‘ദൈവ’മായ നാസ്തികൻ ! -1

//‘ദൈവ’മായ നാസ്തികൻ ! -1
//‘ദൈവ’മായ നാസ്തികൻ ! -1
ആനുകാലികം

‘ദൈവ’മായ നാസ്തികൻ ! -1

‘മനുഷ്യൻ ധാർമിക ജീവിയോ ?’

ഇസ്‌ലാം നാസ്തികത സംവാദം ഒരു വിശകലനം

‘മനുഷ്യൻ ധാർമിക ജീവിയൊ ?’ എന്ന വിഷയത്തിൽ, ടി മുഹമ്മദ് വേളവും സി രവിചന്ദ്രനും തമ്മിൽ നടന്ന സംവാദം കേൾക്കുകയുണ്ടായി. അതിമനോഹരമായ വിനയത്തോടെയും സംയമനത്തോടെയും ഭവ്യതയോടെയും, അചഞ്ചലമായ ആധികാരികത തുടക്കം മുതൽ അവസാനം വരെ പുലർത്തിയ ടി. മുഹമ്മദ് വേളത്തിന്റെ സംസാരം ഹൃദ്യമായിരുന്നു എന്ന് പറയാതെ വയ്യ. കാണികളുടെ മേലുള്ള നഷ്ടപ്പെടുന്ന സ്വാധീനത്തെ, പുച്ഛഭാവങ്ങളും പരിഹാസങ്ങളും ഉപയോഗിച്ച് തിരിച്ചുപിടിക്കാനുള്ള ഒരുപാട് ശ്രമം എതിർപക്ഷം നടത്തിയെങ്കിലും അവയ്‌ക്കൊന്നും തന്നെ ഇസ്‌ലാമിന്റെ വസ്തുനിഷ്ഠമായ ധാർമിക അടിത്തറകൾക്ക് മുൻപിൽ വിജയിക്കാൻ സാധിക്കില്ല എന്ന് അടിവരയിടുന്ന ഒരു സംവാദം. ധാർമികത പറയാൻ, ധാർമികമായ അടിത്തറയിൽ നിന്നുകൊണ്ട് മറ്റുള്ളവരെ ചോദ്യം ചെയ്യാൻ, മനുഷ്യജനതയ്ക്ക് ഒരു ധർമ്മ സംഹിത അല്ലെങ്കിൽ മാനദണ്ഡം സമർപ്പിക്കാൻ നാസ്തികതക്ക് ഒരിക്കലും സാധിക്കില്ല എന്ന് തെളിയിക്കുകയാണ് സംവാദം ചെയ്തത്.

തുടക്കം മുതൽ വൈരുദ്ധ്യവും മൗഢ്യവുമാണ് രവിചന്ദ്രൻ അവതരിപ്പിച്ച ധാർമിക കാഴ്ചപ്പാടിൽ മുഴച്ചു നിൽക്കുന്നത്. ആദ്യത്തെ പോയിന്റ് തന്നെ സംവാദത്തിലെ നാസ്തിക പരാജയ ശവപ്പെട്ടിക്കു മുകളിൽ ആണി അടിക്കുന്നവതായിരുന്നു. ആ ആണികൾ ആദ്യമേ ഉദ്ധരിക്കട്ടെ:

1. ധാർമികത പുരോഗമനങ്ങൾക്കും പരിണാമങ്ങൾക്കും മാറ്റങ്ങൾക്കും വിധേയമാകണം.

2. മത ധാർമികതയിൽ തെറ്റും ശരിയും സ്ഥായിയാണ്.

3. മതം പഠിപ്പിച്ചു തരുന്ന തെറ്റും ശരിയും എന്തിനു വിരുദ്ധം ആയാലും തെറ്റും ശരിയും ആണെന്ന് അംഗീകരിച്ചേ പറ്റൂ.

4. ഈ മനസ്ഥിതി ഒരുതരം അടിമത്ത മനോഭാവമാണ്. അഥവാ, മത ധാർമ്മികതയുടെ അടിത്തറ അടിമത്വ മനോഭാവമാണ്.

5. അടിമത്തം അല്ലെങ്കിൽ അടിമത്ത മനോഭാവം സ്വാഷ്ടപ്രകാരവും അല്ലാതെയും “തെറ്റാണ്”.

6. അപ്പോൾ മതത്തിന്റെ ധാർമികതയുടെ അടിത്തറ തന്നെ തെറ്റാണ്.

