നബിചരിത്രത്തിന്റെ ഓരത്ത് -10

//നബിചരിത്രത്തിന്റെ ഓരത്ത് -10
//നബിചരിത്രത്തിന്റെ ഓരത്ത് -10
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -10

ചരിത്രാസ്വാദനം

യാത്ര

കുട്ടികൾ പറയുന്നത് സത്യമാണെന്ന് ഹലീമയ്ക്കും ഹാരിസിനും ബോധ്യമായി. കാര്യങ്ങളുടെ പരിണതിയെക്കുറിച്ചോർത്ത് ഇരുവരും ആധിപൂണ്ടു. തങ്ങളുടെ വളര്‍ത്തു മകന് പിശാചുബാധയുണ്ടായോ, മന്ത്രങ്ങളുപയോഗിച്ച് ആരെങ്കിലും മയക്കിയോ, അതൊ, ഏതെങ്കിലും ദുരാത്മാക്കള്‍ അവനെ ഗ്രസിച്ചുവോ? സരളചിത്തനായ ഹാരിസ് സംശയിച്ചു. കുട്ടിയെ അവന്റെ മാതാവിന്റെ അടുത്തെത്തിക്കാനായി ഇനി കാത്തുനില്‍ക്കേണ്ടതില്ലെന്ന് അയാള്‍ പത്‌നിയോട് പറഞ്ഞു. അവനെയാവേശിച്ച ഭൂതത്തിന്റെ പ്രഭാവം തെളിഞ്ഞു വരുന്നതിനു മുൻപ് അങ്ങനെ ചെയ്യുന്നതാവും നന്നാവുക, പൊയ്‌പ്പോയ അനുഗൃഹീത കാലത്തിന്റെ നന്മകളോര്‍ത്ത് ഇരുവരും നെടുവീര്‍പ്പിട്ടു.

ബാലനെയുമായി ഹലീമ ഒരിക്കല്‍ക്കൂടി മക്കയിലെത്തി. പെട്ടെന്നുള്ള തന്റെ മനംമാറ്റത്തിനുള്ള കാരണം ആമിനയെ അറിയിക്കേണ്ടെന്ന് അവൾ മനസ്സിലുറപ്പിച്ചിരുന്നു. എന്നാൽ, നിനച്ചിരിക്കാത്ത നേരത്ത് മകൻ വീട്ടിലേക്കു മടങ്ങിയെത്തിയതു കണ്ട് ആമിന പകച്ചു. അവൾ പേര്‍ത്തും പേര്‍ത്തും ചോദിച്ചപ്പോള്‍ ഹലീമ കാര്യം തുറന്നു പറഞ്ഞു. കഥ വിസ്തരിച്ചു കേട്ടപ്പോൾ ആമിന അതൊട്ട് കാര്യമാക്കിയുമില്ല. ഹലീമയുടെ ഭയപ്പാടുകള്‍ അവര്‍ ലളിതമാക്കി തള്ളി. ഇരുൾമുറ്റിയ ഘനാന്ധരാവിനൊടുവിൽ പുലരിയുടെ ഈറ്റുനോവ് വന്നെത്തുമെന്ന പ്രതീക്ഷ രാവിനെ സഹിക്കാൻ അവളെ പ്രാപ്തയാക്കിയിരുന്നു. ”ഏതോ വലിയ കാര്യം എന്റെ ഓമനയെ കാത്തുകിടക്കുന്നു.” അവൾക്കുറപ്പായിരുന്നു.

അപ്പോഴേക്കും, ഹലീമയുടെ മനസ്സ് മാറിക്കഴിഞ്ഞിരുന്നു; ആമിനയുടേയും. മകനെ തിരികെ കൊണ്ടുപോകുന്നുവെന്ന് ഹലീമ അറിയിച്ചപ്പോള്‍ ആമിന പറഞ്ഞു, ”വേണ്ട, അവനെ എന്റെ അടുത്തുതന്നെ വിട്ടേക്കൂ.”

