഈ വചങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അവിവേകളുടെയും അതിക്രമങ്ങൾ ചെയ്യുന്നവരുടെയും അതിരുവിട്ട് പ്രവർത്തിക്കുന്നവരുടെയും കുഴപ്പക്കാരുടെയും കൂട്ടായ്മയായിരിക്കും അതെന്ന് ഖുര്‍ആന്‍ ഈ വചനങ്ങളിലൂടെ മനസ്സിലാക്കിത്തരുന്നു. ക്വിയർ നോർമേറ്റിവ് സമൂഹത്തിനു വേണ്ടി വാദിക്കുന്നവരുടെ വാക്കുകളും പ്രവർത്തനങ്ങളും ഈ ഖുർആൻ വിശദീകരണങ്ങളെല്ലാം അവർക്ക് യോജിച്ചതാണെന്ന് തന്നെയാണ് നമ്മെ തെര്യപ്പെടുത്തുക.

ലൂത്ത് നബിയുടെ സമുദായം ചെയ്തുകൊണ്ടിരുന്ന ലൈംഗികവൈകൃതത്തെപ്പറ്റി പരാമര്‍ശിക്കുമ്പോഴും ഖുര്‍ആന്‍ ശക്തമായ പ്രയോഗങ്ങളാണ് നടത്തുന്നത്.

”നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.” (7:84)

”ലൂത്തിനെയും (ദൂതനായി അയച്ചു) തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല.” (29:28)

”നിന്റെ ജീവിതം തന്നെയാണെ സത്യം. തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.” (15:72)

സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ കുറ്റവാളികളാണെന്നും (മുജ്‌രിമീന്‍) അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലോകത്ത് അതുവരെ ഒരാളും ചെയ്തിട്ടില്ലാത്ത അതീവ നികൃഷ്ടമായ കാര്യങ്ങളാണെന്നും (ഫാഹിഷത്ത്) അതിലേര്‍പ്പെട്ടവര്‍ ഒരു തരം ലഹരിയിലാണെന്നും (സക്‌റത്ത്) ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു അധര്‍മ്മത്തെ വിളിക്കാവുന്ന പദങ്ങളെല്ലാം ഖുര്‍ആന്‍ സ്വവര്‍ഗരതിക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെന്നാണ് ഇവ നമ്മെ പഠിപ്പിക്കുന്നത്. പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവും കാമത്തില്‍ മാത്രം കേന്ദ്രീകൃതവുമായ സ്വവര്‍ഗരതിയെ ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ്‌ലാമിന്റേത് എന്നര്‍ഥം.

മുഹമ്മദ് നബി (സ)യും ഇക്കാര്യം ഊന്നിപറയുന്നുണ്ട്; സ്വവര്‍ഗരതി എത്രത്തോളം വലിയ തിന്മയാണെന്ന് വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്.

ജാബിര്‍ (റ) നിവേദനം; നബി(സ) പറഞ്ഞു: ”ലൂത്തിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.” (തിര്‍മിദി, ഇബ്‌നുമാജ)

ഇബ്‌നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: ”ലൂത്തിന്റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ; മൃഗഭോഗികളെയും അല്ലാഹു ശപിക്കട്ടെ” (നബി ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു) (നസാഈ, അഹ്‌മദ്‌ )

ഇബ്‌നു അബ്ബാസ് (റ) നിവേദനം: നബി(സ) പറഞ്ഞു: ”ലൂത്തിന്റെ ജനം ചെയ്ത തിന്മ ചെയ്യുന്നവരെ നിങ്ങള്‍ കണ്ടാല്‍ അത് ചെയ്തവരേയും അതിന് ഉപയോഗിച്ചവരേയും നിങ്ങള്‍ കൊന്നുകളയുക.” (തിര്‍മിദി, അബൂദാവൂദ്, ഇബ്‌നുമാജ)

സ്വവര്‍ഗരതിയെ വ്യഭിചാരത്തോട് സമാനമായിട്ടാണ് മിക്ക ആദ്യകാല മുസ്‌ലിം പണ്ഡിതന്മാരും പരിഗണിച്ചിരിക്കുന്നത്. ആദ്യ ഖലീഫയുടെ കാലത്തുണ്ടായ ഒരു സ്വവര്‍ഗരതീ സംഭവത്തെകുറിച്ച് ഹനഫി പണ്ഡിതനായ ഇബ്‌നു ഹുമാം തന്റെ ‘ഫത്ഹുല്‍ ഖദീറില്‍’ ഉദ്ധരിക്കുന്നുണ്ട്. പിടിക്കപ്പെട്ട സ്വവര്‍ഗഭോഗികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന് ആരായാനായി അബൂബക്കര്‍ (റ) പ്രമുഖരായ സ്വഹാബിമാരെയെല്ലാം വിളിച്ചുകൂട്ടിയെന്നും അവര്‍ ചര്‍ച്ച ചെയ്തപ്പോള്‍ അലി (റ) അവരെ കത്തിച്ചുകളയുവാന്‍ നിര്‍ദേശിച്ചുവെന്നുമാണ് സംഭവം. ഇമാം മാലിക്ക്, ഇമാം അഹ്‌മദ്‌, ഇമാം ശാഫി (റ) തുടങ്ങിയ മദ്ഹബിന്റെ പണ്ഡിതന്മാര്‍ സ്വവര്‍ഗഭോഗികള്‍ക്ക് വിവാഹതിരായ വ്യഭിചാരികള്‍ക്ക് നല്‍കുന്ന ശിക്ഷ തന്നെ നല്‍കണമെന്ന പക്ഷക്കാരാണ്. സാഹചര്യങ്ങളെ കുറിച്ച് പഠിച്ച ശേഷം ന്യായാധിപനാണ് സ്വവര്‍ഗഭോഗികള്‍ക്കുള്ള ഉചിതമായ ശിക്ഷ തീരുമാനിക്കേണ്ടത് എന്നാണ് ഇമാം അബൂഹനീഫ(റ)യുടെ പക്ഷം.

