നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 5

//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 5
//നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 5
ആനുകാലികം

നവനാസ്തികതയെന്നാൽ യുക്തിവാദമല്ല! – 5

മതനിഷ്കാസനത്തിന് ഒരു ഫോർമുല

ബുദ്ധിപരവും കായികവുമായ പരിശ്രമങ്ങൾ വഴി മതത്തെ നിഷ്കാസനം ചെയ്യാൻ പരമാവധി പരിശ്രമിച്ച ക്ലാസിക്കൽ ഭൗതികവാദികൾക്കൊന്നും വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വസ്തുതയിൽ നിന്ന് പാഠമുൾക്കൊണ്ടുകൊണ്ടാണെന്ന് തോന്നുന്നു, നവനാസ്തികതയുടെ നാലാമത്തെ കുതിരക്കാരൻ മതത്തിന്റെ ജീവശാസ്ത്രപരമായ കാരണങ്ങൾ കണ്ടെത്തിയാൽ അതിനെ നശിപ്പിക്കുവാനാകുമെന്ന ദിവാസ്വപ്നം കാണുകയും അതിനു വേണ്ടി പുസ്തകമെഴുതുകയും ചെയ്തത്. അമേരിക്കയിൽ ടഫ്‌സ് സർവകലാശാലയിലെ തത്വശാസ്ത്രാധ്യാപകനായ ഡാനിയൽ ഡെന്നട്ട് എഴുതിയ ‘ആഭിചാരത്തിന്റെ നിർമ്മൂലനം; മതം ഒരു പ്രകൃതി പ്രതിഭാസമെന്ന നിലയിൽ’ (Breaking the Spell: Religion as a Natural Phenomenon) എന്ന പുസ്തകം(24) അവകാശപ്പെടുന്നത് മതത്തിന്റെ ഉൽപത്തിക്ക് പിന്നിലുള്ള പ്രകൃതിപരമായ രഹസ്യങ്ങളെ  അനാവരണം ചെയ്യുന്നതാണത് എന്നാണെങ്കിലും പ്രസ്തുത അവകാശവാദം കഴമ്പില്ലാത്തതാണെന്ന് നാനൂറിലധികം വരുന്ന പുസ്തകത്തിന്റെ താളുകളിലൂടെ സഞ്ചരിക്കുന്നവർക്കെല്ലാം ബോധ്യപ്പെടും.

പുസ്തകം വായിക്കുന്ന മതവിശ്വാസികൾക്ക് മനംമാറ്റമുണ്ടായി മതത്തിൽ നിന്ന് പുറത്തുവരാൻ മാത്രം ശക്തമാണ് തന്റെ വാദങ്ങളെന്ന് ഈ തത്വജ്ഞാനിക്ക് തോന്നുന്നുണ്ടെങ്കിലും ചരിത്രവിശകലനം ചെയ്ത പഴയ ഭൗതികവാദികളിൽ നിന്ന് വ്യത്യസ്തമായ പുതിയ അറിവുകളൊന്നും തന്നെ ഈ പുസ്തകത്തിൽ നിന്ന് ലഭിക്കുന്നില്ല. പ്രകൃതിപ്രതിഭാസങ്ങളെ വ്യക്തിവൽക്കരിച്ചതാണ് മതബോധത്തിന്റെ പ്രാഗ്‌രൂപമെന്ന് സമർത്ഥിക്കുന്ന പ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനായ (philologist) മാക്സ് മുള്ളറും(25) ആദിവാസിസമൂഹങ്ങളിലെ ഭൂതപ്രേതവിശ്വാസത്തിലൂടെയാണ് മതം രൂപം പ്രാപിച്ചതെന്ന് സ്ഥാപിക്കാൻ ഭൂതോപാസകരായ ഭിൽ ആദിവാസികളെക്കുറിച്ച് പഠിച്ച ഇംഗ്ലീഷ് നരവംശശാസ്ത്രജ്ഞനായ ഹെർബെർട് സ്പെൻസറും(26) മരണപ്പെട്ടവരുടെ ആത്മാവിലുള്ള വിശ്വാസം വഴി അവരെ സംപ്രീതിപ്പെടുത്താനുള്ള  ശ്രമത്തിൽ നിന്നാണ് മതത്തിന്റെ ബീജങ്ങൾ മുളച്ചതെന്ന ആനിമിസത്തിനുള്ള (animism) തെളിവുകൾ നിരത്തുന്ന സാംസ്കാരിക നരവംശശാസ്ത്രത്തിന്റെ (cultural anthropology) സ്ഥാപകനായ സർ എഡ്‌വേഡ്‌ ബർനേട്ട് ടെയ്‌ലറും(27) ശിശുവായിരിക്കുമ്പോൾ രൂപപ്പെടുന്ന  ശക്തമായ പിതൃഭാവനയിൽ നിന്ന് തുടങ്ങുന്ന ഒരു തരം മിഥ്യാഭ്രമത്തിൽ നിന്നുണ്ടാവുന്ന മാനവരാശിയുടെ ഞരമ്പുരോഗമാണ് മതമെന്ന് തന്റെ ‘ഒരു മിഥ്യാഭ്രമത്തിന്റെ ഭാവി'( The Future of An Illusion)(28) ‘മോശയും ഏകദൈവവിശ്വാസവും’(Moses and Monotheism)(29) എന്നീ പുസ്തകങ്ങളിലൂടെ സമർത്ഥിക്കുന്ന മാനസികാപഗ്രഥനത്തിന്റെ (psychoanalysis) പിതാവ് എന്നറിയപ്പെടുന്ന സിഗ്‌മണ്ട് ഫ്രോയ്‌ഡുമെല്ലാം പരിശ്രമിച്ച് പരാജയപ്പെട്ട മേഖലയിൽ കാര്യമായ ഒരു പുരോഗതിയുമുണ്ടാക്കാൻ ഡെന്നെട്ടിന് കഴിയുന്നില്ല. അങ്ങനെയാണെങ്കിലും മതവിശ്വാസികളെ മുഴുവൻ തന്റെ ഗവേഷണങ്ങൾ  പ്രകമ്പനം കൊള്ളിക്കുമെന്നും അവർ പലരും മതം വിട്ടു പുറത്തുവരുമെന്നും അദ്ദേഹം പ്രതീക്ഷ പുലർത്തുന്നുണ്ട്!! ദൈവനിഷേധികളെ ‘സമർത്ഥന്മാർ’ (bright) എന്ന് വിളിക്കുകയും ലോകത്തെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്യണമെന്ന് പരസ്യമായെഴുതി(30) തന്റെ വ്യക്തിത്വം എങ്ങനെയുള്ളതാണെന്നും തന്റെ സ്വയംബോധം എത്രത്തോളം വികലമാണെന്നും വ്യക്തമാക്കിയയാളാണ് ഈ ബുദ്ധിജീവിയെന്നു കൂടി മനസ്സിലാക്കുമ്പോഴാണ് നവനാസ്തികരുടെ യുക്തിനിലവാരം എത്രത്തോളമാണെന്ന് ഒരാൾക്ക് ബോധ്യപ്പെടുക.

