കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -6

//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -6
//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -6
ആനുകാലികം

കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -6

മരുന്നുകൾ പടച്ചവൻ സൃഷ്ടിച്ചതാണ്!

വൈറസുകളടക്കമുള്ള അതിക്രമകാരികളുണ്ടാക്കുന്ന രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പടച്ചവൻ എന്ത് ചെയ്തുവെന്ന ചോദ്യത്തിനുള്ള ആറാമത്തെ ഉത്തരം രോഗങ്ങളുണ്ടായാൽ അത് ചികിൽസിച്ച് മാറ്റാനുള്ള വസ്തുക്കൾ ഭൂമിയിൽ തന്നെ സൃഷ്ടിക്കുകയും അവ കണ്ടെത്തുവാനുള്ള ബുദ്ധിശക്തി നൽകി മനുഷ്യരെ അനുഗ്രഹിക്കുകയും ചെയ്തുവെന്നതാണ്. പ്രകൃതിയിൽ നിന്നുണ്ടാവുന്ന രോഗങ്ങളെ മാറ്റുവാനാവശ്യമായ ഔഷധങ്ങളും പടച്ചവൻ പ്രകൃതിയിൽ തന്നെ ഒരുക്കി വെച്ചിട്ടുണ്ട്. അവ കണ്ടെത്തുക മാത്രമാണ് മനുഷ്യന്റെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം നിർവ്വഹിക്കാൻ സന്നദ്ധരാവുന്നവർക്കുള്ള മാർഗനിർദേശങ്ങളും സ്വന്തം ശരീരത്തിലും ചുറ്റുപാടിലും പടച്ചവൻ സംവിധാനിച്ചിട്ടുമുണ്ട്. രോഗമുണ്ടാകുമ്പോൾ അത് മാറ്റാനുള്ള സംവിധാനങ്ങളും ഭൂമിയിൽ തന്നെ സംവിധാനിച്ച് അനുഗ്രഹിച്ചവൻ എത്രമാത്രം വലിയ സ്നേഹസമ്പന്നനാണ്!

ഒരാളുടെ ശരീരത്തിനകത്തെ സമസ്ഥാപനമോ അയാളും മറ്റു ജീവികളും തമ്മിൽ നിലനിൽക്കുന്ന സഹജീവനമോ തകരാറിലാവുമ്പോഴാണ് അയാൾ രോഗിയായിത്തീരുന്നത്. രോഗമുണ്ടായിക്കഴിഞ്ഞാൽ അതിൽനിന്നുള്ള രക്ഷാമാർഗത്തെക്കുറിച്ചാണ് പിന്നെയുള്ള ചിന്ത. രോഗങ്ങളുണ്ടാവുന്നത് പടച്ചവൻ സൃഷ്ടിച്ച വ്യവസ്ഥയുടെ ഭാഗമായിത്തന്നെയാണ് എന്നതിനാൽ അവയ്ക്കുള്ള പരിഹാരവും ഈ വ്യവസ്ഥയുടെ ഭാഗമായിത്തന്നെ പടച്ചവൻ ഉണ്ടാക്കിവെച്ചിട്ടുണ്ട്. പ്രസ്തുത പരിഹാരങ്ങൾ മനുഷ്യർ അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. പുതിയ പുതിയ രോഗങ്ങളുണ്ടാവുമ്പോൾ മനുഷ്യർ അതിനുള്ള ഔഷധങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. ഗവേഷങ്ങൾ നടത്തുന്നു. സൃഷ്ടിപ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് കൂടുതൽ ഊളിയിട്ടിറങ്ങുന്നു. അങ്ങനെ പുതിയ മരുന്നുകൾ കണ്ടെത്തുന്നു. പടച്ചവൻ സൃഷ്ടിച്ച പരിഹാരങ്ങളിലേക്ക് മനുഷ്യർ ചെന്നെത്തുകയാണ് ഗവേഷണങ്ങളിലൂടെ എന്നർത്ഥം.

