തൗഹീദ്: ബൈബിളിന്റെ മര്‍മ്മം! -2

//തൗഹീദ്: ബൈബിളിന്റെ മര്‍മ്മം! -2
//തൗഹീദ്: ബൈബിളിന്റെ മര്‍മ്മം! -2
മതതാരതമ്യ പഠനം

തൗഹീദ്: ബൈബിളിന്റെ മര്‍മ്മം! -2

തോറയുടെ മര്‍മ്മം തൗഹീദ് അഥവാ ദൈവത്തിന്റെ ഏകത്വമാണെന്ന് മനസ്സിലായി. ഈ തോറയെ സംബന്ധിച്ച് മോശാ പ്രവാചകന്‍ പറയുന്നു:

”ഈ തോറയിലെ (ന്യായപ്രമാണത്തിലെ) വചനങ്ങള്‍ പ്രമാണമായി അനുസരിച്ച് നടക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം ആമേന്‍ എന്ന് പറയണം.” (ആവര്‍ത്തനം 27:26)

തേറയെ സംബന്ധിച്ച് യേശു പറയുന്നു: ”നിയമത്തെയോ (തോറയെയോ) പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍ അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്ന് വിളിക്കപ്പെടും.” (മത്തായി 5:17-19)

ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ അഥവാ ലോകാവസാനംവരെ തോറ നിലനില്‍ക്കുമെന്നാണ് യേശു പറയുന്നത്. എന്നാല്‍ ക്രൈസ്തവര്‍ യേശുവിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ പൗലോസിന്റെ ആശയാദര്‍ശങ്ങളില്‍ ഊന്നിനിന്നുകൊണ്ട് തോറയെ ശാപമായി കാണുന്നു. പൗലോസ് പറയുന്നു:

”നിയമാനുഷ്ടാനത്തില്‍ (തോറയില്‍) ആശ്രയം അര്‍പ്പിക്കുന്ന എല്ലാവരും ശാപത്തിന് വിധേയരാണ്.” (ഗലാത്തി 3:10) അദ്ദേഹം വീണ്ടും പറയുന്നു:

”പൗലോസായ ഞാന്‍ പറയുന്നു. നിങ്ങള്‍ പരിച്‌ഛേദനം സ്വീകരിക്കുന്നുവെങ്കില്‍ ക്രിസ്തു നിങ്ങള്‍ക്ക് ഒന്നിനും പ്രയോജനപ്പെടുകയില്ല. പരിച്‌ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനോടും ഞാന്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു. അവന്‍ നിയമം (തോറ) മുഴുവന്‍ പാലിക്കാന്‍ കടപ്പെട്ടവനാണ്. നിയമത്തിലാണ് (തോറയിലാണ്) നിങ്ങള്‍ നീതീകരിക്കപ്പെടുന്നത് എന്നു കരുതുന്നെങ്കില്‍ ക്രിസ്തുവിനോടുള്ള നിങ്ങളുടെ ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍നിന്നു നിങ്ങള്‍ വീണു പോവുകയും ചെയ്തിരിക്കുന്നു.” (ഗലാത്തി 5:2-4)

തോറയസനുസരിച്ച് ജീവിക്കുകയും പരിച്‌ഛേദനയേല്‍ക്കുകയും ചെയ്യുന്നവന്‍ ക്രൈസ്തവതയില്‍ നിന്നും പുറത്ത് പോകുമെന്ന് മേല്‍ സൂചിപ്പിച്ച വചനംകൊണ്ട് പൗലോസ് സമര്‍ഥിക്കുകയാണ്. പൗലോസിന്റെ ഈ വാദത്തില്‍ ഉറച്ച് നിന്നുകൊണ്ട് ക്രൈസ്തവര്‍ മോശാ പ്രവാചകനേയും യേശുവിനേയും ധിക്കരിക്കുകയും ചെയ്യുന്നു.

