ഖുർആൻ സംരക്ഷിതഗ്രന്ഥം -11

//ഖുർആൻ സംരക്ഷിതഗ്രന്ഥം -11
//ഖുർആൻ സംരക്ഷിതഗ്രന്ഥം -11
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -11

ഖുർആൻ ക്രോഡീകരണം -4

ഒരേ മുസ്ഹഫിലെ വ്യത്യസ്ത ഖിറാഅത്തുകൾ

ഉഥ്മാന്റെ(റ) മുസ്ഹഫില്‍ എല്ലാ ഖിറാഅത്തുകളും ഉൾക്കൊണ്ടിരുന്നുവോ എന്നതില്‍ ഭിന്നാഭിപ്രായമുണ്ട്. ആദ്യകാലങ്ങളില്‍ വ്യത്യസ്ത ഗോത്രഭാഷകളിൽ ഖുര്‍ആന്‍ അവതീര്‍ണമായി. അതിന്റെ ആവശ്യം താൽക്കാലികമായിരുന്നു. പുതുതലമുറ ഖുറൈശീ ഭാഷാപ്രകാരമുളള പ്രഥമ പാരായണത്തിന് പ്രയാസമുള്ളവരായിരുന്നില്ല. ആയതിനാല്‍ അത് ഒഴിവാക്കപ്പെട്ടു എന്ന് ഇമാം ത്വബ്‌രി, ത്വഹാവി എന്നിവരുടെ അഭിപ്രായം. ഇത് ശരിയാണെന്ന് തോന്നുന്നില്ല; ശരിയായ അഭിപ്രായം ഉഥ്മാനി മുസ്ഹഫില്‍ വ്യത്യസ്ത പാരായണ ശൈലികളും ഉണ്ടെന്നാണ്. സ്വരചിഹ്‌നങ്ങളോ പുള്ളികളോ ഇല്ലാത്ത അതിന്റെ പ്രത്യേകമായ എഴുത്തുശൈലി വ്യത്യസ്ത പാരായണങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്.

സൂറത്ത് ആലു ഇമ്രാനിലെ 146 ആമത്തെ വചനം ഉദാഹരണം: وَكَاَيِّنۡ مِّنۡ نَّبِىٍّ قٰتَلَ ۙ مَعَهٗ رِبِّيُّوۡنَ كَثِيۡرٌ എന്നാണ് ആയത്തിന്റെ തുടക്കം. അങ്ങനെയാവുമ്പോൾ അർത്ഥം “എത്രയോ പ്രവാചകന്‍മാര്‍, അവര്‍ക്കൊപ്പം നിരവധി ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തു”വെന്നായിരിക്കും. ഇവിടെ ‘യുദ്ധം ചെയ്തു’ എന്ന പരിഭാഷപ്പെടുത്തിയത് ഖതല(قٰتَلَ) എന്ന പദത്തെയാണ്. ഇതിന്ന് ‘ഖുതില’ എന്ന ഒരു ഖിറാഅത്ത് ‌കൂടിയുണ്ട്. അങ്ങനെയാവുമ്പോൾ “എത്രയോ പ്രവാചകന്‍മാര്‍, അവര്‍ക്കൊപ്പം നിരവധി ദൈവദാസന്‍മാര്‍ വധിക്കപ്പെട്ടു” എന്നാണ് അർത്ഥം. സ്വരചിഹ്‌നമില്ലാതെ എഴുതിയ ഉഥ്മാനീ മുസ്ഹഫിൽ ഈ രണ്ടു ഖിറാഅത്തുകളും സാധ്യമാകും. അൽബഖറയിലെ 85 ആം വചനത്തിന്റെ ‘തഅ്‌മലൂന'(تَعْمَلُونَ), ‘യഅ്‌മലൂന'(يَعْمَلُونَ) എന്നീ ഖിറാഅത്തിലെ വ്യത്യാസം കുത്തുകളില്ലാതെ എഴുതിയ ഉഥ്മാനീ മുസ്ഹഫിൽ നിന്ന് തന്നെ പാരായണം ചെയ്യാനാകും. സൂറത്തുൽ ഹിജ്റിലെ എട്ടാം വചനത്തിന്റെ മാ തനസ്സലു( مَا تَنَزَّلُ), മാ നുനസ്സലു(مَا نُنَزِّلُ) എന്നീ ഖിറാഅത്തുകളും അഹ്സാബിലെ അറുപത്തിയെട്ടാം വചനത്തിന്റെ കബീറാ(كَبِيرًا), കഥീറാ( كَثِيرًا) എന്നീ ഖിറാഅത്തുകളും സൂറത്തുൽ ഫത്ഹിലെ പതിനേഴാം വചനത്തിന്റെ നുദ്ഖിൽഹു (نُدْخِلْهُ) യുദ്ഖിൽഹു(يُدْخِلْهُ) എന്നീ ഖിറാഅത്തുകളും കുത്തുകളില്ലാതെ എഴുതിയ ഒരേ ഉഥ്മാനീ മുസ്ഹഫിലെ സമാനമായ എഴുത്തിലൂടെത്തന്നെ സംരക്ഷിക്കപ്പെട്ട ഹർഫ് വ്യാത്യാസങ്ങളാണ്.

