ഖുർആൻ സംരക്ഷിതഗ്രന്ഥം -26

//ഖുർആൻ സംരക്ഷിതഗ്രന്ഥം -26
//ഖുർആൻ സംരക്ഷിതഗ്രന്ഥം -26
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -26

വിമർശനം: ക്രിസ്താബ്ദം 325-ല്‍ ചേർന്ന നിഖിയാ കൗൺസിൽ കാനോനികമായി അംഗീകരിച്ച കൃതികള്‍ മാത്രം നിലനിർത്തി ബാക്കി എല്ലാ ക്രൈസ്തവ ഗ്രന്ഥങ്ങളും ചുട്ടുകരിക്കുവാന്‍ സഭ ആഹ്വാനം നൽകി. ഉഥ്മാൻ (റ) തന്റെ നിർദ്ദേശപ്രകരം തയ്യാർ ചെയ്യപ്പെട്ട ഖുർആൻ പ്രതികള്‍ മാത്രം നിലനിർത്തി ബാക്കിയുള്ളവയെല്ലാം ചുട്ടുകരിക്കാന്‍ കൽപിച്ചു. ഉഥ്മാൻ ചെയ്തതും നിഖിയാ കൗൺസിൽ ചെയ്തതും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്?

ഇവിടെ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളില്‍ ‘കത്തിക്കുക‘യെന്ന ക്രിയയാണ് ഇരുകൂട്ടരും ചെയ്തതെന്ന കാര്യമൊഴിച്ച് ബാക്കിയെല്ലാം തികച്ചും വ്യത്യസ്തമാണ്. രണ്ടു സംഭവങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

ഒന്ന്. യേശുവിന് ശേഷം മൂന്നു നൂറ്റാണ്ടുകള്‍ക്കിടക്ക് പലരാലും രചിക്കപ്പെട്ട യേശുവിന്റെ ജീവിതത്തെയും സന്ദേശത്തെയും സംബന്ധിച്ച നാല്‍പതിലധികം ഗ്രന്ഥങ്ങളാണ് നിഖിയാ സൂനഹദോസിനു ശേഷം കത്തിച്ചുകളഞ്ഞത്. മുഹമ്മദി(ﷺ)നു ശേഷം രണ്ടു പതിറ്റാണ്ടിനിടക്ക് പലരും പകര്‍ത്തിയെഴുതിയ ഒരേ ഖുര്‍ആനിന്റെ വിവിധ ഏടുകളില്‍ ഉച്ചാരണ വ്യത്യാസത്തിന് ഇടയാക്കുന്നവയാണ് ഉഥ്മാൻ (റ) കത്തിച്ചുകളയാന്‍ ആവശ്യപ്പെട്ടത്.

രണ്ട്. നിഖിയ കൗണ്‍സില്‍ കാനോനികമായി പ്രഖ്യാപിച്ച നാലു സുവിശേഷങ്ങളിലും അപ്പോസ്തല പ്രവര്‍ത്തനങ്ങളിലും ഇരുപത്തിയൊന്നു ലേഖനങ്ങളിലും വെളിപാടു പുസ്തകത്തിലുമുള്ള പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമായ പല പരാമര്‍ശങ്ങളുമുള്ളതുകൊണ്ടും അവ നല്‍കുന്ന യേശു ചിത്രത്തില്‍നിന്ന് തുലോം വ്യത്യസ്തമായ യേശുചിത്രമാണ് അവതരിപ്പിക്കുന്നത് എന്നതുകൊണ്ടുമാണ് അപ്പോക്രിഫാ പുസ്തകങ്ങള്‍ കരിച്ചുകളയുവാന്‍ ആവശ്യപ്പെട്ടത്. വ്യത്യസ്ത ഉച്ചാരണരീതികളുള്ള പ്രാദേശികമൊഴികളില്‍ എഴുതപ്പെട്ട ഏടുകള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സാരമായ വൈകല്യങ്ങള്‍ക്ക് നിമിത്തമാകാമെന്ന ഭയമാണ് ഉഥ്മാനെ(റ)ഔദ്യോഗിക കൈയ്യെഴുത്തുപ്രതികള്‍ തയാറാക്കാനും സ്വകാര്യ ഏടുകള്‍ നശിപ്പിക്കാനും പ്രേരിപ്പിച്ചത്.

