കോവിഡ് 19: സഹോദരങ്ങളോട് സ്നേഹപൂർവ്വം

//കോവിഡ് 19: സഹോദരങ്ങളോട് സ്നേഹപൂർവ്വം
//കോവിഡ് 19: സഹോദരങ്ങളോട് സ്നേഹപൂർവ്വം
ആനുകാലികം

കോവിഡ് 19: സഹോദരങ്ങളോട് സ്നേഹപൂർവ്വം

“നിങ്ങളാരെങ്കിലും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കിൽ നിശ്ചയം മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു; അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കിൽ അല്ലാഹു ജീവിച്ചിരിപ്പുണ്ട്; അവൻ മരിക്കുകയില്ല, തീർച്ച.”

പ്രവാചകശിഷ്യരിൽ പ്രധാനിയായ അബൂബക്കറി(റ)ന്റേതാണ് ഈ വർത്തമാനം. വിശ്വാസികളെല്ലാം തങ്ങളുടെ സ്വന്തം ശരീരത്തേക്കാളധികം സ്നേഹിക്കുന്ന നബിﷺയുടെ മരണവാർത്തയറിഞ്ഞ് സുൻഹിൽ നിന്ന് കുതിരപ്പുറത്തെത്തിയതാണ് അദ്ദേഹം. യമനീപുതപ്പുകൊണ്ട് മൂടിയ നബിശരീരത്തിന്റെ തലഭാഗത്ത്നിന്ന് പുതപ്പ് നീക്കി, തിരുമുഖത്തിൽ ചുംബിച്ച് തേങ്ങിക്കരഞ്ഞ ശേഷം തലയുയർത്തിക്കൊണ്ടാണ് അബൂബക്കർ (റ) ഇങ്ങനെ പറഞ്ഞത്. “ആരെങ്കിലും നബി ﷺ മരണപ്പെട്ടുവെന്ന് പറഞ്ഞാൽ അവരുടെ തല ഞാനെടുക്കും” എന്ന് പ്രഖ്യാപിച്ച് ഊരിപ്പിടിച്ച വാളുമായി നിൽക്കുന്ന ഉമറ(റ)ടക്കമുള്ള, പ്രവാചകവിയോഗം വഴി ദുഃഖപരവശരായി ഇനിയെന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുന്ന സ്വഹാബീസഞ്ചയത്തോടുള്ളതാണ് ഈ വാക്കുകൾ. ഇത് പറഞ്ഞശേഷം അവിടെ കൂടിയിരിക്കുന്നവരുടെ മുമ്പിൽ അദ്ദേഹമോതിയ സൂറത്ത് ആലു ഇമ്രാനിലെ 144ആം വചനം ഖുർആനിലുണ്ടെന്ന് അപ്പോൾ മാത്രമാണ് ഞങ്ങൾക്ക് ഓർമ്മ വന്നതെന്ന് ഈ സംഭവം വിവരിച്ചുകൊണ്ട് നബിപത്നിയായ ആയിഷ (റ) പറഞ്ഞതായി ബുഖാരി നിവേദനം ചെയ്യുന്നുണ്ട്. വചനത്തിന്റെ അർത്ഥം ഇങ്ങനെയാണ്: “മുഹമ്മദ്‌ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പിന്തിരിഞ്ഞ് പോകുകയോ? ആരെങ്കിലും പിന്തിരിഞ്ഞുപോകുന്നുവെങ്കിൽ അല്ലാഹുവിന്‌ അത് ദ്രോഹമൊന്നുമുണ്ടാക്കുകയില്ല. കൃതജ്ഞർക്ക് ‌ അല്ലാഹു പ്രതിഫലം നൽകും.”

ജുമുഅഃയില്ലാത്ത കടന്നുപോയ രണ്ടാമത്തെ വെള്ളിയാഴ്ച്ചയെക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടപ്പോൾ ഓർമ്മ വന്നതാണ് ഈ സംഭവം. ദിവസവും അഞ്ചുനേരവും പള്ളിയിൽ പോയി ജമാഅത്തായി നമസ്കരിച്ചിരുന്നവർക്ക് അതില്ലാതാവുമ്പോൾ സങ്കടമുണ്ടാവുക സ്വാഭാവികമാണ്. ജമാഅത്ത് നമസ്കാരത്തിൽ നിന്ന് ലഭിക്കുന്ന ആത്മീയോൽക്കർഷവും പ്രതിഫലവും നഷ്ടപ്പെടുമോയെന്ന വേവലാതിയിൽ നിന്നുണ്ടാവുന്ന സങ്കടം. എന്ത് പ്രയാസമുണ്ടെങ്കിലും എങ്ങനെയെങ്കിലും വെള്ളിയാഴ്ച്ച പള്ളിയിലെത്തി ജുമുഅ നമസ്കരിച്ചിരുന്നവർക്ക് ജുമുഅഃയില്ലാത്ത വെള്ളിയാഴ്ച്ചകൾ കടന്നുപോകുമ്പോൾ ദുഃഖമുണ്ടാവും; പ്രദേശത്തെ മുഴുവൻ വിശ്വാസികളും ഒരുമിച്ചുകൂടി അല്ലാഹുവിനെ സ്മരിക്കുവാനും അവനോട് പ്രാർത്ഥിക്കുവാനും ഖുതുബ കേൾക്കാനും അങ്ങനെ ദൈവപ്രീതി നേടിയെടുക്കുവാനും കഴിയുന്നില്ലല്ലോയെന്ന ദുഃഖം. പക്ഷെ, ഈ ദുഖവും സങ്കടവുമെല്ലാം വിശ്വാസിയെ തളർത്താനുള്ളതാണോ? പള്ളികൾ പൂട്ടുകയും ജമാഅത്തും ജുമുഅയും ഇല്ലാതാകുകയും ചെയ്യുമ്പോൾ നിരാശനാകേണ്ടവനാണോ വിശ്വാസി? പരീക്ഷണങ്ങൾ വിശ്വാസികളുടെ ഈമാൻ വർദ്ധിപ്പിക്കുക മാത്രമേയുള്ളുവെന്ന ഖുർആനികപാഠം നമ്മെ കൂടുതൽ ഊർജ്ജസ്വലമാക്കുകയല്ലേ വേണ്ടത്? അവിശ്വാസികൾക്ക് വലിയ ശിക്ഷയായി ഭവിക്കുന്ന സാംക്രമികരോഗങ്ങൾ പോലും വിശ്വാസിക്ക് അനുഗ്രഹമായാണ് അനുഭവപ്പെടുകയെന്നു പഠിപ്പിച്ച മുഹമ്മദ് നബിﷺയുടെ അനുയായികളല്ലേ നാം?! “സന്തോഷമുണ്ടായാൽ നന്ദി കാണിക്കുകയും വിഷമമുണ്ടായാൽ ക്ഷമിക്കുകയും ചെയ്തുകൊണ്ട് എല്ലാം ഗുണകരമാക്കിത്തതീർക്കുന്ന” അത്ഭുതമെന്ന് പ്രവാചകൻ ﷺ വിശേഷിപ്പിച്ച സത്യവിശ്വാസികൾക്ക് നിരാശയുണ്ടാവുന്നതെങ്ങനെ?!!

