നബിചരിത്രത്തിന്റെ ഓരത്ത് -9

//നബിചരിത്രത്തിന്റെ ഓരത്ത് -9
//നബിചരിത്രത്തിന്റെ ഓരത്ത് -9
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -9

ബാദിയ

അനുഗ്രഹത്തിന്റെ അത്ഭുതാനുഭവങ്ങളാല്‍ ചിറകടിച്ചുയര്‍ന്ന ഉത്സാഹത്തിമര്‍പ്പില്‍ അബൂ ദുഐബിന്റെ പുത്രി ഹലീമയുടേയും ഭര്‍ത്താവ്, അബ്ദുല്‍ ഉസ്സയുടെ പുത്രന്‍ ഹാരിസിന്റേയും ബാദിയയിലേക്കുള്ള മടക്കയാത്ര പ്രയാസരഹിതമായി.

മക്കയില്‍ നിന്ന് ബഹുകാതം വിദൂരസ്ഥമായ സഅദ് ബിന്‍ ബക്‌റിന്റെ ഖൈമകളിലെത്തിയപ്പോഴേക്കും ദമ്പതികളെ ചൂഴ്ന്നുനിന്ന പ്രതീക്ഷയുടെ ചില്ലകള്‍ പൂത്തുലഞ്ഞു, കിനാവുകള്‍ ചുരന്നിറങ്ങി. ദൈവത്തിന്റെ ഭൂമിയില്‍ ആ പ്രദേശത്തോളം നിരാർദ്രമായ ഒരിടവുമില്ല എന്ന് അവിടത്തുകാര്‍ തങ്ങളുടെ നാടിനെപ്പറ്റി പറയാറുണ്ടായിരുന്നു. നിശ്ചലവും ദയാരഹിതവുമായി, നിശ്ശൂന്യം വിറങ്ങലിച്ചു കിടന്ന മരുഭൂമണൽത്തിട്ട ദിക്കെങ്ങും വ്യാപിച്ചു കിടന്നു. വേനലിന്റെ വറുക്കുന്ന പകലുകളും ശൂന്യതയുടെ ശുഷ്കിച്ച ചിത്രണങ്ങളും മരുഭൂമിയുടെ ഊഷരതയെ പിന്നെയും കനപ്പിച്ചു. ദാരിദ്ര്യത്തിന്റേയും ഇല്ലായ്മയുടേയും ക്ലാവുപിടിച്ച അടയാളങ്ങള്‍ പ്രദേശം മുഴുവന്‍ നിറഞ്ഞുനിന്നു.

ബാദിയയിലേക്കുള്ള മുഹമ്മദ് എന്ന അനുഗൃഹീത ബാലന്റെ ആഗമനം, വേനലിന്റെ വിലാപം ശ്രവിച്ച് കഴിഞ്ഞിരുന്ന മരുഭൂമിക്കുമേല്‍ വസന്തത്തിന്റെ ശമനൗഷധം പുരട്ടി. അവിടവിടെ തഴച്ച ചെടിപ്പടർപ്പുകൾ ലാക്കാക്കി മേയാൻ പോയ ഹലീമയുടെ ആടുകൾ നിറഞ്ഞ അകിടുകളുമായി സന്ധ്യാനേരങ്ങളില്‍ കൂടണഞ്ഞു. വീട്ടുകാര്‍ വേണ്ടുവോളം കറന്നെടുക്കുകയും മതിവരുവോളം കുടിക്കുകയും ചെയ്തു. അതേസമയം, മറ്റു സഅദികളുടെ അജവൃന്ദം പഴയപടി ഒട്ടിയ വയറുകളും ചപ്പിയ അകിടുകളുമായി പകലൊടുവിൽ തിരിച്ചെത്തി. ഒറ്റത്തുള്ളി പാലു പോലും അധികം നല്‍കാനവയ്ക്കായില്ല. ഹലീമയുടെ ആടുകളെ മേക്കുന്ന ഇടയനെ ചൂണ്ടി അയല്‍ക്കാർ തങ്ങളുടെ ഇടയന്മാരുടെ നേരെ പുരികമുയർത്തി ചോദിച്ചു, ”ഹലീമയുടെ ഇടയച്ചെറുക്കന്‍ ആടുകളെ കൊണ്ടുപോകുന്നിടത്ത് നിങ്ങള്‍ ഞങ്ങളുടെ ആടുകളെ കൊണ്ടുപോകാത്തതെന്ത്?”

