നബിചരിത്രത്തിന്റെ ഓരത്ത് -7

//നബിചരിത്രത്തിന്റെ ഓരത്ത് -7
//നബിചരിത്രത്തിന്റെ ഓരത്ത് -7
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -7

ചരിത്രാസ്വാദനം

തിരുപ്പിറവി

ആമോദാതിരേകത്താൽ പരിധികൾ ഉല്ലംഘിക്കപ്പെട്ട തിമർപ്പിലായിരുന്നു ആ ദിനങ്ങളിൽ മക്കക്കാർ. അബ്രഹയുടെ തോറ്റമ്പിയ ആനപ്പടയെക്കുറിച്ച് മാത്രമായി അവരുടെ സംസാരം. കുറയ്ഷികൾ കാവല്‍ പാർക്കുകയും പരിചരിക്കുകയും ചെയ്യുന്ന ദൈവഭവനം ആനപ്പടയുടെ ആക്രമണത്തില്‍ നിന്ന് തെന്നിമാറിയതിനെക്കുറിച്ച് സൂര്യനുദിച്ചതു മുതൽ പകലറുതി വരെയും, അസ്തമയം മുതൽ പുലരി വരെയും അവര്‍ സംസാരിച്ചുകൊണ്ടേയിരുന്നു.

കുറയ്ഷിലെ വലിയവരിലും ചെറിയവരിലും അഹങ്കാരത്തിന്റെ രസനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുപൊങ്ങി. അല്ലാഹു കഅ്ബയുടേയും കുറയ്ഷികളുടേയും സ്ഥാനം പതിന്മടങ്ങ് ഉയര്‍ത്തിയതായി അവര്‍ വീമ്പിളക്കി. അവരുടെ സന്ധ്യകള്‍ സുധാമയമായി. കുറച്ചു കാലത്തേക്ക് അവരുടെ സാമൂഹ്യ ജീവിതത്തിന്റെ ധമനികളെ സജീവമായി നിർത്തിയിരുന്ന വാണിജ്യം പോലും മറന്നു പോയി.

എന്നാല്‍ കുറയ്ഷികളുടെ സര്‍വാദരണീയനായ കാരണവര്‍ മാത്രം ഈ അത്യാഹ്ളാദങ്ങളില്‍ പങ്കുചേര്‍ന്നില്ല; ആനപ്പടയുടെ പരാജയം വയോധികന്റെ തലക്കകത്ത് ലഹരി കുത്തിവെച്ചതുമില്ല -അത് ഹാഷിമിന്റെ മകന്‍ അബ്ദുല്‍ മുത്തലിബിന്റെ വഴി.

പിതൃവ്യ ഭവനത്തിലെ ബഹളങ്ങളില്‍ നിന്നു മാറി ഒരു കുറയ്ഷി പെണ്‍കൊടി സ്വയം തെരഞ്ഞെടുത്ത ഏകാകിതയിലേക്ക് ഊളിയിട്ടു. അവളുടെ സംസാരത്തിലും ചലനങ്ങളിലും ഉറഞ്ഞ ദുഃഖമോ നിറഞ്ഞ സന്തോഷമോ ഇല്ല. നഷ്ടബോധത്തിന്റേയും പ്രതീക്ഷയുടേയും സമ്മിശ്രമായ വികാരം മുഖത്ത് നിഴലിച്ചു -അത് വഹബിന്റെ മകള്‍ ആമിനയുടെ വഴി.

കുറയ്ഷികളുടെ ഹര്‍ഷോല്ലാസ പ്രകടനങ്ങളില്‍നിന്ന് വയോധികനെ മാറ്റി നിര്‍ത്തിയ അനേകം ഘടകങ്ങളിലൊന്ന് പ്രിയ പുത്രന്റെ വേര്‍പാടാണ്. വിടരുംമുമ്പേ പൊലിഞ്ഞുപോയ പൂവിനെ ഇനിയും വിസ്മൃതി ഏറ്റുവാങ്ങിയിട്ടില്ല.

