നബിചരിത്രത്തിന്റെ ഓരത്ത് -39

//നബിചരിത്രത്തിന്റെ ഓരത്ത് -39
//നബിചരിത്രത്തിന്റെ ഓരത്ത് -39
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -39

ചരിത്രാസ്വാദനം

നിസ്സഹായത

ഔദ്യോഗികമായി കുടുംബ സംരക്ഷണം ലഭിക്കാത്ത മുസ്‌ലിംകളൊന്നും ഇനി മക്കയില്‍ സ്വൈര്യമായി ജീവിക്കാമെന്ന് കരുതേണ്ടതില്ല. മുസ്‌ലിംകളുടെ ശക്തരായ രണ്ട് സംരക്ഷകർ വിടപറഞ്ഞിരിക്കുന്നു. കുറയ്ഷ് അവരുടെ മുസ്‌ലിം വിരുദ്ധ വികാരം കൂടുതല്‍ കനപ്പിച്ചിരിക്കുന്നു. മുഹമ്മദ് തന്നെയും വെറുപ്പിന്റെ പുതിയ തരംഗത്തില്‍ പീഡനത്തിനും പരിഹാസത്തിനും വിധേയനായി. തമസ്സിന്റെ അനാദ്യന്തമായ ഒരു പരപ്പ് മാത്രമായി മക്ക മുസ്‌ലിംകൾക്ക് മുമ്പിലവശേഷിച്ചു.

തന്റെ ശിരസ്സ് മണ്ണുകൊണ്ടഭിഷേകം ചെയ്യപ്പെട്ട സംഭവം വരാനിരിക്കുന്ന കറുത്ത നാളുകളിലേക്കുള്ള സൂചന മാത്രമായിരുന്നുവെന്ന് പ്രവാചകനുണ്ടോ അറിയുന്നു! പിൽക്കാല കഥാകഥനങ്ങളിൽ, ഏതാണ്ട് നഗ്‌നപാദനായി താൻ താണ്ടിയ തീക്കാടുകളെ ഓർത്തെടുത്തുകൊണ്ട് നബി പറയുമായിരുന്നു, ”അല്ലാഹുവാണ! അബൂതാലിബ് മരണമടയുന്നതുവരെ കുറയ്ഷികളില്‍നിന്ന് നിന്ദ്യമായ പീഡനങ്ങളൊന്നും എനിക്ക് ഏല്‍ക്കേണ്ടി വന്നിരുന്നില്ല.”

അബൂതാലിബിന്റെ മരണത്തിനുശേഷം ബനൂഹാഷിമിന്റെ നേതൃത്വം ഏറ്റെടുത്തത് അബൂലഹബായിരുന്നു; ബനൂഹാഷിമിൽ അവശേഷിക്കുന്നവരിൽ മൂത്തയാൾ എന്ന നിലയിൽ അതൊരു സ്വാഭാവിക പ്രക്രിയയുമായിരുന്നു. തുടക്കം മുതൽ ഇസ്‌ലാമിനും പ്രവാചകനും മുസ്‌ലിംകള്‍ക്കും നേരെ നെറിയില്ലാത്ത പ്രചാരണമഴിച്ചുവിട്ട മാന്യതകെട്ട വിമര്‍ശകന് പുതിയ വേഷം ചേരുമോ എന്ന സംശയം അന്തരീക്ഷത്തിൽ തൂങ്ങിനിന്നു.

സഹജമായ ക്ഷിപ്രകോപവും ദ്വേഷബുദ്ധിയും മാറ്റിവെച്ച് സഹോദരപുത്രന് സംരക്ഷണം നൽകുന്ന മാന്യനാകണമെന്ന് ബോധപൂർവ്വം അയാൾ തീരുമാനിച്ചതാണ്. ഒരു ഗോത്രത്തിന്റെ തലയാള്‍ ആ ഗോത്രജര്‍ക്കെല്ലാം ഒരുപോലെ സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥനാണല്ലോ. പുതിയ ചുമതലയുടെ ഉത്തരദായിത്വബോധത്തിൽ തുടക്കത്തിലെല്ലാം അയാൾ അതിനു ശ്രമിച്ചതുമാണ്.

