ജെൻഡർ ന്യൂട്രൽ യൂണിഫോം: വിവാദം എന്തുകൊണ്ട് ?

//ജെൻഡർ ന്യൂട്രൽ യൂണിഫോം: വിവാദം എന്തുകൊണ്ട് ?
//ജെൻഡർ ന്യൂട്രൽ യൂണിഫോം: വിവാദം എന്തുകൊണ്ട് ?
ആനുകാലികം

ജെൻഡർ ന്യൂട്രൽ യൂണിഫോം: വിവാദം എന്തുകൊണ്ട് ?

ജെൻഡർ ന്യൂട്രൽ യൂണിഫോം: നന്മയും തിന്മയും -1

“We are in the works of creating a new Kerala — one defined by equity and sensitivity. To achieve this, our students should first be given access to education in a free environment, unhindered by the burden of society’s heteronormative expectations.”

ഉന്നതവിദ്യാഭ്യസ- സാമൂഹ്യനീതി വകുപ്പുകളുടെ മന്ത്രിയായ ഡോ: ആർ ബിന്ദുവിന്റെ വരികളാണിത്. ബാലുശ്ശേരി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ വസ്ത്രം നടപ്പാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നിർവ്വഹിച്ച അതേ ദിവസം, 2021 ഡിസംബർ 15 വൈകുന്നേരം 4: 25 ന് ട്വിറ്ററിൽ കുറിച്ച വരികൾ. ആൺ- പെൺ ഭേദമില്ലാത്ത യൂണിഫോം അടിച്ചേൽപ്പിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുന്നുണ്ട് ഈ ട്വീറ്റ്. ആ ഉത്തരത്തോടാണ്, അല്ലാതെ ഏതെങ്കിലും വസ്ത്രങ്ങളോടല്ല, ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ വിമർശിക്കുന്നവരുടെ എതിർപ്പ് എന്ന ആമുഖത്തോടെ ചില കാര്യങ്ങൾ കുറിക്കുകയാണ്.

ട്വീറ്റ് നൽകുന്ന സന്ദേശം

മന്ത്രിയുടെ ട്വീറ്റിനെ ഇങ്ങനെ പരിഭാഷപ്പെടുത്താം: “സമത്വവും സംവേദനക്ഷമതയും കൊണ്ട് നിർവ്വചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഞങ്ങൾ. ഇത് നേടുന്നതിന്, ആദ്യമായി സമൂഹത്തിന്റെ എതിർ വർഗ ലൈംഗിക സ്വാഭാവികതാ പൊതുബോധത്തിന്റെ (heteronormative) പ്രതീക്ഷകളുടെ ഭാരത്താൽ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശന മാർഗം തുറന്നു കൊടുക്കണം”

ജെൻഡർ ന്യൂട്രൽ യൂണിഫോം എന്തിനാണ്? സ്ത്രീ-പുരുഷസമത്വത്തിനാണ് എന്ന ഉത്തരമാണ് ചർച്ചകളിലും മറ്റും പൊതുവായി നൽകപ്പെടുന്നത്. ആൺ- പെൺ ഭേദമില്ലാത്ത യൂണിഫോം അടിച്ചേൽപ്പിക്കുന്നതിന് എതിരു നിൽക്കുന്നവരെല്ലാം സ്ത്രീ-പുരുഷസമത്വത്തെ വെറുക്കുന്നവരാണെന്നും മുദ്രയടിക്കപ്പെടുന്നു. സത്യം ഇതൊന്നുമല്ല. എന്താണ് സത്യമെന്ന് മന്ത്രിയുടെ വാക്കുകളിലുണ്ട്. അവരുടെ ട്വീറ്റിലുള്ള രണ്ടേ രണ്ട് വാചകങ്ങൾക്കിടയിൽ ആ സത്യം സമർത്ഥമായി പറഞ്ഞുപോയിട്ടുണ്ട്. ആ സത്യമെന്താണ്?

സമത്വവും സംവേദനക്ഷമതയും കൊണ്ട് നിർവ്വചിക്കപ്പെട്ട ഒരു പുതിയ കേരളം സൃഷ്ടിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ. അത്തരമൊരു കേരളസൃഷ്ടിക്ക് സമൂഹത്തിന്റെ എതിർ വർഗ ലൈംഗിക സ്വാഭാവികതാ പൊതുബോധത്തിന്റെ (heteronormative) പ്രതീക്ഷകളുടെ ഭാരത്താൽ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയണം. ഈ പൊതുബോധത്തിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുന്നതിനായാണ് ആൺ- പെൺ ഭേദമില്ലാത്ത യൂണിഫോം അടിച്ചേൽപ്പിക്കുന്നത്. സ്ത്രീ-പുരുഷസമത്വമുണ്ടാക്കുകയല്ല, എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികവുമാണെന്ന നമ്മുടെ പൊതുബോധത്തെ തകർക്കുകയുമാണ് ഈ അടിച്ചേൽപ്പിക്കലിന്റെ ലക്ഷ്യം.

ഈ തകർക്കൽ അപകടകരമാണ് എന്ന് കരുതുന്നവരാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ വിമർശിക്കുന്നത്. യൂണിഫോമിനോട് ഉയരുന്ന എതിർപ്പ് ഏതെങ്കിലും ഒരു വസ്ത്രത്തോടുള്ള എതിർപ്പല്ല; പെണ്ണ് പാന്റുടുക്കുന്നതും പുരുഷൻ പാവാടയിടുന്നതും ഉൾക്കൊള്ളാൻ സമൂഹത്തിൽ ചിലർക്ക് കഴിയാത്തതാണ് ആൺ- പെൺ ഭേദമില്ലാത്ത യൂണിഫോം അടിച്ചേൽപ്പിക്കുന്നതിനോട് പുറം തിരിഞ്ഞു നിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നത് എന്ന വിലയിരുത്തൽ വിഷയത്തിന്റെ മർമ്മം കാണാതെയുള്ളതാണ്. ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യത്തെ ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല; അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഒരാളുടെ ഇഷ്ടം തീരുമാനിക്കുന്നത് അയാളുടെ ധാർമ്മികതയോ സംസ്കാരമോ മതമോ സ്വാതന്ത്ര്യമോ കാഴ്ചപ്പാടുകളോ എന്തുമാകാം; അയാളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതിരിക്കുകയെന്നതാണ് ജനാധിപത്യം. ആ സ്വാതന്ത്ര്യത്തിൽ ഇടപെടുകയാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാനുള്ള തീരുമാനം എന്നതിനാലാണ് അത് എതിർക്കപ്പെടുന്നതിന്റെ ഒന്നാമത്തെ കാരണം.

