നബിചരിത്രത്തിന്റെ ഓരത്ത് -14

//നബിചരിത്രത്തിന്റെ ഓരത്ത് -14
//നബിചരിത്രത്തിന്റെ ഓരത്ത് -14
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -14

ചരിത്രാസ്വാദനം

വിവാഹം

പതിനഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം, കുറയ്ഷി വർത്തക സംഘത്തോടൊപ്പം ശാമിലേക്കുള്ള യാത്രക്കിടെ ഒരിക്കൽ വിശ്രമിച്ച ബുസ്റയിലെ അതേ ഒറ്റമരച്ചോട്ടിൽ മുഹമ്മദും മൈസിറയുമുൾക്കൊള്ളുന്ന സംഘം തണലേറ്റിരുന്നു. സൂര്യന്റെ രൗദ്രകിരണങ്ങളെ തണുപ്പിച്ച് മരം അവരുടെ തലക്കുമീതെ ചില്ലകള്‍ വിടര്‍ത്തി കുടചൂടി നിന്നു.

ഇവിടെ വെച്ചാണ് അന്ന് ബാല്യം പിന്നിട്ടിട്ടില്ലാത്ത മുഹമ്മദ്, ജ്ഞാനവൃദ്ധൻ ബഹീറയുടെ ശ്രദ്ധയിൽ പെടുന്നത്. ഇന്നിപ്പോൾ ബഹീറ ജീവിച്ചിരിപ്പില്ല. മറ്റൊരു നെസ്തൂറിയൻ സന്യാസിയാണ് ആ ഒറ്റമുറിക്കുടിലിന്റെ ഇപ്പോഴത്തെ അധിപൻ.

പടിഞ്ഞാറെ ചക്രവാളത്തിൽ ശോണച്ഛവി ബാക്കിയാക്കി സൂര്യൻ നിശയുടെ മറവിലേക്ക് പിൻവാങ്ങി. തടവേതുമില്ലാതെ ഉതിർന്നുവീണുടഞ്ഞ് ചിതറിയ നിലാക്കിരണങ്ങൾ മനോഹരമാക്കിയ മരുപ്പരപ്പിൽ അവർ തമ്പുകെട്ടി. വീണ്ടുമൊരു ശാം യാത്രയിലെ വിശ്രമവേളയിൽ മരുഭൂവിസ്തൃതികളുടെ വിദൂരപ്രാന്തങ്ങളിലെവിടെയോ ഉറവയെടുത്ത ഓർമ്മയുടെ തെളിഞ്ഞ അരുവി യുവാവിന്റെ മനസ്സിലേക്ക് പൂർവ്വാപരക്രമത്തിൽ ഒഴുകിയെത്തി.

തിഹാമക്കും റോമാദേശത്തിനുമിടയിലെ പ്രവചനാതീതമായ പ്രാചീന ചുരുൾ വഴികളിലൂടെ അനാദികാലംതൊട്ട് കയറിയും ഇറങ്ങിയും വളഞ്ഞും പുളഞ്ഞും പൂർവ്വികർ സഞ്ചരിച്ചിട്ടുണ്ട്. സ്വന്തം പിതൃപരമ്പരയിലെ തേജസ്സാന്നിധ്യങ്ങളായ ഹാഷിമും അബ്ദുൽ മുത്തലിബും ഇതുവഴി കടന്നുപോയിട്ടുണ്ട്; ഒന്നല്ല, പല തവണ. ശാലീനയായൊരു പെൺകൊടിയെ ഹർഷോല്ലാസ പ്രതീക്ഷകളോടെ ജീവിതത്തിലേക്ക് കൂട്ടിയതിന്റെ അതൃപ്പം മായുന്നതിനു മുൻപ് പിതാവ് അബ്ദുല്ല, കൗതുകത്തോടെ കടന്നുപോയതും ആഹ്ളാദത്തോടെ തിരിച്ചുപോന്നതും ഇതേവഴിതന്നെ.

