ദുർബല ഹദീസുകളും കള്ള കഥകളും -20

//ദുർബല ഹദീസുകളും കള്ള കഥകളും -20
//ദുർബല ഹദീസുകളും കള്ള കഥകളും -20
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -20

മാരിയയും ഹഫ്‌സയും ഒരു ദുർബല ആരോപണവും

വിമർശനം:

പ്രവാചക പത്നി ഹഫ്‌സയുടെ വീട്ടിൽ വെച്ച് മാരിയത്ത് എന്ന അടിമ സ്ത്രീയുമായി മുഹമ്മദ് നബി ലൈംഗിക ബദ്ധത്തിൽ ഏർപ്പെട്ടു. ഇത് ഹഫ്‌സ അറിഞ്ഞപ്പോൾ അവരോട് അക്കാര്യം ആരുമായും പങ്കു വെക്കരുത് എന്ന് നബി അപേക്ഷിക്കുകയും ചെയ്തു.

മറുപടി:

ഒരു വ്യാജ നിവേദനത്തിൻമേൽ കെട്ടിപടുത്ത കാൽപനിക സൗധമാണ് ഈ കഥ.  പ്രവാചകൻ (സ), തന്റെ പത്നി ഹഫ്‌സയുടെ വീട്ടിൽ വെച്ച് “അവിഹിത”ത്തിൽ ഏർപ്പെടുകയും ഭാര്യ “പിടികൂടിയപ്പോൾ” ഈ “അവിഹിതം” രഹസ്യമാക്കി വെക്കാൻ ഭാര്യയോട് കേണപേക്ഷിച്ചു എന്നൊക്കെയാണ് വിമർശകരുടെ തിരക്കഥ!! അതിനായി അവർ അവലംബിക്കുന്ന വ്യാജവും അങ്ങേയറ്റം ദുർബലവുമായ നിവേദനങ്ങളിലാകട്ടെ വിമർശകരുടെ ഈ ഭാവനാചിത്രണങ്ങൾ ഒന്നും ഉള്ളടങ്ങിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. 

വിഷയകമായ ദുർബല ഹദീസിന്റെ ഹ്രസ്വരൂപം ആദ്യം നമുക്ക് പരിചയപ്പെടാം:
പ്രവാചകന്റെ(സ) അടിമസ്ത്രീയായിരുന്നു മാരിയ. ഒരിക്കൽ ഹഫ്‌സയുടെ വീട്ടിൽ വെച്ച് പ്രവാചകൻ (സ) അവരുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഇത് മനസ്സിലാക്കിയപ്പോൾ ഹഫ്‌സ (റ) പ്രവാചകനോട് ഇപ്രകാരം പരാധിപ്പെട്ടു:

“താങ്കൾ എന്റെ വീട്ടിൽ വെച്ച് ‘മാരിയ’യുമായി ബന്ധപ്പെട്ടു എന്നത് (എന്നോട് താങ്കൾക്കുള്ള അതൃപ്തിയായി) മറ്റുള്ള ഭാര്യമാർക്കിടയിൽ (തെറ്റിദ്ധാരണ ജനിപ്പിച്ചേക്കാം എന്നതിനാൽ) എനിക്ക് അപമാനത്തിന് കാരണമായേക്കും.”

അപ്പോൾ പ്രവാചകൻ (സ) ‘ഈ സംഭവം ആരോടും പങ്കു വെക്കേണ്ട’ എന്ന് അവരെ ഉപദേശിച്ചു. തുടർന്ന് ‘മാരിയ’യുമായി മേലിൽ ശാരീരിക ബന്ധം സ്ഥാപിക്കില്ലെന്നും പ്രവാചകൻ (സ) പ്രസ്ഥാവിച്ചു. അപ്പോൾ ഹഫ്‌സ ചോദിച്ചു:
( وكيف تحرم عليك وهي جاريتك)
“അവരുമായുള്ള ശാരീരിക ബന്ധം താങ്കൾക്കെങ്ങനെ നിഷിദ്ധമാകും; അവർ താങ്കളുടെ അടിമ സ്ത്രീ ആയിരിക്കെ ?!”