പ്രവാചകന്റെﷺ മരണം ദുഃഖകരം തന്നെ, സംശയമില്ല. അതിനേക്കാൾ ദുഃഖമുണ്ടാക്കുന്ന യാതൊന്നും തന്നെ സത്യവിശ്വാസികളുടെ ജീവിതത്തിലുണ്ടായിട്ടില്ല. പക്ഷെ, എന്നെങ്കിലുമൊരിക്കൽ സംഭവിക്കേണ്ടതാണ് അത്. അതുണ്ടാവുമ്പോൾ നിരാശപ്പെട്ട് മനസ്സ് ചത്തു പോകേണ്ടവനല്ല വിശ്വാസി. അവൻ ആരാധിക്കുന്നത് മരിക്കുന്ന പ്രവാചകനെയല്ല; എന്നെന്നും ജീവിച്ചിരിക്കുന്ന അല്ലാഹുവിനെയാണ്. പള്ളികളിൽ ജമാഅത്ത് നിർത്തി വെച്ചതും വെള്ളിയാഴ്ച്ച ജുമുഅയില്ലാതായതുമെല്ലാം സങ്കടകരം തന്നെ. എല്ലാ പള്ളികളും എന്നെങ്കിലുമൊരിക്കൽ നിർമ്മിക്കപ്പെട്ടതാണ്. അത് ഇല്ലാതാകുന്ന ദിവസവുമുണ്ടാവും. എന്നാൽ നാം ആരാധിക്കുന്ന അല്ലാഹു പള്ളികളിൽ ഒതുങ്ങി നിൽക്കുന്നവനല്ല. അത്യുന്നതനായ അവന്റെ അറിവും കഴിവുമെല്ലാം പ്രപഞ്ചത്തിൽ എല്ലായിടത്തും വ്യാപിച്ചു കിടക്കുന്നതാണ്. പള്ളി പൂട്ടിയാലോ ജുമുഅ നിർത്തിയാലോ നിൽക്കുന്നതല്ല വിശ്വാസിയുടെ അല്ലാഹുവുമായുള്ള ബന്ധം. വിശ്വാസികൾ എവിടെയായിരുന്നാലും അല്ലാഹുവിനെ അവർ ആരാധിക്കും; അല്ല, അല്ലാഹുവിനെയേ അവർ ആരാധിക്കൂ; അവനാണ് അവരുടെ നാഥൻ; പ്രപഞ്ചത്തിന്റെ രക്ഷിതാവ്!! അവർ പഠിപ്പിക്കപ്പെക്കപ്പെട്ടത് ഇങ്ങനെയാണല്ലോ: “കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത്‌ തന്നെയാണ്. നിങ്ങള്‍ എവിടേക്ക്‌ തിരിഞ്ഞ്‌ നിന്ന്‌ പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്‍റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.” (2: 115)