രോഗമുണ്ടാവുമ്പോൾ അതിനുള്ള പരിഹാരമാർഗങ്ങൾ തേടി കണ്ടുപിടിക്കാനാണ് ദൈവദൂതനായ മുഹമ്മദ് നബി (സ) ആഹ്വാനം ചെയ്തത്. രോഗത്തിന്റെ കാരണം കണ്ടെത്തി അതിനുള്ള പരിഹാരങ്ങൾ ഗവേഷണം ചെയ്യേണ്ടത് ആ രംഗത്ത് കഴിവുള്ളവരുടെ ഉത്തരവാദിത്തമാണ്. “എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്; അസുഖത്തിനുള്ള മരുന്ന് പ്രയോഗിച്ചാൽ അല്ലാഹുവിന്റെ അനുമതി പ്രകാരം അത് ഭേദമാകുന്നു”വെന്ന ജാബിറി(റ)ൽ നിന്ന് മുസ്‌ലിം നിവേദനം ചെയ്ത പ്രവാചകവചനം അസുഖമുണ്ടാവുമ്പോൾ മരുന്ന് അന്വേഷിക്കുന്നതിനുള്ള പ്രചോദനമാണ്. “രോഗങ്ങളെയൊന്നും അല്ലാഹു സൃഷ്ടിച്ചിട്ടില്ല; അവൻ തന്നെ അതിനുള്ള ശമനവും സൃഷ്ടിച്ചിട്ടല്ലാതെ” എന്ന അബൂ ഹുറൈറ(റ)യിൽ നിന്ന് ബുഖാരി നിവേദനം ചെയ്ത പ്രവാചകവചനം രോഗമുണ്ടാവുന്ന സന്ദർഭത്തിൽ അതിന്നുള്ള മരുന്ന് അറിയില്ലെങ്കിൽ പോലും ഭൂമിയിലെവിടെയെങ്കിലും അതിന് മരുന്നുണ്ടാവുമെന്ന പ്രതീക്ഷ നൽകുകയും രോഗിയെ നിരാശയിൽ നിന്ന് രക്ഷിക്കുകയും അത് അന്വേഷിക്കുവാൻ പ്രചോദനം നൽകുകയും ചെയ്യുന്നു. “ദൈവദാസന്മാരേ, നിങ്ങൾ ചികില്സിക്കുക. ഔഷധമില്ലാതെ അല്ലാഹു ഒന്നൊഴിച്ചുള്ള രോഗങ്ങളെയൊന്നും സൃഷ്ടിച്ചിട്ടില്ല; വാർദ്ധക്യമാണത്” എന്ന ഉസാമത്ത് ബിനു ശരീഖി(റ)ൽ നിന്ന് തിർമിദി സ്വഹീഹായ സനദോടെ നിവേദനം ചെയ്ത ഹദീഥ് മരുന്നന്വേഷണത്തിനും ഗവേഷണത്തിനുമുള്ള ഉയർന്ന പ്രചോദനമാണ് നൽകുന്നത്.

രോഗചികിത്സക്ക് നാഗരികതകളുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഇരുന്നൂറോളം രോഗങ്ങളുടെ നിർണയരീതികളെയും അവയ്ക്കുള്ള ഔഷധങ്ങളെയും യുദ്ധത്തിലുണ്ടാവുന്ന 48 തരം പരിക്കുകളെയും അവയ്ക്കുള്ള പ്രതിവിധികളെയും കുറിച്ച ഈജിപ്തിലെ വിജ്ഞാനിയായിരുന്ന ഇംഹോടെപ്പിന്റെ വിവരണങ്ങളാണ് ലഭ്യമായതിൽ വെച്ച് ഏറ്റവും പുരാതനമായ ചികിത്സാരേഖ. ക്രിസ്തുവിന് രണ്ടായിരത്തി അറുനൂറ് വർഷങ്ങൾക്ക് മുൻപ് ജീവിച്ച അദ്ദേഹത്തിന്റെ പാപ്പിറസ് രചന എഡ്‌വിൻ സ്മിത്ത് പാപ്പിറസ് (Edwin Smith Papyrus) എന്ന പേരിൽ ന്യൂയോർക്ക് ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ പുരാവസ്തുശേഖരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ക്രിസ്തുവിന് ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചയാളായി കരുതപ്പെടുന്ന ആയുർവ്വേദത്തിന്റെ ആചാര്യൻ, സുശ്രുതന്റെ ശുശ്രുതസംഹിതയിൽ 1120 രോഗങ്ങളെക്കുറിച്ചും എഴുനൂറോളം ഔഷധസസ്യങ്ങളെക്കുറിച്ചും ഭൗമധാതുക്കളുപയോഗിച്ച് നിർമിക്കുന്ന 64 മരുന്നുകളെക്കുറിച്ചും ജന്തുശരീരത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന 57 ഔഷധങ്ങളെക്കുറിച്ചുമുള്ള പരാമർശങ്ങളുണ്ടെന്ന് സംഹിതയുടെ ഇംഗ്ലീഷ് പരിഭാഷയിൽ വിവർത്തകൻ കവിരാജ് കുഞ്ഞാലാൽ ഭിഷാഗ്രാത്ന പറയുന്നുണ്ട്. ക്രിസ്തുവിന് മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച മറ്റൊരു ആയുർവ്വേദാചാര്യനായ ചരകന്റെ ചരകസംഹിതയിൽ രണ്ടായിരത്തോളം മരുന്നുകളെക്കുറിച്ച വിവരണങ്ങളുണ്ട്. ഇതേപോലെത്തന്നെ ചൈനയിലും ഗ്രീസിലുമെല്ലാം വളർന്നു വികസിച്ച ചികിത്സാസമ്പ്രദായങ്ങളിൽ നൂറുക്കണക്കിന് ഔഷധങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നു. ഗ്രീക്ക്-ഇന്ത്യൻ-ചൈനീസ് ചികിത്സാരീതികളെക്കുറിച്ച് അവഗാഹമായി പഠിച്ച് അവയിലെ ഔഷധങ്ങളെക്കുറിച്ച് വിവരിച്ച ശേഷം പേർഷ്യൻ ശാസ്ത്രജ്ഞനായ ഇബ്നു സീന തന്റെ ‘അൽ കാനൂനു ഫി ത്വിബ്ബ്‌’ എന്ന ചികിത്സാ വിജ്ഞാനകോശത്തിൽ പ്രത്യേകമായ 650 ഔഷധക്കൂട്ടുകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ടെന്ന് അതിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവ്വഹിച്ച കാമറോൺ ഗ്രൂനെർ വ്യക്തമാക്കുന്നുണ്ട്.