‘മാരിയ’യെ സമീപിക്കില്ലെന്ന് ഹഫ്‌സയോട്  ശപഥം ചെയ്ത പ്രവാചകന്റെ(സ) നിലപാട് തിരുത്തി കൊണ്ട് വിശുദ്ധ ക്വുർആനിൽ ചില വചനങ്ങൾ അവതരിപ്പിക്കപ്പെടുന്നു: “നബിയേ, നീയെന്തിനാണ് ഭാര്യമാരുടെ പ്രീതി കാംക്ഷിച്ച് അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാക്കുന്നത്?”(സൂറത്തു തഹ്‌രീം: 1).
(മുഅ്ജമുൽ അവ്സത്: ത്വബ്റാനി: 2316, സുനനു ദാറകുത്നി: 122)

മാരിയ പ്രവാചകന്റെ അടിമസ്ത്രീയാണ്. അടിമസ്ത്രീകളുമായി അവരുടെ ഹിതപ്രകാരം ബന്ധം സ്ഥാപിക്കാൻ ഇസ്‌ലാം പുരുഷന്മാർക്ക് അനുവാദം നൽകിയിട്ടുണ്ട്.
(അടിമ സ്ത്രീകളുമായുള്ള ലൈംഗികബന്ധം ഇസ്‌ലാം അനുവദിച്ചതിലെ യുക്തിയും നീതിയും വിശാലമായ മറ്റൊരു ചർച്ചയാണ്. അതിന് ഇവിടെ മുതിരുന്നില്ല. ചുരുങ്ങിയ വായനക്കായി: (https://www.snehasamvadam.org/responds-to-criticism/അടിമസ്ത്രീകളുമായി-ബന്ധം/)

ഈ ബന്ധം ഒരു “അവിഹിത”മായി അക്കാലഘട്ടത്തിലെ ഒരു രാജ്യത്തിലേയും, ഒരു മതവും, ഒരു മത സമൂഹവും, മതരഹിതരുമടക്കം ആരും കരുതിയിട്ടില്ല എന്നിരിക്കെ ഇസ്‌ലാമിക സമൂഹത്തിൽ മാത്രം നിലനിന്നിരുന്ന “അവിഹിത”മായി ഈ ബന്ധത്തെ വീക്ഷിക്കുന്നതിലെ വർഗീയ വിവേചനം വ്യക്തമാണ്. പ്രവാചകന്റെ നാട്ടിലെ അമുസ്‌ലിംകൾ പോലും വിഹിതവും വിവാഹ തുല്യവുമായി കണ്ട ഒന്നാണ് അടിമസ്ത്രീ – യജമാന ബന്ധം എന്നതിന് ഏറ്റവും നല്ല തെളിവാണ് പ്രവാചക പത്നി ഹഫ്‌സയുടെ(റ) (ഹദീസിലെ) വാചകം: “‘മാരിയ’യുമായുള്ള ശാരിരിക ബന്ധം താങ്കൾക്കെങ്ങനെ നിഷിദ്ധമാകും; അവർ താങ്കളുടെ അടിമ സ്ത്രീ ആയിരിക്കെ ?!”.

പ്രവാചകൻ (സ) അവിഹിതത്തിൽ ഏർപ്പെട്ടുവെന്നോ, തന്റെ വീട്ടിൽ വെച്ച് അവിഹിതത്തിൽ മുഴുകിയെന്നോ ഒന്നും ഹഫ്‌സ (റ) പരാതിപ്പെട്ടിട്ടില്ല എന്നും (ദുർബല) ഹദീസിൽ നിന്ന് സുവ്യക്തം. തന്റെ വീട്ടിൽ വെച്ച് ‘മാരിയ’യുമായി ബന്ധപ്പെട്ടു എന്നത് തന്നോട് പ്രവാചകനുള്ള അതൃപ്തിയായി മറ്റുള്ള ഭാര്യമാർ തെറ്റിദ്ധരിക്കാൻ ഇടയാകുമെന്നും ഇത് തനിക്ക് അപമാനത്തിന് കാരണമായേക്കും എന്ന് മാത്രമാണ് ഹഫ്‌സയുടെ (റ) പരാതി.  എങ്കിൽ ഇക്കാര്യം ആരുമായും പങ്കു വെക്കേണ്ടതില്ല എന്ന് പ്രവാചകൻ (സ) മറുപടി പറഞ്ഞു. അല്ലാതെ – വിമർശകർ ദുർവ്യാഖ്യാനിക്കുന്നതു പോലെ- തന്റെ “അവിഹിതം” ആരോടും വെളിപ്പെടുത്തരുതേ എന്ന ഭാര്യയോടുള്ള അപേക്ഷയൊന്നുമായിരുന്നില്ല അത്.

