തിന്മയെ നന്മ കൊണ്ട് നേരിടുക

//തിന്മയെ നന്മ കൊണ്ട് നേരിടുക
//തിന്മയെ നന്മ കൊണ്ട് നേരിടുക
ആനുകാലികം

തിന്മയെ നന്മ കൊണ്ട് നേരിടുക

കദേശം പത്ത് പന്ത്രണ്ട് വർഷം മുമ്പ്. ബാംഗ്ലൂരിൽ ഗാന്ധി നഗറിലെ നാഷണൽ മാർക്കറ്റിൽ ചെറിയ കച്ചവടവുമായി കഴിഞ്ഞിരുന്ന കാലം. എന്റെ സുഹൃത്തും നാട്ടുകാരനുമായ മൊയ്നുദ്ധീന്റെ(മൊയ്നു പട്‌ല) മെജസ്റ്റിക്കിലുള്ള ബാഗ് കടയിലേക്ക് ഒരു മലയാളി കസ്റ്റമർ കയറി വരുന്നു. സംസാരത്തിനിടക്ക് ഇസ്‌ലാമും ക്രൈസ്തവതയും, വിശുദ്ധ ക്വുർആൻ യേശുക്രിസ്തുവിന് നൽകിയ മഹത്വവുമൊക്കെ ചർച്ചയാവുന്നു. ക്രിസ്തുമത പ്രചാരകനായ ആ സഹോദരൻ സംസാരത്തിലുടനീളം ഇസ്‌ലാമിനെയും ക്വുർആനിനെയും നിശിതമായി വിമർശിക്കാനാണ് അധികവും ശ്രമിച്ചത്. സ്നേഹവും കരുണയുമില്ലാത്ത അസഹിഷ്ണുക്കളാണ് മുസ്‌ലിംകളെന്നും, വിട്ടുവീഴ്ചയോ, സഹിഷ്ണുതയോ ഇസ്‌ലാം ഒരിക്കലും പഠിപ്പിക്കുന്നില്ലെന്നുമാണ് ക്രൈസ്തവ സുഹൃത്ത് പറഞ്ഞു കൊണ്ടേയിരുന്നത്. അവസാനമായി ഒരു വലിയ വെല്ലുവിളി നടത്തിയിട്ടാണയാൾ കടയിൽ നിന്ന് ബാഗ് വാങ്ങി ഇറങ്ങിപോകുന്നത്. തെറ്റ് ചെയ്തവരോട് പൊറുക്കണമെന്നോ, തിന്മ ചെയ്തവരോട് നന്മ ചെയ്യണമെന്നോ ബൈബിളിലുള്ളത് പോലുള്ള സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും പാഠങ്ങൾ ക്വുർആനിലെവിടെയെങ്കിലും കാണിച്ച് തരാൻ കഴിയുമോ എന്നായിരുന്നു അയാളുടെ വെല്ലുവിളി!

വെല്ലുവിളിച്ച് ഇറങ്ങിപ്പോയ ആ ക്രൈസ്തവ സഹോദരനെ പിന്നെ കാണുന്നത് രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം ശിവാജി നഗറിലെ സലഫി മസ്ജിദിലെ ഇഫ്താർ സംഗമത്തിലാണ്. ക്രിസ്തുമതം വിട്ട് ക്രിസ്തുവിന്റെ മതമായ ഇസ്‌ലാമിനെ സ്വീകരിച്ച അവസ്ഥയിൽ അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ സുഹൃത്ത് അത്ഭുതപ്പെട്ടു. അല്ലാഹുവിനെ സ്തുതിച്ചു. അദ്ദേഹം വന്ന് സുഹൃത്തിനെ ഹസ്തദാനം ചെയ്ത് സലാം പറഞ്ഞു പരിചയം പുതുക്കി.