ഇതാണ് സംവാദം മുഴുവൻ രവിചന്ദ്രൻ പറഞ്ഞു കൊണ്ടേയിരുന്നത്. ഇതാണ് ലോകത്തെ -രവിചന്ദ്രൻ അല്ലാത്ത- സർവ്വ നാസ്തികരും പറഞ്ഞുകൊണ്ടിരിക്കുന്നത്. രവിചന്ദ്രന്റെ തുടക്കത്തിലെ നാലഞ്ചു വരികളിൽ തന്നെ നാസ്തിക ധാർമികത പൊളിഞ്ഞടിഞ്ഞു കഴിഞ്ഞു. മുകളിൽ കൊടുത്ത നാസ്തിക ധാർമിക അടിത്തറയുടെ സ്ഥാപന ശിലകൾ ഒന്നുകൂടി വായിച്ചു നോക്കൂ. ഒന്നാമത് സൂചിപ്പിച്ച പോയിന്റിന് വിരുദ്ധമാണ് അഞ്ചാമത്തെയും ആറാമത്തെയും പോയിന്റുകൾ. ധാർമികത കാലത്തിനും ദേശത്തിനും വ്യക്തികൾക്കും അനുസൃതമായി മാറുമെങ്കിൽ 5, 6 പോയിന്റുകളിൽ പറഞ്ഞതുപോലെ അടിമത്വം “തെറ്റാണ്” എന്നും മത ധാർമികത അതിന്റെ അടിസ്ഥാനത്തിൽ “തെറ്റാണ്” എന്നും എങ്ങനെയാണ് നാസ്തികർ വാദിക്കുക ?! അടിമത്തം “തെറ്റാണ്” എന്ന് എങ്ങനെയാണ് നാസ്തികൻ വിശ്വസിക്കുക ? കാരണം, “തെറ്റ്” എന്ന് പറയുന്നത് സ്ഥായിയല്ല കാലത്തിനും വ്യക്തിക്കും ദേശത്തിനും അനുസരിച്ച് വ്യത്യസ്തപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നാണല്ലൊ. അപ്പോൾ പിന്നെ അടിമത്തം “തെറ്റാണെന്ന്” എങ്ങനെ നാസ്തികർ വാദിക്കും? അടിമത്തം തെറ്റാണോ ? അടിമത്തം തെറ്റാണെങ്കിൽ അത് സ്ഥായിയായ തെറ്റാണോ അതോ -നാസ്തികന്റെ- മാറ്റം വരുന്ന തെറ്റാണോ ?!. സ്ഥായിയായ തെറ്റാണ് എങ്കിൽ സ്ഥായിയായ തെറ്റ് – ശരികളിൽ വിശ്വസിക്കുന്നത് അടിമത്തമാണ്, അത് തെറ്റാണ് എന്ന് എങ്ങനെ നാസ്തികൻ പറയും; അടിമത്തം എന്ന് പറയുന്നത് സ്ഥായിയായ തെറ്റാണ് എന്ന് നാസ്തികർ തന്നെ വിശ്വസിക്കവെ ?! അടിമത്തം സ്ഥായിയായ തെറ്റാണെന്ന് വിശ്വസിച്ച് കൊണ്ട് സ്ഥായിയായ തെറ്റ് – ശരികളിൽ വിശ്വസിക്കരുത് എന്ന് വാദിക്കുന്നത് വൈരുധ്യമല്ലേ ?!

ഇനി അടിമത്തം സ്ഥായിയായ തെറ്റല്ല, മാറ്റം വരാവുന്ന തെറ്റാണ് എന്നാണ് നാസ്തികൻ വിശ്വസിക്കുന്നത് എങ്കിൽ അടിമത്തം ദേശത്തിന്റെയും കാലത്തിന്റെയും വ്യക്തികളുടെയും മാറ്റത്തിനനുസരിച്ച് തെറ്റും ശരിയും ആകാം എന്നുവരുന്നു. അങ്ങനെയാണെങ്കിൽ തെറ്റും ശരിയും ആകാവുന്ന, സ്ഥായിയല്ലാത്ത ഒരു കാര്യത്തെ അടിസ്ഥാനപ്പെടുത്തി മതത്തിന്റെ ധാർമികത തെറ്റാണെന്ന് രവിചന്ദ്രൻ എങ്ങനെ വിശദീകരിക്കും?!