എല്ലാത്തിനുമുപരി വിമർശകർ ഓർക്കേണ്ട ഏറ്റവും സുപ്രധാനമായ കാര്യം മാരിയയുടെ ഈ കഥ സ്ഥിരപ്പെട്ട ഒരു സംഭവമൊ ഇസ്‌ലാമിന്റെയൊ പ്രവാചക ചരിത്രത്തിന്റെ ഭാഗമൊ അല്ല എന്നതാണ്.

മാരിയയുമായി ബന്ധപ്പെട്ട കഥയുടെ സനദ് അഥവാ നിവേദക പരമ്പര:

ഹഫ്‌സയുടെ (റ) വീട്ടിൽ വെച്ച് മാരിയയുമായി (റ) പ്രവാചകൻ (സ) ബന്ധത്തിലേർപ്പെട്ടു എന്ന വ്യാജ കഥയുടെ  ഇരുപതോളം സനദുകൾ (നിവേദക പരമ്പര) ഓരോ മുടിനാരിഴ കീറി മുറിച്ച് പഠനം ത്വാഹിർ ഇബ്നു സഈദ് ഇബ്നു അബ്ദുർ റഊഫ് അസ്സയിൽഹീതി നടത്തിയിട്ടുണ്ട്. മാരിയയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ സനദുകളും വ്യാജങ്ങളൊ (الباطل), കള്ള ഹദീസുകളൊ (الموضوع) അങ്ങേയറ്റം ദുർബലമൊ (ضعيف جدا) ഒക്കെയാണ് എന്ന് തെളിവു സഹിതം സമർത്തിക്കുന്നുണ്ട് അദ്ദേഹം. സനദു സമ്പന്ധമായ ആ ദീർഘമായ ചർച്ച പഠനവിധേയമാക്കാൻ ആഗ്രഹിക്കുന്നവർ ആ ലേഖനം വായിക്കുക.
(http://darhadith.com/pubs/asbab-nuzl-sura-tahrim-maria/)

ഈ ആശയത്തിൽ വന്നിട്ടുള്ള നിവേദനങ്ങളിൽ അൽപമെങ്കിലും സ്വീകാര്യമെന്ന് തോന്നിക്കുന്ന പരമ്പര ഇമാം നസാഈ തന്റെ സുനനിൽ ഉദ്ധരിച്ചതാണ്:

أخبرني إبراهيم بن يونس بن محمد حرمي هو لقبه قال حدثنا أبي قال حدثنا حماد بن سلمة عن ثابت عن أنس أن رسول الله صلى الله عليه وسلم كانت له أمة…

ഈ പരമ്പരയും പ്രബലമല്ലെന്ന് സൂക്ഷ്മ പരിശോധനയിൽ നിന്ന് മനസ്സിലാവുന്നു. നിവേദന പരമ്പരയിലെ ഇബ്രാഹീം ഇബ്നു യൂനുസിബ്നു മുഹമ്മദ് അൽ ഹറമി എന്ന റാവി ഓർമ്മശക്തിയുടെ കാര്യത്തിൽ പ്രബലനല്ല. ഇബ്നു ഹിബ്ബാൻ പറഞ്ഞു: അദ്ദേഹം ഒറ്റപ്പെട്ട നിവേദനങ്ങൾ ഉദ്ധരിക്കുമായിരുന്നു. ഓർമ്മശക്തിയിൽ കുറവിനെ സൂചിപ്പിക്കുന്ന صدوق സ്വദൂക് എന്ന പദമാണ് ഇബ്നു ഹിബ്ബാനും ഇബ്നു ഹജറും അദ്ദേഹത്തെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചിട്ടുള്ളത്.

