ദുർബല ഹദീസുകളും കള്ള കഥകളും -16

//ദുർബല ഹദീസുകളും കള്ള കഥകളും -16
//ദുർബല ഹദീസുകളും കള്ള കഥകളും -16
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -16

പ്രവാചകൻ (സ) ആത്മഹത്യക്കായി ശ്രമിച്ചുവെന്നോ ?!

വിമർശനം:

വഹ്‌യ് (ദിവ്യബോധനം) ദീർഘകാലം തടയപ്പെടുമ്പോഴെല്ലാം വിഷാദം ബാധിച്ച് മുഹമ്മദ് നബി മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുക പതിവായിരുന്നു. അല്ലാഹുവിന്റെ മലക്കായ ജിബ്‌രീൽ അതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞു കൊണ്ടുമിരുന്നു. ഇത് ‘സ്വഹീഹുൽ ബുഖാരി’യിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

മറുപടി:

1. പ്രവാചകനിലേക്ക്(സ) ചേർക്കപ്പെടുന്ന ഈ “ആത്മഹത്യകഥ”ക്ക് യാതൊരു വിധ പ്രാമാണിക സ്രോതസ്സും അടിത്തറയും ഇല്ല. ദുർബലമായ ചില ചരിത്ര നിവേദങ്ങളിൽ നിന്നും ഒരു നിവേദകന്റെ കേട്ടറിവ് മാത്രമാണ് ഈ അവാസ്തവികമായ “കഥ”യുടെ ആധാരം. ഇസ്‌ലാമിക പ്രമാണങ്ങൾ ക്വുർആനും സ്വഹീഹായ ഹദീസുകളുമാണ്. പ്രവാചക ചരിത്രത്തിന്റെ സ്രോതസ്സും ഇവ രണ്ടും തന്നെ. അല്ലാതെ ഏതെങ്കിലും ഹദീസ് നിവേദകന്റെ – തെളിവുകളുടെ പിൻബലമില്ലാത്ത- “കേട്ടറിവോ” ദുർബല നിവേദനങ്ങളൊ അല്ല.

2. ദിവ്യബോധനത്തിന്റെ ആരംഭം എങ്ങനെയായിരുന്നു എന്ന് വിവരിക്കുന്ന ഒരു ഹദീസുമായി ബന്ധപ്പെട്ടാണ് ഈ കഥ കടന്നുവരുന്നത്. ദിവ്യബോധനത്തിന്റെ ആരംഭത്തെ സംബന്ധിച്ച ആഇശയുടെ(റ) ഹദീസ് സ്വഹീഹുൽ ബുഖാരിയിൽ മൂന്ന് സ്ഥലങ്ങളിൽ (ഹദീസ് നമ്പറുകൾ: 3, 4953, 6581) ആവർത്തിക്കപ്പെടുന്നുണ്ട്. ദീർഘമായ ഈ ഹദീസിന്റെ ചുരുക്കം ഇപ്രകാരമാണ്:

പ്രവാചകന് വഹ്‌യുകളുടെ (ദിവ്യബോധനത്തിന്റെ) ആരംഭം സ്വപ്നങ്ങളിലൂടെയായിരുന്നു. അദ്ദേഹം കാണുന്ന സ്വപ്നങ്ങളൊക്കെ പ്രഭാതോദയം പോലെ പുലരുമായിരുന്നു. പിന്നീട് ഹിറാ ഗുഹയില്‍ ആരാധനയില്‍ മുഴുകി കഴിയുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത് മലക്ക് – ജിബ്‌രീല്‍ വന്ന് അല്ലാഹുവിൽ നിന്നുള്ള വഹ്‌യ് ആദ്യമായി നേരിട്ട് നൽകി. (ക്വുർആനിലെ 96 ആം അധ്യായത്തിലെ ഒന്നു മുതൽ അഞ്ച് വരെയുള്ള വാക്യങ്ങൾ പ്രവാചകന് ഓതി കേൾപ്പിച്ചു.) ഉടനെ പ്രവാചകൻ (സ) പേടിച്ചുവിറയ്ക്കുന്ന ഹൃദയത്തോടെ ഈ സൂക്തങ്ങളുമായി പത്നി ഖദീജയുടെ അടുക്കല്‍ ചെന്നു. തനിക്കെന്തെങ്കിലും കുഴപ്പം ബാധിച്ചോ എന്ന് ഭയപ്പെട്ട പ്രവാചകനെ പത്നി ആശ്വസിപ്പിച്ചു. ഖദീജ (റ) പറഞ്ഞു: “ഇല്ല അല്ലാഹുവാണെ, അവനൊരിക്കലും അങ്ങയെ അപമാനിക്കുകയില്ല. അങ്ങ് കുടുംബബന്ധം പുലര്‍ത്തുന്നു. നിരാലംബരുടെ ഭാരം ചുമക്കുന്നു. അഗതികള്‍ക്ക് (അവകാശങ്ങള്‍) നേടിക്കൊടുക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. ദുരിതബാധിതരെ സഹായിക്കുന്നു.” പിന്നീടവര്‍ പ്രവാചകനേയും കൂട്ടി തന്റെ പിതൃവ്യപുത്രന്‍ വറകതിബ്‌നു നൗഫലിനെ സമീപിച്ചു. വറക്വ ജാഹിലിയ്യാ കാലത്ത് ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹത്തിന് ഹീബ്രു എഴുത്ത് അറിയാമായിരുന്നു. അന്ധനായ പടുവൃദ്ധനായി കഴിഞ്ഞിരുന്ന അദ്ദേഹത്തോട് ഖദീജ (റ) പറഞ്ഞു. പിതൃവ്യപുത്രാ താങ്കളുടെ സഹോദരപുത്രന് പറയാനുള്ളത് കേള്‍ക്കുക, വറക്വ ചോദിച്ചു നീ കണ്ടെതെന്താണ്? കണ്ട വിശേഷങ്ങളെല്ലാം പ്രവാചകൻ (സ) പറഞ്ഞുകേൾപ്പിച്ചു. വറക്വ പ്രതിവചിച്ചു: “മൂസാ(അ)യുടെ അടുത്തേക്ക് അല്ലാഹു അയച്ച രഹസ്യ സൂക്ഷിപ്പുകാരന്‍ (ജിബ്‌രീല്‍) ആണത്. (താങ്കള്‍ പ്രവാചകനാവുമ്പോള്‍) ഞാനൊരു യുവാവായിരുന്നെങ്കില്‍? താങ്കളുടെ ജനത താങ്കളെ ബഹിഷ്‌കരിക്കുന്ന ഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കിലെന്ന് ആശിക്കുന്നു.” ഉടനെ പ്രവാചകൻ (സ) ചോദിച്ചു: “അവരെന്നെ പുറത്താക്കുമെന്നോ?” വറക്വ പറഞ്ഞു: “അതെ, താങ്കള്‍ കൊണ്ടുവന്നതു പോലെയുള്ളത് കൊണ്ടുവന്നവരൊക്കെ എതിര്‍ക്കപ്പെട്ടിട്ടുണ്ട്. ആ നാളുകളില്‍ ഞാനുണ്ടെങ്കില്‍ സുശക്തമായ പിന്‍ബലം നല്‍കി സഹായിക്കും.” ഏറെ കഴിയുംമുമ്പേ വറക്വ മരണമടഞ്ഞു. കുറച്ച് കാലത്തേക്ക് വഹ്‌യും നിലച്ചു. പ്രവാചകനെ (സ) ഈ രണ്ടു സംഭവങ്ങളും ദുഖിപ്പിച്ചു.

സ്വഹീഹുൽ ബുഖാരിയിൽ മൂന്ന് സ്ഥലങ്ങളിൽ (ഹദീസ് നമ്പറുകൾ: 3, 4953, 6581) ആവർത്തിക്കപ്പെടുന്ന സ്വഹീഹായ ഹദീസിന്റെ ഉള്ളടക്കം ഇതാണ്. ഇതിൽ പ്രവാചകൻ (സ) പിന്നീട് വിഷാദത്തിൽ ആണ്ടു പോയെന്നോ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നോ ഒന്നുമില്ല.!!

