ഖുർആൻ സംരക്ഷിതഗ്രന്ഥം -9

//ഖുർആൻ സംരക്ഷിതഗ്രന്ഥം -9
//ഖുർആൻ സംരക്ഷിതഗ്രന്ഥം -9
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -9

ഖുർആൻ ക്രോഡീകരണം -2

അബൂബക്കറിന്റെ(റ) കാലത്തെ ക്രോഡീകരണം

മുഹമ്മദ് നബി(സ)യുടെ പിന്‍ഗാമിയായി ഇസ്‌ലാമിക സമൂഹത്തിന്റെ രാഷ്ട്രീയ നേതൃത്വമേറ്റെടുത്ത അബൂബക്കറിന്റെ(റ) ഭരണകാലത്ത് തന്നെ വ്യത്യസ്തങ്ങളായ രേഖകളില്‍ എഴുതി സൂക്ഷിച്ചിരുന്ന ഖുര്‍ആന്‍ വചനങ്ങളെല്ലാം ശേഖരിച്ച് രണ്ട് ചട്ടകള്‍ക്കുള്ളിലാക്കി പുസ്തകരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ മനഃപാഠമുള്ള നിരവധി പേർ ജീവിച്ചിരിക്കുകയും എഴുതപ്പെട്ട രേഖകള്‍ പലരിലായി അവശേഷിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് നബി (സ) ഇഹലോകവാസം വെടിയുന്നത്. മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് വരെ ദിവ്യബോധനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നുവെന്ന് അനസു ബ്‌നു മാലിക്‌ (റ) നിവേദനം ചെയ്ത സ്വഹീഹുല്‍ ബുഖാരിയിൽ കിതാബു ഫദാഇലിലുള്ള ഹദീഥിലുണ്ട്. ഖുര്‍ആനിന്റെ പൂര്‍ത്തീകരണത്തിന് ശേഷം മാത്രം ചെയ്യേണ്ട പുസ്തക രൂപത്തിലുള്ള ക്രോഡീകരണം നിര്‍വഹിക്കുവാന്‍ നബി(സ)യുടെ ജീവിതകാലത്ത് കഴിയുമായിരുന്നില്ല എന്നാണിത് വ്യക്തമാക്കുന്നത്. എന്നാല്‍ പ്രവാചക നിര്‍ദേശപ്രകാരം മനഃപാഠമാക്കിയവര്‍ക്ക്, രണ്ട് ചട്ടകള്‍ക്കുള്ളിലെന്നത് പോലെത്തന്നെ, ഖുര്‍ആന്‍ തുടക്കം മുതല്‍ ഒടുക്കം വരെ പൂര്‍ണമായി അറിയാമായിരുന്നു. നിലവിലുള്ള രേഖകള്‍ ശേഖരിച്ച് ഖുര്‍ആന്‍ ഗ്രന്ഥരൂപത്തിലാക്കിയത് അത്തരക്കാരിലൂടെയായതിനാല്‍ തന്നെ പ്രവാചകന്‍ (സ) പഠിപ്പിച്ച അതേ രൂപത്തിലും ക്രമത്തിലുമുള്ള ഖുര്‍ആനാണ് പിന്‍തലമുറക്ക് ലഭിച്ചത്.

അബൂബക്കറിന്റെ(റ) ഭരണകാലത്തെ പുസ്തകരൂപത്തിലുള്ള ഖുർആനിന്റെ ക്രോഡീകരണത്തിന് നേതൃത്വം നൽകിയത് പ്രമുഖ പ്രവാചകാനുചരനായ സൈദ് ബിന്‍ ഥാബിത്ത് (റ) ആയിരുന്നു. യമാമ യുദ്ധത്തില്‍ വെച്ച് ഖുര്‍ആന്‍ മനഃപാഠമാക്കിയിട്ടുള്ള നിരവധിപേര്‍ കൊല്ലപ്പെട്ടപ്പോൾ ‘ഇനിയും ഉണ്ടാകാനിരിക്കുന്ന യുദ്ധങ്ങളില്‍ ഖുര്‍ആന്‍ അറിയാവുന്നവര്‍ മരണപ്പെട്ടാല്‍, അതുവഴി ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു’വെന്ന ഉമറ്ബ്‌നുല്‍ ഖത്താബിന്റെ ‌(റ) ആശങ്കയാണ് അബൂബക്കറിനെ(റ) ഖുർആനിന്റെ ഗ്രൻഥരൂപത്തിലുള്ള ക്രോഡീകരണത്തെപ്പറ്റി ചിന്തിപ്പിച്ചത്. അവർ രണ്ട് പേരും കൂടി പ്രവാചകന്റെ ഖുർആൻ എഴുത്തുകാരിലൊരാളും സ്വഹാബീപ്രമുഖനുമായ സൈദ് ബിന്‍ ഥാബിതിനെ(റ) ആ ചുമതലയേൽപ്പിക്കുകയും അദ്ദേഹം ഈത്തപ്പനയോലകളിലും ശുഭ്രശിലകളിലുമുള്ള കയ്യെഴുത്ത് രേഖകളില്‍ നിന്നും മനഃപാഠമുള്ളവരില്‍ നിന്നുമായി ഖുർആൻ ആയത്തുകൾ ശേഖരിക്കുകയും രണ്ട് ചട്ടകൾക്കിടയിലുള്ള ഒരു ഗ്രന്ഥായി അവ എഴുതി രേഖപ്പെടുത്തുകയും ചെയ്തു. അങ്ങനെ പൂര്‍ത്തീകരിക്കപ്പെട്ട ഖുര്‍ആനിന്റെ കയ്യെഴുത്ത് രേഖ തന്റെ മരണം വരെ അബൂബക്കറിന്റെ(റ) കൈവശമാണുണ്ടായിരുന്നതെന്നും അതിനുശേഷം തന്റെ മരണം വരെ ഉമറിന്റെ(റ) കൈവശവും അതിനു ശേഷം അദ്ദേഹത്തിന്റെ മകളായ (പ്രവാചകപത്‌നി) ഹഫ്‌സയുടെ കൈവശവുമാണ് അത് ഉണ്ടായിരുന്നതെന്നും സൈദ് ബിന്‍ ഥാബിത്തിൽ നിന്ന് തന്നെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