പിന്നീടങ്ങോട്ട് ബാലന് ആനന്ദപ്രഹര്‍ഷങ്ങളുടെ മൂന്നു വര്‍ഷങ്ങള്‍. കഅ്ബയുടെ മടിത്തട്ടില്‍, ആമിനയുടെ സ്‌നേഹപ്പടര്‍പ്പില്‍, അബ്ദുല്‍ മുത്തലിബിന്റെ ലാളനയില്‍ ഉമ്മുഅയ്മൻ എന്ന ബറക:യുടെ വാത്സല്യധാരയില്‍, പിതൃവ്യന്മാരുടെ സശ്രദ്ധമായ കണ്‍വെട്ടത്തില്‍, പിതൃസഹോദരിമാരുടെ കണിശമായ ശ്രദ്ധയില്‍, എണ്ണമറ്റ പിതൃവ്യപുത്രരുടെ ചങ്ങാത്തത്തില്‍…

അങ്ങനെ, മക്കയുമായുള്ള മുഹമ്മദിന്റെ പുനസ്സമാഗമത്തിന്റെ ആദ്യ മൂന്നു വര്‍ഷങ്ങള്‍ നിറങ്ങള്‍ നിറഞ്ഞതായി. കളിക്കൂട്ടുകാരില്‍ അവനേറ്റവും അടുപ്പവും സ്‌നേഹവും ചങ്ങാത്തവും ആരോടായിരുന്നുവെന്നൂഹിക്കാമോ? അല്ലെങ്കിൽ വേണ്ട, ഊഹിക്കുകയൊന്നും വേണ്ട, പറയാം, പിതൃവ്യനും സമപ്രായക്കാരനുമായ ഹംസയോടുതന്നെ. പിന്നെ ഹംസയുടെ അനുജത്തി സഫിയ്യയോടും; ആമിനയുടെ പിതൃവ്യപുത്രി ഹാലയുടെ മക്കള്‍. പഴയ ഇരട്ട വിവാഹത്തിന്റെ തെളിമയാര്‍ന്ന ദൃശ്യം മക്കക്കാരുടെ ഓര്‍മകളുടെ അറകളില്‍ തരിമ്പും മങ്ങാതെ കിടക്കുന്നുണ്ട്. അബ്ദുല്ലയും ആമിനയും തമ്മിൽ വിവാഹിതരായ അതേദിവസമാണ് ഹാല അബ്ദുല്‍ മുത്തലിബിന്റെ ധര്‍മദാരമാകുന്നത്.

ആറു വയസ്സുള്ള മകനെയുമായി യഥ്‌രിബിലുള്ള തന്റെ മാതുലരെ സന്ദര്‍ശിക്കാനുള്ള തീരുമാനം ആമിന എടുത്തത് പെട്ടെന്നായിരുന്നു. മക്കയില്‍ നിന്ന് ഉത്തരപഥത്തിലൂടെ യാത്ര തിരിച്ച സാര്‍ത്ഥവാഹക സംഘത്തോടൊപ്പം രണ്ടൊട്ടകങ്ങളുടെ പുറത്തായി മൂവര്‍ സംഘം യാത്രയായി; ആമിന ഒരൊട്ടകത്തിന്റെ പുറത്തും, മുഹമ്മദും വിശ്വസ്തയായ അടിയാത്തിപ്പെണ്ണ് ഉമ്മുഅയ്മനും മറ്റൊരൊട്ടകത്തിന്റെ പുറത്തും. കൃപാനിധികളായ രണ്ട് മാതൃഹൃദയങ്ങളുടെ വാത്സല്യ പിയൂഷ പ്രവാഹത്തിൽ കുട്ടി പുളകംകൊണ്ടു. അവര്‍ യഥ്‌രിബ് മരുപ്പച്ചയിലെത്തി, ഇന്നോളം കണ്ടിട്ടില്ലാത്ത ലോകം കണ്ടു. അവന്റെ പിതാവ് മുൻപിവിടം സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെവെച്ചാണ് അദ്ദേഹം മരണമടഞ്ഞത്.

കുട്ടി, മാതാവുമൊത്ത് സ്വന്തം പിതാവിന്റെ കബ്‌റിടം സന്ദര്‍ശിച്ചു. നല്ലവനായ പിതാവിനെക്കുറിച്ച് മാതാവ് പകർന്നുനൽകിയിരുന്ന ചിത്രങ്ങള്‍ അവന്റെ മനസ്സിലൂടെ ഓരോന്നോരോന്നായി കടന്നു പോയിരിക്കണം. അനാഥനായിരിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് ശരിക്കും അവൻ ഈ യാത്രയിൽ മനസ്സിലാക്കിയിരിക്കണം. അതിനാലാകണം പ്രവാചകന്റെ പിൽക്കാല കഥാകഥനങ്ങളിൽ ഈ യാത്ര കടന്നുവരാറുണ്ടായിരുന്നതും.

