ദുർബല ഹദീസുകളും കള്ള കഥകളും -8

//ദുർബല ഹദീസുകളും കള്ള കഥകളും -8
//ദുർബല ഹദീസുകളും കള്ള കഥകളും -8
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -8

മുഹമ്മദ് നബി ഒരു സ്വവർഗഭോഗി ആയിരുന്നുവെന്നോ?!!

വിമർശനം:

(സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്ന വിമർശനം വിമർശകരുടെ തെറി വിളികൾ മാത്രം ഒഴിവാക്കി ഇവിടെ എടുത്തു ചേർക്കുന്നു:)

“മുഹമ്മദ് ഒരു സ്വവർഗഭോഗി കൂടി ആയിരുന്നു. അനസ് എന്ന മുഹമ്മദിന്റെ കൂട്ടാളിയുമായി മുഹമ്മദ് കാമകേളിയിൽ ഏർപ്പെട്ടു എന്ന് അനസ് തന്നെ വിവരിക്കുന്നു. Bukhari 4:52:143

മുഹമ്മദ് ആൺകുട്ടികളുടെ നാവും ചുണ്ടും നക്കിയിരുന്നതായി വിവരിക്കുന്നു.
Musnad Ahmad 16245. (Pedophilic prophet)”

മറുപടി:

ഒരു തെറി പ്രവാചകന്റെ(സ) മേൽ സ്വന്തമായി കെട്ടിയുണ്ടാക്കുകയും അതിന് തെളിവുണ്ടെന്ന് വരുത്തി തീർക്കാൻ ചില ഗ്രന്ഥങ്ങളും ‘നമ്പറു’കളും കുറിക്കുകയും ചെയ്യുക എന്നത് ഇസ്‌ലാം വിമർശകരുടെ സ്ഥിരം ഒരു ‘നമ്പറാ’ണ്. പറഞ്ഞ തെറിക്ക് ഉപോൽബലകമായ യാതൊന്നും പ്രസ്‌തുത നമ്പറുകളിലുള്ള ഹദീസുകളിൽ ഉണ്ടാകില്ലെന്നതാണ് യാഥാർത്ഥ്യം. ഇവിടെയും അതു തന്നെയാണ് നടന്നിരിക്കുന്നത്. ലൈംഗികതയുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് ഹദീസുകളെ സ്വവർഗാനുരാഗവും ബാലാനുരാഗവുമായി വളച്ചൊടിക്കാനുള്ള കുൽസിത ശ്രമം. അതിലെ കള്ളത്തരം തിരിച്ചറിയണമെങ്കിൽ വിമർശകർ ‘നമ്പറിറക്കിയ’ രണ്ട് ഹദീസുകളും ആദ്യം ഒന്ന് നേരിട്ട് വായിക്കാം.

1. ﻋﻦ ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ: ﺃﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻗﺎﻝ ﻷﺑﻲ ﻃﻠﺤﺔ: «اﻟﺘﻤﺲ ﻏﻼﻣﺎ ﻣﻦ ﻏﻠﻤﺎﻧﻜﻢ ﻳﺨﺪﻣﻨﻲ ﺣﺘﻰ ﺃﺧﺮﺝ ﺇﻟﻰ ﺧﻴﺒﺮ» ﻓﺨﺮﺝ ﺑﻲ ﺃﺑﻮ ﻃﻠﺤﺔ ﻣﺮﺩﻓﻲ، ﻭﺃﻧﺎ ﻏﻼﻡ ﺭاﻫﻘﺖ اﻟﺤﻠﻢ، ﻓﻜﻨﺖ ﺃﺧﺪﻡ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﺇﺫا ﻧﺰﻝ، ﻓﻜﻨﺖ ﺃﺳﻤﻌﻪ ﻛﺜﻴﺮا ﻳﻘﻮﻝ: اﻟﻠﻬﻢ ﺇﻧﻲ ﺃﻋﻮﺫ ﺑﻚ ﻣﻦ اﻟﻬﻢ ﻭاﻟﺤﺰﻥ، ﻭاﻟﻌﺠﺰ ﻭاﻟﻜﺴﻞ، ﻭاﻟﺒﺨﻞ ﻭاﻟﺠﺒﻦ، ﻭﺿﻠﻊ اﻟﺪﻳﻦ، ﻭﻏﻠﺒﺔ اﻟﺮﺟﺎﻝ