എല്ലാ സംസ്കാരങ്ങളിലും സുഖചികിത്സക്ക് വേണ്ടിയുള്ള ഔഷധങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും പഴയ കാലത്തെ മരുന്നുകളെല്ലാം പ്രധാനമായും രോഗപ്രതിരോധം, ചികിത്സ എന്നീ രണ്ട് ലക്ഷ്യങ്ങളോട് കൂടിയുള്ളവയിരുന്നു. രോഗപ്രതിരോധത്തിന് ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുകയാണ് പ്രധാനമായും വേണ്ടതെന്ന് നമ്മുടെ പൂർവ്വികർ മനസ്സിലാക്കി. അതനുസരിച്ചുള്ള ഭക്ഷണങ്ങളും പ്രത്യേകമായ ഫലമൂലാദികളും അന്നത്തെ ചികിത്സാകാരന്മാർ നിർദേശിച്ചു. അതിനെല്ലാം അവർക്ക് മാർഗ്ഗദർശനമായത് പ്രകൃതിനിരീക്ഷണം തന്നെയായിരുന്നു. ശരീരത്തിലെ അവയവങ്ങളും ചില ഫലങ്ങളുടെയും പച്ചക്കറികളുടെയും രൂപവും തമ്മിലുള്ള സാമ്യം അവർ നിരീക്ഷിച്ചിരിക്കണം. ഛേദിച്ചാൽ കണ്ണിന്റെ കൃഷ്ണമണിയുടെ രൂപം തോന്നിക്കുന്ന കാരറ്റ് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാഴ്ചയിൽ തലച്ചോറ് പോലെ തോന്നിക്കുന്ന വാൾനട്ട് മസ്തിഷ്കത്തിന്റെയും നെടുകെ ഛേദിച്ചാൽ ഗർഭാശയത്തെപ്പോലെ തോന്നിക്കുന്ന വെണ്ണപ്പഴം (avocado) ഗർഭാശയത്തിന്റെയും ഛേദിച്ചാൽ സ്തനത്തിനകത്തെ ലോബ്യുളുകളെ (lobules) പോലെ തോന്നിക്കുന്ന ചെറുമധുരനാരാങ്ങ(grape fruit) മുലകളുടെയും ഛേദിച്ചാൽ ഹൃദയത്തിന്റെ ഛേദത്തെപ്പോലെ തോന്നിക്കുന്ന തക്കാളി ഹൃദയത്തിന്റെയും ആമാശയത്തെപ്പോലെ തോന്നിക്കുന്ന ഇഞ്ചി ആമാശയത്തിന്റെയുമെല്ലാം ആരോഗ്യത്തിന് നല്ലതാണെന്ന സത്യം ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ഇതേപോലെയുള്ള താരതമ്യപഠനങ്ങളും തലമുറകളായി കൈമാറിയ അനുഭവവിവരണങ്ങളുമായിരിക്കണം പ്രതിരോധത്തിനും രോഗശമനത്തിനുമുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിലേക്ക് അന്നത്തെ ഭിഷഗ്വരന്മാരെയും പ്രകൃതിനിരീക്ഷകരെയും നയിച്ചത്.