3. എന്നാൽ 6581 ആം നമ്പർ ഹദീസിൽ നാം വിവരിച്ച സംഭവത്തിന് തുടർച്ചയായി ഹദീസ് ഉദ്ധരിക്കുന്ന റാവിമാരിൽ ഒരാളായ ഇബ്നു ശിഹാബ് അസ്സുഹ്‌രി ഈ സംഭവവുമായി ബന്ധപ്പെട്ട് തനിക്കു കിട്ടിയ ഒരു ചരിത്ര നിവേദനം സാന്ദർഭികമായി കൂട്ടി ചേർത്ത് പറയുന്നുണ്ട്. അതിന്റെ ചുരുക്കം ഇപ്രകാരമാണ്:

വറക്വയുടെ മരണവും കുറച്ചു കാലത്തേക്ക് വഹ്‌യ് നിലച്ചതും പ്രവാചകന് തീവ്രമായ വിഷാദമുണ്ടാക്കി. അദ്ദേഹം മലയിൽ നിന്ന് ചാടി മരിക്കാൻ തുനിഞ്ഞു. അപ്പോൾ അല്ലാഹുവിന്റെ മലക്കായ ജിബ്‌രീൽ അദ്ദേഹത്തെ തടയുകയും “താങ്കൾ അല്ലാഹുവിന്റെ സത്യദൂതൻ തന്നെ” എന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഈ കഥ, ദിവ്യബോധനത്തിന്റെ ആരംഭത്തെ സംബന്ധിച്ച, ആഇശയുടെ (റ) സ്വഹീഹായ ഹദീസിന്റെ ഭാഗമല്ല. ആയിരുന്നെങ്കിൽ ആഇശയുടെ (റ) ഹദീസ് ആവർത്തിക്കപ്പെടുന്നിടത്തെല്ലാം (ഹദീസ് നമ്പറുകൾ: 3, 4953, 6581) ഈ “ആത്മഹത്യ കഥ”യും ആവർത്തിക്കപ്പെടുമായിരുന്നു. സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് നമ്പർ: 3, ഹദീസ് നമ്പർ: 4953 എന്നിവിടങ്ങളിൽ ഈ “ആത്മഹത്യ കഥ”യുടെ വാൽകഷ്‌ണം നമുക്ക് കാണാൻ കഴിയില്ല. 6581 ആം നമ്പറായി ഉദ്ധരിക്കപ്പെട്ടിടത്ത് മാത്രമാണ്, ഹദീസിന് അനുബന്ധമെന്നോണം “ആത്മഹത്യ കഥ” ചേർക്കപ്പെട്ടിരിക്കുന്നത്.

“നമ്മുടെ അടുക്കൽ എത്തിയ ഒരു വിവരമനുസരിച്ച്” (فيما بلغنا) എന്ന് സൂചിപ്പിച്ച് കൊണ്ട് ഇബ്നു ശിഹാബ് അസ്സുഹ്‌രിയാണ് ആത്മഹത്യാ ശ്രമത്തെ സംബന്ധിച്ച ഈ കഥ ഒരു അനുബന്ധമായി കൂട്ടി ചേർത്തിട്ടുള്ളത്. സ്വഹീഹുൽ ബുഖാരിയിൽ 6581 ആം നമ്പർ ഹദീസിന്റെ അവസാന ഭാഗത്ത് ഇത് നമുക്ക് പ്രത്യേകം കാണാൻ സാധിക്കുന്നതാണ്.

അതല്ലാതെ സ്വഹീഹുൽ ബുഖാരിയിൽ മൂന്ന് സ്ഥലങ്ങളിൽ ആവർത്തിക്കപ്പെട്ടിട്ടുള്ള -ദിവ്യബോധനത്തിന്റെ ആരംഭത്തെ സംബന്ധിച്ച- ആഇശയുടെ (റ) ഹദീസിന്റെ ഭാഗമല്ല അത്. ഹദീസുകൾ ഉദ്ധരിക്കുമ്പോഴും കൈമാറുമ്പോഴും ഹദീസുകളുടെ അനുബന്ധമായി അൽപം ചില റാവിമാർ (നിവേദകന്മാർ) ചില അധിക വിവരങ്ങൾ അനുബന്ധമായി ചേർത്തെന്നു വരാം. ഇത്തരം അധികരിച്ച അനുബന്ധങ്ങളെ ഹദീസ് നിദാനശാസ്ത്രത്തിന്റെ സാങ്കേതിക ഭാഷയിൽ ‘മുദ്റജ്’ (المدرج) എന്നാണ് വിളിക്കപ്പെടുക. നിവേദകന്റെ ഈ അധികരിച്ച അനുബന്ധം അഥവാ ‘മുദ്റജ്’ ആ നിവേദനത്തിന്റെ ഭാഗമല്ല. അത് നിവേദകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമായാണ് പരിഗണിക്കപ്പെടുക. അത്തരം അഭിപ്രായങ്ങൾ ഹദീസുമല്ല, സ്വഹീഹുമല്ല, ഇസ്‌ലാമിൽ പ്രമാണവുമല്ല.