സൈദ് ബിന്‍ ഥാബിത് (റ) പറയുന്നു: യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ നിരവധി സ്വഹാബാക്കള്‍ മരണപ്പെട്ടത് കാരണമായി അബൂബക്കര്‍ (റ) എന്റെയടുത്തേക്ക് ഒരു ദൂതനെ പറഞ്ഞയച്ചു. ഞാന്‍ അദ്ദേഹത്തിനടുത്തെത്തിയപ്പോള്‍ ഉമര്‍ (റ) ഉണ്ടായിരുന്നു. അബൂബക്കര്‍ (റ) പറഞ്ഞു: “ഉമര്‍ (റ) എന്നോട് പറയുന്നു, യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ നിരവധി സ്വഹാബാക്കള്‍ വധിക്കപ്പെട്ടു. മറ്റു യുദ്ധങ്ങളില്‍ ഇനിയും വധിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഖുര്‍ആനിന്റെ വലിയൊരു ഭാഗം നഷ്ടമായേക്കാം. അതുകൊണ്ട് ഖുര്‍ആന്‍ ഒരുമിച്ച് കൂട്ടുന്നതിനായി താങ്കള്‍ കല്‍പന നല്‍കണമെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എങ്ങനെ നബി (സ) ചെയ്യാത്ത ഒരു കാര്യം ഞാന്‍ ചെയ്യാനാണ്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: ഇത് അല്ലാഹുവില്‍ സത്യമായും ഉത്തമ കാര്യമാണ്. അങ്ങനെ ഉമര്‍ (റ) എന്നോട് ഈ ആവശ്യം ഉന്നയിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അല്ലാഹു അതിനായി എന്റെ മനസ്സിനെ വിശാലപ്പെടുത്തി. ഉമറിന്റെ(റ) വീക്ഷണം ശരിയാണെന്ന് ഞാന്‍ കാണുന്നു.”

സൈദു ബ്നു ഥാബിത് (റ) പറയുന്നു: “അബൂബക്കര്‍ (റ) എന്നോട് പറഞ്ഞു. നീ ബുദ്ധിമാനായ യുവാവാണ്. നിന്നെ ഞങ്ങള്‍ തെറ്റിദ്ധരിക്കുകയില്ല. നീ നബി(സ)ക്കായി ദിവ്യസന്ദേശങ്ങള്‍ എഴുതിയിരുന്നു. ആയതിനാല്‍ ഖുര്‍ആന്‍ രേഖകള്‍ അന്വേഷിച്ചു കണ്ടെത്തി ഒരുമിച്ചു കൂട്ടുക. “അല്ലാഹുവാണെ! ഒരു മല നീക്കിവെക്കാന്‍ എന്നോട് അദ്ദേഹം കല്‍പിച്ചിരുന്നുവെങ്കില്‍ അദ്ദേഹം കല്‍പിച്ച ഈ കാര്യത്തേക്കാള്‍ ഭാരമാകുമായിരുന്നില്ല. ഞാന്‍ ചോദിച്ചു. നബി (സ) ചെയ്യാത്ത ഒരു കാര്യം നിങ്ങള്‍ എങ്ങനെ ചെയ്യാനാണ്? അപ്പോള്‍ അബൂബക്കര്‍ (റ) എന്റെ മനസ്സ് വിശാലമാക്കുന്നവിധം അതിന്റെ ആവശ്യകതയെ സംബന്ധിച്ച് ഉണര്‍ത്തിക്കൊണ്ടിരുന്നു. ഞാന്‍ അന്വേഷണം ആരംഭിച്ചു. പനയോലകള്‍, മിനുസമായ പരന്ന കല്ലുകള്‍, മനഃപ്പാഠമായുള്ളവരുടെ ഹൃദയങ്ങള്‍ എന്നിവയില്‍ നിന്നും അതിനെ ഒരുമിച്ചു കൂട്ടി. സൂറഃ തൗബയിലെ അവസാനത്തെ രണ്ടു ആയത്തുകള്‍ അബൂ ഖുസൈമതില്‍ അന്‍സാരി (റ) എന്ന സ്വഹാബിയില്‍ നിന്നു മാത്രമാണ് ലഭിച്ചത്. ആ ഏട് മരണം വരെ അബൂബക്കറിന്റെ(റ) കൈവശമായിരുന്നു. ശേഷം ജീവിതകാലം ഉമറിന്റെ (റ) കരങ്ങളിലും പിന്നീട് പുത്രി ഹഫ്‌സ(റ)യുടെ കരങ്ങളിലുമായിരുന്നു. (സ്വഹീഹുൽ ബുഖാരി, കിതാബുൽ അഹ്‌കാം, ബാബു യൂസ്തഹബ്ബു് ലിൽ കാത്തിബി അൻ യക്കൂന അമീനൻ ആഖിലൻ; ജാമിഉത്തിര്മിദി, കിതാബു ത്തഫ്സീർ)

ഖുര്‍ആന്‍ പൂര്‍ണമായി ഒരൊറ്റ ഗ്രൻഥത്തിലായി ക്രോഡീകരിച്ചത് അബൂബക്കര്‍ (റ) ആണെന്ന് പ്രമുഖരായ സ്വഹാബിമാരെല്ലാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അലി (റ) പറഞ്ഞു: “മുസ്ഹഫിന്റെ വിഷയത്തില്‍ ഏറ്റവും ഉത്തമമായ പ്രതിഫലം അബൂബക്കറി(റ)നാണ്. അല്ലാഹുവിന്റെ കാരുണ്യം അബൂബക്കറിന്(റ) ഉണ്ടാകട്ടെ. കാരണം അല്ലാഹുവിന്റെ ഗ്രന്ഥം ആദ്യമായി സമാഹരിച്ചത് അദ്ദേഹമാണ്.” (ഇബ്‌നു അബീ ദാവൂദ് പേജ് 153)

അലി (റ) പറഞ്ഞു: “അല്ലാഹു അബൂബക്കറി(റ)ന് കരുണ ചെയ്യട്ടെ. കാരണം അദ്ദേഹമാണ് രണ്ടു ചട്ടകള്‍ക്കുള്ളിലായി ഖുര്‍ആനിനെ സമാഹരിച്ചത്.” (ഇബ്‌നു അബീദാവൂദ്, ഇബ്‌നു അബീ ശൈഖ 6/148, ഇബ്‌നു സഅദ്: ത്വബഖാത്ത് 3/193. ഈ ഹദീഥ് സ്വഹീഹാണെന്ന് ഇമാം സുയൂത്വി പറഞ്ഞിട്ടുണ്ട്.)

