ദുർബല ഹദീസുകളും കള്ള കഥകളും -21

//ദുർബല ഹദീസുകളും കള്ള കഥകളും -21
//ദുർബല ഹദീസുകളും കള്ള കഥകളും -21
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -21

അടിമ സ്ത്രീകൾക്ക് വസ്ത്രത്തിനുള്ള അവകാശം ഖലീഫ ഉമർ നിഷേധിച്ചുവെന്നോ ?!

വിമർശനം:

നിർബന്ധിത വസ്ത്രാക്ഷേപം വഴി അടിമ സ്ത്രീകൾക്ക് വസ്ത്ര സ്വാതന്ത്ര്യം ഖലീഫ ഉമർ നിഷേധിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ മാറ് മറക്കാൻ പോലും അവർക്ക് സാധിച്ചിരുന്നില്ല. മാന്യമായ വസ്ത്രം ധരിക്കുന്ന അടിമ സ്ത്രീകളെ ഉമർ വടി കൊണ്ട് അടിക്കുമായിരുന്നു.

മറുപടി:

ഒരു കുന്നിക്കുരുവോളം വരുന്ന അർദ്ധ സത്യത്തിനു പുറത്ത്, കളവുകൾക്കു മേൽ കളവ് കയറ്റി വെച്ച് കളവിൻ കൊട്ടാരം കെട്ടിപടുക്കുകയാണ് ഇവിടെ ഇസ്‌ലാം വിമർശകർ ചെയ്തിരിക്കുന്നത്. ചേരുവയായി വ്യാജ നിവേദനങ്ങളും ദുർവ്യാഖ്യാനങ്ങളും എമ്പാടും ഉണ്ട്.
വിമർശകർ ഉദ്ധരിച്ച ഓരോ ആരോപണങ്ങൾക്കും അക്കമിട്ടുള്ള മറുപടിയിലേക്ക് കടക്കാം

1. അടിമസ്ത്രീകളെ നിർബന്ധിതമായി വസ്ത്രാക്ഷേപം നടത്താനോ വസ്ത്രസ്വാതന്ത്ര്യം നിഷേധിക്കാനോ ഇസ്‌ലാം നിഷ്‌കർശിച്ചുവോ ?

ഒരിക്കലുമില്ല. അന്യപുരുഷരുടെ ശല്യത്തിൽ നിന്നും ലൈംഗിക ഉപദ്രവത്തിൽ നിന്നും സ്ത്രീക്ക് ഇസ്‌ലാം സമ്മാനിച്ച രക്ഷാകവചമാണ് ഹിജാബ്‌. സ്ത്രീയെ അടിച്ചമർത്താനോ ബുദ്ധിമുട്ടിക്കാനോ അല്ല ഹിജാബിലൂടെ ഇസ്‌ലാം ശ്രമിച്ചത് എന്നതിന് ഏറ്റവും നല്ല തെളിവാണ് അടിമ സ്ത്രീകൾക്ക് തങ്ങളുടെ ശരീരാവയങ്ങൾ മറക്കുന്ന കാര്യത്തിൽ നൽകപ്പെട്ട ഇളവ്. അടിമസ്ത്രീകൾക്ക് സ്വതന്ത്ര സ്ത്രീകളിൽ നിന്നും വസ്ത്രത്തിന്റെ കാര്യത്തിൽ ചില ഇളവുകൾ നല്കപ്പെട്ടത് അവർക്ക് അവരുടെ ജീവിതവും ഉദ്യോഗവും എല്ലാം എളുപ്പമാക്കാൻ വേണ്ടി ആയിരുന്നു എന്നത് ഇസ്‌ലാമിന്റെ കാരുണ്യത്തെയാണ്, കാർക്കശ്യത്തെയല്ല തെളിയിക്കുന്നത്. ഉടമസ്ഥർക്ക് വേണ്ടി വീട്ടുജോലികളും വേലകളും ചെയ്യുകയായിരുന്നു അടിമസ്ത്രീകളുടെ പതിവ് എന്നതിനാൽ സ്വതന്ത്ര സ്ത്രീകളെ പോലെ വളരെ കണിശമായി വസ്ത്ര ധാരണത്തിൽ ശ്രദ്ധ ചെലുത്തുക അവരെ സംബന്ധിച്ചിടത്തോളം ശ്രമകരമായിരിക്കുമല്ലോ, ഈ ക്ലേശത്തെ അവരിൽ നിന്നും നീക്കുവാനാണ് ശ്രമം. വൃദ്ധരായ സ്ത്രീകൾക്കും ഹിജാബിന്റെ വിഷയത്തിൽ ഇത്തരം ഇളവുകൾ നൽകപ്പെട്ടതായി ഖുർആനിൽ ദർശിക്കാം.

