ദുർബല ഹദീസുകളും കള്ള കഥകളും -37 (Part -2)

//ദുർബല ഹദീസുകളും കള്ള കഥകളും -37 (Part -2)
//ദുർബല ഹദീസുകളും കള്ള കഥകളും -37 (Part -2)
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -37 (Part -2)

പ്രവാചകന്റെ(സ) കൂടെ നിന്ന സ്ത്രീകൾ ഓരോരുത്തരും അദ്ദേഹത്തിന്റെ സാന്നിധ്യത്തിനായി കൊതിച്ചു. അദ്ദേഹത്തിന്റെ സഹവാസത്തിൽ ആനന്ദിച്ചു. ഭൂമിയിൽ തനിക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ഭർത്താവായി അദ്ദേഹത്തെ മനസ്സിലാക്കി. മറിച്ചൊരു ചിത്രം ഏത് സീറ പൊടിതട്ടിയെടുത്ത് ദുർബല നിവേദനങ്ങൾ ചികഞ്ഞ് കൊണ്ടുവന്നാലും തെളിയിക്കാനാവില്ല.
പള്ളിയിൽ അബ്സീനിയക്കാർ കുന്തപ്പയറ്റ് കളിക്കുന്ന പ്രദർശനം കാണാൻ നബി (സ) ആഇശ ബീവിയെ വിളിച്ചു. നബി (സ) നിൽക്കുകയായിരുന്നു, ആഇശ (റ) പിന്നിലൂടെ വന്ന് അദ്ദേഹത്തിന്റെ തോളിൽ താടി വെച്ച് കവിളിൽ കവിളു ചേർത്ത് വാതിൽക്കൽ നിന്ന് കളി കണ്ടു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പ്രവാചകൻ (സ) മതിയായില്ലെ എന്നു ആഇശയോട് (റ) തിരക്കി. അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, നിങ്ങൾ തിരക്കല്ലെ… കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും പ്രവാചകൻ (സ) മതിയായില്ലെ എന്നു ആഇശയോട്(റ) തിരക്കി. അവർ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, നിങ്ങൾ തിരക്കല്ലെ… അപ്പോൾ അദ്ദേഹം ആഇശക്ക്(റ) വേണ്ടി അങ്ങനെ നിന്നു കൊടുത്തു. ആഇശ (റ) പറയുന്നു: “എനിക്ക് അവരുടെ കളി കാണാനുള്ള ആഗ്രഹം കൊണ്ടല്ല ഞാൻ പ്രവാചകനെ പിടിച്ചു നിർത്തിയത്. മറിച്ച്, അദ്ദേഹത്തിന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനവും എന്റെ മനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനവും സ്ത്രീകൾ അറിയട്ടെ എന്ന കൊതിയായിരുന്നു അത്…”
(സുനനുൽ കുബ്റാ: നസാഈ: 8:181, മുശ്കിലുൽ ആസാർ: ത്വഹാവി: 292, അഹ്കാമുന്നദ്ർ: 360, സിൽസിലത്തു സ്വഹീഹ: 7/818)

പ്രവാചക പത്നി ഉമ്മു സലമ (റ) പറയുന്നു:
അബൂ സലമ (റ) മരണപ്പെട്ടപ്പോൾ ഞാൻ നബിയുടെ (സ) അടുക്കൽ ചെന്ന് വിവരം അറിയിച്ചു. അദ്ദേഹം എനിക്ക് ഒരു പ്രാർത്ഥന പഠിപ്പിച്ചു തന്നു.
اللَّهمَّ اغفِر لي ولَهُ وأعقِبني منْهُ عقبى حسَنةً
“അല്ലാഹുവേ, എനിക്കും അദ്ദേഹത്തിനും (മരണപ്പെട്ട വ്യക്തിക്കും) നീ പാപങ്ങൾ പൊറുത്തു തരേണമേ. അദ്ദേഹത്തിൽ നിന്ന് ഏറ്റവും നല്ല പര്യവസാനവും നൽകേണമേ ”

ഞാൻ ചിന്തിച്ചു: “അബൂ സലമയേക്കാൾ നല്ല പര്യവസാനം (അല്ലെങ്കിൽ അദ്ദേഹത്തേക്കാൾ ഉത്തമായ ഇണ) ആരാണ് ?!” എങ്കിലും ഞാൻ ആ പ്രാർത്ഥന പ്രാർത്ഥിച്ചു.

