നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -1

//നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -1
//നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -1
ആനുകാലികം

നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -1

ത്ഭുതാവഹവും അനന്തമജ്ഞാതവുമായ പ്രപഞ്ചം മനുഷ്യനെ എക്കാലവും വിസ്മയിപ്പിച്ചിട്ടുണ്ട്. ഈ വിസ്മയത്തില്‍ നിന്ന് ഉടലെടുത്ത വിജ്ഞാനത്വരയാണ് യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്റെ തന്നെ പിറവിക്ക് കാരണമായിട്ടുള്ളത്. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് വഴങ്ങുന്ന പദാര്‍ത്ഥലോകത്തെക്കുറിച്ച് പഠിക്കുവാനുള്ള അന്വേഷണരീതിയാണ് ശാസ്ത്രം മുന്നോട്ടുവെക്കുന്നത്. അതിന് കൃത്യമായ ഒരു രീതി ശാസ്ത്രമുണ്ട്. ആ രീതിശാസ്ത്രം ഉപയോഗപ്പെടുത്താന്‍ സാധ്യമല്ലാത്ത മേഖലകളിലേക്ക് ശാസ്ത്രത്തെ വലിച്ചിഴക്കുന്നത് യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തോട് തന്നെയുള്ള നീതികേടാണ്.

”പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ച് അനുക്രമമായ അറിവും ഈ പ്രതിഭാസങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച യുക്തി നിഷ്ഠവുമായ പഠനവുമാണ് ശാസ്ത്രമെന്ന് നിര്‍വ്വചിക്കാം” എന്നാണ് W.C ഡാമ്പിയര്‍ ശാസ്ത്രത്തിന് നല്‍കുന്ന നിര്‍വ്വചനം.(1) മേല്‍പറയപ്പെട്ട പ്രതിഭാസങ്ങളില്‍ അന്തര്‍ലീനമായ നിയമകത്വവും വ്യവസ്ഥാപിതത്വവും അതിനുപിന്നിലുള്ള സ്രഷ്ടാവിന്റെ അസ്തിത്വം വിളിച്ചോതുന്നു. പദാര്‍ത്ഥത്തെ സൃഷ്ടിച്ചവന്‍ പദാര്‍ത്ഥത്തിന് അതീതനായിരിക്കുമെന്ന് സാമാന്യബുദ്ധിതന്നെ വിധിക്കുന്നു. അതുകൊണ്ടുതന്നെ പദാര്‍ത്ഥലോകത്തെക്കുറിച്ച് പഠിക്കുവാന്‍ വേണ്ടി സംവിധാനിക്കപ്പെട്ട ശാസ്ത്രത്തിന്റെ ദൂരദര്‍ശിനിയിലോ സൂക്ഷ്മദര്‍ശിനിയിലോ ദൈവത്തെ കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ പ്രപഞ്ചസംവിധാനത്തിനു പിന്നിലുള്ള സ്രഷ്ടാവിന്റെ അസ്തിത്വത്തെ ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ഒന്നും തന്നെ ചോദ്യം ചെയ്യുകയോ നിഷേധിക്കുകയോ ചെയ്യുന്നുമില്ല. ”ഒന്നാലോചിച്ചാല്‍ ആധുനികശാസ്ത്രത്തിന്റെ ശില്പികളാരും തന്നെ നിരീശ്വരവാദികളോ മതവിരോധികളോ ആയിരുന്നില്ലെന്ന് കാണാം.”(2) എന്ന് തുറന്നെഴുതാന്‍ ഭൗതികവാദികള്‍ പോലും നിര്‍ബന്ധിതമായത് ഇതുകൊണ്ടാണ്.

