കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -7

//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -7
//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -7
ആനുകാലികം

കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -7

വാക്‌സിനേഷൻ; പ്രതിരോധം; മരുന്നന്വേഷണം

കോവിഡ് 19 ചികിൽസിച്ച് മാറ്റുന്നതിനുള്ള മരുന്നുകളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ചികിത്സാലോകം. മരുന്നുകൾ നിർമ്മിക്കുവാനുള്ള പരിശ്രമത്തോടൊപ്പം തന്നെ വാക്‌സിനുകൾ വികസിപ്പിക്കാനാകുമോയെന്ന പഠനവും നടക്കുന്നുണ്ട്. വൈറൽ അസുഖമായതുകൊണ്ട് തന്നെ മരുന്നല്ല, വാക്‌സിനാണ് പരിഹാരമെന്ന് വിശ്വസിക്കുന്നവരാണ് ചികിത്സാശാസ്ത്രരംഗത്തുള്ള ഭൂരിപക്ഷവും. ഇത് വരെ പരീക്ഷിച്ച മരുന്നുകളൊന്നും വേണ്ടത്ര ഫലപ്രദമല്ലെന്ന് മനസ്സിലായിട്ടുണ്ട്. വാക്‌സിനേഷൻ എന്നാൽ അനുവർത്തിത പ്രതിരോധവ്യവസ്ഥയെ പരിചയപ്പെടുത്താവുന്ന രീതിയിൽ SARS-CoV-2 വൈറസിനെ അംഗഭംഗം വരുത്തി ശരീരത്തിൽ കുത്തിവെക്കുകയാണ്. വൈറസിനെ അംഗഭംഗം വരുത്താനുള്ള ശ്രമങ്ങളൊന്നും ഇതേവരെ വിജയിച്ചിട്ടില്ല. അത് വിജയിച്ചാൽ പിന്നെ ബാക്കി നമ്മുടെ അനുവർത്തിത പ്രതിരോധവ്യവസ്ഥ നോക്കിക്കോളും. ശരീരത്തിന്റെ പ്രതിരോധവിജ്ഞാനീയ സ്‌മൃതി(Immunological memory)ക്ക് കോവിഡിനെ പരിചയമില്ലെന്നത് മാത്രമാണ് ഇപ്പോഴത്തെ പ്രശ്നം. പരിചയപ്പെട്ടു കഴിഞ്ഞാൽ ഇനി വരുമ്പോൾ എങ്ങനെ അതിനെ നശിപ്പിക്കാം എന്ന് ശരീരത്തിന് അറിയും. എങ്ങനെ പരിചയപെടുത്തനാകും എന്നതിനുള്ള സൂചകങ്ങളും പ്രകൃതിയിൽ തന്നെയുണ്ട്. അത്തരം സൂചകങ്ങളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. പ്രസ്തുത തിരച്ചിലിനിടയിലായിരിക്കും അപ്രതീക്ഷിതമായി ആരുടെയെങ്കിലും കണ്ണിലോ മനസ്സിലോ അവ തെളിയുക. കോവിഡിനെപ്പോലെയുള്ള വൈറസ് രോഗങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ ദൈവമെന്തു ചെയ്തുവെന്ന ചോദ്യത്തിനുള്ള ഏഴാമത്തെ ഉത്തരം പുതിയ ഏത് ശത്രുതുവാണെങ്കിലും ഒരു തവണ അനുഭവിച്ചുകഴിഞ്ഞാൽ അതിനെ ഓർമ്മിക്കുവാനും പിന്നെ വരുമ്പോൾ അതിനെ തകർക്കാനുമാവാശ്യമായ സംവിധാനങ്ങൾ നമ്മുടെ ശരീരത്തിൽ ഏർപ്പെടുത്തുകയും അങ്ങനെ ഓർമ്മിപ്പിക്കുവാനാവാശ്യമായ സംവിധാനത്തെക്കുറിച്ച സൂചനകൾ നമുക്ക് ചുറ്റും തന്നെ ഏർപ്പെടുത്തുകയും അത് കണ്ടുപിടിക്കുവാനായി ശ്രമിക്കുന്നവർക്ക് ബോധോദയങ്ങളിലൂടെ ഉത്തരങ്ങളിലെത്താനുള്ള കഴിവ് നൽകുകയും ചെയ്തുവെന്നതാണ്.

രോഗപ്രതിരോധത്തിന് നാം കൃത്രിമമായി നിർമിച്ചുവെന്ന് അവകാശപ്പെടാൻ കഴിയുന്നത് സൂക്ഷ്മജീവികളെ പ്രതിരോധിക്കുവാൻ ശരീരത്തെ പരിശീലിപ്പിക്കുന്നതിന് വേണ്ടിയുള്ള വാക്സിൻ മാത്രമാണ്. പടച്ചവൻ സൃഷ്ടിച്ച പ്രതിരോരോധസംവിധാനത്തിന് രോഗകാരിയെ പരിചയപ്പെടുത്തുകയെന്ന കർമ്മം മാത്രമാണ് വാക്സിൻ ചെയ്യുന്നത്. നമ്മുടെ അനുവർത്തിത പ്രതിരോധവ്യവസ്ഥയെ ശാക്തീകരിക്കുകയെന്ന കർമ്മം. അനുവർത്തിത പ്രതിരോധവ്യവസ്ഥയിലെ പ്രതിരോധവിജ്ഞാനീയ സ്‌മൃതി(Immunological memory)യെ സമർത്ഥമായി ഉപയോഗിച്ച് രോഗപ്രതിരോധത്തിന് ശരീരത്തെ സജ്‌ജമാക്കുകയല്ലാതെ മറ്റൊന്നും വാക്‌സിനുകൾ ചെയ്യുന്നില്ല. പടച്ചവൻ സൃഷ്ടിച്ച പ്രതിരോധവ്യവസ്ഥക്ക് അതിന് പരിചയമില്ലാത്ത ഒരു രോഗകാരിയെ പരിചയപ്പെടുത്തുകയെന്ന കർമ്മം മാത്രമാണ് നാം ഇവിടെ കൃത്രിമമായി ചെയ്യുന്നത്. രോഗത്തെ പ്രതിരോധിക്കുന്നത് പടച്ചവൻ സംവിധാനിച്ച അനുവർത്തിത പ്രതിരോധവ്യവസ്ഥ തന്നെയാണ്. ഈ പരിചയപ്പെടുത്തൽ പോലും നാം പഠിച്ചത് പ്രകൃതിയിലെ സമാനമായ പരിചയപ്പെടുത്തലുകളെ നിരീക്ഷിച്ചതിൽ നിന്നാണ്.

