നബിനിന്ദക്കുള്ള മറുപടി കലാപമല്ല !

//നബിനിന്ദക്കുള്ള മറുപടി കലാപമല്ല !
//നബിനിന്ദക്കുള്ള മറുപടി കലാപമല്ല !
ആനുകാലികം

നബിനിന്ദക്കുള്ള മറുപടി കലാപമല്ല !

ബിനിന്ദയുടെ ഫേസ് ബുക്ക് പോസ്റ്റിട്ടയാൾ ചെയ്തത് ഭാരതീയ സമൂഹത്തോടും മതനിരപേക്ഷതയോടുമുള്ള നീചവും നികൃഷ്ടവുമായ പാതകമാണെങ്കില്‍ അതു ചെയ്തയാൾക്കെതിരെയെന്ന രീതിയിൽ കലാപമുണ്ടാക്കുകയും അതുവഴി മൂന്ന് സഹോദരങ്ങളെ കൊലക്ക് കൊടുക്കുകയും ചെയ്തവർ ഭാരതീയ സമൂഹത്തിന് മൊത്തത്തിലും മുസ്‌ലിംകള്‍ക്ക് പ്രത്യേകമായും പൊറുക്കാന്‍ നിര്‍വ്വാഹമില്ലാത്ത നാലു തരം കൊടും പാതകങ്ങളാണ് പ്രവർത്തിച്ചിരിക്കുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുക; മറ്റു മതസമൂഹങ്ങള്‍ മുസ്‌ലിം സമുദായത്തെ വെറുക്കുന്ന അവസ്ഥ സൃഷ്ടിക്കുക; ഇസ്‌ലാമിനെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആയുധങ്ങള്‍ നല്‍കുക; ഇസ്‌ലാമിക പ്രബോധനത്തിന് തടയിടുവാനാവശ്യമായ സാമൂഹ്യ സാഹചര്യം സൃഷ്ടിക്കുക. കാരുണ്യമൂര്‍ത്തിയായ അല്ലാഹുവില്‍ നിന്ന് അവതരിക്കപ്പെട്ട വിശുദ്ധഖുര്‍ആനില്‍ നിന്നും ലോകങ്ങള്‍ക്കെല്ലാം കാരുണ്യമായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി(സ)യില്‍ നിന്നും ഇസ്‌ലാമിനെ പഠിച്ചവര്‍ക്കൊന്നും ഈ കൊടും പാതകങ്ങള്‍ക്ക് കഴിയില്ലെന്നുറപ്പാണ്. വേണ്ട സമയത്ത് വേണ്ട രൂപത്തിൽ പൊലീസ് ഇടപെടാതിരുന്നതാണ് കലാപത്തിന് കാരണമായതെന്ന വിശകലനം ശരിയായിരിക്കാം; പക്ഷെ അതൊരിക്കലൂം കലാപത്തനുള്ള ന്യായീകരണമായിക്കൂടാ. ഇന്നത്തെ ഇന്ത്യയിൽ മുസ്‌ലിംകൾക്ക് അനുകൂലമായി ധ്രുതഗതിയിൽ പൊലീസ് കർമ്മനിരതമാകുമെന്ന് കരുതുന്നതിൽ അർത്ഥമൊന്നുമില്ലെന്ന് അറിയാത്തവരല്ല ന്യായീകരണക്കാർ. പൊലീസിന്റെ നിസ്സംഗത എങ്ങനെയാണ് മുസ്‌ലിംകളുടെ നന്മയും തിന്മയും തീരുമാനിക്കുക? പൊലീസ് തെറ്റ് ചെയ്തുവെന്നത് എങ്ങനെയാണ് ആൾക്കൂട്ടത്തിന്റെ ആത്മഹത്യാകലാപത്തിനുള്ള ന്യായീകരണമാവുക?!! പൊലീസാണ് ആദ്യം തെറ്റു ചെയ്തത് എന്ന ന്യായീകരണം സത്യമാണെങ്കിൽ പോലും അതെങ്ങനെയാണ് കലാപകാരികളുടെ ദുഷ്ചെയ്തികളെ വെള്ള പൂശുന്നതാവുക?