സൈദിന്റെ(റ) ക്രോഡീകരണരീതി

ഭരണാധികാരിയായിരുന്ന അബൂബക്കറിന്റെ(റ) നിർദേശം സൈദ് ബ്നു ഥാബിത് (റ) ശിരസ്സാവഹിക്കുകയും മലയെ അതിന്റെ സ്ഥാനത്ത് നിന്ന് നീക്കുന്നതിനേക്കാൾ പ്രയാസകരമെന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച പ്രസ്തുത ദൗത്യം ഉത്തരവാദിത്തത്തോടെ നിർവഹിക്കുകയും ചെയ്തു. ഖുർആൻ രണ്ട് ചട്ടകൾക്കുള്ളിലായി ക്രോഡീകരിക്കുകയെന്ന ശ്രമകരമായ ദൗത്യം നിർവഹിക്കുന്നതിനുള്ള മാർഗരേഖ അബൂബക്കർ (റ) തന്നെ സൈദിന് നൽകിയിരുന്നു. അത് ഇങ്ങനെയാണ്: “നിങ്ങള്‍ പള്ളിയുടെ വാതിൽക്കൽ ഇരിക്കുക. അല്ലാഹുവിന്റെ കിതാബില്‍ നിന്നും രണ്ടു സാക്ഷികളുമായി വന്നവനില്‍ നിന്നും രേഖപ്പെടുത്തുക.” (ഇബ്‌നു അബീദാവൂദ് 23/157 പരമ്പര മുറിഞ്ഞതാണ് (മുന്‍ഖതിഅ) ഈ നിവേദനമെങ്കിലും ശേഷിക്കുന്ന പരമ്പര ഹസനായാതിനാൽ സ്വീകാര്യമാണെന്ന് എന്ന് ഇമാം ഇബ്‌നു ഹജറും (ഫതഹുല്‍ ബാരി 9/14,) ഇമാം ഇബ്‌നു കഥീറും (ഫദാഇലുല്‍ ഖുര്‍ആന്‍ പേജ് 27) അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഈ നിവേദനത്തിൽ പറഞ്ഞിരിക്കുന്ന രണ്ടു സാക്ഷികള്‍ കൊണ്ട് എന്താണ് വിവക്ഷിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യത്തിൽ പണ്ഡിതന്മാർ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഹാഫിസ് ഇബ്‌നു ഹജര്‍ (റ) പറയുന്നു: അത് മനഃപാഠമാക്കലും എഴുതി വെക്കലുമാണ്. അല്ലെങ്കില്‍ നബി(സ)യുടെ മുന്നില്‍വെച്ച് എഴുതപ്പെട്ടത്തിന് രണ്ടുപേര്‍ സാക്ഷി നില്‍ക്കലാണ്. കേവലം മനഃപ്പാഠം മാത്രം അവലംബിക്കാതെ നബി(സ)യുടെ സദസ്സില്‍ എഴുതപ്പെട്ടതാണ് എന്നു വ്യക്തമാക്കലും പരിഗണിക്കപ്പെട്ടു. (ഫതഹുല്‍ ബാരി 9/14-15)

ഇമാം സുയൂത്വി (റ) പറയുന്നു: “നബി (സ) ഇഹലോകവാസം വെടിഞ്ഞ വര്‍ഷം നബി(സ)യുടെ അംഗീകാരം കിട്ടിയതാണ് എന്ന രേഖ പരിഗണിക്കപ്പെട്ടു. (അല്‍ ഇത്ഖാന്‍ 1/166)

ഇമാം സഖാവി (റ) എഴുതി “നബി(സ)യുടെ സദസ്സില്‍ വെച്ച് എഴുതപ്പെട്ടതിന് രണ്ടു സാക്ഷികളെയും നിബന്ധനയായി വെച്ചു. അല്ലെങ്കില്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. കാരണം സൈദ് (റ) ഖുര്‍ആന്‍ പൂര്‍ണമായും മനഃപ്പാഠമുള്ളവരായിരുന്നു. (ജമാലുല്‍ ഖുര്‍റാഅ് 1/302)

നബി(സ)യുടെ മുന്നില്‍വെച്ച് സ്വഹാബാക്കള്‍ പകര്‍ത്തി എഴുതിയതിനെ മാത്രം രണ്ടു സാക്ഷികളോടുകൂടി ഇവിടെ സ്വീകരിച്ചു. അതിന് നേതൃത്വം നല്‍കിയവര്‍ പൂര്‍ണമായും മനഃപ്പാഠമാക്കിയവരും നബി(സ)യുടെ എഴുത്തുകാരുമായിരുന്നു. പൂര്‍ണമായി എഴുതിയ രേഖ ലഭിക്കാനാണ് ഈ ശൈലി സ്വീകരിച്ചത്.

