നബിചരിത്രത്തിന്റെ ഓരത്ത് -1

//നബിചരിത്രത്തിന്റെ ഓരത്ത് -1
//നബിചരിത്രത്തിന്റെ ഓരത്ത് -1
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -1

ചരിത്രാസ്വാദനം

ഷെയ്ബ

കാലം: ക്രിസ്താബ്ദം ആറാം നൂറ്റാണ്ടിന്റെ പകുതിയോടടുക്കുന്ന ഘോരാന്ധകാരഘട്ടം.

സ്ഥലം: നരച്ച മൊട്ടക്കുന്നുകള്‍ ആകാശരേഖ തീർത്തു നിൽക്കുന്ന മക്ക. ഏതെങ്കിലും രാജാവിനെയോ ജേതാവിനെയോ ആകര്‍ഷിക്കാന്‍ മാത്രം യാതൊരു പ്രത്യേകതയുമില്ലാത്ത അറേബ്യന്‍ ഉപദ്വീപിലെ പ്രധാന തീര്‍ഥാടനകേന്ദ്രം. ചരിത്രത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഓരം ചാരിനിന്നതുകൊണ്ട് ഉപദ്വീപിന് പുറത്തുള്ള ലോകം വ്യാപാരികളുടെ ഈ കൊച്ചുപട്ടണത്തെ വേണ്ടെന്നുകരുതി കവച്ചുവെച്ച് കടന്നുപോയി. മക്കക്കു പുറത്തെ ബദവികളുടെ ജാഹിലിയ്യത്തില്‍നിന്ന് അടിസ്ഥാനപരമായ ചില വ്യതിരേകങ്ങളുണ്ട് മക്കയിലെ ഹദരികളുടെ ജാഹിലിയ്യത്തിന്.

സന്ദര്‍ഭം: നൂറ്റാണ്ടുകളെ അതിജീവിച്ച അനുസ്യൂതമായ അന്ധകാരത്തിന് കനത്ത വിള്ളലേല്‍പ്പിച്ച് കടന്നുവരാന്‍ കാത്തിരിക്കുന്ന രത്നശോഭയെ സ്വീകരിക്കാനായി മക്കയെ വിധി സജ്ജമാക്കിക്കൊണ്ടിരുന്ന ശുഭവേള.

ഇതേ വിധിതന്നെയാണ് ഈന്തപ്പനകള്‍ അരുഞൊറിഞ്ഞു നിന്ന യഥ്‌രിബില്‍ നിന്ന് ഷെയ്ബയെ പാറക്കല്ലുകള്‍ ഉയർന്നുനില്‍ക്കുന്ന മക്കയില്‍ എത്തിച്ചതും.

തീര്‍ച്ചയായും ഷെയ്ബ മക്കക്കാരന്‍ തന്നെ; ജനനം യഥ്‌രിബിലായിരുന്നു എന്നുമാത്രം. മക്കയിലെ കീര്‍ത്തികേട്ട ക്വുറയ്‌ശിത്തറവാടിന്റെ നടുനായകനായിരുന്നു ഷെയ്ബയുടെ പിതാവ് ഹാഷിം. മക്കക്കാരുടെ അനിഷേധ്യ നേതാവും അന്നാട്ടിലെ തറവാടിയും സമ്പന്നനുമായിരുന്നു അദ്ദേഹം. ഹജ്ജ് വേളയില്‍ മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അവിടെ അത്യപൂര്‍വ വസ്തുവായിരുന്ന ശുദ്ധജലവും ഈത്തപ്പഴ വീഞ്ഞും നല്‍കുന്ന സിക്വായയും അവര്‍ക്ക് ഭക്ഷണം നല്‍കുന്ന രിഫാദയും ഏറ്റെടുത്തു നടത്തിയിരുന്നത് ഹാഷിമായിരുന്നു. ഇവ രണ്ടും ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ എന്നപോലെത്തന്നെ അവർക്കിടയിലെ ഉന്നതമായ പദവികളുമായിരുന്നു.

