ധാർമികദാരിദ്ര്യമാണ് നാസ്തികത: മാഷും സമ്മതിക്കുന്നു

//ധാർമികദാരിദ്ര്യമാണ് നാസ്തികത: മാഷും സമ്മതിക്കുന്നു
//ധാർമികദാരിദ്ര്യമാണ് നാസ്തികത: മാഷും സമ്മതിക്കുന്നു
ആനുകാലികം

ധാർമികദാരിദ്ര്യമാണ് നാസ്തികത: മാഷും സമ്മതിക്കുന്നു

നിരീശ്വര പ്രസ്ഥാനക്കാര്‍ ചുമക്കുന്ന ധാര്‍മികരാഹിത്യത്തെയും ആശയ ശൂന്യതയെയും കൃത്യമായി അക്കമിട്ടു നിരത്തി സ്‌നേഹസംവാദത്തില്‍ കഴിഞ്ഞ രണ്ടു തവണയായി എഴുതിയ ലേഖനങ്ങള്‍ക്കും വന്‍ ശ്രദ്ധയാണ് നാസ്തിക ലോകത്തുനിന്നും ഉണ്ടാകുന്നത്. ഈ ലേഖനങ്ങളിലെല്ലാം നാസ്തികതയുടെ പൊള്ളത്തരം തുറന്നുകാട്ടി എഴുതിയതില്‍ ഒന്നിനും മറുപടിയില്ലാതെ സ്‌നേഹസംവാദത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം STRAW MAN വര്‍ത്തമാനങ്ങളാണെന്ന് ഇരവാദം പറഞ്ഞ് നാസ്തിക ഗ്രൂപ്പുകള്‍ കയറി ഇറങ്ങുന്ന തിരക്കിലാണ് ഒരു പ്രമുഖ യുക്തിവാദി നേതാവ് തന്നെയിപ്പോൾ.

നിരീശ്വരവാദം ധാര്‍മികരഹിതമായ ഒരു സാമൂഹ്യ അവസ്ഥയുടെ സൃഷ്ടിക്ക് മാത്രമേ നിദാനമാവുകയുള്ളൂ എന്നു സ്ഥാപിച്ചുകൊണ്ടെഴുതിയ കഴിഞ്ഞ ലേഖനങ്ങൾക്കൊന്നും മറുപടി തരാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു യുക്തിവാദി മാഷ് ഇപ്പോള്‍ നാസ്തികതയെ തോട്ടിലെറിഞ്ഞ അവസ്ഥയാണ്! നിരീശ്വരവാദമെന്നത് വെറും വൈക്കോലുണ്ട മാത്രമാണെന്നും അതുകൊണ്ട് വെറും വൈക്കോലുണ്ടയായ നിരീശ്വരവാദത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും എഴുതി നാസ്തിക അണികളെ സഹതാപാര്‍ഹമായ രീതിയില്‍ സമാധാനിപ്പിക്കാന്‍ നോക്കിക്കൊണ്ടാണ് എനിക്ക് ഇപ്രാവശ്യം മാഷ് മറുപടി പറഞ്ഞുതുടങ്ങുന്നത് തന്നെ. വാസ്തവത്തില്‍ ഇതു തന്നെയാണ് കഴിഞ്ഞ ലേഖനങ്ങളിലൂടെ ഞാനും പറഞ്ഞത്. വെറും വൈക്കോലുണ്ടയും ആശയശൂന്യതയും ആണെങ്കില്‍ പിന്നെന്തിനാണിത് ചുമന്നു നടക്കുന്നത്? അന്ധമായ ദൈവനിഷേധ പിടിവാശി മാത്രം കൈമുതലായുള്ള ഈ പൊട്ടക്കിണറ്റില്‍ തന്നെ തുടരണം എന്ന കാര്യത്തില്‍ മാഷിന് എന്താണിത്ര നിര്‍ബന്ധം?

സംവാദം തുടങ്ങുമ്പോഴേക്കു തന്നെ നാസ്തികതയെ തോട്ടിലെറിഞ്ഞശേഷം സമൂഹത്തിന്റെ പൊതു ധാര്‍മികതയില്‍ ആശ്രയിച്ച് ഞങ്ങള്‍ ധാര്‍മികരാകും എന്ന അപക്വമായ ധാര്‍മിക വ്യാഖ്യാനക്കസര്‍ത്തിനെയാണ് യുക്തിവാദി മാഷ് ആശ്രയിക്കുന്നത്. വാസ്തവത്തില്‍ ധാര്‍മിക രാഹിത്യമാണ് നാസ്തികത എന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ലക്കങ്ങളില്‍ ഞാന്‍ എഴുതിയ ഓരോ വിമര്‍ശനങ്ങള്‍ക്കുമുള്ള അംഗീകാരമാണിത്. നാസ്തികതക്ക് പ്രത്യേകിച്ചൊരു ധാര്‍മിക അടിസ്ഥാനവും പ്രേരണയും പറയാനില്ലെന്ന് യുക്തിവാദി നേതാവ് കൂടിയായ മാഷിനുപോലും ബോധ്യമുള്ളതുകൊണ്ടാണല്ലോ തുടക്കത്തില്‍ തന്നെ നാസ്തികതയെ തോട്ടില്‍ എറിഞ്ഞു സമൂഹത്തിന്റെ പൊതുധാര്‍മികത എന്താണോ അതിനെ ഇത്തിക്കണ്ണികളെപ്പോലെ ആശ്രയിച്ചു ജീവിച്ചോളാം എന്നു പറയേണ്ട ഗതികേട് ഉണ്ടായത്. ഒരു യുക്തിവാദി നേതാവ് തന്നെ ഈ ധാര്‍മികരാഹിത്യത്തെ അംഗീകരിച്ചു തുടങ്ങിയെങ്കില്‍ ഇനിയെന്താണ് നാസ്തികതയ്ക്ക് പ്രസക്തി? സ്വന്തമായി ധാര്‍മികമായ ഒരു ലോകക്രമവും മുന്നോട്ടവെക്കാനില്ലാതെ മറ്റു ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും ഫലമായി ഉരുത്തിരിഞ്ഞ് വന്ന സമൂഹത്തിന്റെ പൊതുധാര്‍മികതയില്‍ കയറി കുമ്മനടിച്ച് ഞങ്ങള്‍ ജീവിച്ചോളാം എന്നു പറയുന്നത് സ്വന്തം ആശയപരമായ പൊള്ളത്തരത്തെ അംഗീകരിക്കലും പരാന്ന ഭോജനത്തിന് സമവുമാണ്.