ഇംഗ്ലീഷ് വൈദ്യശാസ്ത്രജ്ഞനായ എഡ്വേർഡ് ജെന്നർ 1798ൽ ആദ്യമായി വസൂരി വാക്‌സിൻ കണ്ടുപിടിച്ചതോട് കൂടി ആരംഭിക്കുന്നു വാക്‌സിനേഷന്റെ ചരിത്രം. അകിടുകളിലുണ്ടാവുന്ന പശുക്കുരു(cowpox) രോഗം ബാധിച്ച പശുക്കളുടെ കറവക്കാരിൽ വസൂരിയുണ്ടാവുന്നില്ല എന്ന വസ്തുത നിരീക്ഷിച്ചതിൽ നിന്നാണ് അദ്ദേഹത്തിന് ആദ്യത്തെ വാക്‌സിനിനെക്കുറിച്ച ചിന്തയുണ്ടായത്. 1796 മെയ് മാസം പതിനാലിന് പശുക്കുരുവുള്ള അകിടിൽ നിന്ന് സ്രവമെടുത്ത് ജെയിംസ് ഫിലിപ്പ് എന്ന എട്ടുവയസ്സുകാരന്റെ തൊലിപ്പുറത്ത് അദ്ദേഹം കുത്തിവെച്ചു. ഒരു ചെറിയ കുരുവല്ലാതെ മറ്റൊന്നും ബാലന്റെ ശരീരത്തിലുണ്ടായില്ല. ജൂലൈ ഒന്നാം തിയതി അദ്ദേഹം ബാലന്റെ ശരീരത്തിൽ അല്പം വസൂരിസ്രവം കുത്തിവെച്ചു. കുട്ടിക്ക് വസൂരിയുടെ ലക്ഷണങ്ങളൊന്നുമുണ്ടായില്ല. ഇതിൽ നിന്ന് പശുക്കുരുവിന്റെ സ്രവം കുത്തിവെച്ചാൽ അതുവഴി വസൂരിക്കുള്ള പ്രതിരോധം ശരീരം സ്വയം സൃഷ്ടിക്കുമെന്ന് ജെന്നർ മനസ്സിലാക്കി. അങ്ങനെയാണ് ആദ്യത്തെ വാക്‌സിൻ പിറന്നത്. ലാറ്റിനിൽ vacca എന്നാൽ പശുവെന്നും vaccinus എന്നാൽ പശുവിൽ നിന്നുള്ളത് എന്നുമാണർത്ഥം. പശുവിൽ നിന്നുള്ള സ്രവമുപയോഗിച്ച് ചെയ്യുന്ന രോഗപ്രതിരോധരീതിയെന്നു മാത്രമാണ് വാക്സിനേഷൻ എന്നാൽ അർത്ഥം.

വസൂരിയെ പ്രതിരോധിക്കുവാൻ പടച്ചവൻ തന്നെ പ്രകൃതിയിൽ സൃഷ്ടിച്ചുവെച്ച ഒരു സംവിധാനം നിരീക്ഷിച്ചുമനസ്സിലാക്കുക മാത്രമാണ് ജെന്നർ ചെയ്തത്. വൈറസുകളെക്കുറിച്ച് പഠിച്ച് അവയെ എങ്ങനെ പ്രതിരോധിക്കുമെന്ന് അവയുടെ ജനിതകഘടനയുടെ അടിസ്ഥാനത്തിൽ അപഗ്രഥിച്ചതിൽ നിന്നല്ല ജെന്നർക്ക് വാക്സിനുകളെക്കുറിച്ച ചിന്തയുണ്ടായത്. വൈറസുകളെക്കുറിച്ചോ വസൂരിയുണ്ടാക്കുന്നത് വൈറസുകളാണെന്ന വിവരമോ അദ്ദേഹത്തിനോ സമകാലികർക്കോ ഉണ്ടായിരുന്നില്ല. അദ്ദേഹം മരണപ്പെട്ട് ഒരു നൂറ്റാണ്ടിന് ശേഷമാണല്ലോ നാം വൈറസുകളെക്കുറിച്ച് മനസ്സിലാക്കാൻ തുടങ്ങിയത്. വൈറസുകളെക്കുറിച്ചോ അത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിലുണ്ടാക്കുന്ന പരിവർത്തങ്ങളെക്കുറിച്ചോ യാതൊരു വിവരവുമില്ലാതെയാണ് വാക്‌സിനേഷൻ ആരംഭിച്ചത് എന്നർത്ഥം. വൈറസിനെക്കുറിച്ചറിയാത്ത കാലത്ത് വികസിപ്പിച്ചെടുത്ത വൈറസ് വാക്‌സിൻ വഴിയാണ് 1979 ആയപ്പോഴേക്ക് വൈറസ് കൊണ്ടുണ്ടാവുന്ന വസൂരി രോഗം ലോകത്തുനിന്ന് നാമാവശേഷമായിരിക്കുന്നു എന്ന് പ്രഖ്യാപിക്കുവാൻ കഴിഞ്ഞത്. ജെന്നറുടേതുപോലെയുള്ള പ്രകൃതി നിരീക്ഷണങ്ങളാണ് പല രോഗപരിഹാരങ്ങളിലേക്കും നമ്മെ നയിച്ചത്.

വാക്സിനേഷൻ ചെയ്യുന്നത് നമ്മുടെ അനുവർത്തിത പ്രതിരോധവ്യവസ്ഥയെ ഒരുക്കി നിർത്തുക മാത്രമാണ്. രോഗകാരിയായ വൈറസിന്റെയോ ബാക്ടീരിയയുടെയോ വൈകല്യം വരുത്തിയ ചെറിയ ഒരു അളവ് ശരീരത്തിൽ കുത്തിവെക്കുന്ന പ്രക്രിയയാണ് വാക്‌സിനേഷൻ. അതിന്റെ ആന്റിജൻ വഴി ശരീരത്തത്തിലുണ്ടാവുന്ന ആന്റിബോഡികൾ പ്രതിരോധവിജ്ഞാനീയ സ്‌മൃതിയിൽ സൂക്ഷിക്കപ്പെടും. പിന്നെ എപ്പോൾ ആ സൂക്ഷ്മാണു പൂർണമായ രൂപത്തിൽ ശരീരത്തിൽ പ്രവേശിച്ചാലും രോഗലക്ഷണങ്ങളുണ്ടാക്കുന്നതിനു മുമ്പ് തന്നെ പ്രതിരോധവ്യവസ്ഥക്ക് അതിനെ തുരത്താൻ ഈ സ്‌മൃതിയുപയോഗിച്ച് കഴിയും. ഒരിക്കൽ ആക്രമിച്ച ശത്രുവെക്കുറിച്ച വിവരങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കുവാൻ സ്‌മൃതി ബി കോശങ്ങൾക്കും സ്‌മൃതി ടി കോശങ്ങൾക്കും കഴിയുന്നതുകൊണ്ടാണ് വാക്‌സിനേഷൻ ചെയ്‌താൽ പിന്നീട് ദീർഘ കാലത്തേക്ക് ആ രോഗം വരാത്തത്. ഒരിക്കൽ ഉണ്ടായ പല സ്‌മൃതികോശങ്ങളും ജീവിതാവസാനം വരെ നിലനിൽക്കും. അതുകൊണ്ട് തന്നെ ചില വാക്‌സിനേഷനുകൾ ഒരിക്കൽ ചെയ്‌താൽ പിന്നീട് ഒരിക്കലും ആ രോഗമുണ്ടാവുകയില്ല. വസൂരിയെപ്പോലെയുള്ള രോഗങ്ങൾക്കുള്ള വാക്‌സിനേഷൻ ഉദാഹരണം. ചില സ്‌മൃതികോശങ്ങൾക്ക് ചെറിയ ആയുസ്സേയുള്ളൂവന്നതിനാൽ അത്തരം രോഗങ്ങൾക്കുള്ള വാക്‌സിനേഷൻ ഒരിക്കൽ ചെയ്താലും പിന്നെയും ചെയ്യേണ്ടി വരും. കോളറയെപ്പോലെയുള്ള രോഗങ്ങൾക്കുള്ള വാക്‌സിനേഷൻ വീണ്ടും ചെയ്യേണ്ടി വരുന്നത് അതുകൊണ്ടാണ്.