എല്ലുകളിലും ഓലകളിലും മിനുസമുള്ള കല്ലുകളിലും ചെറിയ കടലാസ് നിര്‍മിത ഏടുകളിലുമായി എഴുതപ്പെട്ട ഖുര്‍ആന്‍ പാഠഭാഗങ്ങള്‍ പൂര്‍ണമായി സമാഹരിച്ചുകൊണ്ടാണ് അബൂബക്കറിന്റെ(റ) കാലത്തെ ക്രോഡീകരണം നടന്നത്. പ്രവാചകകാലത്ത് നിലവിലുണ്ടായിരുന്ന ഖുർആൻ ലിഖിതങ്ങളെ രണ്ടു ചട്ടകൾക്കകത്തായി ക്രോഡീകരിക്കുകയാണ് യഥാർത്ഥത്തിൽ സൈദു ബ്നു ഥാബിത്ത് (റ) ചെയ്തത്. മദീനയിലുണ്ടായിരുന്ന രേഖകളെ മുഴുവൻ പരിശോധനാവിധേയമാക്കിയശേഷം അവ തന്റെയും മറ്റു ഖുർആൻ കാണാതെ അറിയുന്നവരുടെയും മനഃപാഠവുമായി ഒത്തുപോവുന്നുണ്ടോയെന്ന് പരിശോധിക്കുകയും പ്രവാചകകാലത്ത് എഴുതപ്പെട്ടവ തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്താണ് ഈ ക്രോഡീകരണം നടന്നത്.

ആദ്യമായി നിർമ്മിക്കപ്പെട്ട ഈ ക്രോഡീകൃത ഖുർആനിന് ചില സവിശേഷതതകള്‍ ഉണ്ടായിരുന്നു.

1) സൂക്ഷ്മമായ പരിശോധനക്കും തെറ്റുപറ്റാത്ത സാക്ഷ്യപ്പെടുത്തലുകള്‍ക്കും ശേഷമാണ് അത് നടന്നത്.

2) പാരായണം ദുര്‍ബലപ്പെട്ട ആയത്തുകളൊന്നും അതില്‍ ഉണ്ടായിരുന്നില്ല.

3) സ്വഹാബത്തിന്റെ മൊത്തത്തിലുള്ള അംഗീകാരമുള്ള പതിപ്പായിരുന്നു അത്.

4) സ്ഥിരപ്പെട്ട പാരായണ ശൈലികളെല്ലാം അത് ഉള്‍ക്കൊണ്ടിരുന്നു.

5) മനഃപ്പാഠത്തെ മാത്രം അവലംബിക്കാതെ പ്രവാചക സമക്ഷത്തില്‍ എഴുതപ്പെട്ടതിനെയും അവലംബിച്ചു.

6) വ്യക്തിപരമായി പലരുടെയും കൈവശമുണ്ടായിരുന്ന സ്വകാര്യമുസ്ഹഫുകളേക്കാള്‍ ആധികാരികത ഇതിനായിരുന്നു.

പ്രവാചകവിയോഗത്തിനു ശേഷം ഇരുപത്തിയേഴ് മാസം മാത്രം ഭരിച്ച അബൂബക്‌റിന്റെ(റ) ഭരണ കാലത്ത് തന്നെ രണ്ട് ചട്ടകള്‍ക്കുള്ളിലായി ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാൽ അതിനർത്ഥം അതിൽ യാതൊന്നും കടന്നുകൂടുകയോ നഷ്ടപ്പെടുകയോ ചെയ്യാനുള്ള ന്യൂനാൽന്യൂനമായ സാധ്യത പോലുമില്ലെന്നാണ്. അത് നിര്‍വഹിക്കുന്നതിന് നേതൃത്വം വഹിച്ചതാകട്ടെ പ്രവാചകനില്‍(സ) നിന്ന് നേര്‍ക്കു നേരെ ഖുര്‍ആന്‍ കേള്‍ക്കുവാനും മനഃപാഠമാക്കുവാനും ഏറ്റവും അധികം അവസരമുണ്ടായിരുന്ന വ്യക്തിയും നബി(സ)യുടെ എഴുത്തുകാരില്‍ പ്രമുഖനുമായ സൈദ് ബ്‌നു ഥാബിത്തും(റ)!. ഇതെല്ലാം നടക്കുന്നത് പ്രവാചക വിയോഗത്തിനു ശേഷം കേവലം ആറ് മാസം മാത്രം കഴിഞ്ഞു നടന്ന യമാമ യുദ്ധത്തിനു തൊട്ടുടനെയാണ്. ഖുര്‍ആന്‍ മനഃപാഠമുള്ളവരില്‍ നിന്ന് കേള്‍ക്കുവാനും പകര്‍ത്തുവാനും, അവ എത്രത്തോളം ലഭ്യമായ കയ്യെഴുത്തു രേഖകളുമായി സാമ്യം പുലര്‍ത്തുന്നുണ്ടെന്ന് പരിശോധിക്കുവാനുമെല്ലാം കഴിയുന്ന ഊര്‍ജസ്വലനും സത്യസന്ധനുമായ വ്യക്തിയെത്തന്നെയായിരുന്നു അബൂബക്കർ (റ) ഇതിന് ചുമതലപ്പെടുത്തിയത്. സ്വന്തം മനഃപാഠത്തെയോ ജീവിച്ചിരിക്കുന്ന മറ്റു ഖുര്‍ആന്‍ അറിയുന്നവരുടെ മനഃപാഠത്തെയോ മാത്രം ആശ്രയിക്കുകയല്ല, അവര്‍ മനഃപാഠമാക്കിയ കാര്യങ്ങള്‍ പ്രവാചകന്റെ കാലത്ത് എഴുതപ്പെട്ട രേഖകളിലേതിലെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുകകൂടി ചെയ്തതിനു ശേഷമാണ് അദ്ദേഹം ഖുര്‍ആന്‍ ക്രോഡീകരിച്ചത്.