വേണ്ടത്ര വിവരമില്ലാത്ത വിഷയങ്ങളിളെല്ലാം തങ്ങൾക്ക് തോന്നിയ രൂപത്തിൽ അഭിപ്രായം പറയുകയും  തങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്നു കൂടി  വാശിപിടിക്കുകയും അതല്ലാത്തതിനെയെല്ലാം കളിയാക്കുകയും ചെയ്യുന്നതിന് പുതിയകാല നിരീശ്വരന്മാരെല്ലാം മാതൃകയാക്കുന്നത്‌ ഡാനിയൽ ഡെന്നറ്റിനെയാണെന്ന് തോന്നുന്നു; നവനാസ്തികതയുടെ ഉദയത്തിനു മുൻപ് പരിണാമവാദത്തെക്കുറിച്ച് അദ്ദേഹമെഴുതിയ ‘ഡാർവിന്റെ അപകടകരമായ ആശയം: പരിണാമവും ജീവിതത്തിന്റെ അർത്ഥങ്ങളും’ (Darwin’s Dangerous Idea: Evolution and the Meanings of Life) എന്ന പുസ്തകത്തിന്റെ(31) ഏറ്റവും വലിയ വിമർശകനായിത്തീർന്നത് അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ പരിണാമവാദിയായത് തങ്ങൾക്കറിയാത്തതെല്ലാം വിമർശിക്കുകയും എന്തെങ്കിലുമെല്ലാം അഭിപ്രായം പറഞ്ഞ് ആളാവുകയും ചെയ്യുകയെന്ന ഭൗതികവാദികളുടെ പൊതുസ്വഭാവം അദ്ദേഹത്തിനും ഉള്ളതുകൊണ്ടായിരിക്കണമല്ലോ. പ്രകൃതിനിർധാരണത്തിനപ്പുറത്തുള്ള പരിണാമവാദസിദ്ധാന്തങ്ങളെപ്പറ്റി കാര്യമായൊന്നും അറിയാത്ത ഡെന്നറ്റെന്തിനാണ് ഡാർവിനെ വിശദീകരിക്കുന്ന തന്റെ സിദ്ധാന്തത്തെ മോശമായി ചിത്രീകരിക്കുകയും കളിയാക്കുകയും പരിഹാസപ്പേരുകളാൽ ആക്ഷേപിക്കുകയും ചെയ്യുന്നതെന്ന് സ്റ്റീഫൻ ജെ  ഗോൾഡ് ചോദിക്കുന്നത് ആശ്ചര്യത്തോടെയാണ്.(32) ഫോസിൽ തെളിവുകളിലൂടെ സ്ഥാപിക്കാനാവാതെ പ്രയാസപ്പെടുന്ന പരിണാമവാദത്തെ താങ്ങിനിർത്തുന്നത്തിനു വേണ്ടി ‘അടയാളപ്പെടുത്തപ്പെടുന്ന സന്തുലിതാവസ്ഥ’ (punctuated equilibrium) എന്ന സിദ്ധാന്തമുണ്ടാക്കി ലോകമെങ്ങുമുള്ള ഭൗതികവാദികളുടെ ഇഷ്ടക്കാരനായി മാറിയ ഗോൾഡു പോലും ഇങ്ങനെ ചോദിക്കുമ്പോൾ മതവിമർശനത്തിന്റെ കാര്യത്തിൽ മാത്രമല്ല നാസ്തികർ തങ്ങൾക്കറിയാത്ത വിഷയങ്ങളെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നതെന്നും അതവരുടെ സ്വഭാവത്തിൽ ഊട്ടപ്പെട്ടതാണെന്നുമാണ് മനസ്സിലാക്കിത്തരുന്നത്.

