ജനിതകത്തിലൂടെ ജഗന്നാഥനിലേക്ക്

//ജനിതകത്തിലൂടെ ജഗന്നാഥനിലേക്ക്
//ജനിതകത്തിലൂടെ ജഗന്നാഥനിലേക്ക്
ആനുകാലികം

ജനിതകത്തിലൂടെ ജഗന്നാഥനിലേക്ക്

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു കൊളേജ് പ്രിൻസിപ്പലുമായി സംഭാഷണത്തിലേർപ്പെടുകയുണ്ടായി. ജനിതക ശാസ്ത്ര (genetics) വിഷയത്തിൽ ഡോക്‌ടറേറ്റ് ലഭിച്ച മധ്യവയസ്ക്കനായ അദ്ദേഹം, സംഭാഷണ മധ്യേ ജനിതക ശാസ്ത്രത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അത് വരേക്കും ജനിതകശാസ്ത്രത്തെ കുറിച്ച് കേട്ട് കേൾവി പോലുമില്ലാത്ത എന്നെ സംബന്ധിച്ചിടത്തോളം വിഷയം കൗതുകമുണർത്തുന്നവയായിരുന്നു. ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്ന് വീഴുന്നതിന് ഏകദേശം 250 ദിവസങ്ങൾക്ക് മുമ്പ് ആ കുട്ടിയുടെ ഗർഭം ധരിച്ച മാതാവിന്റെ ഉദിരത്തിൽ രൂപപ്പെടുന്ന ബീജഗണത്തിന്റെ ഒരു അംശം ഉപയോഗിച്ച് genetics പഠനത്തിലൂടെ ആ കുട്ടിക്ക് ഭാവിയിൽ സംഭവിച്ചേക്കാവുന്ന രോഗങ്ങളെയും ദേഹഭംഗങ്ങളെയും കുറിച്ചും മറ്റും അറിയാൻ പറ്റുമത്രെ. അഥവാ, ഒരു മനുഷ്യന്റെ ജീവിതായുസ്സിൽ ജനിതകമായി വന്ന് ഭവിച്ചേക്കാവുന്ന സംഭവങ്ങളെ മനുഷ്യൻ പിറക്കും മുമ്പേ തീരുമാനിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാമെന്ന അദ്ദേഹത്തിന്റെ സംസാരം കേൾക്കവെ ഹൃദയാളങ്ങളിൽ നിന്നുമെന്റെ ചിന്തകളെഴുന്നേറ്റ് നീങ്ങിയെത്തിയത് ഇസ്‌ലാമിന്റെ ‘ഖദർ’ എന്ന ആശയത്തിലേക്കാണ്. ഇസ്‌ലാമിന്റെ വിശ്വാസ ഗണങ്ങളിൽ അടിസ്ഥാനപരമായ ഒന്നായ ഖദറിനെ കുറിച്ച് നമുക്കൊന്ന് ചെറുതായി ചർച്ച ചെയ്യാം.

എന്താണ് ഖദർ?