പലരുടെയും മനഃപാഠത്തിലുണ്ടായിരുന്നുവെങ്കിലും സൂറത്തുത്തൗബയിലെ അവസാനത്തെ രണ്ട് വചനങ്ങള്‍ എഴുത്ത് രേഖകളിലൊന്നും കണ്ടെത്താനായില്ലെന്നും അത് കണ്ടെത്തുന്നത് വരെ തന്റെ അന്വേഷണം തുടര്‍ന്നുവെന്നും അബൂ ഖുസൈമത്തുല്‍ അന്‍സ്വാരിയുടെ പക്കല്‍ നിന്ന് അവകൂടി കണ്ടെത്തിയ ശേഷമാണ് തന്റെ ക്രോഡീകരണദൗത്യം അവസാനിപ്പിച്ചതെന്നും സൈദ് ബ്‌നു ഥാബിത്ത്‌ (റ) തന്നെ നേരത്തെ സൂചിപ്പിച്ച ഹദീഥിൽ പറയുന്നുണ്ട്. എത്രത്തോളം സൂക്ഷ്മമായാണ് അദ്ദേഹം ഓരോ വചനങ്ങളെയും പരിശോധനാവിധേയമാക്കിയതെന്നും പ്രവാചകൻ ഖുർആനായി പഠിപ്പിച്ചത് മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ആദ്യത്തെ ക്രോഡീകൃത ഖുർആൻ തയാറാക്കിയതെന്നും ഇതിൽ നിന്ന് ബോധ്യപ്പെടുന്നുണ്ട്. പ്രവാചകവിയോഗത്തിന് ശേഷം ആറ് മാസം കഴിഞ്ഞ ഉടനെത്തന്നെ തികച്ചും വിശ്വസ്തനും സത്യസന്ധനും പ്രവാചകനില്‍ നിന്ന് ഖുര്‍ആന്‍ കേട്ടെഴുതുകയും മനഃപാഠമാക്കുകയും ചെയ്ത വ്യക്തിയുമായ സൈദ് ബ്‌നു ഥാബിത്തി(റ)ലൂടെ രണ്ട് ചട്ടകള്‍ക്കകത്തായി ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെടുകയും അത് പ്രവാചകാനുചരന്മാരുള്‍ക്കൊള്ളുന്ന മുസ്‌ലിം സമൂഹം മൊത്തത്തില്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നര്‍ഥം.

ഔദ്യോഗിക മുസ്ഹഫ് അബൂബക്കറിന്(റ) ശേഷം

അബൂബക്കറിന്റെ(റ) ഭരണകാലത്ത് രണ്ട് ചട്ടകള്‍ക്കുള്ളിലായി ക്രോഡീകരിക്കപ്പെട്ട ഖുര്‍ആനിനെ അത് നിര്‍വഹിച്ച സൈദു ബ്നു ഥാബിത്ത് വിളിച്ചിരിക്കുന്നത് ‘സുഹുഫ്’ (സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ഖുര്‍ആന്‍) എന്നാണ്. ഇബ്‌റാഹീമിനും മൂസായ്ക്കും(അ) നല്‍കപ്പെട്ട ഏടുകളെക്കുറിക്കുവാന്‍ ഖുര്‍ആന്‍ (87:19) ഉപയോഗിച്ച അതേ പ്രയോഗം. താന്‍ മരണപ്പെടുമ്പോള്‍ തന്റെ പിന്‍ഗാമിയായ ഉമറിനെ(റ) നിര്‍ദേശിച്ചതോടൊപ്പം തന്നെ ഈ ‘സുഹുഫ്’ അബൂബക്കർ (റ) ഉമറിനെ(റ) ഏല്‍പിക്കുകയും ചെയ്തു. പത്ത് വര്‍ഷക്കാലം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഉന്നതാധികാരിയായി സേവനമനുഷ്ഠിച്ച ഉമറിന്റെ(റ) ഭരണകാലത്ത് ഈ ഖുര്‍ആന്‍ കോപ്പി അദ്ദേഹം സൂക്ഷിക്കുകയും ഒപ്പം തന്നെ രാഷ്ട്രത്തിലുടനീളം ഖുര്‍ആന്‍ പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുമാവശ്യമായ സംവിധാനങ്ങളൊരുക്കുകയും ചെയ്തു. ബസ്വറയിലേക്കും കൂഫയിലേക്കും ഹിംസിലേക്കും ദമസ്‌കസിലേക്കും ഫലസ്തീനിലേക്കുമെല്ലാം ഖുര്‍ആന്‍ പഠിപ്പിക്കുവാനായി വ്യത്യസ്ത പ്രവാചകാനുചരന്മാരെ ഉമർ (റ) പറഞ്ഞയച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ശമ്പളം കൊടുത്തതും അല്ലാതെയുമെല്ലാം പലരെയും അദ്ദേഹം കുട്ടികൾക്കും മുതിർന്നവർക്കും ഖുർആൻ പഠിപ്പിക്കാനായി ചുമതലപ്പെടുത്തിയതായി കാണാൻ കഴിയും.

പേര്‍ഷ്യന്‍ ക്രൈസ്തവനായ അബൂലുഅ്‌ലുഅയുടെ കുത്തേറ്റ് മരണാസന്നനായി കിടന്നപ്പോള്‍ തന്റെ പിന്‍ഗാമിയായി ആരെയും നിശ്ചയിക്കാതിരിക്കുകയും രാഷ്ട്രനേതാവിനെ തെരഞ്ഞെടുക്കേണ്ടതെങ്ങനെയെന്ന തന്റെ വീക്ഷണം മാത്രം സമൂഹത്തിന് മുന്നില്‍ വെക്കുകയും ചെയ്ത ഉമര്‍, (റ) വിശുദ്ധ ഖുര്‍ആനിന്റെ കയ്യെഴുത്ത് പ്രതിയായ ‘സുഹുഫ്’ തന്റെ പുത്രിയും പ്രവാചക പത്‌നിയുമായ ഹഫ്‌സയെ (റ) ഏല്‍പിച്ചുകൊണ്ടാണ് ഇഹലോകവാസം വെടിഞ്ഞത്. പ്രസ്തുത കോപ്പിയെ ആധാരമാക്കിയാണ് ഉഥ്മാൻ (റ) തന്റെ ഭരണകാലത്ത് ഖുർആൻ കോപ്പികളെടുക്കുകയും പ്രവിശ്യാ തലസ്ഥാനങ്ങളിലേക്ക് കൊടുത്തയക്കുകയും ചെയ്തത്. ഈ പതിപ്പിന് ഖുര്‍ആനിന്റെ ഔദ്യോഗിക പതിപ്പിന്റെ സ്ഥാനമുണ്ടായിരുന്നുവെങ്കിലും മറ്റു പല വ്യക്തികളുടെ കൈവശവും ഖുര്‍ആന്റെ ഏടുകളുണ്ടായിരുന്നു. പ്രവാചകന്റെ കാലത്ത് എഴുതപ്പെട്ടവയും ശേഷം പകര്‍ത്തിയെഴുതിയതുമായ ഏടുകള്‍. എന്നാല്‍, ഈ രേഖകളെയൊന്നുമായിരുന്നില്ല സാധാരണ ജനങ്ങള്‍ പൊതുവായി തങ്ങളുടെ പഠനത്തിനും പാരായണത്തിനും ആശ്രയിച്ചിരുന്നത്. അവര്‍ അവര്‍ക്കിടയിലുണ്ടായിരുന്ന മനഃപാഠമാക്കിയ വ്യക്തികളെയും അവരില്‍നിന്ന് പകര്‍ത്തിയെഴുതിയ സ്വകാര്യഏടുകളെയും ആശ്രയിച്ചിച്ചുകൊണ്ടാണ് അവർ തങ്ങളുടെ ഖുർആൻ പാരായണവും പഠനവും നിർവ്വഹിച്ചിരുന്നത്.

