നബിപാഠങ്ങളില്‍ പെണ്‍വിരുദ്ധതയില്ല !!! – 2

//നബിപാഠങ്ങളില്‍ പെണ്‍വിരുദ്ധതയില്ല !!! – 2
//നബിപാഠങ്ങളില്‍ പെണ്‍വിരുദ്ധതയില്ല !!! – 2
ആനുകാലികം

നബിപാഠങ്ങളില്‍ പെണ്‍വിരുദ്ധതയില്ല !!! – 2

സ്ത്രീ: ബുദ്ധിയും മതവും കുറഞ്ഞവള്‍ !

സ്ത്രീകള്‍ ബുദ്ധിയും മതവും കുറഞ്ഞവരാണെന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നുണ്ട്. നബിപാഠങ്ങളില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന വിമര്‍ശനത്തെ അതു സാധൂകരിക്കുന്നില്ലെ?.

ഇസ്‌ലാം സ്ത്രീവിരുദ്ധമാണെന്ന് സ്ഥാപിക്കുവാന്‍ വിമര്‍ശകര്‍ സാധാരണയായി ഉന്നയിക്കാറുള്ള ഒന്നാണ് സ്ത്രീ ബുദ്ധിയും മതവും കുറഞ്ഞവളാണെന്ന് ഹദീസ് പഠിപ്പിക്കുന്നു എന്ന ആരോപണം. സന്ദര്‍ഭങ്ങളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും കാര്യങ്ങളെ അടര്‍ത്തിയെടുത്ത് തങ്ങളുടെ വക ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചു കൊണ്ടാണ് പ്രസ്തുത ഹദീസ് വിമര്‍ശകര്‍ അവതരിപ്പിക്കാറ്. അതിനാല്‍ വിമര്‍ശന വിധേയമായ ഹദീസ് നമുക്ക് ആദ്യം പരിശോധന വിധേയമാക്കാം.

ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകളില്‍ ഉദ്ധരിച്ച, അല്‍പം ദീര്‍ഘമായ ഒരു ഹദീസിന്റെ അവസാന ഭാഗമാണിത്. അതിപ്രകാരം ഭാഷാന്തരം ചെയ്യാം: ”….ദൃഢചിത്തരായ പുരുഷന്‍മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും മതവും കുറഞ്ഞ നിങ്ങളെക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു: തിരുദൂതരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ് കുറവ്? അവിടുന്ന് അരുളി: സ്ത്രീയുടെ സാക്ഷ്യം പുരുഷന്റെ പകുതി സാക്ഷ്യത്തിന് തുല്യമായല്ലെ പരിഗണിക്കപ്പെടുന്നത് ? അവര്‍ പറഞ്ഞു. അതെ. പ്രവാചകന്‍ (സ) അരുളി: അതാണ് അവരുടെ ബുദ്ധി കുറവ്.

ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്‌കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ പറഞ്ഞു: അതെ. പ്രവാചകന്‍ (സ) പ്രതിവചിച്ചു: അതാണ് അവരുടെ മതത്തിന്റെ കുറവ്.” (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഹൈള്വ്, 6/304)

സ്ത്രീകള്‍ ബുദ്ധികുറഞ്ഞവരാണ് എന്ന പരാമര്‍ശത്തിന്റെ ഉദ്ദേശം ഹദീസില്‍ തന്നെ വിശദീകരിക്കുന്നുണ്ട്. ‘സ്ത്രീയുടെ സാക്ഷ്യം പുരുഷന്റെ പകുതി സാക്ഷ്യത്തിന് തുല്യമായല്ലെ പരിഗണിക്കപ്പെടുന്നത്?’. മതം കുറവാണ് എന്നുപറഞ്ഞതിന്റെ അര്‍ത്ഥവും ഹദീസ് വ്യക്തമാക്കി. ‘ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്‌കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ?’.
ആദ്യം നമുക്ക് മതത്തിലെ ‘കുറവി’നെപ്പറ്റി പരിശോധിക്കാം. കാരണം അതേ പ്രശ്‌നം മാത്രമാണ് ബുദ്ധികുറവിനെപ്പറ്റിയുള്ള ഹദീസിലെ പരാമര്‍ശത്തിലുമുള്ളത്. അഥവാ രണ്ടു പ്രശ്‌നവും സമാനമാണെന്നര്‍ത്ഥം.

മതം കുറവാണ് എന്നു പറഞ്ഞതുകൊണ്ടര്‍ത്ഥമാക്കുന്നത്; സ്ത്രീകള്‍ ദൈവഭക്തിയില്‍ കുറവുള്ളവരാണെന്നോ, ആചാരാനുഷ്ഠാനങ്ങള്‍ ശ്രദ്ധിക്കാത്തവരാണെന്നോ, മതശാസനകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരാണെന്നോ ഒന്നുമല്ല. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് മത ബാധ്യതകളും നിയമങ്ങളും കുറവാണ് എന്നാണ് ‘മതം കുറഞ്ഞവര്‍’ എന്നതുകൊണ്ടുദ്ദേശം. അഥവാ മതനിയമവും ബാധ്യതയുമായി ബന്ധപ്പെട്ട്, സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ മതത്തില്‍ ഇളവ് / കുറവ് അനുവദിക്കപ്പെട്ടിരിക്കുന്നു.