അബൂതാലിബിന്റെയും ഖദീജയുടെയും മരണങ്ങൾക്കു ശേഷം സംരക്ഷണത്തിന്റെ കവചം നഷ്ടപ്പെട്ട മുഹമ്മദ് ഏതാനും ദിവസങ്ങൾ വീട്ടിൽനിന്ന് പുറത്തിറങ്ങിയതേയില്ല. പുറത്തിറങ്ങിയ ദിവസമാകട്ടെ, കുറയ്ഷ് അദ്ദേഹത്തിന്റെ അഭിമാനത്തെ നിന്ദാസ്തുതികളാൽ കുത്തിക്കീറി. അബൂലഹബ് വിവരമറിഞ്ഞു. പുതിയ പദവിയുടെ കടമയിൽ അയാൾ നേരെ സഹോദരപുത്രന്റെയടുത്തെത്തി പിന്തുണ വാഗ്ദാനം ചെയ്തു, “മുഹമ്മദ്, നീ ഉദ്ദേശിച്ച പോലെ നീങ്ങുക, അബൂതാലിബ് ജീവിച്ചിരിക്കെ എന്തെല്ലാം ചെയ്തിരുന്നോ അതെല്ലാം ചെയ്യുക.” പിതൃവ്യൻ തുറന്ന അനുവാദം നൽകി. “ലാത്ത് ആണ് സത്യം, എന്റെ മരണംവരെ ആരും നിന്നെ ഉപദ്രവിക്കില്ല.”

ആയിടയൊരിക്കൽ ഇബ്നുൽ ഗൈതല നബിക്കുനേരെ അസഭ്യവർഷം നടത്തുന്നത് കേട്ടാണ് അബൂലഹബ് കടന്നുവരുന്നത്. അയാൾ ഇബ്നുൽ ഗൈതലയെ കണക്കിന് ശകാരിച്ചു. അബൂലഹബിലുണ്ടായ മാറ്റം വിശ്വസിക്കാനാകാതെ ഇബ്നുൽ ഗൈതല പിൻവാങ്ങിയെങ്കിലും അയാൾ വിളിച്ചുകൂവി, “കൂട്ടരേ… കുറയ്ഷികളേ, അബൂഉത്ബ പിഴച്ചുപോയിരിക്കുന്നു.”

കുറയ്ഷ് ഞെട്ടി. അബൂലഹബിൽ നിന്ന് ഇങ്ങനെയൊരു ചാട്ടം പ്രതീക്ഷിച്ചതേയല്ല. ആശങ്കയോടെ അവർ അയാളെ സമീപിച്ചു. അവരുടെ സന്ദേഹമകറ്റിക്കൊണ്ടയാൾ പറഞ്ഞു, “ഞാൻ അബ്ദുൽ മുത്തലിബിന്റെ മതം വിട്ടില്ലല്ലോ. പക്ഷേ, ഞാനെന്റെ സഹോദരപുത്രന് സംരക്ഷണം നൽകുന്നു, അത്രമാത്രം. അവൻ വിചാരിച്ചതുപോലെ പ്രവർത്തിക്കട്ടെ.”

“ശരി, അബൂഉത്ബാ, താങ്കൾ ചെയ്തത് നന്നായി. സ്വന്തബന്ധങ്ങളെ ദൃഢീകരിച്ചതാണല്ലോ.” അവർ പിരിഞ്ഞുപോയി. അതീവമായി ശ്രദ്ധിച്ചും പണിപ്പെട്ടും അബൂലഹബ് ഈ നയകോവിദത്വം ഏതാനും ദിവസങ്ങൾകൂടി മുമ്പോട്ടു തള്ളി. അബൂമുഅയ്ത്തിന്റെ പുത്രൻ ഉക്ബയും അബൂജഹ്‌ലും ചേർന്ന് ബനൂഹാഷിമിന്റെ തലയാളെ ശുണ്ഠിപിടിപ്പിച്ചുകൊണ്ടിരുന്നു. അവസാനത്തെ അസ്ത്രം അവർ പ്രയോഗിച്ചു. താങ്കളുടെ പിതാവ് അബ്ദുൽമുത്തലിബ് നരകവാസിയാണെന്നാണ് മുഹമ്മദിന്റെ വാദം. അല്ലെങ്കിൽ ചോദിച്ചു നോക്കൂ.”