ആനപ്പടയേയും അതിന്റെ പിന്തിരിഞ്ഞോട്ടത്തേയും പറ്റി വയോധികന്‍ ചിന്തിച്ചു. അതിനെച്ചൊല്ലി കുറയ്ഷികള്‍ വെച്ചുപുലര്‍ത്തുന്ന അഹങ്കാരത്തേയും വ്യര്‍ത്ഥാഭിമാനത്തേയും കുറിച്ച് അദ്ദേഹം ചിന്തിച്ചു. അവയുടെ നിരര്‍ത്ഥകതയെക്കുറിച്ചോര്‍ത്ത് ഉള്ളാലെ ചിരിക്കുകയും അവരെയോര്‍ത്ത് സഹതപിക്കുകയും ചെയ്തു.

ആനപ്പടയുടെ തിരിഞ്ഞോട്ടത്തില്‍ താനടക്കം കുറയ്ഷികളുടെ പങ്കെന്താണ്? മലമുകളില്‍ അഭയമന്വേഷിച്ചതോ? വന്യമൃഗങ്ങള്‍ മേയുന്ന കുന്നുകളില്‍ ചെന്നുനിന്ന് ഗജസേനയുടെ ചലനങ്ങള്‍ നോക്കി നിന്നതോ? ആരുമല്ല, അല്ലാഹുവാണ് അബ്രഹയേയും സേനയേയും തിരിച്ചുകളഞ്ഞത്. ആരുമല്ല, അല്ലാഹുവാണ് ആ പടയെ ഛിന്നഭിന്നമാക്കിയത്. എന്നിട്ടും കുറയ്ഷ് ഈ വിജയത്തിന്റെ പിതൃത്വമവകാശപ്പെടുന്നു. അവകാശവാദങ്ങളുടെ പെരുമഴ തീര്‍ക്കുന്നു. മനുഷ്യന്‍ അങ്ങനെയാണ്, ലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പളപളപ്പുകള്‍ അവനെ വഞ്ചിക്കുന്നു; എന്നിട്ടതിനെ സ്വന്തം ചെയ്തികളുടെ കണക്കുപുസ്തകത്തിലെ ഒഴിഞ്ഞ കള്ളികളില്‍ നിറക്കുന്നു.

വയോധികന്‍ പിന്നേയും കുറയുഷികളുടെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങളെക്കുറിച്ചുതന്നെ ആലോചിച്ചു. തങ്ങള്‍ ആരൊക്കെയോ ആണെന്നവര്‍ക്ക് തോന്നുന്നു. എന്നെന്നും അതിജയിക്കുന്ന, ഒരിക്കലും അതിജയിക്കപ്പെടാത്ത ആ മഹാശക്തിക്കു മുമ്പില്‍ അവരൊന്നുമല്ല. ആ ശക്തിയാണ് മുമ്പെങ്ങും ആരും കണ്ടിട്ടില്ലാത്ത അബാബീലുകളെ കടലിന്റെ ഭാഗത്തു നിന്ന് പറഞ്ഞയച്ചത്. ആ പക്ഷികളെ ഉപയോഗിച്ച് അവനാണ് മുൻപെങ്ങും ആരും ദര്‍ശിച്ചിട്ടില്ലാത്ത വിധം ശക്തമായ സേനയെ ചാണകപ്പരുവത്തിലാക്കിയതും, പൊരുളറിയാതെ പകച്ചുനിന്ന മക്കക്കാരുടെ തലയ്ക്കു മുകളിലൂടെ വിശുദ്ധ ഭവനത്തെ സ്വേച്ഛാധിപതിയുടെ ക്രുദ്ധാക്രമണങ്ങളില്‍ നിന്ന് തടഞ്ഞു നിര്‍ത്തിയതും.