തന്റെ സിദ്ധാന്തത്തെ  പൂർണമായി പഠിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ തനിക്കില്ലാത്ത ആശയങ്ങൾ തന്റെ പേരിൽ കെട്ടിവെച്ച് വിമർശിക്കുകയും കുത്തുവാക്കുകളുപയോഗിച്ച് തന്നെ കൊച്ചാക്കാൻ ശ്രമിക്കുകയുമാണ് ഡെന്നറ്റ് ചെയ്യുന്നതെന്ന ഗോൾഡിന്റെ വിലാപം  കാണുമ്പോൾ സഹതാപമാണ് തോന്നുക. മതവിമർശകരായ  നാസ്തികരുടെയെല്ലാം പൊതുസ്വഭാവമാണ് അതെന്ന വസ്തുത ഭൗതികവാദിയെങ്കിലും ശാസ്ത്രലോകത്ത് മാത്രം വിഹരിക്കുന്ന ഗോൾഡിനറിയില്ലല്ലോയെന്ന സഹതാപം! മതവിഷയങ്ങൾ മനസ്സിലാക്കേണ്ട ക്രമത്തിൽ മനസ്സിലാക്കാതെ മതത്തെ യുക്തിവിരുദ്ധമെന്ന് ആക്ഷേപിക്കുന്നവർ സ്വന്തം രംഗമെന്ന് ആണയിടുന്ന ശാസ്ത്രരംഗത്തും അതേ രീതി തന്നെ തുടർന്നാൽ അല്പം യുക്തിബോധമുള്ള ഭൗതികവാദികൾക്കു പോലും അത് ഉൾക്കൊള്ളാൻ കഴിയില്ലെന്ന സത്യവും ഗോൾഡിന്റെ വിലാപത്തിൽ നിന്ന് മനസ്സിലാക്കാം.