എന്നാല്‍ യേശു തോറയില്‍ ഉറച്ച്‌നിന്നുകൊണ്ട് അതിന്റെ മര്‍മ്മം തൗഹീദ് അഥവാ ദൈവത്തിന്റെ ഏകത്വമാണെന്ന് സമര്‍ത്ഥിക്കുകയും അത് പരലോകമോക്ഷത്തിനുള്ള മാര്‍ഗ്ഗമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു! ദൈവത്തിന്റെ ഏകത്വത്തെ സംബന്ധിച്ച് മോശ പഠിപ്പിച്ച അതേ ആദര്‍ശം തന്നെയാണ് യേശുവും തന്റെ ജനതയെ പഠിപ്പിച്ചത്.

ആവര്‍ത്തനം 6:4ലെ അതേവചനം മര്‍ക്കോസ് സുവിശേഷം 12:29 വചനത്തിലുണ്ട്. അത് കാണുക. ഒരു ശാസ്ത്രി(നിയമപണ്ഡിതന്‍) യേശുവിന്റെ അടുത്തുവന്നു ചോദിച്ചു;

“എല്ലാറ്റിനും മുഖ്യമായ കല്പന ഏത്? യേശു പറഞ്ഞു: യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണമനസോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്‌നേഹിക്കുക.”

അടിവരയിട്ട ഭാഗം നോക്കുക. ‘നമ്മുടെ ദൈവമായ കര്‍ത്താവ്’ അഥവാ യേശു ഉള്‍പ്പെടെയുള്ള മനുഷ്യരുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ് എന്നാണ് യേശു പറഞ്ഞത്.

തോറയിലെ പരമപ്രധാനമായ കല്‍പന ഏതാണെന്ന് ശാസ്ത്രിക്ക് അറിയാഞ്ഞിട്ടല്ല. അദ്ദേഹം തോറയിലും മറ്റു യഹൂദ വേദഗ്രന്ഥങ്ങളിലും അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു. യേശു, താന്‍ മിശിഹായും പ്രവാചകനുമാണെന്ന അവകാശവാദം ഉന്നയിച്ചപ്പോള്‍ ഇസ്രായേല്യര്‍ പ്രതീക്ഷിച്ചിരുന്ന മിശിഹായും പ്രവാചകനും തന്നെയാണോയെന്ന് പരീക്ഷിക്കുവാനാണ് ശാസ്ത്രി ആ ചോദ്യം ഉന്നയിച്ചത്. എന്നാല്‍ യേശുവിന്റെ മറുപടിയില്‍ വളരെ സംതൃപ്തനായിക്കൊണ്ട് അദ്ദേഹം യേശുവിനോട് പറഞ്ഞു:

”ഗുരോ, നീ പറഞ്ഞത് ശരിതന്നെ. അവന്‍ אֶחָד-ഏകന്‍ ആണ്, അവനല്ലാതെ മറ്റൊരുവന്‍ ഇല്ല. എന്ന് പറഞ്ഞത് സത്യമാണ്. അവനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണഅറിവോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്‌നേഹിക്കുന്നതും എല്ലാ ഹോമബലിളെക്കാളും യാഗങ്ങളെക്കാളും ഏറെ ഉല്‍കൃഷ്ടമാണ്. അവന്‍ ബുദ്ധിപൂര്‍വ്വം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍ നിന്നും അകലെയല്ല.” (12:32-34)