മാത്രമല്ല സമൂഹത്തിന്റെ പൊതുധാര്‍മികത രൂപപ്പെടുന്നത് തന്നെ അവിടെയുള്ള ഭൂരിപക്ഷം മനുഷ്യരുടെയും ആശയത്തിനും വീക്ഷണത്തിനും അനുസരിച്ചാണ്. ഭൂരിപക്ഷത്തിന് ധാര്‍മികപരമായ ആശയസ്വാധീനം ഉണ്ടാക്കുന്നതാണെങ്കിലോ അത് മതദര്‍ശനങ്ങളുമാണ്. അഥവാ സമൂഹത്തിന്റെ പൊതുവായ ധാര്‍മിക മൂല്യങ്ങളെ ആശ്രയിച്ചോളാം എന്നു പറയുമ്പോഴും മതദര്‍ശനങ്ങള്‍ സൃഷ്ടിച്ചെടുത്ത ഒരു സാമൂഹ്യ വ്യവസ്ഥയെ തന്നെയാണ് ആശ്രയിക്കുന്നത്. പരോക്ഷമായി മതദര്‍ശനങ്ങളില്‍ ആശ്രയിക്കല്‍ തന്നെയാണത്.

അപ്പോള്‍ മലപ്പുറം പോലൊരു പ്രദേശത്തു ജനിച്ചുവളര്‍ന്ന താങ്കള്‍ അവിടെയുള്ള സാമൂഹ്യ ധാര്‍മികതയില്‍ അള്ളിപ്പിടിച്ചായിരിക്കാം ഇപ്പോള്‍ ജീവിക്കുന്നത്. കുടുംബപശ്ചാത്തലവും സാമൂഹ്യ പശ്ചാത്തലവും ഇസ്‌ലാമികാദര്‍ശത്തിന്റെ ആയതുകൊണ്ട് സ്വാഭാവികമായും താങ്കളുടെ ധാര്‍മിക ബോധം നിര്‍മിച്ചിരിക്കുന്നതും താങ്കളുടെ തന്നെ വ്യാഖ്യാനമനുസരിച്ച് ഇസ്‌ലാമാണ്. താങ്കളുടെ തന്നെ ധാര്‍മികത ഇസ്‌ലാമിന്റെ ഭിക്ഷ ആണെങ്കില്‍ മാഷ് ഈ ചെയ്യുന്നതിലും വലിയ അല്‍പത്തരം വേറെ ഇല്ല…. ഒരേസമയം ഇസ്‌ലാമിന്റെ സാമൂഹ്യ ധാര്‍മിക ഫലങ്ങളെ അനുഭവിക്കുകയും എന്നിട്ടതിന്റെ വേരറുക്കാന്‍ നോക്കുകയും ചെയ്യുന്ന ആത്മഹത്യാപരമായ മണ്ടത്തരം ആണിത്. (Cutting the root while eating the fruit)

മാഷിന്റെ ഈ വ്യാഖ്യാനത്തിലെ പ്രശ്‌നം ഇവിടം കൊണ്ടും തീരുന്നില്ല. പ്രാകൃത ഗോത്രവര്‍ഗങ്ങള്‍ക്ക് ഇടയില്‍ പരസ്പരം കടന്നാക്രമിക്കുന്നതും അന്യഗോത്രത്തെ കൊള്ളയടിക്കുന്നതുമൊക്കെ അവരുടെ സാമൂഹ്യധാര്‍മികത (Social Morality) തന്നെയായിരുന്നു. യുക്തിവാദി മാഷ് ആ ഗോത്രസംസ്‌കാരങ്ങള്‍ക്ക് ഇടയിലാണ് ജീവിച്ചത് എങ്കില്‍ കൊള്ളയും കൊലയും ധാര്‍മിക വൃത്തിയായി സ്വീകരിക്കുമോ? ചില പ്രാകൃതരായ നരഭോജികള്‍ക്കിടയിലാണ് ജനിക്കുന്നതെങ്കില്‍ നാസ്തികരെല്ലാം ആ സാമൂഹ്യ ധാര്‍മികത അനുസരിച്ച് അന്യ മനുഷ്യരെ കൊല്ലുന്നതും തിന്നുന്നതും പുണ്യപ്രവൃത്തികളായിക്കണ്ട് ജീവിക്കുമോ? ഇങ്ങനെ നിലനില്‍ക്കുന്ന സാമൂഹ്യ അവസ്ഥയ്‌ക്കൊത്ത് ജീവിക്കാന്‍ ആണെങ്കില്‍ അതിന് നാസ്തിക ചിന്തകളുടെ ആവശ്യമെന്താണ്? സമൂഹത്തിന്റെ അധാര്‍മിക വ്യവസ്ഥകളെ തുടച്ചുനീക്കലാണ് ആശയആദര്‍ശങ്ങള്‍കൊണ്ട് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ യാതൊരു പരിവര്‍ത്തന നിലവാരവും ഇല്ലാതെ നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥകളെ പിന്‍പറ്റാന്‍ ആണെങ്കില്‍ അതിനെന്തിനാണൊരു നാസ്തികത? അഥവാ യുക്തിവാദി നേതാവ് കൂടിയായ താങ്കളുടെ വാക്കുകളില്‍നിന്നും തന്നെ യാതൊരു സാമൂഹ്യപ്രസക്തിയുമില്ലാത്ത പൊള്ളയായൊരു വിശ്വാസം മാത്രമാണ് നാസ്തികതയെന്നു തെളിയുന്നു.

