ദുർബല ഹദീസുകളും കള്ള കഥകളും -14

//ദുർബല ഹദീസുകളും കള്ള കഥകളും -14
//ദുർബല ഹദീസുകളും കള്ള കഥകളും -14
ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -14

മുഹമ്മദ് നബി കിണറ്റിൽ മൂത്ര വിസർജ്ജനം നടത്തിയെന്നോ ?!

വിമർശനം:

അനസിന്റെ വീട്ടിനടുത്ത് സ്ഥിതിചെയ്യുന്ന കിണറ്റിൽ മുഹമ്മദ് നബി മൂത്രമൊഴിച്ചു. അതിനു ശേഷം കിണറ്റിലെ വെള്ളത്തിൽ അനുഗ്രഹം നൽകപ്പെട്ടുവെന്നും മധുരകരമായ ആ വെള്ളം ശിഷ്യന്മാർ കുടിക്കാറുണ്ടായിരുന്നെന്നും അനസ് പറയുന്നു.

മറുപടി:

പ്രവാചകൻ (സ) കിണറ്റിൽ മൂത്രമൊഴിച്ചു എന്നത് യഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത ഒരു വ്യാജകഥയാണ്. മുസ്‌ലിം സമുദായത്തിലെ ചില അന്ധവിശ്വാസികൾ ഇത്തരം കഥകളെ കൊണ്ടു നടക്കുന്നു എന്നത് കൊണ്ട് അവ ഇസ്‌ലാമിന്റേയോ, ഇസ്‌ലാമിക പ്രമാണങ്ങളുടേയോ, പ്രവാചക ചരിത്രത്തിന്റേയോ ഭാഗമാണെന്ന് സ്ഥാപിതമാകില്ല.

കാരണങ്ങൾ:

1. കിണർ ഉൾപ്പെടെ ഒഴുകാതെ കെട്ടി നിൽക്കുന്ന ജലത്തിൽ മല-മൂത്ര വിസർജനം നടത്തുന്നത് പ്രവാചകൻ (സ) ശക്തമായി നിരോധിച്ച കാര്യമാണ്.

“ഒഴുകാതെ കെട്ടി നിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കപ്പെടുന്നത് അല്ലാഹുവിന്റെ ദൂതൻ (സ) വിലക്കിയിരിക്കുന്നു” (സ്വഹീഹു മുസ്‌ലിം: 281) എന്ന് പ്രവാചകാനുചരൻ ജാബിർ (റ) പറഞ്ഞതായി സ്വഹീഹായ ഹദീസുകളിൽ വന്നിരിക്കുന്നു. ഇതാണ് ഇസ്‌ലാമിലെ, ഈ വിഷയത്തിലെ സ്ഥിരപ്പെട്ട പ്രവാചക അധ്യാപനം.

“നിശ്ചലമായ അല്ലെങ്കിൽ ഒഴുകാത്ത വെള്ളത്തിൽ മൂത്രമൊഴിക്കുകയും ശേഷം അതിൽ നിന്ന് അംഗശുദ്ധി വരുത്തുകയോ കുളിക്കുകയോ ചെയ്യുന്നത് പ്രവാചകൻ (സ) നിരോധിച്ചു.” (സ്വഹീഹു മുസ്‌ലിം: 282, സുനനു നസാഈ: 399, മുസ്നദു അഹ്‌മദ്‌: 7868, സുനനു ഇബ്നുമാജ: 344)

ഒഴുകാത്ത ജലത്തിൽ ‘ജനാബത്തു'(വലിയ അശുദ്ധി)കാരനായിരിക്കെ കുളിക്കുന്നത് പോലും പ്രവാചകൻ (സ) നിരോധിച്ചു. അതിൽ നിന്ന് വെള്ളം കോരിയെടുത്തേ കുളിക്കാവൂ എന്ന് നിർദ്ദേശിക്കുകയും ചെയ്തു. (സ്വഹീഹു മുസ്‌ലിം)

ജനാബത്തുകാരനായിരിക്കെ ഒഴുകാത്ത ജലസ്രോതസ്സിൽ മുങ്ങി കുളിച്ചാൽ ജലത്തെ അശുദ്ധമാക്കിയേക്കാം എന്നതു പോലും ശ്രദ്ധയോടെ മനസ്സിലാക്കി, അത് നിരോധിച്ച പ്രവാചകൻ (സ) എങ്ങനെയാണ് കിണറ്റിൽ മൂത്രിക്കുക ?!