അങ്ങനെ അബൂ സലമയേക്കാൾ ഉത്തമനായ ഇണയെ അല്ലാഹു എനിക്ക് നൽകി. അത് അല്ലാഹുവിന്റെ ദൂതനായിരുന്നു.
(സ്വഹീഹു മുസ്‌ലിം: 919, 918, തുർമുദി: 977)

പ്രവാചക പത്നി ഉമ്മു ഹബീബ (റ), പ്രവാചകനോടൊപ്പമുള്ള തന്റെ ഊഷ്മളമായ ദാമ്പത്യ ജീവിത്തിൽ ആനന്ദ പ്രേരിതയായി തന്റെ സഹോദരിയെ കൂടി അദ്ദേഹം വിവാഹം കഴിച്ചിരുന്നെങ്കിൽ എന്ന് കൊതിക്കുകയുണ്ടായി.
أَحَبُّ مَن شَرِكَنِي في الخَيْرِ أُخْتِي
“എന്നോടൊപ്പം ഈ സൗഖ്യത്തിൽ പങ്കാളിയാവാൻ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്റെ സഹോദരിയാണ്…” എന്ന് അവർ പ്രവാചകനോട് അപേക്ഷിച്ചു. രണ്ട് സഹോദരിമാരെ ഒരുമിച്ച് വിവാഹം കഴിക്കുന്നത് അനുവദനീയമല്ല എന്ന് പഠിപ്പിച്ചു കൊണ്ട് അദ്ദേഹം ആ വിവാഹാഭ്യർത്ഥന നിരസിച്ചു. എന്നു മാത്രമല്ല തങ്ങളുടെ ഭാര്യമാരോട്, (فلا تَعْرِضْنَ عَلَيَّ بَنَاتِكُنَّ، وَلَا أَخَوَاتِكُنَّ) “നിങ്ങളുടെ മക്കളുടേയൊ സഹോദരിമാരുടേയോ വിവാഹാഭ്യർത്ഥനയുമായി എന്റെ അടുത്ത് വരരുത്” എന്ന് വിലക്കുക കൂടി ചെയ്തു. (സ്വഹീഹു മുസ്‌ലിം: 1449)

ഇതും ഇതല്ലാത്തതുമായ മറ്റു പല സന്ദർഭങ്ങളിലും പ്രവാചകൻ (സ) വിവാഹാഭ്യർത്ഥനകൾ വിലക്കുന്നതും നിരസിക്കുകയും ചെയ്യുന്നതായി സ്വഹീഹായ ഹദീസുകളിൽ കാണാം. ഒരു പക്ഷെ സ്വീകരിച്ച വിവാഹാഭ്യർത്ഥനകളേക്കാൾ അദ്ദേഹം നിരസിച്ച വിവാഹാഭ്യർത്ഥനകളാണ് എണ്ണത്തിൽ കൂടുതലും. ഒരു സ്ത്രീലംബടനും കാമവെറിയനും ഇപ്രകാരം ചെയ്തതായി നമുക്കിതുവരെ അറിവില്ല.