കലാപമുണ്ടാക്കിയവർ, അതിന് എന്ത് ന്യായീകരണമുണ്ടെങ്കിലും, മുസ്‌ലിം പേരുള്ളവരാണെങ്കില്‍ അവര്‍ പഠിച്ച ഇസ്‌ലാം ഖുര്‍ആനും നബിവചനങ്ങളും മുന്നോട്ടുവെക്കുന്ന ഇസ്‌ലാമല്ലെന്ന് സ്പഷ്ടം. പ്രമാണങ്ങളില്‍ നിന്നല്ലെങ്കില്‍ പിന്നെയെവിടെനിന്നാണ് അത്തരക്കാര്‍ക്ക് മതവും മതാവേശവും ലഭിക്കുന്നതെന്ന് തിരിച്ചറിയുകയും അവിടെ ദാര്‍ശനികമായ പ്രതിരോധം തീര്‍ക്കുകയുമാണ് മുസ്‌ലിം യുവതയെ ആത്മഹത്യാമുനമ്പുകളില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. നിയമനിര്‍മാണസഭകളിൽ നിന്നും നീതിന്യായവിഭാഗങ്ങളിൽ നിന്നും ഭരണനിര്‍വ്വഹണവകുപ്പുകളിൽ നിന്നുമെല്ലാം മുസ്‌ലിംകളെ മാറ്റിനിർത്തുകയെന്ന അജണ്ടകൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നവർക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന രീതിയിൽ കലാപങ്ങൾ സൃഷ്ടിക്കുന്നവർ ഇസ്‌ലാമിനോ മുസ്‌ലിംകൾക്കോ യാതൊരു നന്മയുമുണ്ടാക്കാൻ പോകുന്നില്ലെന്ന് വ്യക്തമാണ്. എഴുന്നൂറ് വർഷത്തോളം മുസ്‌ലിംകൾ ഭരിച്ച സ്‌പെയിനിൽ എങ്ങനെ മുസ്‌ലിംനിഷ്കാസനം സാധിച്ചുവെന്ന് പഠിക്കുകയും അതേ പാതയിൽ നടക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് മാർഗം എളുപ്പമാക്കുകയെന്ന സേവനം മാത്രമാണ് കലാപകാരികൾ ചെയ്യുന്നതെന്ന് തിരിച്ചറിയാനും അവിടെ പ്രതിരോധം തീർക്കാനുമാണ് മതത്തെയും സമുദായത്തെയും സ്നേഹിക്കുന്നവർ സന്നദ്ധമാകേണ്ടത്.

ജനാധിപത്യവും മതനിരപേക്ഷതയുമെന്ന അടിസ്ഥാന മീമാംസകളില്‍ നിര്‍മിക്കപ്പെട്ട ഇന്ത്യയെന്ന രാഷ്ട്രത്തിന് അതിന്റെ ഭരണഘടനയും നീതിനിര്‍വ്വഹണ സംവിധാനങ്ങളുമുണ്ട്. നിയമനിര്‍മാണസഭയും നീതിന്യായവിഭാഗവും ഭരണനിര്‍വ്വഹണവകുപ്പുമടങ്ങുന്ന നീതിനിര്‍വ്വഹണ സംവിധാനങ്ങള്‍ക്ക് വിധേയരായി ജീവിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും ബാധ്യസ്ഥനാണ്. വ്യക്തികളോ വിഭാഗങ്ങളോ ഉപവിഭാഗങ്ങളോ സ്വന്തമായി നീതിനിര്‍വ്വഹണം എറ്റെടുത്താല്‍ അതുവഴി വ്യാപകമായ കുഴപ്പങ്ങളും കലാപങ്ങളുമാണുണ്ടാവുക. അരാജകത്വമാഗ്രഹിക്കാത്ത ആര്‍ക്കും