നബിനിന്ദകനോട് പ്രതികാരം !!

//നബിനിന്ദകനോട് പ്രതികാരം !!
//നബിനിന്ദകനോട് പ്രതികാരം !!
ആനുകാലികം

നബിനിന്ദകനോട് പ്രതികാരം !!

”തിരുദൂതരെ, സുഹൈലിന്റെ മുന്‍നിരയിലെ രണ്ടു പല്ലുകള്‍ തട്ടിക്കളഞ്ഞാലും. എന്നാല്‍ ഇനിയൊരിക്കലും അയാള്‍ താങ്കള്‍ക്കെതിരെ വാചാലനാവുകയില്ല.”

പ്രവാചകശിഷ്യനായ ഉമറി(റ)ന്റേതാണ് വാക്കുകൾ. ബദർ യുദ്ധത്തിന് ശേഷമുള്ള പ്രവാചകസദസ്സാണ് രംഗം. മദീനയെ നശിപ്പിക്കാനായി മക്കയിൽ നിന്നെത്തിയ ഇസ്‌ലാമിന്റെ വൈരികളുമായി നടത്തിയ ചെറുത്ത് നിൽപ്പ് യുദ്ധത്തിൽ മുസ്‌ലിംകൾ വിജയിച്ചു. ഖുറൈശികളുടെ അമ്പത് സൈനികരെ മുസ്‌ലിംകൾ ബന്ദികളായി പിടിച്ചു. അവരിൽ ഒരാളായിരുന്നു സുഹൈലുബ്നു അംറ്.

ആരാണ് സുഹൈലുബ്നു അംറ് ? മക്കയിലെ ഉജ്ജ്വലപ്രഭാഷകൻ. സ്ഫുടമായ അറബിഭാഷയില്‍ യുക്തിയുടെ ചട്ടുകത്തില്‍ ചുട്ടെടുത്ത പ്രയോഗങ്ങള്‍ ചടുലമായ പ്രഭാഷണചാരുതേയാടെ അവതരിപ്പിച്ച് അനുവാചകരെ പിടിച്ചിരുത്തുന്നയാൾ. മുഹമ്മദ് നബി (സ) തന്റെ പ്രവാചകദൗത്യം പ്രഖ്യാപിച്ചത് മുതൽ അദ്ദേഹത്തോട് ശത്രുതയോടെ പെരുമാറിയ പ്രമുഖരിൽ സുഹൈലുമുണ്ടായിരുന്നു. തന്റെ പ്രഭാഷണചാതുരി കൊണ്ട് ഇസ്‌ലാമിനെയും പ്രവാചകനെയും തമസ്കരിക്കാൻ അദ്ദേഹം പരമാവധി പരിശ്രമിച്ചു. മക്കയിലെ ചന്തയില്‍ എത്തുന്നവര്‍ക്കിടയില്‍ നബി(സ)യെയും ഇസ്‌ലാമിനെയും അപഹസിക്കുകയായിരുന്നു സുഹൈലിന്റെ പതിവ്. തനിക്ക് അവതരിപ്പിക്കപ്പെട്ട ഖുർആൻ സൂക്തങ്ങൾ ഓതിക്കേൾപ്പിച്ചുകൊണ്ട് മുഹമ്മദ് നബി (സ) ഒരു വശത്ത് ചന്തയിലെത്തുന്നവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കും. മറു വശത്ത് ഇസ്‌ലാമിനെയും പ്രവാചകനെയും നിന്ദിക്കുവാൻ തന്റെ പ്രഭാഷണചാതുരി ഉപയോഗിച്ചുകൊണ്ട് സുഹൈല് ബ്നു അംറും കൂട്ടുകാരുമുണ്ടാകും. ചന്തദിവസങ്ങളിലെല്ലാം ഇത് ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്നു.…

നബിനിന്ദയുടെ നീണ്ട പതിമൂന്ന് വർഷങ്ങൾ !!!

അവസാനം, സുഹൈലിനെപ്പോലെയുള്ള നബിനിന്ദകരുടെ ശല്യവും ഉപദ്രവങ്ങളും പീഡനങ്ങളും സഹിക്കവയ്യാതെ നബിയും അനുചരന്മാരും മദീനയിലേക്ക് പലായനം ചെയ്തു.

