ദിമ്മികളും ജിസ്‌യയും -2

//ദിമ്മികളും ജിസ്‌യയും -2
//ദിമ്മികളും ജിസ്‌യയും -2
ആനുകാലികം

ദിമ്മികളും ജിസ്‌യയും -2

ആരാണ് ദിമ്മിയ്യ്? എന്തൊക്കെയാണ് അവരുടെ അവകാശങ്ങള്‍?

അറബി ഭാഷയില്‍ ‘ദിമ്മത്ത്’ എന്ന് പറഞ്ഞാല്‍ സംരക്ഷണം, സംരക്ഷണ ചുമതല, സുരക്ഷിതത്വം, ഉത്തരവാദിത്വം, രക്ഷ, ജാമ്യം, ആശ്രയം, അഭയം, ഉടമ്പടി, കരാര്‍, വാഗ്ദാനം, ഉറപ്പ് എന്നൊക്കെയാണ് അര്‍ത്ഥം. ‘ദിമ്മി’കള്‍ എന്നാല്‍ ഇസ്‌ലാമിക രാഷ്ട്രത്തില്‍ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങളോ രണ്ടാംകിടക്കാരോ അല്ല, മതപരമായും രാഷ്ട്രീയമായും സുരക്ഷ ഉറപ്പുവരുത്തപ്പെട്ട സംരക്ഷിത പ്രജകളായ മതന്യൂനപക്ഷങ്ങളാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ഇസ്‌ലാമിക ഭരണകൂടവുമായി യുദ്ധത്തിലേര്‍പ്പെട്ടവരെന്ന നിലക്ക് ഉന്‍മൂലനത്തിനിരയാക്കേണ്ടിയിരുന്ന ഒരു വിഭാഗത്തെ നേരിയ ഒരു പ്രതിഫലത്തിന് പകരം ഇസ്‌ലാമിക ഭരണകൂടം സര്‍വ സുരക്ഷയും നല്‍കി ജീവിക്കാന്‍ വിടുന്നുവെങ്കില്‍ അവരാണ് ദിമ്മികള്‍ അഥവാ സംരക്ഷിത പ്രജകള്‍. അവര്‍ നല്‍കേണ്ടുന്ന നാമമാത്ര നികുതിയാണ് ജിസ്‌യ.

‘ദിമ്മി’കള്‍ ആണെന്നുവെച്ച് ഇസ്‌ലാമിക രാഷ്ട്രത്തില്‍ അവര്‍ക്ക് ഒരനീതിയും അനുഭവിക്കേണ്ടിവരില്ല. ജിസ്‌യയുടെ പേരിലോ മറ്റോ ദിമ്മികളായ പൗരന്മാരില്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നതിനും അവരെ പീഡിപ്പിക്കുന്നതിനുമെതിരെ മുഹമ്മദ് നബി (സ) ശക്തമായി താക്കീത് നല്‍കിയിട്ടുണ്ട്. “സൂക്ഷിച്ചുകൊള്ളുക! അമുസ്‌ലിം പ്രജകളെ -ദിമ്മികളെ- ആരെങ്കിലും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിനതീതമായ നികുതിഭാരം കെട്ടിയേല്‍പ്പിക്കുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധിനാളില്‍ അവന്നെതിരെ സ്വയംതന്നെ ഞാന്‍ പരാതി ബോധിപ്പിക്കുന്നതാണ്.” (അബൂദാവൂദ് -കിതാബുല്‍ ജിഹാദ്). ഏതോ മുസ്‌ലിമില്‍നിന്ന് അടി കിട്ടിയ ഒരു ദിമ്മിയ്യ് ‘എനിക്ക് ‘ദിമ്മത്ത്’ (സുരക്ഷിതത്വം) വാഗ്ദത്തം ചെയ്യപ്പെട്ടതാണ്, എന്നിട്ടും അടികിട്ടിയിരിക്കുന്നു, അതിനാല്‍ നീതിവേണം’ എന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാചകന്‍റെയടുക്കല്‍ പരാതിയുമായി വന്ന സംഭവം ഹദീസുകളില്‍ കാണാം. അത്രത്തോളം നീതിബോധവും സുരക്ഷിതത്വവും അവര്‍ അവിടെ അനുഭവിച്ചിരുന്നു എന്നര്‍ഥം. ഒരു ദിമ്മിക്കെതിരെ മുസ്‌ലിംകളില്‍ പെട്ട ചിലര്‍ മോഷണക്കുറ്റം ആരോപിക്കുകയും അയാള്‍ അനീതിക്കിരയാവുകയും ചെയ്യുന്നു എന്ന് കണ്ടപ്പോള്‍ ആ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുകപോലുമുണ്ടായി. (അന്നിസാഅ് 105-112) കുതിരപ്പന്തയത്തില്‍ ജയിച്ച കോപ്റ്റിക് വംശജനായ ക്രിസ്ത്യാനിയെ ഗവര്‍ണറുടെ മകന്‍ അടിച്ചപ്പോള്‍ ‘നിങ്ങളെപ്പോഴാണ് ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്, അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രരായാണല്ലോ പ്രസവിച്ചിട്ടുള്ളത്’ എന്ന് ചോദിക്കുകയും ആ കോപ്റ്റിക് വംശജന്റെ കയ്യില്‍ വടി കൊടുത്ത് ഗവര്‍ണറുടെ മകനെ പ്രതിക്രിയയെന്നോണം അടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്ത ഖലീഫാ ഉമറിന്റെ ചരിത്രം വിശ്രുതമാണല്ലോ.

