കോവിഡ് 19; പള്ളികൾ പൂട്ടിയിട്ടില്ല

//കോവിഡ് 19; പള്ളികൾ പൂട്ടിയിട്ടില്ല
//കോവിഡ് 19; പള്ളികൾ പൂട്ടിയിട്ടില്ല
ആനുകാലികം

കോവിഡ് 19; പള്ളികൾ പൂട്ടിയിട്ടില്ല

“കൊറോണ പടർന്നു പിടിച്ചപ്പോൾ ദൈവങ്ങളെല്ലാം പണിമുടക്കിയിരിക്കുന്നു; ഇപ്പോൾ ആർക്കും ദൈവങ്ങളെ വേണ്ട; ശാസ്ത്രത്തെ മതി. ക്ഷേത്രങ്ങൾ പൂട്ടി; ചർച്ചുകൾ പൂട്ടി; പള്ളികൾ പൂട്ടി; എന്തിനധികം, മക്കയിലെ ഉംറ വരെ നിർത്തലാക്കാക്കി; മതാചാരങ്ങൾക്കൊന്നും യാതൊരു പ്രാധാന്യവുമില്ലെന്ന് അവ നിർത്തിവെച്ചുകൊണ്ട് അതാത് മതവിശ്വാസികൾ തന്നെ തെളിയിച്ചു……”

കോവിഡ് 19 ബഹളങ്ങൾക്കിടയിൽ ഉയർന്നുകേട്ട സൈബർ തമാശകളിലൊന്നാണിത്. ഓൺലൈനിൽ കളിക്കുന്ന നാസ്തികരിൽ നിന്ന് തുടങ്ങി ചാനലിൽ ചർച്ചകൾ നയിക്കുന്ന അവതാരകർ വരെ പറഞ്ഞ തമാശ. മതം കൊണ്ടും ദൈവം കൊണ്ടുമൊന്നും യാതൊരു ഉപകാരവുമില്ലെന്നതിനുള്ള തെളിവാണത്രെ കൊറോണ പടർന്നുപിടിച്ചപ്പോൾ ആരാധനാലയങ്ങൾ അടച്ചത് ! ദൈവികമതത്തെയോ യഥാർത്ഥത്തിലുള്ള ദൈവവിശ്വാസത്തെയോ കുറിച്ച് വിവരമൊന്നുമില്ലാത്തവർക്ക് പറയുന്നതിൽ അല്പം കാര്യമില്ലാതില്ല എന്ന് തോന്നിയേക്കാം. മതമെന്നാൽ ആരാധനാലയമാണെന്ന് കരുതുന്നവർക്കും ആരാധനാലയത്തിലേ മതമുണ്ടാകാവൂയെന്ന് വാശി പിടിക്കുന്നവർക്കും മതം മരിച്ചുവെന്ന് തോന്നുന്നുണ്ടാവാം. എന്നാൽ മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം കൊറോണ വന്നതോടെ പള്ളികളുടെ എണ്ണം കൂട്ടുക മാത്രമാണുണ്ടായിരിക്കുന്നത്; ദൈവവിശ്വാസത്തിന് പ്രസക്തി വർധിക്കുകയാണുണ്ടായിരിക്കുന്നത്. അതെങ്ങനെയെന്ന് മനസ്സിലാകണമെങ്കിൽ എന്താണ് മതമെന്നും എന്താണ് ആരാധനയെന്നും മനസ്സിലാക്കണം. അത് മനസ്സിലാക്കാത്തതുകൊണ്ടാണ് മതത്തെയും ദൈവബോധത്തെയും കുറിച്ച ഇത്തരം വിലകുറഞ്ഞ വിവരക്കേടുകൾ പറയുന്നത്.

