ദുർബല ഹദീസുകളും കള്ള കഥകളും -7

//ദുർബല ഹദീസുകളും കള്ള കഥകളും -7
//ദുർബല ഹദീസുകളും കള്ള കഥകളും -7
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -7

സ്വന്തം പിതാവിന്റെ ലിംഗം വായിലിട്ടു കടിക്കാൻ മുഹമ്മദ് നബി ഉപദേശിച്ചുവെന്നോ?!!

വിമർശനം:

“അജ്ഞാത കാലഘട്ടത്തിലെ പോലെ ആരെങ്കിലും തന്റെ ഗോത്ര വംശത്തെക്കുറിച്ച് വീമ്പിളക്കി അതിലേക്ക് ക്ഷണിക്കുന്നത് നിങ്ങൾ കേൾക്കുന്നുവെങ്കിൽ, പിതാവിന്റെ പുരുഷ അംഗത്തെ കടിക്കാൻ പറയുക, എന്ന് മുഹമ്മദ് നബി പറഞ്ഞു.

മറുപടി:

1. ഹദീസിന്റെ നിവേദക പരമ്പരകളെല്ലാം ദുർബലമാണ്. സ്വീകാര്യയോഗ്യവും സ്ഥിരപ്പെട്ടവയുമായ ഹദീസുകൾക്ക് എതിരുമാണ്.

കാരണങ്ങൾ:

ഹദീസ് സ്വഹീഹ് (സ്വീകാര്യതയുടെ നിബന്ധനകൾ പൂർത്തീകരിക്കപ്പെട്ടത്) അല്ല; ദുർബലമാണ്. ഹദീസിന്റെ ദുർബലതയെ സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കും മുമ്പ് ഹദീസിന്റെ വിവർത്തനത്തിൽ സംഭവിച്ചു പോവുന്ന ആശയ ചോർച്ചയെ സാന്ദർഭികമായി ഒന്ന് വിലയിരുത്തേണ്ടതുണ്ട്.
 
 مَنْ تَعَزَّى بِعَزَاءِ الْجَاهِلِيَّةِ، فَأَعِضُّوهُ، وَلَا تَكْنُوا 

പിതാവിന്റെ പുരുഷ അംഗത്തെ കടിക്കാനൊന്നും ഹദീസിലില്ല. അറബി ഭാഷാ പ്രയോഗങ്ങളെ സംബന്ധിച്ച സൂക്ഷമമായ അറിവിന്റെ അഭാവമാണ് ഇത്തരമൊരു വിവർത്തനാർത്ഥത്തിലേക്ക് നയിക്കുന്നത്. ഹദീസിലെ ‘അൽ അദ്ദു’ (الْعَضُّ) എന്ന പദത്തിന് പല്ല് കൊണ്ട് കടിച്ചു പിടിക്കുക എന്ന ഒരു അർത്ഥമുണ്ടെങ്കിലും വാചകത്തിനനുസരിച്ച് അതിന്റെ അർത്ഥം വ്യത്യാസപെടുന്നുവെന്നത് അറബി ഭാഷാ പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വസ്തുവെയോ, ആശയത്തെയോ, വ്യക്തിയെയോ വിട്ടുവീഴ്ച്ചയില്ലാതെ മുറുകെ പിടിക്കുക, വേർപിരിയാതെ കൂടെ കൂടുക, നിർബാധം ചേർന്നിരിക്കുക എന്നൊക്കെയാണ് ‘അദീദ്’ (العَضِيض) എന്ന പദത്തിന്റെ അടിസ്ഥാനപരമായ അർത്ഥം എന്ന് അൽ മുഗ്‌രിബ് ഫീ തർതീബിൽ മുഅ്രിബ്: മുത്വരിസി, അൽ മിസ്ബാഹുൽ മുനീർ: ഫയ്യൂമി, മുഅ്ജമുല്ലുഗ അൽ അറബിയ്യ: അഹ്മദ് മുഖ്താർ, അസാസുൽ ബലാഗ: സമഖ്ശരി, താജുല്ലുഗ വസിഹാഹുൽ അറബിയ്യ: ജൗഹരി, ലിസാനുൽ അറബ്: ഇബ്നു മൻദൂർ തുടങ്ങിയ അറബി ഭാഷാ നിഘണ്ടുക്കൾ പ്രസ്ഥാവിക്കുന്നുണ്ട്.

