തിരിച്ചറിവുകൾ -5

//തിരിച്ചറിവുകൾ -5
//തിരിച്ചറിവുകൾ -5
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -5

പാവങ്ങൾ

ഈജിപ്റ്റിലെ ഒരു നഗരം. നേരം വെളുത്തു തുടങ്ങി. നഗരത്തിന്റെ മൂലയിൽ ചവറുകൂനകൾ അനങ്ങിത്തുടങ്ങി. പെറുക്കാൻ ആളുകൾ വന്നതാണ്. നഗരം തിരക്കിനെ വരവേൽക്കുന്നതിന് മുൻപ് ചവറുകൾ അവിടെ നിന്ന് പോയിട്ടുണ്ടാവും. ഒരു രണ്ടു മൂന്നു പേരെങ്കിലും കാണും. ചവറുകൾ വിൽപന നടത്തി ജീവിക്കുന്നവർ. കൂട്ടത്തിൽ ഒരു വൃദ്ധയുണ്ട്. ഒരു വലിയ പ്ലാസ്റ്റിക് സഞ്ചിയിൽ അവരും വാരി നിറക്കുകയാണ് ചവറുകൾ. കൂട്ടത്തിലുള്ളവരോട് മത്സരിക്കാൻ അവർക്ക് ആവതില്ല. അല്ലെങ്കിലും അവിടെ അങ്ങനെ ഒരു മത്സരമുണ്ട് എന്നു തോന്നുന്നില്ല. എല്ലാവരും അവനവന്റെ സ്ഥലത്തുള്ള സാധനങ്ങൾ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.

മുഖത്ത് നല്ല രീതിയിൽ ചുളിവുകൾ വീണിട്ടുണ്ട്. പ്രായം 60 ന് മുകളിലാണ് എന്നു തീർച്ച. അയാൾ അവരുടെ അരികിലേക്ക് നടന്നു. ചുറ്റും ദുർഗന്ധമാണ്. അവർ എങ്ങിനെ അവിടെ നിൽക്കുന്നു എന്നതിൽ അയാൾക്ക് അത്ഭുതം തോന്നി.

‘ഇവിടെ അടുത്തു നല്ല ഭക്ഷണ ശാലകൾ ഉണ്ടോ?’ അയാൾ ചോദിച്ചു.

‘ഉണ്ടല്ലോ മോനെ ആ വളവു കണ്ടോ ? അതിനപ്പുറം ഒന്നു രണ്ടെണ്ണം ഉണ്ട്. കാലത്തു തന്നെ തുറക്കും.’ അവർ റോഡിലേക്ക് കൈചൂണ്ടി പറഞ്ഞു.

‘നിങ്ങൾ കഴിച്ചതാണോ? ഇല്ലെങ്കിൽ നമുക്കൊരുമിച്ചു പോയാലോ? എനിക്ക് സ്ഥലം കണ്ടു പിടിക്കുകയും ചെയ്യാം.’

‘വേണ്ട മോനെ, ഇപ്പോ കഴിച്ചാൽ പണി മുടങ്ങും.’

‘എന്തിനാണ് നിങ്ങൾ ഈ പ്രായത്തിൽ ഇതേപോലുള്ള ജോലികൾ ചെയ്യുന്നത്?’

‘ജീവിക്കാൻ..’ പുഞ്ചിരിച്ചു കൊണ്ടാണ് അവരതിന് മറുപടി പറഞ്ഞത്.

ആ മറുപടിയിൽ അയാൾ തൃപ്തനായിരുന്നില്ല. അത് മനസ്സിലാക്കിയിട്ടായിരിക്കും വൃദ്ധ തന്റെ പണി നിർത്തി ഒന്നു നിവർന്നു നിന്നു.

‘നോക്കൂ മോനെ. എന്റെ ഭർത്താവ് മരിച്ചിട്ട് കുറച്ചു വർഷങ്ങളായി. മക്കൾ രണ്ടുപേരും കല്യാണം കഴിച്ചു അവരവരുടെ ജീവിതവുമായി കഴിയുകയാണ്. എനിക്കുള്ള ഭക്ഷണം ഞാൻ തന്നെ കണ്ടുപിടിക്കണം. മാത്രവുമല്ല ഭർത്താവിനെ ചകിൽസിച്ച വകയിലുള്ള കടം ഇനിയും തീർന്നിട്ടുമില്ല. മോന്റെ നല്ല വാക്കുകൾക്ക് നന്ദിയുണ്ട്. പടച്ചവൻ മോനെ അനുഗ്രഹിക്കട്ടെ.’

‘എത്ര കടമുണ്ട്?’ അയാൾ വിടാൻ ഭാവമില്ല.

വൃദ്ധ അയാളെത്തന്നെ ഒന്ന് നോക്കി വീണ്ടും ജോലിയിലേക്ക് പ്രവേശിച്ചു.

