ഖുർആൻ സംരക്ഷിതഗ്രന്ഥം -15

//ഖുർആൻ സംരക്ഷിതഗ്രന്ഥം -15
//ഖുർആൻ സംരക്ഷിതഗ്രന്ഥം -15
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -15

വിമർശനം: ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫിൽ ഇന്നത്തെ മുസ്ഹഫിൽ ഇല്ലാത്ത രണ്ട് സൂറത്തുകൾ കൂടിയുണ്ടായിരിന്നുവെന്നും അത് പിൽക്കാലത്ത് വിസ്മരിക്കപ്പെടുകയാണ് ചെയ്തതെന്നും ആരോപണമുണ്ടല്ലോ. എന്താണിതിന്റെ വസ്തുത?

ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫിൽ ഇന്നത്തെ മുസ്ഹഫിൽ ഇല്ലാത്ത സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നീ സൂറത്തുകൾ കൂടി ഉണ്ടായിരുന്നതായി ഹമ്മാദ് ബ്നു സലാമയിൽ നിന്നുള്ള ഒരു നിവേദനം ഇമാം സുയൂഥ്വി തന്റെ ഇത്ഖാനിലും (2/ 66) ഇബ്നു ദുറൈസ് തന്റെ ഫദാഇലൽ ഖുർആനിലും (പുറം 157) ഉദ്ധരിച്ചിട്ടുണ്ട്. നിവേദനം ചെയ്ത ഹമ്മാദ് ബ്നു സലാമയും ഉബയ്യു ബ്നു കഅ്ബും തമ്മിൽ മൂന്ന് തലമുറകളുടെ വ്യത്യാസമെങ്കിലുമുള്ളതു കൊണ്ട് തന്നെ നിദാനശാസ്ത്രപ്രകാരം ഇത് തീരെ ദുർബലമാണ്.

എന്നാൽ ഇങ്ങനെ രണ്ട് സൂറത്തുകൾ ഉണ്ടായിരിക്കുന്നതായി സൂചിപ്പിക്കുന്ന വിശ്വാസയോഗ്യമായ മറ്റു ചില നിവേദനങ്ങളുണ്ട്. ഉമർ (റ)

اللهم إنا نستعينك ونستغفرك ونثني عليك الخير كله ونشكرك ولا نكفرك ونخلع ونترك من يفجرك എന്ന പ്രാർത്ഥനയും

اللهم إياك نعبد ولك نصلي ونسجد وإليك نسعى ونحفد نرجو رحمتك ونخشى عذابك إن عذابك بالكفار ملحق എന്ന പ്രാർത്ഥനയും ഖുനൂത്തായി പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന ഇബ്നു അബീശൈബ അദ്ദേഹത്തിന്റെ മുസന്നഫിലും(2/315) അബ്ദുർറസാഖ് അദ്ദേഹത്തിന്റെ മുസന്നഫിലും ഉദ്ധരിച്ചിട്ടുള്ള (4969) ഉബൈദ് ബ്നു ഉമൈറിൽ നിന്നുള്ള നിവേദനം സ്വഹീഹായ പരമ്പരയോട് കൂടിയുള്ളതാണ്. ഇതിൽ അദുർറസാഖിന്റെ മുസന്നഫിലുള്ള നിവേദനത്തിൽ നിവേദകനായ ഉബൈദ് ബ്നു ഉമൈർ ഇത് ഇബ്നു മസ്ഊദിന്റെ മുസ്ഹഫിലുള്ള രണ്ട് സൂറത്തുകളാണെന്ന് താൻ കേട്ടുവെന്നു കൂടി പറയുന്നുണ്ട്. ഇതാണ് ഇങ്ങനെ രണ്ട് സൂറത്തുകൾ ഉണ്ടായിരുന്നുവെന്നതിനുള്ള തെളിവ്.

മറ്റു ചില നിവേദനങ്ങളും ഇവ്വിഷയകമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

താഊസ് (റ) നിവേദനം ചെയ്യുന്നു: ”ഞാന്‍ ഉമറിന്റെ (റ) പിന്നില്‍ സുബ്ഹ് നമസ്‌കരിച്ചു. റുകൂഇനുശേഷം ഈ രണ്ടു സൂറത്തുകള്‍ കൊണ്ട് ഖുനൂത്ത് ഓതി.” (ത്വബ്‌രി 1/353). സമാനമായ ഉദ്ധരണികള്‍ അബ്ദു റസാഖ് മുസന്നഫ് 3/114, ത്വബ്‌രി -തഹ്ദീബുല്‍ ആസാര്‍ 1/319 എന്നിവയിലും കാണാം.

