ഖുർആൻ സംരക്ഷിതഗ്രന്ഥം -5

//ഖുർആൻ സംരക്ഷിതഗ്രന്ഥം -5
//ഖുർആൻ സംരക്ഷിതഗ്രന്ഥം -5
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -5

ഹർഫുകളും ഖിറാഅത്തുകളും -3

ഖുർആനിന് പാഠഭേദങ്ങളില്ല.

വ്യത്യസ്ത പാരായണ ശൈലികളെയും (ഹര്‍ഫ്) പാരായണ രീതികളെയും (ക്വിറാഅത്ത്) കുറിച്ച തെറ്റുധാരണകൊണ്ടാണ് ചിലര്‍ ക്വുര്‍ആനിന് പാഠഭേദങ്ങളുണ്ടെന്ന് വാദിക്കുന്നത്. ഹര്‍ഫും ക്വിറാഅത്തും ഒന്നു തന്നെയാണെന്നാണ് അവര്‍ തെറ്റുധരിച്ചിരിക്കുന്നത്. ക്വുര്‍ആനിന്റെ വ്യത്യസ്ത ശൈലികളാണ് ഏഴു ഹര്‍ഫുകള്‍. ക്വുര്‍ആന്‍ അവതരിക്കപ്പെട്ടത് ഖുറൈശികളുടെ ഹര്‍ഫിലായിരുന്നുവെന്നും തന്റെ സമുദായത്തിലെ വ്യത്യസ്ത വിഭാഗക്കാര്‍ക്ക് എളുപ്പത്തില്‍ പാരായണം ചെയ്യുന്നതിനുവേണ്ടി, നബി (സ) ആവശ്യപ്പെട്ട് നേടിയെടുത്തതാണ് ഏഴു ഹര്‍ഫുകളിലുള്ള പാരായണമെന്നും സ്വഹീഹായ ഹദീഥുകള്‍ വ്യക്തമാക്കുന്നത് നാം മനസ്സിലാക്കിയിട്ടുണ്ട്. (സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍ വ മാ യതഅല്ലഖ ബിഹി; സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖുസ്വൂമാത്; സ്വഹീഹുല്‍ ബുഖാരി, കിതാബു ബദ്ഉല്‍ ഖല്‍ഖ്; ജാമിഉ ത്തിര്‍മിദി, കിതാബുല്‍ ക്വിറാആത്; മുസ്‌നദ് ഇമാം അഹ്മദ്, 5/132 ഹദീഥ്: 21523)

വ്യത്യസ്ത ഗോത്രങ്ങളില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച വ്യത്യസ്ത നിലവാരത്തിലുള്ളവര്‍ക്കെല്ലാം ക്വുര്‍ആന്‍ പാരായണത്തിനും മനഃപാഠമാക്കുന്നതിനും അത് വ്യത്യസ്തമായ ശൈലികളിൽ ഉണ്ടായിരുന്നതിനാൽ എളുപ്പത്തില്‍ സാധിച്ചു. അതോടൊപ്പം തന്നെ ക്വുര്‍ആനിലെ ഒരു അധ്യായത്തിന് തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാന്‍ സത്യനിഷേധികളെ വെല്ലുവിളിക്കുന്ന ക്വുര്‍ആന്‍ വചനങ്ങളുടെ(ക്വുര്‍ആന്‍ 2: 23, 24) അർത്ഥവ്യാപ്തി എല്ലാവര്‍ക്കും മനസ്സിലാക്കുവാനും എല്ലാ ഗോത്രങ്ങളെയും പ്രസ്തുത വെല്ലുവിളിക്ക് വിധേയമാക്കുവാനും അതുവഴി കഴിയുകയും ചെയ്തു. ഒരൊറ്റ ശൈലിയില്‍ മാത്രമായിരുന്നു ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതെങ്കില്‍ ചിലര്‍ക്കെങ്കിലും തങ്ങള്‍ക്ക് ഈ വെല്ലുവിളി ബാധകമല്ലെന്നും തങ്ങളുടേതല്ലാത്ത ഭാഷാശൈലിയിലാണ് ക്വുര്‍ആന്‍ സംസാരിക്കുന്നതെന്നും പറഞ്ഞ് രക്ഷപ്പെടാമായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ഗോത്രങ്ങള്‍ക്കൊന്നിനും ഈ വെല്ലുവിളിയുടെ പരിധിയില്‍ നിന്ന് മാറുവാന്‍ കഴിയാത്തവിധം അവരിലെ സത്യനിഷേധികളെ കുരുക്കുന്നതാണ് ഏഴു ഹര്‍ഫുകളിലായുള്ള ക്വുര്‍ആനിന്റെ അവതരണമെന്നര്‍ഥം.