അയാൾ കീശയിൽ നിന്ന് കുറച്ചു കാശെടുത്തു. ഏകദേശം 4000 ഈജിപ്ഷ്യൻ പൗണ്ട് എങ്കിലും കാണും. അതവർക്ക് നേരെ നീട്ടി.

വൃദ്ധ ഒരു നിമിഷം അതിലേക്ക് നോക്കി.

‘വാങ്ങൂ’. അയാൾ നിർബന്ധിച്ചു.

അവരത് വാങ്ങി എണ്ണി നോക്കി. ‘എന്റെ കടം വീട്ടിയാലും ഇതിൽ കുറച്ചു ബാക്കിയുണ്ടാവുമല്ലോ?’

‘അത് വെച്ചോളൂ’.

‘നന്ദി മോനെ. പടച്ചവൻ മോനെ അനുഗ്രഹിക്കട്ടെ.’ അവർ പ്രാർത്ഥനാപൂർവം കൈകൾ മേലോട്ട് ഉയർത്തി. ആ കണ്ണുകൾ നിറഞ്ഞിരുന്നു. വിറയാർന്ന അവരുടെ കൈകളെ മുറുക്കിപ്പിടിച്ചു അയാൾ പറഞ്ഞു.

‘വെറുതെയല്ല. പകരം ഇന്ന് പെറുക്കിയ ചവറുകൾ ഞാൻ എടുക്കുകയാണ്. ചവറുകൾ ഇല്ലാതെ സ്വതന്ത്രമായി ഇന്ന് വീട്ടിലേക്ക് പൊയ്ക്കോളൂ.’

അതും പറഞ്ഞു അയാൾ ആ വലിയ സഞ്ചിയെടുത്തു തോളിലിട്ട് നടന്നു നീങ്ങി. അവർ അയാൾ കൂട്ടിപ്പിടിച്ച കൈകളിലെ നോട്ടുകളിലേക്കും പിന്നീട് അയാൾ നടന്നകലുന്നതും നോക്കി നിന്നു. ആ കണ്ണുകൾ പക്ഷേ മുന്നത്തേക്കാൾ നിറഞ്ഞിരുന്നു. അതുപക്ഷേ ആ നോട്ടുകൾ കാരണമായിരുന്നില്ല..!

‘പാവങ്ങൾ..!’ അങ്ങനെ ഒരു പേരുണ്ട് നമുക്കിടയിൽ അവർക്ക്. നമ്മിൽ പലരും ഭക്ഷണപൊതികളോ കിറ്റുകളോ പണമോ കൊടുത്തയക്കുന്ന ഒരു കൂട്ടം ജനങ്ങൾ. പ്രളയമോ ദുരന്തമോ മഹാമാരികളോ വരുമ്പോൾ മാത്രം. നമുക്കോർമ വരുന്ന ചിലർ. കൂട്ടായ്മകളിലും സോഷ്യൽ മീഡിയകളിലും അവർ മാത്രം നിറയുന്ന സന്ദർഭങ്ങൾ.

അതും നന്മ തന്നെയാണ്. പക്ഷേ നമുക്കെന്നെങ്കിലും അവരെ ഒന്ന് ചേർത്തു പിടിക്കാൻ തോന്നിയിട്ടുണ്ടോ? നാം അവർക്ക് കൊടുത്ത ഭക്ഷണം അവരുടെ കൂടെ കഴിക്കാൻ മുതിർന്നിട്ടുണ്ടോ? നാം കൊടുത്ത കിറ്റുകൾ അവരുടെ അടുപ്പിൽ വേവുമ്പോൾ അതെടുത്തു ഒന്ന് രുചിച്ചു നോക്കിയിട്ടുണ്ടോ? ചെയ്യണം. നാം ചെയ്ത സഹായങ്ങളെക്കാൾ പതിന്മടങ്ങ് അവർ സന്തോഷിക്കുന്നത് കാണാം. നമുക്കും അവർക്കുമിടയിൽ അറിയാതെ സൃഷ്ടിക്കപ്പെട്ട അകലം ഇല്ലാതെയാവുന്നത് കാണാം. നമുക്കൊരു ധാരണയുണ്ട്, വിശപ്പ് മാത്രമാണ് അവരുടെ പ്രശ്നമെന്ന്. അല്ല, അതിനുമപ്പുറം ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്ന, നമ്മെപ്പോലെ മനുഷ്യഹൃദയമുള്ളവർ തന്നെയാണ് അവർ. പാവങ്ങൾ…!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

3 Comments

  • No words…Superb

    Azhar Atheri 08.09.2020
  • നന്ദി

    sathyan koduvally 26.09.2020
  • നന്ദി

    sathyan koduvally 26.09.2020

Leave a comment

Your email address will not be published.