“നമ്മുടെ ആട്ടിൻപറ്റം മേയുന്നിടത്തുതന്നെയാണ് ഹലീമയുടെ ആടുകളും മേയുന്നത്. നമ്മുടെ ആടുകൾ പക്ഷേ, ഒട്ടിയ വയറുമായി തിരിച്ചു പോരുമ്പോൾ ഹലീമയുടേത് വയറു നിറഞ്ഞ്, അകിടു മുറ്റി തിരിച്ചു പോരുന്നു.” അവർ പറഞ്ഞു. “അബൂ ദുഐബിന്റെ മകൾക്ക് അതൊന്നുമല്ലാതെ മറ്റെന്തോ ഒന്നുണ്ട്”,

നിലത്ത് കാൽവിരൽതുമ്പിലേക്ക് നോക്കി, വടിയിൽ തിരിപ്പിടിച്ച് അലക്ഷ്യമായി ചിത്രം വരച്ചുകൊണ്ട് അജപാലകരിലൊരാൾ മന്ത്രിക്കുമ്പോലെ പറഞ്ഞു. “നാളിതുവരെ സൗഭാഗ്യമറിഞ്ഞിട്ടില്ലാത്ത ബനൂസഅദിലെ ഏറ്റവും ദുർഭഗരായിരുന്ന ഹലീമയും മക്കളും ഇന്ന് യാതനയൊഴിഞ്ഞവരും വേദനയൊടുങ്ങിയവരുമാണ്, ആതുരാകുലതകളിൽ നിന്ന് മുക്തരുമാണവർ, ദുരിതദാരിദ്ര്യങ്ങളിൽ നിന്ന് അകലെയാണവർ.”

“അതങ്ങിനെതന്നെയാണ്.” മുതിർന്ന സഅദികൾ സശിരകമ്പം സമ്മതിച്ചു. അവരുമത് ശ്രദ്ധിച്ചിട്ടുണ്ട്.

“പക്ഷേ, എങ്ങനെ?” അവർ ഇടയച്ചെറുക്കന്റെ നാക്കിൽ നിന്ന് വാക്കുകൾ മാന്തിയെടുക്കാൻ നോക്കി.

“തേജസ്വിയായ ആ കുറയ്ഷി ബാലന്റെ സാന്നിധ്യമല്ലാതെ മറ്റൊന്നും ഞാൻ കാണുന്നില്ല.”

ശരിയാണ്, അവന്‍ അവര്‍ക്കിടയില്‍ ചെലവഴിച്ച രണ്ടു വര്‍ഷവും ക്ലേശമെന്തെന്ന് ഹലീമയും മക്കളും അറിഞ്ഞില്ല. ദാരിദ്ര്യത്തിന്റെ പരുക്കന്‍ സ്പര്‍ശം അവർ അനുഭവിച്ചില്ല. ആ രണ്ടു വര്‍ഷങ്ങളില്‍ രോഗപീഡകള്‍ അവരെത്തേടിയെത്തിയില്ല. ഐശ്വര്യത്തിന്റെയും സുഭിക്ഷതയുടെയും പകലിരവുകള്‍ ഒന്നൊന്നായി അവരെ അനുഗ്രഹിച്ചു.

അനുഗ്രഹങ്ങൾ മുറ്റിനിന്ന അമൃതകാലത്ത് രാവേറെ ചെല്ലുംവരെ ഹലീമ ഒറ്റക്കിരുന്ന് പ്രാർത്ഥനാ നിരതയായി ജഗന്നിയന്താവിന്റെ കൃപാകടാക്ഷത്തെ വാഴ്ത്തിയിട്ടുണ്ടാകണം. സഅദികളുടെ ഇടയച്ചെറുക്കൻ പറഞ്ഞതു പോലെ, നാളതുവരെ സൗഭാഗ്യമറിയാത്ത ഒന്നുമല്ലാത്തവൾക്ക് ജന്മസാഫല്യമരുളിയ അവന്റെ ദയാവായ്പിനു സ്തുതിയോതിയിരിക്കണം. ‘നീ ഇവളോട് ഇനിയുമിനിയും അലിവു കാണിക്കേണമേ നാഥാ’ എന്ന് കേണിരിക്കണം.