മാരകമായ രോഗകാരികളിൽ നിന്ന് രക്ഷിക്കാനായി സർവ്വലോക രക്ഷിതാവ് നമ്മുടെ ശരീരത്തിൽ ചെയ്തുവെച്ച സംവിധാനങ്ങളെ ഒരു പുതിയ ശത്രുവിനെ പരിചയപ്പെടുത്തുക മാത്രമാണ് വാക്‌സിനേഷൻ ചെയ്യുന്നത്. ഒരു പുതിയ രോഗകാരിയെ പ്രതിരോധവ്യവസ്ഥക്ക് പരിചയപ്പെടുത്തുക എന്ന കർമ്മം മാത്രം. ബാക്കിയെല്ലാം ചെയ്യുന്നത് പടച്ചവൻ സൃഷ്ടിച്ച പ്രതിരോധവ്യവസ്ഥതന്നെയാണ്. ഈ സത്യം മനസ്സിലാക്കാതെയാണ് വാക്സിനേഷൻ വന്നതോടെ ശാസ്ത്രം ദൈവത്തെ തോൽപിപ്പിച്ചുവെന്ന വിവരക്കേട് ചിലർ പറയുന്നത്. എത്ര മാരകമായ അതിക്രമകാരിയാണെങ്കിലും അതിന്റെ തടയാനുള്ള സംവിധാനങ്ങൾ നമ്മുടെ ശരീരത്തിൽ തന്നെ ചെയ്തുവെച്ച അജയ്യനായ സ്രഷ്ടാവിന്റെ കരവിരുതുകളാണിവയെല്ലാം. അപകടകരമാകാൻ സാധ്യതയുള്ള പുതിയ ഒരു രോഗകാരിയെ ആ സംവിധാനങ്ങൾക്ക് പരിചയപ്പെടുത്താനുള്ള മാർഗങ്ങൾ കണ്ടെത്തുക മാത്രമാണ് നാം ചെയ്യുന്നത്. അവന്നു തന്നെയാണ് സർവ്വ സ്തുതികളും.

രോഗം വന്നതിനുശേഷമുള്ള ചികിത്സയിൽ ആധുനികവൈദ്യത്തിന്റെ പക്കൽ പ്രധാനമായുള്ളത് രോഗകാരികളെ നശിപ്പിക്കുന്ന രീതിയാണ്. സൂക്ഷ്മജീവികളെ നശിപ്പിക്കുന്നതിനാണെന്ന് മനസ്സിലാക്കിയിരുന്നില്ലെങ്കിലും മുറിവുകളിൽ വെച്ചുകെട്ടുന്നതിന് വ്യത്യസ്ത നാഗരികതകളിൽ നിലനിന്നിരുന്ന പരമ്പരാഗത വൈദ്യം നിർദേശിച്ച ലേപനങ്ങളിൽ പലതിന്റെയും ധർമ്മമതാണ്. 1915 ൽ അന്തരിച്ച പോൾ എഹ് ലിച്ച് (Paul Ehrlich) എന്ന ജർമ്മൻ ശാസ്ത്രജ്ഞനാണ് വ്യത്യസ്ത ബാക്റ്റീരിയ വർഗങ്ങളെ തിരിച്ചറിയാനാകുമെന്ന് നിരീക്ഷിക്കുകയും അങ്ങനെ മാരകമായവയെ മാത്രം നശിപ്പിക്കാനാവശ്യമായ ഔഷധങ്ങൾ നിർമിക്കാനാകുമെന്ന് പ്രത്യാശിക്കുകയും ചെയ്തത്. 1909 ൽ സിഫിലിസ് ചികിൽസിക്കാൻ വേണ്ടി അദ്ദേഹം നിർമ്മിച്ച ആർസ്‌ഫെനാമിൻ (arsphenamine) ആണ് ആധുനികലോകത്തെ ആദ്യത്തെ ആന്റിബയോട്ടിക്. പക്ഷെ, ഇത്തരം മരുന്നുകൾക്ക് ആ പേര് വിളിക്കാൻ തുടങ്ങിയത് മുപ്പത് വർഷങ്ങൾക്ക് ശേഷമാണ്. ഇരുപത് ആന്റിബയോട്ടിക്കുകൾ നിർമ്മിച്ച ഉക്രേനിയൻ സൂക്ഷ്മജീവിശാസ്തജ്ഞനായ സെൽമൻ വാക്സ്മാൻ (Selman Waksman) ആണ് ആ പേരിന്റെ ഉപജ്ഞാതാവ്.

1928 ൽ സ്കോട്ടിഷ് ബാക്റ്റീരിയാശാസ്ത്രജ്ഞനായ അലക്‌സാണ്ടർ ഫ്ലെമിംഗ് അവിചാരിതമായി കണ്ടെത്തിയ പെൻസിലിൻ ആണ് ആന്റിബയോട്ടിക്കുകളെ പ്രസിദ്ധമാക്കിയത്. ശരീരത്തിൽ പഴുത്ത കുരുകളുണ്ടാക്കുകയും മുറിവുകളിൽ അണുബാധ സൃഷ്ടിക്കുകയും പ്രതിരോധവ്യസ്ഥയെ ക്ഷീണിപ്പിക്കുകയും ചെയ്യുന്ന സ്റ്റഫൈലോകോക്കസ് (staphylococcus) ബാക്‌ടീരിയയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. താൻ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ബാക്ടീരികളടങ്ങിയ തളിക ലണ്ടനിലെ പരീക്ഷണശാലയിലെ ഇന്കുബേറ്ററിൽ വെക്കാൻ മറന്നുകൊണ്ട് തുറന്നു വെച്ചാണ് അദ്ദേഹം രണ്ടാഴ്ചത്തെ ഒഴിവുകാലം ആസ്വദിക്കാനായി ജന്മനാടായ സ്കോട്ട്ലാന്റിലേക്ക് പോയത്. തിരിച്ചു വന്ന ശേഷം നോക്കിയപ്പോൾ സ്റ്റഫൈലോകോക്കസ് തളികയിലെ ഒരു ഭാഗത്ത് ഒരു തരം പച്ച പൂപ്പലുകൾ വളർന്നതായി അദ്ദേഹം കണ്ടു. ഈ പൂപ്പലുകളുള്ള സ്ഥലത്ത് നിന്ന് ബാക്ടീരിയകൾ ദൂരെ നിൽക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. പരിശോധിച്ചപ്പോൾ പൂപ്പലുകൾ ബാക്ടീരിയകളെ നശിപ്പിച്ചതാണ് എന്ന് അദ്ദേഹത്തിന് മനസ്സിലായി. പെന്നിസിലിയം നൊട്ടാട്ടം (pennicilium notatum) എന്ന ഫംഗസാണ് ബാക്ടീരിയകളെ നശിപ്പിച്ചത് എന്ന് പഠനങ്ങൾ വ്യക്തമാക്കി. ‘പൂപ്പൽ സത്ത്'(mould juice) എന്നു വിളിച്ച അതിൽ നടത്തിയ നിരന്തരമായ പരീക്ഷണങ്ങളുടെ ഫലമായി പ്രസിദ്ധമായ പെൻസിലിൻ എന്ന ബാക്ടീയസംഹാരി പിറന്നത് 1929 മാർച്ച് ഏഴാം തിയതിയാണ്. തികച്ചും അവിചാരിതമായി കണ്ടുപിടിക്കപ്പെട്ട പെൻസിലിനാണ് ചികിത്സാലോകത്തിന്റെ ചരിത്രം മാറ്റിയെഴുതിയത്.

