ജ്യോതിശാസ്ത്രം: മുന്നില്‍ നടന്ന മുസ്‌ലിം ലോകം

//ജ്യോതിശാസ്ത്രം: മുന്നില്‍ നടന്ന മുസ്‌ലിം ലോകം
//ജ്യോതിശാസ്ത്രം: മുന്നില്‍ നടന്ന മുസ്‌ലിം ലോകം
ശാസ്ത്രം / തത്ത്വശാസ്ത്രം

ജ്യോതിശാസ്ത്രം: മുന്നില്‍ നടന്ന മുസ്‌ലിം ലോകം

ഒന്നാം സഹസ്രാബ്ദത്തിന്റെ ഉത്തരാര്‍ധവും രണ്ടാം സഹസ്രാബ്ദത്തിന്റെ പൂര്‍വാര്‍ധവും ശാസ്ത്രരംഗത്തെ മുസ്‌ലിം സംഭാവനകളുടെ നിറസാന്നിധ്യം കൊണ്ട് പ്രത്യേകം അടയാളപ്പെടുത്തേണ്ടതാണ് എന്ന് നമുക്കറിയാം. മധ്യകാലഘട്ടത്തിലെ അറബ് മുസ്‌ലിം ശാസ്ത്രജ്ഞ രുടെ ഇടപെടലുകള്‍വഴി ധന്യമായിത്തീര്‍ന്ന വിജ്ഞാന ശാഖകളിലൊന്നാണ് ജ്യോതിശാസ്ത്രം (Astronomy). ഈ കാലയളവില്‍ മുസ്‌ലിം ലോകത്തുണ്ടായ ജ്യോതിശാസ്ത്ര മുന്നേറ്റങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ പലതും ഇപ്പോഴും പൊതുസമൂഹത്തിന്നജ്ഞാതമാണ്. അതുകൊണ്ടു തന്നെ പ്രത്യേകമായ പഠനവും ഗവേഷണവും അര്‍ഹിക്കുന്ന ഒരു മേഖലയാണ് മധ്യകാല അറബ് ജ്യോതിശാസ്ത്രം.

പശ്ചാത്തലവും സവിശേഷതകളും

ശാസ്ത്ര പുരോഗതി പോയിട്ട് നാഗരിക വികാസത്തിന്റെ പ്രഥമാവസ്ഥകള്‍ പോലും അപ്രാപ്യമായിരുന്ന അജ്ഞാനകാല അറബികള്‍ ഇസ്‌ലാമിന് ശേഷം ലോകത്തെ വിജ്ഞാന ശാഖകള്‍ക്ക് മുഴുവന്‍ ചുക്കാന്‍ പിടിച്ചവരായിത്തീര്‍ന്നു എന്ന വസ്തുത പ്രത്യേകം ശ്രദ്ധേയ മാണ്. പഠന നിരീക്ഷണങ്ങളില്‍ വ്യാപൃതരായി പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വിശുദ്ധ ക്വുര്‍ആനിന്റെ അഹ്വാനങ്ങളാണ് മുസ്‌ലിം ലോകത്തുണ്ടായ പഠന പുരോഗതിയുടെ അടിസ്ഥാന കാരണം.

ആകാശലോകത്തെ അല്‍ഭുതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഖുര്‍ആന്‍ വചനങ്ങളോടൊപ്പം മുസ്‌ലിം സമൂഹം നേരിട്ട അനുഷ്ഠാനപരമായ ചില ആവശ്യങ്ങള്‍ കൂടി അറബ് ലോകത്ത് അസ്‌ട്രോണമി തളിരിടാന്‍ കാരണമായിട്ടുണ്ട് എന്ന് കാണാന്‍ കഴിയും.

ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് കഅ്ബയുടെ ദിശ മനസ്സിലാക്കുക, നമസ്‌കാരസമയം നിര്‍ണയിക്കുക, നോമ്പ്, ഹജ്ജ്, തുടങ്ങിയ ആരാധനകളുടെ സമയം ഉറപ്പുവരുത്താന്‍ ചന്ദ്രമാസപ്പിറവി ഗ്രഹിക്കുക തുടങ്ങിയ മതപരമായ ലക്ഷ്യങ്ങളില്‍ നിന്നാണ് മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ആരംഭിച്ചത്. പിന്നീട് പഠനങ്ങള്‍ തഴച്ചുവളരുകയായിരുന്നു. ഇന്ന് നാമുപയോഗിക്കുന്ന നക്ഷത്രനാമങ്ങളില്‍ നല്ലൊരു ശതമാനത്തിന് അറബിമൂലം ആണുള്ളത് എന്ന വസ്തുതയില്‍ നിന്ന് തന്നെ ജ്യോതിശാസ്ത്രത്തിലെ മുസ്‌ലിം സ്വാധീനം എത്ര വലുതാണ് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

മതപരമായ പശ്ചാത്തലത്തില്‍ തന്നെ വാനശാസ്ത്ര നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തപ്പെട്ട വേറെയും സമൂഹങ്ങള്‍ ലോക ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട് എന്നത് ശരിയാണ്. ഭാരതത്തില്‍ വികാസം പ്രാപിച്ച ആര്യസംസ്‌കാരം ഇതിനൊരുദാഹരണമാണ്. എന്നാല്‍ ജ്യോതിശാസ്ത്രം എന്ന വ്യാജേന അവതരിപ്പിക്കപ്പെടുന്ന ഹൈന്ദവ ജ്യോതിഷം പത്തരമാറ്റ് അന്ധവിശ്വാസങ്ങളുടെ സമാഹാരമാണ് എന്ന കാര്യം വിസ്മരിക്കപ്പെട്ടുകൂടാ. ഭാരതീയതയോട് ഉദാരമായ സമീപനം സ്വീകരിക്കുന്ന ശാസ്ത്ര പണ്ഡിതന്‍മാര്‍ പോലും ജ്യോതിഷത്തിന്റെ സാംഗത്യത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഡോ. എ.പി.ജെ അബ്ദുല്‍കലാം എഴുതുന്നത് കാണുക: ‘എന്റെ പല സുഹൃത്തുക്കളും ബഹിരാകാശ യാത്രകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ജ്യോതിഷത്തിലേക്ക് വഴുതി വീഴും. നമ്മുടെ സൗരയൂഥത്തിലെ വിദൂരഗ്രഹങ്ങള്‍ക്ക് മനുഷ്യന്‍ ഇത്ര പ്രാധാന്യം കൊടുക്കുന്നതെന്തിനാണെന്ന് സത്യമായും എനിക്കിതുവരെ മനസ്സിലായിട്ടില്ല. ഒരു കലയെന്ന നിലയില്‍ ഞാന്‍ ജ്യോതിഷത്തിന് എതിരല്ല. പക്ഷേ, ശാസ്ത്രത്തിന്റെ മുഖംമൂടിയണിഞ്ഞുവന്ന് സ്വീകാര്യത അവകാശപ്പെട്ടാല്‍ ഞാനതിനെ തിരസ്‌കരിക്കും. ഈ ഗ്രഹങ്ങള്‍ക്കും താരഗണങ്ങ ള്‍ക്കും എന്തിന്, ഉപഗ്രഹങ്ങള്‍ക്ക് പോലും മനുഷ്യരുടെ മേല്‍ സ്വാധീനം ചെലുത്താനാകുമെന്ന ഈ അന്ധവിശ്വാസങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് എനിക്കറിഞ്ഞു കൂടാ. അങ്ങേയറ്റം ആത്മനിഷ്ഠമായ നിഗമനങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനായി ഉണ്ടാക്കിയിരിക്കുന്ന, പ്രപഞ്ചഗോളങ്ങളുടെ സൂക്ഷ്മ ചലനങ്ങളെ സംബന്ധിച്ച സങ്കീര്‍ണമായ കണക്കുകൂട്ടലുകള്‍ കേവലം യുക്തിരഹിതമായിട്ടാണ് എനിക്ക് തോന്നുന്നത്’ (അഗ്നിച്ചിറകുകള്‍, മലയാളം പതിപ്പ്, ഡി.സി.ബി, പുറം 32,33).