അഞ്ചുനേരം നിർബന്ധമായും നമസ്കരിക്കണമെന്ന് കല്പിച്ച അല്ലാഹു തന്നെയാണ് ചില സന്ദർഭങ്ങളിൽ നമസ്കാരം ചുരുക്കാനും രണ്ട് നമസ്കാരങ്ങൾ ഒരുമിച്ച് നിർവ്വഹിക്കാനുമെല്ലാം നിഷ്കർഷിച്ചതെന്ന് നാം മറക്കരുത്. ഈ നിർദേശങ്ങൾ പാലിക്കേണ്ട സന്ദർഭങ്ങളിൽ അവ പാലിക്കുന്നതാണ് നന്മയെന്നാണ് പ്രവാചകൻ ﷺ പഠിപ്പിച്ചത്. കൃത്യമായി റവാത്തിബ് നമസ്കരിക്കുന്നവർക്ക് സ്വർഗത്തിൽ ഒരു വീടുണ്ടെന്ന് നബി ﷺ പറഞ്ഞതായി തിർമിദിയിൽ സ്വഹീഹായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ യാത്രയിൽ സുബ്ഹിക്കൊഴിച്ചുള്ള റവാത്തിബുകൾ നമസ്കരിച്ചവരെ ഇബ്നു ഉമർ (റ) വിമർശിച്ചതായി ബുഖാരിയിലും മുസ്‌ലിമിലുമുണ്ട്. നമസ്കാരത്തിന് ശുദ്ധിയാകണമെങ്കിൽ വെള്ളമുപയോഗിച്ച് വുദു ചെയ്യണമെന്ന നിയമം നമുക്കറിയാം. വെള്ളം കിട്ടാതിരിക്കുകയാണെങ്കിലും രോഗാവസ്ഥയിലാണെങ്കിലും പകരം തയമ്മും ചെയ്‌താൽ മതിയെന്ന ഇളവുണ്ട്. വെള്ളമുപയോഗിക്കുന്നത് അപകടമുണ്ടാക്കുന്ന തരത്തിലുള്ള രോഗിയാണെങ്കിൽ വെള്ളം ഉപയോഗിച്ച് വുദുവെടുക്കാൻ പാടില്ലെന്നും തയമ്മും ചെയ്യാനേ പാടുള്ളൂവെന്നുമാണ് കർമശാസ്ത്രം. സാധാരണയായി പൂർണമായി നമസ്കരിക്കുന്നത് അല്ലാഹുവിന് വേണ്ടിയാകുന്നതുപോലെ യാത്രയിൽ ചുരുക്കി നമസ്കരിക്കുന്നതും അല്ലാഹുവിനുവേണ്ടിത്തന്നെയാണ്. ആരോഗ്യമുള്ളയാൾ വെള്ളമുപയോഗിച്ച് വുദു ചെയ്യുന്നതാണ് അല്ലാഹുവിന് തൃപ്തി; വെള്ളമുപയോഗിക്കാൻ പാടില്ലാത്ത രോഗി ഭൂപ്രതലത്തിലടിച്ച് മുഖവും കൈയും തടവുന്നതാണ് അല്ലാഹുവിന് ഇഷ്ടം. ഇങ്ങനെത്തന്നെയാണ് ഇസ്‌ലാമിലെ കർമ്മങ്ങളെല്ലാം എന്ന വസ്തുത മറന്നുകൊണ്ടാവരുത് പള്ളിയിൽ വെച്ച് നമസ്കരിക്കാൻ കഴിയാത്തതിലുള്ള വിശ്വാസികളുടെ പ്രയാസങ്ങൾ പ്രകടിപ്പിക്കുന്നത്. അബൂമൂസൽ അശ്അരിയിൽ നിന്ന് ബുഖാരി നിവേദനം ചെയ്യുന്ന “ഒരു ദാസൻ രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്‌താൽ ആരോഗ്യമുള്ളപ്പോഴും വീട്ടിലായിരിക്കുമ്പോഴും അവൻ ചെയ്യുന്ന സത്കർമങ്ങൾക്ക് തുല്യമായ പ്രതിഫലം അവന് ലഭിക്കും” എന്ന പ്രവാചകവചനമാണ് ദൈവപ്രീതിയാഗ്രഹിച്ചുകൊണ്ട് കർമ്മങ്ങളിലെ ഇളവുകൾ സ്വീകരിക്കുന്നവർക്കുള്ള പ്രചോദനം.

ഒരു പ്രദേശത്തുള്ള പുരുഷന്മാരെല്ലാം അവിടെയുള്ള പള്ളിയിൽ ഒരുമിച്ചുകൂടി സംഘടിതമായാണ് നിർബന്ധനമസ്‌കാരങ്ങൾ നിർവ്വഹിക്കേണ്ടതെന്നാണ് പ്രവാചകകല്പന. അനിവാര്യമായ സാഹചര്യങ്ങളിലല്ലാതെ സംഘടിതനമസ്കാരം മുടങ്ങാൻ പാടില്ലെന്ന് കർമ്മശാസ്ത്രഗ്രന്ഥങ്ങളും പറയുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്കുള്ള ജുമുഅഃ നമസ്കാരം സംഘടിതമായി നിർവ്വഹിക്കൽ യാത്രക്കാരനോ രോഗിയോ അല്ലാത്ത മുഴുവൻ പുരുഷന്മാർക്കും നിർബന്ധമാണ്. എന്നാൽ കാലാവസ്ഥ അപകടകരമായ രീതിയിൽ പ്രതികൂലമാകുമ്പോൾ പള്ളിയിലേക്ക് പോണ്ടതില്ലെന്നാണ് നിയമം. വെള്ളിയാഴ്ചയുള്ള ജുമുഅ നമസ്കാരം പോലും ഇതിൽ നിന്നൊഴിവല്ല. നമസ്കാരത്തിന് വേണ്ടിയുള്ള ബാങ്കുവിളി പോലും അത്തരം സന്ദർഭത്തിൽ മാറ്റാവുന്നതാണ് എന്നാണ് പ്രവാചകചര്യ. കാലാവസ്ഥ പ്രതികൂലമായ സന്ദർഭത്തിൽ വെള്ളിയാഴ്ചയിലും അല്ലാത്ത ദിവസങ്ങളിലുമെല്ലാം ബാങ്കുവിളിക്കുമ്പോൾ “നമസ്കാരത്തിലേക്ക് വരിക” എന്നതിന് പകരമായി “നിങ്ങൾ വീടുകളിൽ നിന്ന് നമസ്കരിക്കുക” എന്ന് വിളിച്ച് പറയാൻ പ്രവാചകനുചരനായ അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) കല്പിക്കുകയും താൻ പ്രവാചകനിൽ നിന്ന് പഠിച്ചത് അങ്ങനെയാണെന്ന് പ്രസ്താവിക്കുകയും ചെയ്തതായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീഥിലുണ്ട്. പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പള്ളിയിൽ പോയി ജമാഅത്തായി നമസ്കരിക്കുന്നതാണ് അല്ലാഹുവിന് ഇഷ്ടം എന്നതുപോലെത്തന്നെ പ്രശ്നങ്ങളുള്ള സന്ദർഭങ്ങളിൽ പള്ളിയിൽ പോകാതിരിക്കുന്നതാണ് അവന് തൃപ്തികരം എന്ന് തന്നെയല്ലേ ഇത് വ്യക്തമാക്കുന്നത്.