ഇക്കാര്യത്തിൽ ഉണ്ടാകാനിടയുള്ള സംശയങ്ങൾക്കെല്ലാം ഹദീഥ് പണ്ഡിതന്മാർ മറുപടി പറഞ്ഞിട്ടുണ്ട്. അബുൽ ഹുസ്സൈൻ അഹ്‌മദ്‌ ബിൻ ജഅഫർ അൽ മനാദി തന്റെ ‘അന്നാസിഖ് വൽ മൻസൂഖ്’ എന്ന ഗ്രൻഥത്തിൽ എഴുതുന്നു: “ഖുർആനിൽ നിന്ന് ദുർബലപ്പെടുത്തപ്പെട്ടതിനു ശേഷവും ജനമനസ്സുകളിൽ നിന്ന് മാഞ്ഞുപോകാതിരുന്ന വാക്യങ്ങൾക്ക് ഉദാഹരണമാണ് വിത്ർ നമസ്കാരത്തിലെ ഖുനൂത്തിൽ പാരായണം ചെയ്തുകൊണ്ടിരുന്ന ഈ രണ്ട് സൂറത്തുകൾ. ഉബയ്യു ബ്നു കഅ്ബിന്റെ പേരിൽ അറിയപ്പെട്ടിരുന്ന മുസ്ഹഫിൽ ഈരണ്ട് അധ്യായങ്ങളുമുണ്ടായിരുന്നുവെന്ന കാര്യത്തിലും അത് പ്രവാചകനിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടതും അദ്ദേഹം പാരായണം ചെയ്തതുമാണെന്നും അവയെ സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നിങ്ങനെയാണ് വിളിക്കപ്പെട്ടിരുന്നത് എന്ന കാര്യത്തിലും ആദ്യകാല പണ്ഡിതന്മാർക്കിടയിൽ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നില്ല” (ബദറുദ്ദീനു സ്സർക്കശി ഉദ്ധരിച്ചത്: അൽ ബുർഹാൻ ഫീ ഉലൂമിൽ ഖുർആൻ, വാല്യം രണ്ട്, പുറം 37)

ഇമാം സുയൂഥ്വിയും തന്റെ ഇത്ഖാനിൽ ഹുസ്സൈൻ അഹ്‌മദ്‌ അൽ മനാദിയെ ഉദ്ധരിച്ച് ഇതേ കാര്യം തന്നെ സമർത്ഥിക്കുന്നുണ്ട്. (ഭാഗം രണ്ട്, പുറം 68)

അവതരിക്കപ്പെട്ടതിനു ശേഷം ദുർബലപ്പെടുത്തപ്പെട്ട സൂറത്തുകളാണ് സൂറത്തുൽ ഹഫദ്, സൂറത്തുൽ ഖലാഅ എന്നീ സൂറത്തുകൾ എന്നും മൻസൂഖായെങ്കിലും പ്രാർത്ഥനയായതിനാൽ അവ സ്വാഹാബിമാർ നമസ്കാരത്തിലും മറ്റും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഉബയ്യിന്റെ മുസ്ഹഫിൽ അവ നില നിന്നത് എന്നുമാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്. ഉബയ്യു ബ്നു കഅ്ബി(റ)ന്റെ മുസ്ഹഫില്‍ നേരത്തെ ഉണ്ടായിരുന്ന അവയെ, ദുര്‍ബലപ്പെട്ടശേഷവും ദുആ ആയതിനാല്‍ അദ്ദേഹം അത് നിലനിർത്തി. എന്നാല്‍ ഉബയ്യി(റ)ന്റെ ഖിറാഅത്ത് ഉദ്ധരിച്ച ഇമാം നാഫിഅ്, ഇബ്‌നു കഥീർ, അബൂ അംറ് (റ) മുതലായവരൊന്നും ഖുര്‍ആനായി അത് ഉദ്ധരിച്ചിട്ടില്ല. എന്നാൽ അവ പ്രാർത്ഥനയായി നില നിർത്തിയതിനാൽ ഉമർ (റ) നമസ്കാരത്തിൽ ഖുനൂത്തായി അവയുടെ പാരായണം തുടരുകയും ചെയ്തു.

പ്രവാചകൻ (സ) പഠിപ്പിച്ചതല്ലാത്ത യാതൊന്നും അവരൊന്നും ഖുർആനിൽ ഉൾപ്പെടുത്തിയിട്ടില്ല; പഠിപ്പിച്ചതൊന്നും സ്വന്തം താൽപര്യപ്രകാരം എടുത്ത് മാറ്റിയിട്ടുമില്ല. ദൈവികബോധനത്തിന്റെ വെളിച്ചത്തിൽ പ്രവാചകൻ (സ) ദുർബലപ്പെടുത്തിയ വചനങ്ങളിൽ ചിലവ അവരുടെ മുസ്ഹഫിൽ അവർ എഴുതിവെക്കുകയും അവ പ്രാർത്ഥനകളായി ഉപയോഗിക്കുകയും ചെയ്തുവെന്ന് മാത്രമേയുള്ളൂ. അവ പ്രാർത്ഥനകളായി ഇന്നും മുസ്‌ലിംകൾ ഉപയോഗിക്കുന്നുണ്ട്.

print

4 Comments

  • വളരെ കൃത്യമായ മറുപടി

    Muhammed issa 11.03.2020
  • ❕‼❕سبحان الله
    വളരെ വളരെ കൃത്യമായ മറുപടി

    K P Zaibunnisa 11.03.2020
  • ഉമര്‍ റ ഖുനൂത്ത് നിര്‍വഹിചിടുന്ദ് സുഭ്ഹിക് ഖുനൂത്ത് ഇല്ല എന് അല്ലെ ഇത്രയും കാലം പടിപിച്ചത് മറുപടി പ്രതീക്ഷികുന്നു

    നബീല്‍ മഹമൂദ് 11.03.2020
  • ഖുർആൻ ആയത്തുകളും, അധ്യായങ്ങളും ദുർബ്ബലപ്പെടുത്തുന്നതിനെ ന്യായീകരിക്കുമ്പോൾ, സമാനമായി ബൈബിൾ കാനോനീകരണത്തെയും ന്യായീകരിക്കേണ്ടി വരില്ലേ???

    സിയാദ് മറ്റത്തിൽ 12.03.2020

Leave a comment

Your email address will not be published.