പ്രസവ- ആര്‍ത്തവ കാലഘട്ടങ്ങളില്‍, സ്ത്രീകളുടെ സൃഷ്ടിപരവും പ്രകൃതിപരവുമായ തടസ്സങ്ങളാല്‍ മതാനുഷ്ടാനത്തില്‍ വരുന്ന കമ്മിയാണ് ‘കുറവ്’ (നുക്‌സാന്‍ النقصان) എന്നതുകൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീയുടെ കുറ്റംകൊണ്ട് സംഭവിക്കുന്ന കാര്യങ്ങളല്ല അതൊന്നും. അതുകൊണ്ട് തന്നെ അതവളുടെ വീഴ്ചയുമല്ല. പ്രസ്തുത പ്രശ്നത്തില്‍ സ്ത്രീകളെ ഹദീഥ് കുറ്റപ്പെടുത്തുന്നുമില്ല. കാരണം ദൈവിക നിര്‍ദേശമനുസരിച്ചാണ് വാസ്തവത്തില്‍ സ്ത്രീകള്‍ ആര്‍ത്ത-പ്രസവാനന്തര കാലത്ത് നമസ്‌കാരവും നോമ്പും ഉപേക്ഷിക്കുന്നത്. എന്നു മാത്രമല്ല, ദൈവ കല്‍പ്പനയോടുള്ള അനുസരണത്തിന് അവള്‍ക്ക് അക്കാര്യങ്ങളില്‍ പ്രതിഫലവും ലഭിക്കും. എന്നിരുന്നാലും ഫലത്തില്‍ പുരുഷന്മാരേക്കാള്‍ കുറവ് ആരാധനകളാണല്ലോ സ്ത്രീക്കുള്ളത്. അതുകൊണ്ട്, പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് മതം കുറവാണ് എന്ന് പറയുന്നതില്‍ ഭാഷാപരമായി തെറ്റില്ല.

ഇവിടെ, നുക്‌സാന്‍ (النقصان) എന്നത് reduction (‘കുറവ്’) എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്, deficiency (അപര്യാപ്തത, പോരായ്മ) എന്ന അര്‍ത്ഥത്തിലല്ല.

സമാനപ്രശ്നം തന്നെയാണ് ബുദ്ധിയുടെ കാര്യത്തിലും ഉള്ളത്. അഥവാ സ്ത്രീ യുക്തിവൈഭവം ഇല്ലാത്തവളാണെന്നോ, ചിന്താശേഷി കുറഞ്ഞവളാണെന്നോ, ഗ്രാഹ്യശേഷി നഷ്ടപ്പെട്ടവളാണെന്നോ ഒന്നുമല്ല ഹദീഥ് പഠിപ്പിക്കുന്നത്. മറിച്ച്, സാമ്പ്രദായികവും പ്രകൃതിപരവുമായ കാരണങ്ങളാല്‍ സ്ത്രീക്ക് പുരുഷനെ പോലെ ബൗദ്ധിക ക്ഷമത പുലര്‍ത്താന്‍ കഴിയാത്ത ചില സാഹചര്യങ്ങളും മേഖലകളുമുണ്ട് എന്നു മാത്രമാണ് ഉദ്ദേശിക്കപ്പെട്ടത്. ‘സ്ത്രീയുടെ സാക്ഷ്യം പുരുഷന്റെ പകുതി സാക്ഷ്യത്തിന് തുല്യമായല്ലെ പരിഗണിക്കപ്പെടുന്നത് ?’ എന്നതാണ് ‘ബുദ്ധിയുടെ കുറവ്’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് ഹദീസില്‍ തന്നെ വിശദീകരിക്കപ്പെടുന്നുണ്ട്.

സ്ത്രീയുടെ എല്ലാ സാക്ഷ്യത്തിനും പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമാണോ ഉള്ളത്. തീര്‍ച്ചയായും അല്ല. പിന്നെ ഏതു സാക്ഷ്യത്തിന്റെ കാര്യത്തിലാണ് നബി (സ) അങ്ങനെ പറഞ്ഞത്. അതറിയാന്‍ വിശുദ്ധ ക്വുര്‍ആനിലേക്ക് മടങ്ങണം; വിശുദ്ധ ക്വുര്‍ആനിലെ ഏറ്റവും വലിയ സൂക്തമായ ‘ആയത്തു ദൈനി’ലേക്ക്. അഥവാ കടമിടപാടുകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മര്യാദ പഠിപ്പിക്കുന്ന സൂക്തത്തിലേക്ക്. അവിടെ വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞു: ”… ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കുവേണ്ടി നീതിപൂര്‍വം (വാചകം) പറഞ്ഞുകൊടുക്കേണ്ടതാണ്. നിങ്ങളില്‍പെട്ട രണ്ട് പുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങളിഷ്ടപ്പെടുന്ന സാക്ഷികളില്‍നിന്ന് ഒരു പുരുഷനും രണ്ടു സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി.” (വി. ക്വുര്‍ആന്‍ 2:282)