ആധുനിക പ്രപഞ്ചപഠന ശാസ്ത്രത്തിന്റെ അസ്തിവാരമിട്ടത് 1915 ല്‍ ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച പൊതുആപേക്ഷിക സിദ്ധാന്തവും അതിനെ ആധാരമാക്കി 1917 ല്‍ അദ്ദേഹം രചിച്ച പ്രപഞ്ചശാസ്ത്രസംബന്ധമായ പ്രബന്ധങ്ങളുമാണ്. വികസിക്കുകയോ സങ്കോചിക്കുകയോ ചെയ്യാത്ത ഒരു അചര (static)പ്രപഞ്ചമായിരുന്നു ഐന്‍സ്റ്റൈന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്നത്. അത്തരത്തിലുള്ളൊരു പ്രപഞ്ച മാത്രൃക സൃഷ്ടിച്ചെടുക്കാന്‍ ഒരു പ്രാപഞ്ചിക സ്ഥിരാങ്കം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ഫീല്‍ഡ് സമവാക്യത്തില്‍ മാറ്റം വരുത്തിയതായി നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ 1922 ല്‍ റഷ്യന്‍ ശാസ്ത്രജ്ഞനായ അലക്‌സാണ്ടര്‍ ഫ്രീഡ്മാന്‍ ഐന്‍സ്റ്റൈന്‍ സമീകരണത്തിലെ തെറ്റുകള്‍ കണ്ടുപിടിക്കുകയും പ്രാപഞ്ചിക സ്ഥിരാങ്കം സമീകരണങ്ങളില്‍ നിന്ന് എടുത്ത് കളയുകയും ചെയ്തു. അങ്ങനെ ഐന്‍സ്റ്റൈനും വികസിക്കുന്ന ഒരു പ്രപഞ്ചത്തിന്റെ വക്താവായി മാറി. വികസിക്കുന്ന പ്രപഞ്ചത്തില്‍ കാലത്തിലൂടെ നാം പിന്നോട്ട് പോയാല്‍ (Time reversal) പ്രപഞ്ചം സങ്കോചിച്ച് ഒരു ബിന്ദുവില്‍ അവസാനിക്കും. ഇവിടെ നമുക്ക് പ്രപഞ്ചത്തിന്റെ തുടക്കം കാണാം. ഫ്രീഡ്മാന്‍ മാത്രൃകക്ക് ആദ്യമായി നിരീക്ഷണ തെളിവുകള്‍ കൊണ്ടുവരുന്നത് 1923 ല്‍ അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ എഡ്വിന്‍. പി. ഹബ്ള്‍ (1889- 1953) ആണ്.

ഗാലക്‌സികള്‍ പരസ്പരം അകന്നുപോവുകയാണെന്നും അകന്നു പോവുന്ന ഗാലക്‌സികളുടെ വേഗത ഗാലക്‌സികള്‍ തമ്മിലുള്ള അകലത്തിന് ആനുപാതികമായിരിക്കുമെന്നും ഹബ്ള്‍ കണ്ടുപിടിച്ചു. ഇത് ഹബ്ള്‍ നിയമം എന്നറിയപ്പെടുന്നു. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഡച്ച് ശാസ്ത്രജ്ഞനായ ഡീസെറ്റര്‍ (William Desitter) ദ്രവ്യത്തിന്റെ സാന്നിധ്യമില്ലാത്ത ഒരു പ്രപഞ്ച മാത്രൃക അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ ഈ മാത്രൃകയില്‍ ദ്രവ്യം ഉണ്ട് എന്ന് സങ്കല്‍പ്പിക്കുമ്പോള്‍ വികസിക്കുന്ന പ്രപഞ്ചം തന്നെ നമുക്ക് ലഭിക്കുന്നു. ഇിതിനു ശേഷമാണ് ബെല്‍ജിയന്‍ ഗണിത ശാസ്ത്രജ്ഞനും പുരോഹിതനുമായ ജോര്‍ജ് എഡ്വേര്‍ഡ് ലെയ്മാത്രെ (George Edward Lemaitre) 1929 ല്‍ മഹാവിസ്‌ഫോടന സിദ്ധാന്തം കൊണ്ടു വരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 1948 ല്‍ അലക്‌സാണ്ടര്‍ ഫ്രീഡ്മാന്റെ ശിഷ്യനായ ജോര്‍ജ് ഗാമോവ് ലെയ്മാത്രെയുടെ മഹാവിസ്‌ഫോടന സിദ്ധാന്തത്തെ പിന്താങ്ങിക്കൊണ്ട് പ്രപഞ്ച ഉല്‍പ്പത്തിയില്‍ മൂലകങ്ങള്‍ ഉണ്ടാവുന്നു എന്ന ആശയം മുന്നോട്ടു വെച്ചു. മഹാവിസ്‌ഫോടന സിദ്ധാന്തം അഥവാ ബിംഗ് ബാംഗ് തിയ്യറി മുന്നോട്ട്‌വെക്കുന്ന സുപ്രധാനമായ ആശയങ്ങളിലൊന്നാണ് പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നു എന്നത്.