ആ മഹച്ഛക്തിയുടെ കരുണരൗദ്രങ്ങള്‍ താന്‍ എമ്പാടും അനുഭവിച്ചിട്ടുണ്ട്. ഓര്‍മയുറയുന്ന മനസ്സിന്റെ കിളിവാതിലുകള്‍ പതുക്കെ തുറന്നു. ആ ആദിപരാശക്തിയാണ് തന്റെ മകനെ മരണത്തിന്റെ പിളര്‍ന്ന വായ്മുഖത്തുനിന്ന് പിടിച്ചുമാറ്റിയതും ഒരു നീളം ആയുസ്സ് നല്‍കിയതുമെന്ന് വയോധികന്‍ ഉറച്ചു വിശ്വസിച്ചു. പതിനാല് രാവിന്റെ നിറവുള്ള ചന്ദ്രനെപ്പോലെ പൂര്‍ണമായ പുരുഷായുസ്സില്‍ താന്‍ എന്തെല്ലാം കണ്ടിട്ടുണ്ട്! ജീവിതത്തിന്റെ കനിവും ചവിട്ടുമേറ്റിട്ടുണ്ട്. ലാളനയും കണ്ണുരുട്ടലും, സാന്ത്വനവും ശകാരവര്‍ഷവും നേരിട്ടിട്ടുണ്ട്, സുഖവും സന്താപവും അനുഭവിച്ചിട്ടുണ്ട്. ശാമിലേക്കും യമനിലേക്കുമുള്ള ഇടതടവില്ലാത്ത യാത്രകള്‍, ഇടക്കിടെ വന്നെത്തുന്ന വിശ്രമ വേളകള്‍…

മകനുവേണ്ടി വിധിയുമായി മുഖാമുഖം നിന്നിട്ടില്ലേ! അലംഘനീയമായ വിധിക്കും ലോലമായ അവന്റെ ജീവനുമിടയില്‍ നറുക്കുകള്‍ വിധി പ്രസ്താവിച്ചതെന്തിനായിരുന്നു? ഒട്ടകങ്ങളെ പ്രായശ്ചിത്തമായി നല്‍കുകയും, നൂറൊട്ടകം തികയുന്നതുവരെ വിധി മടിച്ചുനിന്നതുമെന്തിനായിരുന്നു? അങ്ങനെ ലഭിച്ച അവന്റെ ആയുസ്സ് എന്തിനുവേണ്ടിയായിരുന്നു? മരണത്തിനുമേല്‍ ജീവിതം വരിച്ച വിജയമെന്ന പേരില്‍ ബനൂഹാഷിം അതിരുവിട്ട് ആഹ്ളാദിച്ചതെന്തിനായിരുന്നു?

വയോധികന്‍ ഉള്ളാലെ ചിരിച്ചു; ദുഃഖം ചാലിച്ച ചിരി. പതഞ്ഞുയരുന്ന ആരവങ്ങളെ തളര്‍ത്താനും തിളയ്ക്കുന്ന ഹൃദയവികാരങ്ങളെ തണുപ്പിക്കാനുമുള്ള വയോധികന്റെ കഴിവ് സുവിദിതമാണ്. അതില്ലായിരുന്നുവെങ്കില്‍ ദുഃഖത്തിന്റെ പെരുക്കത്തില്‍ അദ്ദേഹത്തിന് ചിരി നഷ്ടപ്പെടുമായിരുന്നു. വിജയങ്ങളുടെ ലഹരിയില്‍ നിയന്ത്രണം നഷ്ടപ്പെടുമായിരുന്നു.

അബ്രഹയെ അല്ലാഹു തടഞ്ഞത് കുറയ്ഷികളോടുള്ള ബഹുമാനവും അവര്‍ക്കുള്ള സമ്മാനവുമാണത്രേ! ബലിക്കത്തിയുടെ നിഴലില്‍ നിന്ന് തന്റെ മകന്‍ രക്ഷപ്പെട്ടത് അവരോടുള്ള ആദരവാണത്രേ! ചുണ്ടിൽ ചിരിയൂറി.

അല്ല. ഒരിക്കലുമല്ല. കുറയ്ഷികളോടുള്ള ബഹുമാനാദരങ്ങളാലല്ല സര്‍വശക്തന്‍ ആനക്കാരെ തുരത്തിയത്. അത് അവന് മാത്രമറിയാവുന്ന ഏതോ വലിയ കാര്യത്തിന്റെ ദൃഷ്ടാന്തമാണ്. അബ്ദുല്ലയെ മരണ വക്ത്രത്തില്‍ നിന്ന് പിടിച്ചുമാറ്റിയതും നൂറൊട്ടകങ്ങളെ ബലിയായി സ്വീകരിച്ചതും തനിക്കും തന്റെ മകനുമുള്ള ആദരമല്ല. അല്ലാഹുവിന് മാത്രമറിയാവുന്ന ഏതോ മഹത്തായ കാര്യത്തിനുവേണ്ടിയാണ് അവന്‍ അങ്ങനെ ചെയ്തത്. ജനങ്ങള്‍ക്ക് അതിനെക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാ.