മഹാനായ ഇബ്നുൽ ഖയ്യിം (റഹി) ഖദറിനെ കുറിച്ചുള്ള സൂറ: ത്വലാഖിലെ മൂന്നാം വചനം വിവരിക്കുന്നിടത് ഇപ്രകാരം പറയുന്നതായി കാണാം: ‘ഒരാൾ താൻ പറയുകയോ എഴുതുകയോ പ്രവർത്തിക്കുകയോ ചെയ്യുവാൻ ഉദ്ദേശിക്കുന്നതിന്റെ രൂപം ആദ്യം മനസ്സുകൊണ്ടു കണക്കാക്കുകയും പിന്നീടത് പ്രയോഗത്തിൽ വരുത്തുകയുമാണല്ലൊ ചെയ്യുക. അതുപോലെ, സൃഷ്‌ടികളെ സൃഷ്‌ടിക്കുന്നതിന് മുമ്പായി അവയുടെ തോതുവ്യവസ്ഥകൾക്ക് അല്ലാഹുവിന്റെ അറിവിലും നിശ്ചയത്തിലും ഒരു വ്യവസ്ഥയുണ്ടായിരിക്കുന്നതും പിന്നീടവയെ ആ അറിവിന്റെയും രേഖയുടേയും അടിസ്ഥാനത്തിൽ സൃഷ്‌ടിക്കുന്നതുമാകുന്നു.’
”ഖദർ എന്നാൽ വസ്തുതകൾ ഉണ്ടാകുന്നതിന് മുമ്പ് അല്ലാഹു അവയെപ്പറ്റി അറിയികുകയും, അവയെ സൃഷ്‌ടിക്കുന്നതിനു മുമ്പ് അവയെ രേഖപ്പെടുത്തി വെക്കല്ലുമാകുന്നു.” (അമാനി മൗലവി തഫ്‌സീർ)
മഹാനായ ഇബ്നു കഥീർ (റഹി) അദ്ദേഹത്തിന്റെ തഫ്‌സീറിൽ ഖദറിനു നിർവ്വചനം നൽകുന്നത് ഇങ്ങനെയാകുന്നു: ”കാര്യങ്ങൾ സംഭവിക്കുന്നതിനു മുമ്പ് അതിനെക്കുറിച്ച് അവൻ – അല്ലാഹു അറിയലും, അവയെ സൃഷ്‌ടിച്ചുണ്ടാക്കുന്നതിനു മുമ്പ് അവയെ അവൻ രേഖപ്പെടുത്തലുമാകുന്നു അത്.”
ഭൂമിയുടെയും അതിലടങ്ങുന്ന ജന്തുജീവജാലങ്ങൾ അടക്കം സകലതിന്റെയും സ്രഷ്ടാവ്, അവയുടെ സൃഷ്‌ടിപ്പിന് മുമ്പായി തന്നെ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സാരം.

യുക്തിവാദത്തിന്റെ പ്ലാറ്റ്‌ഫോമിൽ ടിക്കറ്റെടുത്ത് പാളം തെറ്റി വരുന്ന എല്ലാ ഇസ്‌ലാം വിമർശന വണ്ടിയിൽ പാഞ്ഞ് കയറുന്ന നിർമ്മത വാദികൾ പലപ്പോഴായും ഇസ്‌ലാമിന്റെ ‘ഖദർ ‘വിശ്വാസത്തെ കൊഞ്ഞനം കുത്തുന്നതായി എക്കാലത്തും കാണാറുണ്ട്. അല്ലാഹു എല്ലാം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് താൻ ജീവിക്കുന്നതെന്നും ഈ വസ്തുത ജനങ്ങളെ അറിയിച്ചതു എന്തിന് വേണ്ടിയാണെന്ന ചോദ്യങ്ങളൊക്കെ ഇക്കൂട്ടർ ഉയർത്താറുണ്ട്. ഇതിന് ഖുർആൻ കൃത്യമായ മറുപടി നൽകുന്നുണ്ട്: ”നിങ്ങൾക്ക് പാഴായി കിട്ടാതെ പോയതിന്റെ പേരിൽ നിങ്ങൾ സങ്കടപ്പെടാതിരിക്കാനും, നിങ്ങൾക്കവൻ നൽകിയതിന്റെ പേരിൽ നിങ്ങൾ ആഹ്‌ളാദം കൊള്ളാതിരിക്കുവാനും വേണ്ടി.” (ഖുർആൻ 57:23)