ആൺ-പെൺ വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കുഞ്ഞുങ്ങളെ വളർത്തിയാൽ എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്നും അതല്ലാത്ത ലൈംഗികതകളെല്ലാം അസ്വാഭാവികവുമാണെന്ന നമ്മുടെ പൊതുബോധത്തെ തകർക്കുവാൻ കഴിയുമെന്ന് കരുതുന്നവരാണ് ഈ യൂണിഫോം അടിച്ചേൽപ്പിക്കലിന് പിന്നിലുള്ളതെന്ന് മന്ത്രിയുടെ ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നുണ്ട്. എൽ. ജി. ബി. ടി ആക്ടിവിസം എന്നും ജെൻഡർ പൊളിറ്റിക്സ് എന്നുമെല്ലാം വിളിക്കപ്പെടുന്നതും അന്താരാഷ്‌ട്ര തലത്തിൽ ലോബിബിയിങ്ങ് നടത്തി നിലനിൽക്കുന്നതുമായ ഈ ആശയധാരക്ക് പിന്നിലുള്ള ബുദ്ധിജീവികളുടെ ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ആശയമാണിത്. യാതൊരു വിധ ശാസ്ത്രീയമായ പഠനങ്ങളും നടക്കാത്ത- നടത്താൻ സമ്മതിക്കാത്ത ആശയം.

എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുധാരണയെ തകർക്കണം എന്ന ലക്ഷ്യമുണ്ട്; ആ ലക്ഷ്യത്തിലേക്ക് ലോകത്തെ കൊണ്ടുപോകണം എന്ന ആശയവുമുണ്ട്; അതിന്ന് ആൺ-പെൺ വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വസ്ത്രം അടിച്ചേൽപ്പിക്കണമെന്ന ചിന്തയുമുണ്ട്. ഈ ലക്ഷ്യമോ ആശയമോ ചിന്തയോ ശാസ്ത്രീയമാണോ? അവയാണ് ശരിയെന്ന് വല്ല പഠനങ്ങളും തെളിയിച്ചിട്ടുണ്ടോ? വസ്തുനിഷ്ഠമായ വല്ല സ്ഥിതിവിവരക്കണക്കുകളും അവയെ സ്ഥാപിക്കുന്നുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. പക്ഷെ അങ്ങനെ ഉത്തരം പറയാൻ പോലും സമ്മതിക്കാത്ത, പറഞ്ഞാൽ ട്രാൻസ്‌ഫോബിക് എന്ന് മുദ്ര കുത്തി നിയമനടപടികൾക്ക് വിധേയമാക്കാൻ വരെ ധൃഷ്ടമാകും വിധം ശക്തമാണ് ഇന്ന് ജെൻഡർ പൊളിറ്റിക്സ്. അത് കേരളത്തിന്റെ അധികാരഘടനയിലും സ്വാധീനമുറപ്പിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനമാണ് യഥാർത്ഥത്തിൽ 2021 ഡിസംബർ 15ന് സാമൂഹ്യനീതി വകുപ്പു മന്ത്രി നടത്തിയിരിക്കുന്നത്. അധാർമ്മികതകളുടെ കൂത്തരങ്ങാക്കാൻ കേരളത്തെ ഒരുക്കിക്കൊടുക്കുന്നതാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബന്ധിക്കുന്ന നടപടിയെന്ന് മനസ്സിലാക്കുന്നത് കൊണ്ടാണ് അതിന്നെതിരെ ശബ്ദിക്കുന്നത്. സ്വാതന്ത്രലൈംഗികതയുടെ ദ്രംഷ്ടങ്ങങ്ങളാൽ ലോകരാഷ്ട്രങ്ങളെ ഞെരിച്ചുകൊണ്ടിരിക്കുന്ന ജെൻഡർ പൊളിറ്റിക്സ് കേരളത്തിന്റെ ധാർമ്മികതയെയും തകർക്കുമെന്ന് അത് സംഹാരമാടിക്കൊണ്ടിരിക്കുന്ന നാടുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും മനസ്സിലാകുന്നുവെന്നതിന്നതിനാലുള്ളതാണ് ഈ എതിർപ്പ്. ജെൻഡർ പൊളിറ്റിക്സ് ചെയ്യുന്നതെല്ലാം മാനവികമാണെന്ന് വരുത്താനായി അവർ ഉപയോഗിക്കുന്ന സിദ്ധാന്തങ്ങളാണ് ജെൻഡർ തിയറിയും (gender theory) ക്വിയർ തിയറിയും (queer theory). ഇവയെന്താണെന്ന് അറിയുമ്പോഴാണ് ജെൻഡർ പൊളിറ്റിക്സിനെയും അതിന്റെ അജണ്ടയായ ജെൻഡർ ന്യൂട്രാലിറ്റിയെയും കുറിച്ച് ശരിക്കും മനസ്സിലാവുക.

എന്താണ് ജെൻഡർ തിയറി?

പുരുഷൻ, സ്ത്രീ എന്നീ സ്വത്വങ്ങൾ കേവലം ലൈംഗികാവയവങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടേണ്ടതല്ലെന്നും ഓരോരുത്തർക്കും തങ്ങൾ എന്തായാണോ തോന്നുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ലിംഗസ്വത്വം നിർണ്ണയിക്കേണ്ടത് എന്നും പ്രഖ്യാപിക്കുന്ന സിദ്ധാന്തമാണ് ജെൻഡർ തിയറി. ജീവശാസ്ത്രത്തിന്റെയോ, മനുഷ്യശരീരശാസ്ത്രത്തിന്റെയോ, നാഡീശാസ്ത്രത്തിന്റെയോ, അന്തഃസ്രാവശാസ്ത്രത്തിന്റെയോ മനഃശാസ്ത്രത്തിന്റെയോ യാതൊരുവിധ പിൻബലവുമില്ലാതെ, ചിലരുടെ വൈയക്തികമായ ചില തോന്നലുകളുടെ മാത്രം അടിസ്ഥാനത്തിൽ എത്തിച്ചേർന്നട്ടിട്ടുള്ള തികച്ചും ഊഹാധിഷ്ഠിതമായ ഒരു തീർപ്പാണെങ്കിലും എന്തുകൊണ്ടാണിത് ഒരു സിദ്ധാന്തമായി അറിയപ്പെടുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ജെൻഡർ പൊളിറ്റിക്സ് അത്രയ്ക്കും ശക്തമാണ് എന്നാണ്; അങ്ങനെ പറയാതിരുന്നാൽ നിങ്ങൾക്ക് ശാസ്ത്രം പറയാൻ അർഹതയില്ലെന്ന് എൽജിബിറ്റി ആക്ടിവിസ്റ്റുകൾ തീരുമാനിച്ചുകളയും എന്നതാണ്.