മുഹമ്മദുമായി സംസാരിച്ചപ്പോൾ ഉക്ബയും അബൂജഹ്‌ലും അയാളിലുണ്ടാക്കിയ ചിന്താക്കുഴപ്പത്തെ നീക്കുന്ന ഒന്നും കിട്ടിയതുമില്ല. ബനൂഹാഷിമിന്റെ പുതിയ മൂപ്പൻ തന്റെ സഹോദരപുത്രന് നല്‍കിയ സംരക്ഷണം, ബനൂഹാഷിം ആശങ്കപ്പെട്ടതുപോലെതന്നെ, അങ്ങനെ അല്പായുസ്സായി. അതുകൊണ്ടുതന്നെയാണ് തുടർന്നങ്ങോട്ട് പ്രവാചകന്‍ മുമ്പെങ്ങുമില്ലാത്തവിധം പീഡനത്തിന് വിധേയനായതും.

നബി പ്രാര്‍ത്ഥനാ നിരതനായിരിക്കെ ഒരു നീചന്‍ ചെന്ന് ചീഞ്ഞളിഞ്ഞ മൃഗോച്ചിഷ്ടങ്ങള്‍ അദ്ദേഹത്തിന്റെ ശരീരത്തിൽ കൊണ്ടിട്ടു. നിസ്തോഭനായി, ഒന്നും മിണ്ടാതെ ഒരു വടിയെടുത്ത് നബി ശരീരത്തില്‍ പറ്റിപ്പിടിച്ച മാംസത്തിന്റെയും ചോരയുടെയും കാഷ്ടത്തിന്റെയും മിശ്രിതം പതുക്കെ വരണ്ടിയെടുത്ത് ദൂരെയെറിഞ്ഞു. ഹൃദയത്തിലേക്ക് ചുഴിഞ്ഞുകേറിയ വ്യഥ സംയമനത്തിന്റെ നിറരൂപമായിരുന്ന പ്രവാചകന്റെ വാക്കുകളില്‍ നിഴലിച്ചു, ”അബ്ദുമനാഫ് സന്തതികളേ, എന്തുതരം സംരക്ഷണമാണിത്?”

പ്രിയപുത്രി റുകയ്യയുടെ ഭര്‍ത്താവ് ഉസ്മാന്റെ ചിറ്റപ്പന്‍ ഉക്ബ ബിൻ അബൂമുഅയ്ത്തായിരുന്നു പലപ്പോഴും നബിയെ ഉപദ്രവിക്കാൻ മുമ്പിൽ നിന്നത്. സംരക്ഷിക്കാനാളില്ലാത്ത നിരാലംബരുടെ നിസ്സഹായത നിലവിളികളായി കനിവുള്ള മനസ്സുകളെ നിതാന്തമായി അലട്ടിയ ദുരിതങ്ങൾ പ്രവാചകനും അനുയായികള്‍ക്കും മുമ്പില്‍ ചുരുള്‍ നിവരാനായി കാത്തുകിടക്കുന്നുണ്ടെന്നുറപ്പാണ്.

അധികം കഴിഞ്ഞില്ല. കഅബയുടെ പരിസരത്ത് കരളുരുകിയുള്ള ഏകാഗ്ര പ്രാർത്ഥനയിലാണ് പ്രവാചകൻ. പെട്ടെന്ന് ചുറ്റും ഇരുൾ മൂടിയതായി അദ്ദേഹത്തിനു തോന്നി. സുജൂദിൽ നിന്ന് തലയുയർത്താനാകുന്നില്ല, എന്തു സംഭവിച്ചുവെന്ന് മനസ്സിലാകുന്നുമില്ല, തണുപ്പും വഴുപ്പും വാടയുമുള്ള ഭാരിച്ച എന്തോ ഒന്ന് കഴുത്തും തലയും മൂടിനിൽക്കുന്നു. കരണശക്തി കൈവിട്ടപോലെ. ശ്വസിക്കാൻ പ്രയാസമുണ്ട്.