കാലാവസ്ഥ പ്രതികൂലമാകുന്നതിനേക്കാൾ വലിയ പ്രശ്നമാണ് അപകടകരമായ രോഗം പകരുകയെന്നത്. “ഉള്ളിയും വെള്ളുള്ളിയും തിന്ന് അവയുടെ ഗന്ധവുമായി പള്ളിയിൽ വരരുത്” എന്ന പ്രവാചകനിർദേശം പല സ്വഹാബികളിൽ നിന്നായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്. ഇഷ്ടമില്ലാത്ത ഗന്ധം പോലും പള്ളിയിൽ പോകുമ്പോൾ ഉണ്ടാകാൻ പാടില്ലെങ്കിൽ മറ്റുള്ളവരെ അപായപ്പെടുത്തുന്ന രോഗാണുവിനെ വഹിക്കുന്നയാൾ പള്ളിയിൽ പോകുന്നത് എങ്ങനെ ന്യായീകരിക്കാനാവും? “ഉപദ്രവിക്കുകയോ ഉപദ്രവമുണ്ടാക്കുകയോ ചെയ്യരുത്” എന്ന ഇബ്നുമാജയും ദാറഖുത്‌നിയും നിവേദനം ചെയ്ത സ്വഹീഹായ ഹദീഥ് പ്രകാരം തന്നെക്കൊണ്ട് മറ്റൊരാൾക്ക് ഉപദ്രവമുണ്ടാവുമെന്നോ തനിക്ക് മറ്റൊരാളിൽ നിന്ന് ഉപദ്രവമുണ്ടാകാമെന്നോ ഭയപ്പെടുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. രോഗകാരികളായ വൈറസുകളെ വഹിക്കുന്നത് ആരൊക്കെയാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ പ്രവാചകൻ ﷺ പഠിപ്പിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്നതിനായാണ് പള്ളികളിൽ വെച്ചുള്ള സമൂഹനമസ്കാരങ്ങൾ നിർത്തുവാൻ തീരുമാനിക്കുകയും വീടുകളിൽ വെച്ച് നമസ്കരിക്കാൻ വിശ്വാസികളോട് പണ്ഡിതന്മാർ ആവശ്യപ്പെടുകയും ചെയ്തത്. ഇമാം അഹ്‌മദ്‌ നിവേദനം ചെയ്ത “സ്വയം സുരക്ഷിതനാകുവാനും മറ്റുള്ളവർക്ക് സുരക്ഷിതത്വമുണ്ടാകുവാനും വേണ്ടി വീട്ടിലിരിക്കുന്നവർ അല്ലാഹുവിന്റെ പരിരക്ഷയിലാണ്” എന്ന സ്വഹീഹായ ഹദീഥ് അനുസരിക്കുകയാണിവിടെ വിശ്വാസികൾ ചെയ്യുന്നത്. പ്രവാചകന്റെ നിർദേശമനുസരിച്ച് പള്ളിയിൽ പോകുന്നത് ആത്മീയോൽക്കർഷമുണ്ടാക്കുമെങ്കിൽ അതെ പ്രവാചകന്റെ നിർദേശം പാലിച്ച് പള്ളിയിൽ പോകാതിരിക്കുമ്പോഴും വിശ്വാസികൾക്ക് ആത്മീയോൽക്കർഷമുണ്ടാവണം. അല്ലാഹു പരിരക്ഷ വാഗ്ദാനം ചെയ്തത് ചെയ്യുമ്പോൾ വിശ്വാസികളെന്തിനാണ് നിരാശരാവുന്നത്?!!

“കുഷ്ഠം ഉള്ളവരിൽ നിന്ന് സിംഹത്തിൽ നിന്ന് ഓടി അകലുന്നതുപോലെ ഓടി അകലുക” (സ്വഹീഹുൽ ബുഖാരി) യെന്നും “രോഗികളെയും ആരോഗ്യമുള്ളവരെയും കൂടിക്കലർത്തരുത് ”(സ്വഹീഹ് മുസ്‌ലിം) എന്നും പഠിപ്പിച്ച പ്രവാചകനെﷺ അനുധാവനം ചെയ്യുന്നവരാണ് മുസ്‌ലിംകൾ.

“പ്ളേഗ് ഏതെങ്കിലും ഒരു സ്ഥലത്ത് ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞാൽ നിങ്ങൾ അങ്ങോട്ട് പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ളേഗ് വന്നാൽ നിങ്ങൾ അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യരുത്” (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം) എന്ന് തിരുദൂതർ ﷺ നമ്മെ പഠിപ്പിച്ചത് ക്വാറന്റൈൻ നിർദേശങ്ങളൊന്നും ആരും പറഞ്ഞു തന്നിട്ടില്ലാത്ത പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പാണ്. പ്രവാചകനിർദേശങ്ങൾ നിർബന്ധമായും അനുസരിക്കണമെന്ന് മനസ്സിലാക്കുന്നവർക്കെങ്ങനെയാണ് നാട് പറയുന്ന ക്വാറന്റൈൻ നിർദേശങ്ങളെ കാറ്റിൽ പറത്താനാവുക? നാട്ടിലെ നിയമങ്ങൾ അനുസരിച്ചുകൊണ്ട് വീട്ടിലിരിക്കുന്നവർക്ക് നിരാശയല്ല, പ്രത്യുത അല്ലാഹുവിന്റെ കല്പനകൾ അനുസരിക്കുന്നത് വഴി തങ്ങൾ നേടിയെടുക്കുന്നത് പടച്ചവന്റെ തൃപ്തിയാണെന്ന ബോധം സൃഷ്ടിക്കുന്ന പ്രത്യാശയാണ് ഉണ്ടാവേണ്ടത്.

പകർച്ച വ്യാധികൾ ഉള്ളവരിൽ നിന്ന് അകന്നു നിൽക്കണമെന്ന പ്രവാചകനിർദേശം അവരെ വെറുത്തുകൊണ്ടുള്ളതല്ല, പ്രത്യുത സുരക്ഷ ഉദ്ദേശിച്ചുകൊണ്ട് മാത്രമുള്ളതാണ് എന്ന വസ്തുത ഹദീഥുകൾ പരിശോധിച്ചാൽ തന്നെ വ്യക്തമാവും. അബൂദാവൂദ് നിവേദനം ചെയ്ത “പ്ളേഗ് ബാധിച്ച് മരണപ്പെട്ടയാൾ രക്തസാക്ഷിയാണ്” എന്ന സ്വഹീഹായ ഹദീഥും ബുഖാരിയിലുള്ള “പ്ളേഗ് ബാധിച്ച നാട്ടിൽ ക്ഷമയോടെ അടങ്ങിയിരുന്നയാൾ അത് മൂലം മരണപ്പെട്ടാൽ രക്തസാക്ഷിയുടേതുപോലെയുള്ള പ്രതിഫലം ലഭിക്കും” എന്ന ഹദീഥും മനസ്സിലാക്കുന്നവർ രോഗിയെ വെറുക്കുകയല്ല സ്നേഹിക്കുകയാണ് ചെയ്യുക. ഇസ്‌ലാമികചരിത്രത്തിലെവിടെയും രോഗിയെ വെറുക്കുകയോ അവരെ ഒറ്റപ്പെടുത്തുകയോ ചെയ്തതായി കാണാൻ കഴിയില്ല. ഉമറി(റ)ന്റെ പടയോട്ടകാലത്ത് പലസ്തീനിലെ എമ്മാവൂസിലുണ്ടായ പ്ളേഗിൽ മുആദ് ബ്നു ജബൽ, സുഹൈല് ബ്നു അംറ്, അബൂ ഉബൈദത്ത് ബ്നുൽ ജർറാഹ് (റ) തുടങ്ങിയ പ്രമുഖരായ സ്വഹാബിമാരടക്കം ഇരുപത്തിഅയ്യായിരത്തോളം പേർ മരണപ്പെട്ടുവെന്നാണ് കണക്ക്. പ്ളേഗ് പടർന്ന് പിടിച്ചപ്പോൾ അവിടെയുള്ളവരോട് സംഘജീവിതം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മലകളിലും മറ്റും കഴിയാനായി അവിടുത്തെ ഗവർണറായ അംറുബ്നു ആസ് (റ) നിർദേശിക്കുകയും അത് ഉമർ (റ) അംഗീകരിക്കുകയും ചെയ്ത സംഭവം ഇമാം അഹ്‌മദ് തന്റെ മുസ്നദിൽ ഉദ്ധരിക്കുന്നുണ്ട്. അവരെല്ലാം പ്രവാചകനിർദേശം നടപ്പാക്കിയവരാണ്. അത് നടപ്പാക്കുക വഴി രക്തസാക്ഷികളായിത്തീർന്നവരാണ്. അവരിൽ നിന്ന് പകർന്നുകിട്ടിയ മതത്തിലെ നിർദേശങ്ങൾ പാലിക്കേണ്ടവരാണ് ഇന്നത്തെ മുസ്‌ലിംകൾ. അത് പാലിക്കുന്നത് വഴി നിരാശയല്ല, അല്ലാഹുവിന്റെ നിർദേശം പാലിക്കുന്നവർക്ക് ലഭിക്കുന്ന അവന്റെ തൃപ്തിയെക്കുറിച്ച പ്രത്യാശയാണ് ഉണ്ടാവേണ്ടത്.

രോഗങ്ങൾ, പകർച്ചവ്യാധിയാണെങ്കിലും അല്ലെങ്കിലും, പാപപരിഹാരത്തിനായി അല്ലാഹു നിശ്ചയിച്ച നിമിത്തങ്ങളായി കാണേണ്ടവനാണ് വിശ്വാസി. “ഒരു മുസ്‌ലിമിനെ വിഷങ്ങളെന്തെങ്കിലും ബാധിച്ചാൽ മരത്തിലെ ഇലകൾ പൊഴിയുന്നതുപോലെ അവന്റെ പാപങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കും” എന്ന് കഠിനമായ പനിയുണ്ടായിരുന്ന പ്രവാചകനെﷺ സന്ദർശിച്ച അബ്ദുല്ല(റ)യോട് തിരുദൂതർ പറഞ്ഞതായി ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. “ഒരു മുസ്‌ലിമിന് വല്ല ക്ഷീണമോ രോഗമോ, ദുഖമോ, അസുഖമോ ബാധിച്ചാൽ അത് വഴി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തിൽ മുള്ള് തറക്കുന്നതായാലും ശരി” എന്ന ഒന്നിലധികം സ്വാഹാബിമാരിൽ നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥ് രോഗിയാവുന്ന സത്യവിശ്വാസിക്ക് നൽകുന്ന സമാശ്വാസം ചെറുതല്ല. പ്ളേഗിനെപ്പോലെയുള്ള പകർച്ചവ്യാധികളാണ് ഉണ്ടാവുന്നതെങ്കിൽ മറ്റുള്ളവർക്ക് അതുമൂലം വിഷമമുണ്ടാവാത്ത രീതിയിൽ പുറത്ത് പോവാതിരിക്കുകയും അങ്ങനെ മരണപ്പെടുകയും ചെയ്താൽ അയാൾക്ക് ലഭിക്കുന്നത് രക്തസാക്ഷിയുടെ പ്രതിഫലമാണെന്ന പ്രവാചകവാഗ്ദാനം നൽകുന്ന ആഹ്ളാദമെത്രയാണ്?! ഈ ആഹ്ളാദമാണല്ലോ, വൈറസിനെയും ബാക്ടീരിയയെയും ശാസ്ത്രീയമായ ക്വാറന്റൈൻ നിർദേശങ്ങളെയുമെല്ലാം കുറിച്ച് ലോകം മനസ്സിലാക്കുന്നതിന് പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പും പ്ളേഗ് പടർന്നുപിടിച്ചപ്പോൾ അവിടെ നിന്ന് എങ്ങോട്ടും പോകാതെ അവിടെത്തന്നെ പാർക്കുവാനും അവിടെ നിന്ന് മരണപ്പെട്ട് രക്തസാക്ഷികളാകുവാനും പ്രമുഖരായ സ്വഹാബിമാരടക്കമുള്ള പതിനായിരങ്ങൾക്ക് പ്രചോദനമായത്.