ഉഥ്മാനി(റ)ന്റ ഭരണകാലത്ത് നടന്നത് ഈ ഏഴുഹര്‍ഫുകളെയും ഉള്‍ക്കൊണ്ടുകൊണ്ട്, ഖുറൈശീഭാഷയിലുള്ള മുസ്ഹഫ് പകര്‍ത്തിയെഴുത്തായിരുന്നുവെന്നാണ് ഹദീഥുകള്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ വിയോജിക്കുന്നുവെങ്കില്‍ അത് ഖുറൈശീ രീതിപ്രകാരം എഴുതുക; ക്വുര്‍ആന്‍ അവതരിക്കപ്പെട്ടത് ഖുറൈശീ രീതിയിലാണ് (സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍) എന്ന ഉഥ്മാനുബ്‌നു അഫ്ഫാനി(റ)ന്റ നിര്‍ദേശത്തില്‍ നിന്ന് അതാണ് മനസ്സിലാവുന്നത്. അറബി ആധാര ഭാഷയായ ഖുറൈശീഭാഷയിലുള്ള മുസ്ഹഫിന്റെ പകര്‍ത്തിയെഴുത്തിനു ശേഷം വ്യത്യസ്ത ഹര്‍ഫുകള്‍ സ്വാഭാവികമായും നിലനിന്നിരുന്നില്ല. വ്യത്യസ്ത ഹര്‍ഫുകളില്‍ ക്വുര്‍ആന്‍ പാരായണം ചെയ്തുവരികയും മനഃപാഠമാക്കുകയും പഠിപ്പിക്കുകയുമെല്ലാം ചെയ്തുവന്നിരുന്ന സ്വഹാബാക്കളിലാരും തന്നെ ഇത്തരമൊരു ഏകീകരണത്തിന് എതിരെ നിന്നിട്ടില്ലെന്ന വസ്തുത ശ്രദ്ധേയമാണ്. ഖുറൈശീഭാഷയിലുള്ള ഹര്‍ഫുകളുടെ ഏകീകരണം വഴി ക്വുര്‍ആനിലെ ആശയങ്ങള്‍ക്കോ പദവിന്യാസത്തിനോ മാറ്റങ്ങളെന്തെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ അതിനു സമ്മതിക്കില്ലായിരുന്നു. സ്വഹാബിമാരുടെ ഐകകണ്ഠമായ അംഗീകാരത്തോടെ പകര്‍ത്തിയെഴുതിയ മുസ്ഹഫുകളാണ് ഉഥ്മാനി(റ)ന്റ കാലം മുതല്‍ ഇന്നുവരെ ലോകത്തെല്ലായിടത്തും ഉപയോഗിച്ചുവന്നിട്ടുള്ളത്.

ഖുറൈശീഭാഷയില്‍ രേഖീകരിക്കപ്പെട്ട വിശുദ്ധ ക്വുര്‍ആനിന്റെ വ്യത്യസ്ത പാരായണങ്ങളാണ് ക്വിറാഅത്തുകള്‍. നടേ സൂചിപ്പിച്ച മുതവാത്തിറായ പത്തു ക്വിറാഅത്തുകളില്‍ ഏഴെണ്ണമാണ് ഏറെ പ്രസിദ്ധമായവ. നാഫിഅ് അല്‍ മദനി, ഇബ്‌നുകഥീര്‍ അല്‍മക്കി, അബൂ അംറുബ്‌നുല്‍ അലാഅ് അല്‍ ബസ്വ്‌രി, ഇബ്‌നു ആമിര്‍ അദ്ദിമശ്ക്കി, ആസിം അല്‍ കൂഫി, ഹംസാ അല്‍ കൂഫി, അല്‍ കിസാഈ അല്‍ കൂഫി എന്നിവരുടേതാണ് അവ. പ്രസിദ്ധമായ ക്വിറാഅത്തുകളുടെ എണ്ണവും ഹര്‍ഫുകളുടെ എണ്ണവും ഏഴ് ആയതുകൊണ്ടാണെന്ന് തോന്നുന്നു, ഹര്‍ഫും ഖിറാഅത്തും ഒന്നു തന്നെയാണെന്ന് ചിലരെല്ലാം തെറ്റുധരിച്ചിട്ടുണ്ട്. വ്യത്യസ്ത ഹര്‍ഫുകളെ ഉള്‍ക്കൊണ്ടുകൊണ്ട് ഖുറൈശീഭാഷയില്‍ ഉഥ്മാന്‍ (റ) ക്രോഡീകരിച്ച ക്വുര്‍ആനിന്റെ വ്യത്യസ്തങ്ങളായ പാരായണ
രീതികളാണ് ക്വിറാഅത്തുകള്‍.