2. അനസിന്റെ(റ) വീടിനടുത്ത കിണറ്റിൽ പ്രവാചകൻ (സ) മൂത്രമൊഴിച്ചു എന്ന കള്ള കഥയുടെ സ്രോതസ്സ് അബൂ നുഐമിന്റെ ‘ദലാഇലുന്നുബുവ്വ’ എന്ന ഗ്രന്ഥത്തിലെ ഒരു നിവേദനത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കപ്പെട്ടതാണ്.

അബൂ നുഐമിന്റെ ‘ദലാഇലുന്നുബുവ്വ’യിലെ ഈ നിവേദനത്തിൽ പ്രവാചകൻ (സ), ആ കിണറ്റിൽ ‘തുപ്പി’ എന്നാണ് വന്നിട്ടുള്ളത്.

أن النبي صلى الله عليه وسلم بزق في بئر داره

നിവേദനത്തിലെ ‘ബസക’ (بزق) അഥവാ ‘തുപ്പി’ എന്ന പദത്തിന് പകരം ‘ബാല’ (بال) അഥവാ ‘മൂത്രിച്ചു’ എന്ന്, അബൂ നുഐമിന്റെ ‘ദലാഇലുന്നുബുവ്വ’ എന്ന ഗ്രന്ഥത്തിന്റെ ചില പ്രതികളിൽ തെറ്റി ചേർക്കപ്പെട്ടിട്ടുണ്ട്. ഇത് കൈയ്യെഴുത്തു പ്രതികൾ ഉണ്ടാക്കുന്ന ചിലരിൽ നിന്ന് ഉടലെടുത്ത് പിന്നീട് പ്രചരിച്ചതാവാം. എന്നാൽ ‘ദലാഇലുന്നുബുവ്വ’ എന്ന ഗ്രന്ഥത്തിന്റെ ശരിയായ പ്രതിയിൽ നിന്ന് നിവേദനം വായിച്ച, ഉദ്ധരിച്ച ഒരുപാടു പണ്ഡിതന്മാർ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണുക:

കാദി ഇയാദ് പറഞ്ഞു:
“അദ്ദേഹം അനസിന്റെ വീട്ടിലെ കിണറിൽ ‘തുപ്പി’…” (കിതാബു ശിഫാ: 1/246)

ഹാഫിദ് ഇബ്നു ഹജർ പറഞ്ഞു: “ബുജൈരിയുടെ ഹദീസിൽ പ്രവാചകൻ (സ) അനസിന്റെ വീട്ടിലെ കിണറിൽ ‘തുപ്പി’ എന്ന് പ്രസ്ഥാവിക്കുന്നു…”
(ഇത്ഹാഫുൽ മഹ്റ: 1/575: 784)

ജലാലുദ്ദീൻ സുയൂത്വി പറഞ്ഞു:
“അബൂ നുഐം അനസിൽ നിന്നും ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ പ്രവാചകൻ (സ) അദ്ദേഹത്തിന്റെ വീട്ടിലെ കിണറ്റിൽ ‘തുപ്പി’യെന്ന് പറയുന്നു…”
(ഖസാഇസുൽ കുബ്റാ: 1/105)

അബൂ നുഐം അനസിൽ നിന്നും ഉദ്ധരിക്കുന്ന നിവേദനത്തിൽ പ്രവാചകൻ (സ) അദ്ദേഹത്തിന്റെ വീട്ടിലെ കിണറ്റിൽ ‘തുപ്പി’യെന്നാണ് പറയുന്നത് എന്ന് അലിയ്യുബ്നു അബ്ദുല്ല അസ്സംഹൂദിയും (ഖുലാസത്തുൽ വഫാ: 268) മുഹമ്മദ് ഇബ്നു യൂസുഫ് അസ്സ്വാലിഹിയും വ്യക്തമാക്കുന്നുണ്ട്. (സുബുലുൽ ഹുദാ വർറശാദ്: 7/223)