ഇമാം അബൂയൂസുഫ് ഉദ്ധരിക്കുന്നു: “തെരുവില്‍ ഭിക്ഷാടനം ചെയ്യുന്ന ഒരു വൃദ്ധ ജൂതനെ ഖലീഫാ ഉമര്‍ ഒരിക്കല്‍ കണ്ടുമുട്ടി. എന്തിനാണ് ഭിക്ഷാടനം നടത്തുന്നതെന്ന് ചോദിച്ചപ്പോള്‍ ജിസ്‌യ ഒടുക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണെന്നായിരുന്നു അയാളുടെ മറുപടി. ഉമര്‍ അയാളെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി. സ്വകാര്യ സമ്പാദ്യത്തില്‍നിന്ന് ഒരു സംഖ്യ കൊടുത്ത ശേഷം ട്രഷറി മേധാവിക്ക് സന്ദേശമയച്ചു. “അയാളെയും അയാളെപ്പോലുള്ളവരെയും കണ്ടെത്തുക. അല്ലാഹുവാണെ! അയാളുടെ യൗവനം നാം ഭുജിക്കുകയും വാര്‍ധക്യത്തില്‍ അയാളെ വഴിയാധാരമാക്കുകയും ചെയ്യുക എന്നത് ഒരിക്കലും നീതിയല്ല. സകാത്തിന്റെ വിഹിതം ഫുഖറാഇനും മസാകീനിനും അവകാശപ്പെട്ടതാണ്. മുസ്‌ലിംകളിലെ ദരിദ്രരാണ് ഫുഖാറാഅ്. വേദക്കാരിലെ അവശരാണ് മസാകീന്‍. ഇയാള്‍ സകാത്തിന് അര്‍ഹനാണ്.” (കിതാബുല്‍ ഖറാജ്, അര്‍രിഫ്ഖു ബിഅഹ്’ലിദ്ദിമ്മ: എന്ന ശീര്‍ഷകം, പേജ് 126)

ഖലീഫാ ഉമര്‍ ഫൈറൂസ് അബൂ ലുഅ്ലുഅയെന്ന ദിമ്മിയുടെ കുത്തേറ്റ് മരണശയ്യയില്‍ കിടക്കവേ നല്‍കിയ വസിയ്യത്തില്‍, യുദ്ധം ചെയ്തും ദിമ്മികളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടതാണെന്നും അവരുടെ മേല്‍ അമിത നികുതി ചുമത്തരുതെന്നും ഉപദേശിച്ചതായി ഡോ. മുഹമ്മദ് ഹമീദുല്ല രേഖപ്പെടുത്തുന്നുണ്ട്. (ദി മുസ്‌ലിം കോണ്‍ഡക്ട് ഓഫ് സ്റ്റേറ്റ്, പേജ് 111)

