തിരിച്ചറിവുകൾ -16

//തിരിച്ചറിവുകൾ -16
//തിരിച്ചറിവുകൾ -16
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -16

തനിയെ

ഇരുണ്ടു തുടങ്ങിയ മാനം പകലിനെ മങ്ങിയതാക്കുന്നുണ്ട്. എങ്കിലും പരന്നു കിടക്കുന്ന ആ സൂര്യകാന്തി പൂക്കൾ അതിനോട് മല്ലിടുന്ന പോലെ. അതിന്റെ തീക്ഷ്ണമായ മഞ്ഞ നിറം അവിടമാകെ പ്രകാശം പരത്തുന്നില്ലേ? എന്തൊരു കുളിർമയുള്ള കാഴ്ച. അയാൾ കൗതുകത്തോടെ അത് നോക്കി നിന്നു. വീശിയടിക്കുന്ന കാറ്റ് ആ സൂര്യകാന്തിയെ മുഴുവൻ തഴുകി ഒരു തിരമാല പോലെ അയാളിലേക്ക് വന്നു കൊണ്ടേ ഇരുന്നു. അത് നൽകിയ തണുപ്പിനെ രണ്ട് കൈയും കൂട്ടി പിടിച്ചു അയാൾ ഏറ്റു വാങ്ങി ആ പാടത്തു കൂടി മെല്ലെ മുന്നോട്ട് നടന്നു.

എത്രയധികമാണ് ആസ്വദിക്കാൻ നമുക്ക് ചുറ്റുമുള്ളത്. സൂര്യകാന്തി മാത്രമല്ല. ആ വയലും തോടും ചുറ്റുമുള്ള മരങ്ങളും എത്ര മനോഹരമാണ്. ആകാശം തന്നെ ഒരു ദിവസം എത്രയധികം കാഴ്ചകളാണ് നമുക്ക് വേണ്ടി ഒരുക്കുന്നത്. ചിന്തകൾ കൊണ്ട് അയാളുടെ മനസ്സ് നിറയുകയാണ്. അനേകം വർഷം ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ ഒരു ജയിൽ പുള്ളിയുടെ അവസ്ഥയിലാണ് അയാൾ. ചുറ്റുമുള്ളതിനോട് മുഴുവൻ ആകാംക്ഷ. ഇഷ്ടം. അത്രയും കാലം നഷ്ടപ്പെട്ടു പോയല്ലോ എന്ന ദുഃഖം. അതുമാത്രം അതി തീവ്രമാണ്. ആ കൗതുകത്തിലും കുളിർമയിലും അയാളുടെ മുഖത്തെ ചിരിയെ മായ്ക്കുന്നത് ആ ദുഃഖമാണ്. ജീവിതത്തിലെ അനുഗ്രഹങ്ങളെ കാണാൻ കഴിയാതെ, ദേഹേച്ഛയെ സ്നേഹിച്ചു ജീവിതം കൈവിട്ടു പോയ തന്റെ ഭൂതകാലം സമ്മാനിച്ച ആ ദുഃഖം അത്ര എളുപ്പം മറക്കുക സാധ്യമല്ലല്ലോ.

സുഖങ്ങൾ തേടിപ്പോയ ആ ഭൂതകാലം നഷ്ടപ്പെടുത്തിയത് വർഷങ്ങളോളം തനിക്കൊപ്പം കഴിഞ്ഞ പ്രിയതമയെയാണ്. തന്റെ പ്രണയം എന്നും അവളായിരുന്നു. പക്ഷേ ദേഹം മറ്റു പലതും കൊതിച്ചു. അതിന്റെ സാക്ഷാത്കാരത്തിനായി വഴിവിട്ട ബന്ധങ്ങളുണ്ടായി. പതിയെപ്പതിയെ ആ ചുഴിയിലേക്ക് താൻ ആണ്ടു പോയി. അതിന്റെ അഗാധതയിൽ ചുറ്റുമുള്ള അനുഗ്രഹങ്ങൾ എല്ലാം മങ്ങിയ കാഴ്ചകൾ മാത്രമായി. ജീവിതം കൈവിട്ടുപോവുകയാണ് എന്ന് മനസ്സിലാക്കാൻ വൈകി. പൊറുക്കണം എന്ന വാക്ക് അവൾക്കൊരു തമാശ മാത്രമായി മാറി. നീയല്ലാതെ ഈ ഹൃദയത്തിൽ വേറെയാരുമില്ല എന്ന തന്റെ പറച്ചിലിന്റെ ആത്മാർത്ഥതയെപ്പോലും അവൾ തള്ളിക്കളഞ്ഞു. തന്നെ തനിച്ചാക്കി അവൾ നടന്നകന്നു.