അനസ് ബിൻ മാലികിൽ (റ) നിന്ന്: പ്രവാചകൻ (സ) (അനസിന്റെ പിതാവായ) അബൂ ത്വൽഹയോട് പറഞ്ഞു: ഞാൻ ഖൈബർ (യുദ്ധത്തിന്) പുറപ്പെടുമ്പോൾ നിങ്ങളുടെ മക്കളിൽ ഒരാളെ എനിക്ക് സഹായങ്ങൾ ചെയ്തു തരാനായി കൂടെ കൂട്ടുക. അപ്പോൾ അബൂ ത്വൽഹ എന്നെ അദ്ദേഹത്തിന്റെ പിന്നിലിരുത്തി (കുതിരപ്പുറത്ത്) പുറപ്പെട്ടു. ഞാനന്ന് പ്രായപൂർത്തി എത്താറായ പയ്യനായിരുന്നു. (പടയോട്ടത്തിനിടയിൽ) ഒരു സ്ഥലത്ത് വിശ്രമിക്കാൻ ഇറങ്ങിയാൽ  ഞാൻ അല്ലാഹുവിന്റെ ദൂതന്(സ) സഹായങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു. അദ്ദേഹം (സ) ധാരാളമായി ഇപ്രകാരം പ്രാർത്ഥിക്കുന്നത് ഞാൻ കേൾക്കുമായിരുന്നു: “അല്ലാഹുവേ! ആകുലത, ദുഃഖം, ദുര്‍ബലത, മടി, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്‌പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു.”
(സ്വഹീഹുൽ ബുഖാരി: 2893)

പ്രവാചകന്റെ (സ) മാതൃസഹോദരിയാണ് അനസിന്റെ (റ) മാതാവ് ഉമ്മു സുലൈം. അഥവാ അനസിന്റെ കൊച്ചാപ്പയാണ് പ്രവാചകൻ (സ) എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. സാധാരണക്കാർ ഈ ഹദീസ് വായിക്കുമ്പോൾ അതിൽ ലൈംഗികതയുടെ ലാഞ്ചന പോലും കണ്ടെന്നു വരില്ല. (അതുകൊണ്ടാണ് വിമർശകർ ഹദീസിന്റെ നമ്പർ മാത്രം കൊടുക്കുന്നത്) പക്ഷെ മനസ്സിൽ രോഗമുള്ളവർ ഇത് വായിച്ചപ്പോൾ സ്വവർഗരതിയും ബാലാനുരാഗവുമൊക്കെ കണ്ടെത്തി. ഉപ്പയോടൊപ്പം യാത്ര ചെയ്ത് യാത്രക്കിടയിൽ കൊച്ചാപ്പക്ക് സഹായങ്ങൾ ചെയ്ത് കൊടുക്കുന്നതിൽ ലൈംഗികത ചികഞ്ഞെടുക്കാൻ പോൺ സിനിമാ സംവിധായകന്മാരുടെ വൈദഗ്‌ദ്ധ്യം തന്നെ വേണം. ഈ പരിചയ സമ്പന്നതയുടെ വെളിച്ചത്തിൽ വിമർശകർ രണ്ട് ലൈംഗിക സൂചനകൾ മോർഫ് ചെയ്തെടുത്തു.

ഹദീസിൽ “(പടയോട്ടത്തിനിടയിൽ) ഒരു സ്ഥലത്ത് വിശ്രമിക്കാൻ ഇറങ്ങിയാൽ ഞാൻ അല്ലാഹുവിന്റെ ദൂതന് (സ) സഹായങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു.” എന്ന വരിയാണ് ഒന്ന്. വിശ്രമിക്കാനിറങ്ങുമ്പോൾ ഒരാൾക്ക് സഹായങ്ങൾ ചെയ്യുക എന്ന് പറഞ്ഞാൽ അത് “കാമകേളിയിൽ ഏർപ്പെട്ടു” എന്നതിനുള്ള തെളിവാണ് പോലും!!

സ്ത്രീ, ബാലൻ, ശവം, കിടക്ക, ഉറക്കം, വിശ്രമം തുടങ്ങിയ പദങ്ങൾ ഒരു വാചകത്തിൽ വരുമ്പോഴേക്കും ലൈംഗിക ഉത്ഥാപനം ഉണ്ടാകുന്ന ഞരമ്പുരോഗികൾക്കല്ലാതെ ഈ ഹദീസിൽ എന്ത് ലൈംഗീകതയാണ് നിരീക്ഷിക്കാൻ കഴിയുക ?! ലൈംഗികതയുടെ ലാഞ്ചനയുള്ള ഒരു വരിയെങ്കിലും ഹദീസിൽ കാണിച്ചു തരാൻ ഈ ലൈംഗിക രോഗികൾക്ക് കഴിയുമോ ?!

