തിരിച്ചറിവുകൾ -6

//തിരിച്ചറിവുകൾ -6
//തിരിച്ചറിവുകൾ -6
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -6

മഴ

കോരിച്ചൊരിയുന്ന മഴ. കയ്യിലെ പുസ്തകത്തിൽ നിന്ന് കണ്ണെടുത്തു അയാൾ താഴേക്ക് നോക്കി. പത്താം നിലയിലുള്ള ബാൽക്കണിയിൽ നിന്ന് ആ കാഴ്ച എത്ര സുന്ദരമാണ്. നയനമനോഹരം. പ്രവാസിക്ക് അങ്ങനെയൊരു മഴ വല്ലപ്പോഴും വീണു കിട്ടുന്ന ഭാഗ്യമാണ്. തുള്ളികളുടെ കനം കൂടുന്നത് പോലെ തോന്നി അയാൾക്ക്. താഴെയുള്ള ചെടികളെയും കൊച്ചു മരങ്ങളെയും എല്ലാം തലോടുന്നതിന് പകരം കുളിപ്പിക്കുകയാണ് മഴ. അതിന്നു താഴെയുള്ള ശലഭങ്ങളെയും കുരുവികളെയും സംരക്ഷിക്കാൻ ഇലകൾ നന്നായി പ്രയാസപ്പെടുന്നത് പോലെ. ഒരർത്ഥത്തിൽ അവയുടെ അവസ്ഥ തന്നെയല്ലേ തനിക്കും? കാലം കൊണ്ട് വന്ന ഈ മഹാമാരി തന്നെ വല്ലാതെ ഒറ്റപ്പെടുത്തിയിരിക്കുന്നു. പുസ്തകങ്ങൾക്കോ ഗാഡ്ജെറ്റുകൾക്കൊ സുഹൃത്തുക്കൾക്കോ ഒന്നും ഈ ഏകാന്തതയിൽ നിന്ന് തന്നെ രക്ഷിക്കാൻ ആവുന്നില്ലല്ലോ…! മനസ്സ് വല്ലാതെ അസ്വസ്ഥമായി.

വർഷങ്ങൾ എത്രയോ ആയി താൻ ഒറ്റക്കായിട്ട്. ഒരു കൂട്ടു വേണമെന്ന് തോന്നിയിട്ടില്ല. അതു വേണ്ട എന്നത് ഉറച്ച തീരുമാനം ആയിരുന്നു. ആ തീരുമാനത്തിന് പിന്നിൽ തന്നെ താനാക്കിയ ഒരു അനുഭവമുണ്ട്. വീഴ്ചകളിൽ കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകാൻ തന്നെ സഹായിക്കുന്ന ഒരേയൊരു ആയുധമാണത്. ആ ചിന്ത അയാളുടെ കണ്ണുകളെ അടുത്തിരിക്കുന്ന പുസ്തകങ്ങളിലേക്ക് കൊണ്ടുപോയി. അയാൾ ആ പുസ്തകം കണ്ണു കൊണ്ട് പരതി. ‘രമണൻ’. കാലങ്ങളായി തന്റെ മേശപ്പുറത്ത്‌ എന്നുമുണ്ടാകുന്ന പുസ്തകം! ഒരിക്കൽ മാത്രമേ അത് വായിച്ചിട്ടുള്ളൂ. മനസ്സിന്റെ താളം വീണ്ടെടുത്തു കൊണ്ടിരുന്ന നാളുകളിൽ.

അതിലെ വരികളിൽ പലതിനെയും തനിക്ക് ഭൂതകാലവുമായി ബന്ധിപ്പിക്കാൻ സാധിക്കുമല്ലോ. ഒറ്റപ്പെടലിൽ, വീഴ്ചകളിൽ എല്ലാം വെറുതെ അത് മറിച്ചു നോക്കാറുണ്ട്. ഏതെങ്കിലും വരികളിലൂടെ. ആ വരികൾ തന്റെ ഓർമകളെ പിന്നോട്ട് കൊണ്ടുപോവുകയല്ല മറിച്ചു മുന്നോട്ട് പോവാൻ ഊർജ്ജം നൽകുകയാണ് ചെയ്യാറ്. ആ ആത്മവിശ്വാസമാണ് ആ പുസ്തകത്തെ തിരയാൻ അയാളെ പ്രേരിപ്പിച്ചത്. അയാൾ ആ പുസ്തമെടുത്ത് വെറുതെ ഒന്ന് മറിച്ചു..