സ്രഷ്ടാവിനുള്ള സമ്പൂർണമായ സമർപ്പണമാണ് മതമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ജീവിതത്തെ മൊത്തത്തിൽ പടച്ചവന്റെ നിയമങ്ങൾക്ക് വിധേയമാക്കുകയാണത്. അതിൽ ആരാധനകളും അനുഷ്ഠാനങ്ങളുമുണ്ട്; സ്വഭാവരീതികളും പെരുമാറ്റമര്യാദകളുമുണ്ട്; കിടപ്പറയിലെ സ്വകാര്യതയിൽ പാലിക്കേണ്ട നിയമങ്ങളും രാഷ്ട്രാന്തരീയവ്യവഹാരങ്ങളിലുണ്ടാവേണ്ട പരസ്യമാക്കേണ്ട നിർദേശങ്ങൾ വരെയുണ്ട്. മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ആരോഗ്യപരിപാലനവും ആതുരശുശ്രൂഷയും രോഗചികിത്സയുമെല്ലാം മതത്തിന്റെ ഭാഗമാണ്. അവിടെയെല്ലാം ദൈവികമാർഗനിർദേശങ്ങൾ അനുധാവനം ചെയ്യേണ്ടതുണ്ട് എന്നാണ് അവൻ മനസ്സിലാക്കുന്നത്; അവ അനുധാവനം ചെയ്യുന്നത് വഴി ശരീരത്തിന് സൗഖ്യവും മനസ്സിന് സമാധാനവും ആത്യന്തികമായി ദൈവപ്രീതിയും ലഭിക്കുമെന്നാണ് അവൻ പഠിപ്പിക്കപ്പെട്ടിരിക്കുന്നത്.

ആരാധനയെക്കുറിച്ച് സവിശേഷമായ വീക്ഷണമുൾക്കൊള്ളുന്ന ആദർശമാണ് ഇസ്‌ലാം. ദൈവപ്രീതിയുദ്ദേശിച്ച്, പ്രാർഥനാനിരതമായ മനസ്സോടെ ചെയ്യുന്ന നല്ല വാക്കുകളും സൽപ്രവർത്തികളുമെല്ലാം ആരാധനയായിത്തീരുമെന്നാണ് ഇസ്‌ലാമികസങ്കൽപം. പടച്ചവന് മാത്രം ചെയ്യുന്ന ആരാധനയിലൂടെയാണ് വ്യക്തികൾ വിമലീകരിക്കപ്പെടുകയും തെറ്റുകളിൽ നിന്ന് അകന്നു നിൽക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നതെന്നും അത് സിദ്ധാന്തിക്കുന്നു. നമസ്കാരവും നോമ്പും സകാത്തും ഹജ്ജും മാത്രമല്ല, ഇണയോടൊത്തുള്ള ലൈംഗിക സംസർഗവും മാതാപിതാക്കളോടുള്ള കാരുണ്യപ്രകടനവും മക്കളോടുള്ള സ്നേഹവാത്സല്യങ്ങളും സാഹോദരങ്ങളുമായുള്ള കുടുംബബന്ധം പുലർത്തലും അയൽവാസിയോടുള്ള സൽപെരുമാറ്റവും സത്യസന്ധമായ കൃഷിയും പൂഴ്ത്തിവെക്കാതെയുള്ള കച്ചവടവും വഞ്ചിക്കാതെയുള്ള തൊഴിലെടുക്കലും പ്രയാസപ്പെടുത്താതെയുള്ള കൂലി കൊടുക്കലും നന്മയാഗ്രഹിച്ചുള്ള വിദ്യാഭ്യാസവും ചൂഷണത്തിന് വേണ്ടിയല്ലാത്ത ഗവേഷണങ്ങളും ലോകമാന്യത്തോടെയല്ലാത്ത സാമൂഹ്യസേവനങ്ങളും നീതിനിഷ്ഠമായ രാഷ്ട്രീയപ്രവർത്തനങ്ങളുമെല്ലാം ദൈവപ്രീതിയുദ്ദേശിച്ചും പ്രാർത്ഥനാനിർഭരമായ മനസ്സോടുകൂടിയുമുള്ളതാണെങ്കിൽ അവയെല്ലാം ആരാധനയാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അനുഷ്ഠാനങ്ങളെയും ആരാധനകളെയും രണ്ട് രൂപത്തിലാണ് ഇസ്‌ലാം കാണുന്നത്. അനുഷ്ഠാനങ്ങളെല്ലാം ആരാധനയാണ്; അവ സ്വീകാര്യമായ ആരാധനയാകണമെങ്കിൽ രണ്ട് നിബന്ധനകളുണ്ട്. ഒന്നാമതായി പ്രാർത്ഥനാനിർഭരമായ മനസ്സോടെ ചെയ്യുന്നതാകണം അത് എന്നതാണ്. ദൈവികവെളിപാടുകളാൽ സ്ഥിരീകരിക്കപ്പെട്ടതാകണം അനുഷ്ഠാനങ്ങൾ എന്നതാണ് രണ്ടാമത്തേത്. ദൈവികവെളിപാടുകളാൽ സ്ഥിരീകരിക്കപ്പെടാത്ത അനുഷ്ഠാനങ്ങളെയൊന്നും മതത്തിന്റെ ഭാഗമായി ഇസ്‌ലാം അംഗീകരിക്കുകയില്ല. വിശുദ്ധ ഖുർആനും മുഹമ്മദ് നബിയുടെﷺ സുന്നത്തുമാണ് ഇന്ന് നിലനിൽക്കുന്ന കളങ്കരഹിതമായ വെളിപാടുകൾ. ഈ വെളിപാടുകളാൽ സ്ഥിരീകരിക്കപ്പെട്ടതാകണം അനുഷ്ഠാനങ്ങളെല്ലാം എന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.