പ്രസിദ്ധ പണ്ഡിതനും സഊദി അറേബ്യയിലെ ഫത്‌വ ബോര്‍ഡ് അംഗവുമായ ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ് സ്വവര്‍ഗഭോഗിയെ കൊന്നുകളയണമെന്നാണ് ഇസ്‌ലാം വിധിക്കുന്നതെന്ന് തെളിവുകളുടെ വെളിച്ചത്തില്‍ സമര്‍ഥിക്കുന്നുണ്ട്. (ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ്: ശ്രദ്ധിക്കപ്പെടാത്ത നിഷിദ്ധങ്ങള്‍, കൊച്ചി, 2016, പുറം 53,54).

മറ്റു ശിക്ഷാവിധികളെപ്പോലെത്തന്നെ സ്വവര്‍ഗ്ഗ രതിക്കും തെറ്റുചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വിധിക്കുക മാത്രമല്ല ഇസ്‌ലാം ചെയ്യുന്നത്. തിന്മകള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്തതിനു ശേഷവും ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ആരെങ്കിലും അകപ്പെടുന്നുവെങ്കില്‍ അവര്‍ സാമൂഹ്യവിരുദ്ധരും മാതൃകാപരമായ ശിക്ഷ അര്‍ഹിക്കുന്നവരുമാണ് എന്നാണ് ഇസ്‌ലാമിന്റെ നിലപാട്. സ്വവര്‍ഗരതിയിലേക്ക് പ്രേരിപ്പിക്കുന്ന തിന്‍മകള്‍ ഇല്ലായ്മ ചെയ്യുകയും തങ്ങളുടെ ലൈംഗികതൃഷ്ണയുടെ പൂര്‍ത്തീകരണത്തിന് നിയതമായ മാര്‍ഗങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്തതിനു ശേഷവും പ്രകൃതിവിരുദ്ധമായ വൈകൃതങ്ങളിലേര്‍പ്പെടുന്നവരെ കൊന്നുകളയണമെന്നും പിന്നെയാരും ആ തിന്മയിലേക്ക് പോവാന്‍ ഇടവരുത്തരുതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. സ്വവര്‍ഗരതിയിലേക്ക് പ്രേരിപ്പിക്കുന്ന സാമൂഹ്യസാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകളാകട്ടെ, അതിലേക്ക് പ്രേരിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടൊഴിഞ്ഞ് മാറിനില്‍ക്കണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. വ്യഭിചാരത്തോട് അടുത്തുപോകരുത് എന്ന ഖുര്‍ആനിക കല്‍പന ഇവിടെയും ബാധകമാണ്.”നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.” (17:32)

സ്വവര്‍ഗരതിക്കെതിരെ ശക്തമായ സാമൂഹ്യനിയമങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നത് മുസ്‌ലിംനാടുകളിലാണ്.. നാഗരികത നിലവിൽ വന്ന കാലം മുതൽ മതവും ധർമശാസ്ത്രങ്ങളുമെല്ലാം തിന്മയും ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യവുമായിക്കണ്ട സ്വവർഗാനുരാഗത്തെ മനുഷ്യാവകാശത്തിന്റെ മേലങ്കി ധരിപ്പിച്ച് കുറ്റവിമുക്തമാക്കാനാണ് ആധുനിക ബുദ്ധിജീവികളും നിയമവിശാരദരും രാഷ്ട്രമീമാംസകരും ശ്രമിക്കുന്നത്. ലൈംഗികവൈകൃതങ്ങൾ പെരുകുന്ന സമൂഹങ്ങൾ മാരകമായ രോഗങ്ങൾ കൊണ്ടും പ്രകൃതിനാശങ്ങൾ കൊണ്ടും പരീക്ഷിക്കപ്പെടുമെന്ന പ്രവാചകവചനം ഇവരെല്ലാം ശ്രദ്ധിച്ചിരുന്നെങ്കിൽ! പ്രസ്തുത പ്രവാചകവചനത്തിന്റെ പൂർത്തീകരണമാണ് ഇന്ന് ഹെറ്ററോ നോർമേറ്റിവിറ്റി തകർക്കപ്പെട്ട നാടുകളിൽ നാം കാണുന്നത്. സദോം ഗമോറയിൽ നിന്ന് മാനവരാശി പഠിച്ച പാഠം ക്വിയർ നോർമേറ്റിവ് സമൂഹങ്ങളിൽ നിന്ന് മാനവരാശി വീണ്ടും പഠിക്കേണ്ടി വരുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.

print

No comments yet.

Leave a comment

Your email address will not be published.