പ്രസിദ്ധമായ കണ്ടുപിടുത്തങ്ങളിൽ പലതും ഇങ്ങനെയുള്ള അവിചാരിത സംഭവങ്ങളാണ്. ഇത് തന്നെ നോക്കുക. അലക്‌സാണ്ടർ ഫ്ലെമിംഗ് ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ ഭാഗമായ റോയൽ ആർമി മെഡിക്കൽ കോർപ്സിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ ഫ്രാൻസിലെ ആശുപത്രികളിൽ യുദ്ധത്തിൽ മുറിവ് പറ്റിയ പട്ടാളക്കാരെ ചികില്സിക്കുന്നതിനായി നിയോഗിക്കപ്പെട്ടയാളായിരുന്നു. മുറിവുകളിലുള്ള ബാക്ടീരിയാഅണുബാധ വഴി സൈനികരിൽ പലരും മരിക്കുന്നത് അദ്ദേഹത്തിന് കണ്ടുനിൽക്കേണ്ടി വന്നു. അന്ന് മുറിവുകളിൽ വെച്ച് കെട്ടാൻ ഉപയോഗിച്ചിരുന്ന ആന്റിസെപ്റ്റിക്കുകൾ തീരെ ഉപയോഗപ്രദമല്ലെന്നും ചിലപ്പോഴെല്ലാം അതാണ് സൈനികരുടെ മരണത്തിന് കാരണമാകുന്നതെന്നും സ്ഥാപിച്ചുകൊണ്ട് ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ അദ്ദേഹത്തിന്റെ പഠനം പ്രസിദ്ധീകരിച്ചുവെങ്കിലും അതൊന്നും ആരും കാര്യമായി ചെവിക്കൊണ്ടില്ല. ബാക്ടീരിയ ആക്രമണം വഴിയുള്ള നിരവധി മരണങ്ങൾക്ക് സാക്ഷിയായ അദ്ദേഹത്തിന്റെ മനസ്സിൽ ബാക്ടീരിയകളെ നശിപ്പിക്കുവാൻ കഴിയുന്ന ഔഷധങ്ങൾ നിർമ്മിക്കണമെന്ന മോഹമുണ്ടായി. യുദ്ധം അവസാനിച്ചതിന് ശേഷം അദ്ദേഹം ലണ്ടനിൽ പാഡിങ്ടണിലുള്ള സെന്റ് മേരീസ് ഹോസ്പിറ്റലിലെ തന്റെ പരീക്ഷണശാലയിൽ വെച്ച് അതിനുവേണ്ടിയുള്ള ഗവേഷങ്ങണളിൽ മുഴുകി. മൂക്കട്ടയിലെ ലൈസോസോമിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ഈ പരീക്ഷണത്തിനിടയിലാണ് അദ്ദേഹം കണ്ടെത്തിയത്. എങ്കിലും സ്റ്റഫൈലോകോക്കസ് ബാക്ടീരിയയെ നശിപ്പിക്കാൻ അതിനൊന്നും കഴിയുമായിരുന്നില്ല. നിരന്തരമായി പത്ത് വർഷത്തോളം ഗവേഷങ്ങൾ നടത്തിയെങ്കിലും കാര്യമായ ഫലങ്ങളൊന്നുമുണ്ടായില്ല.

അതിന്നിടക്കാണ് ഒഴിവുകാലം കുടുംബത്തോടൊപ്പം ചെലവഴിക്കാനായി ഫ്ലെമിംഗ് ലാബറട്ടറി വിടുന്നത്. പരീക്ഷണശാലയിൽ നിന്ന് പോകുമ്പോൾ സാധാരണ നിലയിൽ ബാക്റ്റീരിയ തളിക ഇന്കുബേറ്ററിൽ വെക്കേണ്ടതാണ്. അത് അദ്ദേഹം മറന്നു. അതുകൊണ്ടാണ് മലിനമായ തന്റെ ലാബറട്ടറി അന്തരീക്ഷത്തിൽ എവിടെനിന്നോ ഒരു പെന്നിസിലിയം നൊട്ടാട്ടം ഫംഗസ് വിത്ത് ആ തളികയിൽ വന്നു വീഴുന്നത്. അത് ആ തളികയിൽ വളർന്നു. ദിവസങ്ങളോളം അദ്ദേഹം ലാബിൽ ഇല്ലാതിരുന്നതിനാൽ ബാക്റ്റീരിയ തളിക ആരും വൃത്തിയാക്കാതിരുന്നത് ഫംഗസിന് സുഖമായി ജീവിക്കുവാനുള്ള കളമൊരുക്കി. ലാബിന്റെ വാതിൽ തുറക്കുകയും അടക്കുകയും ചെയ്യാതിരുന്നതിനാൽ അതിനുള്ളിൽ ഫംഗസിന് സമൃദ്ധമായി വളരുവാനുള്ള അന്തരീക്ഷമുണ്ടായി. അത് വളർന്നത് ബാക്ടീരിയകളെ വളമായി നശിപ്പിച്ചുകൊണ്ടായിരുന്നു. തന്റെ ബാക്റ്റീരിയ തളികയിലെ ഫംഗസ് മാലിന്യങ്ങൾ അത് കണ്ടയുടനെ ഫ്ലെമിങ്ങിനെ നിരാശനാക്കിയിരിക്കണം. പക്ഷെ ആ ഫംഗസ് മാലിന്യങ്ങൾ ബാക്ടീരിയകളെ നശിപ്പിക്കുന്നുവെന്ന നിരീക്ഷണം നിരാശയെ പ്രതീക്ഷയാക്കിത്തീർത്തു. ഏതാനും മാസങ്ങൾ നീണ്ട പഠനപരീക്ഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ താൻ ആഗ്രഹിച്ച ബാക്ടീരിയനാശിനി അദ്ദേഹത്തിന്റെ ലാബിൽ രൂപം കൊണ്ടു. അദ്ദേഹത്തോടൊപ്പം ഹവാർഡ് ഫ്ലോറി (Howard Florey) ഏണസ്റ്റ് ബോറിസ് ചെയിൻ (Ernst Boris Chain) നോർമൻ ഹീറ്റ്‌ലി (Norman Heatley) എന്നീ ശാസ്ത്രജ്ഞന്മാർ കൂടി ചേർന്ന് വ്യാപകമായി ഉപയോഗിക്കാൻ കഴിയുന്ന പെൻസിലിൻ മരുന്ന് വികസിപ്പിച്ചെടുത്തു. പെൻസിലിൻ കണ്ടുപിടുത്തത്തിന് ഹവാർഡ് ഫ്ലോറി, ഏണസ്റ്റ് ബോറിസ് ചെയിൻ എന്നിവർക്കൊപ്പം 1945 ലെ മെഡിസിനുള്ള നൊബേൽ സമ്മാനം ഫ്ലെമിങ്ങ് പങ്കിട്ടെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിൽ പരിക്കുപറ്റിയ സൈനികരെ ചികില്സിക്കാനായി പെൻസിലിൻ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ബാക്റ്റീരിയ അസുഖങ്ങൾ ബാധിച്ച 18 ശതമാനം പേർ ആയിരുന്നു ഒന്നാം ലോകമഹായുദ്ധത്തിത്തിൽ മരണപ്പെട്ടതെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിൽ അത് ഒരു ശതമാനത്തിന് താഴെയാക്കാൻ പെൻസിലിൻ വഴി സാധിച്ചു. തന്റെ പരീക്ഷണങ്ങളുടെ ഫലം അനുഭവിച്ച് സംതൃപ്തിയടഞ്ഞ ശേഷമാണ് 1955ൽ ഫ്ലെമിങ്ങ് മരണപ്പെട്ടത്.