അതുകൊണ്ട് തന്നെ, “നമ്മുടെ അടുക്കൽ എത്തിയ ഒരു വിവരമനുസരിച്ച്” ( فيما بلغنا ) എന്ന് സൂചിപ്പിച്ചുകൊണ്ട് ഇബ്നു ശിഹാബ് അസ്സുഹ്‌രി അനുബന്ധമായി കൂട്ടി ചേർത്ത, ഈ “ആത്മഹത്യാ ശ്രമത്തിന്റെ കഥ”, ദിവ്യബോധനത്തിന്റെ ആരംഭത്തെ സംബന്ധിച്ച, ആഇശയുടെ (റ) ഹദീസിന്റെ ഭാഗമല്ല; സ്വഹീഹായ (സ്ഥിരപ്പെട്ടതും വിശ്വസനീയവുമായ) സംഭവവുമല്ല.

ശൈഖ് സ്വാലിഹ് അൽ മുനജ്ജിദ് പറഞ്ഞു:
ആത്മഹത്യയുമായി ബന്ധപ്പെട്ട അധികഭാഗം ആഇശയുടെ (റ) സംസാരത്തിലോ ഹദീസിലോ പെട്ടതല്ല. മറിച്ച്, അത് (നിവേദകന്മാരിൽ ഒരാളായ) സുഹ്‌രിയുടെ വാചകമാണ്. അദ്ദേഹം ‘താബിഈ’കളിൽ(പ്രവാചകാനുചരന്മാരുടെ ശിഷ്യന്മാരായ പിൻതലമുറക്കാർ)പെട്ട വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഈ സംഭവത്തിന് അദ്ദേഹം സാക്ഷിയല്ല. പ്രവാചക ശിഷ്യന്മാരിൽ ആരിൽ നിന്നെങ്കിലുമാണ് ഈ കഥ ഉദ്ധരിക്കുന്നത് എന്ന് സുഹ്‌രി പറഞ്ഞിട്ടുമില്ല. ഇങ്ങനെ, കൃത്യമായ അടിത്തറകളിൽ ഊന്നി കൊണ്ടല്ല ഈ കഥ ഉദ്ധരിക്കുന്നത് എന്നതിനാലാണ് “നമ്മുടെ അടുക്കൽ എത്തിയതനുസരിച്ച്” (فيما بلغنا) എന്ന് സൂചിപ്പിച്ചുകൊണ്ട് ഇബ്നു ശിഹാബ് അസ്സുഹ്‌രി, ആത്മഹത്യയുമായി ബന്ധപ്പെട്ട അധികഭാഗം ഉദ്ധരിച്ചത്.”
(ഇസ്‌ലാം സുആൽ വൽജവാബ്: 152611)

ثم إن القائل ” فيما بَلَغَنا ” هو الزهري ، ومعنى الكلام : أن في جملة ما وصل إلينا من خبر رسول الله صلى الله عليه وسلم في هذه القصة . وهو من بلاغات الزهري وليس موصولاً ، وقال الكرماني : هذا هو الظاهر .