ഹർഫുകളിൽ വന്ന സ്വരചിഹ്നത്തിന്റെയോ കുത്തുകളുടെയോയല്ലാത്ത വ്യത്യാസങ്ങൾ വ്യത്യസ്ത പാരായണങ്ങളിലൂടെയും സംരക്ഷിക്കപ്പെട്ടതായി കാണാൻ കഴിയും. സൂറത്തുൽ അമ്പിയാഇലെ നാലാമത്തെ വചനം ഉദാഹരണം: قَالَ رَبِّي يَعْلَمُ الْقَوْلَ فِي السَّمَاءِ وَالْأَرْضِ എന്നാണ് ആയത്തിന്റെ തുടക്കം. “അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ ആകാശത്തും ഭൂമിയിലും വർത്തമാനങ്ങളെല്ലാം അറിയുന്നുണ്ട്” എന്നാണ് ഇതിനർത്ഥം. ‘ഖാല'(قَالَ)ക്കു പകരം ‘ഖുൽ’ (قَلَ) എന്നാണ് മറ്റൊരു ഖിറാഅത്ത്. അപ്പോൾ അതിന്റെ അർത്ഥം “നീ പറയുക” എന്ന കൽപനയായിരിക്കും. ഇതിലെ ഒന്നാമത്തേത് ഹഫ്സ് ഖിറാഅത്ത് രേഖപ്പെടുത്തിയ മുസ്ഹഫിലൂടെയും രണ്ടാമത്തേത് വർഷ് ഖിറാഅത്ത് രേഖപ്പെടുത്തിയ മുസ്ഹഫിലൂടെയും സംരക്ഷിക്കപ്പെട്ടത് ഇന്നും നമുക്ക് കാണാൻ കഴിയും. സൂറത്ത് ശുഅറാഇലെ മുപ്പതാമത്തെ വചനത്തിലെ പാരായണവ്യത്യാസവും ഇതിനുദാഹരണമാണ്. അതിലെ ‘ഫബിമാ കസബത്ത്’ (فَبِمَا كَسَبَتْ) എന്ന ഹർഫ് ഹഫ്സ് ഖിറാഅത്തിന്റെ മുസ്ഹഫുകളിലൂടെയും ‘ബിമാ കസബത്ത്’ (بِمَا كَسَبَتْ) എന്ന ഹർഫ് വർഷ് ഖിറാഅത്തിന്റെ മുസ്ഹഫുകളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

പ്രവാചകനിൽ(സ) നിന്ന് നിവേദനം ചെയ്യപ്പെട്ടതാണെന്ന് ഉറപ്പുള്ള പത്ത് ഖിറാഅത്തുകളിലൂടെയും അവ രേഖപ്പെടുത്തിയ മുസ്ഹഫുകളിലൂടെയും അവതരിക്കപ്പെട്ട ഖുർആൻ പൂർണമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അവ്യക്തതകളും പിഴവുകളുമുള്ള ശാദ്ദായ ഖിറാഅത്തുകൾ പാരായണം ചെയ്യാന്‍ പാടില്ല എന്ന് ഇമാമീങ്ങള്‍ വ്യക്തമാക്കിയത് അവ പ്രവാചകനിൽ നിന്നുള്ളതാണെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ്. അവയിൽ പലതിലും സ്വഹാബാക്കളുടെ തഫ്‌സീറുകള്‍ (വിശദീകരണങ്ങള്‍) ചിലര്‍ തെറ്റായി കേട്ടത് ഉള്‍പ്പെടെ ഖുര്‍ആന്‍ അല്ലാത്ത പലതുമുണ്ട്. തഫ്‌സീറിന്റെ ഗ്രന്ഥങ്ങളില്‍ അവ സവിസ്തരം വിശദീകരിക്കപ്പെട്ടതാണ്. ദുര്‍ബലപ്പെടുത്തപ്പെട്ട ചില വചനങ്ങളും വചനഖണ്ഡങ്ങളും അവയിലുണ്ട്. ഉദാഹരണമായി സൂറത്തുന്നിസാഇലെ ഇരുപത്തിനാലാം വചനത്തിൽ വിവാഹമൂല്യത്തെക്കുറിച്ച് പറയുന്നിടത്ത് فَمَا اسْتَمْتَعْتُم بِهِ مِنْهُنَّ (നിങ്ങള്‍ ആസ്വാദനം അനുഭവിച്ചാല്‍ അവര്‍ക്ക് വിവാഹമൂല്യം നല്‍കണം) എന്നു പറഞ്ഞതിന് ശേഷം الي اجل مسمى(ഒരു നിശ്ചിത അവധി വരെ) എന്ന വചനവും ഇബ്‌നു അബ്ബാസിന്റെ(റ) മുസ്ഹഫില്‍ കാണാം. ഈ അധിക വചനം മുത്അ (താത്കാലിക വിവാഹം) നിരോധിക്കപ്പെട്ടതോടെ ദുര്‍ബലപ്പെടുത്തപ്പെട്ടതാണ്. ഇതുപോലുള്ള ചില ആയത്തുകള്‍ ഹദീഥ് ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവ സ്വഹാബിമാരുടെ വിശദീകരണങ്ങളോ മന്‍സൂഖായ ആയത്തുകളോ ആണ്. അവ മുസ്ഹഫില്‍ രേഖപ്പെടുത്തുകയോ പിൽക്കാല തലമുറകള്‍ക്ക് പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. നബി(സ)യുടെ ചില അനുചരന്മാർക്ക് അവ അറിയുമായിരുന്നു. അവർ പറഞ്ഞതാണ് ചില ഹദീഥ് ഗ്രന്ഥങ്ങളിലുള്ളത്.

ഉഥ്മാൻ (റ) തയ്യാറാക്കിയ ഖുർആൻ പ്രതികള്‍ ഈജിപ്ത്, ബസറ, കൂഫ, മക്ക, സിറിയ, യമന്‍, ബഹ്‌റൈന്‍ തുടങ്ങിയ നാടുകളിലേക്ക് അയച്ചുകൊടുത്തുവെന്നും അതിനു ശേഷം വ്യക്തികള്‍ സൂക്ഷിച്ചിരുന്ന എല്ലാ ഏടുകളും കത്തിച്ചുകളയാന്‍ ഖലീഫ ഉത്തരവ് നല്‍കി എന്നും ഈ ആധികാരിക കോപ്പികള്‍ പ്രകാരം മാത്രമേ ഖുര്‍ആന്‍ പാരായണം പാടുള്ളുവെന്നും കല്‍പന നല്‍കിയെന്നുമാണ് മുകളിൽ സൂചിപ്പിച്ച നിവേദനങ്ങൾ മനസ്സിലാക്കിത്തരുന്നത്. ഉസ്മാന്‍ (റ) കോപ്പികളെടുത്തു നല്‍കിയ മുസ്ഹഫുകളുടെ പകര്‍പ്പുകളാണ് ഇന്ന് ലോക വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രസ്തുത ഒറിജിനല്‍ കോപ്പികള്‍ ഇന്നും നിലവിലുണ്ട്