പരലോക മോക്ഷത്തിനു യേശു തന്റെ അനുചരന്‍മാരെ പ്രഥമവും പ്രധാനവുമായി പഠിപ്പിച്ചത് ഏകദൈവാരാധനയാണെന്നതിന് വ്യക്തമായ തെളിവാണ് ശാസ്ത്രിയുടെ മറുപടി. അദ്ദേഹം വിവേകത്തോടെ പറഞ്ഞത് ‘അവന്‍ (ദൈവം) ഏകനാണ്. അഥവാ אֶחָד ആണ്. അവനല്ലാതെ മറ്റൊരുവനും ഇല്ല (അറബിയില്‍ ‘ലാഇലാഹ ഇല്ലല്ലാഹ്’). അത് എല്ലാ ഹോമബലിളെക്കാളും യാഗങ്ങളെക്കാളും ഏറെ ഉല്‍കൃഷ്ടമാണ്’ എന്നാണ്. ശാസ്ത്രിയുടെ മറുപടിയില്‍ തൃപ്തനായിക്കൊണ്ട് അദ്ദേഹത്തോട് യേശു പറഞ്ഞു: ‘നീ ദൈവരാജ്യത്തില്‍നിന്ന് ഏറെ അകലെയല്ല’. പ്രഥമസാക്ഷ്യമായ ഏകദൈവ വിശ്വാസാരാധനയിലൂടെ ഒരാള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് അടുക്കുവാനും നരകത്തില്‍നിന്നും അകലുവാനും കഴിയുമെന്നാണ് യേശു ഇവിടെ പഠിപ്പിക്കുന്നത്. അതിനെ സാധൂകരിച്ചുകൊണ്ട് യേശു പറയുന്നു:

”ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവന്‍ ആകുന്നു.” (യോഹ 17:3)

മേല്‍ സൂചിപ്പിച്ച വചനത്തില്‍, നിത്യജീവന്‍ പ്രാപിക്കുവാന്‍-സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍-രണ്ട് സാക്ഷ്യങ്ങളാണ് തന്റെ അനുചരന്മാരെ യേശു പഠിപ്പിക്കുന്നത്. അതില്‍ പ്രഥമവും പ്രധാനവുമായത് ‘ഏകസത്യദൈവത്തെ അറിയുക’എന്നതാണ്. അഥവാ אֶחָד ആണന്നറിയുക. എങ്ങനെയാണ് അറിയേണ്ടത്? യഹോവയായ ദൈവം പറയട്ടെ:

”യഹോവയായ ഞാന്‍ നിന്റെ ദൈവമാകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുത്.” (പുറപ്പാട് 20:3) لا اله الا الله -ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന ഒന്നാമത്തെ ശഹാദത്ത് (സാക്ഷ്യം) ആണ് അത്.

രണ്ടാമത്തെ സാക്ഷ്യം: ‘നീ (ഏക സത്യദൈവം) അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുക.’ അഥവാ യേശു ഏക സത്യദൈവത്താല്‍ അയക്കപ്പെട്ടവന്‍-റസൂല്‍-ആകുന്നു എന്നറിയുക. റസൂല്‍ എന്ന അറബിപദത്തിന്റെ അര്‍ത്ഥം അയക്കപ്പെട്ടവന്‍ എന്നാണ്. എങ്ങനെയാണ് യേശുവിനെ അറിയേണ്ടത്? യേശുവിന്റെ വചനം കേള്‍ക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തുകൊണ്ട്, അല്‍പം കൂടി വ്യക്തമാക്കിയാല്‍ അദ്ദേഹത്തിന്റെ ചര്യയനുസരിച്ച് ജീവിക്കുക എന്നത് തന്നെ. ഈ രണ്ട് സാക്ഷ്യങ്ങളും യേശു തന്റെ ജീവിതത്തില്‍ പകര്‍ത്തുകയും തന്റെ അനുചരന്‍മാര്‍ക്ക് എത്തിക്കുകയും ചെയ്തു എന്നതാണ് വസ്തുത.