ഈ ഒരൊറ്റ ചോദ്യത്തോടുകൂടി നാസ്തികതയുടെ ധാർമിക വെല്ലുവിളികൾ പൊലിഞ്ഞു കഴിഞ്ഞു. മത നാസ്തിക ധാർമികതകളെ സംബന്ധിച്ച് സംവാദങ്ങളുടെ അസ്ഥിവാരം മനുഷ്യൻ വസ്തുനിഷ്ഠമായ ധാർമികതയാണോ (objective morality) വ്യക്തിനിഷ്ടമായ ധാർമികതയാണോ (Subjective morality) സ്വീകരിക്കേണ്ടത് ? എന്നുള്ളത് മാത്രമാണ്.

അത് മറ്റൊരു ഭാഷയിൽ അവതരിപ്പിക്കുകയാണ് രവിചന്ദ്രൻ ചെയ്തിരിക്കുന്നത്. ലോകത്ത് ഏത് നാസ്തികനും ചെയ്യുന്നത് ഇതുതന്നെയാണ്. വസ്തുനിഷ്ഠമായ ധാർമികത ഇല്ല എന്നും വ്യക്തിനിഷ്ടമായ ധാർമികതയാണ് മനുഷ്യന് വേണ്ടതെന്നും ഉള്ള വാദം.

വ്യക്തിനിഷ്ടമായ ധാർമികതയിൽ യഥാർത്ഥത്തിൽ ധാർമികത എന്ന ഒന്നിന് അസ്ഥിത്വം തന്നെ ഇല്ല എന്നുള്ളതാണ് പ്രശ്നം. കാരണം ഒരു കാര്യം നന്മയാണ് തിന്മയാണ് എന്ന് തീരുമാനിക്കുന്നത് മനുഷ്യർ തന്നെയാണ് എന്നതാണ് നാസ്തിക ധാർമ്മികത. കാലത്തിന്റെയും സമൂഹത്തിന്റെയും വ്യക്തി പ്രചോദനങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് ഒരു കാര്യം നന്മയാണോ തിന്മയാണോ എന്ന് തീരുമാനിക്കുക എന്നുള്ള നാസ്തിക ധാർമികതയാണല്ലൊ വ്യക്തിനിഷ്ടമായ ധാർമികത(Subjective morality). ഇതിനെല്ലാം അതീതമായി കാലത്തിന്റെയും സമൂഹത്തിന്റെയും വ്യക്തി പ്രചോദനങ്ങളുടെയും അപ്പുറം നിലനിൽക്കേണ്ടതായ ധാർമിക മൂല്യങ്ങൾ മനുഷ്യന് വേണം എന്നതിന്റെ അനിവാര്യതയാണ് മത ധാർമികത ഉൽഘോഷിക്കുന്നത്.

വസ്തുനിഷ്ഠമായ ധാർമികത ഇല്ലെങ്കിൽ രവിചന്ദ്രന്റെ ആദ്യത്തെ പ്രസ്താവന തന്നെ തെറ്റാകുന്നു. അടിമത്തം എന്തുകൊണ്ടാണ് തെറ്റാകുന്നത് ? അടിമത്തം തെറ്റാണ് എന്നാണ് നമ്മൾക്ക് തോന്നുന്നത് എന്നതുകൊണ്ടാണോ ? അങ്ങനെയാണെങ്കിൽ അടിമത്തം ശരിയാണ് എന്ന് വിചാരിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇന്നും പലരും അടിമത്തം ശരിയാണ് എന്ന് വിചാരിക്കുന്നു. നാളെ അടിമത്തം ഏതു നിലയിലാണ് മനുഷ്യ സമൂഹം കാണുക എന്നതിനും യാതൊരുവിധ ഉറപ്പുമില്ല. അപ്പോൾ പിന്നെ അടിമത്തം തെറ്റാണ് എന്ന് എങ്ങനെയാണ് ഒരു നാസ്തികൻ വാദിക്കുക ?! തെറ്റുമാവാം ശരിയുമാവാം എന്നല്ലേ പറയേണ്ടത് ?. സ്ഥായിയായ തെറ്റാണ് എന്ന് ഇങ്ങനെ പറയും? അതോ സ്ഥായിയായ ചില ധാർമ്മിക മൂല്യങ്ങൾ ഉണ്ട് എന്ന് നാസ്തികർ അംഗീകരിക്കുമോ ? അംഗീകരിച്ചാൽ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് മത ധാർമ്മികതയുടെ സ്ഥായിയായ സ്വഭാവത്തെ നാസ്തികർ വിമർശിക്കുക ? ഈ സ്ഥായിയായ ധാർമ്മിക മൂല്യങ്ങളിൽ ഏതൊക്കെയാണ് സ്ഥായി ഏതൊക്കെയാണ് മാറ്റം വരുന്നവ എന്ന് തീരുമാനിക്കുന്നതിന്റെ മാനദണ്ഡമെന്താണ് ?!