ഉഥ്മാനീ മുസ്ഹഫിന്റെ തനിപ്പകർപ്പ്

മൂന്നാം ഖലീഫയായ ഉഥ്മാനുബ്‌നു അഫ്ഫാനിന്റെ(റ) കാലത്ത് ക്രോഡീകരിക്കപ്പെട്ട മുസ്ഹഫുകളുടെ തനിപകർപ്പുകളാണ് ലോകത്തെങ്ങുമുള്ള മുസ്‌ലിംകൾ ഇന്നുപയോഗിക്കുന്നത്. അഥവാ ഇന്ന് കാണുന്ന രൂപത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കുകയും ശേഖരിക്കുകയും ചെയ്തത് ഉഥ്മാനിന്റെ(റ) ഭരണകാലത്താണ്. പന്ത്രണ്ട് വര്‍ഷത്തിലധികം നീണ്ടുനിന്ന തന്റെ ഭരണകാലത്തിനിടയില്‍ ഇസ്‌ലാമിക പ്രബോധനം വ്യാപകമാവുകയും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വിസ്തൃതി വര്‍ധിക്കുകയും ചെയ്തപ്പോള്‍ വ്യത്യസ്ത പ്രദേശങ്ങളിലെ പുതുമുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന് വേണ്ടി കൂടുതല്‍ സംവിധാനങ്ങളേര്‍പ്പെടുത്തേണ്ടിവന്നത് സ്വാഭാവികമായിരുന്നു. അങ്ങനെ ഏര്‍പെടുത്തിയ സംവിധാനങ്ങളുടെ ഭാഗമായാണ് വിശുദ്ധ ഖുര്‍ആനിന്റെ ഔദ്യോഗിക പ്രതികള്‍ പകര്‍ത്തിയെഴുതുവാനും അത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്കെല്ലാം കൊടുത്തയച്ച് അവിടെയെല്ലാം തെറ്റുകൂടാതെ, അവതരിക്കപ്പെട്ട രൂപത്തില്‍ തന്നെയാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുവാനും, ആദ്യത്തെ നാല് ഖലീഫമാരില്‍ ഏറ്റവുമധികം കാലം രാഷ്ട്രഭരണം നടത്തിയ വ്യക്തിയായ ഉഥ്മാനിന്(റ) അവസരമുണ്ടായത്.

അര്‍മീനിയക്കും അസര്‍ബൈജാനിനുമെതിരെയുള്ള ഉഥ്മാന്റെ(റ) കാലത്തെ യുദ്ധം നടന്ന ഹിജ്‌റ 25-ാം (ഫത്ഹുല്‍ ബാരി, വാല്യം 9 പുറം 18) വര്‍ഷത്തിനു ശേഷം ഉടനെത്തന്നെ ഉഥ്മാന്റെ(റ) കാലത്തെ ഔദ്യോഗിക ഖുര്‍ആന്‍ കയ്യെഴുത്ത് രേഖയുടെ പകര്‍ത്തിയെഴുത്ത് നടന്നിട്ടുണ്ടെന്ന് നടേ സൂചിപ്പിച്ച, അനസ്ബ്‌നു മാലികില്‍(റ) നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥ് വ്യക്തമാക്കുന്നുണ്ട്. (സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ഖുര്‍ആന്‍) പ്രവാചക വിയോഗം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടിനകം തന്നെ പ്രസ്തുത പകര്‍ത്തിയെഴുത്ത് നടന്നിട്ടുണ്ടെന്നര്‍ഥം. ഖുറൈശീ ആധാരഭാഷ പ്രകാരമുള്ള ഖുര്‍ആന്‍ കോപ്പികള്‍ തയ്യാറാക്കുകയും വ്യത്യസ്ത പ്രവിശ്യാ തലസ്ഥാനങ്ങളിലേക്ക് അയച്ചുകൊടുക്കുകയും വ്യക്തികളുടെ കൈകളിലുണ്ടായിരുന്ന സ്വകാര്യ കയ്യെഴുത്ത് പ്രതികള്‍ നശിപ്പിക്കുവാനാവശ്യപ്പെടുകയും ചെയ്തപ്പോള്‍ പ്രവാചകനില്‍(സ) നിന്ന് നേര്‍ക്കുനേരെ മതം പഠിച്ച അനുയായികളില്‍ മിക്കവരും ജീവിച്ചിരിക്കുന്നുണ്ടായിരുന്നു. അവരിലാരും തന്നെ ഉഥ്മാന്റെ(റ) നടപടിയെ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്തതായി വ്യക്തമാക്കുന്ന രേഖകളൊന്നും തന്നെയില്ല. അല്ലാഹുവിനെയും പ്രവാചകനെയും(സ) സ്വന്തത്തെക്കാളധികം സ്‌നേഹിച്ചിരുന്ന സ്വഹാബിമാര്‍, ഖുര്‍ആനില്‍ ഉഥ്മാന്‍ (റ) വല്ല മാറ്റവും വരുത്തുകയോ അതില്‍ നിന്ന് വല്ലതും മറച്ചുവെക്കുകയോ ചെയ്തിരുന്നുവെങ്കില്‍ അതിനെ ശക്തമായിത്തന്നെ എതിര്‍ക്കുകയും അദ്ദേഹത്തിനെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ചെയ്തില്ലെന്ന് മാത്രമല്ല, അവരെല്ലാവരും ഐകകണ്‌ഠേന അദ്ദേഹത്തിന്റെ നടപടി അംഗീകരിക്കുകയും അതോടൊപ്പം സഹകരിക്കുകയുമാണ് ചെയ്തത്.