ഈ നിവേദനത്തിലാകട്ടെ പ്രസ്ഥാവിക്കപ്പെട്ടിട്ടുള്ളത് മറ്റു രിവായത്തുകളിലുള്ളതിനേക്കാൾ വ്യത്യസ്ഥമായ ഒരു ചിത്രമാണ്.

أنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَتْ لَهُ أَمَةٌ يَطَؤُهَا فَلَمْ تَزَلْ بِهِ عَائِشَةُ وَحَفْصَةُ حَتَّى حَرَّمَهَا عَلَى نَفْسِهِ فَأَنْزَلَ اللَّهُ عَزَّ وَجَلَّ { يَا أَيُّهَا النَّبِيُّ لِمَ تُحَرِّمُ مَا أَحَلَّ اللَّهُ لَكَ } 

“ദൈവദൂതന് ഒരു അടിമ സ്ത്രീ ഉണ്ടായിരുന്നു. അവരുമായി അദ്ദേഹം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. അവരുമായുള്ള ലൈംഗിക ബന്ധം ഉപേക്ഷിക്കാൻ ആഇശയും (റ) ഹഫ്സയും (റ) അദ്ദേഹത്തെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങനെ അദ്ദേഹം സ്വന്തത്തിനു മേൽ അവരുമായുള്ള ലൈംഗിക ബന്ധം നിഷിദ്ധമാക്കി. അപ്പോൾ ക്വുർആൻ വചനം അവതരിപ്പിക്കപ്പെട്ടു…”

നിവേദനം ദുർബലമാണെന്നതിന് പുറമെ, മാരിയയുടെ പേര് നിവേദനത്തിൽ പ്രസ്ഥാവിക്കപ്പെടുന്നില്ല. ഹഫ്സയുടെ വീട്ടിൽ വെച്ച് ഒന്നും നടന്നതായും സൂചനയില്ല. ഭാര്യമാർ തമ്മിലുള്ള സ്ത്രീ സഹജമായ കുശുമ്പ്‌ മാത്രമെ സൂചിപ്പിക്കപ്പെടുന്നുള്ളു. അവിഹിതമൊ അവിഹിത ആരോപണമൊ ഒന്നും നിഴലിച്ചിട്ടു പോലുമില്ല.

ആയത്തിന്റെ ശരിയായ അവതരണ പശ്ചാത്തലം:

മാരിയയുമായി ബന്ധപ്പെട്ട് ചർച്ചാ വിഷയകമായ നിവേദനങ്ങൾ വ്യാജവും അങ്ങേയറ്റം ദുർബലവുമാണ് എന്നതിന് പുറമെ ഇസ്‌ലാമിക പ്രമാണങ്ങൾക്കും സ്വഹീഹായ ഹദീസുകൾക്കും എതിരുമാണ്. മാരിയയുമായി ബന്ധപ്പെട്ട (ദുർബല) നിവേദനത്തിൽ പ്രസ്ഥാവിക്കുന്നത്, സൂറത്തു തഹ്‌രീമിലെ ആയത്തുകൾ (ദിവ്യ വചനങ്ങൾ) അവതരിപ്പിക്കപ്പെടാനുള്ള പശ്ചാത്തലം മാരിയയുമായുള്ള ശാരീരിക ബന്ധം പ്രവാചകൻ (സ) സ്വന്തത്തിനു മേൽ നിഷിദ്ധമായി പ്രഖ്യാപിക്കുകയും, ശപഥം ചെയ്യുകയും ചെയ്തു എന്നതുമാണ്. ഇത് സ്വഹീഹായ ഒട്ടനവധി നിവേദനങ്ങൾക്കും ഹദീസുകൾക്കും വിരുദ്ധമാണ്.