എങ്ങനെ, എപ്പോൾ, എവിടെവെച്ച് നിർവ്വഹിക്കണമെന്ന് വ്യക്തമായി നിർദേശിക്കക്കപ്പെട്ട ആരാധനകളാണ് അനുഷ്ഠാനങ്ങൾ എന്ന് പറയാം. അവ കൽപിക്കപ്പെട്ടതുപോലെ നിർവ്വഹിക്കുമ്പോൾ മാത്രമാണ് സ്വീകാര്യമായ ആരാധനയായിത്തീരുന്നത്. നമസ്കാരം പ്രധാനപ്പെട്ട ഒരു അനുഷ്ഠാനമാണ്. വിശ്വാസിയുടെ ജീവിതത്തിൽ ഒരിക്കൽ പോലും വിട്ടുപോകാൻ പാടില്ലാത്തതെന്ന് പഠിപ്പിക്കപ്പെട്ട അനുഷ്ഠാനം. അതിലെ കർമ്മങ്ങളെല്ലാം നിയതമാണ്; ആർക്കും സ്വന്തം ഇഷ്ടപ്രകാരം കർമ്മങ്ങളൊന്നും കൂട്ടിച്ചേർക്കാനോ എടുത്ത് മാറ്റാനോ പാടില്ല. എങ്ങനെ, എപ്പോൾ, എവിടെവെച്ച് എന്ന വിഷയങ്ങളിലെല്ലാം കൃത്യമായ നിർദേശങ്ങളുള്ള ആരാധനയാണത്. അവയെല്ലാം പാലിക്കുവാൻ വിശ്വാസി ബ്വാധ്യസ്ഥനാണ്. അവ പാലിച്ചുകൊണ്ട് അത് ചെയ്യുമ്പോൾ മാത്രമേ അത് ആരാധനയായിത്തീരൂ. അല്ലെങ്കിൽ അത് പാഴ് വേലയായിരിക്കും. പ്രഭാത നമസ്കാരം(ഫജ്റ്) രണ്ട് റക്അത്താണ്. മൂന്നാക്കിയാലും നാലാക്കിയാലും അത് പാഴ്‌വേലയാണ്; പ്രഭാതോദയം മുതൽ സൂര്യോദയം വരെയാണ് അതിന്റെ സമയം. തന്നിഷ്ടത്തിന് ഒരാൾ പ്രഭാതോദയത്തിന് മുൻപ് ഫജ്റ് നമസ്കരിച്ചാൽ എത്ര ഭക്തിയോടെയാണ് അത് നിർവ്വഹിച്ചതെങ്കിലും അത് സ്വീകാര്യമായ ആരാധനയാവില്ല; കുറ്റകരമായ പാഴ്‌വേല മാത്രമായിരിക്കും അത്. പ്രഭാതോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണപാനീയങ്ങളിൽ നിന്ന് വിട്ടു നിൽക്കുക എന്ന വ്രതാനുഷ്ഠാനത്തിന് പകരം അത് പാതിരാത്രി വരെയാക്കിയാലും ദുൽഹജ്ജിൽ നടക്കേണ്ട ഹജ്ജ് മറ്റു മാസങ്ങളിൽ ചെയ്താലുമെല്ലാം അവ ആരാധനകളാവില്ലെന്നും കുറ്റകരമായ പാഴ്‌വേല മാത്രമാണ് ആവുകയെന്നുമാണ് ഇസ്‌ലാം പഠിപ്പിച്ചിരിക്കുന്നത്.

കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് സൽകർമ്മമാകുന്നത്‌ പോലെത്തന്നെ അനുഷ്ഠിക്കാതിരിക്കുന്നതും ചിലപ്പോൾ സൽകർമ്മമായിത്തീരും. ആർത്തവസന്ദർഭത്തിൽ നമസ്‌കരിക്കാനോ നോമ്പെടുക്കാനോ പാടില്ലെന്നാണ് സ്ത്രീകളോടുള്ള നിർദേശം. രജസ്വലകൾ നമസ്കരിക്കാത്തതും നോമ്പെടുക്കാത്തതുമെല്ലാം ദൈവപ്രീതിയുദ്ദേശിച്ചുകൊണ്ടും ദൈവികനിർദേശം പാലിച്ചുകൊണ്ടുമാണ്. അനുഷ്ഠാനങ്ങളിൽ നിന്ന് മാറിനിൽക്കുന്നതാണ് അവർക്കുള്ള നന്മ. വുദുവിലൂടെയുള്ള ശരീരശുദ്ധിയോട് കൂടി മാത്രമേ നമസ്കാരവും ത്വവാഫും നിർവ്വഹിക്കാൻ പാടുള്ളൂവെന്നാണ് നിയമം. ഇവ അനുഷ്ഠിക്കുന്നതിനിടയിൽ വുദു നഷ്ടപ്പെട്ടാൽ അനുഷ്ഠാനം അവസാനിപ്പിച്ച് ശരീരശുദ്ധി വരുത്തിയ ശേഷം മാത്രം അത് നിർവ്വഹിക്കണമെന്നാണ് കൽപന. അവിടെ അനുഷ്ഠാനം തുടരാതിരിക്കുന്നത് നന്മയും അനുഷ്ഠിക്കുന്നത് കുറ്റകരവുമായിത്തീരുന്നു. അനുഷ്ഠാനങ്ങൾ ഏതൊക്കെ സന്ദർഭത്തിൽ നന്മയാകുമെന്നും ഏതൊക്കെ സന്ദർഭത്തിൽ തിന്മയാകുമെന്നും കൂടി പ്രവാചകൻ ﷺ പഠിപ്പിച്ചിട്ടുണ്ട്. അത് അതേപോലെ പിന്തുടരുകയാണ് വിശ്വാസികൾ ചെയ്യുന്നത്.

നമസ്കരിക്കണമെന്ന നിർബന്ധകല്പനയുള്ളതു പോലെത്തന്നെ ചില സന്ദർഭങ്ങളിൽ നമസ്കാരം ചുരുക്കാനും രണ്ട് നമസ്കാരങ്ങൾ ഒരുമിച്ച് നിർവ്വഹിക്കാനുമെല്ലാം ഉള്ള നിർദേശങ്ങളുമുണ്ട്. ഈ നിർദേശങ്ങൾ പാലിക്കേണ്ട സന്ദർഭങ്ങളിൽ അവ പാലിക്കുന്നതാണ് നന്മ. നമസ്കാരത്തിന് ശുദ്ധിയാകണമെങ്കിൽ വെള്ളമുപയോഗിച്ച് വുദു ചെയ്യണമെന്നാണ് നിയമം. വെള്ളം കിട്ടാതിരിക്കുകയാണെങ്കിലും രോഗാവസ്ഥയിലാണെങ്കിലും പകരം ഭൂപ്രതലത്തിൽ കൈകൊണ്ടടിച്ച് മുഖവും കൈപത്തികളും തടവിയാൽ മതിയെന്ന ഇളവുണ്ട്. തയമ്മും എന്നാണ് ഇതിന് പറയുക. വെള്ളമുപയോഗിക്കുന്നത് അപകടമുണ്ടാക്കുന്ന തരത്തിലുള്ള രോഗിയാണെങ്കിൽ വെള്ളം ഉപയോഗിച്ച് വുദുവെടുക്കാൻ പാടില്ലെന്നും തയമ്മും ചെയ്യാനേ പാടുള്ളൂവെന്നുമാണ് കർമശാസ്ത്രം. സാധാരണയായി പൂർണമായി നമസ്കരിക്കുന്നത് ആരാധനയാകുന്നതുപോലെ യാത്രയിൽ ചുരുക്കി നമസ്കരിക്കുന്നതും ആരാധനയാണ്. ആരോഗ്യമുള്ളവയാൾ വെള്ളമുപയോഗിച്ച് വുദു ചെയ്യുന്നത് ആരാധനയാകുന്നത് പോലെത്തന്നെ രോഗി വെള്ളമുപയോഗിക്കാതെ ഭൂപ്രതലത്തിലടിച്ച് ശരീരഭാഗങ്ങൾ തടവുന്നതും ആരാധനയാണ്.