അറേബ്യയുടെ വിദൂര ദിക്കുകളിൽ നിന്നെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാനുള്ള സമയമടുക്കുമ്പോള്‍ നാട്ടുകൂട്ടത്തില്‍ എഴുന്നേറ്റ് നിന്ന് ഹാഷിം പ്രഖ്യാപിക്കും, “ക്വുറൈശികളേ, നിങ്ങള്‍ ദൈവത്തിന്‍ അയല്‍ക്കാര്‍, അവന്റെ ഗേഹത്തിനരികിൽ കുടിപാർക്കുന്നവർ. വരാനിരിക്കുന്ന സവിശേഷ ദിനങ്ങളിൽ ദൈവത്തിന്റെ സന്ദര്‍ശകര്‍ അവന്റെ സന്നിധി തേടിക്കൊണ്ട് തീർഥാടകരായി നിങ്ങള്‍ക്കരികിലെത്തുന്നു. അവര്‍ ദൈവത്തിന്റെ അതിഥികള്‍. അവന്റെ അതിഥികളെക്കാള്‍ നിങ്ങളുടെ ഉദാരത അര്‍ഹിക്കുന്ന മറ്റൊരതിഥിയില്ല. എന്റെ സമ്പത്തെല്ലാം ഇല്ലാതായാലും ഈ ആതിഥേയത്വത്തിന്റെ ഭാരം ഞാന്‍ നിങ്ങളുടെ ചുമലില്‍ വെച്ചുകെട്ടാൻ പോകുന്നില്ല.”

ഹാഷിമിന്റെ ഉദാരത ഏതെങ്കിലും അതിരുകളില്‍ ചെന്നവസാനിക്കുന്ന ഒന്നായിരുന്നില്ല. അദ്ദേഹത്തിന്റെ മഹാമനസ്‌കതയുടെ ശീതളഛായയില്‍ മക്കക്കാര്‍ തങ്ങളുടെ ക്ഷാമകാലം അറിഞ്ഞതേയില്ല. പ്രജാവത്സലനായ ഒരു ഭരണാധികാരിയെപ്പോലെ തന്റെ സഹജീവികള്‍ക്ക് സഹായിയായി, അനാഥകള്‍ക്ക് സംരക്ഷകനായി, ഏഴകള്‍ക്ക് തോഴനായി, നിരാലംബര്‍ക്ക് തുണയായി നാട്ടിലും പുറത്തും ഹാഷിം ആദരണീയനായി. അദ്ദേഹമായിരുന്നു മക്കയില്‍ നിന്നുള്ള പ്രശസ്തമായ രണ്ട് യാത്രകള്‍ സംഘടിപ്പിച്ചത്. യമൻ ദേശത്തേക്കുള്ള ശീതകാല യാത്രയും അറേബ്യയുടെ വടക്കുപടിഞ്ഞാറ് ഫിലസ്ത്വീൻ, സിറിയ (ശാം) ദേശങ്ങളിലേക്കുമുള്ള ഗ്രീഷ്മകാല യാത്രയും. ശാം അന്ന് റോമാ (ബൈസാന്റിയന്‍) ഭരണത്തിനു കീഴിലായിരുന്നു. ഈ യാത്രകളെ നിയന്ത്രിച്ചിരുന്നതും ഒരുവേള, നയിച്ചിരുന്നതും ഹാഷിമായിരുന്നു.

ചരിത്രത്തിന്റെ ഗതിവിഗതികളുടെ ചുഴിക്കുത്തുകളില്‍നിന്നാണ് വ്യക്തിത്വം കരുത്തു നേടുന്നത്. യാത്രാവേളകളില്‍ താന്‍ മുന്‍കയ്യെടുത്ത് റോമാ ചക്രവര്‍ത്തിയുമായും ഗസാസിന്‍ രാജാക്കന്മാരുമായും കച്ചവടത്തിന് കരാറുകളുറപ്പിച്ചു. ഈ സന്ദര്‍ഭങ്ങളിലെല്ലാം ഹാഷിം തികഞ്ഞ നയതന്ത്രജ്ഞത പ്രകടിപ്പിച്ചു. പ്രാചീനമായ പാതയിലൂടെയായിരുന്നു ഇരു യാത്രകളുടെയും പോക്കുവരവ്. ഗ്രീഷ്മ കാലയാത്രയുടെ ഒന്നാമത്തെ വിശ്രമസ്ഥാനം മക്കയ്ക്ക് വടക്ക് പതിനൊന്ന് ഒട്ടകദിനങ്ങള്‍ക്കപ്പുറമുള്ള യഥ്‌രിബ് മരുപ്പച്ചയായിരുന്നു. ഒരു ഘട്ടത്തില്‍ യഹൂദരായ അറബികളായിരുന്നു ഇവിടുത്തെ നിവാസികള്‍. എന്നാല്‍ ഇപ്പോള്‍ തെക്കന്‍ അറേബ്യയില്‍നിന്നു വന്ന അറബിഗോത്രത്തിന്നാണ് ഈ പ്രദേശത്തിന്റെ പൂര്‍ണ നിയന്ത്രണം. സാമ്പത്തികമായി ഇപ്പോഴും സുസ്ഥിതിയില്‍ കഴിയുന്ന ജൂതന്മാര്‍ക്ക് ചെറുതല്ലാത്ത പദവിയും സ്ഥാനവും യഥ്‌രിബിലുണ്ട്. തങ്ങളുടെ മതം പുലര്‍ത്തിക്കൊണ്ടുതന്നെ പൊതു ജീവിതത്തില്‍ അവര്‍ ഇടപെടലുകള്‍ നടത്തിപ്പോന്നു.