സൂറത്തു തഹ്‌രീമിലെ ആയത്തുകളുടെ യഥാർത്ഥ അവതരണ പശ്ചാത്തലം ഇപ്രകാരമാണ്:
മുഹമ്മദ് നബി (സ) തന്റെ പത്നിയായ സൈനബ് ബിൻത് ജഹ്ശിന്റെ (റ) അടുക്കൽ താമസിക്കുമ്പോൾ തേൻ കുടിക്കുക പതിവായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന ആഇശ (റ), ഹഫ്‌സ (റ) എന്നീ പത്നിമാർ, തേൻ കുടിക്കുന്നത് മൂലം ‘മഗാഫിർ’ കുടിച്ചാലുണ്ടാവുന്ന ദുർഗന്ധം പോലെ അനുഭവപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ടു. എങ്കിൽ താൻ ഇനി തേൻ കുടിക്കില്ലെന്ന് പ്രവാചകൻ (സ) ശപഥം ചെയ്തു. പ്രവാചകന്റെ(സ) ഈ നിലപാടിനെ തിരുത്തി കൊണ്ട് ക്വുർആൻ വചനം അവതരിപ്പിക്കപ്പെട്ടു:  “നബിയേ, നീയെന്തിനാണ് ഭാര്യമാരുടെ പ്രീതി കാംക്ഷിച്ച് അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാക്കുന്നത്?”(സൂറത്തു തഹ്‌രീം: 1). പ്രവാചക പത്നി ആഇശയിൽ (റ) നിന്ന് ഒട്ടനവധി ഹദീസ് ഗ്രന്ഥങ്ങളിൽ, സ്വഹീഹായ സനദോടു(നിവേദക പരമ്പര)കൂടെ ഉദ്ധരിക്കപ്പെട്ട ഹദീസ് ആകുന്നു ഇത്.
(സ്വഹീഹുൽ ബുഖാരി: 4966, സ്വഹീഹു മുസ്‌ലിം: 2787, സുനനു അബൂദാവൂദ്: 3281, തുർമുദി: 1834, ഇബ്നുമാജ: 3342, മുസ്നദു അഹ്മദ്: 23769, ഇബ്നു ഹിബ്ബാൻ: 5344, നസാഈ: 3645, ഹാകിം: 7174, ദാരിമി: 2062)

മാരിയയുമായി പ്രവചകൻ (സ) ഹഫ്‌സയുടെ വീട്ടിൽ വെച്ച് ബന്ധപ്പെട്ടു എന്ന കഥ വ്യാജമൊ അങ്ങേയറ്റം ദുർബലമൊ ആകുന്നു എന്നാണ് ഹദീസ്-ചരിത്ര പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത്:

ഉകൈലി (മരണം: ഹി: 322) പറഞ്ഞു: “(‘മാരിയ’യുമായി ബന്ധപ്പെട്ട) ഈ കഥ പ്രമാണ വിരുദ്ധവും വ്യാജവുമാണ്.” (മീസാനുൽ ഇഅ്തിദാൽ: 4:201)

ഇമാം ദഹബി (ജനനം: ഹി: 673) ഈ കഥ പ്രമാണ വിരുദ്ധവും നുണ കഥയുമാണെന്നും വിധി പറഞ്ഞിരിക്കുന്നു.
(ലിസാനുൽ മീസാൻ: 8:191)

നൂറുദ്ദീൻ അൽ ഹൈസമി (ജനനം: ഹി: 735) ഈ കഥ ദുർബലമാണെന്ന് തന്റെ ‘മജ്‌മഉസ്സവാഇദ്’ (5:10) എന്ന ഗ്രന്ഥത്തിൽ മൂന്നിടങ്ങിൽ വ്യക്തമാക്കിയിരിക്കുന്നു.