തന്നെ അത്തരമൊരു അവസ്ഥയെ അനുകൂലിക്കുവാനോ ന്യായീകരിക്കുവാനോ കഴിയില്ല. വ്യക്തിക്കോ വിഭാഗത്തിനോ ഉപവിഭാഗത്തിനോ നീതി ലഭിക്കാതെ വരുന്ന അവസ്ഥകളില്‍ ഭരണഘടനക്കനുസൃതമായി നിന്നുകൊണ്ട് അത്തരം അവസ്ഥകളില്ലാതെയാക്കുവാന്‍ പരിശ്രമിക്കുകയാണ് ചെയ്യേണ്ടത്; അതല്ലാതെ ആരും നിയമം കയ്യിലെടുത്തുകൂടാ. ഇസ്‌ലാമിക രാഷ്ട്ര സംവിധാനം നിയമം കയ്യിലെടുക്കുന്നതിനെ കാണുക ‘ഫിത്‌ന'(കുഴപ്പം)യായിട്ടാണ്. ”കുഴപ്പം കൊലയേക്കാള്‍ ഭയാനകമാണ്” (2:191) എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇസ്‌ലാമികരാഷ്ട്രത്തിലുള്ള ഒരാള്‍ നബി (സ)യെ നിന്ദിച്ചാൽ അതിനെതിരില്‍ രാഷ്ട്രസംവിധാനമാണ് നിയമനടപടികളെടുക്കുക. രാജ്യത്തെ പൗരന്മാരിൽ ആരെങ്കിലുമൊരാളോ ആൾക്കൂട്ടമോ നബിനിന്ദകനെ കൈകാര്യം ചെയ്യാൻ ശ്രമിക്കുകയും അതിന്നായി കലാപമുണ്ടാക്കുകയുമാണെങ്കിൽ അങ്ങനെ ചെയ്തവര്‍ക്കെതിരെ കടുത്ത നടപടികളാണുണ്ടാവുക. കുറ്റവാളികള്‍ക്കെതിരെ ശിക്ഷ വിധിക്കേണ്ടത് രാജ്യത്തെ നീതിന്യായവിഭാഗവും അതു നടപ്പാക്കേണ്ടത് നിയമനിര്‍വ്വഹണ വകുപ്പുമാണ്. നിയമം കയ്യിലെടുക്കാന്‍ പൗരന്മാരെ അനുവദിക്കുന്ന രാഷ്ട്രസംവിധാനങ്ങളൊന്നും തന്നെയില്ല. ഇസ്‌ലാമികരാഷ്ട്രമാണെങ്കിലും അല്ലെങ്കിലുമെല്ലാം ഇക്കാര്യത്തിൽ വ്യത്യസ്തതകൊളൊന്നുമില്ല.

ഇസ്‌ലാമിനെയും പ്രവാചകനെയും തെറ്റിദ്ധരിപ്പിക്കുവാനും തമസ്‌കരിക്കുവാനുമുള്ള പരിശ്രമങ്ങള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. സത്യമതത്തിന്റേതല്ലാത്ത ആദര്‍ശങ്ങള്‍ അതിന്മേല്‍ ആരോപിച്ചുകൊണ്ടും നബിജീവിതത്തെ മ്ലേച്ഛമായ രീതിയിൽ അപനിർമ്മിച്ചുകൊണ്ടുമാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ നടന്നുവരാറുള്ളത്. ഇത്തരത്തിലുള്ള ഒരു പുതിയ ആരോപണമാണ് ഇസ്‌ലാം ഭീകരതയാണെന്ന ആരോപണം. നിരപരാധികളൊന്നും വധിക്കപ്പെട്ടുകൂടെന്ന് നിഷ്‌കര്‍ഷിക്കുന്ന ഖുര്‍ആനും പച്ചക്കരളുള്ള ജീവികളോടെല്ലാം കരുണകാണിക്കണമെന്ന് പഠിപ്പിക്കുന്ന നബിവചനങ്ങളും അടിസ്ഥാനപ്രമാണങ്ങളായുള്ള ഇസ്‌ലാമിന് ഭീകരതയെയോ കലാപങ്ങളെയോ പ്രോത്സാഹിപ്പിക്കാനാവില്ലെന്നുറപ്പാണ്. ദൈവദല്ലാളന്മാരായ പുരോഹിതന്മാര്‍ക്ക് ആത്മീയതയും സുഖഭോഗവിതരണക്കാരായ കമ്പോളക്കാര്‍ക്ക് ഭൗതികതയും പകുത്ത് നല്‍കുന്നതിലൂടെ മനുഷ്യരെ ആത്മീയവും ഭൗതികവുമായി ചൂഷണം ചെയ്യാമെന്ന് കരുതുന്നവരുടെ കരവിരുതുകള്‍ക്ക് വഴങ്ങാത്ത ഇസ്‌ലാമിനെ ഭീകരതയുടെ കുപ്പായമിട്ട് അവതരിപ്പിക്കുന്നതിനു പിന്നില്‍ അതിനെ തെറ്റിദ്ധരിപ്പിക്കുകയും തമസ്‌കരിക്കുകയും മാത്രമല്ല ശത്രുക്കളുടെ ലക്ഷ്യം; പ്രത്യുത മീഡിയയിലൂടെ ‘ഇസ്‌ലാം ഭീകരതയാണ്’ എന്ന് ‘തെളിവു’കളുടെ അകമ്പടിയോടെ ആവര്‍ത്തിച്ച് പഠിപ്പിക്കപ്പെട്ടാല്‍ പ്രശ്‌നപരിഹാരത്തിന് ഭീകരപ്രവര്‍ത്തനമല്ലാതെ മാര്‍ഗമില്ലെന്ന് മുസ്‌ലിം യുവത മനസ്സിലാക്കുകയും അവരെ ആത്മഹത്യാമുനമ്പിലൂടെ നയിച്ച് കലാപകാരികളാക്കിത്തീര്‍ക്കാന്‍ കഴിയുകയും ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. അവരുണ്ടാക്കുന്ന കെണിയിൽ വീണുപോകുന്നവരാണ് പലപ്പോഴും കലാപകാരികളായിത്തീരുന്നത്. പ്രമാണങ്ങളുദ്ധരിച്ച് അവർ ചെയ്യുന്നത് ശരിയെല്ലെന്ന് തെര്യപ്പെടുത്തുകയും കലാപത്തിലേക്ക് ചായാൻ വെമ്പൽ കൊള്ളുന്ന വികാരജീവികളെ ക്രിയാത്മകമായ രാഷ്ട്രനിർമാണപ്രക്രിയകളിലേക്ക് വഴിതിരിച്ച് വിടുകയുമാണ് ആദർശത്തിന്റെയും സമുദായത്തിന്റെയും നന്മയാഗ്രഹിക്കുന്നവർ ചെയ്യേണ്ടത്.

ഇസ്‌ലാം പ്രാകൃതവും ക്രൂരവുമാണെന്ന് സ്ഥാപിക്കുന്നതിനായി ശത്രുക്കള്‍ എടുത്തുദ്ധരിക്കുന്ന കഅ്ബുബിനു അഷ്‌റഫിനെയും അബൂറാഫിഅഇനെയും ഖാലിദുബ്‌നു സുഫ്‌യാനിനെയും അസ്മാബിന്‍ത് മര്‍വാനിനെയും വധിക്കുവാന്‍ പ്രവാചകന്‍ (സ) കല്‍പിച്ച സംഭവങ്ങളെല്ലാം തന്നെ നടന്നത് ഇസ്‌ലാമികരാഷ്ട്രത്തിലാണെന്നും രാഷ്ട്രത്തിനെതിരെ ഗൂഡപ്രവര്‍ത്തനങ്ങള്‍ നടത്തുകയും രാഷ്ട്രനോതാവിനെ കൊല്ലാന്‍ ആഹ്വാനം ചെയ്യുകയും നാട്ടില്‍ വ്യാപകമായ കലാപങ്ങളുണ്ടാക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന് ഇവരെ വധിക്കുവാന്‍ രാഷ്ട്രനേതൃത്വം ആവശ്യപ്പെടുകയാണ് ചെയ്തതെന്നുമുള്ളതാണ് വസ്തുത. കാരുണ്യത്തിന്റെ മതമായ ഇസ്‌ലാമിനെ വികൃതമായി അവതരിപ്പിക്കുവാന്‍ ചരിത്രത്തില്‍ നിന്ന് സംഭവങ്ങളെ അടര്‍ത്തിയെടുക്കുകയും സന്ദര്‍ഭത്തെ വികലമാക്കുകയും ചെയ്തുകൊണ്ട് ശത്രുക്കള്‍ അവതരിപ്പിക്കുന്ന സംഭവങ്ങളെ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുവാനായി കലാപത്തെ ന്യായീകരിക്കുന്നവർ വിമര്‍ശകര്‍ അവതരിപ്പിക്കുന്ന അതേ സ്പിരിറ്റോടു കൂടി എഴുതി സമര്‍ഥിക്കുന്നതു കാണുമ്പോള്‍ അവരും നബിനിന്ദകരുമെല്ലാം ഒരേ സ്രോതസ്സില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളുന്നവരല്ലേ എന്ന് ന്യായമായും സംശയിച്ചുപോകുന്നുണ്ട്. മുസ്‌ലിംകളെ പ്രകോപിപ്പിക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മാത്രം പ്രവാചകനിന്ദ നടത്തുന്ന ചില ക്രൈസ്തവ സംഘങ്ങൾ മുസ്‌ലിംനാടുകളിൽ ഉണ്ടായിരുന്നതായി പ്രസിദ്ധ ഓറിയന്റലിസ്റ്റായ സർ തോമസ് ആർണൊൾഡ് തന്റെ The Preaching of Islam: History of the Propagation of the Muslim Faith എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ഇത്തരക്കാരെ ഇസ്‌ലാമികരാഷ്ട്രം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്വാഭാവികമായും കർമ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിൽ കുഴപ്പമുണ്ടാക്കുന്നതിന് വേണ്ടി നബിനിന്ദ നടത്തുന്നവരെ നിഷ്‌കൃഷ്ടമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇമാം ഷാഫി മുതൽ ഇബ്നു തൈമിയ്യ വരെയുള്ള മഹാപണ്ഡിതന്മാർ ഇസ്‌ലാമികരാഷ്ട്രങ്ങളിലെ ഭരണാധികാരികളെ ഉൽബോധിപ്പിച്ചിട്ടുണ്ട്. അവയെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് അവതരിപ്പിച്ച് മതനിരപേക്ഷരാജ്യത്തെ കലാപകാരികളെ ന്യായീകരിക്കുന്നവർ ചെയ്യുന്നത് മതത്തെ വക്രീകരിക്കുകയും ഇമാമുമാരെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. കലാപങ്ങളും കുഴപ്പങ്ങളും ഇല്ലാതാക്കാൻ വേണ്ടിയുള്ള ഇമാമുമാരുടെ നിർദേശങ്ങൾ കലാപങ്ങൾക്ക് എണ്ണയൊഴിക്കാനായി ദുർവ്യാഖ്യാനിക്കുന്നവർ മഹാന്മാരായ പണ്ഡിതന്മാരോട് ചെയ്യുന്ന ദ്രോഹം ചെറുതൊന്നുമല്ല.