ഏതു തിന്മയുടെ കാര്യത്തിലും ഇതുതന്നെയല്ലേ സ്ഥിതി? ഒരു കാര്യം തിന്മയാണ് എന്ന് നാസ്തികൻ എങ്ങനെ ഉറപ്പിച്ചു പറയും ?! ധാർമികത ഡയനാമിക് ആണ് ഇവോൾവിങ്ങാണ് എന്നൊക്കെ സംവാദം മുഴുവൻ പ്രസംഗിച്ചു കൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ഇടക്ക് വെച്ച് “ഇൻസസ്റ്റ് ഈസ് മോറലി റോങ്ങ്” എന്ന് രവിചന്ദ്രൻ പറഞ്ഞത് വമ്പൻ വൈരുദ്ധ്യമായി പോയി. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന “ബുദ്ധിജീവി”കളും താത്വിക ആചാര്യന്മാരുമായ നാസ്തികർ എല്ലാം ആണയിട്ടു പറയുന്നത്, മൃഗരതിയും ശവരതിയും അഗമ്യഗമനവും ബലാൽസംഗവും ചെറിയതോതിലുള്ള ശിശുരതിയും ഒന്നും തെറ്റല്ല എന്ന് തന്നെയാണ്. അല്ലെങ്കിലും അവ തെറ്റാണ് എന്ന് എങ്ങനെയാണ് നാസ്തികർ വാദിക്കുക ? തെറ്റ് എന്നതിന് തന്നെ അസ്തിത്വം ഇല്ലായിരിക്കെ. രവിചന്ദ്രൻ ഭാഷാന്തരം ചെയ്ത ഡോക്കിൻസിന്റെ പ്രസ്താവനയിൽ തന്നെ നാം പ്രസ്താവിച്ച എല്ലാതരം രതി വൈകൃതവും വ്യക്തിനിഷ്ടമായ തീരുമാനങ്ങളാണ് അഥവാ ഓരോ വ്യക്തിക്കും ഇതെല്ലാം തിന്മയാണോ നന്മയാണോ എന്ന് തീരുമാനിക്കാം, അതനുസരിച്ച് അത് തിന്മയും നന്മയും ആയി പരിഗണിക്കാം എന്നാണ്. പരിണാമ ദശയിൽ എവിടെയോ ആറുവിരലിനു പകരം അഞ്ചു വിരൽ ആയി മാറിയത് പോലെ ബലാൽസംഗം തെറ്റാണെന്ന് ബോധം നമ്മളിൽ ഉരുത്തിരിഞ്ഞുണ്ടായി എന്നല്ലാതെ ബലാൽസംഗം വസ്തുനിഷ്ടമായ തെറ്റല്ല എന്നാണ് ഡോക്കിൻസ് പറയുന്നത്.
( https://youtu.be/G-F-4WhvHqU )

സാം ഹാരിസ്, റിച്ചാർഡ്‌ ഡോക്കിൻസ്, മാറ്റ് ഡിലഹണ്ടി, ലോറൻസ് ക്രോസ്സ് എന്നീ ലോകം കണ്ട ഏറ്റവും പ്രസിദ്ധരായ നാസ്തിക “ബുദ്ധിജീവികൾ” അഗമ്യഗമനത്തെ (incest) അഥവാ മാതാവ്, സഹോദരി തുടങ്ങിയ കുടുംബാംഗങ്ങളുമായുള്ള ലൈംഗിക ബന്ധത്തെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ സ്വഭാവിക ഭാവമായി വിശദീകരിക്കുന്നു.
(https://youtu.be/FFWkS5nwXjo)

യൂട്ടിലിറ്റേറിയൻ ധാർമിക വാദിയായ ഓസ്റ്റ്രേലിയൻ ഫിലോസഫർ പീറ്റർ സിംഗർ, മൃഗരതിയെ സ്വഭാവിക ലൈംഗികതയായാണ് വിശദീകരിക്കുന്നത്. ഒരു ദ്രോഹവും നടക്കപ്പെടാത്ത ഈ ലൈംഗിക ബന്ധത്തെ എന്തിനാണ് എതിർക്കുന്നതെന്ന് അദ്ദേഹം അത്‌ഭുതപ്പെടുന്നു.
(https://youtu.be/MKDv3uhqqTI)