ഹർഫുകളിലെ വ്യത്യാസങ്ങൾ നഷ്ടപ്പെട്ടിട്ടില്ല!

നബി(സ)യില്‍ നിന്ന് മുതവാത്തിറായി നിവേദനം ചെയ്യപ്പെട്ട പത്ത് ഖിറാഅത്തുകളില്‍ കാണപ്പെടുന്ന സൂക്ഷ്മമായ വ്യതിരിക്തതകള്‍, വ്യത്യസ്ത ഹര്‍ഫുകളിലുള്ള അടിസ്ഥാന വ്യത്യാസങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടു തന്നെയാണ് ഉഥ്മാനി(റ)ന്റെ മുസ്ഹഫ് പകര്‍ത്തിയെഴുത്ത് നടന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഹര്‍ഫുകളിലെ ഗോത്രഭാഷാപ്രയോഗങ്ങളെ ഏകീകരിച്ച് ഖുറൈശീഭാഷയില്‍ ക്വുര്‍ആന്‍ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കിയപ്പോള്‍ തന്നെ വ്യത്യസ്തങ്ങളായ ക്വിറാഅത്തുകളിലൂടെ ഹര്‍ഫുകളിലുള്ള ആശയ വ്യത്യാസമുള്ള പ്രയോഗങ്ങളുടെ ആശയങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. നേരത്തെ സൂചിപ്പിച്ച ക്വുര്‍ആനിലെ പ്രഥമാധ്യായമായ സൂറത്തുല്‍ ഫാത്തിഹയിലെ നാലാം വചനത്തിലെ വ്യത്യസ്ത പാരായണങ്ങള്‍ ഉദാഹരണമായെടുക്കുക. ‘മാലിക്കി യൗമിദ്ദീന്‍’ എന്നും ‘മലിക്കി യൗമിദ്ദീന്‍’ എന്നും രണ്ടു പാരായണഭേദങ്ങളുണ്ട് ഈ വചനത്തിന്. ‘പ്രതിഫലനാളിന്റെ ഉടമസ്ഥന്‍’ എന്ന് ആദ്യത്തേതിനും, ‘പ്രതിഫലനാളിന്റെ രാജാവ്’ എന്ന് രണ്ടാമത്തേതിനും യഥാക്രമം അർത്ഥം പറയാം. ഈ രണ്ടു രൂപത്തിലുമുള്ള പാരായണത്തിന് പ്രവാചകന്റെ (സ) അംഗീകാരമുണ്ട് എന്നതിനാല്‍ ഇവ രണ്ടും ദൈവിക വെളിപാടുകളാണെന്ന് വ്യക്തമാണ്. വ്യത്യസ്ത ഖിറാഅത്തുകളിലുള്ള ഇത്തരം വ്യത്യാസങ്ങള്‍ വ്യതിരിക്തമായ ഹര്‍ഫുകളിലുണ്ടായിരുന്ന വ്യത്യാസത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്.