ഇനി നിലനില്‍ക്കുന്ന ഒരു സാമൂഹ്യ ധാര്‍മിക ബോധത്തെ നാസ്തികര്‍ പിന്‍പറ്റിക്കോളണം എന്നതിനു തന്നെ എന്തടിസ്ഥാനമാണുള്ളത്? എന്തു കാരണം ആണ് അതിനു നാസ്തികത പ്രകാരം ഉള്ളത്? മനഃശാസ്ത്രപരമായി സ്വാര്‍ത്ഥനായ മനുഷ്യന്‍ സ്വന്തം ലാഭത്തിനും സുഖത്തിനും വേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യുമെന്നത് ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. ഒരു ദിവസത്തെ പത്രമെങ്കിലും വായിച്ച് ബോധമുള്ളവര്‍ക്കെല്ലാം അതറിയാം. എന്നിട്ടും അതിന്റെയെല്ലാം നേര്‍ക്ക് കണ്ണടച്ചിരുട്ടാക്കി ഒരാശയവും ആദര്‍ശവും കൂടാതെ സകലരും പുണ്യാളന്‍മാരായി ചുമ്മാ ജീവിച്ചോളുമെന്ന് പറയുന്നതിനെ പമ്പരവിഡ്ഡിത്തമായിക്കണ്ട് അവഗണിക്കുകയല്ലാതെ വേറെയെന്താണ് ചെയ്യുക? ദശലക്ഷങ്ങളെ കൊന്നൊടുക്കിയ നാസ്തികര്‍ തന്നെയായ സ്റ്റാലിനും മാവോയും പോള്‍ പോട്ടുമൊക്കെ ചരിത്രത്തില്‍ പല്ലിളിച്ച് നില്‍ക്കുമ്പോഴും ഇത്ര ബാലിശമായ വാദങ്ങള്‍ പറഞ്ഞ് നിരീശ്വരവാദത്തെ വെള്ള പൂശണമെങ്കില്‍ അതിനു നിസ്സാര തൊലിക്കട്ടി പോരാ!

ഓരോ ആശയങ്ങളുടെയും മാനവികത അത് ഔദ്യോഗിക പ്രത്യയശാസ്ത്രമാകുന്നിടത്താണ് പ്രകടമാവുക. അങ്ങനെയെങ്കില്‍ നാസ്തിക മാനവികതയെ മനസ്സിലാക്കാന്‍ പറ്റിയ രണ്ടു പ്രമുഖ രാഷ്ട്ര സംവിധാനങ്ങളാണ് ചൈനയും സോവിയറ്റ് റഷ്യയും. നാസ്തികത എത്രമാത്രം മാനവിക വിരുദ്ധവും മതവിരോധപരവുമാണെന്ന് മനസ്സിലാക്കാന്‍ ഈ രണ്ട് ഔദ്യോഗിക നാസ്തിക രാഷ്ട്രങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ തന്നെ ധാരാളമാണ്. സോവിയറ്റ് യൂണിയനു കീഴിലാണെങ്കില്‍ മതസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും നിഷേധിച്ചും ആരാധനാലയങ്ങളെ തച്ചുതകര്‍ത്തും നിരപരാധികളായ മതവിശ്വാസികളെ കൊന്നൊടുക്കിയും ജയിലിലടച്ചുമാണ് 1925നും 1947നും ഇടയില്‍ മിലിട്ടന്റ് എത്തീസ്റ്റ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചത്. കൊല്ലപ്പെട്ട മൊത്തം മനുഷ്യരുടെ കണക്കെടുക്കുകയാണെങ്കില്‍ 1924 മുതല്‍ 1953 വരെയുള്ള സ്റ്റാലിന്റെ ഭരണകാലത്ത് മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 20 മില്യണും 1949 മുതല്‍ 1975 വരെ മാവോ സേതൂങിന്റെ നേതൃത്വത്തില്‍ തുടച്ചു നീക്കപ്പെട്ടത് 40 മില്യണ്‍ മനുഷ്യരുമാണ്. സംഘടിത ശക്തിയായിട്ടെന്തുണ്ടാക്കി എന്ന ചോദ്യത്തിനു മുന്നില്‍ ആകെപ്പാടെ നാസ്തികര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ള രാഷ്ട്ര സംവിധാനങ്ങളിലെ സ്ഥിതികളാണിവ. രണ്ടു ലോക മഹായുദ്ധങ്ങളിലായി കൊല്ലപ്പെട്ട മനുഷ്യരുടെ കണക്കുമായി കിടപിടിക്കുന്നതാണ് ഈ ഔദ്യോഗിക നാസ്തിക രാഷ്ട്രങ്ങള്‍ കൊന്നുതള്ളിയ മനുഷ്യരുടെ എണ്ണം! രസമെന്തെന്നു വെച്ചാല്‍ മാനവ സമൂഹത്തിനോട് ചെയ്യുന്ന പുണ്യപ്രവൃത്തിയായിക്കണ്ടാണ് ഇവരീ മനുഷ്യക്കുരുതികളെല്ലാം ചെയ്തിരിക്കുന്നത് എന്നതാണ്. അഥവാ കൃത്യമായ ധാര്‍മിക വ്യവസ്ഥകള്‍ (Objective Morality) ഒന്നുമില്ലാത്ത നാസ്തിക ആശയ ദാരിദ്ര്യത്തിന്റെ പ്രശ്‌നം തന്നെയാണിത്. വ്യക്തമായ ധാര്‍മിക അടിത്തറകള്‍ ഒന്നുമില്ലാത്തിടത്ത് പിന്നെ തെറ്റും ശരിയുമൊക്കെ വ്യക്തികളുടെ യുക്തിക്കാപേക്ഷികമായി മാത്രം തീരുമാനിക്കുന്നതാകും. അവിടെയാണ് സ്വന്തം തോന്ന്യാസ യുക്തിക്കനുസരിച്ചുള്ള ജീവിതത്തിൽ ലക്ഷങ്ങളെ കൊന്നാലും ചൂഷണം ചെയ്താലും ഒന്നും തെറ്റായി തോന്നാത്ത സാമൂഹ്യ വിരുദ്ധർ ഉണ്ടാകുന്നത്.