സൂറത്തുല്‍-ഇഖ്‌ലാസ്വ്

വിശുദ്ധ ഖുര്‍ആനിലെ 112-ാം അധ്യായമാണ് സൂറത്തുല്‍ ഇഖ്‌ലാസ്വ്. അതിന്റെ അര്‍ത്ഥം നിഷ്‌ക്കളങ്കത എന്നാണ്. യാതൊരു കലര്‍പ്പും കൂടാതെ തികച്ചും പരിശുദ്ധമായ ഏകദൈവവിശ്വാസമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു അധ്യായമാണത്. മാത്രമല്ല, ‘ഈ അധ്യായം ഖുര്‍ആന്റെ മൂന്നില്‍ ഒരു ഭാഗത്തിനു സമമാകുന്നു’ എന്ന് മുഹമ്മദ് നബി(സ) പറഞ്ഞിട്ടുണ്ട്. അതില്‍ നാല് വചനങ്ങളാണുള്ളത്. അവ കാണുക:

1. “(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. 2. അല്ലാഹു നിരാശ്രയനാകുന്നു (ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു). 3. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. 4. അവന്നു തുല്യനായി ആരും ഇല്ലതാനും”.

ഒന്നാമത്തെ വചനത്തിലെ ‘അല്ലാഹു ഏകനാണ്’ എന്ന വാചകത്തിന്റെ അറബി മൂലം’اللهُ أَحَد-അല്ലാഹു അഹദ്-എന്നാണ്. ‘അല്ലാഹു ഏകനാണ്’ എന്നാല്‍ ബഹുത്വമോ, നാനാത്വമോ, ഘടനയോ ഇല്ലാത്തവന്‍; ഇണയോ, തുണയോ, പങ്കാളിയോ ഇല്ലാത്തവന്‍; സത്തയിലും, ഗുണങ്ങളിലും, പ്രവര്‍ത്തനത്തിലെല്ലാം തന്നെ ഏകനായുള്ളവന്‍ എന്നര്‍ത്ഥം.

അറബിയില്‍ اَحَدْ-അഹദ് എന്ന അറബി പദത്തിന് ‘ഒരുവന്‍’, ‘ഏകന്‍’ എന്നൊക്കെയാണര്‍ത്ഥമെങ്കിലും എണ്ണം പറയുമ്പോള്‍, ‘ഒന്ന്’ അല്ലെങ്കില്‍ ‘ഒരാള്‍’ എന്ന അര്‍ത്ഥത്തില്‍ ആ പദം ഉപയോഗിക്കപ്പെടുകയില്ല. وَاحِدْ-വാഹിദ് എന്ന പദമാണ് ‘ഒന്ന്’ അല്ലെങ്കില്‍ ‘ഒരാള്‍’ എന്ന അര്‍ത്ഥത്തിനു ഉപയോഗിക്കുന്നത്. അല്ലാഹുവിനെക്കുറിച്ചല്ലാതെ اَحَدْ-അഹദ് എന്ന പദം വിശുദ്ധ ഖുര്‍ആനില്‍ മറ്റാര്‍ക്കും ഉപയോഗിച്ചിട്ടില്ല എന്നത് വളരെ ശ്രദ്ധേയമാണ്. ബഹുത്വത്തിന്റെയോ, നാനാത്വത്തിന്റെയോ, ഘടനയുടെയോ കലര്‍പ്പില്ലാത്ത ഏകനായുള്ളവന്‍ എന്ന് اَحَدْ-അഹദ് എന്ന പദത്തെ വിശേഷിപ്പിക്കുന്നു.

മേല്‍ സൂചിപ്പിച്ച ഖുര്‍ആനിലെ ഒന്നാമത്തെ വചനവും മുമ്പ് പറഞ്ഞ ബൈബിളിലെ ആവര്‍ത്തനപുസ്തകം 6:4 വചനവുമായി വളരേയധികം സാമ്യമുണ്ട്. ഖുര്‍ആനില്‍ ‘ اللهُ أَحَد -അല്ലാഹു അഹദ്’, അഥവാ അല്ലാഹു ഏകനാകുന്നു എന്നാണെങ്കില്‍ ആവര്‍ത്തനപുസ്തകം 6:4 വചനത്തില്‍ ‘יְהֹוָה אֶחָד-യഹോവ എഹദ്’, അഥവാ യഹോവ ഏകനാകുന്നു എന്നാണ്. ദൈവത്തിന്റെ ഏകത്വത്തിനു വേണ്ടി אֶחָד (എഹദ്) എന്ന പദത്തെ വളരെ ഗൗരവത്തോടെയാണ് യഹൂദര്‍ കാണുന്നതെന്ന് തോറാ കമണ്ടറിയിലെ നിര്‍വ്വചനത്തില്‍ നാം കണ്ടു. അതില്‍ അവര്‍ ദൈവത്തിന്റെ ഏകത്വത്തിന് വേണ്ടി മരിക്കാന്‍പോലും തയ്യാറാണെന്നാണ് പറയുന്നത്. ഏകത്വത്തെ സൂചിപ്പിക്കുന്ന ബൈബിളിലെ മറ്റു ചില വചനങ്ങള്‍ കാണുക:

“എനിക്കു മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല. എനിക്കു ശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന്‍, ഞാന്‍ തന്നെ യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യശയ്യ 43:10-11)

“മുകളില്‍ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഗ്രഹിച്ച് അത് ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍.” (ആവര്‍ത്തനം 4:39)

“യഹോവയായ ഞാന്‍ തന്നെയെല്ലെ? ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാനല്ലാതെ നീതിമാനായ ദൈവവും രക്ഷകനുമായി മറ്റാരുമില്ല. ഭൂമിയുടെ അതിര്‍ത്തികളെ, എന്നിലേക്ക് തിരിഞ്ഞ് രക്ഷപ്പെടുക. ഞാനാണ് ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല.” (യശയ്യ 45:21-22)

“ഞാനാണ് യഹോവ, ഞാനല്ലാതെ മറ്റൊരുവനില്ല, എന്ന് ആകാശങ്ങളെ സൃഷ്ടിച്ച യഹോവ അരുളിചെയ്യുന്നു. അവന്‍ തന്നെ ദൈവം.” (യശയ്യ 45:18)

“ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലന്നും നമുക്കറിയാം.” (1 കൊരിന്തോസ് 8:4)

“എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളു. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്ക്‌ വേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്.” (1 കൊരിന്തോസ് 8:6)

”യഹോവയാണ് ദൈവമെന്നും അവനല്ലാതെ മറ്റൊരു ദൈവമില്ലന്നും നിങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുമ്പില്‍ കാണിച്ചത്.” (ആവര്‍ത്തനം 4:35)

”നിന്നെപ്പോലെ ആകാശത്തിലും ഭൂമയിലും വേറൊരു ദൈവമില്ല.” (1 രാജാക്കന്മാര്‍ 8:23)

”ദൈവമായ യഹോവേ, നീ വലിയവന്‍ ആകുന്നു. നിന്നെപ്പോലെ ഒരുത്തനുമില്ല. ഞങ്ങള്‍ സ്വന്തം ചെവികൊണ്ട് കേട്ടതൊക്കെയും ഓര്‍ത്താല്‍ നീ അല്ലാതെ ഒരു ദൈവവും ഇല്ല.” (2 സാമുവേല്‍ 7:22)

”നിന്റെ ദൈവമായ യഹോവ ഞാനാണ്. എന്നെയല്ലാതെ മറ്റെരു ദൈവത്തെ നീ അറിയുന്നില്ല. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.”(ഹോശേയാ 13:4)

”അങ്ങനെ, യഹോവയാണ് ദൈവമെന്നും അവന്‍ മാത്രമാണ് ദൈവമെന്നും ഭൂമിയിലെ സര്‍വ ജനതകളും അറിയട്ടെ!” (1 രാജക്കന്മാര്‍ 8:60)

”യഹോവ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യഹോവ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അവിടുത്തേക്ക് ഒരു നാമം മാത്രം.” (സക്കരിയ 14:9) ബൈബിളില്‍ അനേകം വചനങ്ങള്‍ വേറേയുമുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും ഞാനാണ് അല്ലാഹു. ഞാനല്ലാതെ ഒരു ആരാധ്യനുമില്ല. അതിനാല്‍ നീ എന്നെ ആരാധിക്കുകയും, എന്നെ ഓര്‍മ്മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വ്വഹിക്കുകയും ചെയ്യുക.” (20:14)