പ്രവാചക പത്നി ഖദീജക്ക്(റ) പ്രവാചകനെ പറ്റിയുള്ള അഭിപ്രായം നോക്കൂ:

كَلَّا وَاللَّهِ مَا يُخْزِيكَ اللَّهُ أَبَدًا ، إِنَّكَ لَتَصِلُ الرَّحِمَ ، وَتَحْمِلُ الكَلَّ ، وَتَكْسِبُ المَعْدُومَ ، وَتَقْرِي الضَّيْفَ ، وَتُعِينُ عَلَى نَوَائِبِ الحَقِّ

“അല്ലാഹുവാണേ, അല്ലാഹു നിങ്ങളെ ഒരിക്കലും അപമാനിക്കുകയില്ല. തീർച്ചയായും നിങ്ങൾ കുടുംബ ബന്ധങ്ങൾ ചേർക്കുന്ന വ്യക്തിയാണ്, മറ്റുള്ളവരുടെ ദുഖഭാരം ഏറ്റെടുക്കുന്നവനും, പാവപ്പെട്ടവർക്ക് വേണ്ടി പണിയെടുക്കുന്നവനും, അതിഥികളെ തീറ്റുന്നവനും, സാമൂഹത്തിന് ദുരന്തം നേരിടുമ്പോൾ സഹായത്തിൽ മുഴുകുന്നവനുമാണ്…”
(സ്വഹീഹുൽ ബുഖാരി: 3)

പ്രവാചകപത്നി സ്വഫിയ്യയുടെ(റ) അടിമത്ത മോചനവുമായി ബന്ധപ്പെട്ട അനുഭവം തന്നെ പരിശോധിക്കുക. ഖൈബർ യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ കൂട്ടത്തിൽ സ്വഫിയ്യയും ഉണ്ടായിരുന്നു. പ്രവാചകൻ (സ) അവരെ സ്വന്തത്തിനായി തിരഞ്ഞെടുക്കുകയും അവർക്ക് മുമ്പിൽ രണ്ട് വഴികളിലൊന്ന് തിരഞ്ഞെടുക്കാനായി അവസരം നൽകുകയും ചെയ്തു. ഒന്നുകിൽ മോചിതയാവുകയും തന്റെ ഭാര്യയാവുകയും ചെയ്യുക. അല്ലെങ്കിൽ മോചിതയാവുകയും കുടുംബത്തിലേക്ക് ചെന്നുചേരുകയും ചെയ്യാം. മോചിതയാവുകയും പ്രവാചകന്റെ പത്നിയാവുകയും ചെയ്യുക എന്നതാണ് സ്വഫിയ്യ സ്വമനസ്സാൽ തിരഞ്ഞെടുത്തത്.
(സ്വഹീഹു ഇബ്നുഹിബ്ബാൻ: 4613)

അടുത്ത വിമർശനത്തിലേക്ക് വരാം:
“സ്വശരീരം മുഹമ്മദിന്റെ ലൈംഗികതയിലേക്ക് ദാനം ചെയ്ത സ്ത്രീകൾ ആണ് ബാക്കിയുള്ളവർ….” എന്ന വാചകം ‘ഹിബത്ത് വിവാഹങ്ങൾ’ എന്താണെന്നറിയാത്തതിൽ നിന്നൊ അറിവില്ലായ്മ നടിക്കുന്നതിൽ നിന്നൊ ഉണ്ടായതാണ്. അറബി ഭാഷയൊ ഇസ്‌ലാമിലെ സാങ്കേതിക പദങ്ങളൊ വിമർശകർക്ക് യാതൊരു അറിവുമില്ല. നാവും അസഭ്യങ്ങൾ നിറഞ്ഞ മനസ്സും മാത്രമാണ് ആധാരം. എതായാലും ‘ഹിബത്ത് വിവാഹങ്ങളെ’ സംബന്ധിച്ച് മറ്റൊരു ലേഖനത്തിൽ വ്യക്തമാക്കിയ വിവരം ഇവിടെയും ആവർത്തിക്കാം:

“ശരീരദാനം ചെയ്യുന്നുവെന്ന ആലങ്കാരിക പദപ്രയോഗത്തിലൂടെയുള്ള ‘ഹിബത്ത് വിവാഹങ്ങൾ’ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? വിമര്‍ശകന്മാര്‍ ജല്‍പ്പിക്കും പ്രകാരം സ്വന്തം ശരീരത്തെ ഒരു സ്ത്രീ ലൈംഗികാസ്വാദനത്തിനായി നബി(സ്വ)ക്ക് സമര്‍പ്പിക്കുന്ന ഏര്‍പ്പാടാണോ അത്. അല്ലേ അല്ല.!! നാസ്തിക/മിഷനറി/ഷോവനിസ്റ്റ് ഞരമ്പുരോഗികളുടെ ശിഫക്കായി (ശമനം) നമുക്കതു മന്ത്രിച്ചു കൊടുക്കാം.

വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞു: “സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതിനും വിരോധമില്ല.” (ക്വുര്‍ആന്‍: 33: 50)

‘വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍’ എന്നാണ് ക്വുര്‍ആന്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. അഥവാ വിമര്‍ശകന്മാര്‍ ആരോപിക്കും വിധം ലൈംഗികാസ്വാദനത്തിനായി നബി(സ്വ)ക്ക് ഒരു സ്ത്രീ സ്വശരീരത്തെ സമര്‍പ്പിക്കുന്ന ഏര്‍പ്പാടല്ല ഇത്. മറിച്ച് വിവാഹത്തിനായി സ്വന്തത്തെ സമര്‍പ്പിക്കലാണ്. അഥവാ സാധാരണ വിവാഹത്തില്‍ നിന്നും വ്യത്യാസമായി ഇവിടെ സ്ത്രീ മഹ്ര്‍ ഒഴിവാക്കും. ‘ഹിബത്ത്’ വിവാഹം എന്നാണ് ഇതറിയപ്പെടുന്നത്. ഇത് പ്രവാചകനു മാത്രം ബാധകമായ നിയമമാണ്. എല്ലാ പണ്ഡിതന്മാരും അതു വ്യക്തമാക്കിയിട്ടുണ്ട്.

”സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.)” അഥവാ മഹ്ര്‍ ഇല്ലാതെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍. ഹിബത്ത് (സ്വദേഹം ദാനം ചെയ്യുന്നു) എന്ന പദം ഉപയോഗിച്ച് മഹ്ര്‍ ഇല്ലാത്ത നിക്കാഹാണ് ഇവിടെ ഉദ്ദേശം.” (തഫ്‌സീറുല്‍ ജലാലൈനി: 33: 50 ന്റെ വ്യാഖ്യാനം)

“ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്റെ പത്‌നിമാരില്‍ സാധാരണ ചടങ്ങിലൂടെയൊ വലങ്കൈ ഉടമപ്പെടുത്തിയതോ അല്ലാതെ ആരും ഉണ്ടായിരുന്നില്ല. ഹിബത്ത് (സ്വദേഹം ദാനം ചെയ്യുന്നു) എന്ന പദം ഉപയോഗിച്ച് മഹ്ര്‍ ഇല്ലാത്ത നിക്കാഹിന് തയ്യാറായ ഒരു സ്ത്രീയേയും പ്രവാചകന്‍ (സ) സ്വീകരിച്ചിട്ടില്ല. അവരില്‍ പെട്ട ആരും പ്രവാചകന് (സ) ഉണ്ടായിരുന്നില്ല.” (തഫ്‌സീറുല്‍ കുര്‍തുബി: 33: 50 ന്റെ വ്യാഖ്യാനം)

“മഹ്ര്‍ കൂടാതെ, എന്നെ വിവാഹം ചെയ്യണോ എന്ന വിധി താങ്കള്‍ക്ക് ഞാന്‍ ഇഷ്ടദാനം ചെയ്യുന്നു.” (അല്‍ മുഫ്ഹിം: ഇമാം കുര്‍ത്തുബി: പേജ്: 4/128)