മനുഷ്യന്‍ ധാര്‍മികതക്കായി സ്വന്തം യുക്തിയെയാണ് ആശ്രയിക്കേണ്ടത് എന്ന സ്ഥിരം യുക്തിവാദി ആശയത്തോടും കഴിഞ്ഞ ലേഖനത്തില്‍ തന്നെ പ്രതികരിച്ചതാണ് ഞാന്‍. സ്വന്തം യുക്തിക്ക് തോന്നിയതുപോലെ ജീവിച്ചവര്‍ തന്നെയാണ് ദശലക്ഷങ്ങളെക്കൊന്ന സ്റ്റാലിനും മാവോയും ഹിറ്റ്‌ലറും. ഇന്നും ബലാത്സംഗവും കൊള്ളയും കൊലയും എല്ലാം ചെയ്യുന്നവര്‍ സ്വന്തം യുക്തിക്കൊത്ത് തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്! ഇതൊക്കെ നിങ്ങളുടെ കാഴ്ചപ്പാടില്‍ ധാര്‍മികതയാണോന്നും സകല മനുഷ്യരുടെയും യുക്തി വ്യത്യസ്തം ആയതുകൊണ്ട് തന്നെ ആര്‍ക്കു തോന്നുന്ന ശരിയാണ് ശരിയെന്നും ആര്‍ക്കു തോന്നുന്ന തെറ്റാണ് തെറ്റെന്നും ഒക്കെ ചോദിച്ചിരുന്നു. ഇതിനു യുക്തിവാദി മാഷ് തിരിച്ചുതരുന്ന മറുപടിയാണ് ബഹുരസം. മനുഷ്യന്‍ സാമൂഹ്യ ജീവി ആയതുകൊണ്ട് തന്നെ ആരുടെ ശരിയാണ് ശരിയെന്നും ആരുടെ തെറ്റാണ് തെറ്റെന്നും ഭൂരിപക്ഷ അഭിപ്രായം നോക്കി തീരുമാനിക്കാമത്രെ! കൊള്ളയും കൊലയും ബലാത്സംഗവുമൊക്കെ ചെയ്യാന്‍ തുനിയുന്നവര്‍ അതിനുമുമ്പേ വന്ന് ആ വിഷയത്തില്‍ ഒരോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം നോക്കി പ്രവര്‍ത്തിക്കട്ടെ എന്നു പറയുന്ന ഈ പമ്പരവിഡ്ഡിത്തത്തെയെല്ലാം സഹതാപാര്‍ഹം എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക?!

വാസ്തവത്തില്‍ തെറ്റ് ചെയ്യുന്ന ഭൂരിഭാഗം മനുഷ്യരും തങ്ങള്‍ ചെയ്യുന്നത് സാമൂഹ്യദ്രോഹമാണ് എന്നു തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് അത് ചെയ്യുന്നത്. എന്നിട്ടും ഒരു വ്യക്തി അത് ചെയ്യുന്നത് വ്യക്തിപരമായി അത്തരം തെറ്റുകള്‍ കൊണ്ട് അയാള്‍ക്ക് ഗുണം ലഭിക്കുന്നുണ്ട് എന്നതുകൊണ്ടാണ്. ഉദാഹരണത്തിന് ഒരു ബാങ്ക് കൊള്ള നടത്തുമ്പോള്‍ ആയുഷ്‌കാലം മുഴുവന്‍ ചോര നീരാക്കി പണിയെടുത്താലും കിട്ടാത്തത്ര പണം സമ്പാദിക്കാന്‍ ഒരാള്‍ക്ക് കഴിയുന്നു. സമൂഹത്തിന് അത് ദ്രോഹമാണ്. എങ്കിലും വ്യക്തിപരമായി അയാള്‍ക്കത് ചെയ്യുന്നത് ഗുണമാണ്. പ്രത്യേകിച്ച് മനഃശാസ്ത്രപരമായി സ്വന്തം ലാഭം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സ്വാര്‍ത്ഥനാണ് മനുഷ്യന്‍ എന്നതുകൊണ്ടയാള്‍ ചെയ്യുന്നത് അയാളുടെ യുക്തിവാദത്തെ പ്രായോഗികവല്‍ക്കരിക്കുക കൂടിയാണ്. അതുകൊണ്ട് തന്നെയാണ് സകല സാമൂഹ്യ ദ്രോഹികളും ആദ്യം ഒന്നാം നമ്പര്‍ യുക്തിവാദികള്‍ കൂടിയാണെന്നു ഞാന്‍ മുമ്പ് എഴുതിയത്. ഈ പരസ്പര വിരുദ്ധമായ യുക്തിവാദത്തിന് ഏറ്റവും നല്ല ഉദാഹരണം കേരളീയ യുക്തിവാദി സംഘങ്ങള്‍ തന്നെയാണ്. ഒരിക്കലും ധാര്‍മികമായും യുക്തിപരമായും ഒരേകോപനത്തില്‍ എത്താന്‍ കഴിയുന്നില്ല എന്നതുകൊണ്ടാണല്ലോ പരസ്പരം ചെളിവാരിയെറിഞ്ഞും അധിക്ഷേപിച്ചും ഇത്രനാളും ഒരുമിച്ചുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ പോലും വ്യക്തിഹത്യ ചെയ്തും ഒക്കെ നാസ്തിക സംഘങ്ങളില്‍ തമ്മില്‍തല്ല് തുടരുന്നത്!