പന്ത്രണ്ടു വയസ്സുള്ളപ്പോൾ, ജീവിതത്തിലെ മരുപ്പരപ്പിൽ തണലായി നിന്ന മൂത്താപ്പ അബൂതാലിബിനോടൊപ്പം ഈ വഴി കടന്നുപോകവെ ബഹീറ ഒരുക്കിയ വിരുന്നിൽ പങ്കുടുത്തതും തിരികെ പോയതും മങ്ങാത്ത ഓർമ്മകൾ. അവിടുന്നിങ്ങോട്ട്, മക്കയിലെ വണിക്കുകൾക്കു വേണ്ടി, അവരുടെ ചരക്കുകളുമായി നടത്തിയ വേറെയും വ്യാപാര യാത്രകൾ. അങ്ങനെയൊരു യാത്രയിലാണ് ഇപ്പോൾ വീണ്ടും ശാം ദേശത്തിന്റെ പ്രാന്തത്തിൽ ഇങ്ങനെ രാപ്പാർക്കുന്നത്. അമ്പൊടുങ്ങാത്ത ആവനാഴി പോലെ മനസ്സ് ഓർമ്മകൾ ചുരത്തിക്കൊണ്ടിരുന്നു. ഓർമ്മയും ചിന്തയും ധ്യാനവുമായി അവസാനിക്കാറായ ആ രാത്രി നിലാവുമായി ഇഴപിണഞ്ഞ് മരുഭൂമിയിൽ മനോഹരമായ ഉഷസ്സന്ധ്യ ആരചിച്ചു.

മക്കയിലെ വിശ്രുതയായ വര്‍ത്തകപ്രമുഖ ഖദീജക്കുവേണ്ടിയാണ് ഇത്തവണത്തെ യാത്ര. കൂടെ അവരുടെ ഭൃത്യൻ മൈസിറയുമുണ്ട്. കുലീനയാണ് ഖദീജ; അസദ് ഗോത്രത്തിലെ ഖുവൈലിദിന്റെ പുത്രി ഖദീജ. വറക ബിന്‍ നൗഫലിന്റേയും സഹോദരി കുതൈലയുടേയും അടുത്ത ചാര്‍ച്ചക്കാരി. ഹാഷിം കുടുംബവുമായി അകന്ന ബന്ധുത്വവും അവര്‍ക്കുണ്ട്. ഖുസയ്യ് പിതാമഹനിലാണ് ഹാഷിമികളും അസദികളും ചെന്ന് സന്ധിക്കുന്നത്. ഫിജാർ യുദ്ധത്തിൽ കുറയ്ഷികളുടെ ഭാഗത്തു നിന്ന് അവരുടെ പിതാവ് ഖുവൈലിദ് പങ്കെടുത്തിട്ടുണ്ട്.

രണ്ടു തവണ വിവാഹിതയായിട്ടുണ്ട് ഖദീജ. രണ്ടാമത്തെ ഭര്‍ത്താവിന്റെ മരണശേഷം, തനിക്കുവേണ്ടി കച്ചവടം നടത്താന്‍ ആളുകളെ കൂലിക്കെടുക്കുകയായിരുന്നു പതിവ്. പിതാവിൽ നിന്നും രണ്ടു ഭർത്താക്കന്മാരിൽ നിന്നുമായി അനന്തരം ലഭിച്ച ധാരാളം സമ്പത്തുമുണ്ട്.

അക്കാലം മക്കയിലുടനീളം മുഹമ്മദ് അറിയപ്പെട്ടിരുന്നത് അല്‍അമീന്‍ എന്ന പേരിലായിരുന്നു; വിശ്വസ്തന്‍, സത്യസന്ധന്‍, കളങ്കമേശാത്തവൻ എന്നൊക്കെയാണതിനർത്ഥം. പല സന്ദര്‍ഭങ്ങളിലായി മക്കയിലെ കച്ചവടക്കാര്‍ അവരുടെ ചരക്കുകള്‍ മുഹമ്മദിനെ ഏല്‍പ്പിച്ചപ്പോള്‍ അദ്ദേഹം കാണിച്ച സത്യസന്ധതയുടെ വെളിച്ചത്തിലായിരുന്നു ഈ നാമസിദ്ധി.

കുടുംബ വൃത്തങ്ങളിലൂടെ ഖദീജയും മുഹമ്മദിനെയും അയാളുടെ പേരെടുത്ത സത്യസന്ധതയെയും കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. മക്കയിലെ ധൂര്‍ത്തയൗവനങ്ങള്‍ക്ക് മുമ്പില്‍ തീര്‍ച്ചയായും അൽഅമീൻ ഒരത്ഭുതം തന്നെ! അവർ കരുതി.