കുറയ്ഷ് തലയിൽ മണ്ണുവാരിപ്പൊത്തിയ സംഭവത്തിനു ശേഷം മകൾ ഫാത്വിമ സദാ പിതാവിൽ ശ്രദ്ധവെക്കുന്നുണ്ട്. നിനച്ചിരിക്കെതന്നെ ആ അപകടം അവൾ കണ്ടു. ഓടിയെത്തി ദുഷ്ടബുദ്ധിയായ ഉക്ബ നിക്ഷേപിച്ച ആട്ടിന്റെ കുടൽമാല ഉപ്പയുടെ ശരീരത്തിൽ നിന്ന് പണിപ്പെട്ട് മാറ്റിയിട്ടു. വാക്കുകൾകൊണ്ട് സംവേദനം ചെയ്യപ്പെടാനാകാത്ത അപമാനവും സങ്കടവും പിതാവിന്റെയും മകളുടെയും ഇടയിൽ നിശ്ചേഷ്ട മൗനമായി നിലകൊണ്ടു.

ഒരിടവേളക്കു ശേഷം അബൂലഹബിന്റെ ഭാര്യ, ഏഷണിക്കാരി ഉമ്മുജമീൽ തന്റെ പണി വീണ്ടും തുടങ്ങി. നബിയുടെ വീട്ടിലേക്കുള്ള വഴിയിലും പരിസരങ്ങളിലുമൊക്കെ ആ സ്ത്രീ മെനക്കെട്ട് മാലിന്യങ്ങൾ തള്ളി. ഇനിയങ്ങോട്ടുള്ള വിശ്വാസികളുടെ വഴികളിൽ അനിശ്ചിതത്വങ്ങളുടെ പെരുക്കങ്ങളാണ്.

ഒരിക്കൽ തിരുദൂതരെയവർ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. അവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചുകൊണ്ട് കൂടെയുണ്ടായിരുന്ന ആത്മമിത്രം അബൂബക്ർ ഗദ്ഗദകണ്ഠനായി നിറകൺകളോടെ അവരോടു ചോദിച്ചു, “എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറഞ്ഞതിനാണോ നിങ്ങളീ മനുഷ്യനെ കൊല്ലാൻ ശ്രമിക്കുന്നത്.” കരുണാർദ്രമായ വാക്കുപോലും ജീവജലം പോലെ പ്രിയപ്പെട്ടതാണിപ്പോൾ.

കുറയ്ഷികളുടെ വിവേകരഹിതമായ കയ്യേറ്റങ്ങളിൽ നിന്ന് നബിയുടെ അനുചരന്മാരും സുരക്ഷിതരല്ല. അബൂബക്റിന്റെ കാര്യം തന്നെയെടുക്കൂ. ഇസ്‌ലാമാശ്ലേഷത്തിന് മുമ്പ് മക്കയിലെ പണവും സ്വാധീനവുമുള്ള വര്‍ത്തക പ്രമുഖനായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍, ഉമറിനെപ്പോലെയോ ഹംസയെപ്പോലെയോ അപകടകാരിയല്ലാത്തതു കൊണ്ട് ആരും അയാളെ ഭയപ്പെടുന്നില്ല. പ്രവാചകന്റെ അടുത്ത അനുയായിയായിക്കഴിഞ്ഞതിനുശേഷം കുറയ്ഷി നേതാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രഭാവം ഏതാണ്ട് വട്ടപ്പൂജ്യത്തോടടുത്തെത്തിയിരിക്കുന്നു; മുസ്‌ലിങ്ങള്‍ക്കിടയില്‍ അദ്ദേഹത്തോടുള്ള ആദരവും സ്‌നേഹവും ദിനംപ്രതി കൂടിക്കൂടി വന്നിരുന്നെങ്കിലും.

ഇസ്‌ലാമിലേക്ക് നിരവധിപേര്‍ പ്രവേശിച്ചത് അബൂബക്ര്‍ വഴിയായിരുന്നുവെന്ന് കുറയ്ഷികള്‍ക്ക് നന്നായറിയാം. അതല്ലെങ്കില്‍ പിന്നെ മെലിഞ്ഞ് കിളരംകൂടിയ ഈ ദുര്‍ബലഗാത്രനു മേൽ ഇത്രയധികം വെറുപ്പ് ഉരുക്കിയൊഴിക്കാൻ കാരണമെന്ത്? അസദ് ഗോത്രത്തിലെ നൗഫലിന്റെ പുത്രന്‍ അസ്‌വദിന്റെ ഇസ്‌ലാമാശ്ലേഷണത്തിനുള്ള കാരണക്കാരന്‍ അബൂബക്‌റാണെന്ന് നൗഫല്‍ ഉറച്ചുവിശ്വസിച്ചു. അതുകൊണ്ടാണ് അബൂബകറിന് നേരെ ഒരൊളിയാക്രമണം നടത്താന്‍ അയാള്‍ തന്നെ മുന്നോട്ടുവന്നത്. ഖദീജ ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് അവരുടെ ഈ അര്‍ധ സഹോദരന് മുഹമ്മദുമായി കൊള്ളക്കൊടുക്കലുകളൊന്നുമില്ല. അബൂബക്‌റിനോടൊപ്പം തെയ്മ് ഗോത്രത്തിലെ തന്നെ തല്‍ഹയുമുണ്ട്. ഒരു ഹാഷിമി പറഞ്ഞതുകേട്ട് തങ്ങളുടെ പാരമ്പര്യ മതത്തെ തള്ളിപ്പറഞ്ഞ അബൂബക്റും ത്വൽഹമടങ്ങുന്ന സ്വഗോത്രജര്‍ക്ക് വേണ്ടി തെയ്മുകാര്‍ ഇടപെട്ടതുമില്ല.