സംഘടനാപരമായി പോലും യുക്തി ഉപയോഗിച്ച് ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുന്നില്ല എങ്കില്‍ പിന്നെയെങ്ങനെയാണ് സകല മനുഷ്യരും സകല ധാര്‍മിക വിഷയങ്ങളിലും ചുമ്മാ അങ്ങ് ഒത്തുപോകുമെന്ന് പറയാനാവുക? എനിക്ക് മറുപടി എന്ന പേരില്‍ നാസ്തിക ഗ്രൂപ്പുകളില്‍ മാഷ് പങ്കുവെക്കുന്ന ഒന്നര മീറ്റര്‍ ലേഖനത്തിലെ നിരവധി അടിസ്ഥാനപരമായ അബദ്ധങ്ങളും വ്യാഖ്യാനപ്പിശകുകളും യുക്തിവാദി മാഷിന് സ്വയം തന്നെ ബോധ്യമാകാന്‍ ഇത്രയും കാര്യങ്ങളെ നാസ്തിക പിടിവാശി ഉപേക്ഷിച്ച് സ്വതന്ത്രമായി ഒന്നു വായിച്ചാല്‍ മതി.

ഇതില്‍ വലിയ തമാശയെന്തെന്നു വെച്ചാല്‍ എന്താണ് ധാര്‍മികത എന്ന ചോദ്യത്തിന് നല്‍കുന്ന നിര്‍വചനത്തിന്റെ പേരില്‍ പോലും നാസ്തിക പ്രമുഖന്‍മാര്‍ തമ്മില്‍ വഴക്കാണ്. സമൂഹത്തിന്റെ പൊതുവായ മൂല്യബോധമാണ് ധാര്‍മികതയെന്നാണ് മാഷ് പറയുന്നതെങ്കില്‍ കേരളത്തിലെ മറ്റൊരു യുക്തിവാദി പ്രമുഖനായ വിശ്വനാഥന്‍ മാസ്റ്റര്‍ പറയുന്നത് ധാര്‍മികതയെന്നത് മനുഷ്യ മസ്തിഷ്‌കത്തിന്റെ അവസ്ഥകളുമായി ബന്ധപ്പെട്ടതാണെന്നും ഒരു വ്യക്തിക്ക് സുഖം നല്‍കുന്നതെന്തോ അതാണ് ധാര്‍മികത എന്നുമാണ്. ഇതേ വിഷയത്തില്‍ തന്നെ കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാവായ രവിചന്ദ്രന്‍ പറയുന്നത് മനുഷ്യന്റെ അകത്ത് ജനിതകമായി ഉള്ള ഗുണങ്ങളാണ് ധാര്‍മികത എന്നാണ്. എന്താണ് ധാര്‍മികതയെന്ന വിഷയത്തില്‍ തന്നെ പരസ്പര വിരുദ്ധമായ മറുപടികള്‍ പറഞ്ഞു സമൂഹത്തെ ചിരിപ്പിക്കുകയാണ് കേരളീയ യുക്തിവാദത്തിന്റെ സംഘത്തലവന്‍മാര്‍ തന്നെ. ഇതു തന്നെയാണ് വ്യക്തമായ ധാര്‍മിക അടിത്തറയൊന്നുമില്ലാത്തതിന്റെ പ്രശ്‌നം.

ഞാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനായി സാമൂഹ്യ ധാര്‍മികതയുമായി അതിനെ വ്യാഖ്യാനിച്ചൊപ്പിക്കാനാണ് മാഷ് ശ്രമിച്ചതെങ്കില്‍ ഇതുപോലെത്തന്നെ ഉണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങള്‍ക്കനുസരിച്ച് ഓരോരുത്തരും അവരവര്‍ക്ക് തോന്നിയതുപോലെ ധാര്‍മികതയെ നിര്‍വചിക്കും. ധാര്‍മികതയെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളായി ചുരുങ്ങും. അവിടെ സ്വവര്‍ഗരതിയും സ്വതന്ത്രരതിയും ഇന്‍സെസ്റ്റും ആത്മഹത്യയും ഒക്കെ വ്യക്തിസ്വാതന്ത്ര്യം ആണെന്ന് മാഷ് പറയുന്നതുപോലെത്തന്നെ ഹിറ്റ്‌ലര്‍ക്കും സ്റ്റാലിനുമൊക്കെ അവര്‍ നടത്തിയ നരഹത്യകള്‍ക്കെല്ലാം വ്യക്തിപരമായ ന്യായീകരണങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ച് മനുഷ്യന്‍ സ്വാര്‍ത്ഥന്‍ ആയതുകൊണ്ട് തന്നെ സ്വന്തം ലാഭത്തിനും സുഖത്തിനും വേണ്ടിയാണവര്‍ യുക്തി ഉപയോഗിക്കുക. ജീവിതം തന്നെ യാദൃശ്ചികമായി എങ്ങനെയോ വീണുകിട്ടിയതാണെന്നും മരിച്ചുകഴിഞ്ഞാല്‍ പിന്നങ്ങനൊന്നുമില്ലെന്നും പറയുന്ന നിരീശ്വരബോധം പിന്നെയൊരു വ്യക്തിക്കാകെ പ്രേരണ ആകുന്നത് ആ സ്വാര്‍ത്ഥ യുക്തിക്കൊത്ത് സ്വന്തം സുഖത്തിനും സ്വന്തം ലാഭത്തിനും വേണ്ടി ജീവിക്കാനാണ്. സ്വന്തം സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി അന്യനെ വഞ്ചിക്കുന്നതും കൊള്ളയും കൊലയും ബലാത്സംഗവും എല്ലാം ധാര്‍മികരഹിതമായ ഈ നാസ്തിക ലോകവീക്ഷണപ്രകാരം ന്യായീകരിക്കപ്പെടും. അതുകൊണ്ടാണ് നാസ്തികത സാമൂഹ്യവിരുദ്ധര്‍ക്ക് മാത്രമേ ജന്മം നല്‍കൂ എന്നു പറയുന്നത്. ചുരുക്കത്തില്‍ ഒരു സാമൂഹ്യവിരുദ്ധ ആശയം തന്നെയാണ് നാസ്തികത.

ധാര്‍മികരാഹിത്യമാണ് നാസ്തികത എന്നു പറഞ്ഞതിനൊപ്പം അതിന്റെ അടിസ്ഥാന ആദര്‍ശമായ ദൈവമില്ലാ വാദത്തിനുപോലും തെളിവില്ലാത്ത ഒരന്ധവിശ്വാസം കൂടിയാണ് നാസ്തികത എന്നു കഴിഞ്ഞ ലേഖനത്തില്‍ തുറന്നെഴുതിയിരുന്നു. ഇതിനോടുള്ള പ്രതികരണത്തിലും തന്ത്രപരമായി കുറ്റസമ്മതം പറഞ്ഞൊഴിയുക മാത്രമാണ് യുക്തിവാദി മാഷ് ചെയ്തത്. ദൈവാസ്തിത്വമൊന്നും ഞങ്ങളുടെ കേന്ദ്ര വിഷയമല്ലെന്നും ഞങ്ങളാരും ഇപ്പോള്‍ ദൈവമില്ലെന്നു വാദിച്ച് നടക്കാറില്ലെന്നും എഴുതി അടിത്തറ തകര്‍ന്നു കഴിഞ്ഞ നാസ്തികതയെ സഹതാപാര്‍ഹമായ രീതിയില്‍ കയ്യൊഴിയുന്നുണ്ട് ലേഖനത്തില്‍ മാഷ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ലേഖനത്തില്‍ ചോദിച്ച ചോദ്യം ഞാന്‍ എന്റെ ഈ ലേഖനത്തിലും ആവര്‍ത്തിക്കുകയാണ്.

അടിസ്ഥാന ആദര്‍ശമായ ദൈവമില്ലാ വാദത്തിനു തന്നെ തെളിവില്ലാത്ത ഒരന്ധവിശ്വാസവും ധാര്‍മികമായി ഒരു സമൂഹത്തിനും ഒന്നും നല്‍കാനില്ലാത്ത ആശയ ദാരിദ്ര്യവുമാണ് (Baseless and Useless) നാസ്തികത എങ്കില്‍ എന്തിനാണിത്ര കഷ്ടപ്പെട്ട് ഈ ചപലമായ വാദത്തിനെ ചുമന്നു നടക്കുന്നത്?
പരോക്ഷമായി ഇത്തരം ലേഖനങ്ങളിലൂടെ നടത്തുന്ന കുറ്റസമ്മതത്തെ പരസ്യമായിത്തന്നെ അംഗീകരിച്ചുകൂടെ?

നിങ്ങള്‍ കണ്ണു തുറക്കുകയാണെങ്കില്‍ എന്തിന് നല്ല മനുഷ്യനാവണമെന്നതിന് യുക്തി നല്‍കുന്ന, ധാര്‍മിക മാനുഷിക ബോധത്തെ ഉണര്‍ത്തുന്ന, നന്മ തിന്മകള്‍ക്ക് അക്കൗണ്ടബിലിറ്റിയും അസ്തിത്വവും കല്‍പിക്കുന്ന, സ്വാര്‍ത്ഥത വെടിയണമെന്നു പറയുന്ന, അന്യന്റെ അവകാശങ്ങളെക്കുറിച്ചും മാനുഷിക ബന്ധങ്ങളെക്കുറിച്ചും ബോധ്യം നല്‍കുന്ന, മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ സന്തതികളാണെന്നും അതിനാല്‍ അവരെല്ലാം പരസ്പരം സഹോദങ്ങളാണെന്നും പഠിപ്പിക്കുന്ന, അവര്‍ക്കൊരു മതവും, ഒരു ദൈവവും ആണെന്ന വര്‍ഗീയ വിവേചനരഹിതമായ സിദ്ധാന്തം മുന്നോട്ടുവെക്കുന്ന, സമ്പന്നന്റെ ധനത്തിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവന്റെ അവകാശമാകുന്ന സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയെ നിര്‍ദേശിക്കുന്ന വിപ്ലവകരമായൊരു മാനവിക ആദര്‍ശം കാത്തിരിക്കുന്നുണ്ട്.