ആരെയും കൊല്ലാൻ വേണ്ടി അവതരിപ്പിക്കപ്പെട്ട മതമല്ല ഇസ്‌ലാം. നശീകരണമല്ല അതിന്റെ ലക്ഷ്യം, നിര്‍മാണമാണ്. തന്നെ ആട്ടിയോടിച്ച ത്വാഇഫുകാര്‍ക്ക് മാപ്പുകൊടുത്ത പ്രവചകനില്‍ നിന്നാണ് മുസ്‌ലിംകള്‍ മതം പഠിക്കുന്നത്. വിട്ടുവീഴ്‌യുടെ മകുടോദാഹരണം. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആള്‍ രൂപം. മുഹമ്മദ് നബി(സ)യെ വിമര്‍ശിച്ചവര്‍ അദ്ദേഹത്തിന്റെ അനുയായികളായിത്തീര്‍ന്നത് അദ്ദേഹം പരുഷപ്രകൃതിയുള്ളവനായിരുന്നതുകൊണ്ടല്ല; പ്രത്യുത സ്‌നേഹനിധിയായതുകൊണ്ടാണ്. മുഹമ്മദ് നബി(സ)യെ നിന്ദിക്കുകയും കൊന്നുകളയാനായി വാളുയര്‍ത്തുകയും ചെയ്ത ഉമര്‍ (റ) മുതല്‍ അദ്ദേഹത്തിനെതിരെ യുദ്ധങ്ങള്‍ നയിച്ച അബൂസുഫ്‌യാന്‍ (റ) വരെയും അന്തിമപ്രവാചകന്‍ വളരെ പ്രയാസപ്പെട്ട ഉഹ്ദിലെ ആദ്യത്തെ പരാജയത്തിന്റെ സൂത്രധാരനായിരുന്ന ഖാലിദുബ്ന്‍ വലീദ് (റ) മുതല്‍ അദ്ദേഹത്തെയും കുടുംബത്തെയും തെറിവിളിച്ചുകൊണ്ട് ഉഹ്ദിലൂടെ അമ്മാനമാടിയ ഹിന്ദ് (റ) വരെയുമുള്ളവര്‍ ഇസ്‌ലാമിന്റെ കൊടിക്കീഴിലെത്തിയത് സത്യമതത്തിന്റെ ആദര്‍ശപരമായ ഔന്നത്യം കൊണ്ടും അത് മുന്നോട്ടുവെക്കുന്ന നിയമങ്ങളുടെ കാരുണ്യം കൊണ്ടും അന്തിമപ്രവാചകന്റെ(സ) ഉല്‍കൃഷ്ട സ്വഭാവം കൊണ്ടുമായിരുന്നു. ഇസ്‌ലാമിനെയും പ്രവാചകനെയും(സ) നിന്ദിച്ച ഇവര്‍ക്കെതിരെ വധശ്രമങ്ങള്‍ നടത്തുകയോ അവർക്കെതിരെ ആൾക്കൂട്ടകലാപങ്ങൾ അഴിച്ചുവിടുകയോ അല്ല പ്രവാചകന്‍ (സ) ചെയ്തത്, പ്രത്യുത, സത്യമത പ്രബോധനത്തിലൂടെ അവരുടെ മനസ്സുകളെ കീഴടക്കുകയാണ്. നബിനിന്ദ വർധിച്ചുവരുന്ന ഇക്കാലത്ത് പ്രവാചകജീവിതത്തെ അനുധാവനം ചെയ്യുന്നവർക്ക് ചെയ്യാനുള്ളതും അതുതന്നെയാണ്. നബിജീവിതത്തിന്റെ ധവളിമ സമൂഹത്തിന് മുമ്പിൽ തുറന്നുവെക്കുകയും അതുവഴി തെറ്റിധാരണകൾ അകറ്റാൻ ശ്രമിക്കുകയും ചെയ്യുകയെന്ന ദൗത്യം യഥാരൂപത്തിൽ നിർവ്വഹിക്കപ്പെട്ടാൽ വിവരമില്ലായ്മകൊണ്ട് നബിനിന്ദകരായിത്തീർന്നവരിൽ പലരും നബിയുടെ സ്തുതിപാഠകരായിത്തീരുമെന്നതിന് വർത്തമാനകാലത്ത് തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്.