(ഇബ്നു മസ്ഊദിൽ(റ) നിന്നുണ്ടായി എന്ന് പറയപ്പെടുന്ന പ്രതിസ്വരത്തെക്കുറിച്ച് പിന്നീട് വിശദീകരിക്കുന്നുണ്ട്.)

അബൂബക്കറിന്റെ(റ) കാലത്ത് നിര്‍മിക്കപ്പെട്ട ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി കൈവശമുണ്ടായിരുന്നിട്ടും അതില്‍നിന്ന് നേര്‍ക്കുനേരെ കോപ്പികളെടുക്കാതെ, നിലനില്‍ക്കുന്ന കയ്യെഴുത്ത് രേഖകള്‍ പരിശോധിക്കുകയും മനഃപാഠമുള്ളവരില്‍ നിന്ന് കേള്‍ക്കുകയും ചെയ്തതിന് ശേഷം സ്വതന്ത്രമായ കോപ്പികള്‍ പകര്‍ത്തിയെഴുതുകയും അത് ഹഫ്‌സയുടെ(റ) പക്കലുണ്ടായിരുന്ന, അബൂബക്കറിന്റെ(റ) കാലത്ത് നിര്‍മിക്കപ്പെട്ട ‘സുഹുഫു’മായി ഒത്തുനോക്കി. അബദ്ധങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയുമാണ് ഉഥ്മാനിന്റെ(റ) ഭരണകാലത്ത് സൈദ്ബ്‌നു ഥാബിതിന്റെ(റ) നേതൃത്വത്തിലുള്ള സംഘം ചെയ്തത്. ഇതിനായി അന്‍സ്വാരികളും ഖുറൈശികളുമടങ്ങുന്ന പന്ത്രണ്ട് പേരുടെ ഒരു സംഘത്തെയാണ് ഉഥ്മാന്‍(റ) ഉത്തരവാദപ്പെടുത്തിയതെന്ന് ഹിജ്‌റ110-ല്‍ അന്തരിച്ച ഇബ്‌നു സീരീന്‍ രേഖപ്പെടുത്തുന്നതായി ഇബ്‌നു സഅ്ദ് തന്റെ ത്വബഖാത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

അബൂബക്കറിന്റെ(റ) കാലത്ത് സൈദുബ്‌നു ഥാബിത്തിന്റെ(റ) നേതൃത്വത്തില്‍ നടത്തിയ ഖുര്‍ആന്‍ കയ്യെഴുത്ത് രേഖകളുടെ ക്രോഡീകരണത്തില്‍ എന്തെങ്കിലും തരത്തിലുള്ള സ്ഖലിതങ്ങളുണ്ടാവുകയോ, അന്ന് ലഭ്യമല്ലാതിരുന്നതിനാല്‍ ഏതെങ്കിലും വചനങ്ങള്‍ വിട്ടുപോവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത പ്രശ്‌നങ്ങള്‍ കൂടി പരിഹരിച്ച ശേഷമുള്ള അന്യൂനമായ ഖുര്‍ആന്‍ രേഖ തന്നെയാവണം തന്റെ ഭരണകാലത്ത് നിര്‍മിക്കുന്നതെന്ന് വിചാരിച്ചതു കൊണ്ടാവണം ഹഫ്സയുടെ(റ) പക്കലുള്ള ‘സുഹുഫി’ന്റെ നേര്‍പതിപ്പുകള്‍ നിര്‍മിക്കാതെ സ്വതന്ത്രമായിത്തന്നെ ഖുര്‍ആന്‍ കയ്യെഴുത്ത് രേഖകള്‍ നിര്‍മിക്കുവാനും അവ ഹഫ്‌സയുടെ(റ) പക്കലുള്ള രേഖയുമായി ഒത്തുനോക്കിയ ശേഷം മാത്രം സ്വീകരിക്കുവാനും ഉഥ്മാന്‍ (റ) തീരുമാനിച്ചത്. ഖുര്‍ആന്‍ മനഃപാഠമുള്ളവരുടെ മരണം വഴി വചനങ്ങള്‍ നഷ്ടപ്പെട്ടുപോകുമോയെന്ന ഭയമായിരുന്നു അബൂബക്‌റിനെയും(റ) ഉമറിനെയും(റ) ‘സുഹുഫ്’ നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചതെങ്കില്‍, ഖുര്‍ആന്‍ തെറ്റായി പാരായണം ചെയ്യുന്ന പ്രവണതയുണ്ടായി വരുന്നുവെന്ന കണ്ടെത്തെലാണ് ഉഥ്മാനിനെ(റ)ഔദ്യോഗിക ഖുര്‍ആന്‍ രേഖകള്‍ പകര്‍ത്തിയെഴുതുവാന്‍ പ്രചോദിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് അബൂബക്കറിന്റെ(റ) കാലത്ത് ക്രോഡീകരിക്കപ്പെട്ട മുസ്ഹഫ് അടക്കം നില നിൽക്കേണ്ടതില്ലെന്ന് ഉഥ്മാനിന്റെ(റ) പിൻഗാമികളായി വന്ന ഭരണാധികാരികൾ തീരുമാനിച്ചത്.