കടമിടപാട് രംഗത്തെ സാക്ഷ്യത്തെപറ്റിയാണ് വിശുദ്ധ ക്വുര്‍ആനും വിമര്‍ശനവിധേയമായ ഹദീഥും പരാമര്‍ശിക്കുന്നത്. ഇവിടെയാണ് ഒരു പുരുഷന്റെ സാക്ഷ്യത്തിനുപകരം രണ്ടു സ്ത്രീകളുടെ സാക്ഷ്യം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കി. ‘അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി.’ സ്ത്രീയുടെ സാക്ഷ്യത്തില്‍ തെറ്റുപറ്റാനുള്ള സാധ്യത ക്വുര്‍ആന്‍ എടുത്തുപറഞ്ഞത് സ്ത്രീവിരുദ്ധതയുടെ ഭാഗമായാണോ? ഒരിക്കലുമല്ല. സാമ്പ്രദായികവും പ്രകൃതിപരവുമായ ചിലകാരണങ്ങളാലാണ് അപ്രകാരം സൂചിപ്പിക്കപ്പെട്ടത്. കടമിടപാട് അഥവാ സാമ്പത്തികരംഗം, കച്ചവടം, ഗണിതം തുടങ്ങിയ മേഖലകളിലാണ് സ്ത്രീക്ക് മറവിയും തെറ്റും സംഭവിക്കാനുള്ള സാധ്യതയെ പരിഗണിച്ചതും, അതു പരിഹരിക്കാന്‍ രണ്ടു സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്റെ സാക്ഷ്യത്തിന് തുല്യമായി കണക്കാക്കിയതും. അല്ലാതെ എല്ലാ മേഖലകളിലും സ്ത്രീക്ക് മറവിയും തെറ്റും സംഭവിക്കാമെന്നോ എല്ലാ വിഷയത്തിലും രണ്ടു സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്റെ സാക്ഷ്യത്തിന് തുല്യമാണെന്നോ ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല. മറിച്ച് ഒട്ടനവധി വിഷയങ്ങളില്‍ സ്ത്രീയുടേയും പുരുഷന്റേയും സാക്ഷ്യം തുല്യമായി പരിഗണിച്ചിട്ടുമുണ്ട്. അപ്പോള്‍ സാമ്പത്തികരംഗം, ഗണിതം, വാണിജ്യം തുടങ്ങിയ മേഖലകളിലാണ് സ്ത്രീക്ക് പുരുഷന്മാരോളം ബൗദ്ധിക ക്ഷമത ഇല്ല എന്ന് ഖുര്‍ആനിലെ ‘ആയത്തു ദ്ദൈനും’, ചര്‍ച്ചാ വിധേയമായ ഹദീസും സൂചിപ്പിക്കുന്നത്. ഇതിന് ചില ന്യായമായ കാരണങ്ങളുണ്ട്:

ഒന്ന്, കച്ചവടം, സാമ്പത്തികം, ഗണിതം തുടങ്ങിയവ സാമ്പ്രദായികമായി പുരുഷന്മാരുടെ മേഖലകളാണ്; പ്രത്യേകിച്ച്, പ്രവാചകന്റെ (സ) ആഗമന കാലഘട്ടത്തിന് മുമ്പ്.

കുടുംബത്തിന്റെ ചെലവും സാമ്പത്തിക ബാധ്യതകളും പുരുഷന്റെ മേലാണ് ഇസ്‌ലാം നിര്‍ബന്ധമാക്കിയത്. സ്ത്രീക്ക് അവ ഐച്ഛികമാണ്. അതുകൊണ്ട് പ്രവാചകന്റെ(സ) ആഗമനത്തിന് ശേഷവും ഈ മേഖലകളില്‍ പുരുഷന്മാര്‍ തന്നെ വിഹരിച്ചു.