ബിലാലിന്റെ പഴയ യജമാനന്‍ ജുമഹ് ഗോത്രത്തിലെ ഉമയ്യയുമായുള്ള അബൂബകറിന്റെ ബന്ധം ദിനംപ്രതി വഷളായി വരികയാണ്. ഇരുവരും താമസിക്കുന്നത് അടുത്തടുത്താണു താനും. കാരണമേതുമില്ലാതെ ഉമയ്യ അബൂബക്‌റിനെ പൊറുതിമുട്ടിച്ചുകൊണ്ടിരുന്നു. തെറിവിളി, കല്ലേറ്, വഴി തടസ്സപ്പെടുത്തല്‍, പരിഹാസം… ആവനാഴിയില്‍ ഉപദ്രവത്തിന്റെ പുതിയ പുതിയ അമ്പുകള്‍ പിറവികൊണ്ടു. അങ്ങിനെയാണ് പലായനമല്ലാതെ തന്റെ മുമ്പില്‍ മാര്‍ഗങ്ങളൊന്നുമില്ലെന്ന് അദ്ദേഹം നബിയുടെ അടുത്ത് വന്നുപറഞ്ഞത്. അദ്ദേഹം സമ്മതം നല്‍കി. ഇപ്പോഴും അബിസീനിയായില്‍ കഴിയുന്ന ജഅ്ഫറും കൂട്ടരുമായി ചേരുകയാണദ്ദേഹത്തിന്റെ ലക്ഷ്യം.

കപ്പല്‍ കയറാനായി ചെങ്കടല്‍ തീരത്തെത്തുന്നതിന് തൊട്ടുമുമ്പ് ഇബ്‌നുദ്ദുഗന്ന അദ്ദേഹത്തെ കണ്ടു. മക്കയില്‍നിന്നധികം ദൂരെയല്ലാതെ വാസമുറപ്പിച്ചിരിക്കുന്ന ഒരു ചെറിയ ഗോത്രത്തിന്റെ തലവനാണ് ഇബ്‌നുദ്ദുഗന്ന. അദ്ദേഹത്തിന്റെ ഗോത്രം കുറയ്ഷികളുടെ സഖ്യകക്ഷിയുമാണ്.

പണവും പ്രതാപവും പ്രഭാവവും കൊണ്ട് അബൂബക്ര്‍ മക്കയിലെ ജീവിതത്തിന്റെ തുംഗശൃംഗങ്ങൾ താണ്ടുന്നത് ഇബ്‌നുദ്ദുഗന്ന നേരിൽ കണ്ടതാണ്. ആ അബൂബക്‌റിന് സ്വന്തം നാട്ടില്‍ നിന്ന് അബിസീനിയയില്‍ പോയി താമസിക്കേണ്ട നില വന്നുവെന്നോ! വിശ്വാസം വരാതെ ഇബ്‌നുദ്ദുഗന്ന അബൂബക്‌റില്‍ നിന്ന് സാഹചര്യങ്ങളുടെ വിശദാംശങ്ങള്‍ ഇഴപൊട്ടാതെ പെറുക്കിയെടുത്തു.
”എന്റെ ആളുകള്‍ എന്നോട് നീചമായി പെരുമാറി” അബൂബക്ര്‍ പറഞ്ഞു, ”എന്നെയവര്‍ പുറന്തള്ളി, എന്റെ മുമ്പില്‍ അവശേഷിക്കുന്ന ഏക മാര്‍ഗം അല്ലാഹുവിനെ ആരാധിച്ചുകൊണ്ട് ഭൂമുഖത്ത് സഞ്ചരിക്കുക മാത്രമാണ്.”