പ്രവാചകന് ഭക്ഷണമെത്തിക്കുക, ആളുകളെ തന്റെ അടുത്തേക്ക് വിരുന്നിനായോ മറ്റൊ ക്ഷണിക്കുക (സ്വഹീഹു മുസ്‌ലിം:3580) ആവശ്യ സാധനങ്ങൾ വാങ്ങിപ്പിക്കുക (സ്വഹീഹു മുസ്‌ലിം: 2310) സന്ദേശങ്ങൾ അറിയിക്കാനുള്ളവരെ അറിയിക്കാനായി നിയോഗിക്കുക (സ്വഹീഹു ബുഖാരി: 5170) എന്നതൊക്കെയാണ് താൻ ചെയ്തിരുന്ന സഹായങ്ങൾ എന്നും പ്രവാചകൻ അശ്ലീലം പറയുന്നവനൊ പ്രവർത്തിക്കുന്നവനോ ആയിരുന്നില്ല എന്നും (സ്വഹീഹു ബുഖാരി: 6031)  അനസ് (റ) മറ്റു ഹദീസുകളിൽ വിവരിക്കുന്നുണ്ടെങ്കിലും അതൊന്നും ഈ വെറുപ്പിന്റെ അപ്പോസ്തലന്മാർക്ക് ബാധകമല്ല.

ഹദീസിനെ ലൈംഗീകവൽക്കരിക്കാൻ വിമർശകർ പയറ്റുന്ന മറ്റൊരു ദുർവ്യാഖ്യാനം ഇപ്രകാരമാണ്:

ഹദീസിൽ പ്രവാചകൻ (സ) ധാരാളമായി പ്രാർത്ഥിക്കുമായിരുന്നു എന്ന് അനസ് വിവരിക്കുന്ന പ്രാർത്ഥനയിൽ “ആളുകള്‍ എന്നെ കീഴ്‌പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു” എന്ന വാചകമുണ്ട്. ഇതിന് overcome by men എന്നാണ് ഇംഗ്ലീഷ് ഭാഷയിൽ നൽകിയിരിക്കുന്ന പരിഭാഷ. ഇത് അനസിനെ മുഹമ്മദ് നബി ലൈംഗീകമായി പീഡിപ്പിച്ചതിനെ തെളിയിക്കുന്നു എന്നാണ് (ദുർ)വ്യാഖ്യാനം.!!!  അങ്ങനെയാണെങ്കിൽ ഈ പ്രാർത്ഥന പ്രാർത്ഥിക്കേണ്ടിയിരുന്നത് അനസ് (റ) അല്ലെ ? പ്രവാചകൻ അല്ലല്ലൊ എന്ന് ചിന്തിക്കാനുള്ള സാമാന്യ ബുദ്ധി വിമർശകർക്ക് – വർഗീയതയുടെ അതിപ്രസരത്താൽ – നഷ്ടപ്പെട്ടിരിക്കുന്നു.

പ്രാർത്ഥനയിലെ (ﻏﻠﺒﺔ اﻟﺮﺟﺎﻝ) ‘ആളുകള്‍ എന്നെ കീഴ്‌പ്പെടുത്തല്‍’ എന്നതിൽ ലൈംഗികതയൊന്നും ഇല്ല.

ശൈഖ് ശംസുൽ ഹക് അളീമാബാദി പറഞ്ഞു: ‘ശക്തിയും സ്വാധീനവുമുള്ളവർ ദുർബലരെ അടിച്ചമർത്തുന്നതാണ് ഗലബത്തുർ രിജാൽ. രിജാൽ എന്നത് കൊണ്ട് ഇവിടെ ഉദ്ദേശം അക്രമികളും കടം തന്നത് ചൂഷണം ചെയ്ത് സാമ്പത്തികമായി ഉപദ്രവിക്കുന്നവരുമാണ്. അതിൽ നിന്നും പ്രവാചകൻ ശരണം തേടാൻ കാരണം അത് മാനസികമായി ഒരാളെ തളർത്തിക്കളയും എന്നതിനാലാണ്.’ (ഔനുൽ മഅ്ബൂദ്: 4/281)