മരണത്തിനും ജീവിതത്തിനുമിടയിലുള്ള തികഞ്ഞ അനിശ്ചിതത്ത്വത്തിനു ശേഷം വളരെ കുറച്ചു മാത്രമാണ് അബ്ദുല്ല ജീവിച്ചത്. അപ്പോഴേക്കും മരണത്തിന്റെ മാലാഖ വന്ന് അവനെ കൂട്ടിക്കൊണ്ടുപോയി. ഇതിന്റെ പൊരുളെന്ത്? മരണത്തില്‍നിന്ന് രക്ഷപ്പെടുകയും ഒരു അനാഥയെ പരിഗ്രഹിക്കുകയും ഏതാനും ദിവസങ്ങള്‍ അവളോടൊപ്പം കഴിയുകയും, പിന്നീട്, മക്ക വിട്ടുപോകുന്നവരോടൊപ്പം തിരിച്ചുവരാനായി പോവുകയും കൂട്ടുകാര്‍ തിരിച്ചുവന്നിട്ടും അവന്‍ വരാതിരിക്കുകയു ചെയ്തതെന്തേ? യഥ്‌രിബിലെ ബനൂനജ്ജാര്‍ ഗോത്രക്കാരായ മാതുലപുത്രരോടൊപ്പം ഏതാനും ദിവസം തങ്ങിയതിനു ശേഷം പോയവരാരും തിരിച്ചുവരാത്ത ലോകത്തേക്ക് പോയ്മറഞ്ഞതും വിചിത്രമായി തോന്നുന്നില്ലേ! അവന്‍ നാടുവിട്ടതും നവോഢയായ ആമിന തന്റെ ഉദരത്തില്‍ ഒരു പുതുജീവന്റെ തുടിപ്പറിഞ്ഞു. ആര്‍ക്കറിയാം, ഏതോ ഒരമാനത്ത് ഏല്‍പിക്കാന്‍ വേണ്ടി മാത്രമായിരിക്കില്ല അബ്ദുല്ല ഭൂജാതനായതെന്ന്! ആര്‍ക്കറിയാം, ഏതോ ഒരമാനത്ത് ഏല്‍പിക്കാന്‍ വേണ്ടി മാത്രമായിരിക്കില്ല ആമിന ഭൂജാതയായിട്ടുള്ളതെന്ന്!

ലോകത്തിനുനേരെ കലപിലാ ചിരിക്കുകയും ജീവിതത്തോട് ഇടതടവില്ലാതെ സല്ലപിക്കുകയും ചെയ്യുന്ന കുറയ്ഷിപ്പെണ്ണുങ്ങളോട് ആമിനയ്ക്ക് ഒട്ടും അസൂയ തോന്നിയില്ല, അവരുടെ ആഹ്ളാദപ്രകര്‍ഷങ്ങളില്‍ അവള്‍ പങ്കുചേര്‍ന്നുമില്ല. അതിനെല്ലാമതീതമായ വല്ലാത്തൊരനുഭൂതി അവളെ ചുഴ്ന്നുനിന്നു. അതവള്‍ക്ക് ഭര്‍ത്താവുമൊന്നിച്ചു കഴിഞ്ഞ വളരെ ചെറിയകാലത്തെ ആനന്ദം തിരികെ നല്‍കി. കരതലസ്പര്‍ശം കൊണ്ട് മനസ്സിലാക്കിയ സ്വന്തം ഉദരത്തിലെ ജീവന്റെ മിടിപ്പും മറിച്ചിലും അവളെ ഹര്‍ഷപുളകിതയാക്കി. എന്നാല്‍, അടുത്ത നിമിഷത്തില്‍ മരണപ്പെട്ട ഭര്‍ത്താവിനെ ഓര്‍ത്തു. ഈ നിമിഷങ്ങളുടെ അനുഗ്രഹം പങ്കുവെക്കാന്‍ അദ്ദേഹം ചാരെ ഇല്ലല്ലോ എന്നോര്‍ത്ത് കണ്ണുകള്‍ സജലങ്ങളായി. സന്താനഭാഗ്യത്തിന്റെ കണ്‍കുളിര്‍മ ഒറ്റക്കല്ല അനുഭവിക്കേണ്ടതെന്നും അത് രണ്ടുപേര്‍ക്കും പങ്കുവെക്കാനുള്ളതാണെന്നും അവള്‍ക്കു തോന്നി. ഒരാളുടെ അഭാവം പങ്കാളിയില്‍ ഇരട്ട വൈഷമ്യം സൃഷ്ടിക്കും, അത് ദുഃഖപാരാവാരത്തിന്റെ പ്രഭവവുമാകും.