എഴുപതിലധികം വരുന്ന തന്റെ ഗ്രൻഥങ്ങളിൽ ക്രിസ്തുവിന് നാല് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ച ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസാണ് ആദ്യമായി രോഗങ്ങളെ വർഗീകരിച്ച് പഠിക്കുകയും നിരീക്ഷണാത്മക ചികിത്സാസമ്പ്രദായത്തിന് തുടക്കം കുറിക്കുകയും ചെയ്തത്. അതുകൊണ്ടാണ് അദ്ദേഹം ചികിത്സാശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ക്രിസ്താബ്ദം രണ്ടാ നൂറ്റാണ്ടിൽ റോമാസാമ്രാജ്യത്തിലെ ഭിഷഗ്വരനായ ഗാലൻ അദ്ദേഹത്തിന്റേതായ ഒരു ചികിത്സാശാസ്ത്രം വികസിപ്പിച്ചെടുത്തു. ഇവർ രണ്ടുപേരുടെയും സിദ്ധാന്തങ്ങളെ പഠിക്കുകയും അതോടൊപ്പം തന്നെ ചൈനീസ്- ഇന്ത്യൻ ചികിത്സാസമ്പ്രദായങ്ങളെ മനസ്സിലാക്കുകയും ചെയ്തുകൊണ്ട് സ്വന്തമായ ഒരു ചികിത്സാശാസ്ത്രം രൂപപ്പെടുത്തുകയാണ് പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച മുസ്‌ലിംശാസ്ത്രജ്ഞനായ ഇബ്നു സീന ചെയ്തത്. ഔഷധങ്ങളെ പരീക്ഷണാത്മകമായി സമീപിക്കേണ്ടതെങ്ങനെയെന്ന് വിശദീകരിച്ച ഇബ്നു സീനയെയാണ് ആധുനിക ചികിത്സാ ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. അദ്ദേഹത്തിന്റെ ‘കാനൂൻ ഫി ഥ്വിബ്ബ്‌’ ആയിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ യൂറോപ്പിലെ സർവ്വകലാശാലകളിൽ ചികിത്സാശാസ്ത്രത്തിന്റെ അടിസ്ഥാനഗ്രൻഥമായി പഠിപ്പിക്കപ്പെട്ടിരുന്നത്.

വായുവിലൂടെയും വെള്ളത്തിലൂടെയും മാലിന്യങ്ങളിലൂടെയും ചില രോഗങ്ങൾ പകരുന്നുണ്ടെന്നും അതാണ് പകർച്ചവ്യാധികൾക്ക് കാരണമാകുന്നതെന്നും കാനൂൻ ഫി ഥ്വിബ്ബിന്റെ നാലാം ഭാഗത്ത് ഇബ്നു സീന നിരീക്ഷിക്കുന്നുണ്ട്. അഞ്ചുകോടിയോളം പേരുടെ മരണത്തിന് കാരണമാവുക വഴി കരിമരണം എന്നറിയപ്പെട്ട, പതിനാലാം നൂറ്റാണ്ടിലെ പ്ളേഗ് അന്തലൂസിലെത്തിയപ്പോൾ ഇത് പകരുന്നത് എന്തോ ചെറിയ വസ്തുക്കൾ രോഗിയുടെ ശരീരത്തിൽ നിന്ന് വസ്ത്രത്തിലൂടെയോ പാത്രങ്ങളിലൂടെയോ ആഭരണങ്ങളിലൂടെയോ മറ്റൊരാളുടെ ശരീരത്തിലെത്തുന്നതുകൊണ്ടാണെന്ന് ഇബ്നു ഖാത്തിബ, ഇബ്നു ഖാത്തിം എന്നീ ഭിഷഗ്വരന്മാർ നിരീക്ഷിച്ചത് ഇബ്നുസീനയുടെ ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിലായിരുന്നു. 1670ൽ ആന്റണി വാൻ ലീവൻഹുക്ക് തന്റെ സൂക്ഷ്മദർശിനിയിലൂടെ സൂക്ഷ്മജീവികളെ നിരീക്ഷിച്ചത് മുതലാണ് രോഗവും സൂക്ഷ്മജീവികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച സമഗ്രമായ പഠനങ്ങൾക്ക് തുടക്കമായത്. സൂക്ഷ്മജീവികൾ രോഗവ്യാപനത്തിന് നിമിത്തമാവുന്നതിനെക്കുറിച്ച് 1860 മുതൽ 1864 വരെ ലൂയി പാസ്ചർ നടത്തിയ പരീക്ഷണങ്ങൾ ഈ രംഗത്തെ വലിയൊരു നാഴികക്കല്ലായിത്തീർന്നു. അങ്ങനെ പല ഘട്ടങ്ങൾ കടന്നാണ് മാരകമായ പല രോഗങ്ങൾക്കും കാരണം ജീവികളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന സൂക്ഷ്മാണുക്കളാണ് എന്ന സൂക്ഷ്മാണു സിദ്ധാന്തം (germ theory) ആധുനിക ചികിത്സാശാസ്ത്രത്തിന്റെ അടിത്തറയായിത്തീർന്നത്.