സാമ്പ്രദായികമായി, സ്ത്രീകള്‍ ബന്ധപ്പെടാത്ത മേഖലയായതു കൊണ്ട് തന്നെ തത് വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് മറവിയും തെറ്റും സംഭവിക്കാനുള്ള സാധ്യതയെ പരിഗണിക്കുകയും, അതു പരിഹരിക്കാന്‍ രണ്ടു സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്റെ സാക്ഷ്യത്തിന് തുല്യമായി കണക്കാക്കുകയും ചെയ്തു. സ്വഭാവികമായും അന്നത്തെ സ്ത്രീകള്‍ ഇത്തരം മേഖലകളില്‍ പുരുഷന്മാരേക്കാള്‍ അറിവും ബൗദ്ധിക പാടവവും കുറഞ്ഞവരായിരുന്നു എന്ന സാമൂഹിക വസ്തുതയെ ഉദ്ധരിക്കുക മാത്രമാണ് പ്രവാചകന്‍ (സ) ചെയ്തത്. അല്ലാതെ അതേ അവസ്ഥ തുടരുമെന്നോ തുടരണമെന്നോ പ്രവാചകന്‍ (സ) അനുശാസിച്ചിട്ടില്ല. എന്ന് മാത്രമല്ല, സ്ത്രീ വിദ്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹം. ‘ഒരാളുടെ അടുക്കല്‍ ഒരു അടിമ സ്ത്രീ ഉണ്ടാവുകയും അവളെ ഏറ്റവും നല്ല രീതിയില്‍ പഠിപ്പിക്കുകയും ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കുകയും ശേഷം മോചിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്താല്‍ ഇരട്ടി പ്രതിഫലമുണ്ട്’ എന്ന പ്രവാചക വചനം ഉദാഹരണം. (സ്വഹീഹുല്‍ ബുഖാരി: 3446)

അടിമ സ്ത്രീക്ക് പോലും വിദ്യാഭ്യാസം നല്‍കല്‍ പ്രതിഫലാര്‍ഹമായ പുണ്യകര്‍മ്മമാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം.

ഹദീസിന്റെ പശ്ചാത്തലവും പ്രസക്തമാണ്. ഒരു പൊതുവേദിയിലല്ല പ്രവാചകന്‍ (സ) ഇതു സംസാരിക്കുന്നത്. സ്ത്രീകള്‍ മാത്രമുള്ള, സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ഒരുക്കപ്പെട്ട ഒരു സദസ്സില്‍ സ്ത്രീകളെ ഗുണദോഷിക്കുകയാണ് പ്രവാചകന്‍ (സ).

‘അല്ലാഹുവിന്റെ ദൂതന്‍ (സ) പെരുന്നാള്‍ ദിവസം നമസ്‌ക്കാരസ്ഥലത്തേക്ക് പുറപ്പെട്ടു. (നമസ്‌ക്കാരത്തില്‍ നിന്ന്) പിരിഞ്ഞ ശേഷം അദ്ദേഹം ജനങ്ങള്‍ക്ക് (പൊതുവായി) ഉപദേശം നല്‍കി. അവരോട് ദാനധര്‍മ്മം ചെയ്യാനായി കല്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: ‘ജനങ്ങളേ, നിങ്ങള്‍ ദാനധര്‍മ്മം നിര്‍വ്വഹിക്കുക…’ എന്നിട്ട് അദ്ദേഹം സ്ത്രീകളുടെ അടുത്തു കൂടി കടന്നുവന്നു, എന്നിട്ട് (അവരെ ഉപദേശിച്ചു കൊണ്ട്) പറഞ്ഞു: ‘ഓ, സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മ്മം നിര്‍വ്വഹിക്കുക…’ (സ്വഹീഹുല്‍ ബുഖാരി: 1462)

തുടര്‍ന്ന് പ്രവാചകന്‍ (സ) സ്ത്രീകള്‍ക്ക് മാത്രം പ്രത്യേകമായി നല്‍കിയ ഉത്‌ബോധനങ്ങള്‍ക്കിടയിലാണ് ചര്‍ച്ചാ വിഷയകമായ വാചകം പറയുന്നത് എന്നോര്‍ക്കണം. ഇവിടെ, പുരുഷന്മാരടങ്ങുന്ന പൊതു സദസ്സില്‍ സ്ത്രീകളെ അവമതിക്കുകയോ, സ്ത്രീ പുരുഷ വര്‍ഗ ശ്രേഷ്ഠതകളേയും ശക്തി ക്ഷയങ്ങളേയും താരതമ്യ പഠനത്തിന് വിധേയമാക്കുകയോ, പുരുഷ മേല്‍കോയ്മക്കും വര്‍ഗ ശ്രേഷ്ഠതക്കും താത്ത്വികമായ അടിത്തറ അവതരിപ്പിക്കുകയോ ഒന്നുമല്ല പ്രവാചകന്‍ (സ) ഉദ്ദേശിച്ചത്. അതായിരുന്നു പ്രവാചകന്റെ ഉദ്ദേശമെങ്കില്‍, പെരുന്നാള്‍ ദിവസം ആദ്യമായി നടത്തിയ പൊതു പ്രഭാഷണത്തിലായിരുന്നു പ്രവാചകന്‍ (സ) ഈ പ്രസ്താവന നടത്തുമായിരുന്നത് എന്ന് ചിന്താശേഷിയുള്ള ഏവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളു. പ്രത്യുത, ഈ ‘വഅള്’ (الوعظ) അഥവാ ഉപദേശ പ്രസംഗത്തിന്റെ ഉദ്ദേശം സ്ത്രീകള്‍ക്ക് ആത്മ വിമര്‍ശനത്തിന്റേയും ആത്മ വിചിന്തനത്തിന്റേയും വാതിലുകള്‍ തുറന്നു കൊടുക്കുകമാത്രമായിരുന്നു.

