ഖുർആൻ സംരക്ഷിതഗ്രന്ഥം -10

//ഖുർആൻ സംരക്ഷിതഗ്രന്ഥം -10
//ഖുർആൻ സംരക്ഷിതഗ്രന്ഥം -10
ഖുർആൻ / ഹദീഥ്‌ പഠനം

ഖുർആൻ സംരക്ഷിതഗ്രന്ഥം -10

ഖുർആൻ ക്രോഡീകരണം -3

ഖുറൈശീശൈലിയിലുള്ള ക്രോഡീകരണം

ക്വുര്‍ആന്‍ പ്രഥമമായി അവതീര്‍ണമായതും നബി (സ) പള്ളികളില്‍ പാരായണം ചെയ്തതും ഖുറൈശി ഭാഷയിലാണ്. ഇത് മദീനയിലെ വ്യത്യസ്ത ഗോത്രങ്ങള്‍ക്ക് പ്രയാസമായപ്പോഴാണ് അല്ലാഹു വ്യത്യസ്ത പാരായണ ശൈലികള്‍ അവതരിപ്പിച്ചതെന്ന് ഹർഫുകളെക്കുറിച്ച് പ്രതിപാദിച്ചപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. ഉഥ്മാന്‍ (റ) സ്വഹാബാക്കളുമായി കൂടിയാലോചിച്ചുകൊണ്ട് ഐകകണ്ഠമായ അഭിപ്രായപ്രകാരം നബി (സ) സാധാരണയായി പാരായണം ചെയ്ത ശൈലി മാത്രം മുസ്ഹഫില്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും വ്യത്യസ്ത ഹർഫുകളിൽ വന്ന വ്യത്യാസങ്ങളെ ഖിറാഅത്തുകളിലൂടെ നിലനിർത്താനും തീരുമാനിച്ചു. ബുഖാരി നിവേദനം ചെയ്ത “ഏതെങ്കിലും ഖുർആൻ വചനത്തിന്റെ കാര്യത്തിൽ സൈദ് ബ്നു ഥാബിതുമായി നിങ്ങൾ അഭിപ്രായഭിന്നതയിലായാൽ ഖുറൈശി ഉച്ചാരണരീതിയിൽ നിങ്ങൾ എഴുതുക; എന്തുകൊണ്ടെന്നാൽ അവരുടെ ഭാഷാശൈലിയിലാണ് ഖുർആൻ അവതരിച്ചത്.” എന്ന ഉഥ്മാനി(റ)ന്റെ കൽപനയിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.

കഥീർ ബിന്‍ അഫ്‌ലഹ് (റ) പറയുന്നു. ഉസ്മാന്‍ (റ) മുസ്ഹഫ് തയ്യാറാക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അതിനായി ഖുറൈശികളിലും അന്‍സ്വാരികളിലും പെട്ട പന്ത്രണ്ട് പേരെ ഒരുമിച്ചു കൂട്ടി. അവരില്‍ സൈദ് ബിന്‍ സാബിതും ഉബയ്യും(റ) ഉണ്ടായിരുന്നു. ഉമറിന്റെ(റ) ഭവനത്തിലിരുന്ന മുസ്ഹഫിന്റെ പ്രഥമ പ്രതി കൊണ്ടുവരപ്പെട്ടു. ഉഥ്മാന്‍ (റ) അവരെ ശ്രദ്ധിച്ചിരുന്നു. ഒരു കാര്യത്തില്‍ അവര്‍ പരസ്പരം വിയോജിച്ചാല്‍ അതിനെ മാറ്റി വെക്കുമായിരുന്നു. മുഹമ്മദ് (റ) പറയുന്നു, അവര്‍ അതിനെ മാറ്റിവെച്ചത് നബി(സ)യില്‍ അവസാന പാരായണം പഠിച്ച വ്യക്തികളുടെ വചനപ്രകാരം അതിനെ രേഖപ്പെടുത്താനായിരുന്നു. (ഇബ്‌നു അബീ ദാവൂദ് 89, ഇബ്‌നു കഥീർ: ഫദാഇലുല്‍ ക്വുര്‍ആന്‍ 42, ഫതഹുല്‍ ബാരി 9/19, അല്‍ ഇത്ഖാന്‍ 1/169. ഇത് സ്വഹീഹാണെന്ന് ഇബ്‌നു കഥീർ വ്യക്തമാക്കിയിട്ടുണ്ട്.)