വിശുദ്ധ ഖുര്‍ആന്‍ നൂറ് ശതമാനം ദൈവികമായത് കൊണ്ട് അതിലെ പരാമര്‍ശങ്ങള്‍ പൂര്‍ണമായും പ്രമാദമുക്തമായിരിക്കും. എന്നാല്‍ മുസ്‌ലിം പണ്ഡിതന്മാര്‍ തങ്ങളുടെ ഗവേഷണ നിരീക്ഷണങ്ങളില്‍ നിന്ന് പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച് നിര്‍ധരിച്ചെടുക്കുന്ന അനുമാനങ്ങള്‍ ഇതുപോലെ അപ്രമാദിത്വമുള്ളവയല്ല. ഈ പരിമിതിയുണ്ടായിട്ടും മധ്യകാല അറബ് ജ്യോതിശാസ്ത്ര അനുമാനങ്ങള്‍ അന്ധവിശ്വാസങ്ങളില്‍ നിന്ന് ഏറെക്കുറെ വിമുക്തവും ഭൗതിക പരീക്ഷണങ്ങളില്‍ അധിഷ്ഠിതവുമാണെന്ന വസ്തുത നിഷ്പക്ഷരായ പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ അര്‍ഥത്തില്‍ ഹൈന്ദവ ജ്യോതിഷം ഇസ്‌ലാമിക് ആസ്‌ട്രോണമിയുമായി താരതമ്യം പോ
ലും അര്‍ഹിക്കുന്നില്ല. ആകാശ ഗോളങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം മുഹമ്മദ് നബി(സ) തന്നെ ആരംഭിച്ചതാണ് എന്ന് കാണാന്‍ കഴിയും. പ്രവാചക പുത്രനായ ഇബ്‌റാഹീം മരണപ്പെട്ടത് ഒരു സൂര്യഗ്രഹണ ദിനത്തിലായിരുന്നു. ദൈവദൂതന്റെ വിഷാദത്തില്‍ പങ്കുചേര്‍ന്ന സൂര്യന്റെ ‘വിഷാദ പ്രകടനമായി’ ഗ്രഹണത്തെ ചിത്രീകരിച്ചുകൊണ്ടുള്ള സംസാരങ്ങള്‍ നടന്നപ്പോള്‍ നബി(സ) പ്രഖ്യാപിച്ചു: ”തീര്‍ച്ചയായും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ്. ആരുടെയെങ്കിലും ജനനമോ മരണമോ കാരണമായി അതിന് ഗ്രഹണം ബാധിക്കുകയില്ല” (ബുഖാരി, മുസ്‌ലിം).

ജ്യോതിശാസ്ത്ര കുലപതികള്‍

മധ്യകാലഘട്ടത്തില്‍ ശാസ്ത്രലോ കത്തെ നിയന്ത്രിച്ചിരുന്ന ധിഷണാശാലികള്‍ മുഴുവന്‍ അറബ് മുസ്‌ലിം നാടുകളില്‍ നിന്നുള്ള വിഖ്യാതരായ പണ്ഡിതന്മാരായിരുന്നു. ടോളമിക്ക് ശേഷം ജ്യോതിശാസ്ത്ര വിജ്ഞാനീയങ്ങള്‍ക്ക് വികാസമുണ്ടായത് ശതക്കണക്കിന് വരുന്ന ഈ മുസ്‌ലിം ശാസ്ത്രജ്ഞന്മാരിലൂടെയാണ്. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ സ്വത്വം നിര്‍ണയിച്ച പ്രസ്തുത ശാസ്ത്രപ്രതിഭകളില്‍ ചിലരെയെങ്കിലും അനുസ്മരിക്കാതെ ശാസ്ത്ര ചരിത്രം പൂര്‍ണമാവുകയില്ല എന്നതാണ് വസ്തുത. പുതുതലമുറ സൗകര്യപൂര്‍വം വിസ്മരിച്ചുകളഞ്ഞ ഏതാനും മധ്യകാല മുസ്‌ലിം ജ്യോതി ശാസ്ത്രജ്ഞരെയാണ് സംക്ഷിപ്തമായി താഴെ പരിചയപ്പെടുത്തുന്നത്.

  1. 1. ജഅ്ഫറുസ്സ്വാദിഖ്

എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അറബ് ജ്യോതിശാസ്ത്രത്തിന് കാര്യമായ സംഭാവനകളര്‍പ്പിച്ച പണ്ഡിതനാണ് ജഅ്ഫറുസ്സ്വാദിഖ്. ശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ലോകപ്രശസ്തനായ മുസ്‌ലിം രസതന്ത്രജ്ഞന്‍ ജാബിറുബ്‌നു ഹയ്യാന്‍ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്.

  1. മുഹമ്മദ്ബ്‌നു മൂസല്‍ ഖവാറസ്മി

പ്രഗല്‍ഭനായ ജ്യോതിശാസ്ത്രജ്ഞ നും ഗണിതജ്ഞനുമായിരുന്നു എ. ഡി. 780 നും 850 നും ഇടക്ക് ജീവിച്ച മൂഹമ്മദ് ബ്‌നു മൂസല്‍ ഖവാറസ്മി. ‘ആള്‍ജിബ്ര’ എന്ന ഗണിതശാസ്ത്ര ശാഖക്ക് തുടക്കമാവുന്നത് ഖവാറസ്മിയുടെ ‘ഹിസാബുല്‍ ജബ്‌റ് വല്‍ മുഖാബല’ എന്ന ഗ്രന്ഥത്തിലൂടെയാണ്. ‘ആല്‍ഗോരിതം’ നിഷ്പന്നായിരിക്കുന്നത് ‘അല്‍ഖവാറസ്മി’യില്‍ നിന്നാണ് എന്ന സത്യത്തില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ പ്രഭാവം മനസ്സിലാക്കാം. ഖവാറസ്മിയുടെ ‘സിജ് അസ്സിന്‍ദ്’ എന്ന ജ്യോതിശാസ്ത്ര പട്ടികാസമാഹാരം ശാസ്ത്ര ഗവേഷണങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പുതിയ ദിശാബോധം നല്‍കി. സൂര്യന്റെയും ചന്ദ്രന്റെയും അഞ്ച് ഗ്രഹങ്ങളുടെയും ചലന വിവരങ്ങള്‍ ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  1. ഫര്‍ഗാനി

ക്രിസ്തുവര്‍ഷം 850ല്‍ ‘കിതാബ് ഫീ ജവാനി’ എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥം രചിച്ച മുസ്‌ലിം ശാസ്ത്രജ്ഞനാണ് ഫര്‍ഗാനി. ഈ ഗ്രന്ഥത്തില്‍ ടോളമിക്ക് ചില തിരുത്തലുകള്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടുള്ളത് കാണാം. ഭ്രമണപഥങ്ങളുടെ ചെരിവ്, ഭൂമിയില്‍ നിന്ന് സൂര്യനിലേക്കും ചന്ദ്രനിലേക്കുമുള്ള പരമാവധി ദൂരത്തില്‍ വരുന്ന മാറ്റങ്ങള്‍, ഭൂമിയുടെ ചുറ്റളവ് തുടങ്ങിയവ കുറേക്കൂടി കൃത്യമായി അദ്ദേഹം പുനര്‍ നിര്‍ണയിച്ചു.