ഒരു ഉപകാരവുമില്ലാത്തതാണ് മതമെങ്കിൽ പിന്നെയെന്തുകൊണ്ട് അത് നില നിൽക്കുന്നുവെന്ന ഭൗതികവാദികളെ അലോസരപ്പെടുത്തുന്ന പ്രശ്നത്തിന് തൃപ്തികരമായ വിശദീകരണം കണ്ടെത്താൻ വേണ്ടിയാണ് മാതോൽപ്പത്തിയുടെ പ്രകൃതിപരസിദ്ധാന്തം ഡെന്നറ്റ് അവതരിപ്പിക്കുന്നത്. ലാൻസെറ്റ് ലിവർ ഫ്ലൂക്‌ (Lancet liver fluke) എന്ന പരാദം അതിനെക്കുറിച്ച് അറിയാതെ അതുള്ള ഒച്ചുദ്രാവകകുമിളകൾ ഭക്ഷിക്കുന്ന ഉറുമ്പിനകത്തെത്തുകയും ഉറുമ്പിനെ നിയന്ത്രിച്ച് അതിന് പെറ്റു പെരുകാൻ കഴിയുന്ന ജന്തുക്കൾക്ക് തിന്നാൻ പറ്റുന്ന പാകത്തിൽ പുല്ലിലകളിലേക്ക് കയറാൻ പ്രേരിപ്പിക്കുകയും ഉറുമ്പിന്റെ ജീവൻ അപകടത്തിലാവുന്നതെങ്കിലും പ്രസ്തുത കർമം ചെയ്യാൻ അതിനെ സന്നദ്ധമാക്കുന്നതിൽ നിന്ന് ഉറുമ്പിനെ തടയുന്ന ഉല്പരിവർത്തങ്ങളൊന്നുമില്ലാതെ ലക്ഷക്കണക്കിന് വർഷങ്ങളായി ഉറുമ്പ് നില നിന്നതുപോലെയാണ് മനുഷ്യസമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത മതം സമൂഹത്തിൽ നിലനിൽക്കുന്നത് എന്ന് സമർത്ഥിച്ചുകൊണ്ടാരംഭിക്കുന്ന ‘പണ്ടോരയുടെ പെട്ടി തുറക്കൽ’ (Opening Pandora’s Box) എന്ന ഒന്നാം ഭാഗം മുതൽ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായി മതങ്ങളെ എങ്ങനെയില്ലാതെയാക്കാം എന്ന് വിശദീകരിക്കുന്ന ‘മതം ഇന്ന്‌’ (Religion Today) എന്ന മൂന്നാം ഭാഗം വരെയുള്ള പതിനൊന്ന് അധ്യായങ്ങളിലായി മതത്തിന്റെ ഉത്പത്തിയെയും നാശത്തെയും കുറിച്ച് നിരവധി കാര്യങ്ങൾ ഡെന്നട്ട് പറഞ്ഞു പോകുന്നുണ്ടെങ്കിലും ഒന്നും ശാസ്ത്രീയമായി സ്ഥാപിക്കുവാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ഇക്കാര്യം കോമില്ലാസ് യൂണിവേഴ്സിറ്റിയിലെ ചെയർ ഓഫ് സയൻസിലുള്ള ഗുല്ലെർമോ അർമേൻഗോൾ,(33) വേൾഡ് സോഷ്യലിസ്റ്റ് വെബ്സൈറ്റിലെ ജെയിംസ് ബ്രുക്ഫീൽഡ്,(34) പെൻസിൽവാലിയയിലുള്ള ഡിക്യുൻസെ യൂണിവേഴ്സിറ്റിയിലെ ചാൾസ് ടി റൂബിൻ,(35) ബ്രിട്ടീഷ് പത്രപ്രവർത്തകനായ ആൻഡ്രു ബ്രൗൺ(36) എന്നിവരെല്ലാം തെളിവുകൾ നിരത്തി സ്ഥാപിക്കുന്നുണ്ട്. ‘സ്വാർത്ഥിയായ ജീൻ’ (The Selfish Gene) എന്ന തന്റെ ഗ്രൻഥത്തിലൂടെ(37) റിച്ചാർഡ് ഡോക്കിൻസ് 1976 ൽ മുന്നോട്ടു വെച്ച മീം സിദ്ധാന്തത്തിന്റെ (Meme theory) അടിസ്ഥാനത്തിൽ മതത്തിന്റെ ഉത്പത്തിയെക്കുറിച്ച് വിശദീകരിക്കുവാൻ ശ്രമിക്കുകയാണ് ഡാനിയൽ ഡെന്നട്ട് ചെയ്യുന്നത്. മീമുകളെക്കുറിച്ച തന്റെ നിഗമനങ്ങൾ മുഴുവൻ ഡോക്കിൻസ് പടുത്തുയർത്തിയിരിക്കുന്നത് വസ്തുനിഷ്ഠമായി തെളിയിക്കുവാൻ കഴിയാത്ത മീമുകൾ നില നിൽക്കുന്നുണ്ട് എന്ന സങ്കല്പത്തിലാണ്. പാരമ്പര്യസ്വഭാവങ്ങൾ അടുത്ത തലമുറയിലേക്ക് പകരുന്ന ജീനുകളെപ്പോലെ സാംസ്കാരിക സവിഷേതകൾ പകരുന്നത് മീമുകളിലൂടെയാണെന്നാണ് ഡോക്കിൻസ് സങ്കൽപ്പിക്കുന്നത്. ജൈവികമായ അസ്തിത്വമുള്ള ജീനുകളെപ്പോലെയുള്ളത് എന്ന് പറഞ്ഞു പോവുകയല്ലാതെ സംസ്‌കാരത്തിന്റെ കൈമാറ്റക്കാരായി സങ്കല്പിച്ചിരിക്കുന്ന മീമുകളുടെ അസ്തിത്വം സ്ഥാപിക്കുകയോ സ്ഥാപിക്കുവാൻ എന്ത് മാർഗ്ഗമുണ്ടെന്ന് കൃത്യമായി വിശദീകരിക്കുകയോ ചെയ്യാൻ സിദ്ധാന്തമുണ്ടാക്കിയ ഡോക്കിൻസിനോ അതുപയോഗിച്ച് മതോല്പത്തി വിശദീകരിക്കാൻ ശ്രമിക്കുന്ന ഡെന്നട്ടിനോ കഴിയുന്നില്ല. സാങ്കല്പിക കഥകളുടെ മാത്രം നിലവാരമുള്ളതാണ് ഡെന്നട്ട് ഉപയോഗിക്കുന്ന പല തെളിവുകളും. ദൈവവും പരലോകവുമെല്ലാം സാങ്കല്പികമാണെന്ന് സ്ഥാപിക്കുന്നതോടെ അടഞ്ഞുപോകുന്നതാണ് നവനാസ്തികരുടെ യുക്തിബോധം എന്ന വസ്തുതയാണ് മാതോല്പാത്തി വിശദീകരിക്കാൻ അദ്ദേഹമുപയോഗിച്ച സാങ്കല്പികഭൂമികകൾ വ്യക്തമാക്കുന്നത്.