ഇബ്നു ഹജർ അൽ അസ്കലാനി പറഞ്ഞു:
” “നമ്മുടെ അടുക്കൽ എത്തിയ ഒരു വിവരമനുസരിച്ച്” (فيما بلغنا) എന്ന് പറഞ്ഞിരിക്കുന്നത് സുഹ്‌രിയാണ്. ആ പറഞ്ഞതിന്റെ അർത്ഥം: ഈ കഥയുമായി ബന്ധപ്പെട്ട് നമ്മുടെ അടുക്കൽ എത്തിപ്പെട്ട മൊത്തം വിവരങ്ങളിൽ പെട്ടതാണ് (പ്രവാചകൻ (സ) ആത്മഹത്യ ചെയ്യാൻ തുനിഞ്ഞു എന്ന കഥ.) ഈ കഥയാകട്ടെ സുഹ്‌രിയുടെ കേവല കേട്ടറിവുകളിൽ പെട്ടത് മാത്രമാണ്. പ്രവാചകനിലേക്കെത്തുന്ന കൃത്യമായ ഒരു നിവേദക പരമ്പരയും അദ്ദേഹത്തിനടുക്കൽ ഇല്ല. കർമാനി പറഞ്ഞു: ഇതാണ് പ്രത്യക്ഷ സത്യം.”
(ഫത്ഹുൽ ബാരി: 12:359)

നിവേദകപരമ്പര മുറിഞ്ഞ അല്ലെങ്കിൽ നിവേദകപരമ്പര പറയാത്ത സുഹ്‌രിയുടെ ഇത്തരം അധികരിച്ച അനുബന്ധാഭിപ്രായം മുർസൽ (مرسل) എന്ന ദുർബല നിവേദനങ്ങളിലാണ് ഉൾപ്പെടുക എന്നും ഒരു കാറ്റു പോലെ അടിത്തറയില്ലാത്തവയാണ് സുഹ്‌രിയുടെ ഇത്തരം മുർസലുകൾ എന്നും ഇമാം യഹ്‌യബ്നു സഈദ് അൽകത്വാൻ വ്യക്തമാക്കുന്നുണ്ട്. (ജാമിഉത്തഹ്സ്വീൽ: സ്വലാഹുദ്ദീൻ അലാഈ: 78, തദ്കിറത്തുൽ ഹുഫ്ഫാദ്: 1:1-5)

هذا من كلام الزهري أو غيره ، غير عائشة ، والله أعلم ؛ لقوله : ” فيما بلغنا ” ، ولم تقل عائشة في شيء من هذا الحديث ذلك .
അബൂ ശാമ അൽ മക്ദസി പറഞ്ഞു: ” “നമ്മുടെ അടുക്കൽ എത്തിയ ഒരു വിവരമനുസരിച്ച്” (فيما بلغنا) എന്ന വാചകം സുഹ്‌രിയുടേതോ മറ്റൊരു റാവിയുടെതോ ആകുന്നു; അത് ആഇശയുടെ (റ) ഹദീസിൽ പെട്ടതല്ല. ഹദീസിലെവിടെയും “നമ്മുടെ അടുക്കൽ എത്തിയ ഒരു വിവരമനുസരിച്ച്” എന്ന് ആഇശ (റ) പറയുന്നില്ല…”
(ശർഹുൽ ഹദീസിൽ മുക്തഫാ : 177)

4. സ്വഹീഹുൽ ബുഖാരി എന്ന ഗ്രന്ഥത്തിന്റെ യഥാർത്ഥ നാമം “അല്ലാഹുവിന്റെ ദൂതന്റെ കാര്യവിവരങ്ങൾ- ചര്യകൾ- യുദ്ധങ്ങൾ എന്നിവയുടെ ഹ്രസ്വ വിവരണങ്ങളായ ‘സ്വഹീഹും’ ‘മുസ്നദു’മായ ഹദീസുകളുടെ സമാഹാരം” (الجامع المسند الصحيح المختصر من أُمور رسول الله صلى الله عليه وسلّم وسننه وأيامه) എന്നാണ്.

ഗ്രന്ഥത്തിന്റെ നാമം സൂചിപ്പിക്കുന്നതു പോലെ പ്രവാചക ഹദീസുകളിലെ ‘സ്വഹീഹും’ ‘മുസ്നദു’മായവ മാത്രമാണ് ഇസ്‌ലാമിലെ പ്രമാണം. മുസ്നദ് (المسند) എന്നാൽ പ്രവാചകനിലേക്ക് എത്തുന്ന സനദ് (നിവേദക പരമ്പര) ഉള്ളത് എന്നാണ് അർത്ഥം. സ്വഹീഹ് (الصحيح) എന്നാൽ ഈ നിവേദക പരമ്പര ഹദീസ് നിദാന ശാസ്ത്രത്തിന്റെ നിബന്ധനകൾ പൂർത്തീകരിക്കപ്പെട്ട സ്വീകാര്യ യോഗ്യമായ ഹദീസുകളുമാണ്.