ഇവിടെയും, നുക്‌സാന്‍ (النقصان) എന്നത് reduction (‘കുറവ്’) എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്, deficiency (അപര്യാപ്തത, പോരായ്മ) എന്ന അര്‍ത്ഥത്തിലല്ല. കാരണം, ബുദ്ധി (intelligence) എന്നത് ജന്മസിദ്ധമായ ബുദ്ധി (inborn intelligence), ആര്‍ജ്ജിത ബുദ്ധി (acquired intelligence) എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇവിടെ ഹദീസിലെ സംബോധനം ആര്‍ജ്ജിത ബുദ്ധിയെ സംബന്ധിച്ചാണ്. അതിന്റെ കുറവ് ചൂണ്ടികാണിക്കുന്നതില്‍, സ്ത്രീകളുടെ ബുദ്ധി ജൈവശാസ്ത്രപരമായി അപര്യാപ്തമാണെന്ന സൂചനയില്ല.

അപ്പോള്‍, ചില മേഖലകളില്‍ ബുദ്ധി വൈഭവത്തില്‍ പുരുഷന്മാര്‍ക്ക് പിന്നിലാണ് സ്ത്രീകളെന്ന് അവരെ ബോധവല്‍ക്കരിക്കുകയും അത്തരം ന്യൂനതകള്‍ പരിഹരിക്കാതെ, പകരം സ്‌ത്രൈണതയെ പുരുഷന്മാരെ വശീകരിക്കുന്നതില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് ആത്മനിന്ദയും സ്വയം നശീകരണവുമാണെന്നും അവരെ പഠിപ്പിക്കുകയാണ് പ്രവാചകന്‍ (സ).

രണ്ട്, സാമ്പത്തികം (Economics, ഗണിതം (Mathematics, യന്ത്രശാസ്ത്രം (Engineering) തുടങ്ങിയ പല വിഷയങ്ങളിലും പ്രകൃതിസഹജമായ കാരണങ്ങളാല്‍ തന്നെ സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ ബൗദ്ധിക ക്ഷമതയും മികവും പുലര്‍ത്തുന്നുവെന്ന് സൂചിപ്പിക്കുന്ന അക്കാദമിക ഗവേഷണങ്ങളും ശാസ്ത്രപഠനങ്ങളും തന്നെ സുലഭമാണ്. അതിനെതിരായും ശാസ്ത്രീയ നിരൂപണങ്ങളും പഠനങ്ങളും നിലനില്‍ക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ അവ തമ്മില്‍ മാറ്റുരക്കുക എന്നത് വിശാലമായ മറ്റൊരു മേഖലയാണ്. അതിന് ഇവിടെ മുതിരുന്നില്ല. മറിച്ച്, പല മേഖലകളിലും പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ബുദ്ധിചാതുര്യം പ്രകടിപ്പിക്കുന്നു എന്ന് സൂചിപ്പിക്കുന്ന അധുനിക ഗവേഷണങ്ങളും പഠനങ്ങളും തന്നെ നിലനില്‍ക്കെ, പൗരാണിക സ്ത്രീ സമൂഹത്തിന്റെ സാമൂഹിക പരിതസ്ഥിതി തുറന്നു കാണിച്ച്, സ്ത്രീകള്‍ക്ക് ആത്മ വിമര്‍ശനത്തിന് ചിന്താ വേദിയൊരുക്കിയ പ്രവാചകന്‍ (സ) എങ്ങനെ സ്ത്രീ വിരുദ്ധനാകും?!

മൂന്ന്, സ്ത്രീകള്‍ക്ക് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ യുക്തിവിചാരശേഷിയില്‍ (logical reasoning) കുറവ് സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്നത് ഇന്നു പല ശാസ്ത്ര പഠനങ്ങളും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ മനഃസംഘര്‍ഷം, ഗര്‍ഭധാരണത്തിന്റെ ആദ്യനാളുകളിലെ മാനസിക പ്രശ്നങ്ങള്‍, ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുള്ള മാനസിക പ്രയാസങ്ങള്‍, പ്രസവകാലത്തെ പ്രശ്നങ്ങള്‍, ഗര്‍ഭഛിദ്രമുണ്ടാക്കുന്ന മാനസികാഘാതം ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങള്‍ സ്ത്രീകള്‍ മാത്രം നേരിടുന്നവയാണ്. ഈ സാഹചര്യങ്ങളില്‍ ശാരീരിക പ്രയാസങ്ങള്‍ക്കുപുറമെ മനോമാന്ദ്യം (slow mindedness, ഏകാഗ്രതയില്ലായ്മ, ഓര്‍മക്കുറവ് എന്നിങ്ങനെ ഒട്ടനവധി മാനസിക പ്രശ്നങ്ങള്‍ക്ക് പല സാഹചര്യങ്ങളിലും സ്ത്രീകള്‍ വിധേയരാകുന്നുണ്ടെന്നത് ശാസ്ത്രീയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