മദീനയിൽ ഒരു ഇസ്‌ലാമികസമൂഹം വളർന്നു വരുന്നത് സഹിക്കാൻ കഴിയാതെ ആ നാടിനെയും ആദർശത്തെയും തകർക്കാൻ മക്കയിലെ ശത്രുക്കൾ ഗൂഡാലോചനകൾ നടത്തി. അവയാണ് അവസാനം യുദ്ധത്തിൽ കലാശിച്ചത്.

ബദർ യുദ്ധം കഴിഞ്ഞു. ആയിരത്തോളം വരുന്ന സർവ്വായുധവിഭൂഷിതരായ ശത്രുക്കളോട് മുന്നൂറിലധികം വരുന്ന മുസ്‌ലിംകൾ പോരാടി. അല്ലാഹുവിന്റെ സഹായത്താൽ മുസ്‌ലിംകൾ വിജയിച്ചു.

യുദ്ധത്തിലെ ബന്ദികളെ എന്തുചെയ്യണമെന്ന പ്രശ്നം പ്രവാചകൻ(സ) ശിഷ്യന്മാരുമായി ചർച്ച ചെയ്തു. എല്ലാവരെയും കൊന്നുകളയണമെന്ന് അഭിപ്രായപ്പെട്ടരും വെറുതെ വിടണമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ടായിരുന്നു. അവസാനം പ്രവാചകൻ (സ) തന്നെ തീരുമാനമെടുത്തു. ‘ഗുരുതരമായ കുറ്റങ്ങൾ ചെയ്തവരൊഴികെ മറ്റുള്ളവരെയെല്ലാം വിട്ടയക്കുക’

വിട്ടയക്കാൻ തീരുമാനിക്കപ്പെട്ടവരിൽ നബിനിന്ദക്ക് കുപ്രസിദ്ധനായ സുഹൈല് ബ്നു അംറുമുണ്ടായിരുന്നു. അയാളെ വിട്ടയക്കുന്നത് നബിശിഷ്യനായ ഉമറിന് തീരെ പിടിച്ചില്ല. അദ്ദേഹത്തിന്റേതാണ് നടേ ഉദ്ധരിച്ച വാക്കുകൾ: “തിരുദൂതരെ, സുഹൈലിന്റെ മുന്‍നിരയിലെ രണ്ടു പല്ലുകള്‍ തട്ടിക്കളഞ്ഞാലും. എന്നാല്‍ ഇനിയൊരിക്കലും അയാള്‍ താങ്കള്‍ക്കെതിരെ വാചാലനാവുകയില്ല.”

നന്മകളുടെ പൂർണ്ണതയായ നബി(സ) നൽകിയ മറുപടി ഇങ്ങനെ: ”പാടില്ല, ഉമര്‍! ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ ഞാനും അങ്ങനെ അംഗഭംഗം വരുത്തപ്പെടുന്നത് ഭയപ്പെടുന്നു… താങ്കളെ സന്തോഷിപ്പിക്കുന്ന ഒരു നിലപാട് നാളെ സുഹൈല്‍ എടുത്തുകൂടായ്കയില്ല, ഉമര്‍.”

കൊടിയ ശത്രുവാണെങ്കിൽ പോലും അയാളുടെ അംഗഭംഗം നടത്താൻ പാടില്ലെന്ന് പഠിപ്പിച്ച നബി(സ)യെയല്ലാതെ മറ്റാരെയാണ് നന്മകളുടെ പൂർണ്ണതയെന്ന് വിളിക്കുക?!

അപഹസിക്കുകയും നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശത്രുക്കൾ തന്റെ മുന്നിൽ നിരാലംബരും നിരായുധരുമായി നിൽക്കുമ്പോൾ പോലും അവരെ വെറുതെ വിടാൻ തീരുമാനിച്ച നബി(സ)യല്ലാതെ മറ്റാരാണ് മാനവരിലെ മഹോന്നതൻ !!