എന്നാല്‍, ദുഃഖം അവള്‍ കീഴ്ച്ചുണ്ടില്‍ കടിച്ചൊതുക്കി. ഉള്ളതുകൊണ്ട് തൃപ്തിയടയാന്‍ ഹൃദയത്തെ അവള്‍ പാകപ്പെടുത്തിയിരിക്കുന്നു. ജനിമൃതികള്‍ക്കിടയിലുള്ള അല്‍പനേരത്തെ ഭാരവും ചാരവുമാണ് ജീവിതം എന്നവള്‍ കരുതുന്നു. അത് പേറേണ്ടതുണ്ട്; ചിലര്‍ അതില്‍ തോരണം തൂക്കുന്നു, മറ്റു ചിലര്‍ നിസ്സംഗരായി തങ്ങള്‍ക്കേകിയത് ഏറ്റുവാങ്ങുന്നു. സംതൃപ്തിയോടെ അതുമായി പൊരുത്തപ്പെടുന്നതാണ് വൈമനസ്യത്തോടെ കലഹിക്കുന്നതിനേക്കാള്‍ മനശ്ശാന്തി നല്‍കുന്നത്.

സ്ഫടികതുല്യം തെളിഞ്ഞു നിന്ന ഇന്ദ്രനീലാംബരവും പരിലസിച്ചുനിന്ന ചന്ദ്രതാരഗണവും കൊണ്ടനുഗൃഹീതമായ സുന്ദരരാവ് പുലരിയെ പുണരാൻ ഇനിയും നാഴികകളുണ്ട്. അന്നേരം ആമിന ഒരു പുതുജീവനു ജന്മം നല്‍കി. തേജസ്വിയും സുന്ദരനും ആരോഗ്യവാനുമായ ഒരോമനയ്ക്ക്. അവന്‍ വാവിട്ടു കരഞ്ഞു. ഉമ്മയുടെ നെഞ്ചില്‍ നിന്ന് ജീവന്‍ നുണഞ്ഞു. പിന്നീടവന്‍ ലോകത്തിനു നേരെ കണ്ണു തുറന്നു. പെണ്ണുങ്ങള്‍ മാറിമാറി അവനെ പരിലാളിച്ചു.

മനോഹരമായ ആ രാവ് അവസാനിച്ചതും മക്ക പതുക്കെ ജീവിതത്തിലേക്കുണര്‍ന്നു. സാധാരണപോലെ മറ്റൊരു ദിവസത്തിന്റെ ആരംഭം, അബ്ദുല്‍ മുത്തലിബ് വിശുദ്ധ ഗേഹത്തിനോട് ചേര്‍ന്ന ഹിജ്‌റില്‍ ഇരിക്കുകയാണ്. മക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തിനു ചുറ്റും പൂര്‍ണവൃത്തം തീര്‍ത്തിരിക്കുന്നു. അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. വയോധികന്‍ അതിന് ചെവി കൊടുക്കുന്നുണ്ടെന്ന് വരുത്തി. പ്രതീക്ഷാഭരിതമായ ഒരു നേരത്ത് മരണം വാരിയെടുത്ത തന്റെ മകനെ കുറിച്ച ചിന്ത വീണ്ടും അദ്ദേഹത്തെ പൊതിഞ്ഞു. അങ്ങനെയങ്ങ് മറക്കാനാവില്ലല്ലോ ഊർജ്ജസ്വലനായ മകനെ.