ഒരു പ്രദേശത്തുള്ള പുരുഷന്മാരെല്ലാം അവിടെയുള്ള പള്ളിയിൽ ഒരുമിച്ചുകൂടി സംഘടിതമായാണ് നിർബന്ധനമസ്‌കാരങ്ങൾ നിർവ്വഹിക്കേണ്ടതെന്നാണ് പ്രവാചകകല്പന. അനിവാര്യമായ സാഹചര്യങ്ങളിലല്ലാതെ സംഘടിതനമസ്കാരം മുടങ്ങാൻ പാടില്ലെന്ന് കർമ്മശാസ്ത്രഗ്രന്ഥങ്ങളും പറയുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്കുള്ള ജുമുഅഃ നമസ്കാരം സംഘടിതമായി നിർവ്വഹിക്കൽ യാത്രക്കാരനോ രോഗിയോ അല്ലാത്ത മുഴുവൻ പുരുഷന്മാർക്കും നിർബന്ധമാണ്. എന്നാൽ കാലാവസ്ഥ അപകടകരമായ രീതിയിൽ പ്രതികൂലമാകുമ്പോൾ പള്ളിയിലേക്ക് പോണ്ടതില്ലെന്നാണ് നിയമം. വെള്ളിയാഴ്ചയുള്ള ജുമുഅ നമസ്കാരം പോലും ഇതിൽ നിന്നൊഴിവല്ല. നമസ്കാരത്തിന് വേണ്ടിയുള്ള ബാങ്കുവിളി പോലും അത്തരം സന്ദർഭത്തിൽ മാറ്റാവുന്നതാണ് എന്നാണ് പ്രവാചകചര്യ. കാലാവസ്ഥ പ്രതികൂലമായ സന്ദർഭത്തിൽ വെള്ളിയാഴ്ചയിലും അല്ലാത്ത ദിവസങ്ങളിലുമെല്ലാം ബാങ്കുവിളിക്കുമ്പോൾ “നമസ്കാരത്തിലേക്ക് വരിക” എന്നതിന് പകരമായി “നിങ്ങൾ വീടുകളിൽ നിന്ന് നമസ്കരിക്കുക” എന്ന് വിളിച്ച് പറയാൻ പ്രവാചകനുചരനായ അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) കല്പിക്കുകയും താൻ പ്രവാചകനിൽ നിന്ന് പഠിച്ചത് അങ്ങനെയാണെന്ന് പ്രസ്താവിക്കുകയും ചെയ്തതായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീഥിലുണ്ട്.

സാംക്രമികരോഗങ്ങളുള്ളവരിൽ നിന്ന് മറ്റുള്ളവർ അകന്നു നിൽക്കണമെന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതനിയമമാണ്.