ഇബ്നുൽ അറബി (ജനനം: ഹി: 558) പറഞ്ഞതായി ഇമാം ക്വുർതുബി രേഖപ്പെടുത്തുന്നു:
“(‘മാരിയ’യുമായി ബന്ധപ്പെട്ട കഥയുടെ) ദുർബലത, അതിന്റെ നിവേദകന്മാർ വിശ്വസ്തരും നീതിമാന്മാരുമല്ല എന്നതാണ്.” (തഫ്സീറുൽ ക്വുർതുബി: 18: 179)

കാദി ഇയാദ് (ജനനം: ഹി: 476) പറഞ്ഞു: “നബിയേ, നീയെന്തിനാണ് ഭാര്യമാരുടെ പ്രീതി കാംക്ഷിച്ച് അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാക്കുന്നത്?” എന്ന ക്വുർആൻ വചനം (സൂറത്തു തഹ്‌രീം: 1) അവതരിപ്പിക്കപ്പെടാനുള്ള പശ്ചാത്തലത്തെ സംബന്ധിച്ച് വ്യത്യസ്ത നിവേദനങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകൻ തേൻ കുടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് വചനം ഇറക്കപ്പെട്ടത് എന്നാണ് പ്രവാചക പത്നി ആഇശ (റ) വ്യക്തമാക്കുന്നത്…
സ്വഹീഹായ (സ്വീകാര്യയോഗ്യം) ഒരു പരമ്പരയിലൂടെയും സ്ഥാപിതമായിട്ടില്ലാത്ത ‘മാരിയ’യുമായി ബന്ധപ്പെട്ട കഥയല്ല അവതരണ പശ്ചാത്തലം.”
(അൽ ബദറുൽ മുനീർ: ഇബ്നു മുലക്കിൻ: 8:79)

ഇമാം സ്വൻആനി ഈ അഭിപ്രായം തന്നെ ആവർത്തിക്കുന്നു. (അത്തഹ്‌രീറുൽ ഈദാഹ് മആനി തയ്സീർ: 2: 418)

പരമ്പര മുറിഞ്ഞ കാരണത്താൽ ഇമാം മിസ്സിയും (ജനനം: ഹി 654) ഈ കഥ ദുർബലമാണെന്ന് വ്യക്തമാക്കുന്നു.
(തുഹ്ഫതുൽ അശ്റാഫ് ബി മഅ്’രിഫതിൽ അത്റാഫ്: 12: 170)

ഇബ്നു കുദാമ (മുഗ്നി: 9:509), ഇബ്നു ആശൂർ (അത്തഹ്‌രീർ വത്തൻവീർ: 28: 345), ഇബ്നു ഉസൈമീൻ (ഫത്ഹു ദിൽ ജലാലി വൽ ഇക്റാം: 5:71) എന്നീ പണ്ഡിതരും മാരിയയുമായ ബന്ധപ്പെട്ട ഈ കഥ ദുർബലമാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്.

ശൈഖ് സ്വുഹൈബ് ഹസൻ ഇബ്നു അബ്ദുൽ ഗഫ്ഫാറിനോട് ഈ കഥയെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു: “ഒരു പരിഗണനയും അർഹിക്കാത്തതാണ് ഈ കഥ.”

മുബാറക്ഫൂരി രേഖപ്പെടുത്തി:
“ഖാസിൻ (ജനനം: ഹി 678) തന്റെ തഫ്സീറിൽ പറഞ്ഞു: പണ്ഡിതന്മാർ ഇപ്രകാരം പ്രസ്ഥാവിച്ചിരിക്കുന്നു: ക്വുർആൻ വചനം (സൂറത്തു തഹ്‌രീം: 1) അവതരിപ്പിക്കപ്പെടാനുള്ള പശ്ചാത്തലത്തെ സംബന്ധിച്ച സ്വഹീഹായ (സ്വീകാര്യയോഗ്യം) നിവേദനം, പ്രവാചകൻ തേൻ കുടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ്, അല്ലാതെ മാരിയയുമായി ബന്ധപ്പെട്ട കഥയല്ല അവതരണ പശ്ചാത്തലം. മാരിയയുമായി ബന്ധപ്പെട്ട കഥ ഒരു സ്വഹീഹായ പരമ്പരയിലൂടെയും വന്നിട്ടില്ല. ഇമാം നസാഈ പറഞ്ഞു: തേൻ കുടിച്ചതുമായി ബന്ധപ്പെട്ട, പ്രവാചക പത്നി ആഇശ ഉദ്ധരിച്ച സംഭവം അങ്ങേയറ്റം സ്വഹീഹ് ആണ്.”
(തുഹ്‌ഫതുൽ അഹ്‌വദി: 9 : 162)