കൈമാറ്റം ചെയ്യപ്പെടുന്ന തമാശയെ ഒരു മീം ആയി കണക്കാക്കാം. ഒരാൾ കേൾക്കുകയും മറന്നു പോവുകയും ചെയ്യുന്ന തമാശ ഉപകാരപ്രദമല്ലാത്ത മീമും, ഓർക്കുകയും മറ്റൊരാൾക്ക് കൈമാറുകയും ചെയ്യുമ്പോൾ അത് ഉപകാരമുള്ള മീമുമായിത്തീരുന്നു. കൂടുതൽ പേരിലേക്ക് കൈമാറ്റം ചെയ്യുക വഴി മീം കൂടുതൽ ശക്തമായിത്തീരുന്നു. വ്യക്തികളിലേക്കും ആൾക്കൂട്ടങ്ങളിലേക്കുമുള്ള കൈമാറ്റത്തിനിടയ്ക്ക് തമാശയിൽ ചിലപ്പോൾ അയാൾ കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നിരിക്കും. പ്രസ്തുത കൂട്ടിച്ചേർക്കലുകൾ കൂടുതൽ ചിരിക്കാൻ വകയുള്ളതോ അല്ലെകിൽ ചിരിപ്പിക്കാനുള്ള ശേഷി കുറഞ്ഞതോ ആക്കി തമാശയെ മാറ്റിയേക്കും. ജീനുകളിലുണ്ടാകുന്ന മ്യൂട്ടേഷനുകളെപ്പോലെയാണിത്. ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന മീമുകൾ ഒന്നുകിൽ അത് കൈമാറ്റം ചെയ്യുന്നവർക്ക് ഗുണദായകമോ (beneficial) അല്ലെങ്കിൽ ഒന്നും നൽകാത്തതോ (neutral) അതുമല്ലെങ്കിൽ ഉപദ്രവകരമോ (parasitic) ആയിരിക്കും. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഉപദ്രവകരമായ മീം ആയാണ് ഡെന്നട്ട് മതത്തെ വിലയിരുത്തുന്നതെങ്കിലും തന്റേത് അവസാന വാക്കല്ലെന്നും ഈ രംഗത്ത് കൂടുതൽ ഗവേഷണം വേണമെന്നും അദ്ദേഹം പറയുന്നുണ്ട്. മീമുകളെല്ലാം പൊതുവെ സ്വാർത്ഥമാണെങ്കിലും പ്രസ്തുത സ്വാർത്ഥത പലപ്പോഴും മാനവരാശിക്ക് ഗുണമുണ്ടാകുന്നതാണെന്ന് നിരീക്ഷിക്കുന്ന അദ്ദേഹം, പക്ഷെ  ശാസ്ത്രമുപയോഗിച്ച് തകർക്കപ്പെടേണ്ട അപകടകരമായ ആഭിചാരമാണ് മതമെന്ന മഹാവിപത്തിന്റെ മീം എന്ന തീർപ്പിലാണ് എത്തിച്ചേരുന്നത്. പ്രസ്തുത തീർപ്പോടു കൂടി നവനാസ്തികരുടെയെല്ലാം ഉള്ളിലുള്ള സാംസ്കാരിക ഫാഷിസത്തിന്റെ ഉറഞ്ഞു തുള്ളലാണ് ഡെന്നട്ട്കൃതിയിലും നാം കാണുന്നത്.

ഉപകാരമൊന്നുമില്ലാത്തതും ഉപദ്രവകരവുമാണ് മതമെന്ന മീം എന്ന തീർപ്പിലെത്തിയ ഡെന്നട്ടിന് പിന്നെ ചിന്തക്കാനുള്ളത് അതിന്റെ കെടുതിയിൽ നിന്ന് ഭാവിമനുഷ്യരെയെങ്കിലും എങ്ങനെ രക്ഷിക്കാൻ കഴിയുമെന്ന് ചിന്തിക്കുകയാണ് ! സോവിയറ്റ് യൂണിയനിലേതു പോലെ നിർമ്മൂലനത്തിലൂടെയുള്ള മതനിഷ്കാസനത്തിൽ തനിക്ക് താല്പര്യമില്ല എന്ന് പറയുമ്പോൾ തന്റെ സിദ്ധാന്തത്തിന് ആധാരമായ പ്രത്യയങ്ങളെ താൻ തന്നെ ആക്രമിക്കുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നില്ല. ഉപദ്രവകരമാണ് മതമെന്ന മീം എന്ന തീർപ്പിന് ഡെന്നട്ട് ഉപയോഗിക്കുന്നത് മതം ചെയ്തതായി അദ്ദേഹം കരുതുന്ന ക്രൂരതകളാണ്. മതനിഷ്കാസനത്തിന് എന്ന പേരിൽ ശുദ്ധഭൗതികവാദികളും അവയ്ക്ക് തത്തുല്യമായ ക്രൂരതകൾ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നതോടെ മതമീമിനെപ്പോലെത്തന്നെ അപകടകാരിയാണ് ഭൗതികവാദവുമെന്ന് സമ്മതിക്കുകയാണ് യഥാർത്ഥത്തിൽ താൻ ചെയ്യുന്നതെങ്കിലും അദ്ദേഹത്തിന് അത് മനസ്സിലാകുന്നില്ല.