മുസ്അബ് ബിന്‍ സഅദ് (റ) പറയുന്നു: ഉഥ്മാൻ (റ) ജനങ്ങളുടെ മുന്നില്‍ എഴുന്നേറ്റു നിന്നു പ്രസംഗിച്ചു. ജനങ്ങളേ! നബി(സ)യുമായി നിങ്ങള്‍ വിട്ടുപിരിഞ്ഞിട്ട് കേവലം മുപ്പത് വര്‍ഷമേ ആയിട്ടുള്ളൂ. നിങ്ങള്‍ ക്വുര്‍ആനില്‍ തര്‍ക്കിക്കുന്നു. ഉബയ്യിന്റെ ഖിറാഅത്ത്, അബ്ദുല്ലായുടെ ഖിറാഅത്ത് എന്നു പറയുന്നു. അപരന്റെ ഖിറാഅത്ത് ശരിയല്ല എന്നും ചിലര്‍ പരസ്പരം പറയാന്‍ തുടങ്ങിയിട്ടുണ്ട്. ആയതിനാല്‍ ഞാന്‍ ദൃഢമായി പറയുന്നു. നിങ്ങളുടെ കൈവശമുള്ള ക്വുര്‍ആന്‍ രേഖകള്‍ നിങ്ങള്‍ കൊണ്ടുവന്നു തരണം. അങ്ങനെ ജനങ്ങള്‍ ക്വുര്‍ആന്‍ എഴുതപ്പെട്ട ഏടുകളും തോലുകളും ശേഖരിച്ചു. ശേഷം ഓരോരുത്തരെയും വിളിപ്പിച്ച് നബി(സ)യില്‍ നിന്നും കേട്ടതാണോ എന്നു സത്യം ചെയ്തു ചോദിച്ചു. ശേഷം ജനങ്ങളോട് ചോദിച്ചു. ആരാണ് ഏറ്റവും നന്നായി എഴുതുന്നത്? അവര്‍ പറഞ്ഞു, നബി(സ)യുടെ എഴുത്തുകാരനായ സൈദ് ബിന്‍ സാബിതാണ്. അദ്ദേഹം ചോദിച്ചു, ഏറ്റവും നല്ല ഭാഷാശുദ്ധിയുള്ളത് ആര്‍ക്കാണ്. അവര്‍ പറഞ്ഞു. സഈദ് ബിന്‍ ആസി(റ)നാണ്. അപ്പോള്‍ ഉഥ്മാൻ (റ) പറഞ്ഞു. സഈദ് (റ) വായിച്ചുകൊടുക്കുകയും സൈദ് (റ) എഴുതുകയും ചെയ്യട്ടെ. മുസ്ഹഫുകള്‍ തയ്യാറാക്കി ജനങ്ങള്‍ക്ക് നല്‍കി. ഉഥ്മാൻ (റ) ചെയ്തത് നല്ല കാര്യമാണെന്ന് നബി(സ)യുടെ ചില സ്വഹാബാക്കള്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. (ഇബ്‌നു അബീ ദാവൂദ് 82. മറ്റൊരു നിവേദനത്തില്‍ ഇതിനെ ഒരാളും ആക്ഷേപിച്ചതായി ഞാന്‍ കേട്ടിട്ടില്ല എന്നുമുണ്ട്. ഇമാം ഇബ്‌നു കഥീർ ഫദാഇലുല്‍ ക്വുര്‍ആന്‍ 37ല്‍ ഇത് സ്വഹീഹാണെന്ന് വ്യക്തമാക്കി)

പാരായണശൈലിയുടെ കാര്യത്തിൽ എഴുത്തുകാർക്കിടയിൽ ഉണ്ടായ ഒരു പ്രധാന അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ഇമാം സുഹ്‌രി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. “ആ സന്ദര്‍ഭത്തില്‍ താബൂത്(تابوت) എന്നാണോ താബൂഹ്(تابوه) എന്നാണോ എഴുതേണ്ടത് എന്നതിൽ അഭിപ്രായവ്യത്യാസമുണ്ടായി. ഖുറൈശികള്‍ താബൂത് എന്നും സൈദ് (റ) താബൂഹ് എന്നാണെന്നും അഭിപ്രായം പറഞ്ഞു. ഉഥ്മാനു(റ) മുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ താബൂത് എന്നെഴുതുക. കാരണം അതാണ് ഖുറൈശി ശൈലി. (ജാമിഉ ത്തിര്‍മിദിയിൽ(കിത്താബുത്തഫ്സീർ) സ്വഹീഹായ പരമ്പരയോടെ നിവേദനം ചെയ്തത്, ഇമാം ദനി: അല്‍മുഖന്നാഅ് 124, അല്‍ മസാഹിഫ് 68)