പുരാതന ചികിത്സാരീതികളെപ്പോലെത്തന്നെ ആധുനികവൈദ്യവും രോഗമുക്തിക്ക് നിർദേശിക്കുന്നത് രണ്ട് മാർഗങ്ങളാണ്. ഒന്ന് പ്രതിരോധമാണ്; രണ്ടാമത്തേത് ചികിത്സയും. രോഗം വരാതെ നോക്കുകയാണ് പ്രതിരോധം. പ്രധാനമായും അതിന് നിർദ്ദേശിക്കാനുള്ളത് ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്നതിന് ഉതകുന്ന ഭക്ഷണസമ്പ്രദായമാണ്. ശരീരത്തിന്റെ സമസ്ഥാപനത്തെയോ ജീവികളുമായുള്ള സഹജീവനത്തെയോ ബാധിക്കാത്ത ഭക്ഷണം ശീലമാക്കിയാൽ തന്നെ ഒരുവിധം രോഗങ്ങളിൽ നിന്നെല്ലാം നമ്മുടെ ശരീരം തന്നെ നമ്മെ പ്രതിരോധിക്കും. അമിതഭക്ഷണം ഇവ രണ്ടിനെയും ബാധിക്കുന്നതാണ് എന്നതുകൊണ്ടാണ് അത് രോഗത്തെ ക്ഷണിച്ചുവരുത്തുമെന്ന് ആരോഗ്യപ്രവർത്തകർ ആവർത്തിച്ച് പറയുന്നത്. “തന്റെ വയറിനേക്കാൾ മോശം പാത്രങ്ങളൊന്നും ആദമിന്റെ മകൻ നിറക്കുന്നില്ല; അവന്റെ നടുനിവരുന്നതിന് ഏതാനും ഉരുളകൾ മതി; അതിന് കഴിയുന്നില്ലെങ്കിൽ വയറിന്റെ മൂന്നിലൊന്ന് അവൻ ഭക്ഷണം കൊണ്ടും മൂന്നിലൊന്ന് വെള്ളം കൊണ്ടും മൂന്നിലൊന്ന് വായു കൊണ്ടും നിറച്ചുകൊള്ളട്ടെ” എന്ന മിഖ്ദാമ് ബ്നു മആദി(റ)ൽ നിന്ന് തിർമിദി സ്വഹീഹായ സനദോടെ നിവേദനം ചെയ്ത നബിനിർദേശത്തേക്കാൾ നല്ല ഉപദേശമൊന്നും ഇന്നും ഇക്കാര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് നൽകാനില്ല. ഈ ഹദീഥിൽ പറയുന്നതുപോലെ പ്രവർത്തിച്ചാൽ തന്നെ ഒരുവിധം എല്ലാ രോഗങ്ങളിൽ നിന്നും മുക്തിയുണ്ടാവുമെന്ന് പറയുന്നത് ആരോഗ്യരംഗത്തെ വിദഗ്ധരാണ്.

രോഗപ്രതോരോധത്തിന് പറ്റിയ പ്രകൃതിദത്തമായ വസ്തുക്കളുപയോഗിക്കുകയാണ് മറ്റൊരു മാർഗം. വിറ്റാമിനുകൾ സി, ബി 6, ഇ എന്നിവ ധാരാളമുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാം പ്രതിരോധശക്തി വർധിപ്പിക്കുന്നതാണ്. നാരങ്ങ, ചെറുനാരങ്ങ, പേരയ്ക്ക, ചെറുമധുര നാരങ്ങ, മധുര മത്തങ്ങ, തക്കാളി, വെണ്ണപ്പഴം(avocado), കിവി, സ്ട്രോബെറി, തുടങ്ങിയ പഴങ്ങളും നെല്ലിക്ക, പച്ച മുളക്, ചീരകൾ, വെണ്ടക്ക, പച്ചപ്പയർ, ബ്രോക്കോളി, കോളി ഫ്‌ളവർ, കാപ്സിക്കം എന്നീ പച്ചക്കറികളും വിറ്റാമിൻ സി ധാരാളമായി ഉള്ളവയാണ്. ഉരുളക്കിഴങ്ങ്, മുട്ട, ബീൻസ്, കാലിമാംസങ്ങൾ, പാലും പാലുൽപ്പന്നങ്ങളും തുടങ്ങിയവ നമുക്ക് ആവശ്യത്തിന് വിറ്റാമിൻ ബി 6 നൽകും. വെണ്ണപ്പഴം, എണ്ണകൾ, നിലക്കടല, ബദാം, ചില തരം മൽസ്യങ്ങൾ എന്നിവയാണ് നമ്മുടെ വിറ്റാമിൻ ഇ സ്രോതസ്സുകൾ. ഇവ അത്യാവശ്യം കഴിക്കുകയും ഭക്ഷണം അമിതമാവാതിരിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ശാരീരികമായ അദ്ധ്വാനങ്ങൾ ചെയ്യുകയും ആവശ്യത്തിന് ഉറങ്ങുകയും ചെയ്‌താൽ തന്നെ ശരീരത്തിന് ആവശ്യമായ പ്രതിരോധശക്തിയുണ്ടാവും. ഒരുവിധം അതിക്രമകാരികൾക്കൊന്നും ശരീരത്തെ ആക്രമിച്ച് കീഴ്‌പ്പെടുത്താൻ പിന്നെ കഴിയില്ല.