തുടക്കമുള്ള എന്തിനും ഒരു തുടക്കക്കാരന്‍ ആവശ്യമാണ് എന്നത് തത്ത്വചിന്തയിലെ (philosophy) ഒരു അടിസ്ഥാന ആശയമാണ് എന്നതുപോലെ സാമാന്യയുക്തിയുടെയും ബുദ്ധിയുടെയും വിധിയുമാണ്. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട് എന്നത് യഥാര്‍ത്ഥത്തില്‍ മതങ്ങള്‍ മുന്നോട്ട് വെച്ച ഒരു ആശയമാണ്.(3) ഈയൊരു ആശയം ശാസ്ത്രത്തിന്റെ പദാവലികളിലൂടെ പുറത്തു വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് പ്രപഞ്ചത്തിന് ഒരു തുടക്കക്കാരന്‍ ആവശ്യമാണ് എന്ന വാദം ശാസ്ത്രീയമായി സ്ഥാപിക്കപ്പെടുന്നു എന്നതാണ്.

ഈ വസ്തുതകളെല്ലാം വളരെ നന്നായി മനസ്സിലാക്കിയവര്‍ തന്നെയായിരുന്നു ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഭൗതികവാദികള്‍. അതുകൊണ്ടു തന്നെ തുടക്കവും ഒടുക്കവുമില്ലാത്ത അനാദിയായ പ്രപഞ്ചം എന്ന ആശയത്തെ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി അവര്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു. ഇതിന്റെ അനന്തര ഫലമായിരുന്നു ഫ്രഡ് ഹോയില്‍, ഹെര്‍മന്‍ ബോണ്ടി, തോമസ് ഗോള്‍ഡ് എന്നിവര്‍ ചേര്‍ന്ന് 1948 ല്‍ മുന്നോട്ട് വെച്ച സ്ഥിരസ്ഥിതി സിദ്ധാന്തം അഥവാ സ്റ്റെഡിസ്റ്റെയിറ്റ് തിയറി.

പൊതു ആപേക്ഷികതാ സിദ്ധാന്തവുമായി ചേര്‍ന്നു പോവാത്ത പല ആശയങ്ങളും ഉള്‍ക്കൊള്ളുന്ന ഈ സിദ്ധാന്തം 22 വര്‍ഷക്കാലം വളരെയധികം വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായി നിന്നു. ഈ സ്ഥിരസ്ഥിതി സിദ്ധാന്തത്തിന്റെ പ്രവചനങ്ങളെ നിരീക്ഷണ വിധേയമാക്കിയവരില്‍ പ്രധാനിയാണ് ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ മാര്‍ട്ടിന്റണ്‍. അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ ഈ സിദ്ധാന്തത്തിനെതിരായിരുന്നു. മാത്രമല്ല 1965 ല്‍ ബെല്‍ ലബോറട്ടറീസിലെ അര്‍നോ പെന്‍സിയാസും റിച്ചാര്‍ഡ് വില്‍സണും നടത്തിയ നിരീക്ഷണത്തിലൂടെ കണ്ടുപിടിക്കപ്പെട്ട കോസ്മിക് മൈക്രോവേവ് ബാക്ക് ഗ്രൗണ്ട് റേഡിയേഷന്‍ (2.7 കെല്‍വിന്‍) വിസ്‌ഫോടന സിദ്ധാന്തത്തെ ശക്തമായി പിന്തുണയ്ക്കുന്ന ഒരു തെളിവായി മാറി.

ദൈവനിഷേധത്തിനും ഭൗതികവാദത്തിനും അനുഗുണമായ സൈദ്ധാന്തിക പരിസരമൊരുക്കിയെടുക്കാന്‍ വേണ്ടിയുള്ള തത്രപ്പാടുകളാണ് സ്ഥിരസ്ഥിതി സിദ്ധാന്തത്തെക്കുറിച്ചുള്ള ഗവേഷണങ്ങളിലേക്ക് നയിച്ചതെന്ന വസ്തുത അംഗീകരിക്കാന്‍ മതവിശ്വാസികളല്ലാത്ത ശാസ്ത്രജ്ഞര്‍ തന്നെ നിര്‍ബന്ധിതരായിട്ടുണ്ട്. ദൈവീകമായ ഇടപെടലിനുള്ള സാധ്യത നിലനില്‍ക്കുന്നതുകൊണ്ടും കത്തോലിക്കാസഭ ബിഗ് ബാംഗ് തിയറി അംഗീകരിച്ചതുകൊണ്ടും പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന ആശയത്തെ എതിര്‍ക്കാന്‍ പലരെയും പ്രേരിപ്പിച്ചതെന്ന് സ്റ്റീഫന്‍ ഹോക്കിങ് നിരീക്ഷിക്കുന്നുണ്ട്.(4)

