ഡിറ്റർമിനിസം, ഇസ്‌ലാം, ആൻ്റ് ദി ഗോഡ് കോൺഷ്യസ് സൂപ്പർ ഹ്യൂമൻസ്

//ഡിറ്റർമിനിസം, ഇസ്‌ലാം, ആൻ്റ് ദി ഗോഡ് കോൺഷ്യസ് സൂപ്പർ ഹ്യൂമൻസ്
//ഡിറ്റർമിനിസം, ഇസ്‌ലാം, ആൻ്റ് ദി ഗോഡ് കോൺഷ്യസ് സൂപ്പർ ഹ്യൂമൻസ്
ആനുകാലികം

ഡിറ്റർമിനിസം, ഇസ്‌ലാം, ആൻ്റ് ദി ഗോഡ് കോൺഷ്യസ് സൂപ്പർ ഹ്യൂമൻസ്

നിയും പത്ത് വർഷങ്ങൾക്ക് ശേഷം ഈ ദിവസം, ഈ സമയം നിങ്ങളുടെ വലതുകൈ എന്തുചെയ്യുകയായിരിക്കും? ആർക്കെങ്കിലും അറിയാൻ ആകുമോ? വാസ്തവത്തിൽ അറിയുക സാധ്യമാണ്. പത്ത് വർഷങ്ങൾക്ക് ശേഷം എന്നല്ല പതിനായിരം വർഷങ്ങൾക്ക് ശേഷമുള്ള ലോകത്തിലെ ഓരോ കണികയെയും പ്രവചിക്കാനാവും. ഡിറ്റർമിനിസം എന്നാണ് പ്രപഞ്ചത്തിൻ്റെ ഈ പ്രവചന സ്വഭാവത്തെ വിളിക്കാറ്. ഇതെങ്ങനെ വർക്ക് ചെയ്യുന്നു എന്ന് നോക്കാം.
This is the concept that events within a given paradigm are bound by causality in such a way that any state of an object or event is completely determined by its prior states.
പ്രപഞ്ചത്തിലെ ഏതൊരു മാറ്റവും സംഭവിക്കുന്നത് മുൻ നിലനിൽക്കുന്ന കണികകളെയും ഭൗതിക നിയമങ്ങളെയും ആശ്രയിച്ചാണ് എന്ന് സമ്മതിച്ചാൽ ആ നിയമങ്ങൾ കൊണ്ട് ഇനിയങ്ങോട്ട് സംഭവിക്കാൻ പോകുന്ന കാര്യങ്ങളെയും മനസ്സിലാക്കാമല്ലോ. ഉദാഹരണത്തിന് ഒരു കല്ലെടുത്ത് പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാതെ എങ്ങോട്ടെങ്കിലും എറിയുക. അത് ഏതെങ്കിലും ഒരു സ്ഥാനത്ത് പോയി വീഴും എന്നുറപ്പാണ്. എന്നാൽ അതവിടെ തന്നെ വീണത് യാദൃശ്ചികമായാണോ!? അല്ല എന്നതാണ് ഉത്തരം, നിങ്ങൾ എറിയാൻ ഉപയോഗിച്ച കല്ലിൻ്റെ ഭാരവും, രൂപവും, അതിൽ പ്രയോഗിച്ച ബലവും, ചുറ്റുപാടിലെ വായു മർദ്ദവും, ഗുരുത്വ ബലവുമെല്ലാം അനുസരിച്ച് ആ കല്ല് വീഴേണ്ട ഇടത്ത് തന്നെയാണ് വീണത്. എങ്കിൽ ആ കല്ലിൻ്റെ രൂപവും, ഭാരവും, ഗുരുത്വ ബലവും, അതിൽ പ്രയോഗിച്ച ബലവും മറ്റ്സ്വാ ധീനിക്കാവുന്ന ഘടകങ്ങളെയുമെല്ലാം ഗണിത രൂപത്തിലേക്ക് മാറ്റിയെഴുതി ഗണിച്ചാൽ കല്ല് എറിയും മുൻപ് തന്നെ അതെവിടെ ചെന്നുവീഴും എന്നും അറിയാനാവും. എങ്കിൽ കല്ലിൽ മാത്രമല്ല ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഈ നിയമം പ്രയോഗിക്കാം. പ്രപഞ്ചത്തിലെ ഒരു നിമിഷത്തിൽ നിന്നും അടുത്ത നിമിഷവും അതിൽ നിന്നും അടുത്ത നിമിഷവും അറിയാനാവും. ചുരുക്കി പറഞാൽ ഒരു ഡോമിനോ നിര പോലെയാണ് ഇവിടെ കാര്യങ്ങളെല്ലാം സംഭവിക്കുന്നത്. ഒരു ഡോമിനോ തട്ടി അടുത്തതും, അതിനടുത്തതും വീണ് ആ നിര തന്നെ നിലം പതിക്കും പോലെ. അതിലെ ആദ്യ ഡോമിനോ വീണപ്പോൾ തന്നെ അവസാനത്തെ ഡോമിനോയും എങ്ങനെ എപ്പോൾ വീഴണം എന്ന് നിശ്ചയിക്കപ്പെട്ട് കഴിഞ്ഞു. ഇനി ഡോമിനോകളെ പഴയപോലെ തന്നെ വീണ്ടും എടുത്ത് വെച്ച് സംഘടിപ്പിച്ച ശേഷം ആദ്യത്തെ ഡോമിനോയെ തട്ടിയാൽ വീണ്ടും പഴയ അതേ ഇവൻ്റുകൾ തന്നെ ആവർത്തിക്കും.