രവിചന്ദ്രൻ ധാർമിക അഭാവത്തിന് ഉദാഹരണമായി സൂചിപ്പിച്ച നരഭോജനം പോലും, രവിചന്ദ്രൻ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയ നിയോ എതിയിസ്റ്റായ ഡോക്കിൻസ് നന്മയായാണ് കാണുന്നത്. ( https://twitter.com/RichardDawkins/status/969939225180364805 )

കുടുംബ വ്യവസ്ഥ നിലവിൽ വരുന്നതിനു മുമ്പ് പലതരം ലൈംഗിക ബന്ധങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്നും, സാമൂഹിക പുരോഗതിക്കനുസരിച്ച് നിലപാടുകളിൽ മാറ്റങ്ങൾ സംഭവിച്ചു, ചില ബന്ധങ്ങൾ മനുഷ്യർക്ക് സഹജമായി തന്നെ നല്ലതായും ചില ബന്ധങ്ങൾ ചീത്തയായും അനുഭവപ്പെട്ടു എന്നും രവിചന്ദ്രൻ പറയുന്നുണ്ട്. Revelsion “അറപ്പ്” എന്ന അടിത്തറയിൽ പലതും തെറ്റായി മനുഷ്യൻ ധരിക്കാൻ തുടങ്ങിയത്രെ. മലം ഭക്ഷിക്കുന്നത് അറപ്പനുഭവപ്പെടുന്നതാണ് എന്നതാണ് ധാർമികതയുടെ ഏറ്റവും ചുരുങ്ങിയ രൂപത്തിലുള്ള നാസ്തിക അനാളജി !! ഇതിൻറെ ഭാഗം തന്നെയാണ് മാതാപിതാക്കളോടും മക്കളോടുമായി ഒരാൾ ലൈംഗിക ബന്ധം സ്ഥാപിക്കുന്നതും എന്ന് രവിചന്ദ്രന് അംഗീകരിക്കേണ്ടി വന്നു. അതേ രവിചന്ദ്രൻ പറയുന്നു, ശവ രതി “ചെയ്യരുത് കേട്ടോ” എന്ന് ?! ഒരു നാസ്തികന് അതെങ്ങനെ പറയാൻ സാധിക്കും? ശവരതി നിയമപരമായി അത് തെറ്റാണ് എന്നാണോ അല്ലയോ എന്നല്ലല്ലോ ചോദ്യം. അത് നന്മയാണോ തിന്മയാണോ എന്നാണ്. അത് തിന്മയാണ് “ചെയ്യരുത് കേട്ടോ” എന്ന് നാസ്തികർ എങ്ങനെ പറയും. ഒരു നാസ്തികന് മാതാവുമായും മക്കളുമായും ലൈംഗികതയിൽ ഏർപ്പെടുന്നത്, കാഷ്ടം ഭക്ഷിക്കും പോലെ അറുപ്പുളവാക്കുന്നില്ല എങ്കിൽ അത് നന്മയായി മാറുമോ? ഇതാണ് ചോദ്യം.