ഖസ്‌റജികളായ നജ്ജാര്‍ ഗോത്രത്തിലെ സമപ്രായക്കാരുമൊത്ത് അവൻ കളികളിലേര്‍പ്പെട്ടു. അവര്‍ അവനെ നീന്താൻ പഠിപ്പിച്ചു; പട്ടം പറത്തുന്നതെങ്ങനെയെന്ന് കാണിച്ചു കൊടുത്തു. അവർക്കിടയിൽ ഒരു മാസം കടന്നുപോയതറിഞ്ഞില്ല. ഖസ്റജികളിലെ ഇളമുറക്കാരേ, ആകുലതകളും ഒറ്റപ്പെടുത്തലുകളും നിറഞ്ഞ ഈ ബാലന്റെ വരുംകാലങ്ങളില്‍ നിങ്ങളായിരിക്കും അവന് സഹായമായി നിലകൊള്ളുകയെന്ന് ആരറിഞ്ഞു!

കൊച്ചുസംഘം മടക്കയാത്രയാരംഭിച്ചു. പക്ഷേ, ദൈവത്തിന്റെ വിധി നടപ്പിലായേ തീരൂ. വിധി, അതെഴുതാനും തിരുത്താനുമുള്ള അവകാശം അവനു മാത്രം. അവര്‍ യാത്ര തിരിച്ച് അധികം കഴിയും മുമ്പേ അബ്‌വാ ദേശത്തുവെച്ച് ആമിന രോഗഗ്രസ്തയായി. ബാലൻ ഈ ലോകത്ത് വരുന്നതിനു മുൻപ് അവന്റെ പിതാവും ഇങ്ങനെ രോഗിയായിട്ടുണ്ട്. രണ്ടു സംഭവങ്ങളും തമ്മില്‍ അത്ഭുതകരമായ സാമ്യവുമുണ്ട്.

ഇവിടെ, ഈ മരുഭൂമിയുടെ വിജനതയില്‍ കാറ്റുപോലും ചിറകനക്കുന്നില്ല. അഗാധമായ നിശ്ശബ്ദത. മരണം അവനില്‍ നിന്ന് സ്വന്തം ഉമ്മയെ തട്ടിയെടുത്തുകഴിഞ്ഞു. അഥവാ, ഉമ്മയുടെ സ്‌നേഹോഷ്മളമായ നെഞ്ചിൽനിന്ന് നിന്ന് അവനെ പറിച്ചുമാറ്റിയിരിക്കുന്നു. അങ്ങനെ, ഏൽപ്പിക്കപ്പെട്ട അമാനത്ത് ലോകത്തിനു കൈമാറി അബ്ദുല്ലയും ആമിനയും അവരവരില്‍ നിക്ഷിപ്തമായ കടമകള്‍ നിര്‍വഹിച്ച് കാലയവനികക്കുള്ളിലേക്ക് അന്തര്‍ധാനം ചെയ്തു.

ഇരട്ട അനാഥത്വത്തിന്റെ ദാക്ഷിണ്യമില്ലാത്ത പ്രഹരത്തിൽ എന്ത് സംഭവിച്ചു എന്നറിയാതെ മുഹമ്മദ് ഏങ്ങിയേങ്ങിക്കരഞ്ഞു. മണൽതിട്ടകൾക്കു പിറകെ മണൽതിട്ടകളായി പച്ചപ്പൊഴിഞ്ഞ നരച്ച മരുഭൂമി ദൂരെ ചക്രവാളസീമകളിലേക്ക് ചേർന്ന് പരന്നു കിടന്നു.

സാന്ത്വനം പകരാനായി അതിഥികളാരും വന്നെത്താനില്ലെന്ന ബോധത്തില്‍, ഉമ്മുഅയ്മൻ തനിക്കാവും വിധം കുഞ്ഞുമനസ്സിന്റെ മാറാവൃണങ്ങളിലുമ്മ വെച്ചു. ”എന്റെ കുഞ്ഞേ, നിന്റെ നഷ്ടം നികത്താൻ ആര്‍ക്കുമാവില്ല, എന്നാകിലും പോകാതെ വയ്യല്ലോ”, ദുരിതങ്ങള്‍ നിലവിളിയുയര്‍ത്തുന്ന കാലത്തെയോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു. സാന്ത്വനത്തിന്റെ ഏക അടയാളമായി ആകാശത്തിന്റെ അതിരിൽ ഒരു ചന്ദ്രക്കല ദിക്ക് നിറഞ്ഞുനിന്നുവോ!