ജാഹിലിയ്യത്തിന്റെ ഇരുണ്ട ഗോത്രകാലത്തില്‍ നിന്നും ഒരു സമൂഹത്തെ തന്നെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ആ ആദര്‍ശം ഞിങ്ങളെയും സ്വീകരിക്കും. താങ്കള്‍ കണ്ണു തുറക്കുമെങ്കില്‍ മാത്രം!

print

5 Comments

  • യുക്തിവാദികളുടെ ജീവിതത്തിലും വല്ല ധാർമ്മികതയും ഉണ്ടെങ്കിൽ അതൊക്കെ മതം സംഭാവന ചെയ്തതും മതത്തിൽ നിന്നും അറിയാതെ കടം കൊണ്ടതുമാണു എന്നാണു ഒരു വാദം. ഇതു തീർത്തും വാസ്തവവിരു ദ്ധമാണെന്നു മാത്രമല്ല, നേരെ തിരിച്ചാണു യാഥാർത്ഥ്യം. ഇന്നു മതവിശ്വാസികളിൽ വല്ല ധാർമ്മികതയും ദൃശ്യമാകുന്നുണ്ടെങ്കിൽ അതു ആധുനിക മാനവിക ധാർമ്മികതയുടെ സ്വാധീനം കൊണ്ടു മാത്രമാണു. മതത്തിനുള്ളിലെ ഒട്ടു മിക്ക ധാർമ്മികതയും ജീർണിച്ചതും കാലഹരണപ്പെട്ടതുമാണെന്ന് അവർ തിരിച്ചറിയുന്നു. അതിനാൽ ആധുനിക മാനവ മൂല്യങ്ങൾക്കൊപ്പിച്ച് അവർ മതത്തെ പെയിൻ്റടിച്ചു വെളുപ്പിക്കുകയാണു ചെയ്യുന്നത്.

    യുക്തിവാദികൾക്കു മാനവികതയുടെ അടിസ്ഥാന തത്വങ്ങളാണു ധാർമ്മികതയുടെ മാനദണ്ഡം. അതു പ്രകാരം മതധാർമ്മികത കാലഹരണപ്പെട്ടതാണെന്നവർ തിരിച്ചറിയുന്നു. പലരും അതു തിരിച്ചറിഞ്ഞാണു മതം ഉപേക്ഷിച്ചതു തന്നെ .

    ഞാൻ കുർ ആൻ വായിച്ചാണു അവിശ്വാസിയായതെന്നു പറഞ്ഞിട്ടുണ്ടല്ലൊ. കുർ ആനിലെ വിഡ്ഢിത്തങ്ങളും വൈരുദ്ധ്യങ്ങളുമാണു എന്നെ അവിശ്വാസിയാക്കിയത്. എന്നാൽ കുർ ആനിലെ ധാർമ്മികതയാണു എന്നെ മതവിമർശകനാക്കിയത്. ഇസ്ലാമിൻ്റെ കർമ്മശാസ്ത്രവും നിയസംഹിതയും മതത്തോട് അറപ്പുളവാക്കി. ഇസ്ലാമിൻ്റെ ചരിത്രമാണു എന്നെ കടുത്ത ഇസ്ലാം വിരുദ്ധനാക്കിയത്.

    ചുരുക്കത്തിൽ മതത്തിനു വെളിയിൽ നിന്നും ഞാൻ ആർജ്ജിച്ച നീതിബോധവും മതവും തമ്മിലുള്ള ഭീമമായ പൊരുത്തക്കേടാണു എന്നെ ഞാനാക്കിയത്.

    അല്ലാതെ ഒരു സർവ്വതന്ത്രസ്വതന്ത്ര അരാജക ജീവിതം നയിക്കാനുള്ള പൂതികൊണ്ട് മതം വിട്ടു പോന്നതല്ല.

    നീതിബോധം കൊണ്ട് ഇസ്ലാം വിഴുങ്ങാനാവാതെ വന്നതാണു പ്രശ്നം.

    മതം അതുണ്ടായ കാലദേശ ധാർമ്മികതയെ പെറുക്കിക്കൂട്ടുക മാത്രമേ ചെയ്തിട്ടുള്ളു. ധാർമ്മികതയൊക്കെ മനുഷ്യൻ വിഭാവനം ചെയ്തതു മാത്രമാണു. ദൈവങ്ങൾ മനുഷ്യൻ്റെ ധാർമ്മികതയെ കോപ്പിയടിക്കുകയാണു ചെയ്തത്. അതുകൊണ്ടു തന്നെയാണവ കാലഹരണപ്പെടുന്നതും ജീർണിക്കുന്നതും.

    ദൈവവും മനുഷ്യനും തമ്മിലുള്ള ഇടപാടാണു മതത്തിൽ ധാർമ്മികതയുടെ അടിസ്ഥാന മാനം. എന്നാൽ സ്വതന്ത്രചിന്തകർക്കു മനുഷ്യനും മനുഷ്യനും തമ്മിലുള്ള സാമൂഹിക ബന്ധമാണു ധാർമ്മികതയ്ക്കു മാനദണ്ഡം.

    കുർ ആനിലെ മിക്ക ധാർമ്മികോപദേശങ്ങളും എൻ്റെ മനുഷ്യത്വവുമായി ഒരു നിലക്കും ഒത്തുപോകുന്നതല്ല എന്നു ബോധ്യമായതോടെയാണു ഞാൻ കുർ ആൻ പ്രാകൃതമനുഷ്യരുടെ സൃഷ്ടിയാണെന്നു തിരിച്ചറിഞ്ഞത്.