എല്ലാം അല്ലാഹു കണക്കാക്കിയതാണെന്ന് ബോധ്യപ്പെട്ട് ഉൾകൊണ്ടാൽ പിന്നെ നഷ്ട്ടം ബാധിച്ച കാരണത്താൽ നിരാശയിൽ തുടരാൻ അവകാശമില്ല. നേട്ടം ലഭിച്ച വേളയിൽ ആഹ്‌ളാദത്താൽ അഹങ്കരിക്കാനും അവകാശമില്ല. ഇവിടെ, അല്ലാഹു കണക്കാക്കിയതാണെന്ന് ബോധ്യപ്പെടുകയെന്നതാണ് കാതലായ വശം. അതിന്, മുകളിൽ ഉദ്ധരിച്ച ഇമാം ഇബ്നുൽ ഖയ്യിമിന്റെ(റഹി) വാക്കുകൾ മനസ്സിരുത്തി വായിച്ചാൽ വ്യക്തമാകുന്നതാണ്. ഒരു വാഹനം നിർമ്മിക്കുന്ന കമ്പനി നിർമ്മാണത്തിന് മുമ്പ് തന്നെ അവ എപ്രകാരമായിരിക്കണമെന്നും അവയുടെ എല്ലാ വശങ്ങളും മുൻകൂട്ടി ധാരണയാക്കി കൊണ്ടല്ലെ നിർമ്മിക്കുക. എങ്കിൽ ഈ പ്രപഞ്ചത്തിന്റെ തന്നെ സ്രഷ്ടാവ് എന്ന് അവകാശപ്പെടുന്ന റബ്ബ് അവയുടെ സൃഷ്‌പ്പിന് മുമ്പ് എല്ലാം രേഖപ്പെടുത്തി ധാരണയാക്കിയിട്ടുണ്ടെന്ന ‘ഖദറി’ലെ വിശ്വാസമെങ്ങനെയാണ് നിരർത്ഥകമാവുക? സ്രഷ്ടാവുണ്ടെന്ന വാധം മനസ്സിന്റെ അകത്തളത്തിലെവിടെയോ ഇരമ്പുന്നത് കൊണ്ടാണല്ലൊ ‘സ്രഷ്ടാവ് എല്ലാം തീരുമാനിച്ചിട്ടുണ്ടെങ്കിൽ പിന്നെ’ എന്ന ചോദ്യം തന്നെ ഉയരുന്നതും. അപ്പോൾ പിന്നെ സ്രഷ്ടാവ് സൃഷ്ട്ടിയെ കുറിച്ച് മുൻവിധിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നതെല്ലെ ശരിയായ വശം.
”ഭൂമിയിലെ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പ് തന്നെ ഒരു രേഖയിൽ ഉൾപ്പെട്ടു കഴിഞ്ഞതായിട്ടല്ലാതെ.” (57:22)
ഹൃദയത്തിന്റെ ഏതോ കോണിൽ റബ്ബുണ്ടെന്ന വാദം താനറിയാതെ തന്നെ പിടികൂടിയ ആളുകൾക്ക് ഖദറിൽ വിശ്വസിക്കാതെയിരിക്കാൻ കഴിയില്ലയെന്ന് വ്യക്തമായി.

ഖദ്‌രിയാക്കളും ജബ്‌രിയാക്കളും

സ്വഹാബത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ‘യുക്തിവാദി’കളായിരുന്നു ഖദ്‌രിയാക്കൾ. മനുഷ്യന്റെ പ്രവർത്തനം അവന്റെ കഴിവ് കൊണ്ടാണെന്ന് വാദിക്കുന്ന കക്ഷികളാണ് ഖദ്‌രിയാക്കൾ. ശാസ്ത്ര സാങ്കേതിക വിദ്യകൾ ബീജം പ്രാപിക്കാത്ത കാലഘട്ടത്തിൽ ഉടലെടുത്ത യുക്തിവാദികളായ ഖദ്‌രിയാക്കൾ ഈ കാലത്ത് ജീവിക്കുകയാണെങ്കിലുള്ള അവസ്ഥയെ നമുക്കൊന്ന് കത്രിക വെക്കാം. തുടക്കത്തിൽ പറഞ്ഞ ജനിതക ശാസ്ത്രത്തിന്റെ പഠനങ്ങൾ ആരംഭിക്കുന്നത് യഥാർത്ഥത്തിൽ 1800 കൾക്ക് ശേഷമാണ്. അഥവാ ഖദ്‌രിയാക്കൾ പെറ്റ് വീണ കാലത്ത് ജനിതക ശാസ്ത്രം ബീജം പ്രാപിക്കുക പോലും ചെയ്തിട്ടില്ലെന്നർത്ഥം. എങ്കിൽ അന്നത്തെ യുക്തിവാദികളായ ഖദ്‌രിയാക്കൾ ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ അവർക്ക് തെളിയിക്കപ്പെട്ട ജനിതക ശാസ്ത്രത്തെ പോലും എതിർക്കേണ്ടി വരില്ലേ. മനുഷ്യന്റെ പ്രവർത്തനം അവന്റെ കഴിവ് കൊണ്ടാണെന്ന് വാദിക്കുന്ന ഇക്കൂട്ടരോട്, ജനിതക ശാസ്ത്ര പഠനത്തിലൂടെ ഇന്നയാൾ പിറക്കുന്നതിന് മുമ്പ് അവന്റെ ജനിതകത്തിൽ ഇന്നയിന്ന രോഗം പിടിപെടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞാൽ, ഇവിടെ പിറക്കാത്ത ആ മനുഷ്യന്റെ കഴിവും ചെയ്‌തിയും എന്താണ്?