ദുഃഖത്തിന്റെ അഗാധ സാഗരങ്ങളുടെ അശാന്ത തിരമാലയിലേറി ഉമ്മുഅയ്മനും മുഹമ്മദും ഒരു കച്ചവട സംഘത്തോടൊപ്പം മക്കയിലെത്തി. തോളിൽ തലചായ്ച്ചു കിടന്ന അനാഥയുടെ ഹൃദയത്തിൽ നിന്ന് തുളുമ്പിയ തേങ്ങലും കണ്ണിൽ നിന്ന് തൂവിയ നനവും ഉമ്മുഐമൻ അനുഭവിക്കുന്നുണ്ടായിരുന്നു.

വിഷാദസങ്കുലമായ വിവരങ്ങളറിഞ്ഞ് അബ്ദുല്‍ മുത്തലിബ് മകനെ വാരിപ്പുണർന്നുമ്മവെച്ചു. മൃതിപ്പെട്ട സ്വജനങ്ങളുടെ ഓർമ്മയിൽ നനവൂറിയ കണ്ണുകൾ ആരും കാണാതെ തലപ്പാവിൻ തുമ്പുകൊണ്ട് വയോധികൻ തുടച്ചു. പുത്രൻ അബ്ദുല്ല ജീവിച്ചിരുന്നപ്പോള്‍ അവനോട് തനിക്കുണ്ടായിരുന്ന പ്രത്യേക സ്‌നേഹധാര നേരത്തെതന്നെ അബ്ദുല്ലയുടെ പുത്രനിലേക്ക് ചാലുകീറി തിരിച്ചുവിട്ടിരുന്നുവല്ലോ.

ഉമ്മുഅയ്മന്റെ പരിപൂര്‍ണമായ പരിലാളനയിലാണ് പിന്നീടങ്ങോട്ട് മുഹമ്മദ് വളരുന്നത്. അവള്‍ ചുരത്തുന്ന സ്‌നേഹം മുഴുവൻ അവനുമാത്രം. ബാദിയയിൽ നിന്ന് തിരിച്ചു വന്നതുമുതല്‍ അവന്റെ ഒരു കാര്യത്തിലും അവള്‍ വീഴ്ചവരുത്തിയിട്ടില്ല.

ആരംഭിച്ചു കഴിഞ്ഞ തന്റെ ജീവിത യാത്രയില്‍ സൂര്യതേജസ്സായി വെളിച്ചം പരത്തിനിന്ന ഉമ്മയുടെ വിയോഗം തീര്‍ത്ത കൂരിരുളില്‍ നിഷ്പന്ദ നാളമുതിർത്ത കൈവിളക്കായി ഉമ്മുഅയ്മൻ അവന് മാതൃത്വത്തിന്റെ വെളിച്ചവും ചൂടുമേകി, അവന് ഉമ്മയായി. കുട്ടിയായും യുവാവായും അവൻ കൃപാര്‍ദ്രമായ അവളുടെ മാതൃസ്‌നേഹം ഏറ്റുവാങ്ങി. അവനുവേണ്ടി അവള്‍ ജീവിച്ചു; മറ്റൊന്നും അവളുടെ ശ്രദ്ധയില്‍ വന്നില്ല. വിവാഹ പ്രായമെത്തിയപ്പോള്‍ നാട്ടിലെ വര്‍ത്തകപ്രമുഖയെതന്നെ അവനുവേണ്ടി അവൾ കണ്ടെത്തി, അങ്ങനെയങ്ങനെ……

അന്നത്തെ അനാഥയ്ക്കുമേല്‍ പിന്നീട് അല്ലാഹുവിന്റെ അനുഗ്രഹവര്‍ഷമുണ്ടായി. കുട്ടി പിന്നീട് സർവ്വരാലും ആദരിക്കപ്പെടുന്ന ലോകനായകന്റെ കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലും ജീവിതത്തിന്റെ പുലർക്കാലത്തനുഭവിച്ച ക്ലേശകാലത്ത് മാതൃമമതയുടെ തണൽ വിരിച്ചു നിന്ന ഈ ഉമ്മയെമറന്നില്ല. സ്‌നേഹവും കൃതജ്ഞതയും കരുണയും നിറഞ്ഞ സ്വരത്തില്‍ പ്രവാചകൻ പറഞ്ഞു. ”അവര്‍ എന്റെ കുടുംബാംഗമാണ്.”

(ഇത് ചരിത്ര സംഭവങ്ങളുടെ ആസ്വാദനമാണ്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.