ദുർബല ഹദീസുകളും കള്ള കഥകളും -26

//ദുർബല ഹദീസുകളും കള്ള കഥകളും -26
//ദുർബല ഹദീസുകളും കള്ള കഥകളും -26
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -26

നബി (സ) സൗദയെ(റ) ഉപേക്ഷിച്ചുവോ ?!

വിമർശനം:

പത്നി സൗദ (റ) വൃദ്ധയായപ്പോൾ വെറുപ്പ് തോന്നിയ മുഹമ്മദ് നബി, അവരെ വിവാഹ മോചനം വഴി ഉപേക്ഷിക്കുകയുണ്ടായി.

മറുപടി:

വളരെ ദുർബലമായ നിവേദനങ്ങളെ അവലംബിക്കുകയും അവയ്ക്കു തന്നെ വികലമായ രൂപം നൽകുകയും ചെയ്ത് ഉണ്ടാക്കിയെടുത്ത ഒരു ആരോപണം മാത്രമാണിത്.

മുഹമ്മദ് നബി (സ), സ്വപത്നി സൗദയെ(റ) വിവാഹ മോചനം ചെയ്തിട്ടേയില്ല എന്നതാണ് വാസ്തവം.

നബി (സ) സ്വപത്നി സൗദയെ വിവാഹ മോചനം ചെയ്തു എന്ന് സൂചിപ്പിക്കുന്ന നിവേദനങ്ങൾ ആദ്യം പരിശോധനാ വിധേയമാക്കാം.

قال ابن الملقِّن – رحمه الله – :

وَهَذِه رِوَايَة الْبَيْهَقِيّ من حَدِيث هِشَام عَن أَبِيه : ” أَنه عَلَيْهِ السَّلَام طلَّق سودةَ ، فلمَّا خرج إِلَى الصَّلَاة أمسكتْهُ بِثَوْبِهِ ، فقالتْ : مَا لي فِي الرِّجال حَاجَة ، وَلَكِنِّي أُرِيد أَن أُحْشَرَ فِي أَزوَاجك ، قَالَ : فراجَعَهَا ، وَجعل يَوْمهَا لعَائِشَة ، فَكَانَ يِقَسْم لَهَا بيومها ، وَيَوْم سَوْدَة ” .
وَهَذَا مَعَ إرْسَاله : فِيهِ أَحْمد العطاردي ، وَهُوَ مِمَّن اخْتلف فِيهِ ، قَالَ الدَّارَقُطْنِيّ : لَا بَأْس بِهِ ، وَقَالَ ابْن عدي : رَأَيْتهمْ مُجْمِعِينَ عَلَى ضعفه ، وَقَالَ مُطيَّن : كَانَ يكذب .

ഇബ്നുൽ മുലക്കിൽ പറഞ്ഞു:

ബൈഹക്വി, ഹിശാമിൽ നിന്നും അദ്ദേഹം തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്ന നിവേദനത്തിൽ നബി (സ) സൗദയെ(റ) വിവാഹ മോചനം ചെയ്തു എന്ന് വന്നിരിക്കുന്നു. അങ്ങനെ നബി (സ) നമസ്കാരത്തിന് പുറപ്പെട്ടപ്പോൾ അവർ നബിയുടെ വസ്ത്രം പിടിച്ചു കൊണ്ട് പറഞ്ഞു: എനിക്ക് പുരുഷന്മാരിൽ (നിന്ന് ലൈംഗിക ആസ്വാദനത്തിന്റെ) ആവശ്യമില്ല. താങ്കളുടെ പത്നിമാരുടെ കൂട്ടത്തിൽ പുനരുത്ഥരിക്കപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു (അതിനാൽ എന്നെ തിരിച്ചെടുക്കണം). അങ്ങനെ നബി (സ) അവരെ തിരിച്ചെടുത്തു…”

ഈ നിവേദനം മുർസൽ (കണ്ണി മുറിഞ്ഞതാണ്) ആണെന്നതിന് പുറമെ അഹ്മദ് അൽ അത്വാരി എന്ന നിവേദകനുണ്ട്. അദ്ദേഹത്തിന്റെ സ്വീകാര്യതയുടെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇബ്നു അദിയ്യ് പറഞ്ഞു: അദ്ദേഹം ദുർബലനാണെന്നതിൽ ഹദീസ് പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുണ്ട്. മുത്വയ്യൻ പറഞ്ഞു: അദ്ദേഹം കളവു പറയാറുണ്ടായിരുന്നു. (അൽ ബദറുൽ മുനീർ: 8: 48)

സമാനമായ മറ്റൊരു നിവേദനം കൂടി ഉണ്ടെങ്കിലും, നിവേദനത്തെ സംബന്ധിച്ച് ഹാഫിദ് ഇബ്നു കസീർ തന്റെ തഫ്സീറിൽ പറഞ്ഞു: നിവേദനം ഒറ്റപ്പെട്ടതും പരമ്പര മുറിഞ്ഞതുമാണ്.