വ്യത്യസ്ത ഗോത്രഭാഷകളില്‍ അവതീര്‍ണമായ ഖുർആനിലെ വ്യത്യസ്ത ശൈലികളിൽ താബൂത് എന്ന് ഒരു വിഭാഗവും താബൂഹ് എന്ന് മറ്റൊരു വിഭാഗവും പാരായണം ചെയ്തിരുന്നുവെന്നാണ് ഈ തർക്കത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്. ഉഥ്മാൻ (റ) ക്രോഡീകരിച്ച മുസ്ഹഫില്‍ നബി (സ) പതിവായി ഓതുന്ന ഖുറൈശി ശൈലിക്കാണ് മുന്‍ഗണന നല്‍കപ്പെട്ടത് എന്നും ആ രൂപത്തിലാണ് എഴുതിയത് എന്നും മാത്രമേ ഇതിന്നർത്ഥമുള്ളൂ.

ക്വുര്‍ആന്‍ അവതരിക്കപ്പെട്ട ഖുറൈശീ ഉച്ചാരണരീതിയാണ് അറബി ഭാഷയുടെ ആധാര ഉച്ചാരണ രീതിയെന്നതിനാല്‍ അതില്‍ തന്നെയാണ് ക്വുര്‍ആന്‍ പാരായണം ചെയ്യേണ്ടതെന്ന് സ്വഹാബിമാര്‍ ഉഥ്മാനിന്(റ) മുമ്പും നിര്‍ബന്ധം പിടിച്ചിരുന്നു. ഇറാഖിലേക്ക് ക്വുര്‍ആന്‍ പഠിപ്പിക്കുന്നതിന് വേണ്ടി പറഞ്ഞയച്ച ഇബ്‌നു മസ്ഊദ് (റ) അന്ന് നിലവിലുണ്ടായിരുന്ന മറ്റൊരു ഉച്ചാരണ രീതിയായ ഹുദൈലില്‍ ജനങ്ങളെ ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അത് വിരോധിക്കുകയും ക്വുര്‍ആന്‍ അവതരിച്ചത് ഖുറൈശികളുടെ ഉച്ചാരണ രീതിയിലാണെന്നും (ലിസാനു ഖുറൈശ്) അതിനാല്‍ ഖുറൈശീഭാഷ പ്രകാരമാണ്, ഹുദൈല്‍ ഭാഷ പ്രകാരമല്ല ജനങ്ങളെ പഠിപ്പിക്കേണ്ടത് എന്നും നിഷ്‌കര്‍ഷിച്ചുകൊണ്ട് കത്തെഴുതുകയും ചെയ്ത ഉമറിന്റെ (റ) നടപടിയില്‍ നിന്ന് (ഫത്ഹുല്‍ ബാരി, വാല്യം 9 പുറം 17) ഇക്കാര്യം വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഉഥ്മാന്‍ (റ), ഖുറൈശീഉച്ചാരണ പ്രകാരം തന്നെ ക്വുര്‍ആന്‍ എഴുതണമെന്ന് നിര്‍ദേശിക്കുകയും അതല്ലാതെയുള്ള ലിപികളില്‍ എഴുതപ്പെട്ട രേഖകളുള്‍ക്കൊള്ളുന്ന, അനൗദ്യോഗിക ക്വുര്‍ആന്‍ രേഖകളെ കത്തിച്ചുകളയുവാന്‍ നിര്‍ദേശിക്കുകയും ചെയ്തത്.

കഅബുല്‍ അന്‍സാരി (റ) പറയുന്നു. ഞാന്‍ ഉമറി(റ)ന്റെ സദസ്സിലായിരുന്നു. അപ്പോള്‍ ഒരാള്‍ ക്വുര്‍ആന്‍ ഓതിയപ്പോള്‍ ‘ഹത്താ ഹീൻ'(حتي حين) എന്നോതി. ഉമര്‍ (റ) ചോദിച്ചു. നിനക്ക് ആരാണ് പഠിപ്പിച്ചത്? അദ്ദേഹം പറഞ്ഞു ഇബ്‌നു മസ്ഊദ് (റ) ആണ്. ഉമര്‍ (റ) പറഞ്ഞു ‘ഹത്താ ഈന്‍'(حت ءين) എന്നോതുക. ശേഷം ഉമര്‍ (റ) ഇബ്‌നു മസ്ഊദിന് എഴുതി. നിശ്ചയം അല്ലാഹു പ്രഥമമായി ക്വുര്‍ആന്‍ അവതരിപ്പിച്ചത് ഖുറൈശികളുടെ ഭാഷയിലാണ്. എന്റെ ഈ സന്ദേശം ലഭിച്ചാല്‍ ഖുറൈശി ശൈലിയില്‍ പഠിപ്പിക്കണം. ഹുദൈൽ ഭാഷാശൈലിയില്‍ പഠിപ്പിക്കരുത്. (ഇബ്‌നു ആബ്ദില്‍ ബര്‍റ്: അതംഹീദ് 8/278 ഈ നിവേദനം സ്വീകാര്യമായ സനദോടെയുള്ളതാണ്)