മാനസികമായ പിന്തുണയുടെ സാന്നിധ്യവും അഭാവവും മാത്രമാണ് നന്മതിന്മകളെ നിശ്ചയിക്കുന്നത് എന്നാണ് രവിചന്ദ്രൻ പറയുന്നത്. എസെൻസുകാരുടെ അല്ലെങ്കിൽ സർവ്വ നിയോ എത്തിയിസ്റ്റുകളുടെയും സ്വർഗ്ഗരാജ്യമായ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ മൃഗരതി അനുവദനീയമാണ്. ശിശു രതിക്ക് വേണ്ടി സമരങ്ങൾ നടക്കുന്നു. ഡെന്മാർക്കിൽ ശിശു രതി ഒരു പരിധിവരെ മുൻകാലഘട്ടങ്ങളിൽ നിയമവിധേയമായിരുന്നു. അമ്മയോടും മകളോടും ഉള്ള രതി സർവ്വ നിയോ എതിയിസ്റ്റുകൾക്കും “വെറുപ്പ്” ഇല്ലാത്ത കാര്യമാണ്. കേരളത്തിൽ തന്നെ കോഴിക്കോട് വെച്ച് നടന്ന എസ്സൻസിന്റെ പരിപാടിയിൽ നിന്നും ഒരുപറ്റം നാസ്തികർക്ക് അതിനോട് “വെറുപ്പില്ല” എന്ന് വ്യക്തമാക്കുകയും ചെയ്തു. അപ്പോൾ നാസ്തികരിൽ തന്നെ ഒരു ന്യൂനപക്ഷമായ രവിചന്ദ്രൻ ടീംസിന് മാത്രം അതിനോട് അറപ്പുണ്ട് എന്നതുകൊണ്ട് അത് തെറ്റാണ് എന്നും “ചെയ്യരുത് കേട്ടോ” എന്നും പറയാനുള്ള അവകാശം എന്താണ്? അടിസ്ഥാനം എന്താണ്? അത് തെറ്റാവാനുള്ള മാനദണ്ഡം എന്താണ് ?! കോഴിക്കോട് വെച്ച് നടന്ന എസ്സൻസിന്റെ പരിപാടിയിൽ ഇൻസെസ്റ്റിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ ഒരുപറ്റം നാസ്തികരുടെ വീഡിയൊ യൂറ്റൂബിൽ നിന്ന് പിൻവലിക്കുക വഴി, ആശയ സ്വാതന്ത്രത്തെ അടിച്ചമർത്തുകയും രവിചന്ദ്രനെന്ന ഒരു വ്യക്തിയുടെ “അറപ്പിന്റെ” അടിസ്ഥാനത്തിലുള്ള ധാർമ്മികത മറ്റു നാസ്തികരിൽ അടിച്ചേൽപ്പിക്കുകയുമല്ലെ രവിചന്ദ്രൻ ചെയ്യുന്നത് ?! ഇതും ഒരു രൂപത്തിലുള്ള അടിമത്തല്ലേ ?!

ധാർമികതയുടെ മാനദണ്ഡം ചോദിച്ചപ്പോൾ “മസ്തിഷ്കമാണ് മാനദണ്ഡം” എന്നു രവിചന്ദ്രൻ കട്ടായം പറഞ്ഞു. ആരുടെ മസ്തിഷ്കമാണ് മാനദണ്ഡം എന്ന് കൂടി വ്യക്തമാക്കണമായിരുന്നു. സാംഹാരിസ്, റിച്ചാർഡ് ഡോക്കിൻസ്, അലക്സ് ഓ’ കോണർ തുടങ്ങിയവരെ പോലെയും ലോകമെമ്പാടും അംഗീകൃതമായ നിയോ എത്തിയിസ്റ്റ് “ബുദ്ധിജീവി”കളുടെയും മസ്തിഷ്കമാണോ ? മൃഗരതിക്കുള്ള അവകാശം ആഘോഷിക്കുന്ന, ശിശുരതിക്ക് വേണ്ടി സമരം നടത്തുന്ന സ്കാൻഡിനേവിയൻ നിയോ എത്തിയിസ്റ്റുകളുടെ മസ്തിഷ്കമാണോ ? അതോ മാതാവിനെ വ്യഭിചരിക്കുന്നത് അറപ്പുളവാക്കുന്നതാണ് എന്ന് തോന്നുന്ന കേരളത്തിലെ ഒരു ന്യൂനപക്ഷം എത്തിയിസ്റ്റുകളുടെ മസ്തിഷ്കം ആണോ അത് തീരുമാനിക്കേണ്ടത് ?!

തീർച്ചയായും ബുദ്ധിയിലും ജനസ്വീകാര്യതയിലും മുന്തി നിൽക്കുന്ന, ലോകമെമ്പാടുമുള്ള നിയോ എത്തിയിസ്റ്റുകളുടെ മസ്തിഷ്കമാണ് മുന്തിക്കപ്പെടേണ്ടത് എന്നതിൽ സംശയമില്ല. അപ്പോൾ മൃഗരതി, ശവരതി, അഗമ്യഗമനം ശിശു രതി എല്ലാം അനുവദനീയമാണെന്ന് വരുന്നു. അപ്പോൾ “ചെയ്യരുത് കേട്ടോ” എന്ന് രവിചന്ദ്രൻ എങ്ങനെ പറയും ?