തെറ്റായ രീതിയില്‍ രേഖപ്പെടുത്തപ്പെട്ട വ്യക്തിഗത കോപ്പികള്‍ നശിക്കാതെ നിലനിന്നാല്‍ ഭാവിയിലെങ്കിലും അത്തരം കോപ്പികളില്‍ നിന്ന് തെറ്റായ രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പടുന്ന അവസ്ഥയുണ്ടാകുമെന്ന് മനസ്സിലാക്കിയതിനാലാണ് എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണമായ ഔദ്യോഗിക കോപ്പികള്‍ പകര്‍ത്തിയെഴുതുവാനും അങ്ങനെ പകര്‍ത്തിയെഴുതിയതിനു ശേഷം അതല്ലാത്ത കോപ്പികളെല്ലാം നശിപ്പിക്കുവാനും ഉഥ്മാന്‍ (റ) തീരുമാനിച്ചത്. ഈ തീരുമാനത്തിന് അന്നു ജീവിച്ചിരുന്ന സ്വഹാബിമാരുടെയെല്ലാം പിന്തുണയുണ്ടായിരുന്നു. ഉഥ്മാന്‍ (റ) ചെയ്തത് തെറ്റായിപ്പോയെന്ന് ഏതെങ്കിലുമൊരു പ്രവാചകാനുചരന്‍ പറഞ്ഞതായി തെളിയിക്കുവാന്‍ ഖുര്‍ആനില്‍ കൈകടത്തുവാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് ആരോപിക്കുന്ന ഇസ്‌ലാം വിമര്‍ശകര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. സ്വഹാബിമാരില്‍ പലര്‍ക്കും ഖുര്‍ആന്‍ മനഃപാഠമുണ്ടായിരുന്നതിനാല്‍ അത്തരം വല്ല കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിരുന്നുവെങ്കില്‍ അക്കാര്യം അവര്‍ തുറന്നുപറയുകയും തിരുത്തുകയും ചെയ്യുമായിരുന്നു. അങ്ങനെയൊന്നുമുണ്ടായിട്ടില്ലെന്ന വസ്തുത അവതരിക്കപ്പെട്ട വിശുദ്ധിയില്‍ തന്നെ നിലനില്‍ക്കുന്നവയായിരുന്നു ഉഥ്മാന്‍ (റ) പകര്‍ത്തിയെഴുതിയ ഔദ്യോഗിക പതിപ്പുകള്‍ എന്ന വസ്തുതയ്ക്ക് അടിവരയിടുന്നുണ്ട്.

ഖുര്‍ആനിന്റെ ഔദ്യോഗിക രേഖകള്‍ പകര്‍ത്തിയെഴുതി പ്രവിശ്യാതലസ്ഥാനങ്ങളിലേക്ക് കൊടുത്തയക്കുക മാത്രമല്ല ഉഥ്മാന്‍ (റ) ചെയ്തത്; ഔദ്യോഗിക രേഖകളോടൊപ്പം ഔദ്യോഗിക പാരായണക്കാരെക്കൂടി പറഞ്ഞയച്ചുകൊണ്ട് അംഗീകൃതമല്ലാത്ത പാരായണ ഭേദങ്ങളുണ്ടാകുവാനുള്ള സാധ്യതയുടെ വാതില്‍ കൊട്ടിയടക്കുക കൂടി ചെയ്തു അദ്ദേഹമെന്നതാണ് വാസ്തവം. സൈദുബ്‌നു ഥാബിത്തിനെ മദീനയിലും അബ്ദുല്ലാഹിബ്‌നു അസ്സാഇബിനെ മക്കയിലും അല്‍മുഗീറത്തുബ്‌നു ശിഹാബിനെ സിറിയയിലും ആമിറുബ്‌നു അബ്ദില്‍ ഖൈസിനെ ബസ്വറയിലും അബ്ദുറഹ്മാന്‍ അസ്സുലാമിയെ കൂഫയിലും(റ) നിശ്ചയിച്ചത് ആ പ്രദേശത്തുകാര്‍ക്ക് ഔദ്യോഗിക രേഖപ്രകാരം എങ്ങനെ പാരായണം ചെയ്യണമെന്ന് പഠിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു. (അബൂ അബ്ദില്ലാഹ് മുഹമ്മദ് അൽഅന്തലൂസി: അൽ കാഫീ ഫീ ഖിറാആത്തി സ്സബ്അ, പുറം 15)

അബ്ദുല്‍ ഫത്താഹ് അല്‍ ഖാദി എഴുതുന്നു: ‘ഈ പണ്ഡിതന്മാരെല്ലാം പ്രവാചകനില്‍ നിന്ന് നിരവധി വഴികളില്‍ തങ്ങളിലെത്തുകയും അംഗീകരിക്കപ്പെടുകയും ചെയ്ത പാരായണ രീതികളിലാണ് തങ്ങളുടെ പക്കലുള്ള ഔദ്യോഗിക ഖുര്‍ആന്‍ രേഖയിലെ വ്യഞ്ജനപ്രധാനമായ രേഖീകരണങ്ങളുപയോഗിച്ച് തങ്ങള്‍ നിയോഗിക്കപ്പെട്ട സമൂഹത്തെ പാരായണം ചെയ്തു പഠിപ്പിച്ചത്. ഒരാളിലൂടെ മാത്രമായി സംപ്രേഷണം ചെയ്യപ്പെട്ട പാരായണരീതികളൊന്നും അവര്‍ സ്വീകരിച്ചില്ല. നിരവധിയാളുകളിലൂടെ നിരവധി വഴികളില്‍ നിവേദനം ചെയ്യപ്പെട്ട പാരായണ രീതിയനുസരിച്ച് മാത്രം ജനങ്ങളെ പഠിപ്പിക്കുന്നതിനായി പാരായണക്കാരെക്കൂടി പറഞ്ഞയക്കുക വഴി പ്രവാചകന്‍ (സ) പഠിപ്പിച്ച രീതികളില്‍ മാത്രം ഔദ്യോഗിക ഖുര്‍ആന്‍ രേഖ പാരായണം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാക്കുകയാണ് ഉഥ്മാന്‍ (റ) ചെയ്തത്. (അബ്ദുല്‍ ഫത്താഹ് അല്‍ ഖാദിയുടെ അല്‍ ഖിറാആത് ഫീ നദ്വര്‍ അല്‍ മുസ്തശ്‌രിഖീന്‍ വല്‍ മുല്‍ഹിദീന്‍’ എന്ന തലക്കെട്ടില്‍ മജല്ലത്തുല്‍ അസ്ഹറില്‍ (വാല്യം 43/2, 1391 (1971) പുറം 175) വന്ന ലേഖനത്തില്‍ നിന്ന്‌ ഡോക്ടര്‍ എം. എം. അഅ്ദമി ഉദ്ധരിച്ചത്, M.M Al Azami, “The History Of The Quranic Text – From Revelation To Compilation, A Comparative Study with the Old and New Testaments, Leicester, 2003 Page 95)