ഇസ്‌ലാമിലെ സ്നേഹം വിട്ടുവീഴ്ച മാപ്പുനൽകൽ തിന്മയെ നന്മ കൊണ്ട് നേരിടൽ… തുടങ്ങിയ വിഷയത്തിലുള്ള ഗൗരവമായ പഠനവും അന്വേഷണവുമായിരിക്കാം ആ ക്രൈസ്തവ സുഹൃത്തിനെ സത്യ മതമായ ഇസ്‌ലാമിലെത്തിച്ചത്.

യുദ്ധകൊതിയനും നിഷ്‌കരുണനും മാനുഷിക ദുരന്തങ്ങളുടെ മുന്നിൽ ഒരിറ്റു കണ്ണീർ പോലും വീഴ്ത്താത്ത നിർദയനും പ്രതികാരദാഹിയും നരഹത്യാ ത്വരയുള്ള മനസ്സിനുടമയും പരുഷപ്രകൃതനും, ക്ഷിപ്രകോപിയുമൊക്കെയാണ് ശരാശരി ക്രിസ്ത്യാനി മനസ്സിൽ കൊണ്ട് നടക്കുന്ന മുഹമ്മദ് നബി (ﷺ).
നബി(ﷺ)യിലൂടെ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ക്വുർആനാകട്ടെ ഭീകരതയുടെ ഗ്രന്ഥവും.

മിഷനറിമാരുടെയും ഇവാഞ്ചലിസ്റ്റുകളുടെയും ഇസ്‌ലാം വിമർശകരുടെയും ആവർത്തിച്ചും നിരന്തരവുമുള്ള പ്രസംഗങ്ങളിൽ നിന്നും എഴുത്തുകളിൽ നിന്നുമായിരിക്കും ഇസ്‌ലാമിനെയും നബി(ﷺ)യെയും ക്വുർആനിനെയും കുറിച്ചുള്ള ചിത്രം അവർക്ക് ലഭിച്ചിരിക്കുക.

മിഷണറിമാരുടെ വാക്കുകളെ അന്ധമായി വിശ്വസിച്ചു കൊണ്ടുള്ള അമിത ആത്മവിശ്വാസമായിരിക്കാം
പ്രസ്തുത വെല്ലുവിളിക്ക് പ്രേരകം.

ക്വുർആനിലോ നബിവചനത്തിലോ തിന്മയെ നന്മ കൊണ്ട് തടുക്കാൻ പഠിപ്പിക്കുന്ന ഒരൊറ്റ പരാമർശം പോലും ഉണ്ടാവില്ല എന്നും, അതിനാൽ ചോദ്യത്തിന് ഉത്തരം പറയാൻ മുസ്‌ലിംകൾ കഷ്ട്ടപ്പെടേണ്ടി വരുമെന്നും അദ്ദേഹം വിചാരിച്ചിരിക്കണം.

വിശുദ്ധ ക്വുർആനിലും വിശുദ്ധ ക്വുർആനിന്റെ വിശദീകരണമായ നബി വചനങ്ങളിലും കണ്ണോടിക്കുന്ന ഒരു സത്യാന്വേഷിക്ക് ഈ വിഷയത്തിലുള്ള നിരവധി വചനങ്ങളാണ് കാണാൻ കഴിയുക. തിന്മയെ നന്മ കൊണ്ട് നേരിടുക വഴി ഏറ്റവും വലിയ ശത്രു പോലും നമ്മുടെ ഉറ്റ സുഹൃത്തായി മാറുമെന്നാണ് അല്ലാഹു പറയുന്നത്.
പക്ഷേ ഏറ്റവും ക്ഷമാശീലരായ ഭാഗ്യവാൻമാരിൽ മാത്രമേ അത്തരം അനുഗ്രഹീത സ്വഭാവം കാണപ്പെടുകയുള്ളൂ എന്ന് തുടർന്ന് അല്ലാഹു പഠിപ്പിക്കുന്നത്. മഹാൻമാരായ പ്രവാചകൻമാരിൽ പ്രസ്തുത സ്വഭാവം വേണ്ടുവോളമുണ്ടായിരുന്നു.