വിവിധ ഹദീസ് ഗ്രന്ഥങ്ങള്‍, കിതാബുല്‍ ഖറാജ്, ഫുതൂഹുല്‍ ബുല്‍ദാന്‍, ബദാഇഉസ്സ്വനാഇഅ്, റദ്ദുല്‍ മുഖ്താര്‍ തുടങ്ങിയവ റഫറന്‍സായി നല്‍കിക്കൊണ്ട് പണ്ഡിതനും ചിന്തകനുമായ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി എഴുതുന്നു:

“ദിമ്മിയ്യുമായുള്ള കരാറില്‍ നിജപ്പെടുത്തിയ ഉപാധികളില്‍ എന്തെങ്കിലും കൂട്ടാനോ കുറക്കാനോ പാടില്ല. അവരുടെ മേല്‍ അധികനികുതി ചുമത്താനോ അവരുടെ ഭൂമി ജപ്‌തി ചെയ്യാനോ കെട്ടിടങ്ങള്‍ തട്ടിയെടുക്കാനോ അവരുടെ മേല്‍ കടുത്ത സൈനിക നിയമം അടിച്ചേല്‍പ്പിക്കാനോ പാടില്ല. അതുപോലെ അവരെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കാനും സാമൂഹികവും സാംസ്കാരികവുമായ അവരുടെ അന്തസ്സും അഭിമാനവും വ്രണപ്പെടുത്താനും പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന എന്തെങ്കിലും ജോലി അവരെക്കൊണ്ടു ചെയ്യിക്കാനും പാടില്ല…”

“നജ്റാന്‍കാരുടെ അഭ്യര്‍ഥന മാനിച്ച് പ്രവാചകന്‍ അവര്‍ക്കെഴുതിക്കൊടുത്ത അനുരജ്ഞന പത്രികയില്‍ ഖറാജിന്റെ -നികുതി- തുക നിശ്ചയിച്ച ശേഷം എഴുതുന്നു: നജ്റാനിലെ ക്രിസ്ത്യാനികള്‍ക്കും അവരുടെ അയല്‍ക്കാര്‍ക്കുമുള്ള അല്ലാഹുവിന്റെ അഭയവും അവന്റെ ദൂതന്‍ മുഹമ്മദ് നബിയുടെ സംരക്ഷണ പത്രവുമാണിത്. അവരുടെ മൃഗങ്ങള്‍, മതം, ഭൂമി, ധനം, മത ചിഹ്നങ്ങള്‍ തുടങ്ങി എല്ലാറ്റിനുമുള്ള സംരക്ഷണ പത്രം. ഏതവസ്ഥയിലാണോ ഇപ്പോള്‍ അവയുള്ളത് അതേ അവസ്ഥയില്‍ അവ തുടരുന്നതാണ്. അവരുടെ എന്തെങ്കിലും അവകാശമോ ചിഹ്നമോ മാറ്റുകയില്ല. അവരുടെ ഏതെങ്കിലും പാത്രിയാര്‍ക്കീസോ പാതിരിയോ ചര്‍ച്ചിലെ സേവകനോ തങ്ങളുടെ സ്ഥാനങ്ങളില്‍നിന്ന് മാറ്റപ്പെടുകയുമില്ല. അവരുടെ കൈവശമുള്ളതെന്തോ അതവര്‍ക്കുള്ളതാണ്. ജാഹിലീ കാലത്തെ രക്തത്തിനോ കരാറിനോ അവര്‍ ഉത്തരവാദിയാകുന്നതല്ല. സൈനിക സേവനത്തിന് അവരെ നിര്‍ബന്ധിക്കുകയില്ല. അവരുടെ ഭൂമി സൈന്യം ചവിട്ടിമെതിക്കുകയില്ല…” (അല്‍ജിഹാദു ഫില്‍ ഇസ്‌ലാം പേജ് 239, 240)