തർക്കമുള്ള സ്ഥലങ്ങളിൽ ഖുറൈശീ ഭാഷാശൈലി തെരഞ്ഞെടുത്തത് ഉഥ്മാനിന്റെ(റ) തന്നിഷ്ടപ്രകാരമല്ലെന്നും സ്വഹാബാക്കളുടെ കൂടിയാലോചനാസമിതിയുടെ മുന്നില്‍ തെളിവുകളോടുകൂടി അഭിപ്രായ പിന്‍ബലം ലഭിച്ചതിനു ശേഷമാണെന്നും ഇതിൽ നിന്നെല്ലാം സുതരാം വ്യക്തമാവുന്നുണ്ട്.

അനൗദ്യോഗിക ഖുർആൻ രേഖകൾ നശിപ്പിച്ചത്

ഖുർആൻ ആദ്യമായി അവതരിപ്പിക്കപ്പെട്ട ശൈലിയായ ഖുറൈശീഭാഷയിലുള്ള ഔദ്യോഗികമായ ഖുർആൻ പ്രതികളാണ് ഉഥ്മാനിന്റെ(റ) കാലത്ത് തയ്യാറാക്കപ്പെട്ടത്. അങ്ങനെ തയ്യാറാക്കിയതിന്റെ ലക്‌ഷ്യം തന്നെ ഖുർആനിന്റെ കാര്യത്തിലുള്ള തർക്കങ്ങൾ പരിഹരിക്കുകയായിരുന്നു. അവതരണകാലത്ത് അനിവാര്യമായിരുന്ന ഗ്രാമ്യമായ ഹർഫുകളിൽ ആരെങ്കിലും എഴുതിവെച്ചിട്ടുള്ള രേഖകൾ നിലനിന്നാൽ അത് പിൽക്കാലത്ത് കൂടുതൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ട് തന്നെ ഖുറൈശീലിപിയിലുള്ള ഖുർആൻ പതിപ്പുകൾ തയ്യാറാക്കുകയും അത് വ്യത്യസ്ത പ്രവിശ്യകളിലേക്ക് കൊടുത്തയക്കുകയും ചെയ്ത ശേഷം ഉഥ്മാൻ (റ) ചെയ്തത് അവയല്ലാതെയുള്ള കോപ്പികളെല്ലാം നശിപ്പിച്ച് കളയാൻ ആവശ്യപ്പെടുകയാണ്. തങ്ങൾക്ക് ആവശ്യമെന്ന് തോന്നിയ ആയത്തുകളും സൂറത്തുകളും തങ്ങൾക്ക് ഇഷ്ടമുള്ള ക്രമത്തിൽ എഴുതിവെച്ചവയായിരുന്നു സ്വഹാബിമാരുടെ കൈവശമുണ്ടായിരുന്ന സ്വകാര്യ ഖുർആൻ രേഖകൾ. അവ നിലനിൽക്കുന്നത് ഖുർആനിനെക്കുറിച്ച് പിൽക്കാലത്ത് സംശയങ്ങൾ ഉടലെടുക്കാൻ കാരണമായേക്കാം. അത് കൊണ്ട് തന്നെ പ്രവാചകാനുചരന്മാരുടെയെല്ലാം സമ്മതത്തോടെ തന്നെ അവരിൽ പലരുടെയും കൈവശമുണ്ടായിരുന്ന സ്വാകാര്യ കയ്യെഴുത്ത് രേഖകൾ നശിപ്പിക്കാൻ ആവശ്യപ്പെടുകയാണ് ഉഥ്മാൻ (റ) ചെയ്തത്.

അനസ് (റ) പറയുന്നു: “എല്ലാ പ്രവിശ്യകളിലേക്കും ഉഥ്മാൻ (റ) പകർത്തിയെഴുതിയ മുസ്ഹഫിന്റെ ഓരോ കോപ്പികൾ കൊടുത്തയക്കുകയും അതല്ലാത്ത പൂര്‍ണമായോ ഭാഗികമായോ ഉള്ള മറ്റെല്ലാ കയ്യെഴുത്ത് പ്രതികളും കത്തിച്ച് നശിപ്പിക്കുവാൻ ഉത്തരവിടുകയും ചെയ്തു” (സ്വഹീഹുൽ ബുഖാരി, കിതാബ് ഫദാഇലിൽ ഖുർആൻ, ബാബു ജംഇൽ ഖുർആൻ, ജാമിഉത്തിർമിദി, കിതാബു ത്തഫ്സീർ)