ആകുലത, ദുഃഖം, ദുര്‍ബലത, മടി, പിശുക്ക്, ഭീരുത്വം, കടഭാരം എന്നിവയിൽ നിന്ന് അല്ലാഹുവോട് രക്ഷ തേടുന്നതിനൊപ്പം ‘മറ്റുള്ളവർ തലയിൽ കയറി നിരങ്ങുന്നതിൽ നിന്നും’ പ്രവാചകൻ (സ) രക്ഷ തേടി. ഇതിലെവിടെയാണ് “കാമകേളിയിൽ ഏർപ്പെടൽ” ??? കടം കയറി പള്ളിയിൽ ദുഖിതനായി ഇരിക്കുന്ന അബൂഉമാമ എന്ന അനുചരനും ഇതേ പ്രാർത്ഥന പ്രവാചകൻ (സ) പഠിപ്പിച്ചു കൊടുത്തതായി ഹദീസ് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. (അബൂദാവൂദ്: 1555)

2. رأيْتُ رسولَ اللهِ صلَّى اللهُ عليه وسلَّمَ يَمُصُّ لِسانَه -أو قال: شَفَتَه، يعني: الحسَنَ بنَ عليٍّ صلواتُ اللهِ عليه-، وإنَّه لن يُعذَّبَ لِسانٌ أو شَفَتانِ مَصَّهُما رسولُ اللهِ صلَّى اللهُ عليه وسلَّمَ.

പ്രവാചകന് തന്റെ പേരകുഞ്ഞായിരുന്ന ഹസനോട് ഉണ്ടായിരുന്ന അതിയായ സ്നേഹത്തെ സംബന്ധിച്ച് സ്മരിക്കവെ മുആവിയ (റ) പറയുന്നു: അല്ലാഹുവിന്റെ ദൂതൻ ഹസൻ ഇബ്നു അലിയുടെ ചുണ്ട് അതൊ നാവ് (ശരിക്കും ഓർമ്മയില്ല) ചപ്പുന്നത് ഞാൻ കണ്ടിട്ടുണ്ട്…”
(മുസ്നദു അഹ്മദ്: 16848)

“മുഹമ്മദ് ആൺകുട്ടികളുടെ നാവും ചുണ്ടും നക്കിയിരുന്നു” എന്ന് പറഞ്ഞ് ഹദീസിന്റെ നമ്പർ കൊടുത്തവർ ആ ‘ആൺകുട്ടികൾ’ എന്ന ബഹുവചനമല്ല ഹദീസിൽ ഉള്ളത് എന്നും തന്റെ പേരകുഞ്ഞാണെന്നും വ്യക്തമാകാതിരിക്കാനാണ് ‘നമ്പർ’ ഇറക്കിയത്. യഥാർത്ഥത്തിൽ,
ഒരു സ്നേഹ നിധിയായ മുത്തച്ഛൻ മുലകുടി പ്രായമുള്ള തന്റെ പേരകുഞ്ഞിനെ ലാളിക്കുന്നതിനിടയിൽ ഗാഢമായി ചുംബിച്ചതാണ് ഹദീസിലെ രംഗം. അതും എല്ലാവരും കാൺകെ. ഇതിനെയാണ് വിമർശകർ സ്വവർഗ്ഗഭോഗമായും കുട്ടികളോടുള്ള ലൈംഗിക ആസക്തിയായും (pedophilia) ചിത്രീകരിക്കുന്നത് ! ഒരു പിതാവ് തന്റെ പിഞ്ചുകുഞ്ഞിനെ സ്നേഹത്താൽ ചുംബിച്ചെന്നും ചപ്പിയെന്നും വരാം. ആ പുത്രവാത്സല്യവും കുട്ടികളോടുള്ള ലൈംഗിക ആസക്തിയും തമ്മിലുള്ള പരസ്പര വ്യത്യാസം തിരിച്ചറിയാനുള്ള കഴിവ് ബന്ധങ്ങളുടെ പവിത്രത തിരിച്ചറിയുന്നവർക്ക് പറഞ്ഞിട്ടുള്ളതാണ്; അമ്മമാരെയും പെങ്ങമ്മാരെയും ഉൾപ്പെടെ ആരെയും ഭോഗിക്കാം എന്നും അഗമ്യഗമനം (incest) ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും സ്റ്റേജ് ഒരുക്കി പ്രസംഗിക്കുകയും യൂറ്റൂബിൽ പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് ലഭിക്കുന്നതല്ല. (https://youtu.be/nkiBbtydlwA)