ഉഥ്മാനിന്റെ(റ) കാലത്ത് നടന്ന ക്രോഡീകരണം

മൂന്നാം ഖലീഫ ഉഥ്മാനിന്റെ(റ) ഭരണകാലം. ഹിജ്‌റ 23-ാം വര്‍ഷമായപ്പോഴേക്ക് ഇസ്‌ലാം കൂടുതല്‍ പ്രചരിക്കുകയും പുതിയ ഭൂപ്രദേശങ്ങള്‍ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വരുതിക്കുള്ളില്‍ വരികയും ചെയ്തു. അറബികളും അനറബികളുമായ ആയിരക്കണക്കിനാളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. അറബിഭാഷ അറിയാത്തവരുടെ ഇസ്‌ലാം ആശ്ലേഷം ഖുര്‍ആന്‍ പാരായണത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ചിലര്‍ ഉസ്മാന്റെ(റ) ശ്രദ്ധയില്‍പെടുത്തി. അര്‍മീനിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലുണ്ടായ യുദ്ധങ്ങളുടെ അവസരത്തില്‍ പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങള്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഖുര്‍ആന്‍ പാരായണത്തിന്റെ രീതിയിലും ഉച്ചാരണക്രമത്തിലും അവര്‍ വമ്പിച്ച വ്യത്യാസം വരുത്തുന്നത് കണ്ട പ്രവാചകാനുചരന്‍ ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന് ചിന്തിച്ചു. ഹുദൈഫ(റ)യായിരുന്നു ഈ പ്രശ്‌നം ഖലീഫയുടെ ശ്രദ്ധയില്‍പെടുത്തിയ ആദ്യ വ്യക്തികളില്‍ ഒരാള്‍. ഈ രൂപത്തില്‍ മുന്നോട്ടുപോയാല്‍ ഖുര്‍ആനിനെ സംബന്ധിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ സാരമായ ഭിന്നിപ്പ് ഉടലെടുക്കാന്‍ കാരണമായേക്കുമെന്ന് ദീര്‍ഘദര്‍ശികളായ പ്രവാചകാനുചരന്മാര്‍ ശ്രദ്ധയില്‍പെടുത്തി. അനിവാര്യമായ നടപടികളുണ്ടാവണമെന്ന് അവര്‍ ഖലീഫയോട് ആവശ്യപ്പെട്ടു.

ഉഥ്മാൻ (റ) ഹഫ്‌സ(റ)യുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക ഖുര്‍ആന്‍ പ്രതി കൊണ്ടുവരാന്‍ കല്‍പിച്ചു. ഇതിന്റെ പകര്‍പ്പുകള്‍ ശരിയായ ഖുറൈശി ഉച്ചാരണ രീതി പ്രകാരം തയാറാക്കുന്നതിനായി സൈദു ബ്നു ഥാബിത്തിന്റെ(റ) നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ അദ്ദേഹം ചുമതലപ്പെടുത്തി. അറബിയുടെ ആധാര ഉച്ചാരണ രീതി(standard pronunciation)യാണ് ഖുറൈശി രീതി. അബ്ദുല്ലാഹിബ്‌നു സുബൈര്‍, സൈദുബ്‌നുല്‍ ആസ്വി, അബ്ദുറഹ്മാനുബ്‌നു ഹിശാം തുടങ്ങിയവരായിരുന്നു മറ്റ് അംഗങ്ങള്‍. ഹഫ്‌സ(റ)യുടെ കൈവശമുണ്ടായി രുന്ന ഔദ്യോഗിക മുസ്ഹഫിന്റെ ആധാര ഉച്ചാരണരീതി പ്രകാരമുള്ള പതിപ്പുകള്‍ തയാറാക്കുകയായിരുന്നു ഇവരുടെ ഉത്തരവാദിത്തം. അവര്‍ ഈ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. ഹഫ്‌സയുടെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക ഖുര്‍ആന്‍ പ്രതി സമാഹരിച്ച സൈദു ബ്‌നു സാബിത്തു(റ)തന്നെ ഈ ഉത്തരവാദിത്ത നിര്‍വഹണത്തിന് നേതൃത്വം നല്‍കിയിരുന്നതിനാല്‍ അബദ്ധങ്ങളൊന്നും പിണയാതെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്ന് പ്രത്യേകമായി എടുത്ത് പറയാവുന്നതാണ്.