وَالْقَوَاعِدُ مِنَ النِّسَاءِ اللَّاتِي لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَنْ يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَاتٍ بِزِينَةٍ وَأَنْ يَسْتَعْفِفْنَ خَيْرٌ لَهُنَّ

“വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത വൃദ്ധകളെ സംബന്ധിച്ചിടത്തോളം സൗന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റി വെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. അവര്‍ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവര്‍ക്ക് കൂടുതല്‍ നല്ലത്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.”
(ക്വുർആൻ: 24:60)

വൃദ്ധകൾക്കും അടിമസ്ത്രീകൾക്കും അവരുടെ ജീവിത ആശ്വാസത്തെ പരിഗണിച്ചു കൊണ്ട് വസ്ത്രധാരണ വിഷയത്തിൽ ഇളവുകൾ അനുവദിച്ചു എന്നത് ഇസ്‌ലാം സ്ത്രീകൾക്ക് സമാധാനവും സുരക്ഷയുമായി നിലകൊണ്ട ആദർശമാണെന്നതിനുള്ള അനിഷേധ്യമായ തെളിവാണ്.

ഉമറിൽ നിന്നും ഉദ്ധരിക്കപ്പെട്ട സംഭവങ്ങളും മറിച്ചൊന്നല്ല സ്ഥാപിക്കുന്നത്.

ﻭاﻵﺛﺎﺭ ﻋَﻦْ ﻋُﻤَﺮَ ﺑْﻦِ اﻟْﺨَﻄَّﺎﺏِ ﺭَﺿِﻲَ اﻟﻠﻪُ ﻋَﻨْﻪُ ﻓِﻲ ﺫَﻟِﻚَ ﺻَﺤِﻴﺤَﺔٌ، ﻭَﺇِﻧَّﻬَﺎ ﺗَﺪُﻝُّ ﻋَﻠَﻰ ﺃَﻥَّ ﺭَﺃْﺳَﻬَﺎ ﻭَﺭَﻗَﺒَﺘَﻬَﺎ ﻭَﻣَﺎ ﻳَﻈْﻬَﺮُ ﻣِﻨْﻬَﺎ ﻓِﻲ ﺣَﺎﻝِ اﻟْﻤِﺤْﻨَﺔِ ﻟَﻴْﺲَ ﺑِﻌَﻮْﺭَﺓٍ

ഉമർ ബിൻ ഖത്താബിൽ നിന്നും ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള നിവേദനങ്ങൾ സ്വഹീഹ് ആകുന്നു. തങ്ങളുടെ തല, പിരടി എന്നിങ്ങനെ ജോലി ചെയ്യുന്ന അവസ്ഥയിൽ വല്ല ശരീരഭാഗങ്ങൾ വെളിവാവുകയാണെങ്കിൽ അത് അടിമ സ്ത്രീകൾക്ക് ഔറത്ത് (നഗ്നത) ആയി പരിഗണിക്കപ്പെടില്ല എന്ന് ഈ നിവേദനങ്ങൾ സൂചിപ്പിക്കുന്നു.
(സുനനുൽ കുബ്റാ: ബൈഹകി: 2:360)

എങ്കിൽ പിന്നെ ഇളവുകൾ സ്വീകരിക്കാൻ ഉമർ അടിമസ്ത്രീകളെ എന്തിനു നിർബന്ധിച്ചു? എന്നതാണ് അടുത്ത സംശയം.