”എന്തിനാണവര്‍ ഇങ്ങനെചെയ്തത്?” ഇബ്‌നുദ്ദുഗന്ന ആരാഞ്ഞു, ”സ്വന്തം ഗോത്രത്തിന് ഒരലങ്കാരമായിരുന്നുവല്ലോ താങ്കള്‍. നിര്‍ഭാഗ്യങ്ങളില്‍ സഹായവും സുകൃതവും ചെയ്യുന്നവനും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിവർത്തിച്ചുകൊടുക്കുന്ന വനുമായിരുന്നുവല്ലോ താങ്കള്‍. അബൂബക്ര്‍, താങ്കള്‍ നാട്ടിലേക്ക് മടങ്ങൂ, താങ്കള്‍ എന്റെ സംരക്ഷണയ്ക്ക് കീഴിലാണ്.”

ഇബ്‌നുദ്ദുഗന്നയോടൊപ്പം അബൂബക്ര്‍ മക്കയില്‍ തിരിച്ചെത്തി. സാന്ധ്യശോഭയുടെ വിഷാദദീപ്തി മണൽത്തിട്ടയിൽ ചിതറിക്കിടന്നു. മക്കക്കാരോടായി ഇബ്‌നുദ്ദുഗന്ന പറഞ്ഞു, “കുറയ്ഷികളേ, അബൂകുഹാഫയുടെ പുത്രന് ഞാന്‍ സംരക്ഷണം നല്‍കിയിരിക്കുന്നു. അതുകൊണ്ട്, നല്ല നിലയ്ക്കല്ലാതെ ഒരാളും അദ്ദേഹത്തോടു പെരുമാറരുത്.”

കുറയ്ഷികള്‍ക്ക് മുന്നിൽ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. ഇബ്‌നുദ്ദുഗന്നയുടെ ഗോത്രം ചെറുതാണെങ്കിലും കുറയ്ഷികളുടെ ശക്തരായ സഖ്യകക്ഷിയാണവര്‍. അബൂബക്ര്‍ തങ്ങള്‍ക്കിടയില്‍ സുരക്ഷിതനായിരിക്കുമെന്ന് കുറയ്ഷ് ഇബ്‌നുദ്ദുഗന്നക്ക് ഉറപ്പുകൊടുത്തു. ബനൂജുമഹിന്റെ പ്രേരണയാകണം അവര്‍ സംരക്ഷകനോട് ഇങ്ങനെ പറഞ്ഞു, ”അയാൾ മറ്റുള്ളവരോടൊപ്പം തന്റെ ആരാധനകൾ നിർവ്വഹിച്ചുകൊള്ളട്ടെ, അവരുടെ കൂട്ടത്തില്‍ ചെന്ന് പ്രാര്‍ത്ഥിക്കുകയോ പാരായണം ചെയ്യുകയോ ആവട്ടെ. പക്ഷേ, അത് ഞങ്ങളെ കേള്‍പ്പിച്ചും ക്ഷണിച്ചും ഞങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കരുതെന്നയാളോട് പറയൂ. അയാളുടെ മുഖഭാവം തന്നെ ഞങ്ങളിലെ ദുര്‍ബലസ്കരെ അയാളിലേക്കാകര്‍ഷിക്കുന്നു.”

അവരുടെ ആവശ്യം ഇബ്‌നുദ്ദുഗന്ന അബൂബക്‌റിനോട് പറഞ്ഞു. പിന്നീട് കുറച്ചുകാലത്തേക്ക് തന്റെ പ്രാര്‍ഥനകളും കുര്‍ആന്‍ പാരായണവും വീട്ടുകാര്‍ക്ക് കേള്‍ക്കാന്‍ മാത്രമുള്ള ശബ്ദത്തിലാക്കി. അതുകൊണ്ടുതന്നെയാകണം, കുറച്ചിടയായി അബൂബകറിന് നേരെയുള്ള ബനൂജുമഹിന്റെ നിലപാടുകളില്‍ അയവുവന്നിട്ടുണ്ട്.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.