അപ്പോൾ അബൂ നുഐമിന്റെ ‘ദലാഇലുന്നുബുവ്വ’ എന്ന ഗ്രന്ഥത്തിന്റെ ശരിയായ പ്രതികളിൽ കിണറ്റിൽ ‘തുപ്പി’ എന്നാണുള്ളത്. ‘തുപ്പി’ എന്ന പദത്തിന് പകരം ‘മൂത്രിച്ചു’ എന്ന് വന്നത്, ഗ്രന്ഥത്തിന്റെ ചില പ്രതികളിൽ ഉണ്ടായ അക്ഷര തെറ്റോ, പകർത്തി എഴുത്തുകാരുടെ (വർറാക്കുകൾ) ഓർമ്മ പിശകോ മാത്രമാണ്.

3. ഇനി, കിണറ്റിൽ തുപ്പി എന്ന തെറ്റില്ലാത്ത നിവേദനം തന്നെ സ്വഹീഹ് (ഹദീസ് നിദാനശാസ്ത്ര മാനദണ്ഡങ്ങൾ പ്രകാരം സ്വീകാര്യമായത്) ആണോ എന്ന് അടുത്തതായി നമുക്ക് പരിശോധിക്കാം.

കഥയുടെ നിവേദക പരമ്പര ഇപ്രകാരമാണ്:
حدثنا علي بن هارون ثنا موسى بن هارون قال: ثنا عبيد الله بن النعمان المنقري قال: ثنا محمد بن عبد الله الأنصاري قال: حدثني أبي، عن ثمامة، عن أنس قال: كان رسول الله صلى الله عليه وسلم يصلي…

ഈ സനദ് അഥവാ നിവേദക പരമ്പര അങ്ങേയറ്റം ദഈഫ് (ദുർബലം ضعيف) ആകുന്നു. പരമ്പരയിലെ അലിയ്യിബ്നു ഹാറൂൻ എന്ന ‘റാവി’ (നിവേദകൻ) ഓർമ്മക്കുറവുള്ള വ്യക്തിയും നിവേദനങ്ങളുടെ ആശയങ്ങളിൽ കൂടി കലരൽ സംഭവിക്കുന്ന വ്യക്തിയുമാണ്. പരമ്പരയിലെ മറ്റൊരു റാവി (നിവേദകൻ) ഉബൈദുല്ലാഹിബ്നു നുഅ്മാൻ അൽ മിൻകരി ‘മജ്ഹൂൽ’ (مجهول) അഥവാ അറിയപ്പെടാത്ത റാവിയാകുന്നു. പരമ്പരയിലെ മൂന്നാമതൊരു റാവിയായ അബ്ദുല്ലാഹിബ്നുൽ മുസന്നാ അൽ അൻസ്വാരി: നിവേദനത്തിൽ ധാരാളം സ്ഖലിതങ്ങൾ സംഭവിക്കുന്ന റാവിയാണ്.
(അൽ ജർഹു വതഅ്ദീൽ: 5/ 177)

ചുരുക്കത്തിൽ, കിണറ്റിൽ ‘തുപ്പി’ എന്ന നിവേദനം തന്നെ ‘ദഈഫ്’ (ഹദീസ് നിദാനശാസ്ത്ര പ്രകാരം ദുർബലമായ നിവേദനം) ആകുന്നു. ഇസ്‌ലാം മതത്തിന്റെയും പ്രവാചക ചരിത്രത്തിന്റേയും അടിത്തറ ക്വുർആനും ‘സ്വഹീഹായ ഹദീസുകളും’ മാത്രമാണ്. ദഈഫ് (ദുർബലം) ആയ ഹദീസുകൾ ഇസ്‌ലാമിക പ്രമാണമല്ല.

print

No comments yet.

Leave a comment

Your email address will not be published.