ദുർബല ഹദീസുകളും കള്ള കഥകളും -2

//ദുർബല ഹദീസുകളും കള്ള കഥകളും -2
//ദുർബല ഹദീസുകളും കള്ള കഥകളും -2
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -2

നബിയെﷺ കുറൈശികൾ കുന്നിൻ ചെരുവിലെ ഈന്തപ്പനമരമെന്നു ഉപമിച്ചുവോ?!!

പുറമ്പോക്കില്‍ നില്‍ക്കുന്ന ഒരു ഈന്തപ്പന മരത്തോട് ഉപമിച്ചു കൊണ്ട് മുഹമ്മദ് നബിയുടെ പിതൃത്വവും കുടുംബ പരമ്പരയും കുറൈശികൾ അധിക്ഷേപിക്കുകയും നിഷേധിക്കുകയും ചെയ്തു.

മറുപടി

ഹദീസ് ദുർബലമാണെന്നതിനു പുറമെ ഹദീസിന്റെ ആശയത്തെ വിമർശകർ ദുർവ്യാഖ്യാനിക്കുക കൂടി ചെയ്തിട്ടുണ്ട്.

കാരണങ്ങൾ:

വിമർശകർ തങ്ങളുടെ വാദത്തിനായി തെളിവുപിടിച്ച നിവേദനം (തുർമുദി: 5/584: ഹദീസ് നമ്പർ: 3607) വളരെ ദുർബലമാണ് (ദഈഫ് ضعيف). നിവേദനത്തിന്റെ നിവേദക പരമ്പര (സനദ് السند) ഇപ്രകാരമാണ്:

حدثنا يوسف بن موسى البغدادي حدثنا عبيد الله بن موسى عن إسماعيل بن أبي خالد عن يزيد بن أبي زياد عن عبد الله بن الحارث عن العباس بن عبد المطلب قال

യൂസുഫുബ്‌നു മുസാ അൽ ബഗ്ദാദി നമ്മോട് പറഞ്ഞു – ഉബൈദുല്ലാഹിബ്‌നു മൂസാ നമ്മോട് പറഞ്ഞു – ഇസ്മാഈൽ ഇബ്‌നു അബീ ഖാലിദിൽ നിന്ന് – യസീദ് ഇബ്‌നു അബീസിയാദിൽ നിന്ന് – അദ്ദേഹം അബ്ദുല്ലാഹിബ്‌നുൽ ഹാരിസിൽ നിന്ന് – അദ്ദേഹം അബ്ബാസിബ്‌നു അബ്ദുൽ മുത്വലിബിൽ നിന്ന്, അദ്ദേഹം പറഞ്ഞു:…

നിവേദക പരമ്പരയിലെ യസീദ് ഇബ്‌നു അബീസിയാദ് വളരെ ദുർബലനാണെന്ന് ഹദീസ് നിദാനശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.

ബൈഹകി പറഞ്ഞു: വിശ്വാസ്യതയുടെ കാര്യത്തിൽ ഒട്ടും ശക്തനല്ല.
ഔസാഈ പറഞ്ഞു: യസീദ് ഹദീസിന്റെ കാര്യത്തിൽ ദുർബലനാണ്, അയാളുടെ ഹദീസ് പ്രവാചക ചര്യക്ക് വിരുദ്ധമാണ്.
ഇബ്‌നു ഹിബ്ബാൻ പറഞ്ഞു: വിശ്വസ്ഥരായ നിവേദകർക്ക് എതിരായ ദുർബല ഹദീസുകൾ ഉദ്ധരിക്കുമായിരുന്നു.
റാസി പറഞ്ഞു: അയാളുടെ ഹദീസ് എഴുതി വെക്കാമെങ്കിലും അവ പ്രാമാണികമല്ല.
ദാറകുത്നി പറഞ്ഞു: ദുർബലൻ, നിവേദനങ്ങളിൽ ധാരാളം തെറ്റുകൾ സംഭവിക്കുന്ന വ്യക്തി.
യഹ്‌യബ്‌നു മഈൻ പറഞ്ഞു: അയാളുടെ ഹദീസ് പ്രമാണമായി സ്വീകരിക്കപ്പെടില്ല, ദുർബലൻ.
(http://hadith.islam-db.com/narrators/8368/يزيد-بن-أبي-زياد)