ഔദ്യോഗിക കയ്യെഴുത്ത് പ്രതികൾ തയാറാക്കപ്പെട്ട സ്ഥിതിക്ക് വ്യക്തികളുടെ കൈവശമുണ്ടായിരുന്ന സ്വകാര്യ കയ്യെഴുത്ത് രേഖകളെല്ലാം നശിപ്പിക്കണമെന്നു തന്നെയായിരുന്നു സ്വഹാബിമാരുടെ അഭിപ്രായമെന്ന് അലി (റ)യുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാവുന്നുണ്ട്.

സുവൈദ് (റ) പറയുന്നു: ഉസ്മാന്‍ (റ) മുസ്ഹഫുകള്‍ കരിച്ചപ്പോള്‍ അലി (റ) പറഞ്ഞു. “അദ്ദേഹം അത് ചെയ്തിരുന്നില്ലെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നു”. (ഇബ്‌നു അബീ ദാവൂദ് 39, ദാനി മഖ്‌നഅ് 18, ഇബ്‌നു കഥീർ: ഫദാഇലുല്‍ ക്വുര്‍ആന്‍ 38, ബൈഹഖി 2/42)

സൈദ് ബിൻ ഥാബിത് (റ) പറഞ്ഞു: മുഹമ്മദ് നബിയുടെ അനുചരന്മാർ ഇങ്ങനെ പറയുന്നതായി ഞാൻ കണ്ടു; ” അല്ലാഹുവാണെ! ഉഥ്മാൻ (റ) ചെയ്തതാണ് ശരി!” (നിസാമുദ്ധീൻ ബിൻ അൽഹസൻ ബിൻ മുഹമ്മദ് നൈസാബൂരി: ഗറാഇബൽ ഖുർആൻ വ റആഇബൽ ഖുർആൻ)

മുസ് അബു ബിൻ സഅദു ബ്നു അബീ വഖാസ് (റ) പറഞ്ഞു: “അനൗദ്യോഗികമായ സ്വകാര്യഖുറാൻ കോപ്പികൾ ഉഥ്മാൻ കത്തിക്കുമ്പോൾ അവിടെ വലിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നു: അദ്ദേഹത്തിന്റെ പ്രവർത്തിയിൽ അവരെല്ലാം സംതൃപ്തരായിരുന്നു. ആരും തന്നെ അതിന്നെതിരെ ഒരക്ഷരവും ഉരിയാടിയില്ല” (ഇബ്‌നു അബീ ദാവൂദ് 41, ദാനി മഖ്‌നഅ് 18, ബുഖാരി താരിഖുല്‍ കബീറില്‍ 7/351, ഇബ്‌നു കഥീർ(റ) ഇത് സ്വഹീഹാണെന്ന് പറഞ്ഞു. ഫദാഇലുല്‍ ക്വുര്‍ആന്‍ 39)

മുസ്ഹഫ് നിർമാണത്തിന്റെ വിഷയത്തിൽ ഉഥ്മാനെ(റ) അകാരണമായി ആക്ഷേപിച്ചവരോടുള്ള അലി(റ)യുടെ വിശദീകരണത്തിൽ നിന്ന് ഇവ്വിഷയകമായ സ്വഹാബിമാരുടെ നിലപാടെന്തായിരുന്നുവെന്ന് വ്യക്തമാവുന്നുണ്ട്. “ജനങ്ങളേ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. ഉഥ്മാന്‍ (റ) അത് ചെയ്തത് ഞങ്ങളുടെ സാന്നിധ്യത്തില്‍ ഞങ്ങളുമായി കൂടിയാലോചിച്ചതിനു ശേഷമാണ്. ഞങ്ങളിലാരും ഈ വിഷയത്തില്‍ അദ്ദേഹവുമായി വിയോജിച്ചിട്ടില്ല.” (ഇബ്നു അബീ ദാവൂദ്; അൽ മസാഹിഫ്, പുറം 202; ഫത്ഹുൽ ബാരി 9: 15)