ഇനി, പ്രവാചകൻ (സ) മുലകുടി പ്രായമുള്ള പേരകുഞ്ഞിന്റെ നാവ് ചപ്പിയ സാഹചര്യം ചില നിവേദനങ്ങളിൽ വന്നതു കൂടി ചേർത്തു വായിക്കുമ്പോഴാണ് സംഭവത്തിന്റെ യഥാർത്ഥ ചിത്രം നമുക്ക് ലഭിക്കുക. സംഭവത്തിന്റെ ചുരുക്കമിതാണ്:

ഒരിക്കൽ ഒരു യാത്രാ വേളയിൽ മുല കുടി പ്രായക്കാരായ, പ്രവാചകന്റെ (സ) പേര കിടാങ്ങളായ ഹസൻ, ഹുസൈൻ എന്നിവർ (റ) ശക്തമായി കരയാൻ തുടങ്ങി. അവരോടൊപ്പം അവരുടെ മാതാവുമുണ്ട്. “എന്റെ കുഞ്ഞുമക്കൾ എന്തേ കരയുന്നത് ?” എന്ന് പ്രവാചകൻ (സ) ചോദിച്ചു. ഫാതിമ പറഞ്ഞു: ദാഹം കൊണ്ട്. പ്രവാചകൻ (സ) വെള്ളമന്വേഷിച്ചു. അന്ന് വരൾച്ചയുടെ സമയമാണ്. അദ്ദേഹം ജനങ്ങളോട് വിളിച്ച് ചോദിച്ചു: “നിങ്ങളുടെ ആരുടെയെങ്കിലും അടുക്കൽ വെള്ളമുണ്ടോ ?” ആരുടെ കയ്യിലുമുണ്ടായില്ല. കുഞ്ഞുങ്ങൾ ശക്തമായി കരഞ്ഞു കൊണ്ടിരുന്നു. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: “അവരിൽ ഒരാളെ ഇങ്ങു തരൂ” കുഞ്ഞുങ്ങളിലൊരാളെ പ്രവാചകൻ (സ) കയ്യിലെടുത്തു, മടിയിൽ കിടത്തി, നാവ് നീട്ടി. കുഞ്ഞ് (ഹസൻ (റ)) അദ്ദേഹത്തിന്റെ നാവ് ചപ്പാൻ തുടങ്ങി. കരച്ചിൽ നിർത്തി ശാന്തമായി ഉറങ്ങി…. (അൽ മുഅ്ജമുൽ കബീർ: ത്വബ്റാനി: 2656)

3. ഒരു മനുഷ്യന് പ്രവർത്തിക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും വലിയ പാതകമായി സ്വവർഗരതിയെ പഠിപ്പിച്ച വ്യക്തിയാണ് പ്രവാചകൻ (സ). സ്വവർഗരതിയിൽ കൂട്ടായി നിർലജ്ജം അഭിരമിച്ച ലൂത്ത് നബിയുടെ ജനതയെ അല്ലാഹു ശിക്ഷിച്ച ചരിത്രം പ്രവാചകൻ (സ) ഈ ലോകത്തെ പഠിപ്പിച്ചു:

“അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു.”
(കുർആൻ 15: 73,74)

പ്രവാചകൻ (സ) പറഞ്ഞു: ആരെങ്കിലും ലൂത്ത് നബിയുടെ ജനതയുടെ പ്രവർത്തനം (സ്വവർഗരതി) പ്രവർത്തിച്ചാൽ ആ പ്രവർത്തനത്തിൽ ഏർപ്പെട്ടവന്റെയും അതിന് വിധേയനായി നിന്നു കൊടുത്തവന്റെയും മേൽ വധശിക്ഷ നടപ്പാക്കണം.
(തുർമുദി: 1456, അബൂദാവൂദ്: 4462, ഇബ്നുമാജ: 2561)

പ്രവാചകൻ (സ) പറഞ്ഞു: ലൂത്ത് നബിയുടെ ജനതയുടെ പ്രവർത്തനം (സ്വവർഗരതി) പ്രവർത്തിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു.
പ്രവാചകൻ (സ) മൂന്ന് തവണ ഇത് ആവർത്തിച്ചു പറഞ്ഞു. (മുസ്നദു അഹ്മദ്: 2915)

print

No comments yet.

Leave a comment

Your email address will not be published.