ഇങ്ങനെ അയച്ച പാരായണ വിദഗ്ധരിലൂടെയാണ് ഇന്ന് നിലനിൽക്കുന്ന ഖിറാഅത്തുകളെല്ലാം നിവേദനം ചെയ്യപ്പെട്ടത്. ഓരോ ദേശത്തേക്കും ഉഥ്മാൻ (റ) പറഞ്ഞയച്ച പാരായണക്കാരിലൂടെയാണ് ഇന്ന് നില നിൽക്കുന്ന ഖിറാഅത്തുകളുടെയെല്ലാം ശൃംഖല പ്രവാചകനിലെത്തുന്നത്. അഥവാ പ്രവാചകൻ (സ) പഠിപ്പിച്ച പാരായണരീതികളെ ഹർഫുകളിലെ വ്യത്യാസങ്ങളെക്കൂടി ഉൾക്കൊണ്ട് കൊണ്ട് ഇവരാണ് അടുത്ത തലമുറകളിലേക്ക് നൽകിയത്.

ഇന്നും നിലനിൽക്കുന്ന കയ്യെഴുത്ത് പ്രതികൾ

ഉഥ്മാൻ (റ) ക്രോഡീകരിക്കുകയും പ്രവിശ്യാതലസ്ഥാനങ്ങളിലേക്ക് കൊടുത്തയക്കുകയും ചെയ്ത ഖുർആൻ പതിപ്പുകളിൽ രണ്ടെണ്ണം ഇന്നും നിലനിൽക്കുന്നുണ്ട്. അവ താഴെ പറയുന്നവയാണ്

1) ഉസ്‌ബെക്കിസ്താനിലെ താഷ്‌കന്റിലുള്ള കയ്യെഴുത്ത് പ്രതി:

ആകെ 360 പുറങ്ങളുള്ളതില്‍ 69 എണ്ണം പൂര്‍ണമായിത്തന്നെ കീറിപ്പോയ രീതിയിലാണ് ഈ പ്രതി ഇപ്പോഴുള്ളത്. താഷ്‌കന്റിലെ തെല്യാ ശൈഖ് മസ്ജിദിലുള്ള ഹസ്ത് ഇമാം ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഇതില്‍ കാര്യമായ കേടുപാടുകളൊന്നുമില്ലാത്ത പതിനഞ്ച് പുറങ്ങളൊഴിച്ച് ബാക്കിയെല്ലാം കീറിയതോ പേജിന്റെ കുറച്ചുഭാഗംമാത്രം അവശേഷിക്കുന്നതോ ആയ രൂപത്തിലാണുള്ളത്. ഓക്‌സ്‌ഫോര്‍ഡില്‍ വെച്ചു നടന്ന കാര്‍ബണ്‍ ഡേറ്റിംഗ് പരീക്ഷണത്തില്‍ നിന്ന് ഇത് ക്രിസ്താബ്ദം 595നും 855നുമിടയില്‍ രചിക്കപ്പെട്ടതാകാന്‍ 95% സാധ്യതയും ക്രിസ്താബ്ദം 640 നും 765നുമിടയില്‍ രചിക്കപ്പെട്ടതാകാന്‍ 68% സാധ്യതയുമുണ്ടെന്നാണ് വ്യക്തമാക്കിയത്. (F. Deroehe: ‘Manuscripts of the Qu’ran’ in J.D. Mc Auliffel (Ed.)Encyclopaedia of the Qu’ran; Leiden & Boston, 2003, volume 3, page 261)

ഉഥ്മാന്റെ(റ) കാലത്ത് നിര്‍മിക്കപ്പെട്ട കോപ്പികളിലൊന്നാണ് ഇതെന്ന വസ്തുതയാണ് കാര്‍ബണ്‍ഡേറ്റിംഗ് പരീക്ഷണം വ്യക്തമാക്കുന്നതെന്നര്‍ഥം.

2) തൂര്‍ക്കിയില്‍ ഇസ്തംബൂളിലെ തോപ്കാപി മ്യൂസിയത്തിലുള്ള കയ്യെഴുത്ത് പ്രതി:408 പുറങ്ങളിലായി നിലനില്‍ക്കുന്ന ഈ കയ്യെഴുത്ത് പ്രതിയില്‍ ഖുര്‍ആനിന്റെ 93 ശതമാനവും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രണ്ട് പുറങ്ങള്‍ മാത്രമെ നഷ്ടപ്പെട്ടിട്ടുള്ളൂ. ഉഥ്മാന്റെ(റ) കാലത്ത് രചിക്കപ്പെട്ടതാണ് ഇത് എന്ന പാരമ്പര്യത്തിനെതിരാണ് ഇതിലുപയോഗിച്ച രചനാരീതിയെന്ന് പറഞ്ഞ ഓറിയന്റലിസ്റ് ഗവേഷകരുണ്ട്. എന്നാല്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഇത് രചിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ അവർക്കു പോലും സംശയമില്ല. (T. Altikulac: Al Mushaf Alsharif: Attribured Uthman Bin Affan. (The copy at the Topkapi Palace Meuseum), Isthambul, 2007).