ജെൻഡർ തിയറിയെ ഇങ്ങനെ സംക്ഷേപിക്കാം: ലിംഗം(sex), ലിംഗത്വം(gender), ലൈംഗികത(sexuality) എന്നിവ മൂന്നും സ്വാതന്ത്രങ്ങളായ മൂന്ന് സ്വത്വങ്ങളാണ്. ലൈംഗികാവയങ്ങൾ ലിംഗത്തെ(sex) മാത്രമാണ് അടയാളപ്പെടുത്തുന്നത്; ബാഹ്യമായി ഏത് ലിംഗമുള്ളയാളാണെങ്കിലും ഒരാൾക്ക് ഏത് ലിംഗത്തിലുള്ളയാളായാണോ സ്വയം തോന്നുന്നത് അതാണ് അയാളുടെ ലിംഗത്വം (gender). ആന്തരികമായി ഏത് ലിംഗത്വത്തിലുള്ളതുൾപ്പെടുന്നയാളാണെങ്കിലും ആരോടാണോ അയാൾക്ക് ലൈംഗികാകർഷണം തോന്നുന്നത് അതാണ് അയാളുടെ ലൈംഗികത(sexuality). പുരുഷൻ, സ്ത്രീ, ഉഭയലിംഗി(intersex) എന്നിവയാണ് ജീവശാസ്ത്രപരമായി വേർ തിരിക്കാൻ കഴിയുന്ന ലിംഗങ്ങൾ. വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരാൾക്ക് തോന്നുന്നതെന്താണോ അതാണ് ലിംഗത്വം. ജീവശാസ്ത്രപരമായ ലിംഗവും ലൈംഗികതയും ഒന്ന് തന്നെയാണെങ്കിൽ അവരെ സമാനലിംഗത്വമുള്ളവർ (cisgender) എന്നും അല്ലെങ്കിൽ അവരെ അപരലിംഗത്വമുള്ളവർ(transgender) എന്നും വിളിക്കാം. ഇതാണ് അവരുടെ ലിംഗത്വം. ശരീരവും മനസ്സും ഒരേപോലെ പുരുഷനോ സ്ത്രീയോ ആയവരുടെ സ്വത്വം സിസ്ജെൻഡറും ശരീരം സ്ത്രീയുടേതും മനസ്സ് പുരുഷന്റേതുമോ തിരിച്ചോ ആണെങ്കിൽ അവരുടേത് ട്രാൻസ്ജെൻഡറുമായാണ് പരിഗണിക്കപ്പെടുക. ലിംഗത്വത്തിന്റെ വർണ്ണരാജിയിൽ (gender spectrum) ഒരു തലയിൽ ആണത്വമുള്ളവരും മറു തലയിൽ പെണ്ണത്വമുള്ളവരുമാണെങ്കിൽ അവയ്ക്കിടയിൽ നടുവിലായാണ് അപരലിംഗത്വമുള്ളവരുടെ സ്ഥാനം. ഇവയ്ക്കിടയിൽ വ്യത്യസ്ത അനുപാതത്തിലായി വ്യത്യസ്‌ത ലിംഗത്വമുള്ളവരുണ്ടാകും.

ലിംഗത്വത്തിന്റെ അടിസ്ഥാനം കേവലം തോന്നലുകൾ മാത്രമാണ്. ശരീരാവയവങ്ങളും മസ്തിഷ്കപ്രവർത്തനങ്ങളും അന്തസ്രാവവ്യവസ്ഥയുമെല്ലാം സ്ത്രീയുടേതാണെങ്കിലും ഒരാൾക്ക് താൻ പുരുഷനാണ് എന്ന് തോന്നുന്നുവെങ്കിൽ അയാൾക്ക് പുരുഷനെ പോലെ ജീവിക്കുവാൻ അവകാശമുണ്ട് എന്നാണ് ജെൻഡർ തിയറി പഠിപ്പിക്കുന്നത്. തോന്നുന്നതിനനുസരിച്ച് തങ്ങളുടെ സ്വത്വം തെരഞ്ഞെടുക്കാൻ കഴിയുമ്പോഴാണ് ഒരാൾക്ക് ലിംഗത്വസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടുവെന്ന് പറയാനാകൂ. അങ്ങനെ കഴിയണമെങ്കിൽ അവരെ ചെറുപ്പം മുതൽ ആണോ പെണ്ണോ എന്ന് വ്യതിരിക്തമായി മനസ്സിലാക്കാൻ കഴിയാത്ത രൂപത്തിൽ വളർത്തണം. സ്വന്തം സ്വത്വം അനുഭവങ്ങളിൽ നിന്ന് മാത്രമാണ് ഒരാൾ തിരിച്ചറിയുന്നത്. പ്രായപൂർത്തിയെത്തിയ ശേഷം മാത്രമാണ് ഒരാൾക്ക് തന്റെ ലിംഗത്വം നിർണ്ണയിക്കാൻ കഴിയുക. അതിനാൽ അതുവരെയെങ്കിലും അവർ പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത രൂപത്തിൽ വളർത്തപ്പെടണം. പ്രായപൂർത്തിയെത്തിയ ശേഷം ഓരോരുത്തർക്കും തങ്ങൾ എന്താണെന്ന് തീരുമാനിക്കുവാനും അതിനനുസരിച്ച് ജീവിക്കുവാനും കഴിയണം. ഇങ്ങനെയെല്ലാം സിദ്ധാന്തിക്കുന്ന ജെൻഡർ തിയറി 1980 കളിലാണ് രൂപം കൊണ്ടതെങ്കിലും 1986ൽ അന്തരിച്ച പ്രസിദ്ധ ഫെമിനിസ്റ്റ് ദാർശനികയായ സിമോൺ ഡി ബൊവ്വയുടെ രചനകളിലാണ് അതിന്റെ വേരുകൾ സ്ഥിതി ചെയ്യുന്നത്. ‘ഒരാളും സ്ത്രീയായി ജനിക്കുന്നില്ല; അങ്ങനെ നിർമ്മിക്കപ്പെടുകയാണ്’ (One is not born, one is made a woman) എന്ന് ആദ്യമായി എഴുതിയത് അവരാണല്ലോ.