ഈ പ്രപഞ്ചവും അങ്ങനെയാണ്. പ്രപഞ്ചാരംഭത്തിലെ കണികകളിൽ അതിൻ്റെ വിധി എഴുതപ്പെട്ടിട്ടുണ്ട്. 13.8 ബില്യൺ വർഷങ്ങൾക്ക് ശേഷം കാര്യങ്ങൾ സംഭവിക്കുന്നത് അതനുസരിച്ചാണ്. ഇനി ഈ പ്രപഞ്ചത്തിൻ്റെ സമയ ഘടികാരത്തെ പിറകോട്ട് തിരിച്ച് 13.8 ബില്യൺ വർഷങ്ങൾ പിറകിലേക്ക് കൊണ്ട് പോയി ആദ്യ സിംഗുലാരിട്ടിയിൽ വെച്ച് നിർത്തി വീണ്ടും കാല ചക്രത്തെ കറങ്ങാനനുവദിച്ചാൽ 2022 ഒക്ടോബർ മാസത്തിലെ പതിനഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് ആറ് പതിനൊന്നിന് ഈ തെങ്ങിൻ്റെ ചോട്ടിൽ ഇരുന്ന് ഞാൻ ഇത് തന്നെ ടൈപ്പ് ചെയ്യുന്നുണ്ടാകും.

കോൺഷ്യസ് ആൻ്റ് സൂപ്പർ കോൺഷ്യസ്

ഒഴുകുന്ന നദിയിലേക്ക് ഒരു ബോൾ ഇട്ടുകൊടുത്താൽ അതും ആ ഒഴിക്കിനൊത്ത് തന്നെ നീങ്ങും. ഇങ്ങനെ ചുറ്റുപാട് നിർമ്മിക്കുന്ന ഒഴുക്കിന് അനുസരിച്ച് മാത്രം നീങ്ങുന്ന പ്രപഞ്ചത്തിൽ വിരുദ്ധമായി സംഭവിക്കുന്ന ആദ്യത്തെ വിസ്ഫോടനമാണ് കോൺഷ്യസ് ബിയിങ്സ് അഥവാ ബോധമുള്ള ജീവികൾ. ഒരു പന്തിന് ഒഴുക്കിന് അനുസരിച്ച് മാത്രമേ നീങ്ങാൻ കഴിയൂ എങ്കിൽ ഒരു മത്സ്യത്തിന് ഒഴുക്കിനെതിരെ നീന്താം. ചുറ്റുപാടുകളുടെ സ്വഭാവത്തിന് വിരുദ്ധമായി പ്രവർത്തിക്കാം. അന്നുവരെ ബാഹ്യ നിയമങ്ങൾക്ക് അടിമപ്പെട്ടു മാത്രം കാര്യങ്ങൾ സംഭവിച്ചിരുന്ന ലോകത്ത് അതിനെതിരെ പ്രവർത്തിക്കാൻ ശക്തിയുള്ള ഒരു സംവിധാനം ഉണ്ടാകുന്നത് ഒന്നാമത്തെ അൽഭുതമാണ്. അപ്പോഴും പ്രകൃതിയുടെ ഭാഗം മാത്രമായിരുന്ന ഈ ജീവികൾക്ക് മുകളിൽ പ്രകൃതിയെയും ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു വിഭാഗം ഉണ്ടായി. മത്സ്യത്തിന് ഒഴുക്കിന് എതിരെ നീന്താൻ മാത്രമാണ് കഴിഞ്ഞിരുന്നത് എങ്കിൽ ഇവർക്ക് ഒഴുക്കിനെ തന്നെ ദിശ മാറ്റാൻ കഴിയുമായിരുന്നു. പ്രപഞ്ചത്തെ വായിക്കാൻ കഴിയുമായിരുന്നു, അതുപയോഗിച്ച് പ്രകൃതിയെ ഭരിക്കാൻ കഴിയുന്നവർ. ബുദ്ധിപരമായ മുൻതൂക്കമുള്ള ഈ വിഭാഗം മനുഷ്യരാണ്. പ്രകൃതിയുടെ ഭാഗമായിരുന്നവരിൽ നിന്നും പ്രകൃതിയെ നിയന്ത്രിക്കാൻ കഴിയുന്നവർ ഉണ്ടായതിനെ പ്രപഞ്ചത്തിലെ രണ്ടാമത്തെ വിസ്ഫോടനമായി വായിക്കാം. ഈ അവസ്ഥയെ ബെറ്റകോൺഷ്യസ് എന്നും വിളിക്കാം.