തന്റെ ചരക്കുകളുമായി സിറിയയിലേക്ക് പോകാമോ എന്ന് സമ്മതം ചോദിച്ചുകൊണ്ട് ഒരുദിവസം ഖദീജ മുഹമ്മദിനടുത്തേക്ക് ആളെ വിട്ടു. ഇതുവരെ കച്ചവടം ഏറ്റെടുത്തു നടത്തിയ കുറയ്ഷികള്‍ക്ക് നല്‍കിയതിന്റെ ഇരട്ടി പ്രതിഫലം അവര്‍ അയാൾക്ക് നല്‍കും. തീര്‍ന്നില്ല, തന്റെ പരിചാരകനായ മൈസിറയുടെ സേവനം യാത്രയിലുടനീളം അദ്ദേഹത്തിന് ലഭിക്കും.

ഖദീജ മുമ്പോട്ട് വെച്ച നിര്‍ദ്ദേശം തട്ടിക്കളയേണ്ട യാതൊരാവശ്യവും യുവാവിനില്ല. മൈസിറയുടെ അകമ്പടിയിൽ ഖദീജയുടെ കച്ചവടച്ചരക്കുകളുമായി മുഹമ്മദ് ഉത്തരമാർഗത്തിലൂടെ യാത്രയായി.

കച്ചവടവും മറ്റു തൊഴിലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം, അത് എല്ലാത്തരം ജനങ്ങളുമായി ഇഴയടുപ്പത്തോടെ ഇടപഴകാനുള്ള അവസരങ്ങൾ സാധ്യമാക്കുമെന്നതാണ്. അജപാലനവൃത്തിലൂടെ മുഹമ്മദ് ജീവിതത്തിൽ തികഞ്ഞ അനുശീലനവും ക്ഷമയും പരിശീലിച്ചു, കച്ചവടത്തിലൂടെ സാമൂഹ്യ സമ്പർക്കം നേടിയെടുത്തിരിക്കണം; അഥവാ, വിധി അദ്ദേഹത്തെ അതിനുവേണ്ടി സജ്ജമാക്കുകയായിരുന്നില്ലെന്നാരറിഞ്ഞു!

മുഹമ്മദിന്റെ സ്വഭാവ സവിശേഷതകളും യാത്രയിലുടനീളം അയാളെ ചൂഴ്ന്നു നില്‍ക്കുന്ന വിസ്മയാനുഭവങ്ങളും ഖദീജയ്ക്ക് കൈമാറാനായി മൈസിറ സൂക്ഷിച്ച യാത്രാനുഭവങ്ങളുടെ ഭാണ്ഡത്തില്‍ ആദ്യമേ സ്ഥാനം പിടിച്ചു.

ശാമിലെ ചന്തകളിലെ ‘തുളഞ്ഞ വിത്തുകളൊ’ക്കെ ചരക്കുകൾ വിൽക്കാനായി തികഞ്ഞ മര്യാദക്കാരായി മുഹമ്മദുമായി സംസാരത്തിലേർപ്പെട്ടതും, ചെല്ലുന്നേടത്തൊക്കെ പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായതും, മേഘമാലകളുടെ കുളിരണിപ്പന്തൽ തലക്കുമുകളിൽ നിന്നതിന്റെയുമെല്ലാം അതൃപ്പങ്ങൾ വള്ളിപുള്ളി വിടാതെ യജമാനയോട് പറയേണ്ടതുണ്ട്.

ശാമിലെ വ്യാപാര കേന്ദ്രങ്ങളില്‍നിന്ന് വാങ്ങിക്കൊണ്ടുവരാന്‍ ഖദീജ ആവശ്യപ്പെട്ടിരുന്ന വസ്തുക്കളെല്ലാം മുഹമ്മദ് വാങ്ങിയിരുന്നു. മടക്കയാത്രയില്‍ മക്കയില്‍ പ്രവേശിക്കുന്നതിനു മുമ്പുതന്നെ മൈസിറ മുഹമ്മദിനോട് പറഞ്ഞു, “അൽഅമീൻ, നേരെ ഖദീജയുടെ വീട്ടിലേക്കു പോകൂ. താങ്കള്‍ മുഖേന അല്ലാഹു അവര്‍ക്ക് നേടിക്കൊടുത്ത ലാഭത്തെക്കുറിച്ച് അവരോട് സംസാരിക്കൂ.”