മതമീമിൽ നിന്ന് ഭാവി തലമുറയെ രക്ഷിക്കണമെങ്കിൽ അത് സംപ്രേക്ഷണം ചെയ്യുന്നത് നിരോധിക്കുകയാണ് വേണ്ടത് എന്ന ഡെന്നറ്റിന്റെ പക്ഷം മതനിരപേക്ഷവും അപകടരഹിതവുമാണെന്ന് കരുതുന്നവർക്ക് തെറ്റി. മാതാപിതാക്കളെ മതപരമായ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്ന് വിലക്കുകയാണ് മതമീം സംപ്രേക്ഷണം ചെയ്യപ്പെടാതിരിക്കുവാൻ ആദ്യമായി വേണ്ടതെന്ന ഡെന്നട്ടിന്റെ അഭിപ്രായം ഒരു ഒരുവിധം എല്ലാ നവനാസ്തികർക്കുമുണ്ട്. റിച്ചാർഡ് ഡോക്കിൻസ് തന്റെ ‘ദൈവവിഭ്രാന്തി’യിൽ മതപാഠങ്ങൾ പഠിപ്പിക്കുന്നത് കുറ്റകരമാണെന്ന് സ്ഥാപിക്കുവാൻ നിരവധി പുറങ്ങൾ നീക്കിവെച്ചിട്ടുണ്ട്. കുട്ടികൾ വലുതായ ശേഷം മതങ്ങളെക്കുറിച്ചെല്ലാം പഠിച്ച ശേഷം വേണമെങ്കിൽ മതം സ്വീകരിച്ച് കൊള്ളട്ടെയെന്ന ഉപദേശം കേൾക്കാൻ രസമുള്ളതാണെങ്കിലും അതിനുള്ളിലുള്ളത് ഉഗ്രശേഷിയുള്ള പാഷാണമാണ്. ചെറുപ്പത്തിൽ മതം പഠിപ്പിക്കാൻ പാടില്ലെന്ന് പറയുന്നവർ തന്നെയാണ് ശക്തമായ ഭാഷയിൽ പരിണാമവാദം കരിക്കുലത്തിന്റെ ഭാഗമാക്കണമെന്നും ലൈംഗികവിദ്യാഭ്യാസം നിർബന്ധമാക്കണമെന്നും വാചാലമാകുന്നത് എന്ന് കൂടി നാം മനസ്സിലാക്കണം. ജീവപരിണാമത്തിന്റെ മറവിൽ ദൈവനിഷേധവും ലൈംഗികവിദ്യാഭ്യാസത്തിന്റെ പേരിൽ മൂല്യനിഷേധവും കരിക്കുലത്തിന്റെ ഭാഗമായിത്തന്നെ എല്ലാവരുടെയും മക്കളെ പഠിപ്പിക്കണമെന്ന് വാശി പിടിക്കുകയും മൂല്യബോധത്തിന്റെ ആധാരമായി രക്ഷിതാക്കൾ മനസ്സിലാക്കുന്ന മതം സ്വന്തം മക്കളെ പഠിപ്പിക്കുവാൻ അവർക്ക് സ്വാതന്ത്ര്യം നൽകരുതെന്ന് വാദിക്കുകയും ചെയ്യുന്നതിനാണ് പച്ചയായ സാംസ്കാരിക ഫാഷിസം എന്ന് പറയുക. നവനാസ്തികതയെന്ന കൾട്ടിനകത്ത്  ഈ ഫാഷിസമാണ് സ്വാതന്ത്രചിന്തയും മതനിരപേക്ഷതയുമെല്ലാം ആയി വാഴ്ത്തപ്പെടുന്നത് എന്നതാണ് വിചിത്രം !