എന്താണ് ക്വിയർ തിയറി?

ജീവശാസ്ത്രപരമായ ലിംഗവും (biological sex) ലൈംഗികതയും (sexuality) തമ്മിൽ പ്രകൃതിപരമായ ബന്ധങ്ങളൊന്നുമില്ലെന്നും ഓരോരുത്തരുടെയും ലൈംഗികത തീരുമാനിക്കുന്നത് വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സമർത്ഥിക്കുന്ന, ജെൻഡർ പൊളിറ്റിക്സിന്റെ ഭാഗമായി 1990 കളിൽ നിലവിൽ വന്ന സിദ്ധാന്തമാണ് ക്വിയർ തിയറി. മഴവില്ലിലെ വർണ്ണരാജി പോലെ വ്യത്യസ്തമായ അഭിനിവേശങ്ങളുൾക്കൊള്ളുന്ന വലിയൊരു വർണ്ണരാജിയാണ് ലൈംഗികതയുടേതെന്നും ഓരോരുത്തരുടെയും ലൈംഗികതയെന്താണെന്ന് തീരുമാനിക്കപ്പെടുന്നത് ജീവശാസ്ത്രപരമായ ലിംഗം, ലിംഗത്വസ്വത്വം (gender identity), ലൈംഗികാവിഷ്കാരം (gender expression), ലൈംഗികാഭിനിവേശം (sexual orientation) എന്നീ നാല് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ക്വിയർ തിയറി പറയുന്നു. ജെൻഡർ തിയറി പ്രധാനമായും കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത തരം ലിംഗത്വങ്ങളെയാണെങ്കിൽ ക്വിയർ തിയറി കാര്യമായി സംസാരിക്കുന്നത് വ്യത്യസ്ത തരം ലൈംഗികാഭിനിവേശങ്ങളെകുറിച്ചാണ്.

മനുഷ്യശരീരശാസ്ത്രത്തിന്റെയോ, നാഡീശാസ്ത്രത്തിന്റെയോ, അന്തഃസ്രാവശാസ്ത്രത്തിന്റെയോ പിൻബലമൊന്നുമില്ലാത്ത ഊഹങ്ങളാൽ നിറയ്ക്കപ്പെട്ടവ തന്നെയാണ് ജെൻഡർ തിയറിയെപ്പോലെ ഈ സിദ്ധാന്തവും. എന്നാൽ ജീവജാലങ്ങളിൽ വ്യത്യസ്ത രീതിയിലുള്ള ലൈംഗീകാഭിനിവേശങ്ങളുണ്ടെന്നും അവയ്ക്കനുസൃതമായ ജീനുകളെ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടെന്നും വാദിച്ചുകൊണ്ട് ക്വിയർ തിയറി ശാസ്ത്രീയമാണെന്ന് സമർത്ഥിക്കാൻ ശ്രമിക്കാറുണ്ട്. ജീവജാലങ്ങളിൽ നിലനിൽക്കുന്നുവെന്ന് തെറ്റിദ്ധരിക്കുന്ന ലൈംഗീകാഭിനിവേശങ്ങൾ യഥാർത്ഥത്തിൽ അവ പ്രകടിപ്പിക്കുന്ന ജീവിവർഗ്ഗത്തിന്റെ ലൈംഗികതയല്ലാത്ത ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും സ്വവർഗാനുരാഗത്തിന്റെ ജീൻ കണ്ടുപിടിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നുമെല്ലാം ഉള്ള പഠനങ്ങൾ ശാസ്ത്രലോകത്ത് നടന്നിട്ടുണ്ട്. എന്നാൽ അത്തരം പഠനങ്ങളെയൊന്നും പ്രസിദ്ധീകരിക്കാൻ പോലും അനുവദിക്കാത്തത്രയും ശക്തമാണ് ജെൻഡർ പൊളിറ്റിക്സ്. സ്വവർഗാനുരാഗം മുതൽ ശിശുരതി വരെയുള്ളവയെല്ലാം പ്രകൃതിപരമാണ് എന്ന ആശയത്തെ ചോദ്യം ചെയ്യുന്ന പഠനങ്ങളൊന്നും അനുവദിക്കാൻ എൽജിബിറ്റി ആക്ടിവിസ്റ്റുകൾ സന്നദ്ധരല്ല. ഗോളിയായി നിൽക്കാൻ ആരെയും അനുവദിക്കാതിരിക്കുകയും അതേ പോസ്റ്റിലേക്ക് ഗോൾ അടിച്ചുകൊണ്ടിരിക്കുകയും ചെയ്‌തുകൊണ്ട് ശാസ്ത്രീയമാക്കിത്തീർത്ത സിദ്ധാന്തമാണ് ക്വിയർ തിയറി. വൈയക്തികമായ ലൈംഗികചോദനകളുടെ മാത്രം അടിസ്ഥാനത്തിൽ എത്തിച്ചേർന്നട്ടിട്ടുള്ള തികച്ചും ഊഹാധിഷ്ഠിതമായ ഒരു തീർപ്പാണെങ്കിലും ഇതും ഒരു സിദ്ധാന്തമായാണ് അറിയപ്പെടുക. അല്ലെന്ന് പറയുന്നവർ ഹോമോഫോബിക് ആയി മുദ്രകുത്തപ്പെടുകയും ശാസ്ത്രലോകത്ത് തന്നെ ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യും. ജെൻഡർ പൊളിറ്റിക്സ് അത്രയ്ക്കും ശക്തമാണ്.

ക്വിയർ തിയറിയെ ഇങ്ങനെ സംക്ഷേപിക്കാം: ഒരാളുടെ ലൈംഗികതയെന്താണെന്ന് തീരുമാനിക്കപ്പെടുന്നത് ഒന്നാമതായി ജീവശാസ്ത്രപരമായ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്. ലിംഗവൈവിധ്യത്തിന്റെ വർണ്ണരാജി(sex spectrum)യുടെ രണ്ടറ്റത്ത് പുരുഷൻ, സ്ത്രീ എന്നിവയും നടുവിൽ ഉഭയലിംഗി(intersex) നടുവിലും നിൽക്കുന്നു. ഇതിന്നിടയിൽ ജീവശാസ്ത്രപരമായിത്തന്നെ വ്യത്യസ്തങ്ങളായ ലിംഗാവസ്ഥകളുണ്ട്. ലൈംഗികത തീരുമാനിക്കുന്നത് രണ്ടാമതായി അയാളുടെ ലിംഗത്വ(gender)ത്തിന്റെ അടിസ്ഥാനത്തിലാണ്. വൈയക്തികമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരാൾക്ക് തോന്നുന്നതെന്താണോ അതാണ് ലിംഗത്വം. അതുമായി ബന്ധപ്പെട്ട വിശകലനത്തിൽ ജെൻഡർ തിയറിയെ അതേപോലെ സ്വീകരിക്കുകയാണ് ക്വിയർ തിയറി ചെയ്യുന്നത്. ലൈംഗികതാതീരുമാനത്തിന്റെ മൂന്നാമത്തെ ഘടകം അയാളുടെ ലൈംഗികാവിഷ്കാരമാണ്. അതിന്റെ വർണ്ണരാജിയിൽ പുരുഷത്വം (musculinity), സ്ത്രീത്വം (feminity,) എന്നിവ രണ്ട് അറ്റങ്ങളിലും ദ്വിലിംഗത്വം (androgynous) നടുവിലുമാണുള്ളത്. പുരുഷശരീരത്തിൽ സ്ത്രൈണഭാവങ്ങളുണ്ടാവുന്നതും തിരിച്ചും ദ്വിലിംഗത്വമായാണ് പരിഗണിക്കപ്പെടുക. അതിന്റെ തോതനുസരിച്ചാണ് ലൈംഗികാവിഷ്കാരത്തിന്റെ വർണ്ണരാജിയിൽ ഒരാളുടെ സ്ഥാനം നിർണ്ണയിക്കപ്പെടുക.

ഒരാളുടെ ലൈംഗികതയെങ്ങനെയുള്ളതാണെന്ന് തീരുമാനിക്കുന്നതിന്റെ നാലാമത്തെ ഘടകമാണ് ലൈംഗികാഭിനിവേശം. ലൈംഗികതാതീരുമാനത്തിന്റെ നാല് ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്. ഒരാൾക്ക് ആരോടാണോ ലൈംഗികതാല്പര്യം തോന്നുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് അയാളുടെ ലൈംഗികാഭിനിവേശം തീരുമാനിക്കപ്പെടുക. ജീവശാസ്ത്രപരമായ ലിംഗവും ലൈംഗികാഭിനിവേശവും ഒന്ന് തന്നെയാണെങ്കിൽ അയാൾ എതിർവർഗ്ഗപ്രണയിയും (heterosexual) രണ്ടാണെങ്കിൽ അയാൾ സ്വവർഗ്ഗപ്രണയിയും (homosexual) ആണ്. ലൈംഗികാഭിനിവേശത്തിന്റെ വർണരാജിയിലെ രണ്ട് അറ്റത്താണ് എതിർവർഗ്ഗപ്രണയിയും സ്വവർഗ്ഗപ്രണയിയുമുള്ളത്. നടുവിലായി ദ്വിവർഗ്ഗപ്രണയി(bisexual)യുണ്ട്. പുരുഷനെ കാമിക്കുന്ന സ്ത്രീ എതിർവർഗ്ഗപ്രണയിയും, സ്ത്രീയെ കാമിക്കുന്ന സ്ത്രീ സ്വവർഗ്ഗപ്രണയിയും, പുരുഷനെയും സ്ത്രീയെയും ഒരേപോലെ കാമിക്കുന്ന സ്ത്രീ ദ്വിവർഗ്ഗപ്രണയിയുമാണ്. മഴവില്ലിലെ വർണ്ണരാജിയിലെ നിറങ്ങളെപ്പോലെ എതിർവർഗ്ഗപ്രണയിക്കും സ്വവർഗ്ഗപ്രണയിക്കുമിടയിൽ പല തരം ലൈംഗികാഭിനിവേശങ്ങളുണ്ട്. അവയെ മൊത്തത്തിൽ വിളിക്കുന്ന പേരാണ് ക്വിയർ. മറ്റുള്ളവർക്ക് വിചിത്രമെന്ന് തോന്നുമെങ്കിലും അത്തരം അഭിരുചികളുള്ളവർക്ക് അവ സംതൃപ്തദായകമായതിനാൽ അവയും പ്രകൃതിപരമാണ്. ഏതൊക്കെ തരം ലൈംഗികാഭിരുചികളാണ് ലൈംഗികാഭിനിവേശത്തിന്റെ രാജിയിലുള്ളതെന്ന് ഇന്നും പൂർണ്ണമായി മനസ്സിലായിട്ടില്ല. അതിനാൽ ഈ സ്പെക്ട്രത്തെ വിളിക്കുക LGBTQIA+എന്നാണ്. +ചിഹ്നം സൂചിപ്പിക്കുന്നത് ലൈംഗികാഭിനിവേശത്തിന്റെ രാജിയിൽ കൂട്ടിച്ചേർക്കേണ്ടവയെയാണ്. ആ കൂട്ടിച്ചേർക്കൽ തുടർന്നുകൊണ്ടേയിരിക്കും; ഇങ്ങനെയെല്ലാമാണ് ക്വിയർ തിയറി പറയുന്നത്.