വ്യത്യസ്ത ക്വിറാഅത്തുകളിലുള്ള സൂക്ഷ്മമായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ച് ക്വുര്‍ആനിന് പാഠഭേദങ്ങളുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഹര്‍ഫും ഖിറാഅത്തും അല്ലാഹു തന്നെ അവതരിപ്പിച്ചതാണെന്ന ഇസ്‌ലാമിക പാഠത്തെക്കുറിച്ച് മനസ്സിലാക്കാത്തതു കൊണ്ടാണ്. മനുഷ്യരുടെ കരവിരുതുകളാല്‍ പാഠഭേദങ്ങളുണ്ടായ ബൈബിള്‍ പുസ്തകങ്ങളുടെ അവസ്ഥയല്ല ക്വുര്‍ആനിന്റേത്. അത് അവതരിക്കപ്പെട്ട രൂപത്തില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത പാരായണങ്ങളിലൂടെ പടച്ചവന്‍ അവതരിപ്പിച്ച വ്യതിരിക്തതകള്‍ പോലും ഇന്നും നിലനില്‍ക്കുന്നു; ക്വുര്‍ആനിലുള്ള പാരായണ വ്യത്യാസങ്ങളാവട്ടെ വളരെ പരിമിതവും അതിന്റെ അര്‍ഥഘടനയെ ഒരുതരത്തിലും ബാധിക്കാത്തതുമാണെന്ന് തദ്‌വിഷയകമായി പഠനം നടത്തിയിട്ടുള്ള ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ പോലും സമ്മതിച്ചിട്ടുള്ളതുമാണ്. അതാണ് ഓറിയന്റലിസത്തിന്റെ പിതാക്കളിലൊരാളായ സര്‍ വില്യം മ്യൂറിന്റെ വാക്കുകളില്‍ നാം കാണുന്നത്. “ഉഥ്മാനിന്റെ പരിശോധിത ഗ്രന്ഥം മാറ്റമൊന്നുമില്ലാതെ നമുക്ക് ലഭിച്ചിട്ടുണ്ട്. എടുത്തുപറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ലാതെ-യാതൊരുവിധത്തിലുമുള്ള വ്യത്യാസങ്ങളില്ലാതെ എന്നു തന്നെ പറയാം-വളരെ സൂക്ഷ്മവും കൃത്യവുമായി അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കകത്ത് ചിതറിക്കിടക്കുന്ന അസംഖ്യം ക്വുര്‍ആന്‍ രേഖകള്‍ വ്യക്തമാക്കുന്നു. മുഹമ്മദിന്റെ(സ) മരണത്തിന് കാല്‍ നൂറ്റാണ്ട് കഴിയുന്നതിനു മുമ്പ് നടന്ന ഉഥ്മാനിന്റെ കൊലപാതകത്തിനു ശേഷം പരസ്പരം വെറുക്കുകയും പോരാടുകയും ചെയ്യുന്ന നിരവധി വിഭാഗങ്ങള്‍ മുസ്‌ലിം ലോകത്തുണ്ടായിട്ടുണ്ടെങ്കിലും അവര്‍ക്കെല്ലാം ഉണ്ടായിരുന്നത് ഒരേയൊരു ക്വുര്‍ആന്‍ തന്നെയായിരുന്നു. ഒരേയൊരു ഗ്രന്ഥം തന്നെയാണ് അന്നുമുതല്‍ ഇന്നുവരെയുള്ള മുഴുവനാളുകളും പാരായണം ചെയ്തു പോരുന്നത് എന്ന വസ്തുത നിര്‍ഭാഗ്യവാനായ ഖലീഫയുടെ ഉത്തരവ് പ്രകാരം നിര്‍മിക്കപ്പെട്ട ഗ്രന്ഥം തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്നതിനുള്ള അനിഷേധ്യമായ തെളിവാണ്. പന്ത്രണ്ട് നൂറ്റാണ്ടുകാലം ഇത്തരത്തില്‍ യാതൊരുവിധ മാറ്റങ്ങളൊന്നുമില്ലാതെ സംരക്ഷിക്കപ്പെട്ട ഒരേയൊരു ഗ്രന്ഥം, ക്വുര്‍ആന്‍ മാത്രമായിരിക്കും. സ്വരചിഹ്നങ്ങളിലും (vowel sign) അക്ഷ രഭേദങ്ങളിലു(diacritical sign)മുള്ള വളരെ ചെറിയ വ്യത്യാസങ്ങള്‍ പോലും ഏറെ പരിമിതമാണ്. ഈ ചിഹ്നങ്ങളിടുന്ന സമ്പ്രദായം പില്‍ക്കാലത്ത് ഉണ്ടായതാണ് എന്നതു കൊണ്ടുതന്നെ അത് ആദ്യകാലത്തെ രേഖകളില്‍ നിലനിന്നിരുന്നില്ല. അതിനാല്‍ അവയൊന്നും തന്നെ ഉഥ്മാനിന്റെ രേഖതന്നെയാണ് ഇന്നും നിലനില്‍ക്കുന്നതെന്ന വസ്തുതയെ ബാധിക്കുന്ന പ്രതിവാദങ്ങളല്ല”. (William Muir: The Life Of Mahomet, Edinburgh, 1912, Pages xxii-xxiii)