  1. മുഹമ്മദ് ബ്‌നു ജാബിര്‍ അല്‍ഹര്‍റാനി അല്‍ബത്താനി

ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ ജീവിച്ച വിഖ്യാത മുസ്‌ലിം ജ്യോതിശാസ്ത്രജ്ഞനാണ് അല്‍ ബത്താനി. ‘കിതാബുസ്സിജ്’ ഇദ്ദേഹത്തിന്റെ ഗ്രന്ഥമാണ്. ന്യൂമൂണിന്റെ സമയം, സൗരവര്‍ഷത്തിന്റെ ദൈര്‍ഘ്യം തുടങ്ങിയവ കണക്കാക്കുന്നതിലും ഗ്രഹണങ്ങള്‍ പ്രവചിക്കുന്നതിലും അദ്ദേഹം വിജയിച്ചു. ടോളമിയുടെ അസ്‌ട്രോണമിക്കല്‍ ടേബിളിലെ അപാകതകള്‍ പരിഹരിച്ച് ഇദ്ദേഹം പ്രസിദ്ധീകരിച്ച പുതിയ പട്ടിക പ്രസിദ്ധമാണ്.

  1. നാസ്വിറുദ്ദീന്‍ അത്തൂസി

മുസ്‌ലിം ജ്യോതിശാസ്ത്രത്തിലെ അതികായന്മാരിലൊരാളായ അത്തൂസി ത്രികോണമിതിയിലെ സംഭാവനകള്‍ കൊണ്ട് ശ്രദ്ധേയനാണ്. യൂക്ലിഡിന്റെ ജ്യാമിതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു സ്വതന്ത്ര ജ്യാമിതി രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഭൂമിയുടെ ചലനം ചര്‍ച്ച ചെയ്ത ആദ്യകാല ശാസ്ത്രജ്ഞന്മാരിലൊരാളുമാണ് അത്തൂസി..

  1. അസ്സര്‍ഖാലി

ഗ്രഹങ്ങള്‍ ചലിക്കുന്നത് വൃത്താകൃതിയിലല്ല; മറിച്ച് അണ്ഡാകൃതി(Elliptic orbit)യിലാണെന്ന് കോപ്പര്‍ നിക്കസ്സിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ തെളിയിച്ച മുസ്‌ലിം ശാസ്ത്രജ്ഞനാണ് അസ്സര്‍ഖാലി. പതിനൊന്നാം നൂറ്റാണ്ടിലാണ് അദ്ദേഹം ഇക്കാര്യം സമര്‍ഥിച്ചത്.

  1. അല്‍ബിറൂനി

ഒരേ സമയം വൈദ്യശാസ്ത്രജ്ഞനും
ജ്യോതിശാസ്ത്രജ്ഞനും ജ്യോഗ്രഫറും സഞ്ചാര സാഹിത്യകാരനും തത്ത്വജ്ഞാനിയുമൊക്കെയായി പേരെടുത്ത പതിനൊന്നാം നൂറ്റാണ്ടു കാരനാണ് അല്‍ബിറൂനി. കഅ്ബ നില്‍ക്കുന്ന പ്രദേശമടക്കം ഭൂമിയിലെ അറുനൂറ് സ്ഥലങ്ങളുടെ അക്ഷാംശവും രേഖാംശവും നിര്‍ണയിക്കാന്‍ ഈ ഗവേഷകന് കഴിഞ്ഞു. കിതാബുല്‍ സെയ്ദാന്‍, കിതാബുല്‍ ഹിന്ദ് തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അഫ്ഗാനിസ്ഥാനില്‍ 1019 ഏപ്രില്‍ എട്ടിനുണ്ടായ സൂര്യഗ്രഹണവും അതേവര്‍ഷം സെപ്തംബര്‍ 17ന് നടന്ന ചന്ദ്രഗ്രഹണവും നിരീക്ഷിച്ച് അവയുടെ വിശദവിവരങ്ങള്‍ അല്‍ബിറൂനി രേഖപ്പെടുത്തിയിട്ടുണ്ട്.

  1. അബുല്‍ ഹസന്‍

On optics എന്ന വിശ്വപ്രസിദ്ധ ശാസ് ത്രഗ്രന്ഥത്തിലൂടെ ആധുനിക പ്രകാശശാ സ്ത്രത്തിന് അടിത്തറ പണിത മുസ്‌ലിം ശാസ്ത്രജ്ഞനാണ് അബുല്‍ ഹസന്‍. ടോളമിയുടെ പ്രപഞ്ച സങ്കല്‍പത്തെ ഖ ണ്ഡിച്ചുകൊണ്ട് രചിച്ച ‘അശ്ശുഖ്ഖു അലാ ബത്‌ലാമിയൂസ്’ എന്ന ഗ്രന്ഥമാണ്   ജ്യോതിശാസ്ത്രത്തില്‍ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിത്തീര്‍ത്തത്. റിഫ്‌ളക്ഷനും റിഫ്രാക്ഷനുമടക്കമുള്ള പ്രകാശത്തിന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ള ഈ മുസ്‌ലിം പണ്ഡിതന്‍ ടെലിസ്‌കോപ്പിന്റെ കണ്ടുപിടുത്തത്തെയും സ്വാധീനിച്ചിട്ടുണ്ട്.
‘സൂര്യസിദ്ധാന്തം’ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത യഅ്ഖൂബ്‌നു താരി ഖ്, ഗുരുത്വാകര്‍ഷണം വസ്തുക്കള്‍ തമ്മിലുള്ള ദൂരത്തെ ആശ്രയിക്കുന്നുവെന്ന് നിരീക്ഷിച്ച അല്‍ഗാസിനി, ‘താരീഖുല്‍ അഫ്‌ലാഖിക്കി’ന്റെ രചയിതാവ് അബൂഉബൈദില്‍ ജുസ്ജാനി, പ്രപഞ്ചത്തെ മുഴുവന്‍ ഭരിക്കുന്നത് ഒരേ നിയമവ്യവസ്ഥയാണെന്ന് വാദിച്ച മൂസബ്‌നു ശാക്കിര്‍, സൗര കേന്ദ്ര സിദ്ധാന്തത്തെ ശരിവെക്കുന്ന ഗ്രഹ സമുച്ചയം സങ്കല്‍പിച്ച ജഅ്ഫറുബ്‌നു മുഹമ്മദ് അബൂമഅ്ശര്‍ തുടങ്ങിയ മുസ്‌ലിം ശാസ്ത്രജ്ഞരും ഈ ചര്‍ച്ചയില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നവരാണ്. അറബ് ശാസ്ത്രജ്ഞരെയുംഅവരുടെ സംഭാവനകളെയും പൂര്‍ണമായി രേഖപ്പെടുത്താന്‍ ബൃഹദ് ഗ്രന്ഥങ്ങള്‍ തന്നെ വേണ്ടിവരും. ഏതാനും പുറങ്ങളില്‍ ഒതുങ്ങുന്ന ഒരു ഉപന്യാസത്തില്‍ അത്തരമൊരു വിവരണം അസാധ്യമായതിനാ ലാണ് പ്രമുഖരായ ചില ശാസ്ത്രജ്ഞരെ സംബന്ധിച്ച സംക്ഷിപ്ത സൂചനകള്‍ മാത്രം ഇവിടെ നല്‍കിയത്.

സിദ്ധാന്തങ്ങള്‍, പ്രസ്ഥാനങ്ങള്‍

പുരാതന ജ്യോതിശാസ്ത്ര ഗവേഷണങ്ങളുടെ ശേഷിപ്പുകളായി നിലനിന്നിരുന്ന ശാസ്ത്രഗ്രന്ഥങ്ങളെ ഉപജീവിച്ചുകൊണ്ടാണ് അറബ് ശാസ്ത്രജ്ഞര്‍ തങ്ങളുടെ പഠനത്തിനാവശ്യമായ പ്രാഥമിക സങ്കേതങ്ങള്‍ സമാഹരിച്ചത്. വിവിധ ലോക ഭാഷകളില്‍ അക്കാലത്ത് ഉപലബ്ധമായിരുന്ന ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ മുസ്‌ലിം പണ്ഡിതന്മാര്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള സൂര്യ സിദ്ധാന്തവും മധ്യപേര്‍ഷ്യയില്‍ നിന്നുള്ള സിജ്അല്‍ ഷാഹുമൊക്കെ അറബ് ലോകത്തെത്തിയത് ഈ രീതിയിലാണ്.