മുഹമ്മദ് മക്കയില്‍ പ്രവേശിച്ചു. ശാമിലേക്ക് പോയിരുന്ന വ്യാപാര സംഘം തിരിച്ചെത്തിയത് അറിഞ്ഞു കഴിഞ്ഞിരുന്ന ഖദീജ, വിശാലമായ വീടിന്റെ മട്ടുപ്പാവിലിരുന്ന് മുഹമ്മദിന്റെയും മൈസിറയുടെയും വരവ് പ്രതീക്ഷിക്കുകയായിരുന്നു. യാത്രയെക്കുറിച്ചും അവര്‍ നടത്തിയ ക്രയവിക്രയങ്ങളെക്കുറിച്ചും വ്യാപാരത്തിലെ ലാഭത്തെക്കുറിച്ചും മുഹമ്മദ് നടത്തിയ വിശദീകരണം ഖദീജ വിടർന്ന കണ്ണുകളുമായി, കൗതുകത്തോടെ കേട്ടുകൊണ്ടിരുന്നു. കച്ചവടം വളരെ വളരെ ലാഭകരമായിരുന്നു. വാങ്ങിയ വിലയുടെ ഇരട്ടി വിലക്കാണ് സാധനങ്ങള്‍ വിറ്റുപോയതെന്ന് അവര്‍ മനസ്സിലാക്കി.

കച്ചവടത്തെക്കുറിച്ചുള്ള മുഹമ്മദിന്റെ വിവരണം പതുക്കെ ഒഴുകുമ്പോഴും ഖദീജയുടെ ശ്രദ്ധ അദ്ദേഹത്തിന്റെ വാക്കുകളിലോ, നേടിയെടുത്ത ലാഭത്തിലോ ആയിരുന്നില്ല; മുമ്പിലിരിക്കുന്ന, തന്റെ പ്രിയങ്കരിയായ കൂട്ടുകാരി ആമിനയുടെ മകനിൽ തന്നെയായിരുന്നു.

മുഹമ്മദിന് ഇരുപത്തി അഞ്ച് വയസ്സ് പ്രായം. സുന്ദരന്‍, ഒത്ത ഉയരം, മെലിഞ്ഞതെന്ന് തോന്നിക്കുന്നതും ബലിഷ്ഠവുമായ ശരീരം, അനുരൂപമായ ശിരസ്സ്. വിശാലമായ ബാഹുക്കൾ, ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്ക് ഉചിതവും കൃത്യവുമായ സമാനുപാതം. കറുത്ത് ഇടതൂര്‍ന്ന് ചെവിത്തട്ടുവരെ ഇറങ്ങിയ തരംഗരൂപിയായ മുടി, മുറ്റിയ പുരികങ്ങള്‍, വിശാലവും കുലീനവുമായ നെറ്റിത്തടം, വിടർന്ന കണ്ണുകൾ, നീണ്ട കൺപീലികൾ. ഉയർന്ന് അഗ്രം വളഞ്ഞ നാസിക, മനോഹരമായ ദന്തനിര, ഇടതൂര്‍ന്ന താടി. വെയിലേറ്റ് മങ്ങിയ വെളുപ്പു നിറം, ദൃഢമായ കൈപ്പടങ്ങളും പാദങ്ങളും. ധ്യാനവും ചിന്തയും ദ്യോതിപ്പിക്കുന്ന മുഖഭാവം. തിളക്കമാർന്ന കണ്ണുകൾ, ചെവിക്കു താഴെ, തോളുകള്‍ക്ക് മുകളിലായി മുടിയിഴകള്‍ ഞാന്നുകിടന്നു, മീശരോമങ്ങള്‍ മേല്‍ച്ചുണ്ടുകളിലേക്ക് ഇറങ്ങി നില്‍ക്കാതെ വെട്ടിയൊതുക്കിയിട്ടുണ്ട്.

യുവാവിനെക്കുറിച്ച് ഖദീജയുടെ മനസ്സില്‍ തിടംവെച്ചു വന്ന മതിപ്പ് ആര്‍ദ്രത മുറ്റിയ ഒരു നീണ്ട നിമിഷത്തില്‍ സ്‌നേഹത്തിനു വഴിമാറി. നാല്‍പ്പതു വയസ്സായെങ്കിലും സ്ത്രൈണതയുടെ അപൂര്‍വ ലാവണ്യങ്ങള്‍ നിറഞ്ഞ അന്യാദൃശരൂപിണിയായിരുന്നു ഖദീജ. പല കുറയ്ഷി പ്രമുഖരുടേയും വിവാഹാഭ്യര്‍ത്ഥനകള്‍ അവര്‍ തളളിയിട്ടുണ്ട്. സുന്ദരിയെങ്കിലും തനിക്ക് മുഹമ്മദിനേക്കാള്‍ ഒരുപാട് മൂപ്പുണ്ടെന്ന് അവര്‍ക്ക് ബോധമുണ്ട്. അദ്ദേഹം തന്നെ വിവാഹം കഴിക്കാന്‍ സന്നദ്ധനാകുമോ?