സമസ്ഥാപനത്തെയോ സഹജീവനത്തെയോ ദോഷകരമായി ബാധിക്കാത്ത നിരവധി സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ പടച്ചവൻ നമുക്ക് ചുറ്റും ഒരുക്കിവെച്ചിട്ടുണ്ട്. അവയിലേക്കല്ല പലപ്പോഴും നമ്മുടെ ശ്രദ്ധ പോകുന്നത്, പ്രത്യുത നമ്മുടെ നാവിനെ മാത്രം പരിഗണിക്കുന്ന കൃത്രിമ ഭക്ഷണങ്ങളിലേക്കാണ്. സ്വാദിഷ്ഠമെന്ന പുറംതൊലിയോടെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കൃത്രിമ ഭക്ഷണങ്ങൾ (junk foods) സമസ്ഥാപനത്തെയും സഹജീവനത്തെയും അപകടകരമായി ബാധിക്കുന്നവയാണ്. അത് മനുഷ്യരുടെ പ്രതോരോധശക്തി കുറയ്ക്കുകയും രോഗങ്ങളെ വിളിച്ച് വരുത്തുകയും ചെയ്യുമെന്ന് വിദഗ്ദർ പറഞ്ഞുകൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്.

നിരവധി അസുഖങ്ങൾക്കുള്ള ഔഷധമായതുപോലെ തേൻ ഒരു നല്ല പ്രതിരോധമരുന്ന് കൂടിയാണ്. നിരവധി ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കാൻ അതിലുള്ള ഹൈഡ്രജൻ പെറോക്‌സൈഡിന് കഴിയും. സ്ഥിരമായി തേൻ കുടിക്കുന്നത് നല്ലതാണെന്ന് പറയാത്ത ചികിത്സാസമ്പ്രദായങ്ങളൊന്നും തന്നെയില്ല. തേനിനെക്കുറിച്ച് പറഞ്ഞിടത്ത് “അതില്‍ മനുഷ്യര്‍ക്ക്‌ രോഗശമനമുണ്ട്” എന്ന് ഖുർആൻ(16: 69) പ്രത്യേകം പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. തന്റെയടുത്ത് വന്ന പല രോഗികൾക്കും പ്രവാചകൻ (സ) തേൻ ഔഷധമായി നിർദേശിച്ചതായി ഹദീഥുകളിലുണ്ട്. തേനിന്റെ ഔഷധഗുണഗണളെക്കുറിച്ചറിയാൻ പ്രസിദ്ധ ആരോഗ്യരചയിതാവായ കാൾ ഓരെയുടെ The Healing Powers of Honey എന്ന പുസ്തകം വായിച്ചാൽ മതിയാകും.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന മറ്റൊരു പ്രകൃതിദത്തമായ ഔഷധമാണ് കരിഞ്ചീരകം. നിഗെല്ല സറ്റൈവ (nigella sativa) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കരിഞ്ചീരകത്തിന്റെ ഔഷധഗുണകളെയും പ്രതിരോധഗുണങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന നിരവധി പഠനങ്ങളുണ്ട്. ഒരു കൂട്ടം ഗവേഷകരുടെ ഇത്തരത്തിലുള്ള ഒരു പഠനം Asian Pacific Journal of Tropical Biomedicine ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജേർണലിന്റെ 2013 മെയ് ലക്കത്തിൽ വന്ന A review on therapeutic potential of Nigella sativa: A miracle herb എന്ന തലക്കെട്ടിലുള്ള പഠനം US National Library of Medicine (www.nlm.nih.gov) പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. പലതരം അസുഖങ്ങൾക്ക് പരാമ്പര്യമായി പല സമൂഹങ്ങളിലും ഉപയോഗിക്കപ്പെടുന്ന കരിഞ്ചീരകം ഒരു മാന്ത്രികമരുന്നാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. പല തരം രോഗങ്ങളെയും സുഖപ്പെടുത്താൻ കഴിയുന്ന കരിഞ്ചീരകം ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ ശാക്തീകരിക്കുന്നതായി തെളിവുകളുടെ വെളിച്ചത്തിൽ സമർത്ഥിക്കുന്നതാണ് ഈ പഠനം.