ഒരുതരം മരുമക്കത്തായം വെച്ചു പുലര്‍ത്തിയിരുന്ന യഥ്‌രിബിലെ അറബികള്‍ ക്വൈലയുടെ സന്തതികള്‍ എന്ന പേരിലറിയപ്പെട്ടു. അവരുടെ പൂര്‍വതലമുറയിലെ ഒരു മഹതിയാണ് ക്വൈല; അംറിന്റെ മകൻ അൽ അർക്വമിന്റെ മകൾ ക്വൈല. ഇപ്പോള്‍ അവര്‍ രണ്ട് ശാഖയായി പിരിഞ്ഞിരിക്കുന്നു. ക്വൈലയുടെ രണ്ടാണ്‍മക്കളുടെ പേരില്‍; ഔസ് എന്നും ഖസ്‌റജ് എന്നും.

ഖസ്‌റജ് ഗോത്രത്തിലെ അതിപ്രഭാവശാലിനിയായ വനിതയായിരുന്നു നജ്ജാര്‍ വംശജയായ സല്‍മ; അംറിന്റെ മകള്‍ സല്‍മ. പതിവ് ഗ്രീഷ്മകാല യാത്രയില്‍ ശാമില്‍ നിന്ന് മടങ്ങവേ യഥ്‌രിബില്‍ തങ്ങുന്ന വേളയിലാണ് ഹാഷിം തന്റേടിയായ സല്‍മയെ കാണാനിടയാകുന്നത്. സ്വന്തം വ്യാപാരം നടത്തുകയായിരുന്ന സല്‍മ ഹാഷിമിൽ മതിപ്പുളവാക്കി. പ്രഥമാന്വേഷണത്തില്‍ അവര്‍ വിവാഹമുക്തയാണെന്ന് മനസ്സിലാക്കിയ ഹാഷിം അങ്ങോട്ടു ചെന്ന് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. തന്റെ കാര്യങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കുന്നത് താന്‍ തന്നെയായിരിക്കുമെന്ന സല്‍മയുടെ നിബന്ധന ഹാഷിം അംഗീകരിക്കുകയായിരുന്നു. ഹാഷിമിന് സമൂഹത്തിലുണ്ടായിരുന്ന പദവികളെയും സ്ഥാനമാനങ്ങളെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചപ്പോള്‍ സല്‍മ അത് തന്റെ ഭാഗ്യലബ്ധിയാണെന്ന് കരുതിയിരിക്കണം. അധികം താമസിയാതെ അവര്‍ ഹാഷിമിന്റെ ധര്‍മദാരമായി മക്കയിലെത്തി.

കുറച്ചുകാലം മക്കയില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കിടയില്‍ താമസിച്ച് സല്‍മ യഥ്‌രിബിലേക്ക് മടങ്ങി ഏറെയാകും മുമ്പ് ഷെയ്ബയ്ക്ക് ജന്മം നല്‍കി. മകനെ തന്റെ കൂടെതന്നെ നിര്‍ത്താനുള്ള അവരുടെ തീരുമാനത്തില്‍ ഹാഷിം എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. യഥ്‌രിബിലെ സ്വഛമായ കാലാവസ്ഥയില്‍ നിന്ന് മകനെ മക്കയിലേക്കയക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. പകരം അദ്ദേഹം തന്റെ ശാം യാത്രയുടെ തവണകള്‍ വര്‍ധിപ്പിച്ചു. കാരണമുണ്ട്. വഴിയില്‍ യഥ്‌രിബ് കിടക്കുന്നു. അവിടെ തന്റെ കളത്രവും പുത്രനുമുണ്ട്. ഏതാനും ദിവസം അവരോടൊത്ത് ചെലവഴിച്ച് യാത്ര തുടര്‍ന്നുകൊണ്ടിരുന്നു.