മദീനയിലുണ്ടായിരുന്ന ഈ ഉഥ്മാനീ മുസ്ഹഫ് തുർക്കിക്കാർ ജർമ്മൻ രാജാവിന് സമ്മാനിച്ചതായിരുന്നുവെന്നും ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ് അത് തുർക്കിയിലെത്തിയതെന്നും വെർസൈൽ ഉടമ്പടിയിലെ പരാമർശങ്ങളിൽ നിന്ന് മനസ്സിലാകുന്നുണ്ട്. 246 ആം ഉടമ്പടി ഇങ്ങനെയാണ്: “ഈ ഉടമ്പടി നിലവിൽ വന്ന് ആറ് മാസങ്ങൾക്കകം തന്നെ മദീനയിൽ നിന്ന് തുർക്കി ഉദ്യോഗസ്ഥന്മാർ എടുത്തുമാറ്റുകയും മുമ്പ് ചക്രവർത്തിയായിരുന്ന വില്യം രണ്ടാമന് പാരിതോഷികമായി നൽകുകയും ചെയ്ത ഖലീഫ ഉഥ്മാനിന്റെ(റ) ഒറിജിനൽ ഖുർആൻ ഹിജാസിന്റെ മഹാരാജാവിനെ തിരിച്ചേൽപിക്കുന്നതാണ്.” (Fred L. Israel: Major Peace Treaties of Modern History, New York, Vol. II, Page 1418)

സ്വഹാബിമാർ ഉപയോഗിച്ച മുസ്ഹഫുകൾ

സ്വഹാബിമാരുടെ മുസ്ഹഫുകളോ അവയുടെ ഭാഗങ്ങളോ ഇന്ന് ഉപലബ്ധമല്ലെന്ന ഓറിയന്റലിസ്റ്റുകളില്‍ ചിലരുടെയും അവരുടെ വാദങ്ങള്‍ കോപ്പിയടിച്ച് ഇസ്‌ലാം വിമര്‍ശനം നടത്തുന്ന ക്രൈസ്തവ മിഷനറിമാരുടെയും വാദം അടിസ്ഥാന രഹിതമാണെന്ന് പ്രമുഖ ഓറിയന്റലിസ്റ്റായ നബിയ എബൊട്ട് തന്റെ ഖുര്‍ആന്‍ കയ്യെഴുത്ത് രേഖകളെക്കുറിച്ച പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (Nabia Abbott: The Rise of the North Arabic Script and its Kur’anic Development, with a full description of the Kura’n manuscripts in the Oriental Institute, Chicago, 1939) ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ രചിക്കപ്പെട്ടതു മുതല്‍ക്കുള്ള ഖുര്‍ആന്‍ കയ്യെഴുത്തു പ്രതികളെക്കുറിച്ച വിവരങ്ങള്‍ അവരുടെ പഠനത്തിലുണ്ട്. പ്രസ്തുത നൂറ്റാണ്ടിന്റെ അവസാനംവരെ അറേബ്യന്‍ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി പ്രവാചകാനുചരന്‍മാര്‍ ജീവിച്ചിരുന്നിട്ടുണ്ട്.

ഹിജ്‌റ 96-ാം വര്‍ഷത്തില്‍ തന്റെ നൂറാമത്തെ വയസ്സില്‍ മരണപ്പെട്ട സഹലുബ്‌നു സഅദിനെ(റ) മദീനയില്‍ ജീവിച്ച അവസാനത്തെ സഹാബിയായും ഹിജ്‌റ 93-ല്‍ തന്റെ 103-ാമത്തെ വയസ്സില്‍ മരണപ്പെട്ട അനസുബ്‌നു മാലിക്കിനെ(റ) ബസ്വറയില്‍ ജീവിച്ച അവസാനത്തെ സ്വഹാബിയായും ഹിജ്‌റ 110-ല്‍ മരണപ്പെട്ട അബൂ തുഫൈല്‍ അമിറുബിനു വാഥിലയ്യെ(റ) മക്കയില്‍ ജീവിച്ച അവസാനത്തെ സ്വഹാബിയായും കണക്കാക്കപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ മുസ്‌ലിം ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ജീവിച്ച സ്വഹാബിമാര്‍ പഠന-പാരായണങ്ങള്‍ക്ക് ഉപയോഗിച്ചതാവണം നബിയ എബൊട്ട് രേഖപ്പെടുത്തുന്ന കയ്യെഴുത്ത് പ്രതികളെന്ന് മനസ്സിലാക്കാവുന്നതാണ്. തന്റെ ഭരണകാലത്ത് ഉഥ്മാനിന്റെ(റ) നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയതെന്ന് കരുതപ്പെടുന്ന ആറ് കയ്യെഴുത്തു പ്രതികള്‍ പൂര്‍ണമായോ ഭാഗികമായോ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഇന്ന് സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഉഥ്മാനിന്റെ(റ) കാലത്ത് പകര്‍ത്തിയെഴുതപ്പെട്ട പ്രതികളില്‍പ്പെട്ടവ തന്നെയാണോയെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സ്വഹാബിമാർ ജീവിച്ചിരുന്നപ്പോൾ ഉപയോഗിച്ചതാകാമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

1972-ല്‍ യമനിന്റെ തലസ്ഥാനമായ സന്‍ആഇലെ പുരാതനമായ പള്ളി പുതുക്കി പണിയുന്നതിനിടയ്ക്ക് പുരാതനമായ ചില കയ്യെഴുത്തു രേഖകള്‍ കണ്ടെത്തുകയുണ്ടായി. ഹിജ്‌റ ആറാം വര്‍ഷത്തില്‍ പ്രവാചകന്റെ(സ) നിര്‍ദേശമനുസരിച്ച് അദ്ദേഹത്തിന്റെ അനുചരന്‍മാരില്‍ ഒരാള്‍ നിര്‍മിച്ചതാണ് ഈ പള്ളി. അവിടെ നിന്ന് കണ്ടെടുത്ത കയ്യെഴുത്തു രേഖകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് യുനെസ്‌കോ ഒരു സി.ഡി. പുറത്തിറക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ശാഖയായ യുനെസ്‌കോയുടെ ‘ലോകസ്മരണകള്‍’ (Memory of the World) എന്ന പ്രോഗ്രാമി ന്റെ ഭാഗമായാണ് ഈ സി.ഡി. റോം പുറത്തിറക്കിയിരിക്കുന്നത്. (www. unesco.org/webworld/mdn/visite/sanaa/en/present.html)