മറ്റു ഹദീസുകളിൽ ‘അൽ അദ്ദു’ (الْعَضُّ), ‘അദീദ്’ (العَضِيض) എന്നീ പദങ്ങൾ പ്രയോഗിച്ചേടത്തും ‘പല്ല് കൊണ്ട് കടിക്കുക’ എന്ന് അക്ഷരാർത്ഥത്തിൽ ഉദ്ദേശിക്കപ്പെടുന്നില്ല എന്ന് വ്യക്തമാവുന്നു.  ഉദാഹരണങ്ങൾ കാണുക:

فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ.

“നിങ്ങൾ എന്റെ ചര്യയും സച്ചരിതരായ ഖലീഫമാരുടെ ചര്യയും സ്വീകരിക്കുക. ‘അവയെ അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുക” എന്ന് പ്രവാചകൻ (സ) പറഞ്ഞതായി ഒരു ഹദീസിൽ കാണാം. (അബൂദാവൂദ്: 4607, തുർമുദി: 266)

ഹദീസിലെ عَضُّوا عَلَيْهَا بِالنَّوَاجِذِ എന്ന വാചകത്തിന്റെ പദാനുപദ വിവർത്തനമാണ് ‘അവയെ അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുക’ എന്ന് നൽകിയിരിക്കുന്നത്. എന്നാൽ പ്രവാചകന്റെയും(സ) ഖലീഫമാരുടെയും ജീവിതചര്യ അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കുക എന്നത് അക്ഷരാർത്ഥിൽ സംഭവ്യമല്ലല്ലൊ. ഇവിടെ ഉദ്ദേശ്യം അവരുടെ ജീവിതചര്യയെ ആദർശമായി മുറുകെ പിടിക്കുക, വേർപിരിയാതെ കൂടെ കൂട്ടുക എന്നൊക്കെയാണ്.

മറ്റൊരു ഹദീസിൽ പ്രവാചകൻ (സ) പറഞ്ഞതായി കാണാം:

ولَو أنْ تَعَضَّ بأصلِ شجَرَةٍ حتى يُدْرِكَكَ الموتُ وأنتَ كذلِكَ

“… മുസ്‌ലിംകളുടെ നേതാവിനേയും സംഘ ശക്തിയെയും നീ മുറുകെ പിടിക്കുക… മുസ്‌ലിംകൾക്ക് ഒരു നേതാവും സംഘ ശക്തിയും ഇല്ലെങ്കിൽ നീ എല്ലാ (ഒറ്റപ്പെട്ട അരക്ഷിത) കക്ഷികളേയും വേർപ്പിരിയുക. ‘ഒരു മരത്തിന്റെ മുരട് കടിച്ച് പിടിച്ച് കൊണ്ടെങ്കിലും’ (തനിച്ച് കഴിയുക). നിനക്ക് മരണം സംഭവിക്കുന്നത് വരെ അപ്രകാരം നിലകൊള്ളുക.” (സ്വഹീഹുൽ ബുഖാരി: 3606) ഹദീസിലെ ولَو أنْ تَعَضَّ بأصلِ شجَرَةٍ എന്ന വാചകത്തിന്റെ പദാനുപദ വിവർത്തനമാണ് ‘ഒരു മരത്തിന്റെ മുരട് കടിച്ച് പിടിച്ച് കൊണ്ടെങ്കിലും’ എന്ന് നൽകിയിരിക്കുന്നത്. ഇവിടെ മരത്തിന്റെ മുരട് കടിക്കുക എന്ന പദാനുപദ വിവർത്തനമല്ലല്ലൊ ഉദ്ദേശ്യം. ഉദ്ദേശ്യം മരത്തെ മുറുകെ പിടിക്കുക, വേർപിരിയാതെ കൂടെ കൂടുക എന്നൊക്കെയാണ്. അഥവാ ഒറ്റപ്പെട്ട അരക്ഷിത കക്ഷികൾ വിഹരിക്കുന്ന നാഗരികമായ പ്രദേശങ്ങളെ വിട്ടെറിഞ്ഞ് വൃക്ഷവന്യമായ ഗ്രാമങ്ങളിൽ ഗൃഹജമായ ജീവിതം നയിക്കുക എന്നാണ് ഹദീസിന്റെ താൽപര്യം.