യുദ്ധത്തിന് മുമ്പോ യുദ്ധത്തിനിടയിലോ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മേല്‍കോയ്മ അംഗീകരിക്കുകയും മുസ്‌ലിംകളുമായി ധാരണയില്‍ എത്തുകയും ചെയ്തവര്‍ക്ക് -കരാറുള്ളവര്‍ക്ക്- മാത്രമല്ല, മുസ്‌ലിംകളുമായി അവസാന നിമിഷം വരെ പോരാടുകയും ഒടുവില്‍ കീഴ്പെടുത്തപ്പെടുകയും ചെയ്ത -കരാറില്ലാത്ത- ജനവിഭാഗങ്ങളെ ദിമ്മികളായി സ്വീകരിക്കുമ്പോഴും അവര്‍ക്കും ഭരണഘടനാപരമായ കുറെ അവകാശങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ട് സയ്യിദ് മൗദൂദി എഴുതിയ കാര്യങ്ങളുടെ രത്നച്ചുരുക്കം കൂടി ഇവിടെ ഉദ്ധരിക്കാം:

1. ഭരണാധികാരി അവരില്‍നിന്നും ജിസ്‌യ സ്വീകരിക്കുന്നതോടെ ഏക്കാലത്തേക്കുമായി സംരക്ഷണകരാര്‍ നിലവില്‍വരും. അവരുടെ ധനവും ജീവനും സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. എന്തുകൊണ്ടെന്നാല്‍ ജിസ്‌യ സ്വീകരിക്കുന്നതോടെ ജീവന്റെയും ധനത്തിന്റെയും പവിത്രതയാണ് സ്ഥിരപ്പെടുന്നത്. അതിനുശേഷം അവരുടെ സമ്പത്തിനുമേല്‍ കൈവെക്കാനോ അവരെ അടിമകളാക്കാനോ മുസ്‌ലിംകള്‍ക്ക് ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല. ‘അവരില്‍നിന്ന് ജിസ്‌യ സ്വീകരിച്ചാല്‍ പിന്നെ അവരില്‍നിന്ന് ഒന്നും നിനക്കില്ല’ എന്ന് അബൂ ഉബൈദക്ക് ഉമര്‍ (റ) സ്പഷ്ടമായി എഴുതുകയുണ്ടായി.

2. ഉടമ്പടി നിലവില്‍വരുന്നതോടെ ഭൂമിയുടെ ഉടമാവകാശം അവര്‍ക്ക് തന്നെയായിരിക്കും. അതില്‍ കച്ചവടം, ദാനം, കടം, പണയം തുടങ്ങി എല്ലാ ക്രയവിക്രയങ്ങള്‍ക്കും അവര്‍ക്ക് അവകാശമുണ്ടായിരിക്കും. ഭരണകൂടത്തിന് അതില്‍ ഇടപെടാന്‍ ഒരവകാശവുമില്ല.

3. ജിസ്‌യയുടെ തോത് ഓരോരുത്തരുടെയും സാമ്പത്തികനില അനുസരിച്ചായിരിക്കും നിര്‍ണയിക്കപ്പെടുന്നത്. സമ്പന്നരില്‍നിന്ന് കൂടുതലും ശരാശരിക്കാരില്‍നിന്ന് കുറച്ചും ദരിദ്രരില്‍നിന്ന് അല്‍പമാത്രവും ഇടാക്കും. യാതൊരു വരുമാനവും ഇല്ലാതിരിക്കുകയും നിത്യവൃത്തിക്കുതന്നെ മറ്റുള്ളവരെ ആശ്രയിക്കുകയും ചെയ്യുന്ന പരമദരിദ്രരെ ജിസ്‌യയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും. ജിസ്‌യയായി നിര്‍ണിതമായ ഒരു സംഖ്യയും നിശ്ചയിച്ചിട്ടില്ല. പക്ഷെ അടക്കാന്‍ എളുപ്പമായത് മാത്രമേ നിശ്ചയിക്കാവൂ. രണ്ടാം ഖലീഫ ഉമര്‍ പണക്കാര്‍ക്ക് പ്രതിമാസം ഒരു ദിര്‍ഹമും ശരാശരിക്കാര്‍ക്ക് എട്ട് അണയും അധ്വാനിക്കുന്ന പാവപ്പെട്ടവര്‍ക്ക് നാലണയും ജിസ്‌യ നിശ്ചയിച്ചിരുന്നു.