    ഭാര്യയെ തല്ലാൻ പറയുന്ന ഒരു സംസ്കാരശൂന്യനെയാണു കുർ ആനിൽ ദൈവമായി ഞാൻ കണ്ടത്. അത്തരം നിരവധി തെമ്മാടിത്തങ്ങൾ കുർ ആനിലുണ്ട്. അതൊക്കെ ഒരു ദൈവം എഴുന്നള്ളിച്ചതാണു എന്നു വിശ്വസിക്കുന്നതിൽ നിന്നും എന്നെ തടഞ്ഞത് എൻ്റെ മനസാക്ഷിയും നീതിബോധവുമാണു. ആ നീതിബോധം എനിക്കു കിട്ടിയതു എനിക്കു ചുറ്റുമുള്ള സമൂഹത്തിൽ നിന്നും ആ സമൂഹത്തെ സ്വാധീനിക്കുന്ന ആധുനിക ധാർമ്മികബോധത്തിൽ നിന്നുമാണു.
    അടിമ എന്നു കേൾക്കുന്നതേ എനിക്കു വെറുപ്പായിരുന്നു. കാരണം മനുഷ്യൻ മനുഷ്യനോടു ചെയ്തിട്ടുള്ള ഏറ്റവും വലിയ തിനമയാണു അടിമത്തം എന്നു ഞാൻ മനസ്സിലാക്കിയിരുന്നു. അതു കൊണ്ടു തന്നെ കുർ ആനിൽ അടിമത്തത്തെ ഉളുപ്പില്ലാതെ ന്യായീകരിക്കുന്നതു കണ്ട്പ്പോഅൾ എനിക്കു കുർ ആൻ എഴുതിയവരോടു വെറുപ്പും അറപ്പുമാണു തോന്നിയത്.
    അന്യ മതക്കാരെ കൊള്ളയടിച്ചു കിട്ടുന്ന മുതലിൽ അഞ്ചിലൊന്നു തനിക്കു കമ്മീഷനായി വേണം എന്നു കുർ ആനിലെ ദൈവം ആവശ്യപ്പെടുന്നതു കണ്ടു ഞാൻ അംപരന്ന് പോയിട്ടുണ്ട്. എൻ്റെ നീതിബോധമായിരുന്നു ആ അമ്പരിപ്പ്നു കാരണം.
    കുർ ആനിലെ സ്വർഗ്ഗ വിവരണവും നരകവിവരണവുമൊന്നും എന്നിൽ ഒരു കൗതുകവും ഉളവാക്കിയില്ല മറിച്ച് അറപ്പാണുളവാക്കിയത്.

    ചുരുക്കത്തിൽ ഷാഹുൽ പറയുന്നതിനു നേരെ വിപരീതമാണു എൻ്റെ അനുഭവം. അതായത് എൻ്റെ നീതിബോധത്തിനും വളരെ വളരെ താഴെയാണു കുർ ആനിലെ സദാചാരം എന്നു കണ്ടാണു ഞാൻ മതം വിട്ടത്.
    ഗോത്രകാലത്തു സമൂഹത്തിൽ ധാർമ്മികതയായി നിലനിന്നിരുന്ന കാര്യങ്ങൾ പെറുക്കിക്കൂട്ടി അവതരിപ്പിക്കുകയാണു മതം ചെയ്തത. അല്ലാതെ ഇല്ലാത്ത ധാർമ്മികത ഉണ്ടാക്കിക്കൊണ്ടു വരുകയായിരുന്നില്ല.
    കൊള്ളയും ചതിയും അടിമത്തചൂഷണവും ഉടമാവകാശത്തിലൂടെയുള്ള ലൈംഗിക ചൂഷനവുമൊക്കെയാണു ഏറ്റവും നീചമായ തിനമകൾ. കുർ ആൻ അതൊക്കെ നനമയായി അവതരിപ്പിക്കുന്നു. ഉളുപ്പില്ലാതെ !
    ഇതെല്ലാം കണ്ടു മനസാക്ഷി മരവിച്ച അവസ്ഥയിലാണു ഞാനൊരു മതവിരോധിയായി മാറിയത്. എൻ്റെ ഉയർന്ന ധാർമ്മികത തന്നെയാണെന്നെ ഇങ്ങനെയാക്കിയത്

    eajabbar 26.07.2019
    • very correct

      azeezdas 24.08.2019
  • Good

    Abdul latheef kp 28.07.2019
  • അടിപൊളി

    Ashiq 28.07.2019
  • നിങ്ങളെന്തു പൊട്ടനാണ് ഹേ
    നാസ്തികത വെറും ദൈവനിരാസം മാത്രമാണ്
    അതിന് ധാർമികതയുമായി എന്ത് ബന്ധം
    ധാർമികത കാലാനുസൃതമാണ് – ദേശാനുസൃതമാണ്
    കേരളത്തിന്റെ ധാർമികത അല്ല തമിഴ്നാടിന്റേത്
    ജാഹിലിയ്യാ കാലത്തെതല്ല ഇന്നത്തെ ധാർമികത
    ഓരോ രാജ്യത്തെയും നിയമങ്ങളാണ് ധാർമികത എന്താണെന്ന് വിശദമാക്കുന്നത്
    മതനിയമങ്ങൾ ഇന്നത്തെ ധാര്മികതക്കെതിരാണ്
    മതം മനുഷ്യനിർമ്മിതമാണ് ,ദൈവവുമായി മതത്തിനു ഒരു ബന്ധവുമില്ല
    എന്ന് ഒരു ദൈവവിശ്യാസി

    azeezdas 24.08.2019

Leave a Reply to azeezdas Cancel Comment

Your email address will not be published.