ഇനി, ഈ നിഘണ്ടുക്കളുടെയൊന്നും സഹായമില്ലാതെ, അൽപം ‘ചന്ത പരിജ്ഞാന’മുണ്ടെങ്കിൽ തന്നെ ഹദീസിൽ ‘അൽ അദ്ദു’ (الْعَضُّ) എന്ന പദം കൊണ്ട്, ‘പല്ല് കൊണ്ട് കടിച്ചു പിടിക്കുക’ എന്ന അർത്ഥമല്ല ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാം. കാരണം, ‘ലിംഗം കടിക്കുക’ എന്ന ഒരു തെറിയുണ്ടോ ? ലിംഗം ഈമ്പുക എന്നതാണ് തെറിയെന്ന് അൽപമെങ്കിലും തെറികൾ കേട്ടിട്ടുള്ളവർക്ക് അറിയാം. അപ്പോൾ ഹദീസിൽ വംശവെറിയനെ, ‘ലിംഗം ഈമ്പുക’ എന്ന ചന്ത തെറി വിളിക്കാനല്ല ആഹ്വാനം ചെയ്യുന്നത് എന്ന് വ്യക്തം.

പിന്നെ എന്താണ് ഹദീസിന്റെ വിവക്ഷ?

വംശ വെറിയെ (racism) ഇന്ന് ലോകത്ത് നിലനിൽക്കുന്ന ഏറ്റവും വലിയ പാതകങ്ങളിലും അപകടങ്ങളിലുമൊന്നായി ഇസ്‌ലാം കാണുന്നു. വർണ വർഗ വെറിയാണ് ലോകത്തെ രക്ത ചുഴിയിൽ ആഴ്ത്തിയ ലോക മഹാ യുദ്ധങ്ങളിലേക്ക് മനുഷ്യരെ നയിച്ച ചാലക ശക്തി. അടിമകളാക്കപ്പെട്ട കോടിക്കണക്കിന് മനുഷ്യരുടെ ചോരക്കൊണ്ട് എഴുതപ്പെട്ട സവർണ അധിനിവേശ ചരിത്ര കഥകൾ എല്ലാ ദേശക്കാർക്കും നാട്ടുകാർക്കും പറയാനുണ്ട്. എന്താണ് യഥാർത്ഥത്തിൽ വംശ വിരോധത്തിന്റെ അടിത്തറ? പിതാക്കന്മാരിലൂടെ ഒരു വംശത്തിനോ വർഗത്തിനോ മറ്റുള്ളവർക്ക് മേൽ പരിശുദ്ധിയും ശ്രേഷ്ഠതതയും സിദ്ധിക്കുന്നു എന്ന സങ്കൽപമാണല്ലൊ ഈ വിവേചന ആശയത്തിന് നിദാനം. ഒരു പ്രത്യേക വർണത്തിലൊ, ഗോത്രത്തിലോ, വംശത്തിലൊ ഉള്ള പിതാക്കന്മാരുടെ പുത്രന്മാരായി ജനിക്കാൻ കഴിഞ്ഞാൽ താൻ ശ്രേഷ്‌ഠനായി എന്നർത്ഥം. ഈ ശ്രേഷ്ഠത പരിശ്രമങ്ങളിലൂടെയൊ സേവനങ്ങളിലൂടെയൊ നേടിയെടുക്കാൻ സാധിക്കില്ല. പച്ചയായി പറഞ്ഞാൽ ഈ ശ്രേഷ്ഠതക്ക് നിദാനം ഏത് ലിംഗത്തിൽ നിന്നുള്ള ബീജത്തിൽ നിന്ന് പിറക്കുന്നു എന്നതാണ്. അഥവാ വംശവെറിയുടെ ആധാരം ലിംഗ ശ്രേഷ്ഠതയാണ്. ഇത്തരമൊരു തരം താഴ്ന്ന ആശയത്തിലേക്ക് ക്ഷണിക്കുന്നവനോട് “നീ നിന്റെ പിതാവിന്റെ ലിംഗത്തെ അവലംബിച്ചും ആദർശമായി ആചരിച്ചും ജീവിച്ചു കൊള്ളുക” എന്ന് പറയാനാണ് ഹദീസിൽ ഉള്ളടങ്ങിയ കൽപ്പന. ഇതിലൂടെ വംശ വെറിയെ (racism) പച്ചക്ക് തൊലിയുരിച്ചു കാണിക്കുകയാണ് ചെയ്യുന്നത്. ഒരാളെ പിന്താങ്ങിയും ന്യായീകരിച്ചും നടക്കുന്ന വ്യക്തിയോട് അയാളുടെ “മൂടും താങ്ങി നടന്നോളൂ…” എന്ന് മലയാളത്തിൽ പ്രയോഗിക്കാറുള്ളതിനോടാണ് ഇതിന് സാമ്യം. വംശീയ വിരോധി യഥാർത്ഥത്തിൽ തങ്ങളുടെ പിതാക്കന്മാരുടെ ഏറ്റവും താഴ്ന്ന ഒരു അവയവമായ ലിംഗത്തെ ആദരിച്ചു പൂജിക്കുന്ന തനി വിഡ്ഢിയാണ്, വംശീയമായ യാഥാസ്ഥിതികത്വത്തിന്റെ ആരാധനാ മൂർത്തി താന്താങ്ങളുടെ പിതാക്കന്മാരുടെ ലിംഗങ്ങളാണ്. ആ ലിംഗങ്ങളുടെ മഹത്വവും പരിപാവനത്വവും ശ്രേഷ്ടതയുമൊക്കെയാണ് ഒരോ റേസിസ്റ്റും നാസിസ്റ്റും ഉൽഘോഷിക്കുന്നതും പ്രകീർത്തിക്കുന്നതും. അതിനപ്പുറം ഒരു ആശയ പൊലിമയും അവനില്ല എന്ന് പച്ചക്ക് പറഞ്ഞ് നാണം കെടുത്തലാണ് ഒരു റേസിസ്റ്റിന് നൽകാനുള്ള ശിക്ഷ.