പ്ളേഗ് ബാധിച്ച് മരിച്ചയാൾക്ക് മാത്രമല്ല രക്തസാക്ഷിയുടെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതെന്ന സത്യം വിശ്വാസികൾ മനസ്സിലാക്കേണ്ടതാണ്. “അല്ലാഹു തനിക്ക് വിധിച്ചതല്ലാതെ യാതൊന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് ക്ഷമയോടുകൂടി പ്ളേഗ് ബാധിച്ച നാട്ടിൽ തന്നെ വസിക്കുന്നവർക്ക് രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം ലഭിക്കും” എന്ന പ്രവാചകവചനം ആയിശ (റ) യിൽ നിന്ന് നിവേദനം ചെയ്തിരിക്കുന്നത് ബുഖാരിയാണ്. “അല്ലാഹു തനിക്ക് വിധിച്ചതല്ലാതെ യാതൊന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് ക്ഷമയോടെയും പ്രതിഫലേച്ഛയോട് കൂടിയും പ്ളേഗ് പടർന്ന് പിടിക്കുമ്പോൾ സ്വന്തം വീട്ടിൽ തന്നെയിരിക്കുന്നവർക്ക് രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം ലഭിക്കും” എന്നാണ് ആയിശ (റ)യിൽ നിന്ന് തന്നെ സ്വഹീഹായ സനദോടെ ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിൽ നിവേദനം ചെയ്തിരിക്കുന്നത്. പകർച്ചവ്യാധികളെയെല്ലാം പ്ളേഗിന്റെ ഗണത്തിലാണ് പല പണ്ഡിതന്മാരും ഉൾപ്പെടുത്തിയിരിക്കുന്നത്. സാംക്രമികവ്യാധി പടരുന്ന സമയത്ത് വീട്ടിൽ അടങ്ങിക്കഴിയുന്നത് രക്തസാക്ഷിയുടെ പ്രതിഫലത്തിന് അർഹനാവുന്ന പ്രവർത്തിയാണെന്ന് പ്രവാചകനിൽﷺ നിന്ന് പഠിക്കുന്നയാൾക്ക്, അതിനേക്കാൾ വലിയ സന്തോഷം നൽകുന്ന കാര്യമെന്താണുള്ളത്? ജുമുഅയിലും ജമാഅത്തിലുമെല്ലാം പങ്കെടുക്കുന്നത് അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ടാണെങ്കിൽ, അതെ തൃപ്തിയാഗ്രഹിച്ചുകൊണ്ട് വീട്ടിൽ അടങ്ങിയിരിക്കാൻ അല്ലാഹു ആവശ്യപ്പെടുന്ന സന്ദർഭത്തിൽ അങ്ങനെയിരിക്കുന്നത് വഴി വിശ്വാസികൾക്കെങ്ങനെയാണ് നിരാശയുണ്ടാവുക; സ്വർഗ്ഗത്തിലെ രക്തസാക്ഷികൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ദൈവികവെളിപാടുകളിൽ നിന്ന് പഠിച്ചവർക്ക് അവർക്ക് തുല്യമായ പ്രതിഫലം ലഭിക്കുമെന്ന പ്രത്യാശയല്ലേ ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാവേണ്ടത്?!

പകർച്ച വ്യാധിയുണ്ടാവുമ്പോൾ പേടിച്ച് വീട്ടിലിരിക്കുകയല്ല, അല്ലാഹുവിൽ ഭരമേൽപ്പിച്ച് പള്ളിയിൽ വന്ന് ആരാധനകളിൽ വ്യാപൃതരാവുകയാണ് വേണ്ടതെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് അല്ലാഹുവിൽ ഭരമേല്പിക്കുന്നതിനു വേണ്ടിയുള്ള ഇസ്‌ലാമിലെ കല്പനയുടെ പൊരുളെന്താണെന്ന് മനസ്സിലായിട്ടില്ല. “തന്റെ ഒട്ടകത്തെ കയറഴിച്ചുവിട്ട് അല്ലാഹുവിൽ ഭരമേല്പിക്കുകയാണോ അതല്ല കെട്ടിയശേഷം ഭരമേല്പിക്കുകയാണോ വേണ്ടത്” എന്ന് ചോദിച്ചയാളോട് “അതിനെ കെട്ടുക; എന്നിട്ട് അല്ലാഹുവിൽ ഭരമേൽപിപ്പിക്കുക”എന്ന അനസ് ബ്നു മാലിക്കിൽ നിന്ന് തിർമിദി സ്വീകാര്യമായ സനദോടെ നിവേദനം ചെയ്ത നബികല്പനയിൽ നിന്നാണ് വിശ്വാസി തവക്കുൽ എന്താണെന്ന് പഠിക്കേണ്ടത്. ഒട്ടകത്തെ കയറഴിച്ചുവിട്ട് അല്ലാഹുവിൽ ഭരമേല്പിക്കുകയെന്ന ആശയത്തിന് പറയുക തവാക്കുൽ എന്നാണ്. ഇസ്‌ലാം നിഷ്കർശിച്ച ഭരമേല്പിക്കൽ അതല്ല. “അല്ലാഹുവിൽ ഭരമേല്പിക്കേണ്ടതുപോലെ ഭരമേല്പിച്ചാൽ പക്ഷികൾക്ക് അവൻ ആഹാരം നൽകുന്നത് പോലെ അല്ലാഹു നിങ്ങൾക്ക് ആഹാരം നൽകും” എന്ന ഉമർ ഖത്താബി(റ)ൽ നിന്ന് സ്വഹീഹായ സനദോടെ തിർമിദി നിവേദനം ചെയ്ത നബിവചനം പഠിപ്പിക്കുന്നത് തവക്കുലല്ല. “രാവിലെ ഒട്ടിയ വയറുമായി പുറപ്പെടുന്ന അവർ നിറഞ്ഞ വയറുമായാണ് വൈകുന്നേരം മടങ്ങിയെത്തുന്നത്” എന്നുകൂടി പ്രവാചകൻ ﷺ പറഞ്ഞിട്ടുണ്ടെന്ന് നാം അറിയണം.. ഭക്ഷണമന്വേഷിച്ച് പുറപ്പെടുകയെന്ന കർമ്മം ചെയ്തതിനു ശേഷമുള്ള ഭരമേൽപ്പിക്കലിന് മാത്രമേ അല്ലാഹുവിന്റെ സഹായമുണ്ടാവൂയെന്നാണ് ഇതിനർത്ഥം. പകർച്ചവ്യാധിയുണ്ടാകുമ്പോൾ വീട്ടിലിരിക്കണമെന്ന് പഠിപ്പിച്ച പ്രവാചകനേക്കാളധികം തവക്കുലിനെക്കുറിച്ച് തനിക്കാണറിയുകയെന്ന് ആരെങ്കിലും അഹങ്കരിക്കുന്നുവെങ്കിൽ, അവർ എത്ര വലിയ ഭക്തിപാരവശ്യം പ്രകടിപ്പിക്കുന്നവരാണെങ്കിലും, മുഹമ്മദ് നബി ﷺ പഠിപ്പിച്ച ദീനാണ് അവർ ഉൾക്കൊള്ളുന്നതെന്ന് പറയാനാകില്ല.