ഹലീമയുടേയും മകള്‍ ശെയ്മയുടേയും തികഞ്ഞ പരിലാളനയുടെ ശീതാമൃതധാരയില്‍ മുഹമ്മദ് വളര്‍ന്നു കൊണ്ടിരുന്നു. അവന്റെ രണ്ട് വയസ്സിന് നാലു വയസ്സുകാരന്റെ പുഷ്ടി. അതോടെ മുലകുടിയും നിര്‍ത്തി. ബാദിയയിലെ ഒരൊറ്റ കുട്ടിയും വളര്‍ച്ചയില്‍ അവന്നടുത്തെത്തിയില്ല. രണ്ടു വയസ്സില്‍തന്നെ അവന്‍ ലക്ഷണമൊത്ത ബാലനായി.

രണ്ടു വർഷമായില്ലെ ഉമ്മയെ വിട്ടു പോന്നിട്ട്! ഇപ്പോള്‍ അവനെ മാതാവിന്റെ അടുത്തെത്തിക്കേണ്ടതുണ്ട്. മുഹമ്മദ് തങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന അനുഗ്രഹങ്ങള്‍ തുടര്‍ന്നും ലഭിക്കാന്‍ അവനവര്‍ക്കിടയില്‍ തന്നെ കഴിഞ്ഞെങ്കില്‍ എന്നവര്‍ വല്ലാതെ ആഗ്രഹിക്കുകയും ചെയ്തു.

ഹലീമയും ഹാരിസും മുഹമ്മദിനെയുമെടുത്ത് മക്കയിലെത്തി. മകന്റെ വളര്‍ച്ചയിലും പുഷ്ടിയിലും ആമിനയുടേയും അബ്ദുൽ മുത്തലിബിന്റേയും ഉള്ളിൽ പതഞ്ഞ സംതൃപ്തി മുഖത്ത് പ്രതിഫലിച്ചു, വാക്കുകളിൽ പ്രകടമായി. ഹലീമ പലവട്ടം പിരിഞ്ഞുപോരാനായി എഴുന്നേറ്റു. പക്ഷേ, അവൾക്ക് താൻ പോറ്റിയ ഓമനയെ വേര്‍പിരിയാനാവുന്നില്ല. ബാദിയയിലേക്ക് അവനില്ലാതെ ഒരു യാത്ര ഓർക്കാനാവുന്നില്ല. ഒരിക്കൽകൂടി അവനെ കൊണ്ടുപോകാൻ അവൾ ആമിനയുടെ സമ്മതം തേടി. “ബാദിയയിൽ നിര്‍മലമായ വായുവുണ്ട്, തെളിഞ്ഞ ആകാശമുണ്ട്, ശാന്തമായ ജീവിതമുണ്ട്. അവിടെ രോഗങ്ങളില്ല, നടപ്പുദീനങ്ങളില്ല, അശാന്തിയും കലാപവുമില്ല.” – അവൾ ആമിനയെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു.

ഹലീമയുടെ ഇച്ഛാനുസാരം ആമിനയുടെ മറുപടി വന്നു. തന്റെ ജീവനെക്കാളുപരി മകനെ അവൾ സ്‌നേഹിച്ചിരുന്നു. അവന്റെ ആരോഗ്യവും വളര്‍ച്ചയുമാണ് എല്ലാത്തിനെക്കാളും പ്രധാനമെന്നവൾ കണ്ടു. ജീവന്റെ ജീവനായ മകന്റെ ആയുരാരോഗ്യസൗഖ്യത്തിനുവേണ്ടി മാതൃത്വത്തിന്റെ ആനന്ദം അവര്‍ ബലികഴിച്ചു. ത്യാഗത്തിന്റേതല്ലാത്തതായ കഥയവൾക്കെന്തുണ്ട്? വരുന്നതെല്ലാം നല്ലതിനെന്നും അതെല്ലാം തന്റെ വിധിവിഹിതമാണെന്നും കരുതി നനവൂറിയ കണ്ണുകളോടെ ആമിന മകനെ ഹലീമക്കൊപ്പമയച്ചു. അവളുടെ പരിചാരിക ബറക: അസൂയാഭരിതമായ ദൃഷ്ടിയോടെ ഹലീമയെ യാത്രയാക്കി. കുറ്റപ്പെടുത്തുന്ന ദൃഷ്ടിയോടെ ആമിനയെ ആശ്വസിപ്പിച്ചു.