പ്രവാചകകാലത്ത് നിലവിലുണ്ടായിരുന്ന സാംക്രമികരോഗമായ “കുഷ്ഠം ഉള്ളവരിൽ നിന്ന് സിംഹത്തിൽ നിന്ന് ഓടി അകലുന്നതുപോലെ ഓടി അകലുക” (സ്വഹീഹുൽ ബുഖാരി) എന്നാണ് നബി ﷺ നിർദേശിച്ചത്.” (അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെയുള്ള) സാംക്രമികരോഗങ്ങളില്ല: രോഗികളും ആരോഗ്യമുള്ളവരും കൂടിക്കലരരുത്”(സ്വഹീഹ് മുസ്‌ലിം) എന്നും അദ്ദേഹം പഠിപ്പിച്ചു.
അന്ന് അറിയപ്പെട്ടിരുന്ന സാംക്രമിക രോഗമായ “പ്ളേഗ് ഏതെങ്കിലും ഒരു സ്ഥലത്ത് ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞാൽ നിങ്ങൾ അങ്ങോട്ട് പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ളേഗ് വന്നാൽ നിങ്ങൾ അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യരുത്” (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം). എന്നതും നബിയുടെ കൽപന തന്നെ! ഒന്നാമത്തേത് വ്യക്തിപരമായ ക്വാറന്റൈനിനുള്ള നിർദേശമാണെങ്കിൽ രണ്ടാമത്തേത് സാമൂഹികമായ ക്വാറന്റൈനിനുള്ള കൽപനയാണ്. മറ്റുള്ളവർക്ക് പ്രയാസകരമായ മണവുമായിപ്പോലും പള്ളിയിൽ പോകരുതെന്ന പ്രവാചകകൽപനയും ശ്രദ്ധേയമാണ്. “ഉള്ളിയും വെള്ളുള്ളിയും തിന്ന് അവയുടെ ഗന്ധവുമായി പള്ളിയിൽ വരരുത്” എന്ന പ്രവാചകനിർദേശം പല സ്വഹാബികളിൽ നിന്നായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്. ഇഷ്ടമില്ലാത്ത ഗന്ധം പോലും പള്ളിയിൽ പോകുമ്പോൾ ഉണ്ടാകാൻ പാടില്ലെങ്കിൽ മറ്റുള്ളവരെ അപായപ്പെടുത്തുന്ന രോഗാണുവിനെ വഹിക്കുന്നയാൾ പള്ളിയിൽ പോകുന്നത് എങ്ങനെ ന്യായീകരിക്കാനാവും? “ഉപദ്രവിക്കുകയോ ഉപദ്രവമുണ്ടാക്കുകയോ ചെയ്യരുത്” എന്ന ഇബ്നുമാജയും ദാറഖുത്‌നിയും സ്വഹീഹായ പാരമ്പരയോടെ നിവേദനം ചെയ്ത വിശ്വാസികളോടുള്ള പ്രവാചകകൽപന പ്രകാരം തന്നെക്കൊണ്ട് മറ്റൊരാൾക്ക് ഉപദ്രവമുണ്ടാവുമെന്നോ തനിക്ക് മറ്റൊരാളിൽ നിന്ന് ഉപദ്രവമുണ്ടാകാമെന്നോ ഭയപ്പെടുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. “സ്വയം സുരക്ഷിതനാകുവാനും മറ്റുള്ളവർക്ക് സുരക്ഷിതത്വമുണ്ടാകുവാനും വേണ്ടി വീട്ടിലിരിക്കുന്നവർ അല്ലാഹുവിന്റെ പരിരക്ഷയിലാണ്” (ഇമാം അഹ്‌മദ്‌ സ്വഹീഹായ പരമ്പരയോടെ നിവേദനം ചെയ്തത്) എന്ന പ്രവാചകവചനം അനുസരിക്കുക മാത്രമാണ് ഹോം ക്വാറന്റൈൻ പ്രാവർത്തികമാക്കുമ്പോൾ മുസ്‌ലിംകൾ ചെയ്യുന്നത്.