സ്വകാര്യമായ ഖുർആൻ ഏടുകളെല്ലാം നശിപ്പിക്കുവാൻ ഉഥ്മാൻ(റ) കല്പിച്ചത് എന്തുകൊണ്ടായിരുന്നു? കാരണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1) സ്വഹാബത്ത് എഴുതിയ മുസ്ഹഫുകള്‍ അധികവും അപൂര്‍ണമായിരുന്നു. അവതരിച്ച ക്രമത്തില്‍ എഴുതപ്പെട്ടതായിരുന്നു അവയിൽ ചിലത്. നമസ്‌കാരത്തിലും മറ്റും പാരായണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മാത്രം എഴുതപ്പെട്ടവയായിരുന്നു അവയിൽ മിക്കതും. സൂറത്തുകൾക്ക് പ്രവാചകൻ (സ) നിശ്ചയിച്ച ക്രമം പാലിച്ചുകൊണ്ടായിരിക്കണന്നില്ല അവയിൽ എഴുതിച്ചേർക്കപ്പെട്ടിരുന്നത്. സ്വകാര്യ കോപ്പികളായതുകൊണ്ട് തന്നെ അവ എഴുതിയവരുടെ വിശദീകരണങ്ങളും അടിക്കുറിപ്പുകളും ഖുർആൻ ആയത്തുകളോടൊപ്പം അവർ എഴുതി വെച്ചിരുന്നിരിക്കാം. ദുർബലമാക്കപ്പെട്ട ആയത്തുകളും അവയിൽ ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുണ്ട്. സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം എഴുതപ്പെട്ട അവയെ അതേ പോലെ നില നിൽക്കാനനുവദിച്ചാൽ ഖുർആനിനെകുറിച്ച സംശയങ്ങൾക്ക് ഭാവിയിൽ അത് കാരണമാകാനിടയുണ്ട്.

2) സ്വകാര്യമായി എഴുതപ്പെട്ട ക്വുര്‍ആന്‍ ഏടുകള്‍ ഏതെങ്കിലും ഒരു ശൈലി മാത്രമുള്ളതായിരുന്നു. അവ ഉപയോഗിച്ച് വ്യത്യസ്ത പാരായണ രീതികള്‍ക്ക് കഴിയുമായിരുന്നില്ല.

3) ഉസ്മാന്‍ (റ) തയ്യാറാക്കിയ മുസ്ഹഫ് നബി (സ) സ്ഥിരമായി പാരായണം ചെയ്തിരുന്ന പ്രഥമ ശൈലി അനുസരിച്ചുള്ളതായിരുന്നു. എന്നാല്‍ മറ്റു ഭാഷാ ശൈലിയിലുള്ള മുസ്ഹഫുകള്‍ പലരുടെയും കൈകളില്‍ ഉണ്ടായിരുന്നു. അതില്‍ പിഴവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഹർഫ് വ്യത്യസ്തതകളുടെ സംരക്ഷണം ഖിറാഅത്തുകളിലൂടെ

പ്രവാചകൻ (സ) പഠിപ്പിച്ച വ്യത്യസ്തമായ ഭാഷാശൈലികൾ ഇല്ലാതെയാക്കുകയും ഒരൊറ്റ ഹർഫ് മാത്രം സ്വീകരിക്കുകയും ചെയ്ത ഉഥ്മാനിന്റെ(റ) നിലപാട് എങ്ങനെ ന്യായീകരിക്കുമെന്ന് സംശയിക്കുന്നവരുണ്ടാവാം. പാരായണത്തിനു വേണ്ടിയാണ് നബി (സ) വ്യത്യസ്തങ്ങളായ ഗ്രാമ്യശൈലികൾ അനുവദിച്ചത്. എഴുത്തിൽ അവയ്ക്ക് പ്രസക്തിയില്ല. പ്രവാചകന് ഖുർആൻ അവതരിക്കാനാരംഭിച്ച അറേബ്യ ആധാരഭാഷയായ ഖുറൈശീഭാഷയിൽ അത് രേഖപ്പെടുത്തിയതോടോപ്പം തന്നെ വ്യത്യസ്ത ഹർഫുകളിലെ വ്യത്യാസങ്ങൾ വ്യത്യസ്ത ഖിറാഅത്തുകളയിലായി സംരക്ഷിക്കുവാനുള്ള സംവിധാനമാണ് ഉഥ്മാൻ (റ) ഏർപ്പെടുത്തിയത്. അതു ചെയ്തതാകട്ടെ പ്രബലരായ സ്വഹാബാക്കളുടെ അഭിപ്രായങ്ങളെയെല്ലാം മാനിച്ചുകൊണ്ടായിരുന്നുതാനും. യഥാർത്ഥത്തിൽ നബി (സ) പഠിപ്പിച്ച പാരായണ ശൈലികളിലെ വ്യത്യാസങ്ങളെല്ലാം ഇന്നും നിലവിലുണ്ട്. അവ മുതവാത്തിറായ പത്ത് ഖിറാഅത്തുകളിലൂടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നുമാത്രമല്ല ശാദ്ദായ (അനേകരിലൂടെ കൈമാറ്റം ചെയ്യപ്പെടാത്തതിനാൽ ചെറിയ പിഴവുകള്‍ക്ക് സാധ്യതയുള്ള) ഖിറാഅത്തുകള്‍ പോലും തഫ്‌സീര്‍ ഗ്രന്ഥങ്ങളിലും ചില ഹദീഥ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവയെല്ലാം ഇന്നും നില നിൽക്കുന്നുണ്ടെന്നർത്ഥം. നബി (സ) പഠിപ്പിച്ച ഹർഫുകളിലെ വ്യത്യാസങ്ങളെയോ ഖിറാഅത്തുകളെയോ നഷ്ടപ്പെടുത്തിക്കൊണ്ടല്ല, എല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് ഉഥ്മാനിന്റെ (റ) കാലത്തെ ഖുർആൻ കോഡീകരണം നടന്നത്.