മൂന്ന്. കരിച്ചുകളഞ്ഞ അപ്പോക്രിഫാ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ അവ കരിച്ചുകളഞ്ഞതോടുകൂടി വിസ്മൃതമായി. സ്വകാര്യ ഏടുകളില്‍ എഴുതപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍തന്നെയായിരുന്നു ഔദ്യോഗിക പ്രതികളിലുമുണ്ടായിരുന്നത്. ഉച്ചാരണഭേദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി സ്വകാര്യ ഏടുകള്‍ കത്തിച്ചുകളഞ്ഞുവെങ്കിലും അവയിലുണ്ടായിരുന്ന സൂക്തങ്ങള്‍ അതേ രീതിയില്‍തന്നെ ഇന്നുള്ള ഖുര്‍ആന്‍ കോപ്പികളിലുമുണ്ട്.

നാല്. നിഖിയാ കൗണ്‍സില്‍ തള്ളിക്കളഞ്ഞുവെങ്കിലും അപ്പോക്രിഫാ ഗ്രന്ഥങ്ങളില്‍ പലതും പിന്നീടും ക്രൈസ്തവ മനസ്സുകളില്‍ നിലനിന്നിരുന്നു. അവയിലെ കഥകളില്‍ ചിലത് തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെട്ടു. പതിനാറാം നൂറ്റാണ്ടില്‍ നടന്ന തെന്ത്രോസ് സൂനഹദോസാണ് ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുകല്‍പിച്ചത്. 1540 ഏപ്രില്‍ എട്ടാം തീയതി നടന്ന സൂനഹദോസിന്റെ നാലാം സമ്മേളനം ‘കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച്‘എന്ന ഡിക്രിയിലൂടെ പഴയനിയമത്തില്‍ 45-ഉം പുതിയനിയമത്തില്‍ 27-ഉം പുസ്തകങ്ങളാണ് ഉള്ളതെന്ന് പ്രഖ്യാപിച്ചു. ഇതാണ് കാനോനിക ഗ്രന്ഥങ്ങളെക്കുറിച്ച സഭയുടെ അവസാനത്തെ വാക്ക്. എന്നാല്‍, ഉഥ്മാൻ (റ) ഔദ്യോഗികമായി ഖുര്‍ആന്റെ കോപ്പികളെടുത്ത് സ്വകാര്യ ഏടുകള്‍ നശിപ്പിച്ചതിനുശേഷം ഇന്നുവരെ പ്രസ്തുത കോപ്പികളില്‍ നിന്നാണ് മുസ്ഹഫ് പകര്‍ത്തപ്പെടുന്നത്. അതില്‍ ആരും വ്യത്യസ്തത പുലര്‍ത്തുന്നില്ല.

അഞ്ച്. യേശുവിനെക്കുറിച്ച് എഴുതപ്പെട്ട കാനോനികമല്ലാത്ത ഗ്രന്ഥങ്ങള്‍ കരിച്ചുകളയണമെന്ന് കല്‍പിച്ച നിഖിയാ സൂനഹദോസിന്റെ അധ്യക്ഷന്‍ അന്നുവരെ യേശുവില്‍ വിശ്വസിക്കാത്ത കോൺസ്റ്റന്റൈൻ ചക്രവര്‍ത്തിയായിരുന്നു. സ്വകാര്യ കൈയെഴുത്തുപ്രതികള്‍ നശിപ്പിക്കുവാനും ഖുര്‍ആനിന്റെ ഔദ്യോഗിക പ്രതികളെ മാത്രം ആശ്രയിച്ച് പാരായണം ചെയ്യാനും നിര്‍ദേശിച്ച ഉഥ്മാൻ (റ) കറകളഞ്ഞ ഭക്തനും മുഹമ്മദി(ﷺ)ന്റെ ജാമാതാവും അദ്ദേഹത്തോടൊപ്പം ആദര്‍ശ സംരക്ഷണത്തിനുവേണ്ടി നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത വിശ്വാസിയുമായിരുന്നു.

print

1 Comment

  • wow

    Lema Hussan 14.05.2020

Leave a Reply to Lema Hussan Cancel Comment

Your email address will not be published.