തന്റെ മതോല്പത്തിസിദ്ധാന്തത്തിൽ നിന്ന് തുടങ്ങി കൂടുതൽ പഠനങ്ങൾ നടത്തി ശാസ്ത്രജ്ഞർ കൂടുതൽ നല്ല സിദ്ധാന്തങ്ങളുണ്ടാക്കുകയും അങ്ങനെ മതവിനാശത്തിന് സൈദ്ധാന്തികമായ നട്ടെല്ലുണ്ടാക്കുകയും ചെയ്യണമെന്നുമുള്ള ഡാനിയൽ ഡെന്നറ്റിന്റെ പരിണാമ-മനഃശാസ്ത്രജ്ഞരോടുള്ള ഉപദേശം കേട്ടാൽ അദ്ദേഹമാണ് മതവിനാശം സ്വപ്നം കണ്ടുകൊണ്ടുള്ള സിദ്ധാന്തങ്ങൾ ആദ്യമായി ഉണ്ടാക്കുന്നതെന്ന് തോന്നിപ്പോകും. മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്സ്(38) പറഞ്ഞ മതം നില നിൽക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുകയാണ് വേണ്ടതെന്ന ലെനിന്റെ(39) അഭിപ്രായത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മാതോല്പത്തിയെ ഭൗതികമായി വ്യാഖ്യാനിക്കുവാനും അങ്ങനെ മതം ഉണ്ടായ സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുവാനും വേണ്ടിയുള്ള പരിശ്രങ്ങൾ കമ്മ്യൂണിസ്റ് ചരിത്രഗവേഷകരിൽ നിന്നും വളരെ മുമ്പേ ഉണ്ടായിട്ടുണ്ട്. ആസ്ത്രേലിയക്കാരനായ മാർക്സിയൻ പുരാവസ്തുശാസ്ത്രജ്ഞൻ ഗോർഡൻ ചൈൽഡ് എഴുതിയ ഇരുപത്തിയാറ് പുസ്തകങ്ങളിൽ പ്രധാനപ്പെട്ട ‘മനുഷ്യൻ സ്വയം നിർമിക്കുന്നു’ (Man Makes Himself(40) ‘ചരിത്രത്തിൽ എന്ത് സംഭവിച്ചു’? (What Happened in History)(41) എന്നിവയുടെ പ്രധാന പ്രമേയം മതമടക്കമുള്ള സാമൂഹ്യസ്ഥാപനങ്ങൾ എങ്ങനെ വളർന്നു വന്നുവെന്നതിന്റെ ഭൗതികവാദപരമായ അപഗ്രഥനമാണ്. മാർക്സിയൻ പഠനങ്ങളോടുള്ള സാമ്രാജ്യത്വത്തിന്റെ വിരോധം കൊണ്ടാണോ, അതല്ല പരാജയപ്പെട്ട മാതോല്പാത്തി സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നതിനുള്ള വിമുഖതകൊണ്ടാണോ എന്നറിയില്ല, തന്റെ മുൻഗാമികളുടെ ഇത്തരം പഠനങ്ങളൊന്നും കണ്ടതായിപ്പോലും ഡെന്നട്ട് നടിക്കുന്നില്ല. അവയുടെ പരാജയത്തിൽ നിന്ന് പഠിക്കേണ്ട പാഠമെങ്കിലും അദ്ദേഹം പഠിച്ചിരുന്നെങ്കിൽ!!

തന്റെ മേഖലയായ പുരാവസ്തുവിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ മതത്തിന്റെ ഉൽപത്തിയുടെ സാമൂഹ്യകാരണങ്ങളായി താൻ മനസ്സിലാക്കിയത്  വിശദമായിത്തന്നെ ‘ചരിത്രത്തിൽ എന്ത് സംഭവിച്ചു?’എന്ന ഗ്രൻഥത്തിൽ ഗോർഡൻ ചൈൽഡ് അപഗ്രഥിക്കുന്നുണ്ട്. 1936 ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘മനുഷ്യൻ സ്വയം നിർമിക്കുന്നു’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ 1986 ലും(42) 1942 ൽ ഇറങ്ങിയ ‘ചരിത്രത്തിൽ എന്ത് സംഭവിച്ചു?’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ 1988 ലും(43) പുറത്തിറങ്ങിയതിൽ നിന്ന് തന്നെ ലോകത്തെങ്ങുമുള്ള ഭൗതികവാദികൾക്ക് എത്ര വലിയ പ്രചോദനമാണ് ഗോർഡിന്റെ പുസ്തകങ്ങൾ നൽകിയതെന്ന് വ്യക്തമാണ്. ഡോ: കെ. എം. എൻ. മേനോൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ‘ചരിത്രത്തിൽ എന്ത് സംഭവിച്ചു’ പ്രസിദ്ധീകരിച്ചത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണെന്ന വസ്തുത ഗോർഡിന്റെ നിരീക്ഷണങ്ങൾ എത്രത്തോളം ശാസ്ത്രീയമായാണെന്നായിരുന്നു ഭൗതികവാദികൾ കരുതിയിരുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.