ഏറ്റവുമധികം പ്രചാരത്തിലിരിക്കുന്ന രണ്ട് ക്വുര്‍ആന്‍ ക്വിറാഅത്തുകളായ ഹഫ്‌സിനെയും വര്‍ഷിനെയും കുറിച്ച് ഗവേഷണം നടത്തിയ യോര്‍ക്ക് സെന്റ് ജോണ്‍ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍ടി ഓഫ് എഡ്യുക്കേഷന്‍ ആന്റ് തിയോളിജിയുടെ പ്രിന്‍സിപള്‍ ലക്ചറും പ്രസിദ്ധ ഓറിയന്റലിസ്റ്റുമായ ഡോക്ടര്‍ ആഡ്രിയന്‍ ബ്രോക്കറ്റ് എഴുതുന്നു. ‘ഹഫ്‌സ് നിവേദനത്തിലും വര്‍ഷ് നിവേദനത്തിലുമുള്ള വ്യത്യാസങ്ങള്‍, പാരായണത്തിലുള്ളതാണെങ്കിലും രേഖീകരണത്തിലുള്ളതാണെങ്കിലും വചനങ്ങളുടെ അര്‍ഥത്തെ സാരമായി ബാധിക്കുന്നില്ല എന്നത് ഒരു ലളിതമായ യാഥാര്‍ഥ്യമാണ്. പല വ്യതിരിക്തതകളും അതിന്റെ അര്‍ഥത്തില്‍ യാതൊരുവിധ മാറ്റവുമുണ്ടാക്കുന്നില്ല. രേഖകളുടെ പശ്ചാത്തലത്തില്‍ മാത്രം ചെറിയ അര്‍ഥവ്യത്യാസമുണ്ടാക്കുന്ന മറ്റു ചില വ്യതിരിക്തതകളാവട്ടെ മുസ്‌ലിം ചിന്തയെ ഏതെങ്കിലും തരത്തില്‍ ബാധിക്കാവുന്ന തരത്തില്‍ സ്വാധീനമുണ്ടാക്കുന്നവയല്ല താനും.'(Adrian Brockett: “The Extent To Which The Differences Affect The Sense”, in Andrew RÆpin (Ed.): Approaches Of The History of Interpretation Of The Qur’an, Oxford, 1988, Page 37.)

