ദൈവ പ്രീതിക്കായി നരബലിയോ..?

//ദൈവ പ്രീതിക്കായി നരബലിയോ..?
//ദൈവ പ്രീതിക്കായി നരബലിയോ..?
ആനുകാലികം

ദൈവ പ്രീതിക്കായി നരബലിയോ..?

വിദ്യാസമ്പന്നരായ മാതാപിതാക്കൾ മന്ത്രവാദത്തിന്റെ പേരിൽ അഭ്യസ്തവിദ്യരായ രണ്ടു യുവതികളെ ദൈവ പ്രീതിക്കായി അടിച്ചു കൊല്ലുന്നു, അതൊക്കെ നമ്മുടെ നാട്ടിലല്ലോ എന്ന് സമാധാനിച്ച് മൊബൈലിൽ മുഖം പൂഴ്ത്തിയിരുന്ന സാക്ഷര കേരളത്തിന് കിട്ടിയ ആഘാതമായിരുന്നു ആറു വയസ്സുകാരനെ സ്വന്തം ഉമ്മ കറിക്കത്തി കൊണ്ട് കാൽ കെട്ടിയിട്ട് കുളിമുറിയിൽ കൊണ്ട് പോയി കഴുത്തറുത്ത് കൊന്ന് കളഞ്ഞത്.

ഇബ്രാഹിം നബി (അ) തന്റെ മകനെ ബലിയർപ്പിക്കാൻ തയ്യാറായ ഇസ്‌ലാമിലെ ചരിത്ര സംഭവവുമായി ഇത്തരം സംഭവങ്ങളെ ബന്ധിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇപ്പോൾ ഇരുട്ടിന്റെ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ഒരു കമ്പനിയിൽ ജോലി ചെയ്‌തുകൊണ്ടിരിക്കെ ‘അവിടെ ജോലി ചെയ്താലേ ശമ്പളം ലഭിക്കൂ’ എന്ന് പറഞ്ഞുകൊണ്ട് ജോലി രാജി വെച്ച് പുറത്തു പോയി ആ കമ്പനിയെക്കുറിച്ച് വിമർശനം നടത്തുന്നത് പോലെയാണ് യുക്തിവാദികളിലെ മുസ്‌ലിം നാമധാരികളുടെ അവസ്ഥ.

യഥാർത്ഥത്തിൽ ഇബ്രാഹിം നബിയോട് തന്റെ മകനെ ബലിയർപ്പിക്കാൻ കൽപ്പിച്ചത് നരബലി എന്ന സമ്പ്രദായത്തെ ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു എന്ന് ആർക്കാണ് മനസ്സിലാക്കാൻ സാധിക്കാത്തത്.

‘കുട്ടികളെ കൊല്ലുന്നത് കൊടിയ കുറ്റം തന്നെ’ (17:31) എന്ന് ഖുർആൻ മാലോകരെ പഠിപ്പിക്കുന്നു.

ഈ ലോകം പരീക്ഷണങ്ങളുടെ ലോകമാണ്, സ്രഷ്ടാവിലുള്ള വിശ്വാസത്തെ അവൻ പരീക്ഷിച്ചറിയുക തന്നെ ചെയ്യും. അതിനായുള്ള മാർഗ്ഗങ്ങളും അവന്റെ ഇഷ്ടപ്രകാരമായിരിക്കും. അതിനെ ചോദ്യം ചെയ്യാനോ പരിഹസിക്കാനോ ഏതു നിമിഷവും പിടഞ്ഞു വീണ് മരണപ്പെട്ടേക്കാവുന്ന നിസ്സാരനായ മനുഷ്യന് എന്തവകാശമാണുള്ളത്.

ഇബ്രാഹിം നബി(അ)യുടെയും മകനായ ഇസ്മായിൽ നബിയുടെയും ത്യാഗ സമ്പൂർണ്ണമായ ജീവിതം വിശ്വാസികൾക്ക് മാതൃകയാണ്. മറ്റെന്തിനേക്കാളും തന്റെ രക്ഷിതാവിനെ സ്നേഹിക്കണമെന്നും, വ്യക്തി ബന്ധങ്ങളേക്കാൾ ഏകനായ സ്രഷ്ടാവിന്റെ കൽപ്പനകൾ ശിരസ്സാവഹിക്കാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥരാണെന്നും അവരുടെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.

ചരിത്ര സംഭവത്തിൽ ഇബ്രാഹിം (അ) നബിക്ക് സ്വന്തം മകനെ നഷ്ട്ടപ്പെടുന്നില്ലെന്ന് മാത്രമല്ല എല്ലാ വർഷവും അന്നേ ദിവസം ആ ത്യാഗ സ്മരണ പുതുക്കാനായി മുസ്‌ലിംകളോട് ബലിപെരുന്നാൾ ആഘോഷിക്കാനും ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നു.