തന്നെ പ്രയാസപ്പെടുത്തുകയും നിന്ദിക്കുകയും ചെയ്തവരുടെയെല്ലാം ജീവനെടുക്കുവാനും അവര്‍ ചെയ്തതിനെല്ലാം എണ്ണിയെണ്ണി പകരം ചോദിക്കുവാനും കഴിയുന്ന സന്ദര്‍ഭമുണ്ടായിരുന്നു നബി(സ)ക്ക്, മക്കാ വിജയവേളയില്‍. കഅ്ബാലയത്തിനു ചുറ്റും അണിനിരന്നിരുന്ന ശത്രുക്കള്‍ക്ക് മാപ്പുനല്‍കി ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധത്തില്‍ വിട്ടുവീഴ്ചക്ക് മാതൃക കാണിച്ച മുഹമ്മദ് നബി(സ)യുടെ ജീവിതവും സന്ദേശവും പിന്‍തുടരുന്ന മുസ്‌ലിംകള്‍ക്ക് ആർക്കെതിരെയാണെങ്കിലും കലാപങ്ങളെ ന്യായീകരിക്കാനാവില്ല. കഅ്ബുബ്‌നു അഷ്‌റഫിനെ മുതല്‍ അസ്മാഅ് ബിന്‍ത്ത് മര്‍വാന്‍ വരെയുള്ളവരെ വധിക്കുവാനുള്ള ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലവനായിരുന്ന മുഹമ്മദ് നബി(സ)യുടെ കല്‍പനയും നബിനിന്ദകനെതിരെ കലാമുണ്ടാക്കി മൂന്ന് പേരെ കൊലക്ക് കൊടുത്തവരുടെ ചെയ്തികളും താരതമ്യത്തിന് പോലും കൊള്ളാത്തവയാണ്. അങ്ങനെ താരതമ്യം ചെയ്യുന്നവരുടെ സ്രോതസ്സ് ഖുര്‍ആനും നബിചര്യയുമല്ല, പ്രത്യുത ഇസ്‌ലാമിന്റെ ശത്രുക്കളുടെ രചനകളാണ്. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നവര്‍ക്ക് ആയുധങ്ങള്‍ നല്‍കുകയാണ് നബിനിന്ദകർക്കെതിരെയെന്ന പേരിൽ നടക്കുന്ന കലാപങ്ങളെ ന്യായീകരിക്കുന്നവർ ചെയ്യുന്നത്. ശത്രുക്കൾക്ക് ആയുധങ്ങൾ നൽകി സഹായിക്കുന്നവരും ആണയിടുന്നത് തങ്ങൾ ഇസ്‌ലാമിന്റെ സേവകരാണെന്നാണ് എന്നതാണ് ഏറ്റവും വിചിത്രകരമായ വസ്തുത.

തീജ്വാലക്കരികിലിരുന്ന്, ആ ജ്വാലയില്‍ ആകൃഷ്ടരായി അതിലേക്ക് പറന്നടുക്കുകയും അങ്ങിനെ അതിന്മേല്‍ തട്ടി കത്തിച്ചാമ്പലാവുകയും ചെയ്യുന്ന പാറ്റകളെ ആട്ടിയകറ്റിക്കൊണ്ടിരിക്കുന്ന ഒരാളോട് മുഹമ്മദ് നബി (സ) തന്നെ ഉപമിക്കുകയുണ്ടായി; നരകത്തിലേക്ക് ഓടിയടുത്തുകൊണ്ടിരിക്കുന്ന മനുഷ്യസഞ്ചയത്തെ അതില്‍ നിന്നു ആട്ടിയകറ്റിക്കൊണ്ടിരിക്കുകയാണ് താന്‍ എന്നാണ് നബി (സ) ഈ ഉപമയെ വിശദീകരിച്ചുകൊണ്ട് പറഞ്ഞത്. നരകത്തില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുവാന്‍ ശ്രമിച്ച പ്രവാചകന്മാരില്‍ അന്തിമനാണ് മുഹമ്മദ് നബി (സ). സന്മാര്‍ഗോപദേശങ്ങളിലൂടെയാണ് അദ്ദേഹം ജനങ്ങളെ സത്യത്തിലേക്കും അങ്ങനെ സ്വര്‍ഗത്തിലേക്കും നയിച്ചത്. മുഹമ്മദ് നബി (സ) സത്യമത പ്രബോധന ദൗത്യം തന്റെ അനുചരന്മാരെ ഏല്‍പ്പിച്ചുകൊണ്ടാണ് ഇഹലോകത്തുനിന്ന് യാത്രയായത്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാകുന്ന പ്രമാണങ്ങള്‍ മുറുകെപിടിച്ചു കൊണ്ട് നബി(സ)യുടെ അനുയായികള്‍ സത്യമതപ്രബോധനം നിര്‍വ്വഹിച്ചു; അതിന്നായി അവര്‍ പല നാടുകളിലേക്കും യാത്രചെയ്തു. കച്ചവടക്കാരായി ഇന്ത്യയിലെത്തിയ ആദ്യകാല മുസ്‌ലിംകളുടെ ആദര്‍ശത്തിലും ജീവിതനൈര്‍മല്യത്തിലും ആകൃഷ്ടരായി ഇവിടെയുള്ളവര്‍ ഇസ്‌ലാം സ്വീകരിച്ചു. ആദര്‍ശപ്രബോധനം നിലനിന്നപ്പോഴെല്ലാം ജനം ഇസ്‌ലാമിനെപ്പറ്റി പഠിച്ചു. അവരില്‍ പലരും ഇസ്‌ലാമിന്റെ തണലിലെത്തി. അത് ചരിത്രത്തിലുടനീളം തുടര്‍ന്നുവന്നിട്ടുള്ളതാണ്. ഇന്നും അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഇസ്‌ലാമിന്റെ ആദര്‍ശ മഹിമ ആരെയും ആകര്‍ഷിക്കുന്നതാണെന്ന് പക്ഷപാതികളല്ലാത്ത ബുദ്ധിജീവികള്‍ തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇസ്‌ലാമിക പ്രബോധനത്തെ തടയിടുവാനായി വ്യത്യസ്തങ്ങളായ തന്ത്രങ്ങള്‍ പയറ്റുന്നവരാണ് ഇസ്‌ലാമിന്റെ ശത്രുക്കള്‍. അതിലൊന്നാണ് നബി(സ)യെ അവഹേളിക്കുകയെന്നത്. സ്വന്തം ജീവനെക്കാളധികം സ്‌നേഹിക്കുന്ന മുഹമ്മദ് നബി(സ) അവഹേളിക്കപ്പെടുന്നത് മുസ്‌ലിംകള്‍ക്ക് സഹിക്കാനാവില്ലെന്ന് ശത്രുക്കള്‍ക്കറിയാം. നബിനിന്ദയുണ്ടാക്കുമ്പോള്‍ ചില മുസ്‌ലിംകളെങ്കിലും വൈകാരികമായി പ്രതികരിക്കും. അത് കലാപമാക്കിത്തീര്‍ക്കുവാനും മുസ്‌ലിംകള്‍ കലാപകാരികളാണെന്ന് വരുത്തിത്തീര്‍ക്കുവാനുമുള്ള തന്ത്രങ്ങളെല്ലാം അറിയുന്നവരാണ് ശത്രുക്കള്‍. നല്ല രീതിയില്‍ സത്യമതപ്രബോധനം നടക്കുന്ന പ്രദേശങ്ങള്‍ കലാപകലുഷിതമായിത്തീര്‍ന്നാല്‍ പിന്നെ സുഗമമായ ആദര്‍ശപ്രചരണം നടക്കില്ലെന്ന് അവര്‍ക്കറിയാം. അതു തന്നെയാണ് അവരുടെ ലക്ഷ്യവും. ഇസ്‌ലാമിക പ്രബോധനത്തിന് വിലക്കുകളുണ്ടാവണമെന്ന ശത്രുക്കളുടെ ആവശ്യം പൂർത്തീകരിക്കപ്പെടുന്ന സാഹചര്യമാണെണ് കലാപങ്ങളിലൂടെ നബിയെ സ്നേഹിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരുടെ ചെയ്തികൾ കൊണ്ട് ഉണ്ടാവുക. ഇസ്‌ലാമല്ല കലാപകാരികളുടെ പ്രചോദനം; ഇസ്‌ലാമിക പ്രമാണങ്ങളല്ല അവരുടെ സ്രോതസ്സ്; ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യെയും സ്‌നേഹിക്കുന്നവര്‍ക്ക് അവരെ ന്യായീകരിക്കാനാകില്ല; അവര്‍ ആരായിരുന്നാലും.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.