ജബ്‌രിയ്യത്തിന്റെ അഭിപ്രായ പ്രകാരം അല്ലാഹു കണക്കാക്കിയ കാര്യങ്ങൾ സംഭവിക്കുന്നതു കണ്ണടച്ച് കാത്തിരിക്കുകയല്ലാതെ, തങ്ങളുടെ നന്മക്കോ വിജയത്തിനോ വേണ്ടി അവർ ഒന്നും പ്രവർത്തിക്കേണ്ടതായിട്ടില്ല. ഇത് യഥാർത്ഥത്തിൽ തീവ്രമായ കാഴ്ച്ചപ്പാടാണ്. ഖദറിനെ നിഷേധിക്കുന്ന ഖദ്‌രിയ്യത്തിനെ ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നതോടൊപ്പം അല്ലാഹുവിന്റെ ഖദറിനെ തെറ്റിദ്ധരിപ്പിച്ച ജബ്‌രിയത്തിനെ ഇസ്‌ലാം ശക്തമായി ഖണ്ഡിക്കുകയും ചെയ്യുന്നു. ഇവ രണ്ടിനും മധ്യേ, അല്ലാഹുവിൽ നിന്നാണ് നന്മയെന്ന് ബോധ്യമുള്ളതോടുകൂടിത്തന്നെ, തങ്ങളുടെ നന്മക്കും വിജയത്തിനുമായി അല്ലാഹു ഏർപ്പെടുത്തിത്തന്ന മാർഗനിർദ്ദേശങ്ങൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. എക്കാലത്തും സർവ്വ വിഷയങ്ങളിലും മധ്യമ നിലപാട് പുലർത്തുന്ന ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടത്രെ എക്കാലത്തും യുക്തിഭദ്രമായതിനുള്ള ഉദാഹരണമായിട്ടുള്ളത്.

ഇസ്‌ലാമിനെ വിമർശിക്കുന്ന യുക്തിവാദികൾക്കാണ് യഥാർത്ഥത്തിൽ അടിസ്ഥാനമില്ലാത്തത്. കാലഘട്ടത്തിനനുസരിച്ച് വിശ്വാസങ്ങളെ പാളം തെറ്റിച്ച് വിടാൻ ശ്രമിക്കുന്നതിനിടയിൽ കൂട്ടിമുട്ടി പൊളിയുന്ന, അവരവരുടെ പൂർവ്വികർ പകർന്ന വിശ്വാസങ്ങൾക്കൊപ്പം ഊട്ടിയുറക്കപ്പെടുന്നത് ഇസ്‌ലാമിന്റെ വിധി നിയമം സമ്മാനിക്കുന്ന സുരക്ഷിത ബോധം കൂടിയാണ്.

ഉദരത്തിൽ വളരുന്ന ബീജത്തിൽ നിന്നും വരാനിരിക്കുന്ന സ്വാഭാവിക ദേഹഭംഗങ്ങളെ കുറിച്ച് ശാസ്ത്ര വിദ്യയിലൂടെ മനുഷ്യന് പറയാൻ പറ്റുമെങ്കിൽ, മനുഷ്യനടങ്ങുന്ന പ്രപഞ്ചവും പ്രപഞ്ചമടങ്ങുന്ന സകലതും പടച്ചവൻ താനാണെന്ന് അവകാശപ്പെടുന്ന അല്ലാഹുവിന് അവന്റെ സൃഷ്‌ടികളെ കുറിച്ചുള്ള ജ്ഞാനം മറ്റാരേക്കാൾ മുൻ കടന്നതാണെന്ന് വിശ്വസിക്കുന്നതിലാണ് മനുഷ്യന്റെ ചിന്തകൾ പൂർണമാകുന്നത്.
”അല്ലാഹു ഭൂമിയിൽ ആദ്യമായി സൃഷ്‌ടിച്ചത് പേനയാണ്. ആ പേന കൊണ്ട് ഭൂമിയിൽ നടക്കാനിരിക്കുന്ന സകലതിനേയും കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.” (ഇബ്നു കഥീർ)

print

No comments yet.

Leave a comment

Your email address will not be published.