“ഹിബത്ത് (സ്വദേഹം ദാനം ചെയ്യുന്നു) എന്ന പദം ഉപയോഗിച്ച് മഹ്ര്‍ ഇല്ലാത്ത നിക്കാഹിന് തയ്യാറായ സ്ത്രീകളെ വിവാഹം ചെയ്യല്‍ പ്രവാചകന് അനുവദിക്കപ്പെട്ടിട്ടും പ്രവാചകന്‍ (സ) അതു ചെയ്തില്ല എന്നാണ് ഇബ്‌നു അബ്ബാസ് (റ) പറയുന്നത്.” (ഫത്ഹുല്‍ ബാരി: 8: 526)

“ഞാന്‍ എന്നെ താങ്കള്‍ക്കു മുമ്പില്‍ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുന്നു’ എന്ന വാചകത്തില്‍ ഒരു മുള്വാഫ് (Possession) (ഭാഷാ പരമായ ഭംഗിക്കായി) വിട്ടുകളഞ്ഞതാണ്. യഥാർത്ഥത്തില്‍ വാചകത്തിന്റെ വിവക്ഷ ഇപ്രകാരമാണ്: ‘ഞാന്‍ എന്നെ അഥവാ എന്റെ വിവാഹ കാര്യത്തെ താങ്കള്‍ക്കു മുമ്പില്‍ ഇഷ്ടദാനം ചെയ്യുന്നു’. കാരണം ഒരു സ്വതന്ത്ര സ്ത്രീ ഉടമപ്പെടുത്തപ്പെടുകയോ ദാനം ചെയ്യപ്പെടുകയോ ഇല്ലല്ലോ. മഹ്ര്‍ ഇല്ലാതെ തന്നെ താങ്കളെ വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്നാണ് ആ സ്ത്രീ പറഞ്ഞതിന്റെ വിവക്ഷ.” (ഫത്ഹുല്‍ ബാരി: 9/112, ഫത്ഹുല്‍ മുന്‍ഇം: 5/540)

നബി(സ്വ)ക്ക് ലൈംഗികാസ്വാദനത്തിനായി സ്ത്രീകള്‍ അവരുടെ ശരീരം ദാനം ചെയ്യുന്ന ഏര്‍പാടല്ല ‘ഹിബത്ത്’. മറിച്ച് മഹ്ര്‍ (വിവാഹ മൂല്യം) ഇല്ലാതെ തന്നെ അവരെ വിവാഹം ചെയ്യാനുള്ള അവകാശം പ്രവാചകനു സമര്‍പിച്ചുകൊണ്ട് നടത്തപ്പെടുന്ന വിവാഹ രീതിയാണത്. നബി(സ്വ)യുടെ പത്‌നിപദം ആഗ്രഹിച്ചുകൊണ്ടാണവര്‍ അപ്രകാരമുള്ള വിവാഹത്തിനു സന്നദ്ധത അറിയിക്കുന്നത്. എന്നാല്‍ അത്തരത്തിലുള്ള ‘ഹിബത്ത്’ വിവാഹം നബി (സ്വ) ഒരിക്കലും ചെയ്തിട്ടില്ലെന്നാണ് പ്രവാചക ശിഷ്യനും സന്തതസഹചാരിയുമായ ഇബ്‌നു അബ്ബാസ് (റ) പറയുന്നത്.”
(നബിപാഠങ്ങളിൽ പെൺ വിരുദ്ധതയില്ല !!! 8)

അടുത്ത വിമർശനത്തിലേക്ക് കടക്കാം.