എന്നാൽ ഇനിയും പരിഹരിക്കാതെ കിടക്കുന്ന ഒരു പ്രശ്നം കൂടിയുണ്ട്. മനുഷ്യൻ പ്രകൃതിയെ ഭരിക്കാൻ ആരംഭിച്ചപ്പോഴും മനുഷ്യനെ ഭരിക്കുന്നതായി ഒന്ന് കൂടി ബാക്കിയുണ്ട്. പ്രപഞ്ചത്തിൻ്റെ ഒഴുക്കിനെ ബോധം മറികടന്നപ്പോഴും, ആന്തരികമായ ഒഴുക്കിനും, ദേഹേചകൾക്കും അടിമകളാണ് ഏതൊരു ജീവിയും. മനുഷ്യൻ എങ്ങനെ പെരുമാറണമെന്ന് നിശ്ചയിക്കുന്നത് ഈ ശാരീരിക ചോദനകളാണ്. സ്വാർത്ഥമായ ലൈംഗികത മുതൽ അന്യനെ കാണാതെയുള്ള ചൂഷണ ബുദ്ധിക്കും, വംശീയതക്കും വർഗീയതക്കും വരെ പരിണാമപരമായ കാരണങ്ങളുണ്ടെന്ന് ശാസ്ത്രം പറയുന്നു. ഇത്തരം ചില കാര്യങ്ങളെ തിരഞ്ഞെടുക്കാൻ രൂപത്തിൽ പ്രവർത്തിക്കുന്നതാണ് മനുഷ്യ മസ്തിഷ്കം തന്നെയും. ഉദാഹരണത്തിന് പോൺ സിനിമകൾ കാണുന്നത് മുതൽ ലഹരി ഉപയോഗം വരെ മസ്തിഷ്കത്തിൽ ഡോപമിൻ്റെ ഉത്പാദനത്തിന് കാരണമാകുന്നുണ്ട്. ഡോപമിൻ മനസ്സിന് ആനന്ദവും, തൃപ്തിയും നൽകുന്നു.
അതുകൊണ്ട് തന്നെ മനുഷ്യൻ അത് ആസ്വദിക്കുകയും വീണ്ടും ആ പ്രവർത്തി ചെയ്യാനുള്ള ചോദന അവനിൽ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതാണ് വാസ്തവത്തിൽ നമ്മളെ ഭരിക്കുന്നത് എന്ന് പറയാം. നിങ്ങൾ അവസാനമായി കണ്ട സിനിമയെക്കുറിച്ച് തന്നെ ചിന്തിച്ച് നോക്കൂ. അതിൽ ഉറപ്പായും പ്രണയമോ, വയലൻസോ മുഖ്യ വിഷയമായിരിക്കും. മനുഷ്യ വാസന ഇത്തരം കാര്യങ്ങളാണ് തിരഞ്ഞെടുക്കുക എന്നറിഞാണ് കച്ചവട താൽപര്യത്തിൽ പിറക്കുന്ന സിനിമകൾ ഇവയുപയോഗിക്കുന്നത്. ഇൻ്റർനെറ്റ് ഉപഭോക്താക്കളിൽ തന്നെ വലിയൊരു ശതമാനം പോൺ വെബ്സൈറ്റുകൾക്ക് പിറകിൽ ആകുന്നതിൻ്റെ മനഃശാസ്ത്രവും ഇതാണ്.