”പറയുക: നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്‍കപ്പെടുന്നത്. നിങ്ങള്‍ മുസ്‌ലീംകളാവുന്നില്ലയോ?” (21:108)

”തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന് പുറമെയുള്ളവരെപ്പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്നപക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.” (39:36)

സൂറത്തുല്‍ ഇഖ്‌ലാസ്വിലെ രണ്ടാമത്തെ വചനം ‘അല്ലാഹു നിരാശ്രയനാകുന്നു’ എന്നാണ്. അതും ബൈബിളിലെ യശയ്യ 44:24 വചനവുമായി വളരെ യോജിച്ചു പോകുന്നുണ്ട്. അത് കാണുക:

യഹോവയായ ദൈവം പറയുന്നു. ”ഗര്‍ഭത്തില്‍ നിനക്ക് രൂപം നല്‍കിയ നിന്റെ രക്ഷകനായ യഹോവ അരുളി ചെയ്യുന്നു. എല്ലാം സൃഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്ത യഹോവ ഞാനാണ്. ആരുണ്ടായിരുന്നു അപ്പോള്‍ എന്നോടൊന്നിച്ച്.?”

‘ആരുണ്ടായിരുന്നു അപ്പോള്‍ എന്നോടൊന്നിച്ച്?’ എന്ന വെല്ലുവിളി രൂപത്തിളുള്ള പ്രയോഗം ‘യഹോവ നിരാശ്രയനാകുന്നു’ എന്ന വാക്കിന് തുല്യമാണ്. പ്രപഞ്ച സൃഷ്ടിപ്പില്‍ അഥവാ എല്ലാം സൃഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്തതിന് പിന്നില്‍ മറ്റൊരു ശക്തിയും ദൈവത്തിന്റെ കൂടെ ഉണ്ടായിരുന്നില്ല എന്ന് സാരം. അത്‌കൊണ്ട് യഹോവ നിരാശ്രയനാകുന്നു.

സൂറത്തുല്‍ ഇഖ്‌ലാസ്വ്‌ലെ മൂന്നാം വചനം ‘അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല’ എന്നാണ്. അഥവാ പിതാവോ മാതാവോ ഇല്ലാത്തവന്‍; അവന്‍ മറ്റൊന്നില്‍നിന്നു ജന്യനായവനോ അല്ല. അവന്‍ സ്വയംഭൂവാണ്. അനാദ്യനാണ്. അനന്തനാണ്. മരണമില്ലാത്തവനാണ്. അപ്പോള്‍ അവന്റെ സന്താനമോ, അവതാരമോ ആയി യാതൊന്നും ഉണ്ടാകാവതല്ല. അങ്ങിനെയുള്ള സങ്കല്‍പ്പങ്ങളില്‍ നിന്നെല്ലാം പരിശുദ്ധനാണവന്‍.
ഈ പ്രയോഗങ്ങളുമായി ഏകദേശം യോജിച്ചുപോകുന്ന വചനങ്ങള്‍ ബൈബിളില്‍ കാണാം:

”വ്യാചം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിപ്പാന്‍ അവന്‍ മനുഷ്യ പുത്രനുമല്ല.” (സംഖ്യ 23:19) ”അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍.” (1തിമോത്തി 6:16)

സൂറത്തുല്‍ ഇഖ്‌ലാസ്വിലെ നാലാമത്തെ വചനം ‘അവന്നു തുല്യനായി ആരും ഇല്ലതാനും’ എന്നാണ്. ഈ വചനവുമായി വളരെയേറെ യോജിച്ചുപോകുന്ന വാക്യങ്ങള്‍ ബൈബിളിലുണ്ട്. അത് കാണുക:

ദൈവം ചോദിക്കുന്നു. ”ആരോട് നീ എന്നെ സാദൃശ്യപ്പെടുത്തും? ആരാണ് എനിക്ക് തുല്ല്യന്‍? ആരോട് നീ എന്നെ തുലനം ചെയ്യും? എനിക്ക് സമനായി ആരുണ്ട്?” (യശയ്യ 46:5,6)

”ഞാനാണ് ദൈവം; ഞാനല്ലാതെ മറ്റൊരുവനില്ല. ഞാന്‍ തന്നെ ദൈവം. എന്നെപ്പോലെ മറ്റാരുമില്ല.” (യശയ്യ 46:9)

”യഹോവ പറയുന്നു: ഞാന്‍ ആദിയും അന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല. എനിക്ക് സമനായി ആരുണ്ട്?” (യശയ്യ 44:6-7)

”മോശ തുടര്‍ന്നു: അങ്ങനെയാകട്ടെ. ഞങ്ങളുടെ ദൈവമായ യഹോവക്ക് തുല്യനായി മറ്റാരുമില്ലെന്ന് അങ്ങനെ നീ ഗ്രഹിക്കും.” (പുറപ്പാട് 8:10)

”യഹോവയെപ്പോലെ പരിശുദ്ധനായി മറ്റാരുമില്ല. യഹോവയല്ലാതെ മറ്റാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു ആശ്രയമില്ല.”
(1 സാമുവേല്‍ 2:2)

ഇവിടെ വളരെ ശ്രദ്ധേയമായ ഒരു കാര്യം പഴയനിയമമായാലും പുതിയനിയമമായാലും ബൈബിളിന്റെ മര്‍മ്മം ദൈവത്തിന്റെ ‘ഏകത്വ’മാണ് അല്ലെങ്കില്‍ ‘തൗഹീദ്’ ആണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. യേശുപോലും പ്രഥമവും പ്രധാനമായും തന്റെ ജനതയോട് പ്രബോധനം ചെയ്തതും ദൈവത്തിന്റെ ‘ഏകത്വ’മാണ്. അത് സ്വര്‍ഗ്ഗം നേടാനുള്ള മുഖ്യ മാര്‍ഗ്ഗമാണെന്നും അദ്ദേഹം പഠിപ്പിച്ചു. അതിനുള്ള തെളിവുകള്‍ ബൈബിളില്‍ നിന്നും ഉദ്ധരിക്കുകയും ചെയ്തു.

‘മുഹമ്മദ് നബി(സ)യുടെ പ്രബോധന കാലത്തിന്റെ ആരംഭത്തില്‍ മുആദ്(റ)നെ യമനിലേക്കയച്ചപ്പേള്‍ അദ്ദേഹത്തേട് ഇങ്ങനെ പറഞ്ഞു: ഗ്രന്ഥം നല്‍കപ്പെട്ട ഒരു ജനതയുടെ അടുത്താണ് നീ പോകുന്നത്. അതിനാല്‍ അവരെ ഒന്നാമതായി ക്ഷണിക്കേണ്ടത് لا اله الا الله -ലാ ഇലാഹ ഇല്ലല്ലാഹ്-‘ആരാധ്യന്‍ അല്ലാഹു അല്ലാതെ മറ്റാരുംതന്നെയില്ല’ എന്നു സാക്ഷ്യം വഹിക്കുന്നതിനാകുന്നു’.

മഹമ്മദ് നബി(സ) പറഞ്ഞു: ‘ഞാനും എനിക്ക് മുമ്പുള്ള എല്ലാ പ്രവാചകന്മാരും പറഞ്ഞതില്‍നിന്ന് ഏറ്റവും ശ്രേഷ്ടമായ വാക്യം لا اله الا الله -ലാ ഇലാഹ ഇല്ലല്ലാഹ്-‘ആരാധ്യന്‍ അല്ലാഹു അല്ലാതെ മറ്റാരുംതന്നെയില്ല’ എന്നാകുന്നു’.