ഈ അർത്ഥത്തിലാണ് ഹദീസ് നിലകൊള്ളുന്നത്. അല്ലാതെ വിമർശകർ ചിത്രീകരിക്കും പോലെ, അത് തർക്കമുണ്ടായാൽ പയറ്റാനായി ഉപയോഗിക്കേണ്ട ഒരു ചന്ത തെറിയല്ല. ഹദീസിനെ മുൻപത്തെ ഖണ്ഡികയിൽ വിശദീകരിച്ച ആശയത്തിൽ -വിമർശകർ ചിത്രീകരിക്കുന്ന രൂപത്തിലല്ല- സ്വീകരിച്ച ചില മുസലിം പണ്ഡിതന്മാരുണ്ട്. അവരെ മുൻ നിർത്തി ഈ ഹദീസ് സ്വീകാര്യയോഗ്യമായി അവതരിപ്പിക്കുകയാണ് വിമർശകർ സാധാരണ ചെയ്യാറുള്ളത്. പക്ഷെ ഹദീസിന്റെ നിവേദകപരമ്പരകളെല്ലാം ദുർബലമായതു കൊണ്ട് തന്നെ ഹദീസ് മുസ്‌ലിംകളുടെ അടുക്കൽ സ്വീകാര്യയോഗ്യമല്ല.

2. ഹദീസിന്റെ നിവേദകപരമ്പരകളെല്ലാം ദുർബലമാണ്.

നിവേദക പരമ്പര: ഒന്ന്: 

ഔഫിബ്നു അബീ ജമീല അൽഅഅ്റാബി – ഹസനിൽ നിന്ന് – ഉത്ബി ഇബ്നു ദംറയിൽ നിന്ന് – അദ്ദേഹം പറഞ്ഞു:…

പരമ്പരയിലെ ഹസൻ, ഹസനുൽ ബസ്വരിയാണ്. അദ്ദേഹം പ്രസിദ്ധ ഹദീസ് പണ്ഡിതനാണെങ്കിലും ‘മുദല്ലിസാ’ണ്.
(ത്വബകാത്തുൽ മുദല്ലിസീൻ: ഇബ്നു ഹജർ: 29, അത്തബ് യീൻ ഫീ അസ്മാഇൽ മുദല്ലിസീൻ: അബുൽ വഫാ,അത്തബ് യീൻ ഫീ അസ്മാഇൽ മുദല്ലിസീൻ: ഇബ്നുൽ അജ്മി: 20, അസ്സികാത്ത്: ഇബ്നു ഹിബ്ബാൻ)