4. യുദ്ധത്തില്‍ പങ്കെടുക്കാന്‍ ശേഷിയുള്ളവരുടെ മേല്‍ മാത്രമേ ജിസ്‌യ ചുമത്താന്‍ അനുവാദമുള്ളൂ. കുട്ടികള്‍ സ്ത്രീകള്‍, ഭ്രാന്തന്‍, അന്ധര്‍ അരാധനാലയങ്ങളിലെ സേവകര്‍, വൃദ്ധര്‍, സാധുക്കള്‍, സന്യാസികള്‍, അവശനിലയില്‍ കഴിയുന്ന രോഗികള്‍, തുടങ്ങി യുദ്ധത്തില്‍ പങ്കെടുക്കാനാവാത്ത എല്ലാവരും ജിസ്‌യയില്‍നിന്ന് ഒഴിവാക്കപ്പെടുന്നു.

5. ബലപ്രയോഗത്തിലൂടെ കീഴടക്കപ്പെടുന്ന നഗരങ്ങളിലെ ആരാധനാലയങ്ങള്‍ ഉപയോഗിക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമില്ല. നിലവിലുള്ള അവസ്ഥയില്‍ തുടരാന്‍ അവയെ അനുവദിക്കുന്നതാണ് ഉത്തമം. ഉമറിന്റെ കാലത്ത് ജയിച്ചടക്കിയ രാജ്യങ്ങളിലെ ഒറ്റ ആരാധനാലയവും തകര്‍ക്കപ്പെടുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. പൗരാണിക ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് എന്തിന്റെ പേരിലായാലും അനുവദനീയമല്ല.

6. ദിമ്മികളുടെ രക്തം മുസ്‌ലിംകളുടെ രക്തത്തിന് തുല്യമാണ്. കൊലപാതകത്തിന്റെയോ പ്രതിക്രിയയുടെയോ ശിക്ഷയുടെയോ കാര്യത്തില്‍ യാതൊരു വിവേചനവുമുണ്ടാവില്ല. ഒരു മുസ്‌ലിം ഏതെങ്കിലും ദിമ്മിയെ കൊലപ്പെടുത്തിയാല്‍ കൊലയാളിയുടെ മേല്‍ പ്രതിക്രിയ നടപ്പിലാക്കപ്പെടുന്നതാണ്. പ്രവാചകന്റെ കാലത്ത് ഒരു മുസ്‌ലിമിന്റെ കൈയാല്‍ ഒരു ദിമ്മിയ്യ് കൊല്ലപ്പെട്ടപ്പോള്‍ പ്രവാചകന്‍ കൊലയാളിക്ക് വധശിക്ഷ വിധിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: അവന്റെ ബാധ്യത പൂര്‍ത്തീകരിക്കാന്‍ ഏറ്റവും കൂടുതല്‍ ബാധ്യത എനിക്കാണ്.” ഉമറിന്റെ കാലത്ത് ബക്റുബ്നു വാഇല്‍ കുടുംബക്കാരനായ ഒരാള്‍ ഹീറയിലെ ഒരു ദിമ്മിയെ കൊല ചെയ്തു. കൊലയാളിയെ കൊല്ലപ്പെട്ടവന്‍റെ അനന്തരാവകാശികള്‍ക്ക് വിട്ടുകൊടുക്കാന്‍ ഉമര്‍ (റ) ഉത്തരവിട്ടു. അവര്‍ അയാളെ വധിക്കുകയും ചെയ്തു. ഒരു ദിമ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഇടപെട്ടുകൊണ്ട് അലി (റ) പറഞ്ഞു: “വല്ലവരും നമ്മുടെ സംരക്ഷണത്തിലാണെങ്കില്‍ അവരുടെ രക്തം നമ്മുടെ രക്തം പോലെത്തന്നെയാണ്. അവരുടെ നഷ്ടപരിഹാരവും നമ്മുടെ നഷ്ടപരിഹാരം പോലെത്തന്നെ.”