സ്വഹീഹുൽ ബുഖാരിയിൽ ‘മുസ്നദായി’ ഉദ്ധരിക്കപ്പെട്ട ‘ഹദീസുകൾ’ എല്ലാം സ്വഹീഹാണെന്നും പ്രമാണമാണെന്നും മാത്രമാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. എന്നാൽ സ്വഹീഹുൽ ബുഖാരിയിൽ ഇത്തരം മുസ്നദായ ഹദീസുകൾക്ക് പുറമെ ധാരാളം ഭാഷാ ചർച്ചകളും, കർമ്മശാസ്ത്ര ചർച്ചകളും, മുഅല്ലക്കായ (പരമ്പര കളഞ്ഞ) നിവേദനങ്ങളും, പണ്ഡിതാഭിപ്രായങ്ങളും തുടങ്ങി അറബി കവിതകൾ വരെ ഉൾപ്പെട്ടിട്ടുണ്ട്… അവയെല്ലാം സ്വഹീഹ് ആണെന്നോ ഇസ്‌ലാമിൽ പ്രമാണമാണെന്നോ മുസ്‌ലിംകളാരും മനസ്സിലാക്കുന്നില്ല; ഇമാം ബുഖാരിയും അഭിപ്രായപ്പെട്ടിട്ടുമില്ല. ഇമാം ബുഖാരി തന്നെയും വാദിച്ചത് തന്റെ ഈ ഗ്രന്ഥത്തിലെ ‘മുസ്നദായ ഹദീസുകളെല്ലാം സ്വഹീഹാണെന്ന്’ മാത്രമാണ്. ആത്മഹത്യക്കായി പ്രവാചകൻ (സ) ചിന്തിച്ചു എന്ന കഥയാകട്ടെ മുസ്നദായ (സനദോടു കൂടിയ) ഒരു ഹദീസ് അല്ല. ആഇശയുടെ ഹദീസിന് അനുബന്ധമായി, സുഹ്‌രി ഉദ്ധരിച്ച സനദില്ലാത്ത ഒരു കേവലാഭിപ്രായമാണ്.

5. വറക്വയുടെ മരണവും ദീർഘ കാലത്തേക്ക് വഹ്‌യ് നിലച്ചതും പ്രവാചകനിലുണ്ടാക്കിയ (സ) തീവ്രമായ വിഷാദത്താൽ പ്രേരിതനായി അദ്ദേഹം (സ) മലമുകളിൽ നിന്ന് ചാടി മരിക്കുന്നതിനെ സംബന്ധിച്ച് ചിന്തിച്ചുവെന്ന് സൂചിപ്പിക്കുന്ന ഈ നിവേദനം സ്വഹീഹുൽ ബുഖാരിയിലല്ലാതെ മറ്റു ചില ചരിത്ര ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട് എങ്കിലും പ്രസ്തുത നിവേദനങ്ങളെല്ലാം സംശയലേശമന്യേ ദുർബലവും കെട്ടു കഥകളും തന്നെയാണ്.

a) ഇബ്‌നു മർദൂയയുടെ തഫ്‌സീറിൽ ഉദ്ധരിക്കപ്പെട്ട, കഥയുടെ നിവേദക പരമ്പരയിൽ മുഹമ്മദിബ്‌നു കസീർ എന്ന റാവിയുണ്ട്. ഇയാൾ ദുർബലനും ഓർമ്മക്കുറവുള്ള വ്യക്തിയുമാണ്. അതുകൊണ്ട് തന്നെ “നമ്മുടെ അടുക്കൽ എത്തിയ ഒരു വിവരമനുസരിച്ച്” (فيما بلغنا) എന്ന സുഹ്‌രിയുടെ വാചകം ഒഴിവാക്കി കൊണ്ടാണ് ഇയാൾ കഥ ഉദ്ധരിക്കുന്നതും.
(സിൽസിലത്തു ദ്ദഈഫ: 10:453)

b) ഇബ്‌നു സഅ്ദിന്റെ ‘ത്വബക്കാത്തി’ൽ ഉദ്ധരിക്കപ്പെട്ട, കഥയുടെ നിവേദനം വ്യാജമാണ് (മൗദൂഅ്). നിവേദക പരമ്പര ഇപ്രകാരമാണ്.