ഹദീസ് പണ്ഡിതന്മാർ, ‘മുദല്ലിസെ’ന്ന സാങ്കേതിക പദമുപയോഗിച്ച് വിളിക്കുന്ന നിവേദകർ, തങ്ങൾ ആരിൽ നിന്നാണോ ഹദീസ് ഉദ്ധരിക്കുന്നത് അവരിൽ നിന്ന് ഇടയാളന്മാരില്ലാതെ നേരിട്ട് കേട്ടുവെന്ന് സൂചിപ്പിക്കുന്ന ‘എന്നോട് പറഞ്ഞു’ എന്ന വാചകം ഉപയോഗിക്കേണ്ടതുണ്ട്. ചർച്ച ചെയ്യപ്പെടുന്ന ഹദീസിൽ അപ്രകാരം ഒരു വാചകം ഹസനുൽ ബസ്വരി ഉപയോഗിച്ചിട്ടില്ല. “ഹസനിൽ നിന്ന് – ഉത്ബി ഇബ്നു ദംറയിൽ നിന്ന് ” എന്നാണ് വന്നിരിക്കുന്നത്. അതിനാൽ ഹദീസ്, ദുർബല ഹദീസുകളുടെ ഇനങ്ങളിലൊന്നായ ‘മുദല്ലസി’ൽ ഉൾപെടുന്നു.

കൂടാതെ, പരമ്പരയിലെ ഉത്ബി ഇബ്നു ദംറ അറിയപ്പെടാത്ത വ്യക്തിയാണെന്ന് ഇബ്നുൽ മദീനി പറയുന്നു. (തഹ്ദീബുതഹ്ദീബ്: 7:96)

നിവേദക പരമ്പര: രണ്ട്: 

അബ്ദുല്ല പറഞ്ഞു – നമ്മോട് മുഹമ്മദ് ഇബ്നു അംറ് ഇബ്നുൽ അബ്ബാസ് അൽ ബാഹുലി അറിയിച്ചു – നമ്മോട് സുഫ്‌യാൻ പറഞ്ഞു – അദ്ദേഹം ആസ്വിമിൽ നിന്ന് – അദ്ദേഹം അബൂ ഉസ്മാനിൽ നിന്ന് – അദ്ദേഹം ഉബയ്യിൽ നിന്ന്….

പരമ്പരയിലെ മുഹമ്മദ് ഇബ്നു അംറ് ഇബ്നുൽ അബ്ബാസ് അൽ ബാഹുലിയെ വിശ്വസ്‌തനായി ആരും പ്രസ്താവിച്ചിട്ടില്ല. റാഫിദി- സിന്ദീക് എന്നിങ്ങനെ, ഹദീസ് പണ്ഡിതർ വ്യാജന്മാരെന്നും പിഴച്ച കക്ഷിക്കാരെന്നും വ്യക്തമാക്കിയ ചില തൽപര കക്ഷികൾ മാത്രമാണ് ഈ നിവേദകനെ വിശ്വസ്‌തനെന്ന് വിശേഷിപ്പിച്ച്. ഇത് ഈ നിവേദകനും തൽപരകക്ഷിക്കാരായ കള്ള കഥ നിർമാതാക്കളും തമ്മിലുള്ള അന്തർധാരയെ വെളിപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ നിവേദനം ദുർബലമാണ്.

സമാനമായ ഹദീസ് ത്വബ്റാനി മറ്റൊരു പരമ്പരയിലൂടെ ഉദ്ധരിക്കുന്നുണ്ടെങ്കിലും അത് അങ്ങേയറ്റം ദുർബലമാണ്.

قال الطبراني : حدثنا أحمد بن مسعود ثنا عمرو بن أبي سلمة عن سعيد بن بشير عن قتادة عن الحسن عن مكحول عن عجرد بن مدراع التميمي

പരമ്പരയിലെ അംറിബ്നു അബീ സലമ നിവേദനത്തിൽ ധാരാളം തെറ്റുകൾ സംഭവിക്കുന്ന വ്യക്തിയാണ്. (തക്‌രീബു തഹ്ദീബ്: 1/736)
പരമ്പരയിലെ മറ്റൊരു നിവേദകനായ സഈദിബ്നുൽ ബശീർ ദുർബലനാണ്. (അത്തഹ്ദീബ്)
വേറെയും അനവധി ന്യൂനതകൾ പരമ്പരക്കുണ്ട്. ഇനി ഈ ദുർബലമായ പരമ്പരകളെല്ലാം ചേർത്തു വെച്ചാൽ അവ പരസ്പരം ശക്തിപകരുന്നു എന്ന് വാദിക്കാനും വകുപ്പില്ല. കാരണം വളരെയധികം വിശ്വസ്‌തരായ നിവേദകർ ഉദ്ധരിച്ച, സ്ഥിരപ്പെട്ട ഒട്ടനവധി ഹദീസുകൾക്ക് വിരുദ്ധമാണ് ഈ ദുർബല നിവേദനങ്ങൾ.