ആശയവ്യത്യാസം വരുന്ന പാരായണഭേദങ്ങൾ

വ്യത്യസ്ത സ്ഥലങ്ങളില്‍ രൂപാന്തരപ്പെട്ട വ്യത്യസ്ത ക്വുര്‍ആനുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന മട്ടിലാണ് ഇസ്‌ലാം വിമര്‍ശകര്‍ വ്യത്യസ്ത ക്വിറാഅത്തുകളെക്കുറിച്ച് പരാമര്‍ശിക്കാറുള്ളത്. മുസ്‌ലിം ലോകത്ത് ആദ്യകാലം മുതല്‍ തന്നെ വ്യത്യസ്ത പാരായണങ്ങളെക്കുറിച്ചറിയാവുന്നവരുണ്ടായിരുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നടേ പറഞ്ഞ നാടുകളില്‍ പ്രചാരത്തിലിരിക്കുന്ന വര്‍ഷ് പാരായണ രീതിയുടെയും ലിബിയ, ടുണീഷ്യ, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിലനില്‍ക്കുന്ന ഖാലൂന്‍ പാരായണരീതിയുടെയും ഗുരുവായി അറിയപ്പെടുന്നത് നാഫിഅ് അല്‍ മദനി തന്നെയാണ്. മുസ്‌ലിം ലോകത്ത് പൊതുവെ പ്രചാരത്തിലിരിക്കുന്ന ഹഫ്‌സ് പാരായണ രീതിയുടെ ഗുരുനാഥനായ ആസ്വിം അല്‍ കൂഫി തന്നെയാണ് ശുഅ്ബയെന്ന് അറിയപ്പെടുന്ന പാരായണരീതിയുടെയും ഗുരു. പത്തു ഖിറാഅത്തുകളെയും വിശദീകരിക്കുന്ന അല്‍ഖിറാആത്തുല്‍ അശറല്‍ മുതവാത്തിറഃയെന്ന ഗ്രന്ഥത്തില്‍ അതു തയ്യാറാക്കുവാന്‍ സഹായിച്ച, പത്ത് ക്വിറാഅത്തുകളിലും പ്രാവീണ്യവും അവയിലെല്ലാം ക്വുര്‍ആന്‍ മനഃപാഠവുമുള്ള മുഹമ്മദ് ഫഹദ് ഖറൂഫിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് (അലവി ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബല്‍ഫഖീഹ്: അല്‍ ഖിറാആത്തുല്‍ അശ്‌റുല്‍ മുതവാതിറ, പുറം ചട്ടയുടെ പിന്‍ഭാഗം) എല്ലാ ക്വിറാഅത്തുകളിലും പ്രാവീണ്യമുള്ളവര്‍ എക്കാലത്തും മുസ്‌ലിം ലോകത്ത് ജീവിച്ചിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ്, പത്തു ക്വിറാഅത്തുകളിലും പ്രാവീണ്യമുള്ളവര്‍ പതിനാലു നൂറ്റാണ്ടുകള്‍ കഴിഞ്ഞും ജീവിച്ചിരിക്കുന്നുവെന്ന യാഥാര്‍ഥ്യമെന്നതില്‍ സംശയമില്ല.

വ്യത്യസ്ത ഖിറാഅത്തുകളിലുള്ള ഖുർആനുകൾ തമ്മിൽ പാരായണ വ്യത്യാസത്തിനനുസരിച്ച് ചില ആശയവ്യത്യാസങ്ങളുണ്ടാകാമെങ്കിലും അവ ഖുർആനിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവയല്ലെന്ന് പറഞ്ഞല്ലോ. ഏറെ പ്രചാരത്തിലുള്ള രണ്ട് ക്വിറാഅത്തുകളിലുള്ള പാരായണ വ്യത്യാസങ്ങള്‍ പരിശോധിച്ചാല്‍ അവ എത്രമാത്രം ക്വുര്‍ആനിന്റെ അഖണ്ഡതയെ ബാധിക്കാത്തതാണെന്ന് മനസ്സിലാവും. നേരത്തെ സൂചിപ്പിച്ച സൂറത്തുൽ ഫാത്തിഹയിലെ ഒരു പാരായണ വ്യത്യാസം തന്നെ ഉദാഹരണമായെടുക്കുക. മൂന്നാമത്തെ ആയത്തിന് ‘മാലിക്കി യൗമിദ്ദീൻ’ എന്നും ‘മലിക്കി യൗമിദ്ധീൻ’ എന്നും രണ്ട് പാരായണകളുണ്ട്. പ്രതിഫലനാളിന്റെ ഉടമസ്ഥൻ എന്നാണ് ഒന്നാമത്തെ പാരായണത്തിന്റെ അർഥം. ‘പ്രതിഫലനാളിന്റെ രാജാവ്’ എന്ന് രണ്ടാമത്തെ പാരായണത്തിന്റെയും. അല്ലാഹുവാണ് പ്രതിഫലനാളിന്റെ രാജാവും ഉടമസ്ഥനും. അത് കൊണ്ട് തന്നെ രണ്ട് പാരായങ്ങളും തമ്മിൽ യാതൊരു വൈരുധ്യവുമില്ല. രണ്ടും നബി (സ) പഠിപ്പിച്ചതും അക്കാലം മുതൽ ഇന്ന് വരെ നിരവധി പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടവയുമാണ്. ഒരു അർത്ഥം മറ്റേ അർത്ഥത്തിന് ഉപോൽബലകമാണെന്നർത്ഥം. ഇതേപോലെയുള്ളതാണ് വ്യത്യസ്ത ഖിറാഅത്തുകളിലുള്ള പാരായണവ്യത്യാസങ്ങൾ. അവയെല്ലാം നബി (സ) പഠിപ്പിച്ചതാണ്. ആരും യാതൊന്നും ഖുർആനിൽ കൂട്ടിച്ചേർക്കുകയോ എടുത്ത് മാറ്റുകയോ ചെയ്തിട്ടില്ല.