7. പൗരനിയമവും മുസ്‌ലിമിനും ദിമ്മിക്കും തുല്യമാണ്. ചീത്ത പറയുകയോ പരദൂഷണം പറയുകയോ ചെയ്യാവതല്ല. നാവുകൊണ്ടോ കൈകാലുകള്‍ കൊണ്ടോ മറ്റോ ഉപദ്രവിക്കുന്നത് നിഷിദ്ധമാണ്. മുസ്‌ലിമിന്റെ ധനത്തെപ്പോലെത്തന്നെ ദിമ്മിയുടെ ധനവും സംരക്ഷിക്കപ്പെടും. എത്രത്തോളമെന്നാല്‍ അവരുടെ ഉടമയിലുള്ള ലഹരിപദാര്‍ഥങ്ങള്‍ക്കോ പന്നികള്‍ക്കോ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് വല്ല നാശവും ഉണ്ടായാല്‍ പോലും അതിന്റെ വില നല്‍കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്.

8. ഉടമ്പടി നിലവില്‍വന്നതിന് ശേഷം അത് ദുര്‍ബലപ്പെടുത്താന്‍ മുസ്‌ലിംകള്‍ക്ക് അവകാശമില്ല. അതേസമയം ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കാനും ദുര്‍ബലപ്പെടുത്താനും ദിമ്മികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

9. ദിമ്മികള്‍ എത്ര കടുത്ത കുറ്റം ചെയ്താലും കുറ്റത്തിന് ശിക്ഷ നല്‍കുക എന്നതിലപ്പുറം സംരക്ഷിത പ്രജ എന്ന നിലക്കുള്ള അവരുടെ അവകാശം റദ്ദ് ചെയ്യപ്പെടുകയില്ല. ഇസ്‌ലാമിക രാജ്യത്തിന് പുറത്തുപോയി ശത്രുക്കളുമായി ചേരുക, ഭരണകൂടത്തിനെതിരെ കലാപം നടത്തി നിയമവാഴ്ച തകര്‍ക്കുക എന്നീ രണ്ട് രൂപങ്ങളില്‍ മാത്രമേ അവരുടെ അവകാശം ദുര്‍ബലപ്പെടുകയുള്ളൂ.

10. ദിമ്മികളുടെ സിവില്‍ ഇടപാടുകളില്‍ അവരുടെ വ്യക്തിനിയമം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക. ഇസ്‌ലാമിക നിയമം അവരില്‍ അടിച്ചേല്‍പ്പിക്കില്ല. ഇസ്‌ലാമില്‍ നിഷിദ്ധവും തങ്ങളുടെ മതത്തില്‍ അനുവദനീയവുമായ കാര്യങ്ങള്‍ അവരുടെ പ്രദേശങ്ങളില്‍ നിര്‍ബാധം അനുവദിക്കപ്പെടുന്നതാണ്.

11. അവരുടെ ആരാധനാലയങ്ങള്‍ ഒരിക്കലും കൈയേറ്റം ചെയ്യപ്പെടാന്‍ പാടില്ല. അവരുടെ പ്രദേശങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് പുതിയ ആരാധനാലയങ്ങള്‍ പണിയാന്‍ അവകാശമുണ്ടായിരിക്കും.

12. ജിസ്‌യ ഒടുക്കാത്തതിന്റെ പേരില്‍ ദിമ്മിയുടെ സ്വത്ത് ജപ്‌തി ചെയ്യുകയോ ലേലത്തില്‍ കൊടുക്കുകയോ ചെയ്യില്ല. ദിമ്മി ദരിദ്രനാണെങ്കില്‍ ജിസ്‌യ ഒഴിവാക്കിക്കൊടുക്കുക മാത്രമല്ല ട്രഷറിയില്‍നിന്ന് അയാള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുകയും ചെയ്യും. ഒരാള്‍ ജിസ്‌യ അടക്കാതെ മരണപ്പെട്ടാല്‍ അയാളുടെ സ്വത്തില്‍നിന്നോ അനന്തരാവകാശികളുടെ സ്വത്തില്‍നിന്നോ ഇടാക്കാവതല്ല.

13. സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടവനാണ് ദിമ്മിയ്യ്. ഒരവസ്ഥയിലും സൈനിക സേവനത്തിന് അവനെ നിര്‍ബന്ധിക്കാന്‍ പാടില്ല. ഏതവസ്ഥയിലും അവന്റെ സംരക്ഷണം മുസ്‌ലിംകളുടെ ചുമതലയാണ്. വല്ല സാഹചര്യത്തിലും അതിനു കഴിയാതെ വന്നാല്‍ അവനില്‍നിന്ന് ജിസ്‌യ ഈടാക്കാന്‍ പാടില്ല താനും.