അന്ധവിശ്വാസത്തിന്റെയോ, മന്ത്രവാദത്തിന്റെയോ പേരിൽ സ്വന്തം മക്കളെ കുരുതി കൊടുക്കുന്നവർ എത്ര ജീവിതങ്ങളെയാണ് നശിപ്പിക്കുന്നത്. എത്ര മനുഷ്യരുടെ ഉറക്കം കെടുത്തി കളയുന്നു. എത്ര കുടുംബങ്ങളാണ് തകർന്നു തരിപ്പണമാവുന്നത്.

ഇസ്‌ലാമിനെ വിമർശിക്കുമ്പോൾ മാത്രമേ കൂടുതൽ മൈലേജ് കിട്ടുകയുള്ളൂ എന്നതിനാലാണ് ഇസ്‌ലാമിനെയും, മുസ്‌ലിംകളെയും കരിവാരിതേക്കാൻ ഒരു കൂട്ടർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വിമർശിക്കുന്തോറും ഇസ്‌ലാം വളരുകയാണ്. ഖുർആനും, ഇസ്‌ലാമിലെ അനുഷ്ഠാനങ്ങളും ലോകം ചർച്ച ചെയ്യുകയാണ്.

ഹലാലും, ഹറാമും സജീവ ചർച്ച നടന്നതിനാൽ ഇസ്‌ലാമിലെ അറവ് രീതിയാണ് ഏറ്റവും നല്ല രീതിയിലുള്ളതെന്ന് ഏവർക്കും മനസ്സിലാക്കാൻ സാധിച്ചു. ഇസ്‌ലാം വിരോധിച്ചതെല്ലാം (ഹറാം) മനുഷ്യന് ദോഷകരമാണ്, ഉപകരപ്രദമായതൊക്കെയും ഇസ്‌ലാം അനുവദിക്കുകയും (ഹലാൽ) ചെയ്തിരിക്കുന്നു എന്ന് നിഷ്പക്ഷർ മനസ്സിലാക്കി കൊണ്ടിരിക്കുന്ന സുന്ദരമായ കാഴ്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.

‘ഈ ഭൂമിയിൽ രാവും, പകലും എവിടെയെല്ലാം എത്തുമോ അവിടെയെല്ലാം ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചേരും, പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ ഉള്ള എല്ലാ വീടുകളിലും ഇസ്‌ലാമിനെ അല്ലാഹു എത്തിക്കുക തന്നെ ചെയ്യും’ എന്ന അന്ത്യ പ്രവാചകന്റെ മൊഴിമുത്തുകൾ പുലർത്തുകയാണ് യഥാർത്ഥത്തിൽ ഇസ്‌ലാം വിമർശകർ ചെയ്തു കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ വിമർശകരെ കൊണ്ട് തന്ത്രശാലിയായ അല്ലാഹു ഇസ്‌ലാമിനെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു എന്ന് ചുരുക്കം. ഇസ്‌ലാമിനെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലായിരുന്നു എന്ന ഒഴിവ് കഴിവ് മരണാനന്തര ജീവിതത്തിൽ ആർക്കും പറയാൻ സാധിക്കാത്ത വിധം ഇസ്‌ലാമിക ചർച്ചകൾ ഇന്ന് സോഷ്യൽ മീഡിയകളിലും, വാർത്താമാധ്യമങ്ങളിലും സജീവമാണ്. ഇസ്‌ലാമിക വിമർശനങ്ങൾക്ക് പ്രമാണബദ്ധമായി മറുപടി പറയാനായി മുസ്‌ലിംകൾ ആഴത്തിലുള്ള പഠനങ്ങൾ നടത്തുന്നു, അതിനാൽ മറ്റുള്ളവർക്കും ഇസ്‌ലാമിന്റെ സത്യ സന്ദേശം എത്താൻ കാരണമാവുന്നു..

അതിനാൽ ഇസ്‌ലാമിനെ കൊഞ്ഞനംകുത്തി സമൂഹത്തിൽ അവഹേളിക്കാൻ ശ്രമിക്കുന്നവർ ഇസ്‌ലാമിനെ വളർത്തുകയാണ് ചെയ്യുന്നത് എന്ന് അവർക്ക് പോലും മനസ്സിലാവാത്തത് തന്നെയാണ് അല്ലാഹുവിന്റെ തന്ത്രം.

print

3 Comments

  • Good Article— Ma Sha Allah

    Shafi Majeed 09.02.2021
  • Mashaa Allah.. Very good and informative

    Muhammad Zubair 09.02.2021
  • Fine article

    shan 16.02.2021

Leave a Reply to Shafi Majeed Cancel Comment

Your email address will not be published.