Muhammad was worried that Sawda might be upset about having to compete with so many younger wives, and offered to divorce her.

“പ്രായം കുറഞ്ഞ നിരവധി ഭാര്യമാരുമായി മത്സരിക്കേണ്ടി വരുന്നതിലൂടെ സൗദ അസ്വസ്ഥയും വിവശയുമാകുമോ എന്ന് മുഹമ്മദ് ആശങ്കാകുലനായി, അവർക്ക് വിവാഹമോചനം നൽകണമൊ എന്ന് ആരാഞ്ഞു…”

വിക്കീപീഡിയയിലെ (!!) ഈ വരികളും വിമർശകർ ഉപോൽബലകമായ തെളിവായി ഉദ്ധരിക്കാറുണ്ട്. സ്വഹീഹായ ( സ്വീകാര്യയോഗ്യമായ ) നിവേദനങ്ങളുടെ യാതൊരു പിന്തുണയുമില്ലാതെ ചില ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ട നിഗമനങ്ങളാണ് ഇതിന് ആധാരം. ദുർബല ഹദീസുകൾ ഇസ്‌ലാമിൽ സ്വീകാര്യമല്ല എന്നതോർക്കുക. എന്ന് മാത്രമല്ല സ്വഹീഹായ നിവേദനങ്ങൾ സൂചിപ്പിക്കുന്നത് പ്രവാചകൻ (സ) അവരെ ത്വലാക് ചെയ്തിട്ടില്ല എന്നാണ്.

മാത്രമല്ല വിക്കീപീഡിയയിലെ വരികൾ ഒരു ചരിത്ര സത്യമാണ് എന്ന് തന്നെ കരുതുക. എങ്കിൽ പോലും പ്രവാചകന്റെ മാന്യത മാത്രമാണ് ആ വരികൾ സൂചിപ്പിക്കുന്നുള്ളു.

പ്രായം കുറഞ്ഞ തന്റെ ഭാര്യമാരുമായി മത്സരിക്കേണ്ടി വരുകയും, തന്റെ അറുപത്തി ആറാമത്തെ വയസ്സിൽ ലൈംഗികമായ ക്ഷമതയൊ ചോദനയൊ ഇല്ലാതെ തന്നേക്കാൾ പ്രായം കുറഞ്ഞ ഭർത്താവിന് വേണ്ടി വിവശയാകുകയും ചെയ്യുന്നതിൽ നിന്ന് സൗദയെ രക്ഷപ്പെടുത്താൻ -സൗദക്ക് താൽപര്യമുണ്ടെങ്കിൽ- തയ്യാറാണെന്ന് അറിയിച്ചു എന്നെ വരികളിലുള്ളു. ഈ കാലഘട്ടത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും തീർത്തും വ്യത്യസ്ഥമായ ബഹുഭാര്യത്വം പ്രബലമായ അറേബ്യയിൽ വിവാഹ മോചിതകൾ ഒരു പ്രയാസവുമില്ലാതെ പുനർവിവാഹം ചെയ്യപ്പെട്ടിരുന്നു എന്ന് ഓർക്കുക. സൗദക്ക് പുനർവിവാഹിതയാവാനും തന്റെ പ്രായത്തിനും ലൈംഗികക്ഷമതക്കുമൊത്ത പങ്കാളിയെ കണ്ടെത്താനും സാധ്യമാണ്. ഈ അവസരം അവർക്കു താൻ നിഷേധിക്കുന്നില്ലെന്ന് മുഹമ്മദ് നബി അവരെ ഓർമ്മപ്പെടുത്തി എന്ന് മാത്രമെ വരികളിലുള്ളു. ഇതിലെവിടെയാണ് അനീതിയെന്ന് ഒന്നു മുങ്ങി തപ്പി കണ്ടെത്തുമൊ?!

വാസ്തവമാകട്ടെ നേരെ വിരുദ്ധമാണ് എന്ന് സൂചിപ്പിച്ചല്ലൊ. മുഹമ്മദ് നബി (സ), സ്വപത്നി സൗദയെ (റ) വിവാഹ മോചനം ചെയ്തിട്ടേയില്ല.