പരിചാരകന്‍ ധൃതിയില്‍ നടന്നടുക്കുന്ന കാഴ്ച അദ്ദേഹത്തെ ചിന്തയിൽ നിന്ന് കുലുക്കിയുണര്‍ത്തി. അയാള്‍ വയോധികനെ അഭിവാദനം ചെയ്തു. “അങ്ങേക്കൊരു കൊച്ചുമകന്‍ പിറന്നിരിക്കുന്നു, ചെന്ന് അവനെ കാണുക.” സുവിശേഷത്തില്‍ വയോധികൻ പിടഞ്ഞെണീറ്റു. പ്രിയപുത്രന്റെ സ്മരണ നിലനിര്‍ത്തിക്കൊണ്ടിതാ കുറയ്ഷിത്തറവാട്ടില്‍ ഒരു കണ്‍മണി പിറന്നിരിക്കുന്നു. ബാധപോലെ പിന്തുടർന്നിരുന്ന നഷ്ടബോധത്തിന് തെല്ലൊരാശ്വാസം അനുഭവിച്ചുവോ!

മക്കളുമൊത്ത് വയോധികന്‍ ആമിനയുടെ വീട്ടിലെത്തി. സ്ത്രീകള്‍ – അവരദ്ദേഹത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു – അദ്ദേഹത്തെ കണ്ടതും കൊച്ചുപൈതലിനെ കൈമാറി. വയോധികന്റെ ഹൃദയത്തില്‍ അല്ലാഹു ശാന്തിയിറക്കിയിരിക്കുന്നു. ദുഃഖം അകന്നകന്നു പോയി, ഒരിടവേളക്കു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഹര്‍ഷാരവങ്ങള്‍ വീണ്ടും കടന്നുവരുന്നു.

പേരക്കിടാവിനെയുമെടുത്ത് അദ്ദേഹം കഅ്ബയിലേക്കോടി. ദൈവാനുഗ്രഹത്തിന്റെ തീരാക്കടങ്ങള്‍ക്കു മുമ്പില്‍ അല്പനേരം നമ്രശിരസ്കനായി. “ഞാനിവന് മുഹമ്മദ് എന്നു പേരിടുന്നു” അരുമയായ പൈതലിനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അദ്ദേഹം വിളിച്ചു പറഞ്ഞു. പിന്നെ ദീര്‍ഘദീര്‍ഘം പ്രാര്‍ത്ഥിച്ചു. മഞ്ഞുകണമേറ്റ് നനഞ്ഞ പനിനീരിതൾ പോലെയുള്ള നനുത്ത ആ അധരങ്ങളിൽ പതുക്കെ ഉമ്മ വെച്ചു. മകനെ നല്‍കിയതിന് വീണ്ടുംവീണ്ടും അല്ലാഹുവിന് നന്ദി പറഞ്ഞു.

അബ്ദുല്‍ മുത്തലിബ് ഒട്ടകത്തെ അറുത്തു. സമതലങ്ങളിലെ മനുഷ്യരേയും മലഞ്ചെരുവിലെ വന്യജീവികളേയും ഊട്ടി.

ഏതാനും ദിവസങ്ങള്‍ക്കുശേഷം ആമിനയുടെ പിതൃവ്യപുത്രി ഹാല ഒരു കുഞ്ഞിനു ജന്മം നല്‍കി; അബ്ദുല്‍ മുത്തലിബിന്റെ മകന്‍ ഹംസയ്ക്ക്. വയോധികന്‍ പുത്രഭാഗ്യത്തിന്റെ ഇരട്ടിമധുരം നുണഞ്ഞു.

(ഇത് ചരിത്രരേഖയല്ല, ചരിത്രത്തിന്റെ ആസ്വാദനം മാത്രമാണ്.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.