നീണ്ട പതിമൂന്ന് വർഷങ്ങൾ തന്നെ തെറി പറയുവാൻ വേണ്ടി നാവ് ചലിപ്പിക്കുകയും തന്നെയും അനുചരന്മാരെയും നാട്ടിൽ നിന്ന് പുറത്താക്കാൻ കൂട്ടുനിൽക്കുകയും പലായനം ചെയ്തെത്തിയ നാട്ടിലും സുരക്ഷിതമായി ജീവിക്കാൻ സമ്മതിക്കാതെ യുദ്ധത്തിന് വരികയും ചെയ്ത വ്യക്തിയിൽ പോലും പ്രതീക്ഷയർപ്പിക്കുകയും അയാളോട് ഗുണകാംക്ഷയോടെ പെരുമാറുകയും ചെയ്ത നബി(സ)യെയല്ലാതെ മറ്റാരെയാണ് സൃഷ്ടിശ്രേഷ്ഠൻ എന്ന് വിശേഷിപ്പിക്കുക?!!

കരിങ്കല്ലിലും തെളിനീർ ദർശിച്ച ആ മഹാപ്രവാചകന്റെ പ്രവചനം പുലർന്നു! ബദർ യുദ്ധം കഴിഞ്ഞ് ആറ് വർഷങ്ങൾക്ക് ശേഷം സുഹൈലു ബിൻ അംറ് മുസ്‌ലിമായി. അതിനിടയില്‍ നടന്ന ഹുദൈബിയ്യാ സന്ധിയില്‍ ഖുറൈശികളെ പ്രതിനിധീകരിച്ചുകൊണ്ട് സംഭാഷണങ്ങളിലേര്‍പ്പെട്ടത് സുഹൈലായിരുന്നു. അന്നും മുസ്‌ലിംകളെ പരമാവധി പ്രകോപിപ്പിക്കുവാന്‍ ശ്രമിച്ചു അദ്ദേഹം. ഹിജ്‌റ എട്ടാം വര്‍ഷത്തില്‍ നടന്ന മക്കാവിജയത്തിന്റെ സന്ദര്‍ഭത്തിലും, മക്കാ മുശ്‌രിക്കുകളെ പ്രതിനിധീകരിച്ചത് അദ്ദേഹം തന്നെ. തന്നെ പീഢിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്ത മക്കയിലെ ശത്രുക്കൾക്ക് മാപ്പു നല്‍കിയ മുഹമ്മദ് നബി(സ)യുടെ നടപടിയാണ് അദ്ദേഹത്തെ ചിന്തിപ്പിച്ചത്. ഗൗരവതരമായ ഇസ്‌ലാം പഠനത്തിന് അത് നിമിത്തമായി. ഒരിക്കൽ നബിനിന്ദകനായിരുന്ന സുഹൈൽ പ്രവാചകവിയോഗത്തിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ അനുയായിയും ഇസ്‌ലാമികപ്രബോധകനുമായിത്തീർന്നു!!

നബി(സ)യുടെ വിയോഗത്തോടെ സങ്കടക്കയത്തിൽ മുങ്ങുകയും പ്രയാസപ്പെടുകയും ചെയ്ത മക്കയിലെ വിശ്വാസികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ വിളിച്ച് കൂട്ടി സുഹൈൽ ബിൻ അംറ് നടത്തിയ പ്രഭാഷണമാണ് അവർക്ക് ആത്മവിശ്വാസം നൽകുകയും സങ്കടനിവൃത്തിയുമുണ്ടാക്കുകയും ചെയ്തത്. അതേക്കുറിച്ച് മദീനയിൽ വിവരം കിട്ടിയപ്പോൾ ഉമർ (റ) ചിരിച്ചു. ഒരിക്കൽ സുഹൈലിന്റെ പല്ല് അടിച്ചുകൊഴിക്കുവാൻ നിർദേശിച്ച തന്നോട് പ്രവാചകൻ (സ) പറഞ്ഞത് ഉമർ ഓർത്തു: “താങ്കളെ സന്തോഷിപ്പിക്കുന്ന ഒരു നിലപാട് നാളെ സുഹൈല്‍ എടുത്തുകൂടായ്കയില്ല, ഉമര്‍.”

കടുത്ത നിന്ദകരെപ്പോലും തന്നെ ആദരിക്കുന്നവരും അനുധാവകരുമാക്കിത്തീർക്കുന്ന അത്ഭുതം; നന്മകളുടെ പൂർണ്ണതയാണ് നബി(സ)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.