ദൈവം, കൊറോണ, നാസ്തികത

//ദൈവം, കൊറോണ, നാസ്തികത
//ദൈവം, കൊറോണ, നാസ്തികത
ആനുകാലികം

ദൈവം, കൊറോണ, നാസ്തികത

നാസ്തികർ ദൈവ നിഷേധികളാണെങ്കിലും അവർക്കുമുണ്ട് ഒരു ദൈവ സങ്കൽപം. ദൈവമുണ്ടെങ്കിൽ രോഗമുണ്ടാകാൻ പാടുണ്ടോ എന്ന് ഈ കൊറോണ കാലത്ത് അവർ ചോദിച്ചു കൊണ്ടിരിക്കുന്നത് അത് കൊണ്ടാണ്. അതായത് ദൈവമുണ്ടെങ്കിൽ കൊറോണ മാത്രമല്ല ഒരു രോഗവും ഉണ്ടാകാത്ത അവസ്ഥ ഉണ്ടാവണം. എന്തിന് രോഗത്തിന്റെ കാര്യം മാത്രം പറയണം. അത്തരമൊരു ശക്തി ഉണ്ടെങ്കിൽ മരണം തന്നെ ഇല്ലാതാക്കിക്കൂടെ? നിങ്ങളുടെ ദൈവമെന്താ ശൈശവ യുവത്വ വാർദ്ധക്യ വ്യത്യാസമില്ലാത്ത അവസ്ഥ ഉണ്ടാക്കാത്തത്? രോഗം മാത്രമല്ല നിങ്ങളുടെ ദൈവം ഒരു അസമത്വവും ഇല്ലാത്ത ലോകമുണ്ടാക്കാത്തത് എന്ത് കൊണ്ടാണ്? മരണമില്ലാത്ത, എല്ലാവർക്കും ഒരേ രൂപ സാദൃശ്യമുള്ള, എല്ലാവരും ഒരേ തൊഴിൽ ചെയ്യുന്ന, എല്ലാവർക്കും ഒരേ ബൗദ്ധികനിലവാരമുളള, ലോകത്തെല്ലായിടത്തും ഒരേ കാലാവസ്ഥയുള്ള ഒരവസ്ഥ ഉണ്ടാക്കാൻ കഴിയാത്ത ശക്തി ദൈവമാണോ? എന്നൊക്കെയാണ് ചോദ്യങ്ങൾ.

യഥാർത്ഥത്തിൽ എത്ര അസുന്ദരമായിരിക്കും ഇങ്ങനെയുളള അവസ്ഥ എന്നാലോചിച്ചിട്ടുണ്ടോ. ആർക്കും ഒന്നും ചെയ്യാനില്ലാത്തതിനാൽ നിശ്ചലമായ ഒരവസ്ഥയായിരിക്കും നാസ്തികരുടെ സങ്കൽപത്തിലുള്ള ദൈവം ഉണ്ടാക്കുന്ന ലോകം.

യഥാർത്ഥത്തിൽ ജനനവും മരണവും നാനാതരത്തിലുള്ള അസമത്വവും വൃദ്ധിക്ഷയങ്ങളും ഉള്ളത് കൊണ്ടാണ് ലോകം സ്വഛന്ദവും ചടുലവും ആവുന്നത്. രോഗമില്ലെങ്കിൽ മരണമില്ല, പ്രജകളില്ലെങ്കിൽ ഭരണീയരില്ല, ബുദ്ധിശക്തിയിലെ അസമത്വങ്ങളില്ലെങ്കിൽ വൈജ്ഞാനിക ആദാനപ്രദാനങ്ങളില്ല, സ്ഥലപ്രകൃതി -കാലാവസ്ഥ വ്യത്യാസങ്ങളില്ലെങ്കിൽ സഞ്ചാരമോ ദൃശ്യ വിസ്മയങ്ങളോ ഇല്ലാത്ത ബോറൻ ലോകമായിരിക്കുമിത്, അങ്ങനെ പലതും പലതും.

ദൈവമുണ്ടെങ്കിൽ ആരാധനാ കേന്ദ്രങ്ങളിൽ കൊറോണ കാലത്ത് നിയന്ത്രണമെന്തിനെന്നാണ് സോഷ്യൽ മീഡിയകളിൽ നാസ്തികരുടെ ചോദ്യപ്രളയം. ദൈവമുണ്ടെങ്കിൽ ആക്സിഡണ്ടുണ്ടാവുമോ, മരണമുണ്ടാവുമോ, പള്ളിയെന്തിന് പൂട്ടിയിടുന്നു; തുടങ്ങിയ സ്ഥിരം ചോദ്യങ്ങളുടെ മറ്റൊരു രൂപം മാത്രമാണിത്.