പൂര്‍വ നാഗരികതകളുടെ ജ്യോതിശാ സ്ത്ര അനുമാനങ്ങളെ അന്ധമായി അനുകരിക്കാന്‍ മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ സന്നദ്ധമായിരുന്നില്ല. പ്രാപഞ്ചിക സംവിധാനങ്ങളെ വിശദീകരിക്കുവാന്‍ മൗലികതയുള്ള സ്വതന്ത്ര സിദ്ധാന്തങ്ങളാവിഷ്‌കരിക്കുകയും പൂര്‍വിക ധാരണകളോട് ധൈഷണികമായി കലഹിക്കുകയും ചെയ്ത നിരവധി അറബ് പണ്ഡിതന്മാരെക്കുറിച്ച് ശാസ്ത്ര ചരിത്രത്തില്‍ നാം വായിക്കുന്നുണ്ട്. ഭാരതീയ ജ്യോതിശാ സ്ത്രഗ്രന്ഥങ്ങളെ പഠനാവശ്യത്തിന് വേണ്ടി ഉപയോഗിക്കുമ്പോഴും ജ്യോതിശാസ്ത്രവും ജ്യോതിഷവും തമ്മിലുള്ള അന്തരം ചര്‍ച്ചചെയ്ത് ജ്യോതിഷത്തെ ഖണ്ഡിക്കുന്ന വിമര്‍ശന ഗ്രന്ഥങ്ങള്‍ മുസ്‌ലിം ലോകത്തുനിന്നുണ്ടായി എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അബൂറൈഹാനില്‍ ബിറൂനി, ഫറാബി, ഇബ്‌നുല്‍ ഹൈതം, ഇബ്‌നുസീന തുടങ്ങിയവര്‍ ജ്യോതിഷത്തെ തിരസ്‌കരിച്ച മധ്യകാല അറബ് ശാസ്ത്രജ്ഞരില്‍ പ്രമുഖരാണ്.

മധ്യകാല ജ്യോതിശാസ്ത്ര പഠനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന ടോളമിയുടെ പ്രപഞ്ച സങ്കല്‍പത്തെ വിമര്‍ശിച്ചുകൊണ്ട് ‘അശ്ശുഖ്ഖു അലാ ബത്‌ലാമിയൂസ്’ എന്ന ഗ്രന്ഥം രചിച്ച അബുല്‍ഹസ(ഇബ്‌നു ഹൈതം)നെക്കുറിച്ച് നാം നേരത്തെ സൂചിപ്പിച്ചു. ‘ചലന മാതൃകകള്‍’ എന്ന പ്രസിദ്ധ ഗ്രന്ഥത്തിലൂടെ ടോളമി ബാധയില്ലാത്ത സ്വതന്ത്രമായൊരു പ്രപഞ്ചമാതൃക ലോകത്തിനുമുന്നിലവതരിപ്പിക്കാന്‍ 1038ല്‍ അദ്ദേഹത്തിന് കഴിഞ്ഞു. സ്വന്തം അച്ചുതണ്ടിലുള്ള ഭൂമിയുടെ കറക്കം പോലും ഇബ്‌നു ഹൈതം തന്റെ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.

ടോളമിക്ക് സംഭവിച്ച അബദ്ധങ്ങളെ കലവറയില്ലാതെ വിചാരണ ചെയ്ത് ജ്യോ തിശാസ്ത്ര ചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചവരാണ് അന്തലൂസിയയിലെ മുസ്‌ലിം ശാസ്ത്രജ്ഞന്‍മാര്‍. പതിനൊ ന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ ശക്തപ്രഭാവമുണ്ടായിരുന്ന അന്തലൂസിയന്‍ ചിന്താസരണി അതിനുണ്ടായിരുന്ന പ്രതിടോളമി സ്വഭാവം കാരണമായി അന്തലൂസിയന്‍ വിപ്ലവം എന്ന് വിളിക്കപ്പെടുന്നു. ‘അല്‍ ഇസ്തിദ്‌റാക്ക് അലാ ബത്‌ലൂമിയസ്’ എന്ന ഗ്രന്ഥമാണ് അന്തലൂസിയന്‍ ജ്യോതിശാസ്ത്രത്തിന്റെ അടിത്തറകള്‍ പണിതത്.

മറാഗയിലെ മുസ്‌ലിം ഒബ്‌സര്‍വേറ്ററില്‍ നിന്നുയിരെടുക്കുകയും ദമസ്‌കസിലെ സമര്‍ക്കന്തിലെ മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ പില്‍ക്കാലത്ത് ധന്യമാക്കുകയും ചെയ്ത അറബ് ജ്യോതിശാസ്ത്രപ്രസ്ഥാനം മറാഗ പ്രസ്ഥാനം എന്നറിയപ്പെടുന്നു. അന്തുലൂസിയയിലെ തങ്ങളുടെ മുന്‍ഗാമികളെക്കാള്‍ ഭംഗിയായി ടോളമിക്ക് ബദലുകള്‍ നിര്‍ദേശിക്കാന്‍ മറാഗാ വിപ്ലവത്തിന്റെ വക്താക്കള്‍ക്ക് കഴിഞ്ഞു. ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ പ്രവചിക്കുന്നതിലും ആകാശഗോളങ്ങളുടെ ചലനങ്ങളെ ഗണിത സമവാക്യങ്ങള്‍ കൊണ്ട് കൃത്യമായി രേഖപ്പെടുത്തുന്നതിലും മറാഗക്കാര്‍ വിജയിച്ചു. മുഹ്‌യുദ്ദീന്‍, നാസ്വിറുദ്ദീനുത്തൂസി, ഉമറുല്‍ കാതിബ്, ശീറാസി, ഇബ്‌നുശ്ശാത്വിര്‍, ശംസുദ്ദീന്‍ തുടങ്ങിയവര്‍ മറാഗാ ചിന്താപ്രസ്ഥാനത്തിന്റെ വക്താക്കളായാണ് പരിഗണിക്കപ്പെടുന്നത്.

അബ്ബാസിയാ ഖലീഫമാരുടെ സംഭാവനകള്‍

മധ്യ കാലഘട്ടത്തില്‍ മുസ്‌ലിം ജ്യോ തിശാസ്ത്രത്തിനുണ്ടായ സമാനതകളില്ലാത്ത വികാസത്തിനും പുരോഗതിക്കും സാഹചര്യമൊ രുക്കിയതില്‍ അബ്ബാസിയ ഭരണകൂടത്തിനുള്ള പങ്ക് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നതാണ്. ശാസ്ത്ര ഗവേഷണങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിലും സാമ്പത്തിക സഹായം നല്‍കുന്നതിലും പണ്ഡിതന്മാരെ പ്രോ ത്സാഹിപ്പിക്കുന്നതിലും ഗവണ്‍മെന്റെ് അഭിനന്ദനാര്‍ഹമായ ശ്രദ്ധപതിപ്പിച്ചിരുന്നു. ഖലീഫമാരായ മന്‍സൂര്‍, ഹാറൂനുര്‍റശീദ്, മഅ്മൂന്‍ എന്നിവരുടെ കാലത്ത് രാജ്യം ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം ആധുനിക രാഷ്ട്ര സം വിധാനങ്ങളോട് കിടപിടിക്കുന്നതാണെന്ന് വേണം പറയാന്‍. ഖലീഫ മഅ്മൂന്റെ ഭരണകാലത്ത് ഇസ്‌ലാമിക ലോകത്ത് നടന്ന സുപ്രധാനമായ ഒരു ഗവേഷണത്തെക്കുറിച്ച് പ്രമുഖ പാശ്ചാത്യ ഗ്രന്ഥകാരന്‍ ഡ്രെയര്‍ എഴുതിയത് കാണുക:

”പ്രപഞ്ചവുമായി തുലനം ചെയ്യുമ്പോ ള്‍ വളരെ ചെറിയ പരിമാണം മാത്രമുള്ള ഒരു ഗോളമാണ് ഭൂമിയെന്ന വസ്തുത ഏതോ വിധത്തില്‍ അറേബ്യന്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അനിഷേധ്യമായ സ്വീകാര്യത നേടിക്കഴിഞ്ഞിരുന്നു. അവര്‍ക്കിടയില്‍ ജ്യോതിശാസ്ത്രത്തിന്റെ ഉദ്ഗതിയെത്തുടര്‍ന്ന് ആദ്യമായി സംഘടിപ്പിക്കപ്പെട്ട ശാസ്ത്രീയ സംരംഭം ഭൂമിയുടെ വലുപ്പം നിര്‍ണയിക്കാനുള്ള പ്രയത്‌നമായിരുന്നു. പാല്‍മിറാ സമതലത്തില്‍ ഖലീഫാ മഅ്മൂന്റെ ഉത്തരവ് പ്രകാരമാണ് അത് നടന്നത്. ഇബ്‌നു യൂനുസ് നല്‍കിയിട്ടുള്ള വിവരങ്ങളനു സരിച്ച് അന്ന് നാല് നിരീക്ഷകന്മാര്‍ ചേര്‍ന്ന് ഒരു ഡിഗ്രിയുടെ ദൈര്‍ഘ്യം അളക്കുകയാണ് ചെയ്തത്. രണ്ട് പേര്‍ വാമിക്കും തദ്മൂറിനും ഇടക്കും മറ്റു രണ്ട് പേര്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത മറ്റൊരു മേഖലയിലുമാണ് അളവുകളെടുത്തത്. ആദ്യം കിട്ടിയ അളവനുസരിച്ച് ഒരു ഡിഗ്രി 57 അറേബ്യന്‍ നാഴികക്ക് തുല്യമായിരുന്നു. രണ്ടാമത് കിട്ടിയ അളവനുസരിച്ച് ഒരു ഡിഗ്രി 56.25 നാഴികയും. നാലായിരം മുഴം ആണ് ഒരു അറേബ്യന്‍ നാഴിക. അന്തിമ വിശകലനത്തില്‍ രണ്ട് അളവുകളുടെയും കൂടി ഏകദേശ ശരാശരി 3651/3 നാഴിക ഒരു ഡിഗ്രിയുടെ ദൈര്‍ഘ്യമായി അംഗീകരിക്കപ്പെടുന്നു. അങ്ങനെ ഭൂമിയുടെ ചുറ്റളവ് 20400 നാഴികയായും വ്യാസം 6500 നാഴികയായും ഗണിക്കപ്പെട്ടു.’ (Ile Dreyar, A Hisstory of  Astronomy from thales to kepler, Dover Publications, New York).

ഒബ്‌സര്‍വേറ്ററികള്‍

വിപുലമായ ഗവേഷണ സൗകര്യങ്ങളോടുകൂടിയ വാനനിരീക്ഷണകേന്ദ്രങ്ങള്‍ ലോകത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ടത് മുസ്‌ലിം നാടുകളിലാണ്. അറബ് ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട ഈ മധ്യകാല ഒബ്‌സര്‍വേറ്ററികള്‍ മുസ്‌ലിം ലോകത്ത് ജ്യോതിശാസ്ത്രം വളരെയേറെ പുരോഗമിച്ചിരുന്നുവെന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടുന്നു. സുസജ്ജമായ നിരീക്ഷണോപകരണങ്ങളും പ്രഗല്‍ഭ ശാസ്ത്രജ്ഞന്‍മാരടങ്ങിയ വര്‍ക്കിംഗ് ടീമും കൃത്യമായ അജണ്ടകളും കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഡയറക്ടറുമെല്ലാം ഉണ്ടായിരുന്ന വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ തന്നെയായിരുന്നു അറബ് ഒബ്‌സര്‍വേറ്ററികള്‍.

മുസ്‌ലിം ലോകത്ത് ആദ്യമായി ഒബ്സര്‍വേറ്ററികള്‍ സ്ഥാപിക്കപ്പെട്ടത് ഇറാഖിലാണ്. ഒമ്പതാം നൂറ്റാണ്ടില്‍ ഖലീഫാ മഅ്മൂന്റെ ഭരണകാലത്തായിരുന്നു ഇത്. ദമസ്‌കസ് മുതല്‍ ബാഗ്ദാദ് വരെയുള്ള സ്ഥലങ്ങളില്‍ നിരവധി മുസ്‌ലിം ഒബ്‌സര്‍ വേറ്ററികള്‍ അതിന് ശേഷം പിറന്നുവീണു. പത്താം നൂറ്റാണ്ടില്‍ ഇബ്‌നുല്‍ ആലം. അബ്ദുര്‍റഹ്മാനുസ്സൂഫി, ശറഫുദ്ദൗല തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉപകരണങ്ങളുപയോഗിച്ചുള്ള വാനനിരീക്ഷണം കാര്യക്ഷമമായി നടന്നിരുന്നു എന്നതിന് ചരിത്രത്തില്‍ രേഖയുണ്ട്.

മലിക് ഷാ ഒന്നാമന്‍ ഇസ്ഫഹാനില്‍ സ്ഥാപിച്ച ഒബ്‌സര്‍വേറ്ററി വലിപ്പത്തിന്റെ കാര്യത്തില്‍ അതു വരെയുണ്ടായി നിരീക്ഷണ കേന്ദ്രങ്ങ ളെയെല്ലാം പിന്നിലാക്കി. ഏറെക്കുറെ കൃത്യമായ ഒരു സൗരകലണ്ടര്‍ തയാറാക്കാന്‍ ഈ ഒബ്‌സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരുന്നു.

നാസിറുദ്ദീനുത്തൂസി മറാഗയില്‍ സ്ഥാ പിച്ച ഒബ്‌സര്‍വേറ്ററി ജ്യോതിശാസ്ത്ര ചരിത്രത്തിലെ പല ചലനങ്ങള്‍ക്കും വേദിയായി. ഈ ഒബ്സര്‍വേറ്ററിയോടനുബന്ധിച്ച് ലൈബ്രറിയും പള്ളിയും റെസ്റ്റ് ഹൗസും നിര്‍മിച്ചിരുന്നു. തിമൂറിന്റെ പുത്രനും പ്രഗല്‍ഭ ശാസ്ത്രജ്ഞ നുമായിരുന്ന ഉലൂഗ് ബേഗ് രാജകുമാരന്‍ സമര്‍ഖന്തില്‍ സ്ഥാപിച്ച ഒരു വലിയ വാനനിരീക്ഷണ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ 1908ല്‍ ചില റഷ്യന്‍ ഗവേഷകര്‍ കണ്ടെടുക്കുകയുണ്ടാ യി. 1577ല്‍ തഖിയുദ്ദീനുബ്‌നു മഅ്‌റൂഫ് ഇസ്താംബൂളില്‍ സ്ഥാപിച്ച പടൂകൂറ്റന്‍ ഒബ്‌സര്‍വേറ്ററി മുസ്‌ലിം ജ്യോതിശാസ്ത്രത്തിന്റെ ഇന്നലെകളിലെ നിറമുള്ള ഒരേടായി ഇന്നും നിലനില്‍ക്കുന്നു.