സൂറത്തുല്‍ ബക്വറയിലെ 85-ാമത്തെ വചനത്തിന്റെ ഹഫ്‌സ് ഖിറാഅത്ത് (അല്‍ ക്വുര്‍ആനില്‍ കരീം ബി രിവായത്തി ഹഫ്‌സ്വ് അന്‍ ആസ്വിം, മുജമ്മ ഉല്‍ മലിക് ഫഹദ്, അല്‍ മദീനതുല്‍ മുനവ്വറ, 2002) പ്രകാരം ‘തഅ്മലൂന്‍’(.تعملون നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്) എന്നതിനു പകരം വര്‍ശ് ഖിറാഅത്തിലുള്ളത് (അല്‍ ക്വുര്‍ആനില്‍ കരീം ബി രിവായത്തി വര്‍ഷ് അന്‍ നാഫിഅ്, ദാറുല്‍ മഅ്‌രിഫത്, ദിമശ്ഖ്, 2003) ‘യഅ്മലൂന്‍’ (.يعملون അവര്‍ പ്രവര്‍ത്തിക്കുന്നത്) എന്നാണ്. സൂറത്തുല്‍ ഹിജ്‌റിലെ 8ാം വചനത്തിന്റെ ഹഫ്‌സ് ഖിറാഅത്തില്‍ ‘മാ നുനസ്സിലു (.ما ننزل നാം ഇറക്കുന്നതല്ല) എന്നാണെങ്കില്‍ വര്‍ശ് ഖിറാഅത്തില്‍ ‘മാ തുനസ്സിലു’ (.ما تنزل നീ ഇറക്കുന്നതല്ല) എന്നാണുള്ളത്. സൂറത്തുല്‍ അമ്പിയാഇലെ നാലാമത്തെ വചനത്തിന്റെ തുടക്കം ഹഫ്‌സ് പ്രകാരം ‘ഖാല’(.قال അദ്ദേഹം പറഞ്ഞു) എന്നാണെങ്കില്‍ വര്‍ശ് പ്രകാരം ‘ഖുല്‍’(.قل നീ പറയുക) എന്നാണ്. സൂറത്തുല്‍ അഹ്‌സാബിന്റെ 68-ാം വചനം ഹഫ്‌സ് ക്വിറാഅത്തു പ്രകാരം അവസാനിക്കുന്നത് ‘ലഅ്‌നന്‍ കബീറാ’ (.لعنا كبيرا വമ്പിച്ച ശാപം) എന്ന പാരായണത്തോടെയാണെങ്കില്‍ വര്‍ശ് പ്രകാരം അത് ‘ലഅ്‌നന്‍ കഥീറാ’ (.لعنا كثيرا വര്‍ധിച്ച ശാപം) എന്നാണ്. സൂറത്തുല്‍ ഫത്ഹിലെ 17ാമത്തെ വചനത്തില്‍ ‘യുദ്ഖില്‍ഹു’(.يدخله അവന്‍ അവനെ പ്രവേശിപ്പിക്കും) എന്നാണ് ഹഫ്‌സ് ക്വിറാഅത്തിലുള്ളതെങ്കില്‍ അതിന്റെ വര്‍ശ് ഖിറാഅത്ത് ‘നുദ്ഖില്‍ഹു’ (.ندخله നാം അവനെ പ്രവേശിപ്പിക്കും) എന്നാണ്. ക്വുര്‍ആനിന്റെ സാരത്തെയോ പദവിന്യാസത്തെയോ യാതൊരു തരത്തിലും ബാധിക്കാത്ത ഇത്തരം പാരായണ വ്യത്യാസങ്ങള്‍ പോലും വളരെ പരിമിതമാണെന്ന വസ്തുത അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ എടുത്തുമാറ്റലുകളോ നടന്നിട്ടില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് ഇവ്വിഷയകമായ വസ്തുനിഷ്ഠപഠനം നടത്തിയവരെല്ലാം ഉറക്കെ പറഞ്ഞിട്ടുണ്ട്. ഹഫ്‌സ്-വര്‍ശ് പാരായണഭേദങ്ങളെക്കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച ഡോക്ടര്‍ ആഡ്രയന്‍ ബ്രോക്കറ്റ് പറയുന്നത് ‘ഇത്തരം പാരായണ വ്യത്യാസങ്ങളുടെ എണ്ണം പരിമിതമാണെന്ന വസ്തുത വ്യക്തമാക്കുന്നത് അതിന് ഒരേയൊരു പാഠമേയുള്ളുവെന്ന സത്യമാണ്’ (Adrian Brockett: “The Value of Hafs and Warsh Transmissions for the Textual History of The Qur’an” in Andrew RÆpin (Ed.), Opt. Cit. Page 33.) എന്നാണ്.