അഥവാ കലയും, വിനോദവും പോലും പ്രവർത്തിക്കുന്നത് മനുഷ്യൻ്റെ ഇത്തരം ചോദനകൾക്കനുസരിച്ച് മാത്രമാണ്. അത് അത്തരം കാര്യങ്ങൾക്ക് ആവർത്തിച്ച് visibility കൊടുക്കുന്നത് കൊണ്ടുതന്നെ സമൂഹത്തിൽ തെറ്റുകൾ normalise ചെയ്യപ്പെടുന്നതിനും കാരണമാകുന്നു. ഈ രൂപത്തിൽ പ്രവർത്തിക്കുന്ന ഒരു സമൂഹം കേവല സ്വാർത്ഥ താൽപര്യങ്ങളെ മാത്രം പരമമായി കാണുന്ന, ധാർമികരഹിതമായ, അരാചകത്വങ്ങൾ നിറഞ്ഞ, individualism ത്തിൻ്റെ മൂർത്ത രൂപത്തിലാണ് ചെന്ന് അവസാനിക്കുക. എന്തിനെയും ഭരിക്കുന്ന നിയമങ്ങളെ മനസ്സിലാക്കിയാൽ അതിൻ്റെ ഭാവിയെയും പ്രവചിക്കാനാവും എന്നാണല്ലോ ഡിറ്റർമിനിസം പറയുന്നത്. എങ്കിൽ കേവല ദേഹേച്ഛകളുടെ ഒഴുക്കിനെ പിന്തുടരുന്ന സമൂഹത്തിൻ്റെ ഭാവിയും നാശത്തിലേക്കാണ് എന്ന് വ്യക്തമായും പ്രെടിക്റ്റ് ചെയ്യാനാവും. ഡിറ്റർമിനിസവും, ബോധത്തിൻ്റെ പരിണാമവും, മനുഷ്യ നാഗരികതയുടെ മുന്നോട്ടുള്ള ചലനവും ബന്ധപ്പെടുത്തിയുള്ള ഈ വായനയിൽ ഇസ്‌ലാമിന് മാത്രം പരിഹാരമാവാൻ കഴിയുന്ന ചില മേഖലകളുണ്ട്.

പ്രകൃതിയുടെ ഒഴുക്കിന് വിരുദ്ധമായി പ്രവർത്തിക്കാനുള്ള കഴിവിനെ ബോധത്തിൻ്റെ ഒന്നാമത്തെ തലമെന്നും, പ്രകൃതിയെ ഭരിക്കാൻ കഴിയുന്ന മനുഷ്യൻ്റെ കഴിവിനെ ബോധത്തിൻ്റെ രണ്ടാം തലമെന്നും വിശേഷിപ്പിച്ചല്ലോ. പ്രപഞ്ചത്തിൻ്റെ ഒഴുക്കിനെ ബോധം മറികടന്നപ്പോഴും, ആന്തരികമായ ഒഴുക്കിനും, ദേഹേചകൾക്കും അടിമകളാണ് ഏതൊരു ജീവിയും. ഈ നൈസർഗ്ഗികമായ ദേഹേശ്ചകൾ കൊണ്ട് നല്ലതല്ലാത്ത ഒരു സാമൂഹ്യ ഗതിയിലേക്കും സമൂഹം നീങ്ങുന്നു. അപ്പോൾ ഇത്തരം ആന്തരികവും, നൈസർഗ്ഗികവുമായ ചില ചോദനകളെ ബോധം ഉപയോഗിച്ച് അവഗണിക്കാൻ കഴിവുള്ള ഒരു വിഭാഗത്തെ കൊണ്ട് മാത്രമേ മനുഷ്യഭാവിക്ക് ആയുസുള്ളൂ. അഥവാ പ്രപഞ്ചത്തിൻ്റെ ഒഴുക്കിനെ ബോധം മറികടന്ന പോലെ മനുഷ്യനിൽ ആന്തരികമായുള്ള അവനെ ഭരിക്കുന്ന, ചില ചോദനകളുടെ ഒഴുക്കിനെ മറി കടക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് മനുഷ്യനെത്തണം. ഇങ്ങനെ ആന്തരികവും, ബാഹ്യവുമായ സകല ഭൗതിക നിയന്ത്രണങ്ങളിൽ നിന്നും മനുഷ്യൻ മോചിതനാകുന്ന ബോധത്തിൻ്റെ ഏറ്റവും ഉയർന്ന അവസ്ഥയെ സൂപ്പർ കോൺഷ്യസ് എന്ന് വിളിക്കാം. ഈ അവസ്ഥയെ മുന്നോട്ട് വെക്കുന്ന ഒരേയൊരു ദർശനം ഇസ്‌ലാം മാത്രമാണ്.