ഉത്തരം സരളമാണ്. തന്റെ ദീർഘദൃഷ്ടിയുടെ അടിസ്‌ഥാനത്തിൽ അദ്ദേഹം സ്വീകരിച്ച വ്യക്തിപരമായ ഒരു നയം മാത്രമായിരുന്നു അത്. അടിമസ്ത്രീകളെല്ലാം സ്വതന്ത്ര സ്ത്രീകളെ പോലെ വസ്ത്രം ധരിക്കാൻ ആരംഭിച്ചാൽ അവർ തമ്മിലുള്ള കാഴ്ചയിലുള്ള വ്യതിരിക്തത ഇല്ലാതാവുകയും കാലാന്തരങ്ങളിൽ ആ വസ്ത്രധാരണ രീതിയിൽ അടിമസ്ത്രീകളുടെ മേലും കാർക്കശ്യവും നിർബന്ധിത സ്വഭാവവും വന്നുചേർന്നേക്കാം. ഇത് അടിമസ്ത്രീകളെ തന്നെ അവരുടെ ജീവിതസന്ധാരണ മാർഗവും ശൈലിയും പരിഗണിക്കുമ്പോൾ അങ്ങേയറ്റം ആയാസകരമായ സ്ഥിതിവിശേഷത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. ഈ അവസ്ഥയെ മുൻകൂട്ടി കണ്ട് വ്യക്തിപരമായ ഒരു നയത്തിലൂടെ നിർഭാടനം ചെയ്യാനാണ് തന്റെ നിർബന്ധ കല്പനയിലൂടെ ഉമർ (റ) ശ്രമിച്ചത്. ഈ നയമാകട്ടെ പ്രവാചകനോ(സ) അദ്ദേഹത്തിന് ശേഷം വന്ന ഖലീഫ അബൂബക്കറോ(സ) ഇസ്‌ലാമിക പ്രമാണങ്ങളോ മതത്തിന്റെ ഭാഗമായി ആവിഷ്കരിച്ച നിയമമല്ല എന്നു പ്രത്യേകം മനസ്സിലാക്കണം. പൊതു നന്മയെയും ആസന്നമായ ഭാവിയെയും പരിഗണിച്ച് കൊണ്ട് ഒരു ഭരണാധികാരി എന്ന നിലയിൽ ഉമർ(റ) ഇതു പോലെ പല നയങ്ങളും സ്വീകരിച്ചിട്ടുണ്ട്. അവയെല്ലാം ഇസ്‌ലാമിന്റെ അധ്യാപനങ്ങളായി അദ്ദേഹം പോലും മനസ്സിലാക്കിയിട്ടില്ല. ഉദാഹരണത്തിന് മുത്അതായി ഹജ്ജ് ചെയ്യുന്ന വിഷയം തന്നെ എടുക്കാം. ഹജ്ജും ഉംറയും ഒരുമിച്ചു നിർവഹിക്കുന്ന ഈ രീതിയിൽ പ്രവാചകനും അനുചരന്മാരും ധാരാളമായി ഹജ്ജ് ചെയ്തിട്ടുള്ളതാണ്. അഥവാ ഇസ്‌ലാമിക ആചാര വൃത്തത്തിന്റെ ഉള്ളിൽ ആയിട്ടു പോലും ഹജ്ജും ഉംറയും ചേർത്തു നിർവഹിക്കുന്നത് ഖലീഫ ഉമർ തടയുകയുണ്ടായി. ഹജ്ജിന്റെ സീസണിൽ തീർഥാടകരെ കൊണ്ട് മുഖരിതമാകുന്ന കഅ്ബാലയം മറ്റു മാസങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ ഖലീഫ ഉമർ(റ) ശ്രദ്ധിക്കുകയുണ്ടായി. ഹജ്ജും ഉംറയും ചെയ്തു കഴിഞ്ഞത് കൊണ്ട് ഉംറക്കായി മറ്റൊരു വരവ് വരേണ്ടതില്ല എന്നതായിരുന്നു ഇതിനു കാരണം എന്ന് അദ്ദേഹം മനസ്സിലാക്കി. ഹജ്ജിന്റെ മാസം കഴിഞ്ഞിട്ടേ ഉംറ ചെയ്യാവൂ എന്ന നിർബന്ധനിയമത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്ന് സ്വാഭാവികമായും അദ്ദേഹം പ്രതീക്ഷിച്ചു. ഇത്തരമൊരു നയപരമായ നിലപാട് മാത്രമാണ് അടിമസ്ത്രീകളുടെ വസ്ത്രത്തിലും ഉമർ(റ) സ്വീകരിച്ചതായി നാം ദർശിക്കുന്നത്. ശക്തമായ വ്യക്തിത്വത്തിനുടമയായത് കൊണ്ട് തന്നെ ഉമറിന്റെ(റ) ഇത്തരം നയനിലപാടുകളിൽ അല്പം കാർക്കശ്യവും കാഠിന്യവും നിഴലിച്ചിരുന്നു എന്നത് വാസ്തവമായിരിക്കാം. എന്നാൽ അതൊന്നും അദ്ദേഹത്തിന്റെ പ്രജകൾക്ക് അക്രമമൊ അനീതിയൊ ആയി അനുഭവപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല നീതിയുടെ പര്യായമായാണ് അദ്ദേഹം സർവ്വരാലും വാഴ്ത്തപ്പെട്ടിരുന്നത്.