ഇതേ ആദര്‍ശമാണ് ഗ്രന്ഥം നല്‍കപ്പെട്ടവര്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച ക്രൈസ്തവരോടും ഞങ്ങള്‍ക്ക് പറയാനുള്ളത്. നിങ്ങളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.

(തുടരും)

print

3 Comments

  • ഇതിന് എതിരായും യേശു പറയുന്നുണ്ട്. ഞാനോ നിങ്ങളോട് പറയുന്നു എന്ന് തുടങ്ങുന്ന വാക്യം യേശു തോറയെ തളളി പറയുകയാണ് ചെയ്തത്. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണം എന്നത് യേശു തിരുത്തിയില്ലേ?

    Asoomps2@gmail.com 28.04.2019
    • വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണം എന്നത് യേശു തിരുത്തിയില്ലേ? ഇല്ല. ആ ഭാഗം യോഹന്നാൻ സുവിശേഷം 8: 3 -11 ൽ ആണ് കാണുന്നത്. ആ ഭാഗം പിൽക്കാലത്ത് കടത്തിക്കൂട്ടിയതാണെന്ന് പുരാതന കയ്യെഴുത്തു പ്രതികളായ കോഡക്സ് വത്തിക്കാനസ്, കോഡക്സ് സിനാറ്റിക്കസ് പോലുള്ള പ്രതികളിൽ നിന്നും മനസ്സി ലാക്കാം.കാരണം ആ പ്രതികളിൽ പ്രത്യേകിച്ചും കോഡക്സ് വത്തിക്കാനസിൽ യോഹന്നാൻ 7:40b മുതൽ 8:19 വരെയുള്ള വചനങ്ങൾ ഇല്ല. പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങൾ പ്രസിദ്ധീകരിക്കുന്ന സത്യവേദപുസ്തകത്തിൽ 7:53 മുതൽ 8 :11 വരെയുള്ള വചനങ്ങൾ ബ്രാക്കറ്റിലാണ് കൊടുത്തിട്ടുള്ളത്. അഥവാ അവ പിൽക്കാലത്തു കടത്തിക്കൂട്ടിയതെന്ന് സാരം. ഇംഗ്ലീഷ് ബൈബിളിൽ ആ ഭാഗം ഫൂട്ട്നോട്ട് ആയി the most ancient authorities lack 7:53 – 8 :11 എന്ന് രേഖപ്പെടുത്തിയതായി കാണാം. ചുരുക്കത്തിൽ ബൈബിൾ എഴുത്തുകാരുടെ കള്ളെഴുത്ത്കോൽ പ്രയോഗമാണ് വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണം എന്ന ഭാഗം.

      AFREEN 09.05.2019
  • യേശു പഴയ നിയമം പാലിക്കാൻ ആണ് പറയുന്നത്
    പഴയ നിയമം കൃത്യമായി പാലിക്കണം എന്ന് യേശു പടിപികുന്നു .
    മത്തായി – അദ്ധ്യായം 5 :17 ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. 18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
    ലൂക്കോസ് – അദ്ധ്യായം 16 :17 ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.
    തിമൊഥെയൊസ് 2 – അദ്ധ്യായം 3 :16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
    പത്രൊസ് 2 – അദ്ധ്യായം 1 :19 പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു. 20 തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. 21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.
    മർക്കൊസ് – അദ്ധ്യായം 7 :9 പിന്നെ അവരോടു പറഞ്ഞതു: “നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി. 10 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ. 11 നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നർത്ഥമുള്ള കൊർബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു. 12 തന്റെ അപ്പന്നോ അമ്മെക്കോ മേലാൽ ഒന്നും ചെയ്‍വാൻ അവനെ സമ്മതിക്കുന്നതുമില്ല. 13 ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു.

    Shabeer 26.10.2020

Leave a Reply to AFREEN Cancel Comment

Your email address will not be published.