ആർ എത്ര ശ്രദ്ധിച്ചാലും അല്ലാഹു വിധിച്ചത് വരിക തന്നെ ചെയ്യുമെന്നതിനാൽ നാം എന്തിന് പള്ളികളിലൊന്നും പോകാതെ വീട്ടിൽ ചടഞ്ഞിരിക്കണം എന്ന് ആരെങ്കിലും ചോദിക്കുന്നുണ്ടെങ്കിൽ അവക്ക് ഇസ്‌ലാമിലെ വിധിവിശ്വാസമെന്താണെന്ന് മനസ്സിലായിട്ടില്ല എന്നാണർത്ഥം. സ്ഥലകാലങ്ങൾക്ക് അതീതമായതുകൊണ്ട് തന്നെ നമുക്ക് ഗ്രഹിക്കാനാവാത്ത അല്ലാഹുവിന്റെ അറിവുമായി ബന്ധപ്പെട്ട വിധിവിശ്വാസത്തെ മാനുഷികകർമങ്ങളുമായി ബന്ധപ്പെടുത്താൻ ഇസ്‌ലാം അനുവദിക്കുന്നില്ല. അല്ലാഹുവിന്റെ അജയ്യതയും അറിവുമായി ബന്ധപ്പെട്ടതാണ് വിധി. ഓരോ കാര്യത്തിലുമുള്ള വിധിയെന്താണെന്ന് നമുക്കറിയില്ല. നാം കല്പിക്കപ്പെട്ടിരിക്കുന്നത് പ്രവർത്തിക്കുവാനാണ്. അത് ചെയ്യാതെ വിധിയെ പഴിക്കുന്നവർ സാമർഥ്യത്തോടെ കമ്പ്യൂട്ടർ ഗെയിം കളിക്കാതെ തോറ്റതിന് സോഫ്റ്റ് വേറിനെ കുറ്റം പറയുന്നവനെപ്പോലെയാണ്. സാംക്രമികരോഗങ്ങളുമായി ബന്ധപ്പെട്ട വിധിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിത്തരുന്ന ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സംഭവം ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി തന്റെ ഫത്ഹുൽ ബാരിയിൽ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്: സിറിയയിൽ പ്ളേഗ് രോഗം പടർന്ന് പിടിക്കുന്ന വിവരം സിറിയയിലെ ഗവർണറായിരുന്ന അബൂഉബൈദ (റ) ഖലീഫഉമറി(റ)നെ അറിയിച്ചു. പ്രയാസമനുഭവിക്കുന്ന തന്റെ ഭരണീയർക്ക് ആശ്വാസം നൽകാനായി ഉമർ (റ) അങ്ങോട്ട് പോകാൻ തീരുമാനിച്ചു. അപ്പോഴാണ് പ്ളേഗ് ഉളള സ്ഥലത്തേക്ക് പുറത്തുളളവർ പോകരുതെന്നും രോഗം ബാധിച്ച പ്രദേശത്തുളളവർ പുറത്തേക്ക് പോകരുതെന്നുമുള്ള ഉപദേശം താൻ നബിയിൽﷺ നിന്ന് കേട്ടതായി അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ഖലീഫയെ അറിയിച്ചത്. പ്രവാചകവചനം കേട്ടതോടെ ഉമർ (റ) യാത്ര ഉപേക്ഷിച്ചു. ഇക്കാര്യമറിഞ്ഞ അബൂഉബൈദ(റ)ക്ക് പ്രയാസമുണ്ടായി. “അല്ലാഹുവിന്റെ വിധിയിൽ നിന്ന് താങ്കൾ ഓളിച്ചോടുകയാണോ”യെന്ന് അദ്ദേഹം ഖലീഫക്ക് എഴുതി. ഉമർ (റ) അദ്ദേഹത്തിനുള്ള മറുപടിയിൽ എഴുതിയത് ഇങ്ങനെയാണ്: “ഞാൻ അല്ലാഹുവിന്റെ ഒരു വിധിയിൽ നിന്നും മറ്റൊരു വിധിയിലേക്കാണ് പോകുന്നത്”. പ്രവാചകനിൽﷺ നിന്നുള്ള നിർദേശം അറിയാതെ പറഞ്ഞ തന്റെ അഭിപ്രായം ശരിയല്ലെന്ന് ബോധ്യപ്പെട്ട അബൂഉബൈദ (റ) അത് തിരുത്തുകയും ചെയ്തു. വിധിയാണെന്ന് സ്വയം തീരുമാനിച്ച് വിനയിലേക്ക് എടുത്ത് ചാടുകയല്ല, നിർദേശങ്ങൾ പാലിക്കുകയും ചെയ്യാനുള്ളത് ചെയ്യുകയുമാണ് വിശ്വാസിയുടെ കടമയെന്ന വലിയ പാഠം ഈ സംഭവത്തിലുണ്ട്. സൂക്ഷിക്കാനുള്ളതെല്ലാം സൂക്ഷിച്ചതിനു ശേഷവും തനിക്ക് രോഗം വന്നുഭവിക്കുന്നുവെങ്കിൽ അത് അല്ലാഹുവിന്റെ വിധിയാണെന്ന് കരുതുകയും പരമകാരുണികനിൽ നിന്നുള്ളതാണ് അതെന്നതിനാൽ ആത്യന്തികമായ നന്മയാണ് അത് തനിക്ക് നൽകുകയെന്ന് സമാധാനിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ളതാണ് വിശ്വാസിക്ക് വിധിവിശ്വാസം.