എന്നാല്‍ ഹാഷിമിന്റെ ജീവിതം കൂടുതല്‍ കാലം നിലനിര്‍ത്താന്‍ വിധി തയ്യാറായിരുന്നില്ല. പതിവുപോലൊരു യാത്രയില്‍ ഫിലസ്ത്വീനിലെ ഗാസയില്‍ വെച്ച് ഹാഷിം രോഗശയ്യനായി. ഏറെച്ചെല്ലും മുമ്പ് മരണമടഞ്ഞു. പതിനാല് വയസ്സുള്ള ഷെയ്ബ എന്ന മകനിലൂടെ വേണം ഇനി ഹാഷിമിന്റെ സ്മരണകള്‍ ജീവിക്കാന്‍. മൂന്ന് സഹോദരങ്ങളായിരുന്നു ഹാഷിമിനുണ്ടായിരുന്നത്. അബ്ദുഷംസ്, മുത്തലിബ്, നൗഫല്‍. യമനില്‍ കച്ചവടവും അതിന്റെ ബഹളങ്ങളുമായിക്കഴിഞ്ഞിരുന്ന അബ്ദുഷംസിന് സിക്വായയിലോ രിഫാദയിലോ താല്‍പര്യമുണ്ടായിരുന്നില്ല. നൗഫല്‍ ഇറാക്വില്‍ തന്റെ കച്ചവടത്തില്‍ മുഴുകിയിരുന്നു. ഇരുവരും നീണ്ട ഇടവേളകള്‍ കഴിഞ്ഞു മാത്രമേ മക്കയില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. ഇക്കാരണത്താലെല്ലാമായിരിക്കാം ഹാഷിമിന്റെ കൊച്ചനുജന്‍ മുത്തലിബ് ആയിരുന്നു പിന്നീട് സിക്വായയും രിഫാദയും ഏറ്റെടുത്തത്. തന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള ചിന്ത മുത്തലിബിന്റെ മനസ്സില്‍ ഇപ്പോള്‍തന്നെ ആധിയുടെ പെരുക്കം തീര്‍ത്തു കൊണ്ടിരുന്നു.

ഹാഷിമിന് സല്‍മയിലല്ലാതെ മറ്റു ഭാര്യമാരിലായി വേറെയും മൂന്നു മക്കളുണ്ടായിരുന്നു. മുത്തലിബിന്റെ സ്വന്തം മക്കള്‍ വേറെയും. എല്ലാവരെയും മുത്തലിബ് ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ പരീക്ഷിച്ചതാണ്. വെറുമൊരു മെനക്കടുത്തല്‍ എന്നതില്‍ കവിഞ്ഞ് അവയൊന്നും ഒരു വിളവും കായും കൊണ്ടുവന്നില്ല.

എന്നാല്‍, യഥ്‌രിബ് വഴി വരുന്ന കച്ചവടക്കാര്‍ മുഖേനയും അല്ലാതെയും മക്കയിലെത്തിയ വിവരങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഒരനാഗതശ്മശ്രുവുണ്ടായിരുന്നു, ഷെയ്ബ; സല്‍മയുടെ മകന്‍ ഷെയ്ബ. അവന്റെ പ്രായത്തില്‍ കവിഞ്ഞ പക്വതയേക്കുറിച്ച് മുത്തലിബ് ഏറെ കേട്ടുകഴിഞ്ഞു. അവനെയും അവന്റെ ചുറുചുറുക്കിനെയും നേരിട്ടുകാണാന്‍ മുത്തലിബ് യഥ്‌രിബിലേക്ക് യാത്രയായി. പറഞ്ഞുകേട്ടതിനെക്കാള്‍ യോഗ്യത തന്റെ സഹോദരപുത്രനില്‍ കണ്ടെത്താന്‍ അഥവാ തൊട്ടറിയാന്‍ മുത്തലിബിന് അധികനേരം കാത്തിരിക്കേണ്ടിവന്നില്ല. ഷെയ്ബയെ തന്നോടൊപ്പമയക്കണമെന്ന് മുത്തലിബ് സല്‍മയോടപേക്ഷിച്ചു. കയ്യോ വളരുന്നത്, കാലോവളരുന്നത് എന്ന് സസൂക്ഷ്മം നിരീക്ഷിച്ച് വളര്‍ത്തിയെടുത്ത മകനെ വേര്‍പിരിഞ്ഞിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും സല്‍മക്കായില്ല. മാതാവിന്റെ സമ്മതമില്ലാതെ അവരെപ്പിരിയാന്‍ ഷെയ്ബയും ഒരുക്കമായിരുന്നില്ല. മുത്തലിബ് പക്ഷേ, നിരാശനായില്ല. മക്കയില്‍ ഷെയ്ബയെ കാത്തിരിക്കുന്ന അനന്തസാധ്യതകളുമായി താരതമ്യം ചെയ്യുമ്പോള്‍ യഥ്‌രിബിലെ സാധ്യതകള്‍ തുലോം പരിമിതവും തീരെ കുറവുമാണെന്ന്മാ താവിനെയും മകനെയും അദ്ദേഹം ബോധ്യപ്പെടുത്തി.