3. ഹദീസ് വളരെയധികം വിശ്വസ്‌തരായ നിവേദകർ ഉദ്ധരിച്ച, സ്ഥിരപ്പെട്ട ഒട്ടനവധി ഹദീസുകൾക്ക് വിരുദ്ധമാണ്.

പ്രസ്തുത ഹദീസുകളിൽ ചിലത്:

* അല്ലാഹുവിന്റെ തിരുദൂതൻ (സ) പറഞ്ഞു: “ഒരു വ്യക്തി തന്റെ പിതാവിനെ ശപിക്കുക എന്നത് വൻപാപങ്ങളിൽ ഒന്നാണ്.” അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ തിരുദൂതരേ, എങ്ങനെയാണ് ഒരാൾ തന്റെ പിതാവിനെ ശപിക്കുക? അപ്പോൾ അദ്ദേഹം പറഞ്ഞു: “ഒരാൾ മറ്റൊരാളുടെ പിതാവിനെ ശകാരിക്കുന്നു. അപ്പോൾ മറ്റയാൾ തിരിച്ചും അയാളുടെ പിതാവിനേയും മാതാവിനേയും ശകാരിക്കുന്നു.”
(സ്വഹീഹുൽ ബുഖാരി: 5636, സ്വഹീഹു മുസ്‌ലിം: 155)

* ആഇശ (റ) പറഞ്ഞു: ഒരു സ്ത്രീ പ്രവാചകനോട് ആർത്തവകാരിയായതിന് ശേഷമുള്ള കുളിയെ സംബന്ധിച്ച് ചോദിച്ചു. അവരോട് കുളിക്കാൻ അദ്ദേഹം കൽപിച്ചു, ഇപ്രകാരം പറയുകയും ചെയ്തു: കസ്‌തൂരി മുക്കിയ ഒരു പഞ്ഞിയെടുകയും അത് കൊണ്ട് ശുദ്ധിയാക്കുകയും ചെയ്യുക. സ്ത്രീ ചോദിച്ചു: എങ്ങനെയാണ് ഞാൻ ശുദ്ധിയാക്കേണ്ടത്? പ്രവാചകൻ (സ) പറഞ്ഞു: അത് കൊണ്ട് ശുദ്ധിയാക്കുകയും ചെയ്യുക. സ്ത്രീ ചോദിച്ചു: എങ്ങനെ? പ്രവാചകൻ (സ) പറഞ്ഞു: അല്ലാഹു പരിശുദ്ധൻ, ശുദ്ധിയാക്കുക. എന്നിട്ട് എന്നെ (ആഇശ) തന്റെ അടുത്തേക്ക് ക്ഷണിച്ച് (ആ സ്ത്രീക്ക് വ്യക്തമായി പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു). അപ്പോൾ ഞാൻ അവർക്ക് പറഞ്ഞു കൊടുത്തു: ആർത്തവ രക്തത്തിന്റെ പാട് പിന്തുടർന്ന് കഴുകി കളയുക…
(സ്വഹീഹുൽ ബുഖാരി: 308, സ്വഹീഹു മുസ്‌ലിം: 332)

ചോദ്യകർത്താവിനോട് മുഖത്ത് നോക്കി ആർത്തവ രക്തത്തെ സംബന്ധിച്ചും സ്ത്രീകളുടെ അവയവങ്ങളെ സംബന്ധിച്ചും സംസാരിക്കാൻ ലജ്ജിച്ചത് കൊണ്ടാണ് “എങ്ങനെയാണ് ഞാൻ ശുദ്ധിയാക്കേണ്ടത്?” എന്ന് ചോദ്യകർത്താവ് ആവർത്തിച്ച് ചോദിച്ചിട്ടും പ്രവാചകൻ (സ) ഒഴിഞ്ഞു മാറിയതും അത് വിശദീകരിച്ചു കൊടുക്കാൻ ഭാര്യയോട് അപേക്ഷിച്ചതും. അതേ പ്രവാചകൻ (സ) ശിഷ്യന്മാരോട് പിതാക്കളുടെ അവയവം എടുത്തു പറഞ്ഞ് ശകാരിക്കാൻ ഉപദേശിക്കുകയെന്നത് മനശാസ്ത്രപരമായും സ്വാഭാവികമായും അസംഭവ്യമാണ്.

print

No comments yet.

Leave a comment

Your email address will not be published.