അന്തിമ പ്രവാചകന്റെ കാലത്ത് ഔഷധമായി ഉപയോഗിക്കപ്പെട്ടിരുന്ന വസ്തുക്കളിലൊന്നായിരുന്നു കരിഞ്ചീരകം. അത് രോഗശമനത്തിനായി സ്വീകരിക്കുവാൻ അദ്ദേഹം നിർദേശയിച്ചതായി ഹദീഥുകളിലുണ്ട്. “മരണമൊഴിച്ചുള്ള അസുഖങ്ങൾക്കെല്ലാം ശമനമാണ് കരിഞ്ചീരകം” എന്ന പ്രവാചകവചനം ആയിശ(റ)യിൽ നിന്ന് ബുഖാരി നിവേദനം ചെയ്യുന്നുണ്ട്. മരണമൊഴിച്ചുള്ള അസുഖങ്ങൾക്കെല്ലാം എന്ന പരാമർശത്തിൽ നിന്ന് തന്നെ ഏതെങ്കിലും ഒരു പ്രത്യേകരോഗത്തിനുള്ള ചികിത്സ എന്നതിലുപരിയായി, മരണമൊഴിച്ചുള്ള അസുഖങ്ങളുടെയെല്ലാം അടിസ്ഥാനകാരണമായ പ്രതിരോധശേഷിയില്ലായ്മക്കുള്ള നല്ലൊരു പരിഹാരമാണ് കരിഞ്ചീരകം എന്നായിരിക്കണം പ്രവാചകൻ (സ) ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാം. പല സന്ദർഭങ്ങളിലും പ്രത്യേകമായ രോഗങ്ങളുമായി തന്റെയടുത്തെത്തിയവർക്ക് അദ്ദേഹം നിർദേശിച്ചത് കരിഞ്ചീരകമായിരുന്നില്ല, പ്രത്യുത അന്നു നിലവിലുണ്ടായിരുന്ന മറ്റു പല മരുന്നുകളുമായിരുന്നു. മരണമൊഴിച്ചുള്ള രോഗങ്ങൾക്കെല്ലാമുള്ള ഒറ്റമൂലിയാണ് കരിഞ്ചീരകമെന്നാണ് അദ്ദേഹം മനസ്സിലാക്കിയിരുന്നതെങ്കിൽ അദ്ദേഹത്തിന്റെ ഔഷധനിർദേശങ്ങളിൽ അത് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അന്ന് നിലവിലുണ്ടായിരുന്ന കരിഞ്ചീരകമല്ലാത്ത പല മരുന്നുകളും തന്റെ മുന്നിലെത്തിയ രോഗികൾക്ക് അദ്ദേഹം നിർദേശിച്ചിരുന്നുവെന്ന വസ്തുത “മരണമൊഴിച്ചുള്ള അസുഖങ്ങൾക്കെല്ലാം ശമനമാണ് കരിഞ്ചീരകം” എന്ന പ്രവാചക പ്രസ്താവന കൊണ്ട് അർത്ഥമാക്കിയത് രോഗങ്ങളുടെയെല്ലാം അടിസ്ഥാനകാരണമായ പ്രതിരോധമില്ലായ്മക്കുള്ള പരിഹാരമാണ് കരിഞ്ചീരകം എന്ന് തന്നെയായിരിക്കണമെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്.

പ്രതിരോധശക്തി വർധിപ്പിക്കാൻ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ഫലങ്ങളിലെയും പച്ചക്കറികളിലെയും രാസവസ്തുക്കൾ വേർതിരിച്ചെടുത്ത് ഗുളികരൂപത്തിൽ നല്കുകയെന്നതല്ലാതെ കാര്യമായ പുരോഗതിയൊന്നും തന്നെ ആധുനിക വൈദ്യത്തിന്റെ പക്കലുമില്ല. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പഴങ്ങൾക്കും പച്ചക്കറികൾക്കും പകരം വെക്കാവുന്നവയല്ല പ്രതിരോധത്തിനായി നൽകുന്ന കൃത്രിമ വിറ്റാമിൻ ഗുളികകൾ എന്ന സത്യം ആ രംഗത്തുള്ളവർ തന്നെ വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഏതെങ്കിലുമൊരു കൃത്രിമ വിറ്റാമിൻ നൽകുന്നതിനേക്കാൾ അധികം പോഷണവും പ്രതിരോധവും നൽകും വ്യത്യസ്ത വിറ്റാമിനുകളെയും മറ്റ് ശരീരത്തിനാവശ്യമായ വസ്തുക്കളെയും പ്രത്യേകമായ അനുപാതത്തിൽ സമ്മേളിച്ച ഫലങ്ങളും പച്ചക്കറികളും എന്നതാണ് വസ്തുത. ഫലങ്ങളിലും പച്ചക്കറികളിലുമുള്ള നാരുകൾ(fibres) ഇല്ലാത്തതാണ് കൃത്രിമ വിറ്റാമിനുകൾ എന്നതിനാൽ അത് ചിലപ്പോഴെല്ലാം ശരീരത്തിനും അതും ശരീരത്തിനകത്തെ സൂക്ഷ്മജീവികളുമായുള്ള സഹജീവനത്തെയും ദോഷകരമായി ബാധിക്കുന്നുമുണ്ട്. കൃത്രിമവസ്തുക്കൾക്കൊന്നും നൽകാൻ കഴിയാത്ത ആന്റി ഓക്സിഡന്റ് ഗുണം കൂടിയുണ്ട് പ്രകൃതിയിലെ വസ്തുക്കൾക്ക്. രാസവസ്തുക്കളും മറ്റുമുപയോഗിച്ച് കൃത്രിമമായി മനുഷ്യർ നിർമ്മിക്കുന്ന രോഗപ്രതിരോധമരുന്നുകളേക്കാൾ എന്തുകൊണ്ടും ഉത്തമം പ്രകൃതിയിലെ പഴങ്ങളും പച്ചക്കറികളും തന്നെയാണെന്നർത്ഥം.