മാത്രമല്ല സ്ത്രീകളുടെ ബുദ്ധി വൈകാരിക പ്രധാനവും പുരുഷന്റേത് വൈചാരിക പ്രധാനവുമാണെന്നും പുതിയകാല ശാസ്ത്രഗവേഷണങ്ങള്‍ അടിവരയിടുന്നുണ്ട് (www.telegraph.co.uk). സാക്ഷ്യപ്രഖ്യാപന വേളയില്‍ വൈകാരികാന്തരീക്ഷം സംജാതമായാല്‍ അതും സാക്ഷ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു മേഖലയാണ്. പ്രകൃതിപരമായി തന്നെ സ്ത്രീയില്‍ ഈ അബലതകള്‍ ഉള്ളതുകൊണ്ടാകാം ‘അവരില്‍ ഒരുവള്‍ക്ക് തെറ്റുപറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി’ എന്നു ക്വുര്‍ആന്‍ പ്രത്യേകം എടുത്തുപറയുന്നത്. ഇത് സ്ത്രീയെ അവമതിക്കലല്ല; പ്രകൃതിപരമായി അവളുടെ അബലതകളെ ഉള്‍ക്കൊള്ളലാണ്.

എന്നാല്‍ സാക്ഷ്യത്തിന്റെ കാര്യത്തില്‍ എല്ലാ രംഗത്തും ഈ സമീപനം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ടോ? ഇല്ല എന്നുമാത്രമല്ല പല വിഷയങ്ങളും ഏകസ്ത്രീ സാക്ഷ്യം സ്വഹാബിമാരും താബിഉകളും സ്വീകരിച്ചിട്ടുണ്ട്.

പ്രവാചക ശിഷ്യന്‍ അബൂ മൂസാ (റ) പറഞ്ഞു: ‘ഏതൊരു ഹദീഥിനെ സംബന്ധിച്ചും ഞങ്ങള്‍, പ്രവാചകാനുചരന്‍മാര്‍ക്കിടയില്‍ എന്ത് പ്രശ്നവും സംശയവും ഉദിച്ചാലും, അതിനെപ്പറ്റി ആഇശ(റ)യോട് ഞങ്ങള്‍ ആരാഞ്ഞാല്‍ അവരുടെ അടുക്കല്‍ അതിനെ സംബന്ധിച്ച് അറിവ് ഉണ്ടാകാതിരുന്നിട്ടില്ല; ഒരിക്കലും.” (സുനനു തിര്‍മിദി: 3883).

”മസ് റൂക് പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം. മുഹമ്മദ് നബി(സ)യുടെ അനുചരന്‍മാരില്‍ മഹാപണ്ഡിതരായ തലമുതിര്‍ന്നവര്‍ ആഇശ(റ)യോട് അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ച് ചോദിച്ചു പഠിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.” (മുസ്വന്നഫ് ഇബ്നു അബീ ശൈബ: 30387).

ഇമാം ദഹബി (റ) പറഞ്ഞു: ”സ്ത്രീകളായ ഹദീഥ് നിവേദകരില്‍ ആരെയും ഹദീഥ് പണ്ഡിതന്‍മാര്‍ കളവ് ആരോപിച്ചതായോ, നിവേദനത്തിന് പറ്റാത്തവരായി കണ്ട് ഉപേക്ഷിച്ചവരായോ ഞാന്‍ അറിഞ്ഞിട്ടില്ല.” (മീസാനുല്‍ ഇഅ്തിദാല്‍: 4/604).

സ്ത്രീയെ പൊതുവായി ബുദ്ധിയില്ലാത്തവളായും ഏക സാക്ഷ്യത്തിന് കൊള്ളാത്തവളായും ഇസ്‌ലാം പരിഗണിച്ചിരുന്നുവെങ്കില്‍ ആഇശ(റ)യുടേയും മറ്റു ഹദീസ് നിവേദകരായ സ്ത്രീ രത്‌നങ്ങളുടേയും വാതില്‍ക്കല്‍ ജ്ഞാനത്തിനായി പണ്ഡിത പുരുഷ വൃന്ദം തടിച്ചു കൂടുമായിരുന്നില്ലല്ലോ.