തിന്മ ചെയ്തരോട് നന്മ ചെയ്താൽ, മോശമായി പെരുമാറിയ ആളുകളോട് നല്ല നിലയിൽ വർത്തിച്ചാൽ അവർ മാനസാന്തരപ്പെട്ട് നമ്മുടെ ഉറ്റ മിത്രമായി മാറുമെന്ന് മനുഷ്യന്റെ മനസ്സിനെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ വാഗ്ദാനമാണ്.
അങ്ങനെ സംഭവിക്കുമോ, എന്ന സംശയം നമ്മളിൽ ചിലർക്കെങ്കിലുമുണ്ടായേക്കാം. എങ്കിൽ അല്ലാഹുവിന്റെ വചനത്തിലും അല്ലാഹുവിന്റെ കഴിവിലുള്ള സംശയമാണത്. കാരണം മനുഷ്യ മനസ്സുകളെ നിയന്ത്രിക്കുന്നത് അല്ലാഹുവാണ്. അവന് അസാധ്യമായതൊന്നുമില്ല.

ജീവിതത്തിൽ അനേകം തെറ്റു ചെയ്തു കൊണ്ടിരിക്കുന്നവരാണ് നമ്മൾ. നമ്മുടെ തെറ്റുകൾ പൊറുത്ത് തന്ന് അല്ലാഹു അവന്റെ ദിവ്യ കാരുണ്യം നമ്മെ പൊതിഞ്ഞങ്കിൽ മാത്രമേ മരണശേഷം സ്വർഗപ്രവേശം സാധ്യമാവൂ.
നമ്മുടെ തെറ്റുകൾ ക്ഷമിച്ച് അല്ലാഹു നമുക്ക് മാപ്പ് തരണമെങ്കിൽ നമ്മളോട് തെറ്റ് ചെയ്ത മനുഷ്യരോട് ക്ഷമിച്ച് അവർക്ക് മാപ്പ് കൊടുക്കണമെന്നാണ് അല്ലാഹു ക്വുർആനിൽ പറയുന്നത് (24:22).
സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്ന വിശ്വാസികൾക്കുള്ളതാണ് ആകാശഭൂമികളോളം വിശാലമായ സ്വർഗമെന്നും അത്തരം പ്രവർത്തി ചെയ്യുന്ന സല്‍കര്‍മ്മകാരികളെ അല്ലാഹു ഏറെ സ്നേഹിക്കുന്നു.(3:133,134) എന്നും വിശുദ്ധ ക്വുർആനിലുണ്ട്.

പൂർവ്വപ്രവാചകന്റെ ചരിത്രത്തിൽ നിന്നുള്ള ജ്വലിക്കുന്ന ഒരു ഏട് മുഹമ്മദ് നബി (ﷺ) അനുയായികൾക്ക് വിശദീകരിച്ച് കൊടുക്കുന്നത് പ്രാമാണിക നബിവചന സമാഹാരമായ സ്വഹീഹുൽ ബുഖാരിയിലുണ്ട്.
മുൻ കഴിഞ്ഞ ഒരു നബിയുടെ സംഭവകഥ മുഹമ്മദ് നബി (ﷺ) അനുയായികളെ പഠിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ച സ്വഭാവം ജീവിതത്തിൽ പകർത്തി മാതൃകയാക്കാനാണ്. അല്ലാതെ കഥ പറഞ്ഞ് ആവേശം കൊള്ളിക്കാനല്ല. പ്രവാചകൻമാർ മാതൃകാ പുരുഷരും പിൻപറ്റേണ്ട വ്യക്തിത്വങ്ങളുമാണെന്ന് വിശുദ്ധ ക്വുർആൻ ഉണർത്തുന്നത്. (6:90) കാരണം മുഹമ്മദ് നബി(ﷺ)ക്കും യേശുക്രിസ്തുവിനും, മോശെ പ്രവാചകനും അബ്രാഹാമിനും നോഹ പ്രവാചകനും ദിവ്യബോധനം നൽകിയത് അല്ലാഹുവാണ്. പ്രവാചകൻമാർക്കിടയിൽ വിവേചനം പാടില്ലെന്നത് വിശുദ്ധ ക്വുർആനിന്റെ ഖണ്ഡിതനിയമമാണ്.(2:286)