പ്രപഞ്ചത്തിന്റെ തുടക്കം എന്ന ആശയത്തെ അഭിമുഖീകരിക്കുവാന്‍ ഭൗതികവാദികള്‍ക്ക് ഇന്നും ഭയമാണ്. ഈ ആധുനിക കാലഘട്ടത്തിലും അവര്‍ എഴുതുന്നത് കാണുക ”പേരു കേട്ട ശാസ്ത്രജ്ഞന്മാര്‍ പോലും ഈ ചോദ്യം-പ്രപഞ്ചം എന്നുണ്ടായി ? – ചോദിക്കുന്നു. അത് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് എവിടെയാണെന്നോ? കൂടെപ്പിറപ്പായ മറ്റൊരു ചോദ്യത്തില്‍. പ്രപഞ്ചം സൃഷ്ടിച്ചതാരാണ്? ഈശ്വരന്‍ എന്നല്ലാതെ മറ്റൊരുത്തരവും ആര്‍ക്കും കൊടുക്കാന്‍ സാധിക്കില്ല, അങ്ങനെ അര്‍ത്ഥമില്ലാത്ത ഒരു ചോദ്യം ചോദിച്ച് അര്‍ത്ഥമില്ലാത്ത ഒരു ഉത്തരവും കിട്ടി.(5) മറ്റൊരു ഭൗതികവാദി എഴുതുന്നതു കാണുക.

”പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതല്ല. പ്രപഞ്ചം എന്നും ഉണ്ടായിരുന്നു. ഇനി എന്നും ഉണ്ടായിരിക്കുകയും ചെയ്യും. പ്രപഞ്ചത്തിന്റെ വലിപ്പം അനന്തമാണെന്നതുപോലെ പ്രപഞ്ചത്തിന്റെ പ്രായവും അനന്തമാണ്. പ്രപഞ്ചത്തിന് തുടക്കമോ അവസാനമോ ഇല്ല.”(6)

”പ്രപഞ്ചത്തിന് ആദിയില്ല. പ്രപഞ്ചത്തിന് അന്ത്യമില്ല പ്രപഞ്ചം ഒരു കാലത്തും സൃഷ്ടിക്കപ്പെട്ടതല്ല. പ്രപഞ്ചം എന്നു ഉണ്ടായിരുന്നു. പ്രപഞ്ചം ഒരിക്കലും അവസാനിക്കില്ല.”(7) ഭൗതിക പ്രത്യയ ശാസ്ത്രത്തിനനുസൃതമായി ശാസ്ത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തതാണ് ഇത്തരത്തിലുള്ള അബദ്ധപ്രസ്താവനകളിലേക്ക് ഇവരെ നയിച്ചതെന്ന് വളരെ വ്യക്തമാണ്. ആധുനിക ശാസ്ത്രമാകട്ടെ പ്രപഞ്ചത്തിന് ഒരു ഉല്‍ഭവമുണ്ടെന്ന് വളരെ വ്യക്തമായി സമര്‍ത്ഥിക്കുന്നു എന്നതാണ് വസ്തുത.(8) ഐന്‍സ്റ്റൈന്റെ പൊതുആപേക്ഷികതാ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി മുന്നോട്ട് വെച്ച മൂന്നു പ്രപഞ്ച മാത്രൃകകളും പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട് എന്ന ആശയത്തില്‍ അധിഷ്ഠിതമാണ്.