കുട്ടിയെയുമായി ഹലീമ അതീവ സന്തുഷ്ടയായി തിരിച്ചുപോന്നു. ബാദിയയില്‍ തിരിച്ചെത്തി ഏതാനും മാസങ്ങള്‍ക്കുശേഷം ഒരു ദിവസം. മുഹമ്മദും ഹലീമയുടെ പുത്രന്‍ അബ്ദുല്ലയും വീടിനു പിന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്ന് അബ്ദുല്ല ഓടിവന്ന് കിതച്ചുകൊണ്ട് ഉമ്മയോടു പറഞ്ഞു, “എന്റെ കുറയ്ഷി സഹോദരന്‍…” കിതപ്പും ഭയവും അവന്റെ ശരീരത്തിൽ അനവരതം കമ്പനം തീർക്കുന്നുണ്ട്, “വെള്ള വസ്ത്രം ധരിച്ച രണ്ടു പേർ അവനെയെടുത്ത് നിലത്തുകിടത്തി…” കിതച്ചു കൊണ്ട് ഒരു വിധം അവൻ പറഞ്ഞൊപ്പിച്ചു, “എന്നിട്ട് അവന്റെ നെഞ്ച് തുറന്നിട്ടിരിക്കുന്നു.”

അബോധചേതനകൊണ്ടെന്ന പോലെ ഹലീമയും ഭര്‍ത്താവും പിടഞ്ഞെഴുന്നേറ്റ് ഓടി. അവര്‍ മകനെ കണ്ടു. അവന്‍ വിളറി വെളുത്ത് അവിടെ നില്‍ക്കുന്നു, മറ്റാരുമില്ല.

“എന്തുപറ്റി മോനേ?” വിഭ്രാന്തരായി അവര്‍ ചോദിച്ചു.

അവന്‍ കഥ നേര്‍ക്കുനേരെ പറഞ്ഞുകൊടുത്തു. അവര്‍ കളിച്ചുകൊണ്ടിരിക്കെ രണ്ട് ശുഭ്രവേഷധാരികൾ അവനെ സമീപിച്ചുവത്രെ, എന്നിട്ട് അവനെ നിലത്തുകിടത്തി. അവന്റെ നെഞ്ചു കീറി ഹൃദയം തുറന്ന് എന്തിനോ വേണ്ടി പരതി. അവസാനം ഒരു കഷ്ണം പുറത്തെടുത്ത് കുടഞ്ഞുകൊണ്ട് പറഞ്ഞു. ‘ഇത് നിന്നിലെ പൈശാചികാംശമാണ്’ പിന്നീട് ഒരു സ്വര്‍ണത്തളികയില്‍ കരുതിയിരുന്ന സംസം വെള്ളവും വെൺമഞ്ഞുമുപയോഗിച്ച് കഴുകി. പിന്നെ പഴയ പടിയായി.

ഹലീമയും ഭര്‍ത്താവ് ഹാരിസും പല പ്രാവശ്യം പല ഭാഗത്തും നടന്നുനോക്കി. വെളുത്ത വസ്ത്രമണിഞ്ഞവരുടെ പൊടിപോലും അവിടെയെങ്ങുമുണ്ടായിരുന്നില്ല. രണ്ട് കുട്ടികളും പറയുന്നത് സാക്ഷ്യപ്പെടുത്തുന്ന തരത്തില്‍ അവന്റെ ശരീരത്തിലെവിടെയും മുറിവോ രക്തമോ ഉണ്ടായിരുന്നില്ല. തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഇരുവരും തങ്ങള്‍ മുമ്പു പറഞ്ഞത് തെറ്റാണെന്ന് പറയുകയോ, ആദ്യ കഥയില്‍ നിന്ന് അല്‍പം പോലും വ്യത്യാസപ്പെടുത്തുകയോ ഉണ്ടായില്ല. മുറിപ്പാടോ രുധിരാവശേഷങ്ങളോ തങ്ങളുടെ വളര്‍ത്തു മകന്റെ ശരീരത്തില്‍ അവര്‍ക്ക് കണ്ടെത്താനുമായില്ല. ആകപ്പാടെയുള്ള ഒരസാധാരണത്വം, അവന്റെ പുറത്ത്, ഇരുതോളുകള്‍ക്കുമിടയില്‍ കണ്ട ചെറുതെങ്കിലും വ്യക്തമായ ഒരടയാളമാണ് – പതിഞ്ഞ വൃത്താകാരത്തിലുള്ള ഒരടയാളം. ആ ഭാഗത്ത് മാംസം അല്‍പം എഴുന്നുനില്‍ക്കുന്നു. പ്രശ്‌നമതല്ല, ആ അടയാളം പുതിയതൊന്നുമല്ല, ജന്മനാ അവിടെയുള്ളതാണ്.

(ഇത് ചരിത്രത്തിന്റെ ആസ്വാദനമാണ്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.