ആലോചിച്ച് നോക്കുക; ഫ്ലെമിംഗ് ഒഴിവുകാലം ആസ്വദിക്കാനായി കുടുംബത്തിനടുത്ത് പോയിരുന്നില്ലെങ്കിൽ; പോകുമ്പോൾ സാധാരണ ചെയ്യുന്നതുപോലെ ബാക്റ്റീരിയ തളിക ഇൻക്യൂബേറ്ററിൽ വെക്കാൻ മറന്നിട്ടില്ലായിരുന്നുവെങ്കിൽ; തന്റെ അഭാവത്തിൽ ലാബ് വൃത്തിയാക്കാൻ ആരെയെങ്കിലും ഏൽപ്പിച്ചിരുന്നുവെങ്കിൽ; ഫംഗസുകളോ മറ്റ് മാലിന്യങ്ങളോ കടന്ന് വരാതിരിക്കത്തക്ക വിധം ലാബ് വൃത്തിയോടെ സൂക്ഷിച്ചിരുന്നെങ്കിൽ; ഒഴിവുകാലം കഴിഞ്ഞ് വന്നയുടനെ ശ്രദ്ധിക്കാതെ ബാക്റ്റീരിയ തളിക വൃത്തിയാക്കിയിരുന്നുവെങ്കിൽ; ചരിത്രത്തിലെ ഏറ്റവും വലിയ ഒരു മരുന്ന് കണ്ടുപിടുത്തം നടക്കില്ലായിരുന്നു. ഈ യാദൃച്‌ഛികതകളാണ് 1999ലെ ടൈം മാഗസിൻ അപഗ്രഥനപ്രകാരമുള്ള ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നൂറുപേരിൽ ഒരാളാകാൻ ഫ്ലെമിങ്ങിനെ പ്രാപ്തമാക്കിയത്. ഇവയെ കേവല യാദൃഛികതകളായി മനസ്സിലാക്കുന്നവർക്ക് അങ്ങനെ മനസ്സിലാക്കാം. ചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലായി മനസ്സിലാക്കുന്നവർക്ക് അങ്ങനെയും മനസ്സിലാക്കാം. ഏതായിരുന്നാലും ഇത്തരം യാദൃച്ഛികതകളാണ് ചരിത്രത്തെ മാറ്റിമറിച്ച പല കണ്ടുപിടുത്തങ്ങൾക്കും പിന്നിലെന്ന സത്യം ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല.

ഒന്നുകിൽ യാദൃച്‌ഛികത, അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന ബോധോദയം (intuition); ഇവ രണ്ടുമാണ് കാര്യമായ കണ്ടുപിടുത്തങ്ങൾക്കെല്ലാം നിമിത്തമായിട്ടുള്ളത്. പ്രശ്നത്തിന്റെ പരിഹാരമന്വേഷിക്കുന്ന ഗവേഷകന്റെ മനസ്സിൽ പെട്ടെന്ന് തോന്നുന്ന ആശയങ്ങളാണ് ബോധോദയം കൊണ്ട് വിവക്ഷിക്കുന്നത്. ആർക്കിമിഡീസിന്റെ ‘യുറേക്ക’ മുതൽ ഐൻസ്റ്റെയ്‌നിന്റെ ആപേക്ഷികതാ സിദ്ധാന്തം വരെയുള്ളവയുടെ അടിത്തറ ബോധോദയാനുഭങ്ങളാണ്. ജർമൻ രസതന്ത്രജ്ഞനായ ഫ്രഡറിക്ക് കെക്കുലിന്റെ (Frederick Kekule) സ്വപ്നത്തിലുണ്ടായ ബോധോദയം ജൈവരസതന്ത്രവിദ്യാർത്ഥികൾക്കിടയിൽ പ്രസിദ്ധമാണ്. ബെൻസിനിന്റെ(benzine) രാസഘടനയെക്കുറിച്ച ഗവേഷണങ്ങൾക്കിടയിലുണ്ടായ ഒരു സ്വപ്നദർശനമാണ് പ്രശ്നപരിഹാരത്തിലെത്താൻ അദ്ദേഹത്തെ സഹായിച്ചത്. പാമ്പുകളുടെ ആകൃതിയിൽ തന്റെ മുന്നിൽ നൃത്തം ചെയ്തുകൊണ്ടിരിക്കുന്ന ആറ്റങ്ങൾ; അതിനിടയിൽ ഒരു പാമ്പ് അതിന്റെ വാല് വായിലാക്കി കടിച്ചു പിടിക്കുന്നു. അത് അദ്ദേഹത്തിന്റെ തലയിൽ ഒരു മിന്നലൊളിയുണ്ടാക്കി. ഉണർന്നതിന് ശേഷം വാല് കടിച്ചു പിടിക്കുന്ന രീതിയിലുള്ള ഒരു ഘടനയുണ്ടാക്കി അതിന് ബെൻസീനിനെ കൃത്യമായി പ്രതിനിധീകരിക്കാനാവുമോയെന്ന് പരിശോധിച്ചു. അത്ഭുതം! ബെൻസീനിന്റെ ഗുണങ്ങളെയെല്ലാം വിശദീകരിക്കാനാവുന്നതാണ് ഷഡ്‌ഭുജാകൃതിയിലുള്ള ബെൻസീൻ ഘടന !!