ഇമാം നവവി പറഞ്ഞു:
“ക്വുർആൻ വചനം (സൂറത്തു തഹ്‌രീം: 1) അവതരിപ്പിക്കപ്പെടാനുള്ള പശ്ചാത്തലത്തെ സംബന്ധിച്ച നിവേദനങ്ങളിൽ സ്വഹീഹായ (സ്വീകാര്യയോഗ്യം) നിവേദനം, പ്രവാചകൻ തേൻ കുടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് വചനം ഇറക്കപ്പെട്ടത് എന്നാണ്. അല്ലാതെ സ്വഹീഹുൽ ബുഖാരിയിലൊ മുസ്‌ലിമിലൊ വന്നിട്ടില്ലാത്ത, ‘മാരിയ’യുമായി ബന്ധപ്പെട്ട കഥയല്ല അവതരണ പശ്ചാത്തലം. മാരിയയുമായി ബന്ധപ്പെട്ട കഥ ഒരു സ്വഹീഹായ പരമ്പരയിലൂടെയും വന്നിട്ടില്ല. ഇമാം നസാഈ പറഞ്ഞു: തേൻ കുടിച്ചതുമായി ബന്ധപ്പെട്ട പ്രവാചക പത്നി ആഇശ ഉദ്ധരിച്ച സംഭവം അങ്ങേയറ്റം സ്വഹീഹ് ആണ്. ഇതാണ് ഇമാം കാദി ഇയാദിന്റെയും അഭിപ്രായം.”
(ശർഹു മുസ്‌ലിം: 1:77)

ശൈഖ് അബൂ ഹംസ പറഞ്ഞു: “മാരിയയുമായി ബന്ധപ്പെട്ട കഥ സ്വഹീഹായ ഒരു പരമ്പരയിലൂടെയും ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്ന് കാദി ഇയാദ് പറഞ്ഞിരിക്കുന്നു.”

ഇമാം ഇബ്നുൽ അറബി പറഞ്ഞു:
“മാരിയുമായുള്ള ലൈംഗികത പ്രവാചകൻ (സ) സ്വയം നിരോധിച്ചുവെന്ന കഥ സ്വഹീഹായ ഒരു സനദിലൂടെയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല, നീതിമാന്മാരും വിശ്വസ്തരുമായ നിവേദകന്മാരല്ല അത് ഉദ്ധരിച്ചിരിക്കുന്നത്. പരമ്പര മുറിഞ്ഞ നിലയിലും ഈ കഥ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്… സ്വഹീഹായ നിവേദനം ക്വുർആൻ വചനം (സൂറത്തു തഹ്‌രീം: 1) അവതരിപ്പിക്കപ്പെടാനുള്ള പശ്ചാത്തലം പ്രവാചകന്റെ(സ) തേൻ കുടിയുമായി ബന്ധപ്പെട്ടതാണ്. സൈനബിന്റെ അടുക്കൽ വെച്ചാണ് അദ്ദേഹമത് കുടിച്ചത്.”
(അഹ്കാമുൽ ക്വുർആൻ: 4:252)

ഖത്വാബി (ജനനം: ഹി 319) പറഞ്ഞു: “പ്രവാചകൻ (സ) തന്റെ അടിമ സ്ത്രീയായ മാരിയയുമായുളള ശാരീരിക ബന്ധം സ്വയം വർജിച്ചതുമായി ബന്ധപ്പെട്ട കഥയിലാണ് ‘പ്രവാചക ശപഥം’ നടന്നത് എന്ന ചിലരുടെ വാദം ശരിയല്ലെന്നും, തേൻ കുടിക്കുന്നത് പ്രവാചകൻ (സ) സ്വയം നിഷിദ്ധമാക്കിയതുമായി ബന്ധപ്പെട്ടാണ് ‘പ്രവാചക ശപഥം’ നടന്നത് എന്നും ഈ ഹദീസ് തെളിയിക്കുന്നു”.
(മആലിമുസുനന് : 4:272)

print

No comments yet.

Leave a comment

Your email address will not be published.