കാര്യമാത്രപ്രസക്തമായ സംസാരം കഴിഞ്ഞ് ഖദീജയുടെ വീട്ടിൽ നിന്ന് മുഹമ്മദ് ഇറങ്ങി നടന്നു. അദ്ദേഹം കണ്‍മുമ്പില്‍ നിന്ന് മറയുന്നതു വരെ ഖദീജ നോക്കിനിന്നു. അവര്‍ തന്റെ കൂട്ടുകാരി നുഫൈസയുമായി കൂടിയാലോചനകള്‍ നടത്തി. ഖദീജയുടെ ദൂതയായി മുഹമ്മദിനെ സമീപിക്കാമെന്നും കഴിയുമെങ്കില്‍ അവര്‍ തമ്മിലുള്ള വിവാഹം ഉറപ്പിക്കാമെന്നും മുന്‍യയുടെ പുത്രി നുഫൈസ അവര്‍ക്ക് വാക്ക് കൊടുത്തു.

നുഫൈസ മുഹമ്മദിനെ തേടിപ്പിടിച്ചു.
”മുഹമ്മദ്, താങ്കള്‍ വിവാഹം കഴിക്കാത്തതെന്ത്?”

”വിവാഹം കഴിക്കാനായി എന്റെ പക്കല്‍ ഒന്നുമില്ല, അതുതന്നെ.”

”വിവാഹം കഴിക്കാനുള്ള വക താങ്കള്‍ക്ക് ലഭിക്കുകയാണെങ്കിലോ?”- നുഫൈസ ചോദിച്ചു. സുന്ദരിയും കുലീനയുമായ ഒരു മഹിളയുമായുള്ള വിവാഹബന്ധത്തിന് താങ്കള്‍ ക്ഷണിക്കപ്പെടുകയാണങ്കില്‍ സമ്മതമാവില്ലേ?”

”ആരാണവര്‍?”

”ഖദീജ”- നുഫൈസ പറഞ്ഞു.

”എങ്ങനെയാണ് അത്തരമൊരു ബന്ധം നടക്കുക?” – മുഹമ്മദ് ആശങ്കപ്പെട്ടു.

”അതെനിക്ക് വിട്ടുതരിക” – നുഫൈസ.

”എനിക്കു വിരോധമൊന്നുമില്ല” – മുഹമ്മദ് സമ്മതം മൂളി.

സന്തോഷ വാര്‍ത്തയുമായി നുഫൈസ ഖദീജയുടെ അടുത്തെത്തി. മുഹമ്മദിനോട് തന്റെ വീട്ടിലെത്താന്‍ ഖദീജ ആവശ്യപ്പെട്ടു. അധികം താമസിയാതെ അദ്ദേഹം വന്നുചേര്‍ന്നു.

“മാതുലപുത്രാ”, ഖദീജ പറഞ്ഞു, “ഞാന്‍ താങ്കളുമായി വിവാഹബന്ധം കൊതിക്കുന്നു. താങ്കളുടെ സത്യസന്ധതയും സ്വഭാവശുദ്ധിയും എള്ളോളം പൊളിയില്ലാത്ത വചനങ്ങളും മാത്രം മതിയെനിക്ക് താങ്കളെ ഇഷ്ടപ്പെടാൻ”

ഇരുവരും താന്താങ്ങളുടെ ബന്ധുക്കളോട് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഖദീജ അവരുടെ പിതൃവ്യന്‍ അംറ്ബിന്‍ അസദിനോട് സംസാരിക്കും. പിതാവ് ഖുവൈലിദ് മരണമടഞ്ഞിരുന്നു. മുഹമ്മദ്, പിതൃവ്യന്‍ അബൂതാലിബിനോട് സംസാരിക്കും.