ശാസ്ത്രജ്ഞന്റെ മനസ്സിലുണ്ടാവുന്ന ബോധോദയങ്ങൾ വഴിയാണ് കണ്ടുപിടുത്തങ്ങൾ അധികവുമുണ്ടാവുന്നത്. ഐൻസ്റ്റീനിന്റെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്: “കണ്ടുപിടുത്തങ്ങളുടെ പാതയിൽ ബുദ്ധിക്ക് വളരെ കുറച്ച് മാതമേ ചെയ്യാനുള്ളൂ. ബോധത്തിന്റെ വലിയൊരു ചാട്ടമാണ് അവിടെ നടക്കുന്നത്. നിങ്ങൾക്ക് അതിനെ ബോധോദയമെന്നോ മറ്റെന്തെങ്കിലുമോ വിളിക്കാം. എങ്ങനെയെന്നോ എന്തുകൊണ്ടെന്നോ അറിയാതെ അതിലൂടെ പരിഹാരം നിങ്ങൾക്കടുത്തെത്തുന്നു.”

ശാസ്ത്രജ്ഞനുപോലും എങ്ങനെയെന്ന് മനസ്സിലാകാതെ പരിഹാരം അയാളുടെ മനസ്സിൽ ഇട്ടുകൊടുക്കുന്നത് ആരായിരിക്കും? ആര് തന്നെയായിരുന്നാലും അത് ശാസ്ത്രത്തിന്റെ വിഷയമല്ല. ശാസ്ത്രത്തിന്റെ രീതിയായ വസ്തുനിഷ്ഠമായ അപഗ്രഥനത്തിന്റെ പരിധിയിൽ വരുന്നതല്ല ഈ ബോധോദയം. പ്രശനപരിഹാരത്തിന് ശ്രമിക്കുന്ന ശാസ്ത്രജ്ഞന്റെ മനസ്സിൽ ബോധോദയം സൃഷ്ടിക്കുന്ന അയാൾക്ക് പോലും അറിയാത്ത സംവിധാനങ്ങൾ പടച്ചവൻ തന്നെ അയാളുടെ ശരീരത്തിൽ ചെയ്തുവെച്ചിരിക്കുന്നുവെന്ന് വിശ്വാസികൾ പറയും; അതുകൊണ്ട് തന്നെ സ്രഷ്ടാവാണ് ഈ ബോധോദയം നൽകുന്നത് എന്നവർ ആണയിടും. അങ്ങനെയല്ലെന്ന് നിഷേധിക്കാൻ ആർക്കും കഴിയും; പക്ഷെ പിന്നെ എങ്ങനെയെന്ന് യുക്തിയിലധിഷ്ഠിതമായി വിശദീകരിക്കാൻ ഇതുവരെ ഭൗതികവാദികൾക്കൊന്നും കഴിഞ്ഞിട്ടില്ല. മനുഷ്യർക്ക് ഉപകാരപ്പെടുന്ന ഓരോ കണ്ടുപിടുത്തങ്ങളുടെയും മരുന്നുകളുടെയും പിന്നിൽ ഇത്തരം ബോധോദയങ്ങളാണെന്ന് മനസ്സിലാവുമ്പോൾ അത്തരം ബോധോദയങ്ങൾക്കുള്ള സംവിധാനങ്ങളുണ്ടാക്കിയ പടച്ചവന്റെ മുന്നിൽ ആരാണ് സാഷ്ടാംഗം നമസ്കരിക്കാതിരിക്കുക! ഖുർആൻ പറഞ്ഞത് അനുസരിക്കാതിരിക്കുവാൻ ആർക്കാണ് കഴിയുക?!! : “നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക; അത്യുന്നതൻ; സൃഷ്ടിച്ച് സംവിധാനിച്ചവൻ; വ്യവസ്ഥ നിര്‍ണയിച്ച് മാര്‍ഗദര്‍ശനം നല്‍കിയവൻ” (87: 1-3)

ആന്റിബയോട്ടിക്കുകൾ മാരകമായ ബാക്ടീരിയകളെ നശിപ്പിക്കാൻ പ്രാപ്തമാണെങ്കിലും ആധുനികവൈദ്യത്തിന് തലവേദനയായി മാറുന്ന നിരവധി പ്രശ്നങ്ങളും അതുണ്ടാക്കുന്നുണ്ട്. അതുമൂലമുള്ള ദഹനപ്രശ്‌നങ്ങൾ, ഉപകാരപ്രദമായ ബാക്ടീരിയകൾ കൂടി നശിപ്പിക്കപ്പെടുന്നതുകൊണ്ടുള്ള ഫംഗസ് രോഗങ്ങൾ, മറ്റു മരുന്നുകളോടുള്ള അതിന്റെ ഗുണകരമല്ലാത്ത പ്രതികരണങ്ങൾ, ത്വക്കിന്റെ പ്രകാശപ്രതിരോധത്തിനുള്ള കഴിവ് നഷ്ടപ്പെടൽ, അസ്ഥികൾക്കും പല്ലുകൾക്കുമുണ്ടാകാറുള്ള മങ്ങൽ, അതിനെ ശരീരം സ്വീകരിക്കാത്തത് മൂലമുണ്ടാകാറുള്ള അനഫൈലാക്സിസ് (anaphylaxis) എന്ന് വിളിക്കുന്ന അപകടകരമാവുന്ന അലർജി, ആന്റിബയോട്ടിക്കുകൾക്ക് നശിപ്പിക്കാൻ പ്രയാസകരമായ ക്ളോസ്ട്രീഡിയം ഡിഫീസിൽ (clostridium difficile) ബാക്ടീരിയയുടെ ആക്രമണം കൊണ്ടുണ്ടാവുന്ന വൻകുടൽവീക്കം(colitis), വൃക്കകളുടെ നാശം, ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ ഉല്പത്തി എന്നിവയെല്ലാം ആന്റിബയോട്ടിക്കുകൾ ആധുനികവൈദ്യത്തിന് സൃഷ്ടിക്കുന്ന തലവേദനകളാണ്. ഇവയിൽ ഉല്പരിവർത്തനം (mutation) വഴിയുണ്ടാവുന്ന ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളുടെ ഉല്പത്തിയാണ് ഏറ്റവും വലിയ പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആന്റിബയോട്ടിക്കുകൾക്കൊന്നും പ്രതിരോധിക്കാൻ കഴിയാത്ത ബാക്ടീരിയകൾ ജനിക്കുന്നതിലേക്ക് ആന്റിബയോട്ടിക്കുകൾ വഴിയുള്ള ഉല്പരിവർത്തനം നയിച്ചാൽ അതായിരിക്കും മാനവരാശി നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി. പ്രസ്തുത ബാക്ടീരിയയെങ്ങാനും വായുവിലൂടെ പകരുന്നതാണെങ്കിൽ മനുഷ്യവർഗത്തിന്റെ നാശത്തിന് അത് തന്നെ മതിയാകും.