1)വിധേയത്വം ദൈവത്തിനു മാത്രമാകുന്ന ലോക വീക്ഷണം ഇസ്‌ലാമിനുണ്ട്.
2)സമൂഹത്തിന് ദോഷകരമായ എല്ലാ ശാരീരിക ചോദനകളെയും നിയന്ത്രിക്കുക അടിസ്ഥാന താൽപര്യമായുള്ള ദർശനം ഇസ്‌ലാം മാത്രമാണ്. സ്വന്തത്തോടുള്ള യുദ്ധമെന്ന നിലക്ക് ജിഹാദ് എന്ന സാങ്കേതിക പദത്തെ പരിചയപ്പെടുത്തുന്ന ദർശനമാണ് ഇസ്‌ലാം.
3)മനുഷ്യൻ്റെ സ്വാഭാവിക ചോദനകളിൽ നിന്നും തിരിഞ്ഞ്നടക്കൽ ഏറ്റവും മനോബലം ആവശ്യമുള്ള കാര്യമായി ഇസ്‌ലാം വിശേഷിപ്പിച്ചത് കാണാം. ശക്തൻ കടുത്ത ദേഷ്യത്തിലും ക്ഷമിക്കുന്നവനാണ്, ഉറക്കത്തെ ഭേദിച്ച് അതിരാവിലെ ഉണരുന്നവനാണ്, ആത്മനിയന്ത്രണം കൊണ്ട് നടക്കേണ്ടവരാണ് തുടങ്ങിയ ഇസ്‌ലാമിക അധ്യാപനങ്ങൾ കാണാം.

സകല ആധുനിക ലിബറൽ ദർശനങ്ങളും മനുഷ്യനോട് ദേഹേചകളെ പിൻപറ്റാൻ മാത്രമാണ് ആവശ്യപ്പെടുന്നത്. വാസ്തവത്തിൽ അത് പറയാൻ പ്രത്യേകിച്ച് ഒരു ദർശനത്തിൻ്റെ തന്നെ ആവശ്യമില്ല എന്നതാണ് യാഥാർത്ഥ്യം. കാട്ടുപോത്തുകൾ ദേഹേചകളെ പിന്തുടരുന്നത് ലിബറൽ സ്റ്റഡിക്ലാസിൽ പങ്കെടുത്തല്ല. മനുഷ്യൻ കൂടുതൽ പുരോഗമിച്ചതിൻ്റെ ഭാഗമായാണ് അവൻ തൻ്റെ സ്വാതന്ത്രത്തിനു പകരം അന്യനോടുള്ള ഉത്തരവാദിത്വങ്ങൾക്ക് വില കൊടുക്കാനാരംഭിച്ചത്. എന്നാൽ വീണ്ടും തിരിഞ്ഞ് നടക്കാനും കാടന്മാരാകാനുമാണ് ആധുനിക ഭൗതികവാദ തത്വചിന്തകൾ പറയുന്നതും. മനുഷ്യനോട് ബോധത്തിൻ്റെ ഏറ്റവും ഉയർന്ന അവസ്ഥയിലേക്ക് പരിണമിക്കാൻ ആവശ്യപ്പെടുന്നതും, ഏറ്റവും നവീകരിക്കപ്പെട്ട മനുഷ്യർ ഉണ്ടാകുന്നതും, ആ നിലക്ക് സമൂഹത്തിന് പ്രത്യാശയുള്ളതും ഇസ്‌ലാമിൽ മാത്രമാണ്.

print

4 Comments

  • വളരെ പ്രസക്തമായ എഴുത്ത്. ലിബറലിസം എന്തോ ഒരു ഇസം ആണെന്നും അതിനു എന്തോ പ്രത്യയ ശാസ്ത്ര അടിത്തറ ഉണ്ടെന്നും കരുതുന്ന ആളുകൾക്ക് ഒരു പുനർവിചിന്തനം നടത്താൻ സഹായിക്കും.

    Navas Abdulkader 18.10.2022
  • God automated the process and that mechanism will be run till the end!

    Khaleel 18.10.2022
  • ശാഹുൽ ഹമീദ്. വളരെയധികം ചിന്തിപ്പിക്കുന്നതും ഇന്നത്തെ സമൂഹത്തിലെ യുവ തലമുറയുടെ ഉൾബോധത്തെ തട്ടി ചോദ്യം ചെയ്യുന്നതുമായ സംസാരമാണ് ഇദ്ദേഹത്തിന്റെ.
    ഇനിയും വളരെ അതികം പ്രയോജനപ്രതമായ അറിവ് തങ്ങൾക്കു അള്ളാഹു പ്രധാനം ചെയ്യട്ടെ جزاك اللهُ خيراً

    Ashfakarshad 18.10.2022
  • 👍👍
    جزاك اللهُ خيراً

    Shihab 19.10.2022

Leave a Reply to Shihab Cancel Comment

Your email address will not be published.