കാലാവസ്ഥ പ്രതികൂലമാകുന്നതിനേക്കാൾ വലിയ പ്രശ്നമാണ് അപകടകരമായ രോഗം പകരുകയെന്നത്. രോഗകാരികളായ വൈറസുകളെ വഹിക്കുന്നത് ആരൊക്കെയാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ പ്രവാചകൻ ﷺ പഠിപ്പിച്ച വ്യക്തിപരമായ ക്വാറന്റൈനും സാമൂഹികമായ ക്വാറന്റൈനും പാലിക്കുന്നതിനായാണ് പള്ളികളിൽ വെച്ചുള്ള സമൂഹനമസ്കാരങ്ങൾ നിർത്തുവാൻ തീരുമാനിക്കുകയും വീടുകളിൽ വെച്ച് നമസ്കരിക്കാൻ വിശ്വാസികളോട് പണ്ഡിതന്മാർ ആവശ്യപ്പെടുകയും ചെയ്തത്. ഇവിടെ, ആരും ആരുടെയെങ്കിലും താല്പര്യത്തിനനുസരിച്ച് ആരാധനകളിൽ നിർത്തിവെക്കുകയോ അനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. കൊറോണയെ പേടിച്ച് മതം ഒഴിവാക്കിയിട്ടുമില്ല. അപകടകരമായ രോഗസാഹചര്യത്തിൽ എന്തുചെയ്യണമെന്ന മതനിർദേശം പ്രാവർത്തികമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മതത്തിലേക്ക് കൂടുതൽ അടുക്കുകയാണ്, മതത്തിൽ നിന്ന് പുറത്ത് പോവുകയല്ല പള്ളികളിൽ വെച്ചുള്ള സമൂഹനമസ്കാരം വേണ്ടെന്ന് വെക്കുകയും വീട്ടിൽ നിന്ന് വീട്ടുകാരെല്ലാം ഒരുമിച്ചുചേർന്ന് നമസ്കരിക്കുകയും ചെയ്യുന്ന മുസ്‌ലിംകൾ ചെയ്തിരിക്കുന്നത്. ഇത്തരം സന്നിഗ്ധ സന്ദർഭങ്ങളിൽ പോലും മതം തങ്ങൾക്ക് വഴി കാണിക്കുവാനുണ്ടെന്ന ബോധം മുസ്‌ലിംകളെ മതത്തോട് കൂടുതൽ അടുപ്പിക്കുക മാത്രമേയുള്ളൂവെന്നതിനാൽ മതനിഷേധികൾക്ക് സന്തോഷിക്കാനുള്ളതല്ല, ദുഃഖിക്കാനുള്ളതാണ് ഈ തീരുമാനം.

ഇത്തരം സന്ദർഭങ്ങൾ മുസ്‌ലിംലോകത്ത് മുമ്പും ഉണ്ടായതായി ചരിത്രഗ്രന്ഥങ്ങളിലുണ്ട്. ഇമാം ദഹബി (റ) എഴുതുന്നു: “ഹിജ്‌റ 448ൽ ഈജിപ്തിലും സ്പെയിനിലും മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വമ്പിച്ച വരൾച്ചയും പകർച്ച വ്യാധിയും ഉണ്ടായി, അക്കാലത്ത് ആ നാടുകളിൽ ആർക്കും നമസ്കരിക്കാൻ വരാൻ കഴിയാത്തത് കാരണം പള്ളികൾ പോലും അടഞ്ഞു കിടന്നു. ആ വർഷം ‘ആമുൽ ജൂഇൽ കബീർ’ (മഹാ പട്ടിണിയുടെ വർഷം) എന്ന് അറിയപ്പെട്ടു” (സിയർ അ’അലാം അന്നുബലാ’: 18/311). അന്നൊന്നും തകരാത്ത മതം ഈ കൊറോണാകാലത്തും തകരുകയില്ല. വിശ്വാസികൾക്ക് ഈ പരീക്ഷണങ്ങളെല്ലാം അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാൻ മാത്രമേ നിമിത്തമാവുകയുള്ളൂവെന്നതിനാൽ അവിടെയും നാസ്തികർക്ക് ആഹ്ളാദിക്കുവാൻ യാതൊരു വകയുമില്ല.