ചുരുക്കത്തിൽ വിമർശകർ ഉയർത്തിപ്പിടിക്കുന്ന ഹദീസ് ദുർബലമാണ്. മാത്രമല്ല, ഹദീസിന്റെ ആശയം വിമർശകർ ദുർവ്യാഖ്യാനിക്കുക കൂടി ചെയ്തിട്ടുണ്ട്. കാരണം, പ്രവാചകന്റെ (സ) പിതൃത്വമൊ അതിൽ കുറൈശികൾക്കുള്ള സംശയമൊ അല്ല ഈ (ദുർബല) ഹദീസിന്റെ ഉള്ളടക്കം. അതിനായി ആദ്യം നിവേദനത്തിന്റെ വിവർത്തനം കാണുക:

عن العباس بن عبد المطلب قال قلت… يا رسول الله إن قريشا جلسوا فتذاكروا أحسابهم بينهم فجعلوا مثلك كمثل نخلة في كبوة من الأرض فقال النبي صلى الله عليه وسلم إن الله خلق الخلق فجعلني من خيرهم من خير فرقهم وخير صليت ثم تخير القبائل فجعلني من خير قبيلة ثم تخير البيوت فجعلني من خير بيوتهم فأنا خيرهم نفسا وخيرهم بيتا

അബ്ബാസ്‌ ഇബ്‌നു അബ്ദുൽ മുത്വലിബിൽ (റ) നിന്ന്, അദ്ദേഹം പറഞ്ഞു: “ഞാന്‍ പ്രവാചകനോട് (സ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, തീര്‍ച്ചയായും, കുറൈശ് ഗോത്രക്കാര്‍ ചേര്‍ന്ന് ഇരുന്ന്,  അവരുടെ ‘അഹ്സാബി’നെ ( الأحساب ) സംബന്ധിച്ച് പരസ്പരം സംസാരിക്കുകയുണ്ടായി. എന്നാല്‍ താങ്കളെ അവര്‍ ഉപമിച്ചത്, പുറമ്പോക്കില്‍ നില്‍ക്കുന്ന ഒരു ഈന്തപ്പനമരത്തോട് ആണ്. (മറ്റൊരു നിവേദനത്തിൽ: ‘പുറമ്പോക്കിലെ തുളസി ചെടി പോലെയാണ് മുഹമ്മദ്’ എന്നും കാണാം: മജ്മഉസ്സവാഇദ്: 8/215 )

അന്നേരം പ്രവാചകന്‍ (ﷺ) പറഞ്ഞു: “തീര്‍ച്ചയായും അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോൾ അവരിൽ ഏറ്റവും ഉത്തമരിലാണ് എന്നെ ആക്കിയത്, അവരിൽ ഏറ്റവും ഉത്തമമായ വിഭാഗത്തിലും, ആ വിഭാഗത്തിലെ ഏറ്റവും മികച്ച രണ്ടു സംഘത്തിലും എന്നെ ഉൾപ്പെടുത്തി. പിന്നെ അവന്‍ ഗോത്രത്തില്‍ നിന്നും ഏറ്റവും നല്ല ഗോത്രത്തെ എനിക്കായി തിരഞ്ഞെടുത്തു, അതില്‍ നിന്നുള്ള കുടുംബങ്ങളില്‍ നിന്നും ഏറ്റവും മികച്ച കുടുബത്തെ തിരഞ്ഞെടുത്തു. ഞാന്‍ അവരുടെ ഇടയില്‍ ഏറ്റവും ഉത്തമനാണ്, അവരുടെ ഇടയിൽ ഏറ്റവും നല്ല കുടുംബത്തില്‍ നിന്നുള്ളവനും.” (തുർമുദി: 5/584: ഹദീസ് നമ്പർ: 3607)

കുറൈശികൾ കൂടിയിരുന്ന് പരസ്പരം ചർച്ച ചെയ്തത് അവർക്കിടയിലെയോ, പ്രവാചകന്റെയോ കുടുംബ പരമ്പരയെ (النسب) സംബന്ധിച്ചല്ല, അവർക്കിടയിലെ ‘അഹ്സാബി’നെ (മഹിമ الأحساب) സംബന്ധിച്ചാണ്. അഹ്സാബ് എന്നതിന്റെ ഏകവചനം ഹസബ് (الحسب) എന്നാണ്. ഹസബും നസബും രണ്ടും വ്യത്യസ്ഥമായ കാര്യങ്ങളാണ്. ഇത് അറബി ഭാഷാ ഗ്രന്ഥങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാം.