സമയത്തിലൂടെ നമ്മള്‍ പിന്നോട്ടുപോവുമ്പോള്‍ പ്രപഞ്ചോല്‍പ്പത്തി നടന്ന ഒരു ബിന്ദുവില്‍ (t=0) നമ്മള്‍ എത്തിച്ചേരും. പക്ഷെ ഈ ബിന്ദുവിന് അസാമാന്യമായ ചില പ്രത്യേകതകളുണ്ടെന്നാണ് ശാസ്ത്രം നമ്മോട് പറയുന്നത്. ‘അനന്തത’ എന്ന ആശയം ഇവിടെ കടന്നു വരുന്നു എന്നതാണ് ശാസ്ത്രജ്ഞര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. നമുക്കറിയാം നൂറു ഡിഗ്രി ഊഷ്മാവുള്ള ജലത്തിലേക്ക് എത്ര താപോര്‍ജ്ജം നല്‍കിയാലും അതിന്റെ ഊഷ്മാവ് നൂറ്റി ഒന്ന് ഡിഗ്രിയാക്കി മാറ്റാന്‍ നമുക്ക് കഴിയില്ല. അതായത് നൂറ് ഡിഗ്രിയുള്ള ജലത്തിന്റെ വിശിഷ്ട താപധാരിത (specific heat capacity) എന്നത് ‘അനന്തത’ (infinity) ആണെന്ന് അര്‍ത്ഥം. സാധാരണ സംഖ്യകളെപ്പോലെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല ഒരു ഗണിത ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം അനന്തത. പ്രപഞ്ചത്തിന്റെ ഉത്ഭവ ബിന്ദു സ്ഥിതി ചെയ്തത് അനന്തസാന്ദ്രതയില്‍ ആയിരുന്നുവെന്നും തല്‍സമയത്തുള്ള സ്ഥല കാലവക്രത (space time currature) അനന്തമായിരുന്നുവെന്നും സ്റ്റീഫന്‍ ഹോക്കിങ്, റോജര്‍ പെൻറോസ് എന്നീ ശാസ്ത്രജ്ഞര്‍ പൊതു ആപേക്ഷികസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കുകയുണ്ടായി.(9) സിങ്കുലാരിറ്റി (singularity) എന്ന പേരില്‍ അറിയപ്പെടുന്ന ബിന്ദുവില്‍ ശാസ്ത്രനിയമങ്ങളും സമീകരണങ്ങളും തകര്‍ന്ന് തരിപ്പണമാവുന്നു എന്നതാണവസ്ഥ. അപ്പോള്‍ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തം നമ്മോട് പറയുന്നത് പ്രപഞ്ചത്തിന്റെ ഉല്‍ഭവബിന്ദുവിനെക്കുറിച്ച് മനസ്സിലാക്കാന്‍ പോലും നമുക്ക് കഴിയില്ല എന്നാണ്. അതുകൊണ്ടാണ് സിങ്കുലാരിറ്റി, ബിംഗ് ബാംഗ് തുടങ്ങിയവ വിഷയങ്ങളില്‍ നിന്ന് ആധ്യാത്മികപ്രശ്‌നങ്ങളിലേക്കുള്ള ദൂരം കുറവാണെന്ന് സ്റ്റാന്‍ഫഡിലെ പ്രപഞ്ചതത്വശാസാത്രജ്ഞന്‍ ഡോ: ആന്‍ഡ്രേയ് ലിന്‍ഡേ അഭിപ്രായപ്പെട്ടത്.(10) പ്രപഞ്ചത്തിന്റെ ആരംഭത്തിന്റെ ആരംഭം എങ്ങനെയായിരുന്നു എന്ന ചോദ്യം ഭൗതികശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്‌നമൊന്നുമല്ല(11) എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ഭൗതികവാദികള്‍ നിര്‍ബന്ധിതരാവുന്നതിന്റെ കാരണം നമുക്ക് എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും.

(തുടരും)

reference

(1) W.C. Dampier A history of science page 13.

(2) ന്യൂട്ടണും പ്രിന്‍സിപ്പിയയും- പ്രൊഫ: പി.സി.കെ നമ്പൂതിരിപ്പാട് പേജ് 29. (കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരണം)

(3) A brief history of time- page 8-stephen hawking.

(4) Ibid-page 50.

(5) മാര്‍ക്‌സിസം ഒരു പാഠപുസ്തകം – എം.പി.പരമേശ്വരന്‍ – പേജ് 128.

(6) പി.ആര്‍.മാധവപ്പണിക്കര്‍ ‘സമയന്തായി’-കേരള ശാസ്ത്രസാഹിത്യപരിഷത്ത് 1980 – പേജ് 58.

(7) ‘ബ്രഹ്മാണ്ഡത്തിന്റെ കഥ’ – പി.ആര്‍ മാധവപ്പണിക്കര്‍ ശാസ്ത്രസാഹിത്യപരിഷത്ത് – പേജ് 94.

(8) ‘Creation of the universe’ – George Gamow – Benthan books USA (1965).

Encyclopaedia of science and Technologe – Mac Graw Hill Vol-3 page 565.

(9) A brief history of time – Hawking – page 140.

(10) Newyork times, Before the big bang – there was……what: 2001 May 22 page F1.

(11) നമ്മുടെ പ്രപഞ്ചം – Dr.N.shaji page 89.

print

1 Comment

  • Sameer’s article is excellent. Scientific approach is used well. Lucid writing. Congratulations. Keep up your analytical writing. May Allah bless you.

    Kabeer Husain 12.07.2023

Leave a comment

Your email address will not be published.