ജ്യോതിശാസ്ത്ര ഉപകരണങ്ങള്‍

ശാസ്ത്രലോകത്ത് മേല്‍വിലാസമുള്ള പഠനോപകരണങ്ങള്‍ മുഴുവന്‍ കണ്ടുപിടിച്ചത് പാശ്ചാത്യരാണെന്ന ധാരണയാണ് സമൂഹത്തിലെ മഹാഭൂരിപക്ഷം ആളുകളും വെച്ചു പുലര്‍ത്തുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ ക്രിസ്ത്യാനികള്‍ക്ക് ഈവക കാര്യങ്ങളിലൊന്നും വലിയ പിടിപാടില്ലാതിരുന്ന മധ്യകാലഘട്ടത്തില്‍ തന്നെ മുസ്‌ലിം ശാസ്ത്രജ്ഞന്‍മാര്‍ ഇത്തരത്തിലുള്ള പല ഉപകരണങ്ങളും നിര്‍മിച്ചിരുന്നു എന്നതാണ് വസ്തുത. മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ഉപയോഗിച്ചിരുന്ന ഏതാനും ജ്യോതിശാസ്ത്ര ഉപകരണങ്ങളെ സംബന്ധിച്ച സാമാന്യവിവരങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

അസ്‌ട്രോലാബ്

സൂര്യന്റെയും ഇതര നക്ഷത്രങ്ങളുടെയും ഉയരവും സ്ഥാനവും ഭൂമിയില്‍ വെച്ച് ശേഖരിക്കാവുന്ന വിവരങ്ങളുടെയടിസ്ഥാനത്തില്‍ നിര്‍ണയിക്കാനുപയോഗിച്ചിരുന്ന ഉപകരണമാണ് അസ്‌ട്രോലാബ്. ഖിബ്‌ലയുടെ ദിശ മനസ്സിലാക്കാനും നമസ്‌കാരസമയം തിട്ടപ്പെടു ത്താനും അസ് ട്രോലാബുകള്‍ സഹായകമായിരുന്നു. പ്രാചീന അസ്‌ട്രോലാബുകള്‍ ഗുണപരമായ പല പരിഷ്‌കരണങ്ങളും വരുത്തി പത്താം നൂറ്റാണ്ട് മുതല്‍ മുസ്‌ലിം ശാസ് ത്രജ്ഞന്‍മാര്‍ ഉപയോഗിച്ച് തുടങ്ങി. ജാബിറുബ്‌നുസിനാന്‍ ഗോളാകൃതിയില്‍ നിര്‍മിച്ച അസ്‌ട്രോലാബ് പ്രശസ്തമാണ്. 1.4 മീറ്റര്‍ വ്യാസമുള്ള ഒരു അസ്‌ട്രോലാബ് ഉപയോഗിച്ച് സൂര്യന്റെ പതിനായിരത്തോ ളം സ്ഥാനങ്ങള്‍ ഇബ്‌നുയൂനുസ് നിരീക്ഷിച്ചു.

പത്താം നൂറ്റാണ്ടില്‍ തന്നെ മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ യന്ത്രവല്‍കൃത അസ് ട്രോലാബുകള്‍ കണ്ടുപിടിച്ചു. അബൂറൈഹാനില്‍ബിറൂനി 996ല്‍ നിര്‍മിച്ച യന്ത്രവല്‍കൃത അസ്‌ട്രോലാബിന് എട്ട് ഗിയര്‍ ചക്രങ്ങളുണ്ടായിരുന്നു. മുസ്‌ലിം നാവികര്‍ പ്രത്യേക അനുകൂലനങ്ങളോട് കൂടിയ അസ്‌ട്രോലാബുകള്‍ വ്യാപകമായി ഉപയോഗിച്ച് പോന്നു.

പ്രമുഖ ഗോളശാസ്ത്രജ്ഞനായിരുന്ന അസ്സര്‍ഖാലി നിര്‍മിച്ച അസ്‌ട്രോലാബാണ് ‘സഫീഹ’. സഫീഹയെ പുരസ്‌കരിച്ച് നിരവധി ഗ്രന്ഥങ്ങള്‍ പില്‍കാലത്ത് പുറത്തിറങ്ങി. ഉപകരണത്തിന്റെ ഔട്ട്പുട്ട് നിരീക്ഷകന്റെ അക്ഷാംശത്തെ ആശ്രയിക്കുന്നില്ല എന്നതായിരുന്നു ‘സഫീഹ’യുടെ സവിശേഷത. സൗരകേന്ദ്രഗ്രഹ സമുച്ചയ മാതൃക (helio cerric planatery model)ക്കനുഗുണമായ ഒരു അസ്‌ട്രോലാബ് സിജ്‌സി എന്ന അറബ് ശാസ്ത്രജ്ഞന്‍ നിര്‍മിച്ചിരുന്നു. സുറാഖി എന്നായിരുന്നു അതിന്റെ പേര്.

ഘടികാരങ്ങള്‍

ശാസ്ത്രീയ ഗവേഷണങ്ങളില്‍ സമയമളക്കാനുപയോഗിക്കുന്ന കാലമാപിനികളുടെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ല. ജ്യോതിശാസ്ത്ര പഠനങ്ങള്‍ക്കാവശ്യമായ പ്രത്യേകതരം ക്ലോക്കുകള്‍ മുസ്‌ലിം ശാസ്ത്രജ്ഞന്‍മാര്‍ ധാരാളമായി നിര്‍മിച്ചിരുന്നു. അബൂജഅ്ഫറുല്‍ ഗാസിനി വിവിധ തരം കാലമാപന യന്ത്രങ്ങളെ വിശദീകരിച്ചുകൊണ്ട് ‘കിതാബ് മീസാനുല്‍ ഹിക്മ’ എന്ന ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. നക്ഷത്രക്ലോക്കുകളെ ഉപജീവിച്ച് രിദ്‌വാന്‍ എഴുതിയ ഉപന്യാസങ്ങളും പ്രസിദ്ധമാണ്. സാഅത്ത്, ബങ്കം, സുന്തൂഖുസ്സാഅത്ത്, മുവഖ്ഖിത്ത, സുര്‍റാഅത്തുല്‍ മാഅ്, റുഖാമ, സാഅത്തു ശ്ശിഫാഇ എന്നിങ്ങനെ ഏഴ് തരം ഘടികാരങ്ങള്‍ മധ്യകാല മുസ് ലിം ലോകത്ത് പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ജലശക്തിയുപയോഗിച്ച് പ്രവര്‍ത്തിക്കു ന്ന അസ്‌ട്രോണമിക്കല്‍ ക്ലോക്കുകള്‍ നിര്‍ മിച്ച അറബ് ശാസ്ത്രജ്ഞനാണ് അല്‍ ജ സാരി. സൂര്യന്റെയും ചന്ദ്രന്റെയും താരഗണങ്ങളുടെയും ചലിക്കുന്ന മാതൃകകള്‍ ഈ ഘടികാരത്തിലുണ്ടായിരുന്നു. രാശിചക്രവും സൗര-ചാന്ദ്ര ഭ്രമണപഥങ്ങളും ദൃശ്യവല്‍ക്കരിച്ചിരുന്ന ജസാരിയുടെ ക്ലോ ക്കുകളില്‍ കൃത്യമായ ഇടവേളകളില്‍ ചലിക്കുന്ന സൂചികളുണ്ടായിരുന്നു! പതിനാറാം നൂറ്റാണ്ടില്‍ തഖിയുദ്ദീന്‍ മണിക്കൂറും മിനുട്ടും സെക്കന്റും കൃത്യമായി രേഖപ്പെടുത്തുന്ന ഘടികാരം നിര്‍മിച്ചു. ജ്യോതിശാസ്ത്ര പഠനങ്ങള്‍ക്കുപയോഗിക്കാന്‍ മാത്രമുള്ള കൃത്യത തഖിയുദ്ദീന്റെ ക്ലോക്കുകള്‍ക്കുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

വാനഗോളം

ജ്യോതിശാസ്ത്ര പഠനങ്ങള്‍ക്കായി വിവിധതരം ഗ്ലോബുകള്‍ അറബികള്‍ നിര്‍മിച്ചിരുന്നു. ഗോള ശാസ്ത്രഗവേഷണങ്ങള്‍ക്കായി അവര്‍ നിര്‍മിച്ച നിരവധി ബാഹ്യവളയങ്ങളോട് കൂടിയ ഒരു ഗോളത്തെ (Armillary sphere)ക്കുറിച്ച് മധ്യകാല ശാസ്ത്രഗ്രന്ഥങ്ങളില്‍ കാണാം.