മാസങ്ങൾ ഏറെയായി. ഒറ്റപ്പെടലിന്റെ ഭീകരത നാൾക്കുനാൾ കൂടി വരികയാണ്. ഏതു നിമിഷവും തന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി അവളെ അടർത്തിയെടുക്കാനുള്ള കടലാസ് കൈയൊപ്പിനായി തന്നെ തേടി വന്നേക്കും എന്ന ഭയവും അയാളെ വേട്ടയാടി. ദേഹേച്ഛകൾ വിട്ടകന്നു. മനസ്സ് അവളിലേക്ക് മാത്രമായി ചുരുങ്ങി. ഒരവസരം അവൾ തനിക്ക് തന്നെങ്കിൽ എന്നയാൾ ആശിച്ചു. പക്ഷേ അവളെ നേരിടാൻ ധൈര്യമില്ല. ആ ഭയത്തെ മറക്കാനുള്ള യാത്രയാണിത്. അത് ഒരുപാട് കാഴ്ചകൾ സമ്മാനിക്കുന്നുണ്ട്. പക്ഷേ തന്റെ ദുഃഖത്തെ മറികടക്കാൻ അതുകൊണ്ടൊന്നും കഴിയുന്നില്ല എന്നുമാത്രം.

കാറ്റു കൊണ്ട് വളഞ്ഞു നിന്ന് ഒരു സൂര്യകാന്തി അയാളെ തെല്ലൊന്നു സ്പർശിച്ചു. അയാൾ മുട്ടുകുത്തി അതിനെ ഒന്ന് തലോടി. ഇരുൾ കനക്കുകയാണ്. മേഘങ്ങൾ പരസ്പരം കൂട്ടിയിടിക്കാൻ ആവേശത്തോടെ മത്സരിക്കുന്നുണ്ട്. ആ കാഴ്ചകൾ കാണെ അയാളുടെ ഫോൺ ശബ്ദിച്ചു. അലസമായി അത് കയ്യിലെടുത്തു. അറിയാത്ത നമ്പറാണ്.

“ഹലോ”

അപ്പുറത്ത് നിന്ന് ശബ്ദം വരാൻ തെല്ലു താമസിച്ചു.

“ഹലോ ഞാനാണ്..”

ആ ശബ്ദത്തിന്റെ ഉടമയെ പെട്ടെന്ന് തന്നെ അയാൾ തിരിച്ചറിഞ്ഞു. അയാളുടെ തൊണ്ട വരണ്ടു. വാക്കുകൾക്ക് വേണ്ടി അയാൾ കഷ്ടപ്പെട്ടു. അവൾ പറഞ്ഞു;

“എനിക്ക് മതിയായി. ഈ ഒറ്റപ്പെടൽ എനിക്ക് താങ്ങാൻ ആവുന്നില്ല. ചുറ്റുമുള്ളവരുടെ സഹതാപം ഒക്കെ കഴിഞ്ഞു. ഇന്നെനിക്ക് ആരുമില്ല. എന്തിനാണ് നിങ്ങൾ ഇതെന്നോട് ചെയ്തത്..”

ഒരു തേങ്ങലായിരുന്നു പിന്നെ. അയാൾക്ക് എന്ത് പറയണം എന്നറിയില്ല. അവൾ തന്റെ ഉത്തരത്തിനായി നിശ്ശബ്ദയായി. സൂര്യകാന്തി പൂക്കൾ മുഴുവൻ തന്നെ തന്നെ നോക്കി നിൽക്കുന്ന പോലെ. പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു;

“എനിക്കും മടുത്തു. നീ എനിക്ക് എന്തായിരുന്നു എന്ന് നിന്റെ വേർപാട് എനിക്ക് കാണിച്ചു തന്നു…. പൊറുത്തൂടെ? വേറെന്താണ് ഞാൻ നിന്നോട് പറയുക…”

അയാളുടെ വാക്കുകൾ മുറിഞ്ഞു. ഇരുണ്ട മേഘങ്ങൾ താഴേക്ക് തുള്ളികളായി പതിക്കാൻ തുടങ്ങി. സൂര്യകാന്തി പൂക്കളെ മുഴുവൻ അത് കണ്ണീരണിയിച്ചു. ആകാശം അത് മുഴുവൻ പെയ്തു തീർത്ത് ശാന്തമാകാൻ കൊതിച്ചു. അവർ ഇരുവരേയും പോലെ…!

അനുഗ്രഹങ്ങളെ കാണാതെ പോവുന്ന ജീവിതം അർത്ഥപൂർണമാവുകയില്ല. നമുക്കുള്ളതിന്റെ വലിപ്പം നാം അറിയാതെ പോയാൽ നഷ്ടങ്ങൾ നമ്മെ വല്ലാതെ പിടിച്ചു കുലുക്കം. ദേഹേച്ഛകളാവട്ടെ ശാശ്വതമായ ഒരു സുഖവും നമുക്ക് നൽകുകയില്ല. സമാധാനവും..!

print

No comments yet.

Leave a comment

Your email address will not be published.