പകർച്ചവ്യാധിയെ ഒരു പരീക്ഷണമായി കാണുകയും അതോടനുബന്ധിച്ച് ലഭിച്ച ഒഴിവുകാലത്തെ നന്മകൾ വർധിപ്പിച്ചുകൊണ്ട് അനുഗ്രഹമാക്കിത്തീർക്കുകയും ചെയ്യേണ്ടവനാണ് വിശ്വാസി. ജമാഅത്ത് നമസ്കാരങ്ങൾ കുടുംബസമേതം നിർവ്വഹിച്ചും റവാത്തിബുകളിൽ നിഷ്കർഷ കാണിച്ചും തഹജ്ജുദിനെപ്പോലെയുള്ള സുന്നത്തുകൾ ഇതേവരെ ശീലിക്കാത്തവരാണെങ്കിൽ ശീലിച്ചും കുടുംബാംഗങ്ങളെ ശീലിപ്പിച്ചും സുന്നത്ത് നോമ്പുകൾ പതിവാക്കിയും ഈ ദിവസങ്ങളെ കൂടുതൽ ആരാധനകളാൽ പുഷ്കലമാക്കുവാൻ ശ്രദ്ധിച്ചാൽ ഒഴിവ് കാലം അനുഗ്രഹമായിത്തീരുന്നത് നമുക്ക് തന്നെ അനുഭവിച്ചറിയാൻ കഴിയും. കുടുംബസമേതമുള്ള ഇസ്‌ലാം-ഖുർആൻ- ഹദീഥ് പഠനത്തിന് ഒരു സമയക്രമമുണ്ടാക്കി പരിശ്രമിച്ചാൽ നമ്മുടെ വിജ്ഞാനവിഹായുസ്സ് വികസിക്കുകയും അതിന്റെ പ്രതിഫലനം ജീവിതത്തിലുടനീളം ഉണ്ടാവുകയും ചെയ്യും. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുവാൻ കൂടുതൽ സമയം കണ്ടെത്തുക, ഫോണിലൂടെ കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനുള്ള മാർഗങ്ങളുണ്ടാക്കുക, അടുക്കളയിൽ ഇണകളെ സഹായിച്ച് പ്രവാചക മാതൃക പിൻപറ്റാൻ കൂടുതൽ ശ്രദ്ധിക്കുക, അവരുമായുള്ള പ്രേമസല്ലാപങ്ങൾക്ക് അവസരങ്ങൾ വർധിപ്പിക്കുക, മക്കളോടോത്ത് സമയം ചെലവഴിക്കുക, അവർക്ക് ഭൗതികവും ആത്മീയവുമായ അറിവ് വർധിപ്പിക്കുവാൻ സഹായിക്കുക, അയല്പക്കബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക, അവിടെയെവിടെയെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്നവരുണ്ടെങ്കിൽ അവരെ സഹായിക്കുക, ഒഴിവ് കാലത്തെ തൊഴിൽനഷ്ടം കാരണം പട്ടിണിപ്പെടുന്നവരുണ്ടെങ്കിൽ അവർക്ക് ഭക്ഷണമെത്തിക്കുക, രോഗികളുണ്ടെങ്കിൽ അവരെ പരിചരിക്കുക, രോഗം പകരാതിരിക്കുന്നതിനുള്ള ബോധവൽക്കരണപ്രവർത്തങ്ങളിൽ വ്യാപൃതരാവുക, സർക്കാരിന്റെ പുനരധിവാസപ്രവർത്തനങ്ങളിൽ പങ്കാളികളാവുക. അങ്ങനെ എത്രയെത്ര നന്മകൾ. അല്ലാഹുവിന് തൃപ്തിപ്പെടുന്ന സൽപ്രവർത്തങ്ങൾ. അവനിൽ നിന്ന് പ്രതിഫലം ലഭിക്കുന്ന, സ്വർഗപ്രവേശത്തിന് കാരണമാകുന്ന സുകൃതങ്ങൾ. അവയാവണം ഒഴിവു കാലം കൊണ്ട് നാം നേടിയെടുക്കേണ്ട സമ്പത്ത്. ഓർക്കുക: കൊറോണക്കാലത്ത് പള്ളിയിൽ വെച്ചുള്ള ആരാധനകൾ മാത്രമേ മുടങ്ങിയിട്ടുള്ളൂ. ആ ആരാധനകൾ ആരുടെ തൃപ്തിക്കുവേണ്ടിയാണോ നാം നിർവ്വഹിച്ചിരുന്നത്, ആ അല്ലാഹു ഉറങ്ങിയിട്ടില്ല. അവൻ നമ്മുടെ കർമ്മങ്ങൾ വീക്ഷിച്ചു കൊണ്ട് ഇപ്പോഴും, എപ്പോഴും ജീവിച്ചിരുപ്പുണ്ട്. അവന്റെ തൃപ്തിക്ക് പാത്രമാവുന്ന പ്രവർത്തനങ്ങളാൽ സമ്പന്നമാകട്ടെ ഈ ഒഴിവുദിവസങ്ങൾ. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.