ദൈവ വിശ്വാസികളെല്ലാം ദൈവം ഭക്ഷണം വായിലിട്ടു തരട്ടെ, ബിരുദധാരിയാക്കട്ടെ, ജോലിയാക്കിത്തരട്ടെ എന്ന് പറഞ്ഞ് വെറുതെയിരിക്കുന്നവരല്ല. ഭൗതികപ്രവർത്തനത്തിലേർപ്പെടുന്നവരാണ്.

ദൈവ വിശ്വാസമെന്നത് ഇന്ദ്രിയാതീത ശക്തിയിലുളള ഒരു ഭരമേൽപ്പിക്കലാണ്. ഒട്ടകത്തെ അഴിച്ചിട്ട ശേഷമല്ല കെട്ടിയിടുക എന്ന ഭൗതിക പ്രവർത്തനം നടത്തിയ ശേഷമാണ് ദൈവത്തിൽ ഭരമേൽപ്പിക്കേണ്ടതെന്നാണ് മുഹമ്മദ് നബി (സ) പറഞ്ഞത്. മക്കയും വത്തിക്കാനും മറ്റ് ആരാധനാലയങ്ങളും ഭൗതിക വസ്തുക്കളും ഭൗതികമായ സ്ഥലകാലങ്ങളുമാണ്.

ഇന്ദ്രിയാതീത കാര്യങ്ങളിൽ വിശ്വസിക്കുകയും സൽകർമങ്ങൾ ചെയ്യുന്നവരുമാണ് വിശ്വാസികൾ എന്നാണ് ഖുർആൻ പറഞ്ഞത്. സൽകർമങ്ങൾ എന്നത് ഭൗതികപ്രവർത്തനമാണ്.

യഥാർത്ഥത്തിൽ കൊറോണ നാസ്തികതയോടാണ് ചോദ്യമുയർത്തുന്നത്.

ഭൗതികശാസ്ത്രം കൊണ്ട് മാത്രം മനുഷ്യന് മുന്നോട്ട് പോകാനാവും എന്നാണ് നാസ്തികവാദം. എന്നാൽ നോക്കൂ. ആറ്റം ബോംബ് എങ്ങനെ ഉണ്ടാക്കാം. അത് വർഷിച്ചാൽ എത്ര നാശനഷ്ടങ്ങളുണ്ടാകും എന്ന് മാത്രമേ ഭൗതിക ശാസ്ത്രത്തിന് പറയാനാവൂ. ആറ്റം ബോംബിട്ടാൽ നിരപരാധരായ മനുഷ്യര്യം ജീവജാലങ്ങളും നശിച്ചു പോകും എന്ന വിലാപം ഭൗതികാതീത തലത്തിലുള്ളതാണ്. കരുണ, ആർദ്രത, സ്നേഹം, സമഭാവന തുടങ്ങിയ വികാരങ്ങൾ ഭൗതിക ശാസ്ത്രത്തിന്റെ പരിധിയിൽ പെടുന്നതല്ല. അത് മാനവികവും ധാർമികവും യുക്തിഭദ്രവുമല്ലാത്തതും ആയത്കൊണ്ട്തന്നെ ആത്മനിഷ്ഠവുമാണ്. കൊറോണ പടർന്ന് മനുഷ്യർ മരിച്ചു പോകുന്നത് കേവലമൊരു ഭൗതികപ്രവർത്തനമാണ്. അത് തടഞ്ഞ് കൂടുതൽ പേർ മരിക്കാതിരിക്കാനുള്ള തേട്ടമാവട്ടെ ആത്മനിഷ്ഠവുമാണ്.

നാസ്തികർ അവരുയർത്തുന്ന ശാസ്ത്രമാത്രവാദം വിശദീകരിക്കുന്നതിൽ പരാജയപ്പെടുന്നത് കൊണ്ടാണ് യഥാർത്ഥത്തിൽ മതവിശ്വാസികളുടെ ഇന്ദ്രിയാതീത ശക്തിയിൽ ഭരമേൽപ്പിച്ചുള്ള ഭൗതികപ്രവർത്തനങ്ങളെ പരിഹസിക്കുന്നത്.

print

1 Comment

  • ലഘു, അതേ സമയം ശക്തം.

    Kabeer M. Parali 09.03.2020

Leave a comment

Your email address will not be published.