ഇമാം ശൗക്കാനി പറഞ്ഞു : “സ്ത്രീയാണെന്ന കാരണത്താൽ, ഒരു സ്ത്രീ പറഞ്ഞുതന്ന വിവരങ്ങൾ (ഹദീഥ്) പണ്ഡിതന്മാർ തള്ളിയതായി ഒരൊറ്റ പണ്ഡിതന്മാരിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. എത്രയെത്ര ഹദീസുകളാണ് ഒരൊറ്റ സ്വഹാബിവനിതയിൽ നിന്നും കേട്ടു എന്നതിനാൽ മുസ്‌ലിം സമൂഹം മൊത്തം അതു സ്വീകരിച്ചതായിട്ടുള്ളത്. ഹദീസ് ശാസ്ത്രത്തെപ്പറ്റി അല്പമെങ്കിലും വിവരമുള്ളവരാരും ഇത് നിഷേധിക്കുകയില്ല.” (നൈലുൽ ഔത്വാർ 6/360)

പല വിഷയങ്ങളിലും ഏക സ്ത്രീ സാക്ഷ്യം ഇസ്‌ലാം പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ കടമിടപാട് രംഗത്ത് മാത്രമാണ് രണ്ടു സ്ത്രീ സാക്ഷ്യത്തെ ഒരു പുരുഷ സാക്ഷ്യത്തിനു പകരമായി പരിഗണിച്ചിരിക്കുന്നത്. അത് നാം മുമ്പ് സൂചിപ്പിച്ചതുപോലെ അവളുടെ പ്രകൃതിപരമായ അബലതകള്‍ മൂലം വല്ല മറവിയോ അബദ്ധമോ സംഭവിക്കാനുള്ള സാധ്യതയെ പരിഗണിച്ചുകൊണ്ടുള്ള നിലപാട് മാത്രമാണ്. സ്ത്രീയുടെ ബുദ്ധിയെയോ ഓര്‍മയെയോ പ്രതികൂലമായി സ്വാധീനിക്കാനിടയുള്ള ഇത്തരം പ്രകൃതിപരമായ പ്രശ്‌നങ്ങളോ, വൈകാരികപ്രധാനമായ ചിന്താശേഷിയോ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കില്‍ പ്രസ്തുത മേഖലയിലും ഏകസ്ത്രീ സാക്ഷ്യം പരിഗണിക്കപ്പെടണമെന്നത് പണ്ഡിതന്‍മാരില്‍ പലരും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തീമിയ്യ (റ) പറഞ്ഞു: ”സ്ത്രീകളുടെ സാക്ഷ്യങ്ങളില്‍ പൊതുവെ തെറ്റ് ഭയപ്പെടാത്ത എന്തെങ്കിലുമുണ്ടെങ്കില്‍, അതില്‍ അവരെ പുരുഷന്റെ പകുതിയായി കണക്കാക്കില്ല. അവരുടെ സാക്ഷ്യം സമ്പൂര്‍ണ സാക്ഷ്യമായാണ് പരിഗണിക്കപ്പെടുക.” (അത്തുറുകുല്‍ ഹുകുമിയ്യ: 1/128).

”സത്യസന്ധത, വിശ്വസ്തത, ഭക്തി എന്നിവയില്‍ സ്ത്രീ പുരുഷന് തുല്യമാണ്. അവള്‍ മറക്കുമെന്നോ അല്ലെങ്കില്‍ തെറ്റിദ്ധരിക്കുമെന്നോ ഭയപ്പെടുന്ന വിഷയങ്ങളില്‍ ഒഴികെ, അത്തരം വിഷയങ്ങളില്‍ അവളുടെ ഒറ്റക്കുള്ള സാക്ഷ്യം തന്നെപ്പോലെയുള്ള മറ്റൊരാളുടെ സാക്ഷ്യംകൊണ്ട് ശക്തിപ്പെടുന്നു. അപ്പോള്‍ അവരുടെ രണ്ടുപേരുടെയും ഐക്യകണ്‌ഠേനയുള്ള സാക്ഷ്യം ഒരു പുരുഷന്റെ സാക്ഷ്യത്തെക്കാളും ശക്തിയുള്ളതായി പരിണമിക്കുന്നു.” (അത്തുറുകുല്‍ ഹുകുമിയ്യ: 1/136).