LGBTQIA+ വർണ്ണരാജിയിലെ എല്ലാ വർണ്ണങ്ങളും ആസ്വദിക്കുവാൻ ഓരോരുത്തർക്കും അവകാശമുണ്ടെന്ന് ക്വിയർ തിയറി സിദ്ധാന്തിക്കുന്നു. ഏതാണ് ആസ്വദിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് വ്യക്തിയാണ്. അയാൾക്ക് എന്തിനോടാണോ താല്പര്യം തോന്നുന്നത് അത് ആസ്വദിക്കുകയാണ് വേണ്ടത്. അതിനുള്ള സ്വാതന്ത്ര്യമുണ്ടാകണം; യാതൊരു തരത്തിലുള്ള വിവേചനവുമുണ്ടായിക്കൂടാ. എതിർവർഗ്ഗപ്രണയമാണ് സ്വാഭാവികമെന്ന ചിന്ത (heteronormative) സമൂഹത്തിൽ നിലനിൽക്കുന്നിടത്തോളം ആ സ്വാതന്ത്ര്യം തടയപ്പെടും. അതില്ലാതെയാകണമെങ്കിൽ എതിർവർഗ്ഗപ്രണയത്തെപ്പോലെത്തന്നെ സ്വാഭാവികമാണ് LGBTQIA+ വർണ്ണരാജിയിലെ എല്ലാതരം ലൈംഗികാഭിനിവേശങ്ങളും എന്ന് ചിന്തിക്കുന്ന സമൂഹം വളർന്നു വരണം. സ്വന്തം ലൈംഗികാഭിനിവേശമെന്താണെന്ന് സ്വബോധത്തോടെ തീരുമാനിക്കുന്നതിന് മുമ്പ് സാഹചര്യങ്ങളാൽ തീരുമാനിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്.

എതിർവർഗ്ഗപ്രണയമാണ് സ്വാഭാവികമെന്ന ചിന്തയുണ്ടാക്കുന്നത് പ്രധാനമായും ചെറുപ്പത്തിലെ അനുഭവങ്ങളാണ്. ആൺകുട്ടിയും പെൺകുട്ടിയും അവരുടെ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കപ്പെടുന്ന ചെറുപ്പകാലാനുഭവങ്ങൾ അവരുടെ സ്വാഭാവികമായ ലൈംഗികാഭിനിവേശത്തെ തടഞ്ഞുവെക്കുന്നതിന് പ്രേരിപ്പിക്കും. അങ്ങനെ ഇല്ലാത്ത സാഹചര്യമുണ്ടാകണം. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമാണ് ഈ രംഗത്തെ പ്രധാനപ്പെട്ട വില്ലന്മാർ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ തരം വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും നൽകി വളർത്താൻ കഴിഞ്ഞാൽ ചെറുപ്പത്തിൽ അവർക്ക് സ്വന്തം ലൈംഗികസ്വത്വം തിരിച്ചറിയാൻ കഴിയില്ല. ലൈംഗികചോദനകൾ മുള പൊട്ടാൻ തുടങ്ങുമ്പോൾ തങ്ങളുടെ ലൈംഗികാഭിനിവേശം മനസ്സിലാക്കുവാനും അതിനനുസരിച്ച് ജീവിക്കാനും അവർക്ക് കഴിയും. അയാൾക്ക് ഒന്നിലധികം ലൈംഗികാഭിനിവേശങ്ങളുണ്ടെങ്കിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനും പ്രയാസമൊന്നുമുണ്ടാവില്ല. ഇങ്ങനെ മാറാൻ കഴിയുമെന്ന് (gender fluidity) തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇങ്ങനെയെല്ലാമാണ് ക്വിയർ തിയറി സമർത്ഥിക്കുന്നത്.

എന്താണ് ജെൻഡർ ഫ്ലൂയിഡിറ്റി ?

ലിംഗത്വത്തിന്റെയും ലൈംഗികതയുടെയും വർണ്ണരാജികളിൽ ഏതെങ്കിലുമൊരു നിറത്തിലാണ് ഒരാൾ എങ്കിൽ എപ്പോഴും അയാൾ ആ നിറത്തിൽ തന്നെ ആയിക്കൊള്ളണമെന്നില്ല എന്ന തത്ത്വത്തെ ദ്യോതിപ്പിക്കുന്ന പ്രയോഗങ്ങളാണ് ലൈംഗിക വഴക്കം (sexual fluidity), ലിംഗത്വവഴക്കം (gender fluidity) എന്നിവ. വർണരാജിയിൽ ക്ലിപ്തമായ നിറങ്ങൾ മാത്രമല്ല ഉള്ളത്, നിറങ്ങളുടെ മിശ്രിതം കൂടിയുണ്ട്. ഒരു മിശ്രിതത്തിലൂടെയാണ് ഒരു നിറം അടുത്ത നിറമായിത്തീരുന്നത്. ആ മിശ്രിതത്തിൽ തന്നെ വ്യത്യസ്ത അനുപാതത്തിലുള്ള ചേരുവകളുണ്ട്. ലൈംഗിക വഴക്കം (sexual fluidity) ഒരാൾക്ക് വ്യത്യസ്തമായ ലൈംഗികാഭിനിവേശങ്ങൾ ഉണ്ടാകാവുന്നതാണ് എന്ന് സൂചിപ്പിക്കുന്ന പ്രയോഗമാണ്. ഒരു അഭിനിവേശത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നത് സ്വാഭാവികമാണ്. വഴക്കമുള്ളതാണ് ലൈംഗികതയെന്നത് പ്രകൃതിനിയമമായതിനാൽ ആ ചാട്ടം അസ്വാഭാവികമാണെന്നോ അധാർമ്മികമാണെന്നോ പറയാൻ പറ്റുകയില്ല. രാവിലെ ഹെറ്ററോ സെക്ഷ്വൽ ആയ ഒരാൾ വൈകുന്നേരം ഹോമോ സെക്ഷ്വലും പിറ്റേന്ന് രാവിലെ ബൈസെക്ഷ്വലുമാകാമെന്നാണ് സെക്ഷ്വൽ ഫ്ലൂയിഡിറ്റിയെന്ന പ്രയോഗം അർത്ഥമാക്കുന്നത്. സെക്ഷ്വൽ ഫ്ലൂയിഡിറ്റിയുള്ളതിനാൽ ആരുടെയും ലൈംഗികാഭിനിവേശം വാർപ്പുപോലെ മാറാത്തതാണെന്ന് പറയാനാവില്ല. അത് മാറുന്നവരുണ്ട്; മാറാത്തവരുമുണ്ട്. രണ്ടും സ്വാഭാവികമാണ്. അതിനാൽ ഇന്നലെ വരെ സ്വവർഗാനുരാഗിയായിരുന്ന ഒരാൾ ഇന്ന് എതിർവർഗാനുരാഗിയായാൽ അതിൽ അസ്വാഭാവികതയൊന്നുമില്ല. അതിനനുസരിച്ച് അവരുടെ ലൈംഗിക ചോദനകൾ പൂർത്തീകരിക്കാൻ കഴിയുന്ന സ്ഥിതിയാണ് സൃഷ്ടിക്കപ്പെടേണ്ടത്. ചുരുക്കത്തിൽ ആർക്കും ഏത് രൂപത്തിലുള്ള ലൈംഗികതയും ആസ്വദിക്കുവാനുള്ള അവസരമുണ്ടാകുന്ന രീതിയിൽ സാമൂഹ്യഘടനയെ ഉടച്ച് വർക്കുമ്പോൾ മാത്രമേ സെക്ഷ്വൽ ഫ്ലൂയിഡിറ്റിയുള്ളവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുകയുള്ളൂ.