നബി (സ), സൗദയെ വിവാഹം ചെയ്യുമ്പോൾ അവരുടെ പ്രായം 66 ആയിരുന്നു.
(ഖാതിമുന്നബിയ്യീൻ: അബൂ സഹ്റ )

വിധവയും മാതാവുമായ വൃദ്ധയായ സൗദയെ വിവാഹം ചെയ്യുകയും അവർക്ക് മറ്റു പത്നിമാർക്കു നൽകുന്ന സ്നേഹം, ആദരവ്, ആവശ്യങ്ങൾ, ലൈംഗികത, സംരക്ഷണം എന്നിങ്ങനെ എല്ലാ അവകാശങ്ങളും നബി (സ) നൽകുകയുണ്ടായി.

പ്രായം കുറഞ്ഞ തന്റെ സഹകളത്രങ്ങളെ പോലെ -തന്റെ അറുപതുകളിൽ- ആനുരാഗാക്തമ ചോദനകളൊ ലൈംഗികതയൊ ഇല്ലാത്തത് കൊണ്ട്, തന്നേക്കാൾ പ്രായം കുറഞ്ഞ, യുവസഹജമായ ആവേശത്തോടെ ദാമ്പത്യം പുലർത്തുന്ന തന്റെ ഭർത്താവിന് താൻ ഒരു ഭാരമാവുമൊ എന്നും അത് വിവാഹ മോചനത്തിലെത്തുമൊ എന്നും സൗദ (റ) സ്വമേധയാ ആശങ്കപ്പെട്ടിരിക്കാം. ഇത് അവരുടെ സ്ത്രീ സഹജവും പ്രായത്തിന്റെ സ്വഭാവികവുമായ സങ്കീർണ്ണതയിൽ പെട്ടതാണ്. നബി(സ)ക്ക് ഇതിൽ യാതൊരു ഭാഗവുമില്ല. അങ്ങനെ, ഭാര്യമാരിൽ ഒരോരുത്തരുടേയും ഒപ്പം ലൈംഗിക ബന്ധത്തിനും അനുരാഗാത്മക സഹവാസത്തിനും വേണ്ടി നബി വീതിച്ചു നൽകിയ ദിവസം, പ്രവാചകന്റെ തൃപ്തിക്കു വേണ്ടി സൗദ സ്വയം ഒഴിവാക്കാൻ തീരുമാനിച്ചു എന്ന് ഹദീസുകളിൽ കാണാം.

غَيْرَ أَنَّ سَوْدَةَ بِنْتَ زَمْعَةَ وَهَبَتْ يَوْمَهَا وَلَيْلَتَهَا ، لِعَائِشَةَ زَوْجِ النَّبِىِّ صلى الله عليه وسلم تَبْتَغِى بِذَلِكَ رِضَا رَسُولِ اللَّهِ صلى الله عليه وسلم

” …എന്നാൽ സൗദ ബിൻത്ത് സംഅ, തന്റെ കൂടെ നബി (സ) ചിലവഴിക്കേണ്ട പകലും രാത്രിയും ആഇശക്ക് ഇഷ്ട ദാനമായി നൽകി. അതുകൊണ്ട് അല്ലാഹുവിന്റെ ദൂതൻ തന്നിൽ തൃപ്തിപ്പെടട്ടെ എന്ന് പ്രതീക്ഷിച്ചു.”
(സ്വഹീഹുൽ ബുഖാരി: 2453 )

ഇവിടെയും മുഹമ്മദ് നബിക്കു മേൽ വിമർശനങ്ങളഴിച്ചു വിടാൻ ഉതകുന്ന ഒന്നും തന്നെ കണ്ടെത്താൻ നബി നിന്ദകർക്ക് സാധ്യമല്ല.

വൃദ്ധയായിരുന്ന അവസ്ഥയിൽ തന്നെയാണ് മുഹമ്മദ് നബി (സ) സൗദയെ വിവാഹം ചെയ്തത് എന്നിരിക്കെ വൃദ്ധയായപ്പോൾ അവരെ വെറുത്തു എന്ന് എങ്ങനെയാണ് വിവരമുള്ളവർ വാദിക്കുക ?! മരണം വരെ പരസ്പരം സ്നേഹിച്ചും തൃപ്തിപ്പെട്ടും തന്നെയാണ് നബി-സൗദ ദമ്പതികൾ ജീവിച്ചത് എന്നല്ലാതെ മറിച്ചൊന്നും സ്വഹീഹായ ഒരു ഹദീസുകളിൽ നിന്നും ഗ്രഹിക്കാൻ സാധ്യമല്ല.

print

2 Comments

  • 👍

    Muhammad Shanif MK 16.03.2024
  • Masha Allah

    Muhammad Shanif MK 16.03.2024

Leave a comment

Your email address will not be published.