“ഒരു മനുഷ്യൻ തന്നിലും തന്റെ പ്രപിതാക്കന്മാരിലും അഭിമാന ഹേതുവായി പരിഗണിക്കുന്നവയാണ് ഹസബ്. ഒരാളുടെ ഹസബ് അയാളുടെ മതമോ ധനമോ സംഘശക്തിയോ ആകാം. പ്രവർത്തനങ്ങളിലൂടെയും കർമ്മങ്ങളിലൂടെയും നേടിയെടുക്കുന്ന മഹിമയാണ് ഹസബ്. പിതാക്കന്മാരെ കൂടാതെ തന്നെ ഹസബും കറമും (ഉദാരത) ഉണ്ടാകാം. എന്നാൽ ബഹുമാനവും മഹത്വവും പിതാക്കന്മാരിലൂടെയല്ലാതെ സിദ്ധിക്കില്ല. അഥവാ പിതൃത്വമോ കുടുംബ പരമ്പരയോ ആയി ബന്ധപ്പെട്ട ഒന്നല്ല ഹസബ്.”
(മുഖ്താറുസ്സിഹാഹ്: 1/57, അന്നിഹായ ഫീ ഗരീബിൽ ഹദീസ്: 1/381)

പുറമ്പോക്കില്‍ നില്‍ക്കുന്ന ഒരു ഈന്തപ്പനമരത്തോട് ഉപമിച്ചു കൊണ്ട് മുഹമ്മദ് നബിയുടെﷺ പിതൃത്വവും കുടുംബ പരമ്പരയും അധിക്ഷേപിക്കുകയും നിഷേധിക്കുകയുമല്ല കുറൈശികൾ ചെയ്തത്. മറിച്ച് അവർക്കിടയിൽ പരസ്പരം നിലനിൽക്കുന്ന ഗോത്ര വിധ്വേഷമാണ് അവർ പ്രകടിപ്പിച്ചത്. ഹാശിം കുടുംബത്തെയാണ് അവർ പുറമ്പോക്കെന്ന് പറഞ്ഞ് ആക്ഷേപിച്ചത്. അതേസമയം മുഹമ്മദ് നബിയെ, അറബികളുടെ അടുക്കൽ ഏറ്റവും ആദരണീയമായ ഈന്തപ്പനമരത്തോടും തുളസി ചെടിയോടുമാണ് ഉപമിച്ചത്. ഇതിൽ നിന്ന് തന്നെ പ്രവാചകനെ ആക്ഷേപിക്കുകയോ അദ്ദേഹത്തിന്റെ പിതൃത്വത്തെ ചോദ്യം ചെയ്യുകയോ അല്ല എന്ന് വ്യക്തമായി മനസ്സിലാക്കാം.

മുഹമ്മദ് നബിയുടെﷺ പിതൃത്വവും കുടുംബ പരമ്പരയും കുറൈശികൾ അധിക്ഷേപിക്കുകയും നിഷേധിക്കുകയും ചെയ്തു എന്നത് വിചിത്ര വാദവും മൗഢ്യവുമാണ്. കാരണം സ്ഥാപിതവും സ്വീകാര്യയോഗ്യവുമായ ചരിത്ര നിവേദനങ്ങളും ഹദീസുകളും തെളിയിക്കുന്നത് നേർ വിപരീതമാണ്:

1. പ്രവാചകന്റെ(സ) ജനനവുമായി ബന്ധപ്പെട്ട ഒരു ദീർഘമായ ഹദീസിന്റെ ആശയ സംഗ്രഹം ഇപ്രകാരമാണ്:

ജൂതന്മാരിൽ നിന്ന് ഒരാൾ മക്കയിൽ കച്ചവട ആവശ്യാർത്ഥം താമസിക്കുകയുണ്ടായി. പ്രവാചകൻ (സ) ജനിച്ച രാത്രി അയാൾ കുറൈശികളുടെ സദസ്സിൽ വന്ന് ‘ഇന്ന് രാത്രി വല്ല കുഞ്ഞും പിറന്നോ’ എന്ന് ചോദിക്കുകയുണ്ടായി. വല്ല കുഞ്ഞും പിറന്നോ എന്ന് അന്വേഷിക്കാനായി ജൂതൻ കുറൈശികളോട് ആവശ്യപ്പെട്ടു, ഇന്ന് ഈ സമുദായത്തിൽ ഒരു പ്രവാചകൻ പിറക്കുമെന്നും ആ കുഞ്ഞിന്റെ മുതുകിൽ ഒരു അടയാളമുണ്ടാകുമെന്നും അവരോട് പറയുകയും ചെയ്തു. കുറൈശികൾ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി പോവുകയും ഭാര്യമാരോട് കാര്യം പറയുകയും ചെയ്തു. അപ്പോൾ ഭാര്യമാർ പറഞ്ഞു: അബ്ദുല്ല ഇബ്‌നു അബ്ദുൽ മുത്വലിബിന് ഇന്ന് ഒരു കുഞ്ഞു പിറന്നിട്ടുണ്ട്. അവർ ആ കുഞ്ഞിന് മുഹമ്മദ് എന്ന് പേരിടുകയും ചെയ്തു. ഈ വിവരം കുറൈശികൾ ജൂതനെ അറിയിച്ചു. ഹിശാമിബ്‌നു വലീദിബ്‌നു മുഗീറ, മുസാഫിർ ഇബ്‌നു അബീ അംറ്, ഉബൈദ ഇബ്‌നുൽ ഹാരിസ് ഇബ്‌നു അബ്ദുൽ മുത്വലിബ്, ഉത്ബത്തിബ്‌നു റബീഅ തുടങ്ങി കുറൈശികളിലേയും ബനൂ മനാഫ് കുടുംബത്തിലേയും നേതാക്കളുമൊത്ത് ജൂതൻ ആമിനയുടെ വീട്ടിലേക്ക് പോയി. കുഞ്ഞിന്റെ മുതുകിൽ പ്രവാചകനുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട മുദ്ര /അടയാളം കണ്ട ജൂതൻ ബോധരഹിതനായി വീണു. ഉണർന്നപ്പോൾ കാര്യമന്വേഷിച്ച കുറൈശികളോട്, പ്രവാചകത്വം ഇസ്രാഈല്യരിൽ നിന്ന് കുറൈശികളിലേക്ക് നീക്കപ്പെട്ടല്ലൊ എന്ന് ജൂതൻ പരിതപിച്ചു. (അൽ മുസ്തദ്റക് അല സ്വഹീഹൈൻ: 2/656: ഹദീസ് നമ്പർ: 4177)

2. പ്രവാചകനും കുറൈശികളും തമ്മിൽ ഹുദൈബിയ സമാധാന കരാർ എഴുതവെ പ്രവാചകൻ (സ) അനുചരൻ അലിയോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ മുഹമ്മദിൽ നിന്ന് എന്നെഴുതുക. അപ്പോൾ കുറൈശി നേതാവ് സുഹൈൽ ഇബ്‌നു അംറ് പറഞ്ഞു: നീ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങൾ അംഗീകരിച്ചിരുന്നുവെങ്കിൽ ഞങ്ങൾ നിന്നെ (മതത്തിൽ) പിന്തുടരുമായിരുന്നല്ലോ. അതുകൊണ്ട് നിന്റെ പേരും നിന്റെ പിതാവിന്റെ പേരും എഴുതുക. അപ്പോൾ പ്രവാചകൻ (സ) അലിയോട് (റ) പറഞ്ഞു: അബ്ദുല്ലയുടെ മകൻ മുഹമ്മദിൽ നിന്ന് എന്നെഴുതുക. (സ്വഹീഹു മുസ്‌ലിം: 3/1411: ഹദീസ് നമ്പർ: 1784)