أخبرنا محمد بن عمر قال حدثني إبراهيم بن محمد بن أبي موسى عن داود بن الحصين عن أبي غطفان بن طريف عن ابن عباس أن رسول الله صلى الله عليه وسلم…

നിവേദക പരമ്പരയിലെ മുഹമ്മദിബ്‌നു ഉമർ എന്ന റാവി, നിവേദനങ്ങൾ വ്യാജമായി നിർമ്മിച്ചുണ്ടാക്കുന്ന വ്യക്തിയാണെന്ന് ആരോപിക്കപ്പെടുന്നു. മറ്റൊരു റാവിയായ ഇബ്രാഹിം ഇബ്‌നു മുഹമ്മദിബ്‌നു അബീ മൂസാ, ‘മത്റൂക്’ (متروك) അഥവാ കളവു പറയുന്നതായി ആരോപിക്കപ്പെടുന്ന വ്യക്തിയാണ്. (സിൽസിലത്തു ദ്ദഈഫ: 10:451)

c) ത്വബ്‌രി ഉദ്ധരിച്ച നിവേദനത്തിന്റെ പരമ്പര:

حدثنا ابن حميد قال حدثنا سلمة عن محمد بن إسحاق قال حدثني وهب بن كيسان مولى آل الزبير قال سمعت عبد الله بن الزبير وهو يقول لعبيد بن عمير بن قتادة الليثي : حدِّثنا يا عبيد كيف كان بدء ما ابتدئ به رسول الله صلى الله عليه و سلم من النبوة حين جاء جبريل عليه السلام فقال عبيد…

ഈ നിവേദകപരമ്പരയിലെ പ്രധാനപ്പെട്ട മൂന്ന് ന്യൂനതകൾ ഇവയാണ്:

ഒന്ന്, നിവേദകപരമ്പരയിലെ റാവിയായ ഉബൈദ് ഇബ്‌നു ഉമർ പ്രവാചക ശിഷ്യനല്ലാത്തതിനാൽ സംഭവത്തിന് സാക്ഷിയല്ല. അപ്പോൾ പ്രവാചകനിലേക്കെത്തുന്ന പരമ്പരയില്ല.
രണ്ട്, സലമ ഇബ്‌നുൽ ഫദ്ൽ അൽ അബ്റശ് എന്ന റാവി തീരെ ഓർമ്മ പിശകുള്ള വ്യക്തിയാണ്.
മൂന്ന്, ഇബ്‌നു ഹുമൈദ് അങ്ങേയറ്റം ദുർബലനാണ്. അബൂ സർഅ അർറാസിയെ പോലെയുള്ള ഒരു സംഘം ഹദീസ് പണ്ഡിതർ അയാൾ കളവു പറയുന്ന വ്യക്തിയാണെന്ന് പോലും അഭിപ്രായപ്പെട്ടിരിക്കുന്നു. (സിൽസിലത്തു ദ്ദഈഫ: 10:455-457)