ഇബ്‌നു മസൂദ് (റ) പറയുന്നു: മുൻ പ്രവാചകന്മാരിൽ ഒരാളെ കുറിച്ച് നബി(ﷺ)പറഞ്ഞത് ഞാനിപ്പോഴും നബി(ﷺ)യെ നോക്കിക്കാണുന്നത് പോലെ തോന്നുന്നു. ആ പ്രവാചകനെ ജനങ്ങൾ അടിച്ച് രക്തമൊലിപ്പിച്ചു.
അദ്ദേഹമാകട്ടെ തന്റെ മുഖത്ത് നിന്ന് രക്തം തുടച്ചുകൊണ്ട് പ്രാർത്ഥിച്ചു. അല്ലാഹുവേ എന്റെ ജനങ്ങൾക്ക് നീ പൊറുത്തുകൊടുക്കേണമേ. അവർ അറിവില്ലാത്തവരാകുന്നു. [സ്വഹീഹുൽ ബുഖാരി]

പിതാവ് സ്നേഹിച്ചു എന്ന കാരണത്താൽ മാത്രം അസൂയ മൂത്ത് കുട്ടിയായ തന്നെ ചതിച്ച് കൊണ്ട് പോയി കിണറ്റിൽ തള്ളിയ, മാതാപിതാക്കളിൽ വർഷങ്ങളോളും അകലാൻ കാരണക്കാരായ സഹോദരൻമാരെ മുന്നിൽ കിട്ടിയപ്പോൾ, പ്രതികാരം ചെയ്യാനുള്ള അവസരവും അധികാരവുമുണ്ടായിട്ടും പ്രവാചകനായ യൂസുഫ് നബി (അ) പറഞ്ഞ വാക്ക് വിശുദ്ധ ക്വുർആൻ എടുത്തുദ്ധരിക്കുന്നുണ്ട്.

“അദ്ദേഹം (യൂസുഫ് സഹോദരന്മാരോട്) പറഞ്ഞു: ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു.”
(ക്വുർആൻ 12:92)

തിന്മയെ നന്മ കൊണ്ട് നേരിരിടാൻ വിശുദ്ധ ക്വുർആൻ കൽപിക്കുന്നു

1) ..ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്‍മയെ തടുത്തു കൊള്ളുക. … ( 23:96)

2) നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. (41:34,35)

തിന്മയെ നന്മ കൊണ്ട് നേരിടുന്നവർക്കാണ് സ്വർഗ പ്രവേശമെന്ന് ക്വുർആൻ

1) അപ്പോള്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാണെന്ന് മനസ്സിലാക്കുന്ന ഒരാള്‍ അന്ധനായിക്കഴിയുന്ന ഒരാളെപ്പോലെയാണോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ.

അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.

കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍.

തങ്ങളുടെ രക്ഷിതാവിന്‍റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്‍റെ പര്യവസാനം.

അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് പറയും: നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്‍റെ പര്യവസാനം എത്ര നല്ലത്‌! (13:19-24)

2) അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്‌. അവര്‍ നന്‍മകൊണ്ട് തിന്‍മയെ തടുക്കുകയും, നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും. (28:54)