2. വസ്ത്രാക്ഷേപം നടത്തി, മാറു മറക്കാനുള്ള അവകാശം പോലും നിഷേധിച്ചു എന്നൊക്കെയുള്ള ആരോപണങ്ങൾ ആണ് അടുത്തത്.

അവയെല്ലാം ആനനുണകളാണ്. തലയും മുഖവും കൈകളും മറക്കരുത് എന്നു മാത്രമായിരുന്നു ഉമറിന്റെ(റ) നിർദേശം എന്ന് വ്യക്തമായി വിമർശന വിധേയമായ നിവേദനങ്ങളിൽ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

فَيَظْهَرُ مِنْ الْأَمَةِ : رَأْسُهَا ، وَيَدَاهَا ، وَوَجْهُهَا

“അടിമ സ്ത്രീ തന്റെ തലയും ഇരു കൈകളും മുഖവും വെളിവാക്കി കൊള്ളട്ടെ…”
(മജ്മൂഉൽ ഫതാവാ: 15: 372 ) എന്നാണ് ഉമർ (റ) നിർദ്ദേശിച്ചത്.

മാറിടം വെളിവാക്കാൻ കല്പിക്കപ്പെട്ടതായി സൂചിപ്പിക്കുന്ന ഒരു നിവേദനവും കുഴിയാനക്കുഴിയിൽ പോലും തപ്പിയാൽ കണ്ടു കിട്ടില്ല. ആകെക്കൂടി ദുർവ്യാഖ്യാനിക്കാവുന്നത് താഴെ പറയുന്ന നിവേദനമാണ്

.بْنِ مَالِكٍ قَالَ: “كُنَّ إِمَاءُ عُمَرَ رَضِيَ اللهُ عَنْهُ يَخْدِمْنَنَا كَاشِفَاتٍ عَنْ شُعُورِهِنَّ تَضْرِبُ ثُدِيّهُنَّ”

അനസ് (റ) പറയുന്നു: ഉമറിന്റെ(റ) (കാലഘട്ടത്തിലെ) സ്ത്രീകൾ ഞങ്ങൾക്ക് വീട്ടുജോലികൾ ചെയ്തു തന്നിരുന്നു; അവരുടെ മുടി അവരുടെ മാറിടങ്ങളിൽ ഉലയ്‌ക്കുവോളം മുടി അഴിച്ചിട്ട നിലയിൽ തന്നെ (അവർ ജോലികളിൽ വ്യാപൃതരായിരുന്നു).
(സുനനുൽ ബൈഹകി: 3222, ഇർവാഉൽ ഗലീൽ: 6:204)

كَاشِفَاتٍ عَنْ شُعُورِهِنَّ تَضْرِبُ ثُدِيّهُنَّ

“അവരുടെ മുടി അവരുടെ മാറിടങ്ങളിൽ ഉലയ്‌ക്കുവോളം മുടി അഴിച്ചിട്ട നിലയിൽ….” എന്ന നിവേദനത്തിലെ ഭാഗം വളച്ചൊടിച്ചും ദ്വയാർത്ഥം വരാവുന്ന അതി ദുർബലമായ ചില നിവേദനങ്ങൾ കൂട്ടുപിടിച്ചും അടിമ സ്ത്രീകൾ “അവരുടെ മാറിടങ്ങൾ വെളിവാക്കി” കൊണ്ടാണ് ജോലി ചെയ്തിരുന്നത് എന്ന് ദുർവ്യാഖ്യാനിക്കുകയാണ് ഇസ്‌ലാം / ഹദീസ് വിരോധികളുടെ കുതന്ത്രം.

.عَنْ أَنَسِ بْنِ مَالِكٍ قَالَ: ” كُنَّ جَوَارِي عُمَرَ يَخْدُمْنَنَا كَاشِفَاتِ الرُّءُوسِ، تَضْطَرِبُ ثُدِيُّهُنَّ بَادِيَةً خِدَامُهُنَّ”