ഇക്കാര്യം വ്യക്തമാക്കുന്ന ഹദീഥ് കാണുക: ‘അനസ് ബിൻ മാലിക്ക് (റ) നിവേദനം: ഇറാഖുകാരും ശാമുകാരും കൂടി അർമീനിയയും അസർബൈജാനും പിടിച്ചടക്കാനായി നടന്ന യുദ്ധങ്ങൾക്ക് ശേഷം ഹുദൈഫത്തു ബിൻ അൽ യമാൻ (റ) ഉഥ്മാനിനെ(റ) സന്ദർശിച്ചു. ഖുര്‍ആന്‍ പാരായണത്തിൽ ജനങ്ങൾക്കിടയിലുള്ള ഭിന്നത അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നു. അദ്ദേഹം ഉഥ്മാനോട്(റ) പറഞ്ഞു: “വിശ്വാസികളുടെ നേതാവേ, ജൂതന്മാരെയും ക്രൈസ്തവരെയും പോലെ വേദഗ്രന്ഥങ്ങളുടെ വിഷയത്തില്‍ ഈ സമുദായം ഭിന്നതയിലാവുന്നതിൽ നിന്ന് താങ്കൾ അവരെ രക്ഷിക്കണം.” അപ്പോള്‍ അദ്ദേഹം ഹഫ്‌സയുടെ അടുത്തേക്ക് “ഖുർആനിന്റെ കയ്യെഴുത്തുപ്രതികൾ ഞങ്ങൾക്ക് നൽകുക; ഖുർആനിക വസ്തുക്കൾ ക്രോഡീകരിക്കുകയും കുറ്റമറ്റ പതിപ്പുകൾ തയ്യാറാക്കുകയും ചെയ്ത ശേഷം അത് നിങ്ങൾക്ക് തന്നെ തിരിച്ചു തരാം” എന്ന ഒരു സന്ദേശം കൊടുത്തയച്ചു. ഹഫ്‌സ(റ) അത് ഉഥ്മാനിന്(റ) കൊടുത്തയച്ചു. സൈദു ബ്നു ഥാബിത്ത് (റ), അബ്ദുല്ലാഹി ബ്നു സുബൈര്‍, സൈദ് ബിൻ അൽ ആസ്, അബ്ദു റഹ്‌മാൻ ബിന്‍ ഹാരിസ് ബിൻ ഹിശാം (റ) എന്നിവരോട് അതിന്റെ പതിപ്പുകളെടുക്കാനാവശ്യപ്പെട്ടു. ആ മൂന്ന് ഖുറൈശികളോടായി അദ്ദേഹം പറഞ്ഞു: “ഏതെങ്കിലും ഖുർആൻ വചനത്തിന്റെ കാര്യത്തിൽ സൈദ് ബ്നു ഥാബിത്തു(റ)മായി നിങ്ങൾ അഭിപ്രായഭിന്നതയിലായാൽ ഖുറൈശി ഉച്ചാരണരീതിയിൽ നിങ്ങൾ എഴുതുക; എന്തുകൊണ്ടെന്നാൽ അവരുടെ ഭാഷാശൈലിയിലാണ് ഖുർആൻ അവതരിച്ചത്.” അവർ അങ്ങനെ ചെയ്തു. അതിന്റെ നിരവധി കോപ്പികൾ എടുത്തു. മൂലകയ്യെഴുത്ത് രേഖ അതിനു ശേഷം ഹഫ്‌സ(റ)ക്കു തന്നെ ഉഥ്മാൻ (റ) തിരിച്ചേൽപ്പിച്ചു. എല്ലാ പ്രവിശ്യകളിലേക്കും ഉഥ്മാൻ (റ) അതിലെ ഓരോ കോപ്പികൾ കൊടുത്തയക്കുകയും അതല്ലാത്ത പൂര്‍ണമായോ ഭാഗികമായോ ഉള്ള മറ്റെല്ലാ കയ്യെഴുത്ത് പ്രതികളും കത്തിച്ച് നശിപ്പിക്കുവാൻ ഉത്തരവിടുകയും ചെയ്തു.” (സ്വഹീഹുൽ ബുഖാരി, കിതാബ് ഫദാഇലിൽ ഖുർആൻ, ബാബു ജംഇൽ ഖുർആൻ; ജാമിഉത്തിർമിദി, കിതാബു ത്തഫ്സീർ)

വ്യത്യസ്ത വിഭാഗങ്ങളുടെ ഖുർആൻ പാരായണത്തിൽ വന്ന വ്യത്യസ്തതകളും അതേക്കുറിച്ച തർക്കങ്ങളും ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഉഥ്മാൻ (റ) ഖുറൈശീഭാഷയിൽ ഖുർആൻ ക്രോഡീകരിക്കാനും അത് വ്യത്യസ്ത പ്രവിശ്യകളിലേക്ക് കൊടുത്തയച്ച് ഈ തർക്കം എന്നേക്കുമായി പരിഹരിക്കുവാനും തീരുമാനിച്ചത്. ഇക്കാര്യം അലി (റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്; അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ ഉഥ്മാനെ(റ) സംബന്ധിച്ച് നന്മയല്ലാതെ പറയരുത്. മുസ്ഹഫുകളിലെ വിഷയത്തിലെ അദ്ദേഹത്തിന്റെ പ്രവൃത്തി ഞങ്ങളിലെ ഒരു സംഘത്തിന്റെ അഭിപ്രായപ്രകാരമായിരുന്നു. ചിലര്‍ പറയുന്നതായി എനിക്ക് വിവരം ലഭിച്ചു. ഞാന്‍ പരായണം ചെയ്യുന്നത് നിന്റേതിനേക്കാള്‍ ഉത്തമമാണ്. ഞങ്ങള്‍ ചോദിച്ചു. താങ്കള്‍ എന്തുപറയുന്നു. ഉഥ്മാൻ (റ) പറഞ്ഞു: ജനങ്ങളെ ഒരു പാരായണ ശൈലിയില്‍ ഏകോപിപ്പിക്കാം. പിന്നെ ഭിന്നതയുണ്ടാകുന്നതല്ല. (ഫതഹുല്‍ ബാരി 8/634, പരമ്പര സ്വഹീഹാണെന്ന് ഇമാം പറഞ്ഞു. ഇബ്‌നു അബീ ദാവൂദ് അല്‍ മസാഹിഫ് നമ്പര്‍ 77, അല്‍ ഇത്ഖാന്‍ 1/169)