ഗോർഡിനെപ്പോലെയുള്ള മാർക്സിസ്റ് ബുദ്ധിജീവികൾ കണ്ടെത്തിയ മതത്തിന്റെ സാമൂഹ്യകാരണങ്ങൾ ഇല്ലായ്മ ചെയ്യാനാണ് സോവിയറ്റ് യൂണിയനും ചൈനയും കിഴക്കൻ യൂറോപ്യൻരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടത്. പ്രസ്തുത പരാജയത്തിന് നൽകേണ്ടി വന്ന വില ലക്ഷക്കണക്കിന് മനുഷ്യജീവനുകളായിരുന്നുവെന്ന സത്യം ഇന്ന് എല്ലാവർക്കുമറിയാം. ഡെന്നട്ട് പോലും അംഗീകരിക്കുന്ന ഈ വസ്തുതയാണ് മതത്തിന്റെ ഭൗതികകാരണങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളെ ഭീതിയോടെ കാണാൻ കാര്യബോധമുള്ളവരെയെല്ലാം പ്രേരിപ്പിക്കുന്നത്. ‘ജീവിതഗന്ധിയായ മതം’ നില നിൽക്കുന്നതിനുള്ള കാരണമായി ഡെന്നെറ്റിനെപ്പോലെയുള്ള പാശ്ചാത്യൻ ബുദ്ധിജീവികൾ കരുതുന്ന ‘ഇസ്‌ലാംമീമു’കളെ ഇല്ലാതെയാക്കുവാനുള്ള സാമ്രാജ്യത്വത്തിന്റെ ശ്രമത്തിൽ നിന്നാണ് നവനാസ്തികതയുടെ കുതിരക്കാരെല്ലാവരും ഒരേ സ്വരത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്ന ഭീകരവാദമെന്ന ആധുനികപ്രതിഭാസമുണ്ടായത് എന്ന സത്യം പറഞ്ഞതിനാലല്ലോ നോം ചോംസ്‌കിയെപ്പോലെയുള്ള വർഷങ്ങളായി അന്താരാഷ്ടബന്ധങ്ങളിലെയും നടപടികളിലെയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന  ബുദ്ധിജീവികളേപ്പോലും ഭത്സിക്കുവാൻ നവനാസ്തികതയുടെ കുതിരക്കാർ ദൃഷ്ടരാവുന്നത്. ചോസ്കിയെപ്പോലെ അവധാനതയോടെ കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള യുക്തിബോധമൊന്നും സാങ്കല്പിക മീമുകളിലും ഉപരിപ്ലവ വിശകലനങ്ങളിലും മാത്രം അഭിരമിക്കുന്നവരിൽ നിന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ.

                                                                                                  (തുടരും)

References:

24. Daniel Dennett: Breaking the Spell: Religion as a Natural Phenomenon, New York, 2006

25. Robert A. Segal: “Friedrich Max Müller on Religion and Myth”, Publications of the English Goethe Society, Volume 85, 2016 – Issue 2-3, Pages 135-144

26. Charles L. Henning: “On the Origin of Religion”, American Anthropologist, Vol. 11, No. 12, Dec., 1898, Pages 373-382

27. Edward Burnett Tylor: Primitive Culture, New York, 1883

28. Sigmund Freud (Translator:James Strachey): The Future of An Illusion , New York, 1989

29. Sigmund Freud (Translation: Katherine Jones): Moses and Monotheism, New York, 1955

30. Daniel C. Dennett: “The Bright Stuff”, The New York Times, 12.07.2003

31. Daniel C. Dennett: Darwin’s Dangerous Idea: Evolution and the Meanings of Life, New York, 1996

32. Stephen Jay Gould: “Evolution : The Pleasures of Pluralism”, New York Review of Books, 26. 06.1997

33. Guillermo Armengol: “Daniel Dennett, Memes and Religion, Reasons for the Historical Persistence of Religion, https://revistas.upcomillas.es/index.php/pensamiento/article/viewFile/4565/4379

34.James Brookfield: “Dennett’s dangerous idea” 0 6.11 2006. http://www.wsws.org/articles/2006/nov2006/spel-n06.shtml

35. Charles T. Rubin: “The God Meme”, The New Atlantis, Number 12, Spring 2006

36. Andrew Brown: Beyond belief, The Guardian, 25 .02. 2006

37. Richard Dawkins: The Selfish Gene, Oxford, 1989

38. Karl Marx (Translation: Annette Jolin and Joseph O’Malley): Critique of Hegel’s Philosophy of Right, Cambridge, 1982, Page 106.

39.V.I. Lenin: “About the attitude of the working party toward the religion”. Collected works, Volume 17, Page 41.

https://www.marxists.org/archive/lenin/works/cw/volume17.htm

40. V. Gordon Childe: Man Makes Himself, London, 2003

41.V. Gordon Childe: What happened in History, London, 1964

42. ഗോർഡൻ ചൈൽഡ് (പരിഭാഷ: സി. അച്യുത മേനോൻ): മനുഷ്യൻ സ്വയം നിർമിക്കുന്നു, കോട്ടയം, 1986

43. ഗോർഡൻ ചൈൽഡ് (പരിഭാഷ: ഡോ: കെ. എം. എൻ. മേനോൻ): ചരിത്രത്തിൽ എന്ത് സംഭവിച്ചു?, തൃശൂർ,1988

print

2 Comments

  • Unlike what Ravi Chandran and his followers do,MM Akbar approaches topics with stunning insight and his talks and articles in particular are unparalleled source of information….

    THANSEER Pathappiriyam 24.03.2019
  • എന്താണ് ഈ നവനാസ്തികത എന്നു പറയാമോ

    ഷാജി 30.04.2020

Leave a comment

Your email address will not be published.