‘നേരിന്റെ നേരിയ വെള്ളിവെളിച്ചത്തിൽ നീയിന്നൊരു ദേവനായിരിക്കാം; എന്നാലതൊന്നുമറിയുകയില്ലാരുമിന്നതുകൊണ്ടു നീ പിന്മടങ്ങൂ!…’

പെട്ടെന്നയാൾ അതടച്ചു കളഞ്ഞു. മനസ്സിന്റെ മുറുക്കം കൂടി വരുന്നു. ആ മഴയത്തും അയാൾ വിയർക്കുകയായിരുന്നു. തനിക്ക് തെറ്റ് പറ്റിയോ? താൻ ഒറ്റക്കായോ? ജീവിതത്തിൽ ഇങ്ങനെയൊരു ഒറ്റപ്പെടൽ തീരെ പ്രതീക്ഷിച്ചില്ല. തനിക്ക് ചുറ്റും ആളുകൾ ഉണ്ടായിരുന്നു. ദിവസം അവസാനിക്കുന്ന വരെ. സുഖമായി ഉറങ്ങാൻ സാധിച്ചിരുന്നു. എല്ലാ ദിനങ്ങളും സന്തോഷത്തിന്റേതോ ഉയർന്ന ചിന്തകളുടേതോ ഒക്കെ ആയിരുന്നു. പക്ഷേ കാലം തന്നെ ശരിക്കും ഒറ്റപ്പെടുത്തിക്കളഞ്ഞിരിക്കുന്നു.

സാമീപ്യം കൊതിക്കുന്ന ഒരു മനസ്സ് തനിക്കും ഉണ്ടെന്ന് കാലം കാണിച്ചു തരികയാണോ? മനസ്സിൽ താഴിട്ടു പൂട്ടിയ വ്യഥകൾ, ഓർമകൾ, ആഗ്രഹങ്ങൾ എല്ലാം പൂട്ടു പൊട്ടിച്ചു പുറത്തേക്ക് വരികയാണോ? ചോദ്യത്തിന് പ്രസക്തിയില്ലാത്തവിധം അത് ശരിയാണെന്ന് അയാൾക്ക് ബോധ്യമായി. അയാൾ കണ്ണുകൾ മുറുക്കിയടച്ചു. അവ പൂർണമായും നിറഞ്ഞിരിന്നു. ശ്വാസം വർധിച്ചിരിക്കുന്നു. അതേ, കാലം തന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. താൻ പൂർണനല്ല എന്നൊരു തോന്നൽ. ഒന്ന് പൊട്ടിക്കരയണം എന്നുണ്ട്. പക്ഷേ എങ്ങനെ? ആരുണ്ട് തനിക്ക്? ഒരു കൂട്ടിന് വേണ്ടി അയാൾ ശരിക്കും ആഗ്രഹിച്ചു. സ്നേഹത്തിന് വേണ്ടി ദാഹിച്ചു. തനിക്ക് വേണ്ടി ജീവിക്കാൻ വരുന്നവളുടെ മടിയിൽ കിടന്ന് സ്വസ്ഥമായി ഒന്ന് തല ചായ്ക്കണം എന്നു തോന്നി. കണ്ണുനീർ പുറത്തേക്ക് ഒലിച്ചിറങ്ങിയിരിക്കുന്നു.

കണ്ണുകൾ പതിയെ തുറന്നു അയാൾ പുറത്തേക്ക് നോക്കി. മഴയുടെ ശൗര്യം കുറഞ്ഞിരിക്കുന്നു. ഇലകൾ സന്തോഷവതികളായി കാണപ്പെട്ടു. കുരുവികളും ആശ്വാസത്തിലാണ്. ഒരുപക്ഷേ തന്നെപ്പോലെത്തന്നെ.

കയ്യിലിരുന്ന ‘രമണൻ’ ഒന്നുകൂടെ മറിച്ചു നോക്കി. അതിലെ വരികൾ ഇങ്ങനെയായിരുന്നു..

‘കുറ്റപ്പെടുത്തുവാനില്ലതിൽ; നാമൊക്കെയെത്രയായാലും മനുഷ്യരല്ലേ?..’

ബാക്കിയുള്ള വരികളിലേക്ക് അയാൾ പോയില്ല. ആ വരികൾ തന്നെ അയാളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിയിച്ചിരുന്നു. അപ്പോഴേക്കും മഴ തോർന്നിരുന്നു. പുറത്തു മാത്രമല്ല അയാളുടെ മനസ്സിലും..!

ഇണയില്ലാത്ത മനുഷ്യൻ അപൂർണനാണ്. സ്നേഹവും കാരുണ്യവും പൂർണമായും അനുഭവിക്കാൻ കഴിയാത്തവിധം അപൂർണൻ. സന്തോഷങ്ങളും സങ്കടങ്ങളും ആകുലതകളും പങ്കുവെക്കാൻ ഒരു പങ്കാളിയില്ലാത്ത ജീവിതം എത്ര നിരർത്ഥകമാണ്. ആ ഇണയിലേക്ക് ചേർന്നു ജീവിക്കുമ്പോഴല്ലേ യഥാർത്ഥത്തിൽ മനുഷ്യന് ശാന്തി കിട്ടുന്നത്..?

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.