“കൊള്ളയുദ്ധങ്ങളിൽ കീഴടക്കിയ ഗോത്രങ്ങളിലെ സ്ത്രീകളെ അവരുടെ ഭർത്താക്കൻമാരുടേയും കുട്ടികളുടേയും പിതാക്കൻമാരുടേയും മുന്നിലിട്ട് ബലാൽസംഗം ചെയ്ത ലിസ്റ്റ്…”

പെരും നുണകൾ യാതൊരു ലജ്ജയുമില്ലാതെ പടച്ചുവിട്ടിരിക്കുകയാണിവിടെ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. “സ്ത്രീകളോട് പളുങ്കുപാത്രങ്ങൾ പോലെ സൗമ്യതയോടെ ഇടപെടണം”
(സ്വഹീഹുൽ ബുഖാരി: 6209)
എന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ)…

“സ്ത്രീകളെ അവർ വെറുക്കുന്നത് ചെയ്യാൻ നിങ്ങൾ നിർബന്ധിക്കരുത്.” എന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ)…
(മുസ്വന്നഫ് അബ്ദുർ റസാഖ്: 10320)

“അല്ലാഹുവാണെ സാക്ഷി, അനാഥ, സ്ത്രീ എന്നീ രണ്ട് ദുർബല വിഭാഗങ്ങളുടെ അവകാശങ്ങളെ (നിറവേറ്റുന്നതിൽ പരാജയപ്പെടുന്നതിലുള്ള പാപത്തെ) സംബന്ധിച്ച് ഞാൻ നിങ്ങൾക്ക് ശക്തമായ താക്കീത് നൽകുന്നു.” എന്ന് സമുദായത്തെ താക്കീത് ചെയ്ത മുഹമ്മദ് നബി (സ)…
(മുസ്നദു അഹ്‌മദ്‌: 2/439, റിയാളുസ്സ്വാലിഹീൻ: 146)

തന്റെ ഭാര്യയുടെ അടിമസ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഒരു വ്യക്തിയുടെ കാര്യത്തിൽ വിധി പറയവെ അടിമസ്ത്രീ ബന്ധത്തിന് നിർബന്ധിക്കപ്പെടുകയാണ് ഉണ്ടായതെങ്കിൽ അവൾ സ്വതന്ത്രയാണെന്ന് പ്രഖ്യാപിച്ച മുഹമ്മദ് നബി (സ)… (മുസ്വന്നഫ് അബ്ദുർ റസാഖ്: 13417)

“അടിമ സ്ത്രീകളെ പോലും വേശ്യാവൃത്തിക്ക് നിർബന്ധിക്കരുത്…” (ക്വുർആൻ: 24: 33) എന്ന് ലോകത്തെ പഠിപ്പിച്ച മുഹമ്മദ് നബി (സ)…

ഈ മുഹമ്മദ് നബി (സ), യുദ്ധത്തിൽ ബന്ധികളാക്കപ്പെട്ട സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ, അതും അവരുടെ ഭർത്താക്കന്മാരുടേയും കുട്ടികളുടേയും പിതാക്കൻമാരുടേയും മുന്നിൽ വെച്ച് ദ്രോഹിക്കാൻ അനുയായികളെ അനുവദിച്ചു അല്ലെങ്കിൽ അദ്ദേഹം തന്നെ ദ്രോഹിച്ചു എന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ്. മനുഷ്യ മനസ്സിൽ ഇന്നേ വരെ വർഗീയ വാദികൾ പാകിയ വിഷ വിത്തുകളിൽ ഏറ്റവും വലിയ വിധ്വേഷ വിത്താണ്.

ഈ വിഷയകമായുള്ള കൂടുതൽ വിവരങ്ങൾക്ക് ആറ് ഭാഗങ്ങളായി സ്നേഹ സംവാദം വെബ്സിനിൽ ഈയുള്ളവൻ തന്നെ എഴുതിയ
“ഇസ്‌ലാം അടിമസ്ത്രീകളെ ദ്രോഹിച്ചുവോ ?” എന്ന ലേഖനം വായിക്കുക:

(https://www.snehasamvadam.org/ഇസ്‌ലാം-അടിമസ്ത്രീകളെ-ദ്/)