അബു ഖിലാബ (റ) നിവേദനം ചെയ്യുന്നു: ഉഥ്മാന്റെ (റ) ഖിലാഫത്ത് കാലമായപ്പോള്‍ ഒരു അധ്യാപകന്‍ ഒരാളുടെ (അദ്ദേഹത്തിന്റെ ഗുരുവായ സ്വഹാബിയുടെ) ഖിറാഅത്ത് പഠിപ്പിച്ചു. മറ്റൊരാള്‍ മറ്റൊരാളുടെ ഖിറാഅത്തും പഠിപ്പിച്ചു. അവരുടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായി. ആ പ്രശ്‌നം അധ്യാപകരുടെ മുന്നിലും എത്തി. അവര്‍ പരസ്പരം വിമർശിക്കുന്ന അവസ്ഥയിലെത്തി. ഇത് ഉഥ്മാന്റെ(റ) മുന്നിലെത്തി. അദ്ദേഹം പ്രഭാഷണത്തിനായി എഴുന്നേറ്റു നിന്ന് പറഞ്ഞു.” എന്റെ കാലത്ത് ഖുർആനിൽ പിഴവ് വരുന്നവിധം നിങ്ങള്‍ ഭിന്നിച്ചിരിക്കുന്നു. വിദൂര പട്ടണങ്ങളില്‍ വസിക്കുന്നവരില്‍ രൂക്ഷമായ ഭിന്നത ഉണ്ടായിട്ടുണ്ടാകും. മുഹമ്മദിന്റെ(സ) അനുയായികളേ, എഴുന്നേല്‍ക്കുക. ജനങ്ങൾക്കെല്ലാം അവലംബയോഗ്യമായ ഒരു മുസ്ഹഫ് തയ്യാറാക്കുക. (ഇബ്‌നു അബീ ദാവൂദ്: മസാഹിഫ് ഹദീഥ് 74, ഇമാം ദാനി: മുഖന്നഅ 16, അല്‍ ഇത്ഖന്‍ 1/169. നിവേദകര്‍ വിശ്വസ്തരാണെങ്കിലും മുന്‍ഖതിആണ്)

ബുകൈര്‍ (റ) പറയുന്നു: ഇറാഖിലെ ചിലരോട് ഒരു ആയത്തിനെക്കുറിച്ച് ചോദിച്ചു. അത് പാരായണം ചെയ്താല്‍ അതിനെ വിമർശിക്കുന്ന അവസ്ഥ വന്നു. ജനങ്ങളില്‍ നിഷേധ പ്രവണത വര്‍ധിച്ചു. അവര്‍ ഖുര്‍ആനില്‍ ഭിന്നിച്ചു. (ഇബ്‌നു അബീ ദാവൂദ് അല്‍മസാഹിഫ് 80, ഇബ്‌നു ഹജര്‍ (റ) സ്വഹീഹാണെന്ന് പറഞ്ഞു)

അജ്ഞത മനുഷ്യന്റെ ശത്രുവാണ്. വ്യത്യസ്ത ഖിറാഅത്തുകളുടെ സാധുതയെപ്പറ്റി അല്‍പജ്ഞാനമുള്ളവര്‍ ഭിന്നിക്കുവാൻ സാധ്യതയുണ്ട്. താന്‍ മനസ്സിലാക്കിയ ഖിറാഅത്ത് മാത്രമാണ് ശരിയെന്ന വിചാരം മറ്റുള്ളതിനെ നിഷേധിക്കുന്നതിലേക്ക് വഴിതെളിക്കും. ഇതാണ് വിവരമില്ലാത്ത സാധാരണക്കാരെ ആയത്തുകളെക്കുറിച്ച ഭിന്നതയിലേക്ക് നയിച്ചത്. ഈ ഭിന്നത പരിഹരിക്കുക ഭരണാധികാരിയായ ഉഥ്മാനിന്റെ(റ) കർത്തവ്യമാണ്. അതിനായി അദ്ദേഹം ചെയ്ത കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1) ഖുര്‍ആനിനെ സംബന്ധിച്ച് അവഗാഹമുള്ള സ്വഹാബാക്കളുടെ കൂടിയാലോചന സമിതി രൂപീകരിച്ചു.

ഇബ്‌നു സീരിന്‍ (റ) പറയുന്നു. “മുസ്ഹഫ് എഴുതാനായി ഉസ്മാന്‍ (റ) പന്ത്രണ്ടു പേരെ ഒരുമിച്ചു കൂട്ടി. ഉബയ്യ് ബിന്‍ കഅ്ബും സൈദ് ബിന്‍ സാബിതും(റ) അവരിലുണ്ടായിരുന്നു.” (ഇബ്‌നു അബീ ദാവൂദ്. അൽ മസാഹിഫ് – ഹദീസ് നമ്പർ 90,91 നിവേദകര്‍ വിശ്വസ്തരാണ്).

2) അബൂബക്കറിന്റെ(റ) കാലഘട്ടത്തില്‍ എഴുതപ്പെട്ട പ്രഥമ പ്രതിയെ തന്നെ പ്രധാനമായും ആശ്രയിച്ചു.

അനസ് (റ) പറയുന്നു: പറയുന്നു: “ഹഫ്‌സ(റ)യുടെ സമീപമുള്ള മുസ്ഹഫ് കോപ്പിയെടുത്ത ശേഷം തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ ഉഥ്മാന്(റ) അയച്ചുകൊടുക്കാനായി ദൂതനെ നിയോഗിച്ചു.” (ബുഖാരി ഫതാഹ് 11/9, തിര്‍മിദി 4/347)

3) ആദ്യഘട്ടത്തില്‍ നടന്നതുപോലെ നബി(സ)യുടെ സാന്നിധ്യത്തില്‍ എഴുതപ്പെട്ട ലിഖിതങ്ങള്‍ വീണ്ടും ശേഖരിക്കാന്‍ കല്‍പന നൽകുകയും ഖുർആനിൽ നിന്ന് യാതൊന്നും നഷ്ടപ്പെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

4) ഖുര്‍ആനിന്റെ ആദ്യ അവതരണശൈലി ഇതില്‍ അവലംബിച്ചു.

5) കുറ്റമറ്റ ഖുര്‍ആന്‍ കോപ്പി തയാറാക്കിയ ശേഷം മറ്റ് കോപ്പികളെല്ലാം കത്തിച്ചു കളയാനായി കൽപിച്ചു.

print

No comments yet.

Leave a comment

Your email address will not be published.