വൈറസ് ബാധയെ തുരത്തുക ബാക്റ്റീരിയ ബാധയെ തുരത്തുന്നതിനേക്കാൾ വിഷമകരമാണ്. യൂക്കാലിപ്റ്റസ്, പച്ച വെള്ളുള്ളി, ഗ്രീൻ ടീ, ഒലിവ് ഇല, ഇഞ്ചി, ഇരട്ടി മധുരം, തുടങ്ങി പാരമ്പര്യമായി പനിക്കും ജലദോഷത്തിനുമെല്ലാം ഉപയോഗിച്ചുവരുന്ന പ്രകൃതിജന്യവസ്തുക്കൾ പലതരം വൈറസുകളെയും നശിപ്പിക്കാൻ പോന്നതാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ സാധാരണ വൈറസ് രോഗങ്ങളുണ്ടാവുമ്പോൾ ഇത്തരം പ്രകൃതിജന്യമായ ഔഷധങ്ങൾ കഴിച്ച് വിശ്രമിക്കുകയാണ് വേണ്ടത്. പരമാവധി രണ്ട് ആഴ്ചകൾക്കുള്ളിൽ അസുഖം ഭേദപ്പെടും. അതിനു പകരം ഒരു ജലദോഷപ്പനിക്ക് പോലും ആന്റിബയോട്ടിക്കുകൾ അകത്താക്കുന്നവർ ചെയ്യുന്നത് ഒരു ഉപകാരവുമില്ലാതെ നമ്മുടെ ശരീരത്തിന്റെ സമസ്ഥാപനവും സഹജീവനവും തകർക്കുകയാണ്. വലിയ രോഗങ്ങൾക്കുള്ള നിമിത്തമായി മാറുന്നത് പലപ്പോഴും നമ്മുടെ അത്തരം തകർക്കലുകളാണ്.

ബാക്ടീരിയകളെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകൾ പോലെ വൈറസുകളെ നശിപ്പിക്കുവാൻ പോന്ന മരുന്നുകൾ കണ്ടെത്തുക പ്രയാസകരമാണ്. വൈറസുകൾ ഗവേഷകർക്ക് എളുപ്പത്തിൽ പിടുത്തം കൊടുക്കാത്തതുകൊണ്ടാണത്. കോശങ്ങൾക്ക് പുറത്ത് വെറുമൊരു രാസവസ്തു മാത്രമായ വൈറസിനെ തിരിച്ചറിയുക എളുപ്പമല്ല. കോശവുമായി ബന്ധത്തിലാവുക, വൈറസിന്റെ ജീനുകളും എൻസൈമുകളും കോശത്തിനകത്തേക്ക് കടത്തി വിടുക, കോശത്തിനകത്തെ സംവിധാനങ്ങൾ ഉപയോഗിച്ച് വൈറസ് ഘടകങ്ങളെ ഉത്പാദിപ്പിക്കുക, ഈ ഘടകങ്ങളെ ഒരുമിച്ച് ചേർത്ത് പൂർണ വൈറസുകൾ ആയിത്തത്തീരുക, ആതിഥേയകോശത്തെ തകർത്ത് പുറത്തു കടന്ന് പുതിയ കോശങ്ങളെ ആക്രമിക്കുക; ഇവയാണ് വൈറസ് ശരീരത്തിൽ കടന്നാലുണ്ടാവുന്ന വ്യത്യസ്ത ഘട്ടങ്ങൾ. ഇതിൽ ഏത് ഘട്ടത്തിൽ വെച്ചാണ് വൈറസിനെ അക്രമിക്കേണ്ടത് എന്നതിനു പോലും കൃത്യമായ ഒരു ഉത്തരം കണ്ടെത്താൻ ഇതുവരെയും ആധുനികവൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഒന്നാമത്തെ ഘട്ടത്തിൽ നശിപ്പിക്കാനായാൽ അതാണ് നല്ലത്. പക്ഷെ ആ ഘട്ടത്തിൽ വൈറസ് ബാധ തിരിച്ചറിയാൻ കഴിയില്ല. തിരിച്ചറിയുമ്പോഴേക്ക് പലപ്പോഴും വൈറസുകളുടെ കോലം മാറിയിട്ടുണ്ടാകും. വളരെ പെട്ടെന്ന് ഉല്പരിവർത്തനം സംഭവിക്കുന്നുണ്ട് വൈറസുകളിൽ. അതുകൊണ്ട് തന്നെ തിരിച്ചറിഞ്ഞ വൈറസിന്റെ ജീനോംഘടനയെ തകർക്കാൻ പറ്റിയ മരുന്നുകളുമായി എത്തുമ്പോഴേക്ക് ചിലപ്പോൾ അതിന്റെ ജീനോം ഘടന തന്നെ മാറിയിട്ടുണ്ടാകും. അതുകൊണ്ടാണ് വൈറസിനെ പിടിച്ചുകെട്ടാനുള്ള മരുന്നുകൾ വികസിപ്പിക്കുക ആധുനികവൈദ്യത്തിനു മുമ്പിൽ പ്രയാസകരമായ കീറാമുട്ടിയാവുന്നത്.

വർഷങ്ങളെടുത്തുള്ള പഠനങ്ങൾ വഴി ആന്റിവൈറൽ മരുന്നുകൾ വികസിപ്പിച്ചെടുത്താൽ തന്നെ അവയുടെ വില താങ്ങാൻ കഴിയാത്തതായിരിക്കും. ഹെപ്പറ്റിറ്റിസ് ബി വൈറസിനെ തുരത്താനുള്ള അമേരിക്കൻ മരുന്നുകളായ Epclusaയുടെയും Harvoniയുടെയും പന്ത്രണ്ട് ആഴ്ചയുടെ ഡോസിന് യഥാക്രമം 113,400 ഡോളറും 89,712 ഡോളറുമാണ് വില. ഒന്നിന് 85 ലക്ഷം രൂപ! രണ്ടാമത്തേതിന് 68 ലക്ഷം രൂപ !! ഈ മരുന്നുപയോഗിച്ച് ഹെപ്പറ്റിറ്റിസ് ബി മാറ്റാൻ എത്രകാലം കഴിയുമെന്ന് പറയാനും കഴിയില്ല. മരുന്നിനെ തോല്പിക്കാനാവുന്ന ജനിതകഘടനയിലേക്ക് വൈറസ് മാറുന്നത് വരെ മാത്രമേ ഇതിന് ആയുസ്സുള്ളൂ. അതുകൊണ്ട് കൂടിയാണ് മരുന്നിന് ഇത്രയും തീ പിടിച്ച വില. എയിഡ്സിന് ഉപയോഗിക്കുന്ന Abacavir, പൊങ്ങൻ പനിക്ക് (chicken pox) ഉപയോഗിക്കുന്ന Acyclovir പകർച്ചപ്പനിക്ക് (influenza) ഉപയോഗിക്കുന്ന Amantadine എന്നിവയെല്ലാം അറിയപ്പെടുന്ന ആൻറിവൈറൽ ഔഷധങ്ങളാണ്. പക്ഷെ അവയൊന്നും തന്നെ പൂർണമായ അർത്ഥത്തിലുള്ള വൈറസ്നാശിനികളാണെന്ന് പറയാൻ കഴിയില്ല.