രവിചന്ദ്രന് അത് “വെറുപ്പായത്” എന്തുകൊണ്ടായിരിക്കും ? എന്നതാണ് അടുത്ത ചോദ്യം. ആധുനിക നാസ്തിക സാമ്രാട്ടുകൾക്ക് അറപ്പില്ലാത്ത ഒരു കാര്യം രവിചന്ദ്രന് എങ്ങനെ അറപ്പുണ്ടാക്കി ?. അറപ്പാണ് തെറ്റിന്റെയും ശരിയുടെയും മാനദണ്ഡമെങ്കിൽ സ്വവർഗരതിയും തെറ്റാവണമല്ലോ. ഒരു പുരുഷനും മറ്റൊരു പുരുഷനും തമ്മിലുള്ള ലൈംഗികത കാലാകാലങ്ങളായി ഭൂരിഭാഗം മനുഷ്യർക്കും അറപ്പുളവാക്കുന്നതായിരുന്നു. ഇന്നും മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണുന്നതു തന്നെ ഭൂരിഭാഗം മനുഷ്യർക്കും അറപ്പുളവാക്കുന്നതാണ്. അപ്പോൾ അത് എന്തുകൊണ്ട് രവിചന്ദ്രനു തിന്മയല്ല ?! അമ്മയുമായുള്ള ലൈംഗികത മാത്രം എന്തുകൊണ്ട് രവിചന്ദ്രന് അറപ്പുള്ളതായി ?!
അതിനു കാരണം രവിചന്ദ്രൻ ജീവിക്കുന്ന ഭൂമികയും സമൂഹവും ആണ്. മൃഗരതി, ശവരതി, ശിശുരതി അഗമ്യഗമനം എന്നിവ തെറ്റാണെന്ന് വിശ്വസിക്കുന്ന സാമൂഹിക ധാരയിലാണ് രവിചന്ദ്രൻ ജീവിക്കുന്നത്; അതൊന്നും തെറ്റല്ല എന്ന് വിശ്വാസത്തിൽ രൂഢമൂലമായ പാശ്ചാത്യൻ സ്കാൻഡിനേവിയൻ രാജ്യങ്ങളിലല്ല. ആ സാമൂഹിക ധാർമിക കാഴ്ചപ്പാടാണ് രവിചന്ദ്രന് ഇത്തരം ലൈംഗിക വൈകൃതങ്ങളോട് – മലം ഭക്ഷിക്കുന്നതുപോലെ – അറപ്പ് ഉണ്ടാക്കിയത്.

അപ്പോൾ അടുത്ത ചോദ്യം ഈ സമൂഹത്തിൽ ഇത്തരം ലൈംഗിക വൈകൃതങ്ങൾ തെറ്റാണ് എന്ന ധാരണ എവിടെനിന്നു ഉൾത്തിരിഞ്ഞു വന്നതാണ് ? യാതൊരു സംശയവും വേണ്ട അവ വന്നത് മതങ്ങളിൽ നിന്നാണ്, രവിചന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ “പുസ്തകത്തിൽ എഴുതി വച്ചതിൽ നിന്ന്”. അല്ലാ എങ്കിൽ ഈ സാമൂഹിക ധാരണയുടെ സ്രോതസ്സ് രവിചന്ദ്രൻ വ്യക്തമാക്കണം.

വീണു കിടക്കുന്നവനെ താങ്ങുന്നത് മത പുസ്തകം നോക്കിയിട്ടാണോ ?
Rape തെറ്റാണെന്ന് പറയുന്നത് മത പുസ്തകം നോക്കിയിട്ടാണോ
?
എന്ന് രവിചന്ദ്രൻ ചോദിക്കുന്നുണ്ട്.

അതെ എന്നാണ് ഉത്തരം. അതുകൊണ്ടാണ് നിയോ എത്തിയിസ്റ്റായ ഡോക്കിൻസിന് ബലാൽസംഗം വസ്തുനിഷ്ടമായ ഒരു തെറ്റല്ലാതായത്. ഐസ് ക്രീമിൽ വാനില, ചോക്ലേറ്റ് എന്നീ ഫ്ലേവറുകളിൽ ഏത് തിരഞ്ഞെടുക്കണമെന്ന വ്യക്തിനിഷ്ടമായ തീരുമാനം പോലെയാണ് ബലാൽസംഗം തെറ്റാണോ അല്ലേ എന്ന തീരുമാനവും എന്ന് നിയോ എത്തിയിസ്റ്റ് സംവാദ വീരനായ അലക്സ് ഓ’ കോണറും വ്യക്തമാക്കാൻ കാരണം.

നാസ്തികർ മനസ്സിലാക്കേണ്ട ഒരു വസ്തുത ഇതാണ്: മനുഷ്യ ജീവിതത്തിൽ മതം ചെലുത്തുന്ന സ്വാധീനവും മാറ്റവും രണ്ട് വിധത്തിലാണ്. അഥവാ പ്രത്യക്ഷവും പരോക്ഷവുമായ രണ്ട് തരം സ്വാധീനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കാൻ മതത്തിന് സാധിക്കും.