തിന്മയെ നന്മ കൊണ്ട് നേരിടൽ നബി വചനങ്ങളിൽ

1) അബൂഹുറയ്റ (റ)നിവേദനം: ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ഒരു ബന്ധുവുണ്ട്. ഞാൻ അവരുമായി ബന്ധം ചേർക്കുന്നു. എന്നാൽ അവർ എന്നോട് ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്നു. അവർ എന്നോട് തിന്മചെയ്യുന്നു. ഞാൻ അവരോട് നന്നായി സംസാരിക്കുന്നു. അവർ എന്നോട് മോശമായി പെരുമാറുന്നു.” അപ്പോൾ തിരുദൂതർ(ﷺ)പറഞ്ഞു: നീ പറഞ്ഞതു പോലെയാണെങ്കിൽ നീ അവരെ ചൂടുള്ള വെണ്ണീർ തീറ്റിക്കുന്നത് പോലെയാണ്. നീ അങ്ങനെയായിരിക്കുന്ന കാലത്തോളം അവർക്കെതിരിൽ നിനക്ക് അല്ലാഹുവിൽ നിന്ന് ഒരു ഒരു സഹായിയുമുണ്ടാകും. [മുസ്‌ലിം]

2) അലി (റ) പറയുന്നു: നബി (ﷺ) ഇപ്രകാരം പറഞ്ഞു: നിന്നോട് ബന്ധം വിച്ചേദിച്ചവരോട് നീ ബന്ധം ചേർക്കുക. നിന്നോട് മോശമായി പെരുമാറിയവരോട് നീ നല്ല രീതിയിൽ വർത്തിക്കുക. സ്വന്തത്തിനെതിരായാൽ പോലും നീ സത്യം പറയുക. [ജാമിഉസ്സഗിർ 7217, സിൽസില സ്വഹീഹ 1911]

3) നബി (ﷺ) പറഞ്ഞു: “ഏയ്! ആമിറിന്റെ പുത്രൻ ഉഖ്‌ബാ! താങ്കളോട് ബന്ധം മുറിച്ചവരോട് താങ്കൾ ബന്ധം ചേർക്കുക. താങ്കൾക്ക് (നന്മ) തടഞ്ഞവർക്ക് താങ്കൾ (നന്മ) നൽകുക. താങ്കളോട് അന്യായം പ്രവർത്തിച്ചവർക്ക്
താങ്കൾ മാപ്പ് നൽകുക. [അഹ്മദ്, സിൽസില സ്വഹീഹ 891]

4) അനസ് (റ) നിവേദനം: പ്രതികാരം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് മുഹമ്മദ് നബി(ﷺ)യുടെ അടുക്കൽ സമർപ്പിക്കപ്പെട്ട കേസുകളിലൊന്നും നബി(ﷺ) വിട്ടുവീഴ്ച ചെയ്യാൻ നിർദ്ദേശികാത്ത നിലക്ക് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. (അബൂദാവൂദ്)

തിന്മയെ നന്മ കൊണ്ട് തടുക്കൽ നബി ജീവിതത്തിൽ

1) അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ് (റ)നിവേദനം: അല്ലാഹുവിന്റെ റസൂൽ(ﷺ)യുടെ വിശേഷണത്തെക്കുറിച്ച് തൗറാത്തിൽ പറഞ്ഞതെന്തെന്ന് അദ്ദേഹം ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അതെ പറയാം: അല്ലാഹുവാണ് സത്യം! ക്വുർആനിൽ പറയപ്പെട്ട ചില വിശേഷണങ്ങൾ തൗറാത്തിലും വിശേഷിപ്പിച്ച് പറഞ്ഞിട്ടുണ്ട്. “അല്ലയോ പ്രവാചകരേ, താങ്കളെ നാം നിയോഗിച്ചിട്ടുള്ളത് സാക്ഷിയായും, സന്തോഷവാർത്തയറിയിക്കുന്നവനായും മുന്നറിയിപ്പ് നൽകുന്നവനായും നിരക്ഷരർക്ക് സംരക്ഷകനുമായിട്ടാണ്. നീ എന്റെ ദാസനും ദൂതനുമാണ്. ‘മുതവക്കിൽ’ (അല്ലാഹുവിൽ ഭരമേല്പിക്കുന്നവൻ) എന്ന് നാം നിനക്ക് പേര് നൽകി. നീ ദുഃസ്വഭാവിയോ കഠിനഹൃദയനോ അല്ല. അങ്ങാടിയിൽ ബഹളമുണ്ടാക്കുന്നവനല്ല. തിന്മയെ തിന്മകൊണ്ട് തടുക്കുന്നവനല്ല. മറിച്ച് വിട്ടുവീഴ്ച ചെയ്യുന്നവനും മാപ്പ് ചെയ്യുന്നവനുമാണ്…. (ബുഖാരി)