കൊറോണ വൈറസ് അസുഖങ്ങൾ ഇപ്പോൾ ആദ്യമായി ഉണ്ടാകുന്നതൊന്നുമല്ല. സാധാരണയായി കാണപ്പെടുന്ന 229E, NL63, OC43, HKU1 എന്നീ കൊറോണാ വൈറസുകളിൽ ഏതെങ്കിലുമൊന്ന് ഒരിക്കലെങ്കിലും കയറിക്കൂടാത്ത ഒരു മനുഷ്യശരീരവുമുണ്ടാവുകയില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പനി, ചുമ, ക്ഷീണം എന്നിവയാണ് കൊറോണ മൂലമുണ്ടാകുന്ന സാധാരണ അസുഖങ്ങൾ. അവയൊന്നും തന്നെ മാരകമാകാതെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ തന്നെ അവയെ തുരത്തുകയാണ് പതിവ്. എന്നാൽ ദക്ഷിണചൈനയിൽ നിന്ന് 2002 നവമ്പറിൽ പൊട്ടിപ്പുറപ്പെട്ട സാർസ് (കഠിനവും തീവ്രവുമായ ശ്വാസകോശരോഗം Severe acute respiratory syndrome- SARS) ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു. രോഗം ബാധിച്ച 8098 പേരിൽ 774 പേരും മരണപ്പെട്ടു. ചൈനയിൽ തുടങ്ങിയ രോഗം പതിനേഴ് രാജ്യങ്ങളിലേക്ക് പകർന്നുവെങ്കിലും 2003 ജൂലൈ ആയപ്പോഴേക്ക് അത് കെട്ടടങ്ങി. സൗദി അറേബിയിൽ നിന്ന് 2012 ൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട മെർസ് ആണ് പിന്നെയുണ്ടായ മാരകമായ കൊറോണാവൈറസ് ബാധ. മധ്യപൗരസ്ത്യദേശ ശ്വാസകോശരോഗം (Middle East respiratory syndrome (MERS) എന്നതിന്റെ ചുരുക്കമാണ് മെർസ്. എട്ടു വർഷങ്ങൾക്കുള്ളിൽ രോഗബാധിതരായ 2506 പേരിൽ 862 പേർ മരണപ്പെട്ടുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. സാർസിനും മെർസിനുമൊന്നും മരുന്ന് കണ്ടുപിടിക്കാനോ വാക്‌സിനുകൾ വികസിപ്പിച്ചെടുക്കുവാനോ ഇതേ വരെ കഴിഞ്ഞിട്ടില്ല.

സാർസിന്റെയും മേഴ്സിന്റെയും പിൻഗാമിയാണ് കോവിഡ് 19. ഇവയെക്കാൾ സാംക്രമികത്വമുള്ളതും അവയുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് കുറഞ്ഞതുമായ കൊറോണവൈറസ് ബാധയാണത്. സാർസിന്റെയും മേഴ്സിന്റെയും കാര്യത്തിൽ കഴിയാത്തത് കോവിഡിന്റെ കാര്യത്തിലും യുദ്ധകാലാടിസ്ഥാനത്തിൽ കഴിയുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഇവയുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ട ഗവേഷണങ്ങളുടെ പിൻബലം കോവിഡ് 19 മരുന്ന് കണ്ടുപിടിക്കാനുള്ള ഒരു അനുകൂലഘടകമാണ്. അതിനാണ് ലോകത്തെങ്ങുമുള്ള വൈറോളജിസ്റ്റുകൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സൂക്ഷ്മജീവികളുടെ ലോകത്തെ നമുക്ക് ഇണക്കിത്തരുകയും നമ്മുടെ പ്രതിരോധവ്യസ്വസ്ഥയെ കുറ്റമറ്റതാക്കുകയും സമസ്ഥാപനമോ സഹജീവനമോ തകരാറിലായാൽ രോഗമുണ്ടാവണമെന്ന സംവിധാനമുണ്ടാക്കുകയും രോഗത്തിനുള്ള മരുന്ന് സൃഷ്ടിക്കുകയും ഔഷധം കണ്ടെത്തുവാനുള്ള മാർഗരേഖകൾ സ്വന്തം ശരീരത്തിൽ തന്നെ നിർമ്മിച്ച് നൽകുകയും മരുന്നിനെക്കുറിച്ച് ചിന്തിക്കാൻ പറ്റിയ മസ്തിഷ്‌കം നൽകി മനുഷ്യരെ അനുഗ്രഹിക്കുകയും ചെയ്ത പടച്ചവനോട് നമുക്ക് പ്രാർത്ഥിക്കാം, ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഈ മഹാവ്യാധിക്കുള്ള ശമനത്തെക്കുറിച്ച കൃത്യമായ ബോധോദയം നൽകുന്ന സംഭവങ്ങളേതെങ്കിലും ആ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ജീവിതത്തിലുണ്ടാക്കി അനുഗ്രഹിക്കേണമേയെന്ന്.

“ദൈവദാസന്മാരേ, നിങ്ങൾ ചികില്സിക്കുക. മരുന്നില്ലാതെ അല്ലാഹു വാർദ്ധക്യമൊഴിച്ചുള്ള രോഗങ്ങളെയൊന്നും സൃഷ്ടിച്ചിട്ടില്ല.” എന്ന പ്രവാചകവചനം ഔഷധാന്വേഷണത്തിന് നൽകുന്ന പ്രചോദനം ചെറുതൊന്നുമല്ല. ആത്മാർത്ഥമായി ഔഷധാന്വേഷണം നടത്തുന്ന ഗവേഷകരുടെ മനസ്സിൽ ബോധോദയമുണ്ടാകുന്നതിനുള്ള സംവിധാനങ്ങൾ അവരുടെ ശരീരത്തിൽ തന്നെ അവർക്കുപോലും അറിയാത്ത രൂപത്തിൽ ചെയ്തുവെച്ച അല്ലാഹുവാണ് അന്യൂനമായ അറിവുള്ളവർ. ദൈവികജ്ഞാനത്തിന്റെ സമുദ്രത്തിൽ നിന്ന് ഒരു തുള്ളി ലഭിക്കുമ്പോഴേക്കും അവനെത്തന്നെ നിഷേധിക്കുവാൻ അഹങ്കരിക്കുന്നവർ എത്ര കൃതഘ്നർ!! വൈദ്യശാസ്ത്രത്തിന്റെ ചരിത്രവും അതിലെ നാഴികക്കല്ലുകളിലെല്ലാമുണ്ടായ ദൈവികമായ ഇടപെടലുകളെയും കുറിച്ച് മനസ്സിലാക്കുമ്പോൾ നമുക്ക് തീർച്ചയായും ഖുർആനിലെ സൂറത്തുർ റഹ്‌മാനിൽ മുപ്പത്തിയൊന്ന് തവണ ആവർത്തിക്കുന്ന ചോദ്യം ഓർമ്മ വരും: “അപ്പോള്‍ നിങ്ങള്‍ രണ്ട് പേരുടെയും നാഥൻ ‌ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ക്ക് നിഷേധിക്കാനാവുക? ”

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.