ഒന്ന്: ഒരു സമൂഹത്തിന്റെ ധാർമിക ബോധത്തിൽ മതം ചെലുത്തുന്ന നേരിട്ടുള്ള സ്വാധീനമാണിത്. മദ്യത്തിലും വ്യഭിചാരത്തിലും മുങ്ങി കുളിച്ച അറേബ്യൻ സമൂഹത്തോട് അവ നിരോധിച്ചു കൊണ്ട് ദൈവ വചനം ഓതിക്കേൾപ്പിച്ചപ്പോൾ അവർ മദ്യ കോപ്പകൾ തല്ലി തകർക്കുകയും, ഒരു അന്യ സ്ത്രീയെ ലൈംഗിക വികാരത്തോടെ നോക്കുന്നത് പോലും കൈവെടിഞ്ഞതും അതിനുദാഹരണമാണ്.

രണ്ട്: മതങ്ങൾ സമൂഹത്തിൽ നേരിട്ടല്ലാതെ ചെലുത്തുന്ന സ്വാധീനം. ഉദാഹരണത്തിന് ഒരുപാട് മതങ്ങളുടെ സംഗമഭൂമിയായ ഒരു സമൂഹത്തിൽ സാംസ്കാരിക കൈമാറ്റങ്ങളിലൂടെ സദാചാരം രൂപീകൃതമാവുന്നു. “സദാചാരം: നല്ല ആചാരം… ആചാരം: നടപ്പു്, മര്യാദ, മുറ, ചട്ടം, അനുഷ്ഠാനം .”
(ശബ്ദതാരാവലി)

ജീവിതത്തിന്റെ വ്യത്യസ്‌ത മേഖലകളിൽ ഒരു സമൂഹം ആചാരമായി സ്വീകരിച്ചാചരിക്കുന്ന രീതികളും ചട്ടങ്ങളുമാണ് സദാചാരം. സദാചാര നിർമ്മിതിയിൽ മതം വഹിക്കുന്ന പങ്ക് അനൽപമാണ്. അതുകൊണ്ട് തന്നെയാണ് നാളിതു വരെ സദാചാരത്തെ ഭൗതികവാദികൾ നിശിതമായി വിമർശിച്ച് പോന്നതും. ഒരുപാട് മതങ്ങളുടെ സംഗമഭൂമിയായ ഒരു സമൂഹത്തിൽ സാംസ്കാരിക കൊള്ള കൊടുക്കകളിലൂടെ രൂപീകൃതമാവുന്ന സദാചാരത്തിന് ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ലേബലുണ്ടാകില്ല എന്നത് സ്വാഭാവികമാണ്. ഇങ്ങനെ മതത്തിന്റെ വിലാസത്തിലല്ലാതെ സദാചാര വ്യവസ്ഥയിൽ അലിഞ്ഞുചേർന്ന മത ധാർമിക മൂല്യങ്ങൾ കേവല മനുഷ്യബുദ്ധിയിൽ നിന്നും ശാസ്ത്ര ചിന്തയിൽ നിന്നും വ്യുൽപന്നമായതാണ് എന്ന് വരുത്തി തീർക്കാനാണ് ഭൗതികവാദികൾ ശ്രമിക്കുന്നത്. അത്തരം ഭൗതിക വാദികളോട് ഒരൊറ്റ ചോദ്യമെ ചോദിക്കാനുള്ളു. അഗമ്യഗമനം, മൃഗരതി, ശവരതി, നരഭോജനം തുടങ്ങിയവ തെറ്റാണെന്ന് ബുദ്ധികൊണ്ടും ശാസ്ത്രം കൊണ്ടും ഒന്ന് തെളിയിക്കാമോ?! ഒരിക്കലും കഴിയില്ല. അതു തെറ്റാണെന്ന് മത ധാർമിക തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമെ പറയാൻ സാധിക്കു. അത്തരം കാര്യങ്ങൾ തെറ്റാണെന്ന നിഗമനത്തിലേക്ക് മനുഷ്യന്റെ കേവല ബുദ്ധി കൊണ്ട് മാത്രം എത്തിച്ചേരാൻ കഴിയില്ല; അത് തനിച്ചിരുന്ന് ചിന്തിച്ചാലും സാധ്യമല്ല, സമൂഹം ഒന്നടങ്കം ഒന്നിച്ചിരുന്ന് ചിന്തിച്ചാലും സാധ്യമല്ല.

print

2 Comments

Leave a comment

Your email address will not be published.