3. അബ്‌സീനിയ ഭരിച്ചിരുന്ന ക്രിസ്ത്യൻ രാജാവ് നജ്ജാശിയോട് ജഅ്ഫർ (റ) പറഞ്ഞു:
“രാജാവേ! ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. ഞങ്ങള്‍ ബിംബങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും മ്ലേച്ഛതകൾ പ്രവർത്തിക്കുകയും കുടുബബന്ധങ്ങള്‍ മുറിക്കുകയും അയല്‍ക്കാരെ ഉപദ്രവിക്കുകയും ഞങ്ങളിലെ ശക്തർ ദുർബലരുടെ ധനം ഭുജിക്കുകയും ചെയ്യുന്നവരായിരുന്നു. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളില്‍നിന്നു തന്നെ ഒരു ദൈവദൂതനെ നിയോഗിച്ചു. അദ്ദേഹത്തിന്റെ കുടുംബ പരമ്പരയും സത്യസന്ധതയും വിശ്വസ്തതയും സൽസ്വഭാവവും ഞങ്ങള്‍ക്ക് നന്നായി അറിയാം. അദ്ദേഹം ഞങ്ങളെ ദൈവത്തിലേക്ക് ക്ഷണിച്ചു. ദൈവം ഏകനാണെന്ന് വിശ്വസിക്കാനും അവനെ മാത്രം ആരാധിക്കാനും, അവനു പുറമെ ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വ പിതാക്കളും ആരാധിച്ചിരുന്ന ബിംബങ്ങളേയും കൽ പ്രതിമകളേയും മറ്റും ഉപേക്ഷിക്കുവാനും ഞങ്ങളോടു കല്‍പ്പിച്ചു. കൂടാതെ, സത്യം പറയുക, വിശ്വസിച്ചേൽപ്പിച്ചവ സത്യസന്ധമായി നിർവ്വഹിക്കുക, കുടുംബബന്ധം ചേര്‍ക്കുക, അയല്‍ക്കാർക്ക് നന്മ ചെയ്യുക എന്നെല്ലാം ഞങ്ങളോട് കൽപ്പിച്ചു. കൊലയും, രക്തച്ചൊരിച്ചിലും, വ്യഭിചാരവും, കളവും, അനാഥകളുടെ സമ്പത്ത് തട്ടിയെടുത്ത് ഭുജിക്കലും മാന്യവതികളായ സ്ത്രീകളെ സംബന്ധിച്ച് ദുരാരോപണങ്ങൾ ഉന്നയിക്കുന്നതുമെല്ലാം അദ്ദേഹം ഞങ്ങളോട് വിരോധിക്കുകയും ചെയ്തു. നമസ്‌ക്കരിക്കാനും വ്രതമനുഷ്ടിക്കാനും (പാവപ്പെട്ടവർക്ക് നിർബന്ധ ദാനമായ) സക്കാത്ത് നൽകാനും ഞങ്ങളോട് കൽപ്പിച്ചു.
(സ്വഹീഹു ഇബ്‌നു ഖുസൈമ: 4/13: ഹദീസ് നമ്പർ: 2260, സീറത്തു ഇബ്‌നു ഇസ്ഹാക്: 213, മുസ്നദു അഹ്മദ്: 3/180, സീറത്തു ഇബ്‌നു ഹിശാം: 3/413, സ്വഹീഹു സീറത്തു ന്നബവിയ്യ: ത്വർഹൂനി: 1/340, ത്വബ്റാനി, ബസ്സാർ, ത്വയാലിസി)

മുകളിലെ ഹദീസിലെ نَعرِف نسبه وصدقه وأمانته وعفافه “അദ്ദേഹത്തിന്റെ കുടുംബ പരമ്പരയും സത്യസന്ധതയും വിശ്വസ്തതയും സൽസ്വഭാവവും ഞങ്ങള്‍ക്ക് നന്നായി അറിയാം….” എന്ന വരി പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു.

4. പ്രവാചക കാലഘട്ടത്തിലെ റോമൻ ചക്രവർത്തി ഹിർക്കലിന്റെ ചരിത്രവും ഇതിന് തെളിവാണ്:

ആവിർഭാവ കാലഘട്ടത്തിൽ, ഇസ്‌ലാമിനെ സംബന്ധിച്ച് കേൾക്കുകയും അതിൽ കൗതുകം ജനിക്കുകയും ചെയ്ത ഹിർക്കൽ ചക്രവർത്തി ശാമിൽ കച്ചവടത്തിനായി വന്നു ചേർന്ന, പ്രവാചകന്റെ എതിരാളിയും കുറൈശി നേതാവുമായ അബൂസുസുഫ്‌യാനെ ചക്രവർത്തിയുടെ സന്നിധിലേക്ക് ക്ഷണിച്ചു വരുത്തി. സംഭവം അബൂസുഫ്‌യാൻ തന്നെ വിശദീകരിക്കുന്നു:

“ഞങ്ങൾ ഒരു കച്ചവട സംഘത്തിലായിരിക്കെ ഹിർക്കൽ ഒരു ദൂതനെ അയച്ചു അദ്ദേഹത്തിന്റെ അടുത്ത് ഹാജരാകാൻ കൽപ്പിച്ചു. കുറൈശികളും അല്ലാഹുവിന്റെ ദൂതനും അക്കാലത്ത് സമാധാന സന്ധിയിലേർപ്പെട്ടിരിക്കുകയായിരുന്നു. അങ്ങനെ അബൂസുഫ്‌യാനും കച്ചവട സംഘവും ഈലിയായിൽ ഹിർക്കലിന്റെ അടുത്തു ചെന്നു. ഹിർഖൽ അവരെ തന്റെ സദസ്സിലേക്ക് ക്ഷണിച്ചു. ചക്രവർത്തിക്ക് ചുറ്റും റോമിലെ പ്രധാനികളും പ്രമാണികളും ഹാജരുണ്ടായിരുന്നു. ചക്രവർത്തി തന്റെ പരിഭാഷകരേയും കൊണ്ടുവന്നു:

“നിങ്ങളിൽ ആർക്കാണ്, താൻ പ്രവാചകനാണെന്ന് വാദിക്കുന്ന ഈ വ്യക്തിയുമായി അടുത്ത കുടുംബ ബന്ധമുള്ളത് ?” എന്ന് ചക്രവർത്തി ചോദിച്ചു. “ഞാൻ പറഞ്ഞു: ഞാനാണ് ഈ കൂട്ടത്തിൽ അദ്ദേഹത്തോട് ഏറ്റവും അടുത്ത കുടുംബ ബന്ധമുള്ളയാൾ.” ഹിർക്കൽ പറഞ്ഞു; “അദ്ദേഹത്തെ എന്റെ അടുത്തേക്ക് കൊണ്ടു വരൂ, അദ്ദേഹത്തിന്റെ കൂട്ടാളികളെ അദ്ദേഹത്തിന്റെ പിറകിൽ നിർത്തൂ.” എന്നിട്ട്  ഹിർക്കൽ പരിഭാഷകനോട് പറഞ്ഞു: “അവരോട് പറയൂ: ഞാൻ മുഹമ്മദെന്ന വ്യക്തിയെ പറ്റി അബൂസുഫ്‌യാനോട് ചിലത് ചോദിക്കും,  അബൂസുഫ്‌യാൻ കളവ് പറഞ്ഞാൽ  അദ്ദേഹം പറയുന്നത് കളവാണെന്ന് പറയണമെന്ന് അദ്ദേഹത്തിന്റെ കൂട്ടാളികളോട് പറയുക.” ശേഷം, ഹിർഖൽ ചക്രവർത്തി ചോദിച്ച ആദ്യത്തെ ചോദ്യം: “അദ്ദേഹത്തിന്റെ (മുഹമ്മദ് നബി (ﷺ)) കുടുംബ പരമ്പര എങ്ങനെയാണ്?” എന്നായിരുന്നു. ഞാൻ പറഞ്ഞു: “അദ്ദേഹം (സ) കുടുംബ മഹിമയുള്ള വ്യക്തിയാണ്.”
(ദീർഘമായ സംഭാഷണത്തിന്റെ അവസാന ഭാഗത്തിൽ ഇപ്രകാരം കാണാം:)
…ശേഷം ഹിർക്കൽ പരിഭാഷകനോട് പറഞ്ഞു: “അദ്ദേഹത്തോട് പറയുക: മുഹമ്മദിന്റെ കുടുംബമഹിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം കുടുംബമഹിമയുള്ളവനാണെന്ന് താങ്കള്‍ പറഞ്ഞു. അപ്രകാരമാണ് പ്രവാചകന്മാരും, സാധാരണ ഗതിയിൽ അവർ കുടുംബ മഹിമയുള്ളവരായിരിക്കും….” (സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 7)

ദുർബല ഹദീസുകളും കള്ള കഥകളും -2

https://www.snehasamvadam.org/ദുർബല-ഹദീസുകളും-കള്ള-കഥക-3/

print

No comments yet.

Leave a comment

Your email address will not be published.