വ്യത്യസ്ത ഹർഫുകളിൽ പാരായണവ്യത്യാസങ്ങളുള്ള സ്ഥലങ്ങളിലെ വ്യത്യസ്തതകൾ കൂടി ഉൾക്കൊണ്ട് കൊണ്ടാണ് ഉഥ്മാനിന്റെ(റ) കാലത്തെ മുസ്ഹഫിന്റെ വ്യത്യസ്ത പതിപ്പുകൾ തയ്യാറാക്കിയത്. ഹർഫുകളിലുള്ള വ്യത്യാസങ്ങളിൽ മിക്കതും അന്നത്തെ അറബിലിപിയിൽ പുള്ളികളുണ്ടായിരുന്നില്ല എന്നതിനാൽ ഒരേ എഴുത്തുകൊണ്ട് തന്നെ വായിക്കാൻ കഴിയുന്നവയായിരുന്നു. അങ്ങനെ വായിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ മാത്രം ഉഥ്മാനിന്റെ(റ) കാലത്ത് നിർമ്മിക്കപ്പെട്ട വ്യത്യസ്ത പതിപ്പുകൾ വഴി ആ വ്യത്യാസങ്ങൾ നില നിർത്തുകയാണ് ചെയ്തത്. അഥവാ ഒരു പതിപ്പിൽ ഒരു ഹർഫു പ്രകാരമുള്ള ആലേഖനവും മറ്റേ പതിപ്പിൽ മറ്റൊരു ഹർഫുപ്രകാരമുള്ള ആലേഖനവുമാണ് നിർവഹിച്ചത്. ഇത് വഴി ഹർഫുകളിലെ വ്യതിരിക്തതകളൊന്നും നഷ്ടപ്പെടാതെ തന്നെ ഖുറൈശീഭാഷയിൽ ഖുർആൻ ക്രോഡീകരിക്കുവാൻ ഉഥ്മാനിന്(റ) കഴിഞ്ഞു.

അബൂബക്കറിന്റെ (റ) മുസ്ഹഫ് നശിപ്പിച്ചത്

ഉഥ്മാനിന്റെ(റ) കാലത്ത് നശിപ്പിക്കപ്പെട്ടിട്ടില്ലായിരുന്ന അബൂബക്കറി(റ)ന്റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട മുസ്ഹഫ് മുആവിയ(റ)യുടെ ഭരണകാലത്ത് നശിപ്പിച്ചതും ഖുർആനിന്റെ കാര്യത്തിൽ പിൽക്കാലത്ത് അഭിപ്രായാന്തരങ്ങൾ ഇല്ലാതിരിക്കുവാനാണ്. പ്രസ്‌തുത മുസ്ഹഫിൽ ഖുറൈശീഹർഫല്ലാത്ത ഭാഷാശൈലികളുടെ സ്വാധീനമുണ്ടായിരുന്നത് കൊണ്ടാവാം ഖലീഫയുടെ മദീനയിലെ ഗവർണറായിരുന്ന മർവ്വാനു ബ്നുൽ ഹക്കം (റ) അത് നശിപ്പിക്കുവാൻ ആവശ്യപ്പെട്ടത്. “സാലിം ബ്നു അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുന്നു. മർവ്വാന്‍ മദീനയുടെ ഗവർണറായിരുന്നപ്പോൾ മുസ്ഹഫ് ആവശ്യപ്പെട്ട് ഹഫ്‌സ(റ)യുടെ അടുത്തേക്ക് ആളെ പറഞ്ഞയച്ചു. അവരത് നൽകാൻ വിസമ്മതിച്ചു. ഹഫ്‌സ (റ) മരണപ്പെട്ടപ്പോള്‍ അവരെ മറമാടിക്കഴിഞ്ഞ് ബന്ധുക്കള്‍ മടങ്ങി വന്നശേഷം മർവ്വാന്‍ അബ്ദുല്ലാഹി ബ്നു ഉമറിനോട്(റ) ആ മുസ്ഹഫ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നൽകി. അത് നശിപ്പിക്കുവാൻ മർവാൻ കല്പിച്ചു. അദ്ദേഹം പറഞ്ഞു. “ഞാനിത് ചെയ്യുന്നത് ഇതിലുള്ള ക്വുര്‍ആന്‍ പകര്‍ത്തപ്പെടുകയും മനഃപ്പാഠമാക്കുകയും ചെയ്തും മുസ്ഹഫിന്റെ വിഷയത്തിലെ സംശയാലുക്കൾ ഇതിലുള്ള എന്തെങ്കിലും രേഖപ്പെടുത്തിയില്ല എന്ന ആശങ്ക പ്രകടിപ്പിക്കാതിരിക്കാനാണ്”. (ഇബ്‌നു കഥീർ: ഫദാഇലുല്‍ ക്വുര്‍ആന്‍ 85. സ്വഹീഹാണെന്ന് ഇമാം വ്യക്തമാക്കി).