“അവരുടെ മുടി അവരുടെ മാറിടങ്ങളിൽ ഉലയ്‌ക്കുമായിരുന്നു…” എന്ന ശരിയായ പദങ്ങൾക്ക് പകരം, “അവരുടെ മാറിടങ്ങൾ ഉലയ്‌ക്കുമായിരുന്നു…” എന്ന് അനസ് (റ) പറഞ്ഞതായി തെറ്റായി ഉദ്ധരിക്കപ്പെട്ട നിവേദനമാകട്ടെ (തഫ്സീറു യഹ്‌യബ്നു സലാം: 1:441) അങ്ങേയറ്റം ദുർബലമായ നിവേദക പരമ്പരയിലൂടെയാണ് വന്നിരിക്കുന്നത്. പരമ്പരയിലെ ‘നസ്വർ ബിൻ ത്വരീഫ്’ എന്ന നിവേദകനെ സംബന്ധിച്ച ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്: യഹ്‌യ പറഞ്ഞു: കള്ള ഹദീസുകൾ ഉണ്ടാക്കുന്നതിൽ പ്രസിദ്ധനാണ് അയാൾ. ഫല്ലാസ് പറഞ്ഞു: നുണയന്മാരുടെ കൂട്ടത്തിൽ പെട്ടവനെന്നതിൽ ഏകാഭിപ്രായമുള്ള നിവേദകരിൽ ഒരാളാണ് ‘നസ്വർ ബിൻ ത്വരീഫ്’. (ലിസാനുൽ മീസാൻ: 6:153)

3. അടിമസ്ത്രീയെ ഖലീഫ ഉമർ തന്റെ വടി കൊണ്ട് മർദ്ദിക്കുമായിരുന്നു എന്നതാണ് അടുത്ത ആരോപണം. ഇതും വാസ്തവവിരുദ്ധവും ദുർവ്യാഖ്യാനവുമാണ്. തലയിൽ നിന്നും വസ്ത്രം നീക്കാൻ അമാന്തം കാണിച്ച ചില അടിമസ്ത്രീകളുടെ തലയിൽ നിന്ന് വടി കൊണ്ട് അടിച്ചു വസ്ത്രം തട്ടിയിടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഒരു അന്യ സ്ത്രീയെ നേരിട്ട് സ്പർശിക്കാൻ പാടില്ല എന്നതാണ് ഇതിനു കാരണം.

رأى عمرُ أمةً عليْها جِلبابٌ فقال : عَتَقْتِ ؟ قالتْ : لا ، قال ضَعِيهِ عن رَأْسِكِ ، إِنَّما الجِلْبابُ على الحَرَائِرِ ، فَتَلَكَّأَتْ فقامَ إليها بِالدُّرَّةِ ، فضربَ رأسَها حتى ألقَتْهُ

“തലയിൽ നിന്ന് മറ നീക്കാൻ ഒരു അടിമസ്ത്രീ അമാന്തം കാണിച്ചപ്പോൾ തന്റെ വടി കൊണ്ട് തലയിലെ തട്ടം അടിച്ച് നിലത്തിട്ടു” എന്ന് ചില നിവേദനങ്ങളിൽ പ്രത്യേകം സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 6295)

ഇവിടെയും അക്കാലഘട്ടത്തിലെ ലൈംഗിക ശുദ്ധിയും സ്ത്രീകളോട് പുലർത്തിയിരുന്ന മാന്യതയും മാത്രമാണ് ദോഷൈകദൃക്കുകൾ അല്ലാത്തവർക്ക് കാണാൻ സാധിക്കുക. ഇത്രയും സരളവും സ്വാഭാവികവുമായ ഒരു സംഭവത്തെ വർണം ചേർത്തു പൊലിപ്പിച്ചു കാണിച്ചു വിവാദവൽക്കരിക്കാനുള്ള ശ്രമം എത്ര ജുഗുപ്സാവഹം.

താഴ്ന്ന ജാതിക്കാർക്കും അവർണ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്കും മാറു മറക്കാനുള്ള അവകാശം നിഷേധിക്കുകയും മുലക്കരം ഏർപ്പെടുത്തുകയും ഒക്കെ ചെയ്തിരുന്ന സവർണ ഫാഷിസ്റ്റ് രതി വൈകൃതങ്ങളുടെ ആലയിലേക്ക് ഇസ്‌ലാമിനെയും വലിച്ചു കെട്ടാനുള്ള ശ്രമമാണ് ഖലീഫ ഉമറിനെ സംബന്ധിച്ച ഈ ആക്ഷേപ പ്രചാരണത്തിന്റെ ലക്ഷ്യം. എന്നാൽ ആ ആലയിലേക്ക് എത്തിക്കാൻ ഈ നുരുമ്പിച്ച കയറിന് നീളം പോര.

print

No comments yet.

Leave a comment

Your email address will not be published.