ലൈംഗികാഭിനിവേശത്തിന് മാത്രമല്ല ഫ്ലൂയിഡിറ്റിയുള്ളത്; ലിംഗത്വത്തിനുമുണ്ട്. ലിംഗത്വവഴക്കം (gender fluidity) എന്ന ശബ്ദം പ്രതിനിധീകരിക്കുന്ന ആശയമതാണ്. രാവിലെ പെണ്ണാണെന്ന് തോന്നുന്ന ഒരാൾക്ക് ചിലപ്പോൾ വൈകുന്നേരം പുരുഷനാണെന്ന് തോന്നാം. അങ്ങനെ തോന്നുമ്പോൾ അവർക്ക് മാറാൻ കഴിയുന്നതാകണം ഒരാളുടെ സ്വത്വം. ലിംഗത്വ സ്വത്വം മാറാൻ കഴിയുകയെന്നത് ഒരാളുടെ ലൈംഗികാവകാശമാണ്. ആഗ്രഹിക്കുമ്പോഴെല്ലാം ലിംഗത്വം മാറാൻ കഴിയുന്ന ഒരു സാമൂഹ്യസംവിധാനമാണ് ആത്യന്തികമായി മനുഷ്യർക്കാവശ്യം. ലിംഗമാറ്റശസ്ത്രക്രിയയെ ഇന്ന് ന്യായീകരിക്കുന്നത് ട്രാൻസ്‌ജെൻഡറുകളുടെ ദുരിതങ്ങളുടെ കാരണം പറഞ്ഞുകൊണ്ടാണ്. ലിംഗമാറ്റ ശസ്ത്രക്രിയ ഇപ്പോഴും പൂർണ്ണമായും വിജയം കണ്ടിട്ടില്ല. അങ്ങനെ ചെയ്തവരിൽ ചിലർക്ക് തങ്ങളുടെ പഴയ സ്വത്വത്തിലേക്ക് മാറണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന്ന് കഴിയുന്നില്ല. ശസ്ത്രക്രിയ വഴി ലൈംഗികമായ ചോദനകൾ ശമിപ്പിക്കുവാൻ കഴിയുന്ന രൂപത്തിലുള്ള ലിംഗമാറ്റം ഇതേവരെ സാധിച്ചിട്ടില്ല. എന്നിട്ടുപോലും പാശ്ചാത്യൻ നാടുകളിൽ അത്തരം ശസ്ത്രക്രിയകൾ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു; ഇന്ത്യയിലും ഇപ്പോൾ ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളുണ്ട്; നമ്മുടെ കേരളത്തിലുമുണ്ട്. ശസ്ത്രക്രിയ വളരെ ചെലവേറിയതാണ്. ചെലവേറെയുള്ള സർജറിയിൽ നിന്ന് മരുന്നുകൾ വഴി ലിംഗമാറ്റം സാധ്യമാക്കി കുറഞ്ഞ ചെലവിൽ ലിംഗമാറ്റം സാധ്യമാകുന്ന നല്ല നാളെയെ സ്വപ്നം കാണുന്നവരാണ് ക്വിയർ തിയറിയുടെ വക്താക്കൾ.

അവിടെയും നിൽക്കുന്നില്ല ക്വിയർ തിയറിസ്റ്റുകളുടെ സ്വപ്നം. ബാലരതി (pedophilia)യടക്കമുള്ള സകലവിധ ലൈംഗികതകളെയും സ്വാഭാവികമായി അംഗീകരിക്കപ്പെടുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ് അവരുടെ ലക്‌ഷ്യം. ജെൻഡർ തിയറിയുടെ ഉപജ്ഞാതാവായ ജോൺ മണിയും ക്വിയർ തിയറിയുടെ ആചാര്യനായ മൈക്കൽ ഫൊക്കോൾട്ടും ബാലരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടവരാണ്. ബലാൽക്കാരമില്ലാതെയും കുട്ടികളുടെ സമ്പൂർണ്ണമായ സമ്മതത്തോടെയുമാണെങ്കിൽ അവരുമായി ശാരീരികബന്ധത്തിലേർപ്പെടുന്നത് തെറ്റാണെന്ന് പറയാനാകില്ലെന്ന തങ്ങളുടെ നിലപാട് തുറന്ന് പറഞ്ഞവരാണിവർ. പതിനഞ്ച് വയസ്സിന് താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെതിരെ ഫ്രാൻസിലുണ്ടായിരുന്ന നിയമം തിരുത്തുകയും കുട്ടികളുടെ സമ്മതത്തോടെ അവരുമായി രതിയിലേർപ്പെടാൻ ഫ്രഞ്ചുകാർക്ക് അവകാശം നൽകുകയും വേണമെന്നാവശ്യപ്പെട്ടുകൊണ്ട് 1977ൽ ഫ്രഞ്ച് പാർലിമെന്റിന് നൽകിയ നിവേദനത്തിൽ ഒന്നാമതായി ഒപ്പു വെച്ചത് മൈക്കൽ ഫൊക്കോൾട്ടായിരുന്നു. കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചവർക്കെതിരെ 1977 ലും 1979ലും ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസുകളെടുത്തപ്പോൾ അവയെ ചോദ്യം ചെയ്തുകൊണ്ട് ഫ്രഞ്ച് പത്രങ്ങളിൽ തുറന്ന കത്തുകളെഴുതിയതും ഈ നിവേദനം നൽകിയവർ തന്നെയാണ്. പതിമൂന്നും പതിനാലും വയസ്സുള്ള നിരവധി ആൺകുട്ടികളുമായും പെൺകുട്ടികളുമായും ലൈംഗികബന്ധത്തിലേർപ്പെട്ടതിന് പിടിക്കപ്പെട്ട മൂന്ന് പേരെ 1977ൽ വിചാരണ ചെയ്യുന്നതിന് തലേന്നാണ് Le Monde പത്രത്തിൽ അവരെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് 69 ബുദ്ധിജീവികളുടെ പേര് വെച്ചുകൊണ്ടുള്ള ഒന്നാമത്തെ തുറന്ന കത്ത് പ്രത്യക്ഷപ്പെട്ടത്. ആറ് വയസ്സിനും പന്ത്രണ്ട് വയസ്സിനുമിടയിലുള്ള പെൺകുട്ടികളെ തന്റെ പങ്കാളികളാക്കിക്കൊണ്ട് ജീവിച്ച ജെറാൾഡിന്റെ കുറ്റവിചാരണാ സന്ദർഭത്തിൽ, 1979 ൽ Libération പത്രത്തിൽ 63 പേർ ഒപ്പുവെച്ച രണ്ടാമത്തെ കത്തും പ്രത്യക്ഷപ്പെട്ടു. രണ്ടിന്റെയും മുന്നിലുണ്ടായിരുന്നത് ക്വിയർ തിയറിയുടെ ആചാര്യൻ തന്നെ. ജെൻഡർ പൊളിറ്റിക്സ് നമ്മെ എങ്ങോട്ടാണ് കൊണ്ടുപോവുകയെന്ന് വ്യക്തമാക്കുന്നതാണ് ക്വിയർ തിയറിക്കാരുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ തുറന്ന കത്തുകൾ.