കളിക്കൂട്ടുകാരനും പിതൃവ്യനുമായ ഹംസയായിരുന്നു, അബൂതാലിബിനു പകരം സഹോദരപുത്രനോടൊപ്പം അംറിനെക്കണ്ട് വിവാഹക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചെന്നത്. അസദ് ഗോത്രത്തിലെ അവ്വാമുമായുള്ള തന്റെ പൂര്‍ണ സഹോദരി സഫിയ്യയുടെ വിവാഹം നടന്നത് അടുത്തിടയാണ്, ഹാഷിമികളില്‍ അസദ് ഗോത്രവുമായി ബന്ധുത്വം കൊണ്ട് ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത് ഹംസയ്ക്കുതന്നെ.

വിവാഹം നിശ്ചയിക്കപ്പെട്ടു. വിവാഹമൂല്യമായി മുഹമ്മദ് ഖദീജയ്ക്ക് ഇരുപത് പെണ്ണൊട്ടകങ്ങളെ നല്‍കണം. വരന്‍ തന്റെ പിതൃവ്യന്റെ വീട്ടില്‍നിന്ന് വധുവിന്റെ വീട്ടിലേക്ക് താമസം മാറ്റി. പ്രതീക്ഷ നിറഞ്ഞ്, സിരകളയഞ്ഞ് ഹൃദയം കുളിർത്ത നിലയിൽ ഖദീജയും മുഹമ്മദും ജീവിതത്തിന്റെ അതിമനോഹരമായ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു.

ഖദീജ ഭര്‍ത്താവിന് ലക്ഷണമൊത്ത കൂട്ടുകാരി കൂടിയായിരുന്നു. താല്‍പര്യങ്ങളും ആശയങ്ങളും അവര്‍ പരസ്പരം പങ്കുവെച്ചു. സ്ത്രീ പുരുഷ വൈകാരിക ബന്ധങ്ങളുടെ സൗന്ദര്യ സുഗന്ധ സ്വകീയതയിൽ തളിർക്കാറ്റുപോലെ കടന്നുപോയ ആ ദാമ്പത്യത്തിലാണ് ഇബ്‌റാഹീമല്ലാത്ത എല്ലാ മക്കളും മുഹമ്മദിന് പിറന്നത്.

ആറ് മക്കള്‍ക്ക് ഖദീജ ജന്മം നല്‍കി. രണ്ടാണ്‍മക്കള്‍ക്കും നാല് പെണ്‍മക്കള്‍ക്കും. മൂത്തകുട്ടി കാസിം-അബുല്‍ കാസിം എന്ന പേരിലായിരുന്നുവല്ലോ നബി അറിയപ്പെട്ടിരുന്നത്- രണ്ട് വയസ്സാകുന്നതിന് മുമ്പ് മരണമടഞ്ഞു. പിന്നീട് ഒരു പുത്രി പിറന്നു, അവള്‍ക്ക് അവര്‍ സെയ്‌നബ് എന്നു പേരുവെച്ചു. പിന്നെ മൂന്ന് പെണ്‍മക്കള്‍. റുക്വയ്യ, ഉമ്മുകുത്സൂം, ഫാത്വിമ, അവസാനം നന്നേ ചെറിയ ആയുസ്സുമായി അബ്ദുല്ല. ഖദീജ മരണമടയുന്നതുവരെ പ്രവാചകൻ വേറെ വിവാഹം കഴിച്ചില്ല.

പ്രവാചകത്വത്തിന്റെ ആദ്യനാളുകളിൽ കൊടുങ്കാറ്റായി വന്ന എതിർപ്പുകളെ ഇരുവരും ചേർന്നാണ് വകഞ്ഞു മാറ്റിയത്. ഖദീജയെക്കുറിച്ച് കടുത്ത ഒരു വാക്കുപോലും, അതെവിടെ നിന്നായാലും, അദ്ദേഹം ഇഷ്ടപ്പെട്ടതുമില്ല. കാരണം, വെൺമഞ്ഞു പോലെ വിശുദ്ധമായ ആ ഹൃദയം മരണംവരെ സ്പന്ദിച്ചതു അൽഅമീനു വേണ്ടി മാത്രമായിരുന്നു. ഭാവിയുടെ ഇനിയും നിവരാത്ത ചുരുളുകളിൽ ഖദീജക്കു വേണ്ടി കാലം ഒളിപ്പിച്ചു വെച്ചതെന്താണെന്നാർക്കറിയാം!

(ഇത് ചരിത്രസംഭവങ്ങളുടെ ആസ്വാദനം മാത്രമാണ്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.