നാസ്തികർ ആഗ്രഹിക്കുന്നതുപോലെ കൊറോണാകാലത്ത് പള്ളികളെല്ലാം പൂട്ടുകയും ആരാധനകളെല്ലാം നിർത്തുകയും ചെയ്യുകയല്ല ലോകത്തിലെവിടെയുമുള്ള മുസ്‌ലിംകൾ ചെയ്തിരിക്കുന്നത്. പള്ളികളിൽ നിന്ന് കൃത്യസമയത്ത് തന്നെ നമസ്കാരസമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിയുണ്ടാവുന്നു. ആ ബാങ്ക് വിളിയിൽ തന്നെ “വീട്ടിൽ നിന്നാണ് നിങ്ങൾ നമസ്കരിക്കേണ്ടത്” എന്ന ആഹ്വാനവുമുണ്ട്. പ്രവാചകൻ ﷺ പഠിപ്പിച്ചതായതു കൊണ്ട് തന്നെ ആ ആഹ്വാനം പടച്ചവനിൽ നിന്നുള്ളതാണെന്നാണ് വിശ്വാസികൾ മനസ്സിലാക്കുന്നത്. പള്ളിയിൽ പോകണമെന്ന് അല്ലാഹു കൽപിച്ചപ്പോൾ പള്ളിയിൽ പോയിരുന്ന വിശ്വാസികൾ വീട്ടിൽ നിന്ന് നമസ്കരിക്കണമെന്ന് അല്ലാഹു പറയുമ്പോൾ വീട്ടിൽ നിന്ന് നമസ്കരിക്കുന്നു. അവിടെ വീടുകളെല്ലാം പള്ളികളായിത്തീരുകയാണ്. “മുഴുവൻ ഭൂമിയും എനിക്ക് പള്ളിയും ശുദ്ധീകരണവസ്തുവുമാക്കിയിരിക്കുന്നു”വെന്ന ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത പ്രവാചകപരാമർശപ്രകാരം അല്ലാഹുവിന്റെ കൽപന പ്രകാരം വീടുകളിൽ വെച്ചോ മറ്റു സ്ഥലങ്ങളിൽ വെച്ചോ വിശ്വാസികൾ നമസ്കരിക്കുമ്പോൾ അവ അവർക്ക് പള്ളികളായിത്തീരുകയാണ്. “ഭൂമി മുഴുവൻ പള്ളിയാണ്; വിസർജ്ജനസ്ഥലും ഖബറിടവുമൊഴിച്ച്” (ഇമാം തിർമിദി സ്വഹീഹായ പരമ്പരയോടെ നിവേദനം ചെയ്തത്) എന്നത് മാത്രമാണ് ഈ രംഗത്തുള്ള വിലക്ക്. ഏതെങ്കിലും ഒരു പ്രദേശത്തെ ഒരു പള്ളിയിൽ സംഘടിതനമസ്കാരം നിർബന്ധിത സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവെക്കുമ്പോൾ ചുറ്റുപാടുള്ള നൂറുക്കണക്കിന് വീടുകൾ പള്ളികളാവുകയാണ് ചെയ്യുന്നത് എന്നാണ് ഇതിനർത്ഥം. അല്ലാഹുവിന്റെ തൃപ്തിയാഗ്രഹിച്ച് പള്ളിയിൽ പോയിരുന്നവർ അതേ അല്ലാഹുവിന്റെ തൃപ്തിയാഗ്രഹിച്ചുകൊണ്ട് വീടുകളിൽ നിന്ന് നമസ്കരിക്കുന്നു. പള്ളികൾ പൂട്ടുകയെല്ല, സ്വന്തം വീടുകളിൽ നൂറുക്കിണക്കിന് പള്ളികൾ തുറക്കുകയാണ് കൊറോണാകാലത്ത് വിശ്വാസികൾ ചെയ്തിരിക്കുന്നത്. മതവും ആരാധനകളുമൊന്നും മരിക്കുകയല്ല, കൂടുതൽ ശക്തമാവുകയാണ് ചെയ്തിരിക്കുന്നത് എന്നതിനാൽ അവിടെയും നാസ്തികർക്ക് സന്തോഷിക്കാൻ വകയൊന്നുമില്ല.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • مشاء الله

    Abdul jaleel 24.03.2020

Leave a Reply to Abdul jaleel Cancel Comment

Your email address will not be published.