നക്ഷത്രസ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയ വാനഗോളം (Celestial sphere) നിര്‍മിക്കുന്നതിലും അറബികള്‍ പ്രാവീണ്യം നേടിയിരുന്നു. പതിനൊന്നാം നൂറ്റാണ്ട് മുതല്‍ അറബികള്‍ ഉപയോഗിച്ചുവന്നിരുന്ന വാനഗോളങ്ങളില്‍ നൂറില്‍പരം എണ്ണം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

ഡ്രസ്ഡനിലെ ഗണിതശാലയിലും നേപ്പിള്‍സിലെ കാഴ്ചബംഗ്ലാവിലും ഫ്‌ളോറന്‍സ് സര്‍വകലാശയിലും ലണ്ടനിലെ റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയിലുമൊക്കെ ഇത്തരം മധ്യകാലശേഷിപ്പുകള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാവുന്ന ആദ്യത്തെ വാനഗോളം നിര്‍മിച്ചത് പ്രമുഖ മുസ്‌ലിം ശാസ്ത്രജ്ഞനായ ജാബിര്‍ബിന്‍ അബ്ദുല്ലയായിരുന്നു.

ക്വാഡ്രന്റും സെക്റ്റന്റും

നക്ഷത്രങ്ങളുടെ ഉയരം കണക്കാക്കാ നും ദിക്കറിയാനും മറ്റുമായി അറബ് ശാസ് ത്രജ്ഞരും നാവികരും നിര്‍മിച്ച ഒരുതരം വടക്കുനോക്കിയന്ത്രത്തെയാണ് പാശ്ചാത്യര്‍ Quadrant (ക്വാഡ്രന്റ്/വൃത്തപാദം) എന്ന് വിളിക്കുന്നത്. ക്വാഡ്രന്റ് കണ്ടുപിടിച്ചത് മുഹമ്മദ്ബ്‌നു മൂസല്‍ ഖവാറസ്മിയാണ്. ഒമ്പതാം നൂറ്റാണ്ടില്‍ ജ്യോതിശാസ്ത്രഗണനങ്ങള്‍ക്കായുള്ള സൈന്‍ ക്വാഡ്രന്റ് (sine quadrant), നമസ്‌കാരസമയം നിര്‍ണയിക്കാനുള്ള horary Quadrant (മണിക്കൂര്‍ വൃത്തപാദം എന്ന് സാമാന്യ മലയാളം) തുടങ്ങിയ വിവിധതരം യന്ത്രങ്ങള്‍ ഖവാറസ്മി വികസിപ്പിച്ചെടുത്തു. ബാഗ്ദാദ് ക്വാഡ്രന്റ് നിര്‍മാണത്തിന്റെ കേന്ദ്രമായിട്ടാണ് ആ കാലഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത് തന്നെ.

ജ്യോതിശാസ്ത്രജ്ഞരും നാവികരും ഒരു പ്രദേശത്തിന്റെ അക്ഷാംശവും മറ്റും നിര്‍ണയിക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണമാണ് സെക്സ്റ്റന്റ്. ഒരു ദൂര്‍ദര്‍ശിനിയും ഒരു അര്‍ധവൃത്തവും ഒരു സൂചിയും ഒരു മുഖക്കണ്ണാടിയുമടങ്ങിയ സെക്സ്റ്റന്റ് ആണ് ആധുനികര്‍ക്ക് അല്‍പമെങ്കിലും പരിചയമുള്ളത്. എന്നാല്‍ സെക്സ്റ്റന്റ് ആദ്യമായി നിര്‍മിച്ചത് പേര്‍ഷ്യയിലെ അബൂമൂഹമ്മദ് എന്ന ശാസ്ത്രജ്ഞനാണ്. പത്താം നൂറ്റാണ്ടിലാണ് അദ്ദേഹം സെക്സ്റ്റന്റ് കണ്ടുപിടിച്ചത്. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖന്തില്‍ വെച്ച് ഉലൂഗ് ബേഗ് നിര്‍മിച്ച ഫക്‌രി സെക്സ്റ്റന്റിന് മുപ്പത്തിയാറ് മീറ്റര്‍ വ്യാസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹായികള്‍ക്ക് കയറിവരാനായി ഭീമാകാരനായ ഈ സെക്സ്റ്റന്റിന്റെ ഇരുവശങ്ങളിലും പ്രത്യേക കോണിപ്പടികള്‍ ഉണ്ടായിരുന്നു.

ടെലിസ്‌കോപ്പിന്റെ പൂര്‍വികനായ നിരീക്ഷണക്കുഴല്‍ (Observation tube), സൂര്യഘടികാരങ്ങള്‍, കാന്തിക വടക്കുനോക്കി യന്ത്രങ്ങള്‍, അനലോഗ് കംപ്യൂട്ടറുകള്‍ തുടങ്ങിയവയും മുസ്‌ലിം ജ്യോതിശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരുന്നു.

ശാസ്ത്രവും മധ്യകാല യൂറോപ്പും

ആധുനികയുഗത്തില്‍ ശാസ്ത്രത്തി ന്റെ പ്രാണേതാക്കളും പ്രയോക്താക്കളുമായി ഭാവിക്കുന്ന പടിഞ്ഞാറന്‍ ക്രൈസ്തവര്‍ മധ്യകാലഘട്ടത്തില്‍ ശാസ്ത്രപുരോഗതി സമ്പൂര്‍ണമായും ചരമമടഞ്ഞുപോയ ഇരുണ്ടയുഗം അനുഭവിച്ചു തീര്‍ത്തവരാണ്. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ പോലും ഇന്‍ക്വസിഷന്‍ കോടതികള്‍ കിരാത നൃത്തമാടിയ യൂറോപ്പിന് ആധുനിക കാലഘട്ടത്തിലേക്കുള്ള പ്രയാണം സാധ്യമായത് അറബികളിലൂടെയാണ് എന്ന വസ്തുത അനിഷേധ്യമാകുന്നു. അറബ് മുസ്‌ലിം ശാസ്ത്രജ്ഞന്മാരില്‍ നിന്നാ ണ് നവോഥാന ഘട്ടത്തിലെ യൂറോപ്യര്‍ ശാസ്ത്രജ്ഞന്മാര്‍ വിവരശേഖരണം നടത്തിയത്.

പൗരാണിക ജ്യോതിശാസ്ത്രജ്ഞരില്‍ പ്രമുഖനായിരുന്ന ടോളമിയുടെ അനുമാനങ്ങള്‍ അടിസ്ഥാനമാക്കിയാണ് പില്‍ ക്കാലത്ത് മധ്യകാല ജ്യോതിശാസ്ത്രം ആരംഭിച്ചത് എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ പാശ്ചാത്യര്‍ക്ക് ടോളമിയെ പഠിക്കുവാന്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ഉപലബ്ധങ്ങളായിരുന്നില്ല. അറബ് മുസ്‌ലിം ലോകം ഉപയോഗിച്ചു വന്ന അല്‍മജിസ്ത്വീ എന്ന ബൃഹത് ഗ്രന്ഥത്തില്‍ നിന്നാണ് യൂറോപ്പ് ടോളമിയെ വായിക്കുന്നത്. ഹസനുല്‍ മറാകശീ 1229ല്‍ രചിച്ച ‘ഗായത് ഫീ ഇല്‍മുല്‍ മീഖാത്ത്’ എന്ന അറബി ഗ്രന്ഥം യൂറോപ്യന്‍ ഭാഷകളിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടു. അങ്ങനെയാണ് പടിഞ്ഞാറ് ‘ഇരുട്ട്’ പോയി ‘വെളിച്ചം’ വന്നത്.