14. ദിമ്മികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വസ്ത്രധാരണ രീതിയോ ജീവിത രീതിയോ ഇസ്‌ലാം അടിച്ചേല്‍പ്പിക്കുന്നില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടായിരിക്കും. പക്ഷേ സൈനിക വസ്ത്രം ധരിക്കുകയോ മുസ്‌ലിംകളെ അനുകരിക്കുകയോ ചെയ്യരുത്.

(ഇതില്‍ അവസാനം പറഞ്ഞത് അവരെ നിന്ദിക്കലായി വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ വസ്തുത മറിച്ചാണ്. വിവിധ സമൂഹങ്ങള്‍ക്കിടയിലെ വൈവിധ്യം ഇല്ലാതായി സാംസ്കാരികമായി അന്യവല്‍ക്കരിക്കപ്പെടുന്നത് തടയുന്നതിന്റെ ഭാഗമായുള്ള നിര്‍ദേശമാണത്. അതിനാലാണ് മുസ്‌ലിംകളെ അനുകരിക്കരുതെന്ന് ദിമ്മികളോട് പറഞ്ഞതുപോലെ, ദിമ്മികളെ അനുകരിക്കരുതെന്ന് മുസ്‌ലിംകളോടും ഇസ്‌ലാം ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ തനത് വേഷവിധാനവും ജീവിതരീതിയും ന്യൂനതയായി ഗണിക്കുകയും ഭരണവര്‍ഗത്തിന്റെ ജീവിതരീതി സ്വീകരിക്കുന്നത് അഭിമാനമായി തോന്നുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥ കോളനിവല്‍കൃത ജനതയില്‍ രൂപപ്പെടുക സ്വാഭാവികമായതിനാല്‍ അനുകരണത്തിനെതിരായ ഇസ്‌ലാമിന്റെ ഈ നിര്‍ദേശത്തിന് പ്രത്യേക പ്രസക്തിയുണ്ട്.)

ഇസ്‌ലാം അതിന്റെ മേൽക്കോയ്‌മക്ക് കീഴിലായ സമൂഹത്തോട് പുലര്‍ത്തിയ നീതിപൂര്‍വകവും സമത്വാധിഷ്ഠിതവുമായ സമീപനത്തിന്റെ നഖചിത്രമാണിത്. കേവലം ഏടുകളില്‍ വിശ്രമിക്കുന്ന മഹദ് തത്ത്വങ്ങളല്ല, ലോകത്ത് പ്രയോഗവല്‍ക്കരിക്കപ്പെട്ടതിന്റെ ശോഭന ചിത്രങ്ങള്‍. കഴിഞ്ഞകാല സമൂഹങ്ങളിലും വര്‍ത്തമാനകാലത്തെ പരിഷ്കൃത സമൂഹങ്ങളിലും ഇതിന് സമാനത കണ്ടെത്തുക പ്രയാസമാണ്. വസ്തുത ഇതായിരിക്കെ, പിന്നെയും ഇസ്‌ലാം അമുസ്‌ലിം പ്രജകളെ രണ്ടാംകിട പൗരന്മാരായി കാണുന്നു, ദിമ്മികള്‍ എന്ന് വിളിച്ച് അവരെ ആക്ഷേപിക്കുന്നു, ജിസ്‌യ എന്ന പേരില്‍ അവരുടെ മേല്‍ മതനികുതി ചുമത്തുന്നു എന്നൊക്കെ ആരെങ്കിലും ആക്ഷേപിക്കുന്നുവെങ്കില്‍ അവര്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അന്ധമായ വിരോധം കൊണ്ടുനടക്കുന്നവരും, ഇസ്‌ലാമിക നിയമത്തെയും ചരിത്രത്തെയും കുറിച്ച് ആഴമേറിയ അജ്ഞതയില്‍ അകപ്പെട്ടവരും ആകാനേ തരമുള്ളൂ!

(അവസാനിച്ചു)

print

1 Comment

  • ജിസിയ എല്ലാ അവിശ്വാസികളിൽ നിന്നും വാങ്ങാമോ?

    Muhammed Nadim 09.06.2021

Leave a comment

Your email address will not be published.