ഈ കയ്യെഴുത്തു രേഖകളില്‍ ചിലതില്‍ ഖുര്‍ആനാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ ഖുര്‍ആന്‍ കയ്യെഴുത്ത് രേഖകളില്‍ മിക്കതും ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലേതാണെന്ന് അതിലെ എഴുത്തുരീതി വ്യക്തമാക്കുന്നുണ്ട്. (Abdul Thaher: “Quering the Qu’ran” The Guardian, 08-08-2000) കാര്‍ബര്‍ ഡേറ്റിംഗ് പരീക്ഷണങ്ങള്‍ കയ്യെഴുത്ത് രേഖകളില്‍ ചിലതെല്ലാം ക്രിസ്താബ്ദം 645 നും 690 നുമിടയില്‍ രചിക്കപ്പെട്ടതാണെന്നാണ് മനസ്സിലാക്കിത്തരുന്നത്. (Carole Hillenbrand: The New Cambridge Medieval History, Cambridge, 2005, vol. 1 Page 330) പുരാതനമായ പല കയ്യെഴുത്തു രേഖകളിലും ഉപയോഗിക്കപ്പെട്ടിരിക്കുന്ന കൂഫി എഴുത്ത് രീതിയിലല്ല, അതിനേക്കാള്‍ പഴയ ഹിജാസീ എഴുത്ത് രീതിയിലാണ് ഇതിലെ ഖുര്‍ആന്‍ വചനങ്ങള്‍ എഴുതിയത് എന്നതല്ലാതെ നിലവില്‍ പ്രചാരത്തിലുള്ള ഖുര്‍ആനില്‍നിന്ന് യാതൊരു വ്യത്യാസവും കണ്ടെത്താന്‍ ഇതുവരെയുള്ള ഗവേഷണങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. (“Sana’a Manuscrips: Uncovering a Treasure of words” Unesco courier, 02-12-2008)

ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നിര്‍മിക്കപ്പെട്ട മുസ്ഹഫിന്റെ ഭാഗങ്ങളാണ് സന്‍ആയില്‍നിന്ന് ലഭിച്ചതെന്ന കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനാ ഫലത്തിന്റെ വെളിച്ചത്തില്‍ ഇന്ന് നിലവിലുള്ള ഖുര്‍ആന്‍ കയ്യെഴുത്തു പ്രതികളില്‍ ഏറ്റവും പഴയതാണിതെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. (Abdul Taher: “Quareling the Qu’ran”, The Guardian, 8-8-2000 )ചില ഗവേഷകന്‍മാരുടെ അഭിപ്രായത്തില്‍ ഖുര്‍ആനിന്റെ ഈ കയ്യെഴുത്ത് രേഖകളില്‍ ചിലത് മുഹമ്മദ് നബി(സ)യുടെ മരണത്തിനുശേഷം പതിനഞ്ച് വര്‍ഷങ്ങള്‍ക്കകം രചിക്കപ്പെട്ടവയാണ്. ഏതായിരുന്നാലും സ്വഹാബിമാരില്‍ ആരുടെയെങ്കിലും കൈവശമുണ്ടായിരുന്ന കയ്യെഴുത്ത് പ്രതിയുടെ അവശിഷ്ടങ്ങളാണ് ഇവയില്‍ ചിലതെന്ന കാര്യത്തില്‍ ഗവേഷകന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. (B. Sadeghi & U. Bergmann: “The Codex of a Companion of the Prophet and the Qu’ran of the Prophet”, Arabica, 2010, Volume 57 page 344-354)

മുഹമ്മദ് നബി(സ)ക്ക് അവതരിക്കപ്പെട്ട രൂപത്തിൽ തന്നെ യാതൊരു വ്യത്യാസവുമില്ലാതെ ഇന്നും ഖുർആൻ സംരക്ഷിക്കപ്പെടുന്നുണ്ടെന്നത്തിനുള്ള വസ്തുനിഷ്ഠമായ തെളിവാണ് മുകളിൽ പറഞ്ഞ ഖുർആൻ കോപ്പികളെല്ലാം. കഴിഞ്ഞ പതിനാലുനൂറ്റാണ്ടുകളായി മാറ്റമില്ലാതെ നിലനിൽക്കുന്ന ഒരേയൊരു ഗ്രന്ഥം എന്ന ഖ്യാതിക്ക് അർഹമാകുവാൻ ഖുർആനിനല്ലാതെ മറ്റൊരു ഗ്രൻഥത്തിനും കഴിയില്ലെന്ന് പ്രമുഖ ഓറിയന്റലിസ്റ്റും ക്രൈസ്തവമിഷനറിയുമായിരുന്ന വില്യം മ്യൂറിനു പോലും പറയേണ്ടി വന്നത് (Sir Williams Muir: Life of Mohamet, Vol.I. Page xvi) അതിന്റെ ചരിത്രം അത്രയ്ക്കും കുറ്റമറ്റതും സുതാര്യവുമായതിനാലാണ്. വിശുദ്ധ ഖുര്‍ആനിന്റെ അവതരണവും സംരക്ഷണവും മാത്രമല്ല ക്രോഡീകരണവും വിശദീകരണവുമെല്ലാം സര്‍വശക്തനായ അല്ലാഹു തന്നെ നിര്‍വഹിക്കുമെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ളതാണ്. അത് അവൻ നിർവ്വഹിച്ചുവെന്നതിന് ഖുർആൻ ക്രോഡീകരണത്തിന്റെ ചരിത്രം വിളിച്ച് പറയുന്നുണ്ട്. “തീര്‍ച്ചയായും അതിന്റെ (ഖുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ പാരായണം നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.” (ഖുര്‍ആന്‍ 75:17-19)

print

No comments yet.

Leave a comment

Your email address will not be published.