പ്രമുഖരായ പാശ്ചാത്യ ശാസ്ത്രപ്രതിഭകള്‍ മുഴുവന്‍ മുസ്‌ലിം രചനകളാല്‍ സ്വാധീനിക്കപ്പെട്ടവരാണ് എന്ന വസ്തുത നിഷ്പക്ഷമായൊരു വിശകലനം വഴി ബോധ്യമാകാതിരിക്കില്ല. കോപ്പര്‍നിക്കസ് അദ്ദേഹത്തിന്റ ഗവേഷണ പഠനങ്ങള്‍ക്ക് മുഖ്യമായും ആശ്രയിച്ചത് അല്‍ബത്താനിയുടെ ഗ്രന്ഥങ്ങളെയാണ്. ഗലീലിയോ, ടൈക്കോബ്രാഹി, കെപ്‌ളര്‍ എന്നിവരും അല്‍ബത്താനിയാല്‍ സ്വാധീനിക്കപ്പെട്ടു. (Dictionary of scientfic biography, vol-1, 507516). അല്‍ബത്താനി മാത്രമല്ല; ജാബിറുല്‍ബ്‌നു അഫ്‌ലാഹിയും അസ്സര്‍ ഖാലിയുമൊക്കെ കോപ്പര്‍നിക്കസിനെ ‘സഹായിച്ചവര്‍’ തന്നെയാണ്. കെപ്‌ളറും സൈമണ്‍ ന്യൂകോമ്പും ഇബ്‌നുയൂനുസിന്റെ രചനകളെ അവലംബിച്ചു. ഇബ്‌നു ഹൈതം ആകട്ടെ, റോജര്‍ ബേക്കണില്‍ നിന്നാരംഭിക്കുന്ന മുഴുവന്‍ പാശ്ചാത്യ ശാസ്ത്ര ദാര്‍ശനികര്‍ക്കും ഒരു നിലക്കും വിസ്മരി ക്കാന്‍ കഴിയാത്ത വഴികാട്ടിയാണ്.

കുരിശുദ്ധ മനസ്ഥിതിക്ക് പൂര്‍ണമാ യും അടിമപ്പെട്ടിട്ടല്ല പല പാശ്ചാത്യന്‍ ചരിത്രകാരന്മാരും യൂറോപ്പിന് വെളിച്ചം കാട്ടിയത് മുസ്‌ലിംക ളായിരുന്നുവെന്ന വസ്തുത സംശയലേശമന്യെ വ്യക്തമാക്കിയിട്ടുള്ളത്. റോബര്‍ട്ട് ബ്രിഫാര്‍ട്ട് എഴുതി: ‘അറബികളുടെ സംഭാവന ഉണ്ടായിരുന്നില്ലെങ്കില്‍ ആധുനിക യൂറോപ്യന്‍ സംസ്‌കാരം ഉടലെടുക്കുമായിരുന്നില്ല’ (Robert Briffa ult, Natural Science and scientific Spirit).

ജോനാഥന്‍ ഗ്രപ്പര്‍ പറഞ്ഞതിങ്ങനെയാണ്: ‘മാനവരാശിയുടെ മഹത്തായ ചരിത്രം ചുരുള്‍ നിവര്‍ത്തപ്പെടുമ്പോള്‍ ഇസ്‌ലാമിക സംസ്‌കാരം മാനവരാശിയുടെ മഹത്തായ നേട്ടങ്ങളില്‍ ഒന്നാണെന്ന് ബോധ്യമാകും. ലിയാനാര്‍ഡോ ഡാവിഞ്ചിക്ക് 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുസ്‌ലിം ബുദ്ധിജീവികളാണ് നവോത്ഥാനത്തിന്റെ വിത്തുപാകിയത്. രോഗികളെ സുഖപ്പെടുത്താന്‍ നാം സ്വീകരിക്കുന്ന രീതി മുതല്‍ എണ്ണാന്‍ നാം ഉപയോഗിക്കുന്ന അക്കങ്ങള്‍ വരെ, ഭൂഗോളത്തിന് ചുറ്റുമുള്ള സംസ്‌കൃതികള്‍ക്കെല്ലാം രൂപം നല്‍കിയത് ഇസ്‌ലാമിക സംസ്‌കാരമാണ്’ (Islam: Empire of Faith, A documentary by gardner Films).

ജോര്‍ജ് റാഫേലിന്റെ വാക്കുകള്‍ നോക്കുക: ‘ആള്‍ജിബ്ര മുതല്‍ കാപ്പിയും ഗിത്താറും പ്രകാശശാസ്ത്രവും സര്‍വകലാശാലകളും വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും പാശ്ചാത്യര്‍ ചന്ദ്രക്കലയുടെ ലോകത്തെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഒരു സഹസ്രാബ്ദത്തിന് മുമ്പ് പടിഞ്ഞാറ് ഇരുളില്‍ മുങ്ങിക്കിടന്നപ്പോള്‍ ഇസ്‌ലാം ഒരു സുവര്‍ണകാലം ആസ്വദിക്കുകയായിരുന്നു. ലണ്ടന്‍ കാടത്തത്തിന്റെ ഗര്‍ത്ത ത്തിലായിരുന്നപ്പോള്‍ കൊര്‍ദോവയുടെ തെരുവുകള്‍ പ്രകാശമാനമായി രുന്നു. യോര്‍ക്ക് മുതല്‍ വിയന്ന വരെയുള്ള സ്ഥലങ്ങളില്‍ മതത്തിന്റെ പേരിലുള്ള കൂട്ടക്കൊലകള്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ തോലഡോ മതസൗഹാര്‍ദത്തിന്റെ പ്രതീകമായി നിലകൊണ്ടു. നമ്മുടെ ശ്രേഷ്ഠ പാരമ്പര്യത്തിന്റെ സംരക്ഷകര്‍ എന്ന നിലക്ക് അറബികളായിരുന്നു നമ്മുടെ നവോഥാനത്തിന്റെ സൂതകര്‍മിണികള്‍. എത്രതന്നെ വൈദേശികമാണെന്ന് തോന്നിച്ചാലും, ഓരോ കപ്പ് ആവി പറക്കുന്ന ചുടുപാനീയത്തില്‍ മുതല്‍ കംപ്യൂട്ടര്‍ പ്രോഗാമുകളുടെ അല്‍ഗരിതത്തില്‍ വരെയുള്ള സകല രംഗങ്ങളിലും അവരുടെ സ്വാധീനം നമ്മോടൊപ്പമുണ്ടായിരുന്നു’ (George Rafael, A is for Arabs).

റഫറന്‍സ്:
1. Wikepedia, the free encyclopedia: Islamic Astronomy
2. വിസ്തൃത ഗോളശാസ്ത്രം അഥവാ ഇല്‍മുല്‍ ഹൈഅത്ത്: വി.വി. അബ്ദുല്ല.
3. ശാസ്ത്രത്തിന് മുസ്‌ലിംകളുടെ സംഭാവനകള്‍: കെ. സെയ്ദാലി.
4. അഖില വിജ്ഞാന കോശം: ഡിസി
ബി, കോട്ടയം.
5. അഗ്നിച്ചിറകുകള്‍: എ.പി.ജെ. അബ്
ദുല്‍കലാം.
6. ജ്യോതിഷവും ജ്യോതിശാസ്ത്രവും: പ്രൊഫ. കെ. പാപ്പുട്ടി.
7. www. salon.com/books/feature/2002/01/08/alphabet.
8. Medieval India Romila Thapar.

print

1 Comment

  • മുസ്‌ലിം ലോകത്തിന് ഖുർആൻ നൽകിയ വൈഞ്ജാനിക പിന്തുണയിൽ നിന്ന് ആർജിച്ച വിപ്ലവകരമായ മുന്നേറ്റങ്ങൾ.

    Abdul Raoof 20.11.2021

Leave a comment

Your email address will not be published.