2) ആയിശ (റ)നിവേദനം: റസൂൽ (ﷺ) അസഭ്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. അങ്ങാടികളിൽ ബഹളമുണ്ടാക്കുകയോ തിന്മകൊണ്ട് പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. മറിച്ച് വിട്ടുവീഴ്ചയും വിശാലമനസ്കതയും കാണിക്കുന്നയാളായിരുന്നു. (തിർമിദി)

3) ആഇശ(റ)നിവേദനം: വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി നബി (ﷺ) ആരോടും പ്രതികാരം
ചെയ്തിട്ടില്ല. അല്ലാഹു പവിത്രമാക്കിയതിനെ വല്ലവനും അനാദരിച്ചാലല്ലാതെ. അങ്ങനെ സംഭവിച്ചാൽ അതിന്റെ പേരിൽ അല്ലാഹുവിന് വേണ്ടി പ്രതികാര നടപടിയെടുക്കും. (ബുഖാരി, മുസ്‌ലിം)

4) ആഇശ(റ)യിൽ നിന്ന് നിവേദനം: റസൂൽ (ﷺ) ഏതെങ്കിലും അക്രമത്തിന് പ്രതികാരം ചെയ്യുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. അല്ലാഹുവിന്റെ പവിത്രതകൾ ഏതെങ്കിലും ലംഘിക്കപ്പെടുമ്പോഴല്ലാതെ. അല്ലാഹുവിന്റെ പവിത്രതകൾ വല്ലതും ലംഘിച്ചാൽ അതിൽ കഠിനമായി കോപിക്കുന്നയാൾ
അവിടുന്നാകുമായിരുന്നു…. (തിർമിദി)

5) അനസ് (റ)പറയുന്നു: ഞാൻ ഒരിക്കൽ നബി(ﷺ)യോടൊപ്പം നടക്കുകയായിരുന്നു. നജ്‌റാനിൽ നെയ്തുണ്ടാക്കിയ പരുപരുത്ത വക്ക് കട്ടിയുള്ള ഒരു തട്ടം നബി(ﷺ)യുടെ കഴുത്തിലുണ്ട്. അപ്പോൾ ഒരു ഗ്രാമീണൻ നബി(ﷺ)യെ കണ്ടു. അങ്ങനെ അയാൾ നബി(ﷺ)യുടെ തട്ടം പിടിച്ചു വലിച്ചു. ഞാൻ നബി(ﷺ)യുടെ കഴുത്തിലേക്ക് നോക്കുമ്പോൾ അയാളുടെ വലിയുടെ ശക്തിയിൽ ആ തട്ടത്തിന്റെ പരുപരുത്ത ഭാഗം നബി(ﷺ)യുടെ കഴുത്തിൽ അടയാളമുണ്ടാക്കിയിരിക്കുന്നു. പിന്നീട് അയാൾ പറഞ്ഞു: നിന്റെ കൈവശമുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്നും എനിക്ക് അല്പം തരാൻ കല്പിക്കുക. അപ്പോൾ നബി (ﷺ) അയാളുടെ നേരെ തിരിഞ്ഞ് ഒന്ന് പുഞ്ചിരിക്കുകയും ശേഷം അയാൾക്ക് അല്പം ദാനം കൊടുക്കാൻ കല്പിക്കുകയും ചെയ്തു.
[ബുഖാരി, മുസ്‌ലിം]

print

2 Comments

  • Very good جزاكم الله خيرا

    Firos 13.06.2019
  • മാഷാ അല്ലാഹ് ഹൃദയസ്പർശിയായ എഴുത്ത് 👍👍👍

    Shaheer patla 07.05.2022

Leave a comment

Your email address will not be published.