പ്രവാചകൻ (സ) മലയിൽ നിന്ന് ചാടി മരിക്കാൻ തുനിഞ്ഞപ്പോൾ അല്ലാഹുവിന്റെ മലക്കായ ജിബ്‌രീൽ അദ്ദേഹത്തെ തടയുകയും “താങ്കൾ അല്ലാഹുവിന്റെ സത്യദൂതൻ തന്നെ” എന്ന് ഉറപ്പ് നൽകുകയും ചെയ്തു എന്ന കഥയിലെ പ്രസ്ഥാവനയിൽ നിന്നു തന്നെ കഥ വാസ്തവ വിരുദ്ധമാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളു. കാരണം, താൻ പ്രവാചകനാണെന്ന സത്യത്തിൽ ഒരു നിമിഷം പോലും മഹാനായ പ്രവാചകൻ മുഹമ്മദ് (സ) ശങ്കിച്ചതായി ക്വുർആനോ സ്വഹീഹായ ഹദീസുകളോ നമ്മുക്ക് അറിവു നൽകുന്നില്ല. താൻ ജീവിക്കുന്ന സമൂഹത്തിലെ അന്ധവിശ്വാസ അനാചാരങ്ങളോടുള്ള തന്റെ വിമുഖതയുടെ കാരണമറിയാതെ വിഷാദനായി ഹിറാ ഗുഹയിലേക്ക് ധ്യാനത്തിന് പോയ പ്രവാചകന് (സ) വഹ്‌യിലൂടെ ജീവിത ലക്ഷ്യവും പ്രവാചകത്വ ദൗത്യവും ഏൽപ്പിക്കപ്പെടുകയാണ് ഉണ്ടായത്. ഇത് ഒരാളുടെ വിഷാദത്തെ ആവേശത്തിലേക്കും നിരാശയെ ജീവിതോന്മുഖതയിലേക്കുമാണ് നയിക്കുക. “മനുഷ്യനായതു കൊണ്ട് തന്നെ വഹ്‌യ് ആദ്യം നൽകപ്പെട്ടപ്പോൾ ഉടലെടുത്ത ആകസ്‌മിക ഭയപ്പാടിൽ നിന്ന് പൂർണ്ണമായ വിമുക്തി കൈവരിക്കാൻ സാവകാശം നൽകി കൊണ്ടാണ് രണ്ടാം വഹ്‌യ് നൽകുന്നതിൽ കാലതാമസമുണ്ടായത്…” എന്ന് ഇബ്‌നു ത്വൂലൂൻ നിരീക്ഷിക്കുന്നുണ്ട്. (സുബുലുൽ ഹുദാ വർറശാദ്: 2:272)

അപ്പോൾ, വറക്വയുടെ മരണവും കുറച്ച് കാലത്തേക്ക് വഹ്‌യ് നിലച്ചതും പ്രവാചകനെ (സ) ദുഖിപ്പിച്ചുവെങ്കിലും, ആത്മഹത്യയിലേക്ക് നയിക്കാൻ മാത്രം ദുർബലമായിരുന്നില്ല ഹിറായിലെ ദിവ്യബോധനത്തിൽ നിന്ന് പുതുതായി അദ്ദേഹത്തിന് ലഭ്യമായ ലക്ഷ്യബോധവും വിശ്വാസ ദർശനവും. ഹൃദയാന്തരാളങ്ങളിലേക്ക് പെയ്തിറങ്ങിയ ആ പുതുമഴ, ഇതിനേക്കാളൊക്കെ എത്രയോ ഭയാനകരമായ പരീക്ഷണാനുഭവങ്ങളെ അതിജീവിക്കാനുള്ള കുളിർമ്മ അദ്ദേഹത്തിന്റെ ജീവിതത്തിന് സമ്മാനിച്ചിട്ടുണ്ട്. അസഭ്യങ്ങൾ, പരിഹാസങ്ങൾ, കല്ലേറുകൾ, കുറ്റപ്പെടുത്തലുകൾ, കൊലവിളികൾ, കൂക്കുവിളികൾ എന്നിവയിൽ തുടങ്ങി…
ശത്രുക്കൾ അദ്ദേഹത്തേയും അനുചരന്മാരേയും ക്രൂരമായി പീഡിപ്പിച്ചു, പലരേയും കൊന്നു കളഞ്ഞു, പട്ടിണിക്കിട്ടു, ബഹിഷ്ക്കരിച്ചു, യുദ്ധങ്ങൾ അഴിച്ചു വിട്ടു… ഇങ്ങനെ ആയിരമായിരം പരീക്ഷണങ്ങളുടെ അലമാലകൾക്കുമുമ്പിൽ കണ്ണു ചിമ്മാത്ത, ആദർശ അചഞ്ചലതയുടെ ഗിരിവീര്യമായിരുന്നു മുഹമ്മദ് നബി (സ).

print

1 Comment

  • വളരെ വ്യക്തമായ വിശദീകരണം. മുസ്‌ലിം വിരോധികളുടെ ഹദീസ് വിമർശനങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിലൂടെ ഹദീസ് വിജ്ഞാനീയമെന്ന അതിശ്രേഷ്ടമായ വൈജ്ഞാനിക ശാഖയെ കൂടി പരിചയപ്പെടുത്താൻ കഴിയുന്നത് ആശാവഹമാണ്.

    Shibily 24.07.2021

Leave a Reply to Shibily Cancel Comment

Your email address will not be published.