അടുത്ത ആരോപണം മുഹമ്മദ് നബിക്ക് (സ) മക്കളുണ്ടായിരുന്നില്ല എന്ന കല്ലുവെച്ച നുണയാണ്. “മക്കളുണ്ടായിരുന്നില്ല” എന്ന ഭാഷയല്ല വിമർശകർ “മുഹമ്മദിന്റെ പെണ്ണുങ്ങൾ” എന്ന ലേഖനത്തിൽ പ്രയോഗിച്ചിരിക്കുന്നത് എന്ന് വായനക്കാർ മനസ്സിലാക്കണം. മറിച്ച് വിമർശകരുടെ വിമർശന ഭാഷയിലെ അശ്ലീലത കാരണം അതിന്റെ ശബ്‌ദാന്തര രചനയാണ് ലേഖകൻ ഇവിടെ ചേർത്തിരിക്കുന്നത്. ഏതായാലും, സ്വഹീഹായ നിവേദനങ്ങൾ പ്രകാരം മുഹമ്മദ് നബിക്ക് (സ) ഉണ്ടായിരുന്ന ഏഴു മക്കളുടെ പേരുകൾ അക്കമിട്ട് ഇവിടെ ചേർക്കാം:

ആൺമക്കൾ:
1. അൽകാസിം
2. അബ്ദുല്ല
3. ഇബ്രാഹീം

പെൺമക്കൾ:

1. സൈനബ്
2. റുക്വിയ്യ
3. ഉമ്മുകുൽസൂം
4. ഫാത്വിമ

(സാദുൽ മആദ്: 1/103)

മുഹമ്മദ് നബിയോടുള്ള(സ) വെറുപ്പ് സിരയിലും ശിരസ്സിലുമേന്തി നടക്കുന്നവരോട് അവസാനമായി ഒന്നേ പറയാനുള്ളു. പുരുഷോത്തമനായ ഈ തിരുദൂതൻ ലോകത്തിന് മുമ്പിൽ കൊളുത്തി വെച്ച ആദർശ – ധാർമ്മിക പാഠങ്ങളോടുള്ള വെറുപ്പിന്റെ ജ്വരമാണ്, ചരിത്ര നീതിയൊ വൈജ്ഞാനിക ധർമ്മമൊ തൊട്ടു തീണ്ടിയിട്ടില്ലാത്ത, ഈ അധപതിച്ച നിരൂപണ സംസ്കാരത്തിലേക്ക് നിങ്ങളെ എത്തിച്ചിരിക്കുന്നത്. നിഷ്പക്ഷതയോടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ളവർ മുഹമ്മദ് നബിയെ(സ) കൂടുതൽ പഠിക്കാനും അദ്ദേഹത്തിൽ ആകൃഷ്ടനാകാനും, വിമർശകരുടെ ആദർശ രാഹിത്യം തിരിച്ചറിയാനും മാത്രമെ നിങ്ങളുടെ വിഷം പുരട്ടിയ വിമർശനങ്ങളും അപഹാസങ്ങളും ഉപകരിക്കൂ എന്ന് തിരിച്ചറിയുക… ആ മഹത് വ്യക്തിത്വം പരത്തുന്ന നന്മയുടെ പ്രഭാകിരണങ്ങളുടെ ഊഷ്മളതയിൽ പൊട്ടി പതിക്കുന്ന നീർകുമിളകളുടെ സ്ഥാനമേ മാനവ ചരിത്രത്തിൽ നിങ്ങളെയൊക്കെ കാത്തിരിക്കുന്നുള്ളൂ.

{ إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ }
“(നബിയെ,) തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).”
(സൂറത്തുൽ കൗസർ: 3)

എല്ലാ നീർക്കുമിളകൾക്കും ‘ഊഷ്മളമായ’ “ഭാവി” നേരുന്നു…

print

2 Comments

  • Excellent 👍

    PP SIDHIQUE 06.03.2023
  • അൽഹംദുലില്ല

    മുഹമ്മദ് അൻവർ 08.03.2023

Leave a Reply to മുഹമ്മദ് അൻവർ Cancel Comment

Your email address will not be published.