സ്ത്രീ ബുദ്ധിയും മതവും കുറഞ്ഞവളാണെന്ന ഹദീഥിന്റെ താല്‍പര്യം വളരെ വ്യക്തമാണ്. കച്ചവടം, സാമ്പത്തികം തുടങ്ങി സാമ്പ്രദായികമായി, സ്ത്രീകള്‍ ബന്ധപ്പെടാത്ത മേഖലകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ അറിവും ബൗദ്ധിക പാടവവും കുറഞ്ഞവരായിരുന്നു എന്ന സാമൂഹിക വസ്തുതയെ ഉദ്ധരിക്കുക മാത്രമാണ് പ്രവാചകന്‍ (സ) ചെയ്തത്. അല്ലാതെ പൊതു സദസ്സില്‍ സ്ത്രീകളെ അവമതിക്കുകയോ, സ്ത്രീ പുരുഷ വര്‍ഗ ശ്രേഷ്ഠതകളേയും വൃദ്ധിക്ഷയങ്ങളേയും താരതമ്യ പഠനത്തിന് വിധേയമാക്കുകയോ, പുരുഷ മേല്‍കോയ്മക്കും വര്‍ഗ ശ്രേഷ്ഠതക്കും താത്ത്വികമായി അടിത്തറ സ്ഥാപിക്കുകയോ ഒന്നുമല്ല പ്രവാചകന്‍ (സ) ചെയ്തത്. സ്ത്രീകള്‍ക്ക് ആത്മ വിമര്‍ശനത്തിന്റേയും ആത്മ വിചിന്തനത്തിന്റേയും വാതിലുകള്‍ തുറന്നു കൊടുക്കുകമാത്രമായിരുന്നു. അതിനാല്‍, നബി പാഠങ്ങളില്‍നിന്നും സ്ത്രീവിരുദ്ധത ചിക്കിചികയുന്നവര്‍ക്ക് പ്രസ്തുത ഹദീഥില്‍ നിന്ന് ഒന്നും തരപ്പെടില്ലെന്നര്‍ത്ഥം.

print

3 Comments

  • പക്ഷെ അന്ന് തന്നെ പ്രവാചക പത്നി ഖദീജ (റ) നബിയുടെ കാലത്തു തന്നെ കച്ചവടത്തിൽ ഒക്കെ ഉള്ള ആളായിരുന്നില്ലേ?..അത് പോലെ തന്നെ ഇസ്ലാമിക ആദർശങ്ങളൊക്കെ എല്ലാ കാലത്തേക്കും ഉള്ളതാണെന്ന വാദത്തിനും മുകളിലെ താങ്കളുടെ വിശദീകരണം എതിരാകില്ലേ?

    Nazeel 12.11.2020
  • ആറാം നൂറ്റാണ്ടിലെ സ്ത്രീ സമൂഹത്തിന്റെ ശോചനീയമായ അവസ്തയിലെ തീര്‍ത്തും ഒരപവാദം മാത്രമാണ് നബിപത്‌നി ഖദീജ (റ). അപവാദങ്ങള്‍ പൊതു തത്വത്തെ സാധൂകരിക്കുന്നു എന്ന വസ്തുത നാം മറന്നു പോകരുത്. ഇസ്‌ലാമിക നിയമങ്ങള്‍ സര്‍വ്വ കാലികമാണ് എന്ന നിലപാടിനെ ലേഖനം ചോദ്യം ചെയ്യുന്നു എന്ന നിരീക്ഷണം അടിസ്ഥാനരഹിതമാണ്. കാരണം, കടമിടപാടു രംഗത്ത് ഒരു പുരുഷസാക്ഷ്യത്തിനു പകരമായി രണ്ടു സ്ത്രീസാക്ഷ്യം ഇസ്‌ലാം നിര്‍ദ്ദേശിച്ചതിലെ യുക്തിയെ പറ്റിയാണ് ലേഖനം വിശദീകരിച്ചത്. അവിടെ സ്ത്രീയുമായി ബന്ധപ്പെട്ട സാമ്പ്രദായികവും പ്രകൃതിപരവുമായ ചില കാരണങ്ങളാണ് പ്രസ്തുത ഇസ്‌ലാമിക നിര്‍ദ്ദേശത്തിനു പിന്നിലുള്ള യുക്തിയെന്നും സ്ത്രീവിരുദ്ധതയുടെ സ്വാധീനമല്ലെന്നും വ്യക്തമാക്കുക മാത്രമാണ് ലേഖനം ചെയ്യുന്നത്. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ (ലേഖനം സൂചിപ്പിച്ച) ഒന്നും ഭയപ്പെടാനില്ലാത്ത ഘട്ടങ്ങളില്‍ ഏക സ്ത്രീസാക്ഷ്യം മതിയാകുമെന്നത് പ്രസ്തുത രംഗത്തെ നിയമങ്ങളെ പറ്റി ആഴത്തില്‍ ഗവേഷണം (ഇജ്ത്തിഹാദ്) നടത്തിയ പണ്ഡിതന്മാരുടെ അഭിപ്രായമാണ്. പ്രസ്തുത ഗവേഷണം (ഇജ്ത്തിഹാദ്) മൂലം ഇസ്‌ലാമിക നിയമത്തിന്റെ സര്‍വ്വകാലികത ചോദ്യം ചെയ്യപ്പെടുകയല്ല മറിച്ച് അതിലെ വിശാലത ബോദ്ധ്യപ്പെടുകയാണ് ചെയ്യുന്നത്.

    Salish vadanappally 18.11.2020
  • good

    Afreen 18.11.2020

Leave a comment

Your email address will not be published.