അറേബ്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ വിശുദ്ധ ഗേഹത്തിന്റെ പരിപാലകരായ ക്വുറയ്‌ശികള്‍ അറേബ്യയിലെ മറ്റേതൊരു ഗോത്രത്തിന്റെയും എത്രയോ പടി മേലെയാണെന്നത് സൽമക്കജ്ഞാതമായിരുന്നില്ല. ഒരുനാള്‍ ഷെയ്ബ, അവന്റെ പിതാവിനെപ്പോലെതന്നെ ക്വുറയ്‌ശികളുടെ തലയാള്‍ എന്ന നിലയിലേക്കുയരില്ല എന്നാരറിഞ്ഞു. എന്നാല്‍, ആ നിലയിലെത്താന്‍ അവന്‍ യഥ്‌രിബിലിരുന്നതു കൊണ്ടായില്ല. പ്രവാസിയായിക്കൊണ്ട് ക്വുറയ്‌ശികളുടെ ആദരം ഏറ്റുവാങ്ങാനാവുമെന്ന് കരുതേണ്ടതില്ല. സല്‍മ മുത്തലിബിന്റെ വാദമുഖങ്ങള്‍ക്കുമുമ്പില്‍ കീഴടങ്ങി. അവന്‍ മക്കയിലേക്ക് പോയാലും ഇടക്കിടെ തനിക്ക് അവിടെച്ചെന്ന് അവനെ സന്ദര്‍ശിക്കാമല്ലോ. അവര്‍ മനസ്സിനെ മെരുക്കിയെടുക്കാന്‍ തുടങ്ങി.

മുത്തലിബ് തന്റെ സഹോദരപുത്രനെയുമായി ഒട്ടകപ്പുറത്തേറി മക്കയിലെത്തി. മുത്തലിബിന്റെ ഒട്ടകപ്പുറത്തിരിക്കുന്ന വെളുത്ത് കിളരം കൂടിയ ചെറുപ്പക്കാരനെക്കണ്ട് അങ്ങാടിയിലുണ്ടായിരുന്നവര്‍ കരുതിയത് മുത്തലിബ് വാങ്ങിയ പുതിയ അടിമയായിരിക്കാമതെന്നാണ്. അവര്‍ വിളിച്ചുകൂവി, “അബ്ദുല്‍ മുത്തലിബ്, അബ്ദുല്‍ മുത്തലിബ്.” ഇതുകേട്ടതും മുത്തലിബ് അട്ടഹസിച്ചു, മിണ്ടാതെ മാറി നിൽക്കിനെടാ, ഇതെന്റെ സഹോദരന്‍ ഹാഷിമിന്റെ പുത്രന്‍ ഷെയ്ബ. ഞങ്ങളിപ്പോള്‍ യഥ്‌രിബില്‍ നിന്ന് വരുന്നു.”

ജനങ്ങള്‍ തങ്ങള്‍ക്ക് പറ്റിയ അമളിയോര്‍ത്ത് ആര്‍ത്തുചിരിച്ചു. അവരുടെ ഈ അമളിക്കഥ ചുണ്ടുകള്‍ കാതുകള്‍ക്ക് കൈമാറി രായ്ക്കുരാമാനം മക്കയിലെ വീടുകളുടെ അകത്തളങ്ങളില്‍ വരെ എത്തി. പുകഴ്‌പെറ്റ തങ്ങളുടെ അമളിയുടെ സ്മരണയെന്നോണം മക്കാനിവാസികള്‍ തുടര്‍ന്നങ്ങോട്ടും ഷെയ്ബയെ അബ്ദുല്‍ മുത്തലിബ് എന്ന് വിളിച്ചു. കാലത്തിന്റെ ഇനിയും നിവരാത്ത ചുരുളുകളില്‍ നമുക്കായി വിധിയെന്തൊരുക്കി കാത്തിരിക്കുന്നുവെന്ന് ആര്‍ക്കറിയാം!

(ഇത് ചരിത്രരേഖയല്ല, ചരിത്രത്തിന്റെ ആസ്വാദനം മാത്രമാണ്.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.