അദ്ദേഹം വീണ്ടും എഴുതുന്നത് കാണുക: “ക്വുര്‍ആന്‍ വാചികമായി മാത്രമായിരുന്നു ആദ്യനൂറ്റാണ്ടുകളില്‍ സംപ്രേഷണം ചെയ്തിരുന്നതെങ്കില്‍ ഹദീഥ് സാഹിത്യങ്ങളിലും ഇസ്‌ലാംപൂര്‍വ കവിതകളിലും കാണപ്പെടുന്നതുപോലെ പാഠങ്ങള്‍ (text) തമ്മില്‍ കാര്യമാത്രപ്രസക്തമായ വ്യത്യാസങ്ങള്‍ അതില്‍ കാണപ്പെടുമായിരുന്നു. എഴുത്തുരൂപത്തില്‍ മാത്രമാണ് അത് സംപ്രേഷണം ചെയ്യപ്പെട്ടിരുന്നതെങ്കില്‍ മദീനാഭരണഘടനയുടെ ഒറിജിനല്‍ രേഖകളിലുള്ളതുപോലെ പരിഗണനക്കര്‍ഹമായ വ്യത്യാസങ്ങള്‍ രേഖകളിലും ഉണ്ടാകുമായിരുന്നു. എന്നാല്‍ ക്വുര്‍ആനിന്റെ കാര്യം ഇതു രണ്ടുമല്ല. ഒരേ സമയം തന്നെ വാചികമായ സംപ്രേഷണവും സമാന്തരമായി രേഖകളിലൂടെയുള്ള സംപ്രേഷണവും നിലനിന്നതിനാല്‍ അവ പരസ്പരം സംരക്ഷിക്കുകയും എല്ലാ തരത്തിലുമുള്ള കൈകടത്തലുകളില്‍ നിന്നും ക്വുര്‍ആനിനെ മുക്തമാക്കുകയും ചെയ്തു”. (Ibid, Page 44.)

“മുഹമ്മദിനു ശേഷമുള്ള ക്വുര്‍ആനിന്റെ സംപ്രേഷണം മാറ്റങ്ങളൊന്നുമില്ലാത്ത രീതിയില്‍ തികച്ചും അദ്ദേഹം പറഞ്ഞുകൊടുത്ത പോലെത്തന്നെയായിരുന്നു. ഒരേയൊരു പാഠം മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. ദുര്‍ബലപ്പെടുത്തപ്പെട്ടതായി ആരോപിക്കപ്പെടുന്ന വചനങ്ങളടക്കം യാതൊന്നും തന്നെ അതില്‍ നിന്ന് എടുത്തു മാറ്റപ്പെട്ടിട്ടില്ല; ഒന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമില്ല”. (Ibid, Page 44.)

അതെ! അവതരിപ്പിക്കപ്പെട്ട രൂപത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍. വ്യത്യസ്ത ഖിറാഅത്തുകളിലുള്ള സൂക്ഷമമായ വ്യത്യാസങ്ങള്‍ക്കുപോലും ദൈവികബോധനത്തിന്റെ പിന്‍ബലമുണ്ട്. കഴിഞ്ഞ പതിനാലുനൂറ്റാണ്ടുകളായി മാറ്റമൊന്നുമില്ലാതെ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രന്ഥമാണ് ക്വുര്‍ആന്‍. മാറ്റമൊന്നുമില്ലാതെ അതിനെ സംരക്ഷിക്കുമെന്ന ദൈവിക വാഗ്ദാനം പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിനുള്ള തെളിവാണ് നടേ സമര്‍ഥിച്ച വസ്തുതകള്‍. അല്ലാഹുവിന്റെ വാഗ്ദാനം എത്ര സത്യം!

“തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.”

print

No comments yet.

Leave a comment

Your email address will not be published.