ഹഫ്‌സ(റ)യുടെ കൈവശമുള്ള മുസ്ഹഫില്‍ നിന്നാണ് ഉഥ്മാൻ (റ) പകര്‍ത്തി എഴുതാൻ ആവശ്യപ്പെട്ടതെന്ന് നാം കണ്ടു. വ്യത്യസ്ത ഹര്‍ഫുകളിലുള്ള ഖിറാഅത്തുകള്‍ ഉള്‍ക്കൊണ്ട് കൊണ്ടാണ് അത് എഴുതപ്പെട്ടതെന്നും നാം മനസ്സിലാക്കി. ആദ്യമായി ഖുർആൻ അവതരിപ്പിക്കപ്പെട്ട ഖുറൈശീഭാഷാശൈലിയിൽ വ്യത്യസ്ത ഹർഫുകൾ ഉൾക്കൊണ്ട് കൊണ്ട് എഴുതിയ പ്രസ്തുത പതിപ്പുകളുമായി അബൂബക്കറിന്റെ(റ) കാലത്ത് ഒരൊറ്റ ഹർഫിന്റെ മാത്രം അടിസ്ഥാനത്തിൽ എഴുതിയ മുസ്ഹഫുമായി നിസ്സാരമായ ചില വ്യസ്ത്യാസങ്ങളുണ്ടാകുവാൻ സാധ്യതയുണ്ട്. പ്രസ്തുത വ്യത്യാസങ്ങൾ പ്രവാചകൻ (സ) തന്നെ പഠിപ്പിച്ചതാണെന്നും ഖുർആനിന്റെ ഉള്ളടക്കത്തെയോ ദൗത്യത്തെയോ യാതൊരു രൂപത്തിലും ബാധിക്കാത്തതുമാണെന്നും അന്ന് ജീവിച്ചിരിക്കുന്ന സ്വഹാബിമാർക്ക് കൃത്യമായി അറിയാം. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ പിൽക്കാലത്ത് അഭിപ്രായാന്തരങ്ങളുണ്ടാകുവാനും ഭിന്നതകൾ ഉടലെടുക്കുവാനുമുള്ള സാധ്യതയുണ്ട്. ഖുർആനിന്റെ വിഷയത്തിൽ ഭിന്നതയുണ്ടാവാൻ സാധ്യതയുള്ള മുഴുവൻ ദ്വാരങ്ങളും അടക്കുന്നതിന്റെ ഭാഗമായാണ് മർവ്വാൻ (റ) അബൂബക്കറിന്റെ(റ) കാലത്ത് നിർമ്മിക്കപ്പെട്ട മുസ്ഹഫ് നശിപ്പിക്കുവാൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. തന്റെ നിർദേശപ്രകാരം തയാറാക്കപ്പെട്ട ഔദ്യോഗിക പതിപ്പുകളല്ലാത്തവയെല്ലാം നശിപ്പിക്കണമെന്ന തൊട്ട് മുമ്പത്തെ ഖലീഫയായിരുന്ന ഉഥ്മാനിന്റെ നിർദേശത്തിന്റെ പൂർണമായ പൂർത്തീകരണമുണ്ടായത് മർവ്വാനിന്റെ ഈ നടപടിയോട് കൂടിയാണ്.

print

1 Comment

  • Masha Allah.. ഒരുപാട് അറിയാൻ കഴിഞ്ഞു..

    Afreen 18.12.2019

Leave a comment

Your email address will not be published.