ജെൻഡർ പൊളിറ്റിക്സിന്റെ ആത്യന്തികമായ ലക്‌ഷ്യം ആർക്കും ഇപ്പോഴും ലിംഗമാറ്റം നടത്താവുന്ന, ആർക്കും ഏതുരൂപത്തിലുമുള്ള ലൈംഗികതയും ആസ്വദിക്കാൻ കഴിയുന്ന ഒരു സാമൂഹ്യനിർമ്മിതിയെയാണ്. ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കുകയെന്നാൽ അത്തരമൊരു സമൂഹനിർമ്മിതി നടത്തുകയെന്നാണർത്ഥം. ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കുകയാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബന്ധിക്കുന്നത് വഴി തങ്ങൾ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു കഴിഞ്ഞു; എതിർവർഗ്ഗപ്രണയവും സ്വവർഗ്ഗരതിയും ഉഭയവർഗാനുരാഗവും ശിശുകാമവും ശവഭോഗവും മൃഗസുരതവും അഗമ്യഗമനവുമെല്ലാം സ്വാഭാവിക ലൈംഗികപ്രവർത്തനങ്ങളായി അംഗീകരിക്കപ്പെടുന്ന, അവയോട് താല്പര്യമുള്ളവർക്ക് അവയെല്ലാം അനുഭവിക്കുവാൻ യാതൊരുവിധ സങ്കോചവും തോന്നേണ്ടതില്ലാത്ത ഒരു സാമൂഹ്യാന്തരീക്ഷത്തിന്റെ സൃഷ്ടിയാണ് ലക്‌ഷ്യം. ജെൻഡർ- സെക്ഷ്വൽ ഫ്ലൂയിഡിറ്റി സ്വാഭാവികമാണെന്ന് അംഗീകരിക്കപ്പെട്ടാലേ അത് കഴിയൂ. ജെൻഡർ- സെക്ഷ്വൽ ഫ്ലൂയിഡിറ്റികളിലേക്ക് മസ്തിഷ്കപ്രക്ഷാളനം നടത്തുന്നതിന്റെ ഒന്നാം ഘട്ടമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം എന്നാണ് ഹെറ്ററോ നോർമേറ്റിവിറ്റിയെ തകർക്കുകയാണ് അതിന്റെ ലക്ഷ്യമെന്ന് പറഞ്ഞാൽ അതിന്നർത്ഥം. അതുകൊണ്ടാണ് ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള വസ്ത്രം അടിച്ചേൽപ്പിക്കുന്നതിനെ ധാർമ്മികബോധമുള്ളവർ എതിർക്കുന്നത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • You are correct and divine in this topic.
    MM അക്ബറിനെപ്പോലെ ഇങ്ങനെ ഇത്തരം വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കാൻ ആളില്ലാത്ത കാലം ആണിപ്പോൾ ഉള്ളത്. ഈ വിഷയത്തിൽ നിങ്ങൾക്ക് കട്ട support. ഇസ്ലാം പ്രബോധനം നിങ്ങൾക്ക് ദൈവം നിശ്ചയിച്ചതല്ല. ദൈവം നിങ്ങളെ ഈ വിഷയത്തിൽ അനുഗ്രഹിച്ചതാണ്. അത് വിട്ടു കളയരുത്. ക്രിസ്ത്യാനികളായ ഞങ്ങളെ പോലെ അല്ലാതെ പരിധികളില്ലാതെ നിങ്ങൾക്ക് പറയാം. ഞങ്ങൾക്കു മുകളിൽ സ്വവർഗരതി യെ പിന്തുണക്കുന്ന ഒരു പോപ്പ് ഉണ്ട്. അദ്ദേഹം കാരണം ലോകം ദൈവത്തിൽ നിന്ന് അകന്നു വഞ്ചിക്കപെടുകയാണ്. സ്വവർഗ്ഗരതി എന്ന വിഷയം വ്യാജസ്നേഹം വ്യാജ കരുണ എന്നീ കുടിലത കൊണ്ടു അദ്ദേഹം വെള്ളപൂശുകയാണ്. അദ്ദേഹത്തിന്റെ ഈ ദൈവവിദ്വേഷത്തിനെതിരെ ശബ്ടിക്കുന്നവരെ കേൾക്കില്ല ക്രിസ്ത്യാനികൾ. അതിനാൽ അവർ മൂലം ലോകം സത്യം അറിയാതെ മൂടി വെക്കപ്പെട്ടു വഞ്ചിക്കപ്പെടുന്നു. നിങ്ങൾ ഈ വിഷയത്തിൽ നിങ്ങളറിയാത്ത നിങ്ങളെ അറിയുന്ന ദൈവം വിളിച്ച വ്യക്തിയാണ്. You go ahead. God is with you… We are with you…

    Babu joseph 03.01.2022

Leave a Reply to Babu joseph Cancel Comment

Your email address will not be published.