പ്രതിരോധവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ളത് കൂടാതെ രോഗകാരികളെ നശിപ്പിക്കുന്നതിന്നുള്ളതാണ് പിന്നെ ഔഷധങ്ങൾ. സൂക്ഷ്മജീവികളാലാണ് രോഗങ്ങളുണ്ടാവുന്നത് എന്ന് അറിയില്ലായിരുന്നുവെങ്കിലും പുരാതന നാഗരികതകൾ മുതൽ ഉപയോഗിച്ചിരുന്ന ഔഷധങ്ങളിൽ പലതും സൂക്ഷ്മജീവികളെ നശിപ്പിക്കുകയെന്ന ധർമ്മം നിർവ്വഹിക്കുന്നവയായിരുന്നു. മൃതശരീരങ്ങൾക്ക് കേടുവരാതെ മമ്മികളായി സൂക്ഷിക്കുന്നതിനുവേണ്ടി ഫറോവമാരുടെ കാലത്തെ ഈജിപ്ഷ്യൻ വൈദ്യന്മാർ ഉപയോഗിച്ച മരക്കറകളും നാഫ്ത ലായനിയും സസ്യഎണ്ണകളുമെല്ലാം മൃതശരീരത്തെ അഴുക്കുന്ന സൂക്ഷ്മജീവികളെ നശിപ്പിക്കുന്നവയായിരുന്നു. ഗ്രീക്ക് വൈദ്യനായിരുന്ന ഹിപ്പോക്രറ്റസ് മുറിവുകളിൽ വെച്ചുകെട്ടാനായി നിർദേശിച്ചത് സൂക്ഷ്മജീവികളെ നശിപ്പിക്കുന്ന സുർക്കയും വീഞ്ഞുമായിരുന്നു. വ്യത്യസ്ത മരക്കറകളും പൂക്കളുടെ സത്തുമുപയോഗിച്ച് നിർമിക്കുന്ന ബൽസാം (balsam) എന്ന അണുനാശിനി പത്തൊമ്പതാം നൂറ്റാണ്ട് വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്നു.

താൻ കണ്ടെത്തിയ പുതിയ പല അണുനശീകരണികളെയും കുറിച്ച് എഴുതുന്നതിനിടെ 1782ൽ അന്തരിച്ച ബ്രിട്ടീഷ് വൈദ്യനായ സർ ജോൺ പ്രിംഗിൾ (Sir John Pringle) ആണ് ആന്റിസെപ്റ്റിക് എന്ന് അത്തരം അണുനാശിനികളെ വിളിച്ചത്. രസത്തിന്റെ ക്ലോറൈഡുകളും അയഡിനുമെല്ലാം പിന്നീട് ആന്റിസെപ്റ്റിക്കുകളായി ഉപയോഗിക്കപ്പെട്ടു. ആന്റിസെപ്റ്റിക്കുകളുടെ കണ്ടുപിടുത്തചരിത്രത്തിൽ എടുത്ത് പറയേണ്ട വ്യക്തിത്വമാണ് ഇംഗ്ലീഷ് ശസ്ത്രക്രിയാവിദഗ്ധനായിരുന്ന ജോസഫ് ലിസ്റ്റർ (Joseph Lister). 1912 ൽ മരണപ്പെട്ട അദ്ദേഹം കാർബോളിക് ആസിഡിനെ (carbolic acid) ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചത് വഴി ശാസ്ത്രക്രിയാമരണങ്ങളുടെ നിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. 1910ൽ മരണപ്പെട്ട ജർമ്മൻ ബാക്റ്റീരിയോളജിസ്റ്റായ ഹെൻറിച്ച് കോച്ച് (Heinrich Koch) ബാക്ടീരിയകൾ രോഗമുണ്ടാക്കുന്നുണ്ടെന്ന് സംശയാതീതമായി തെളിയിച്ചതോടെ ആന്റിസെപ്റ്റിക്കുകളുടെ ഉപയോഗം വ്യാപകമായിത്തീർന്നു.

“രോഗങ്ങളെയൊന്നും അല്ലാഹു സൃഷ്ടിച്ചിട്ടില്ല; അവൻ തന്നെ അതിനുള്ള ശമനവും സൃഷ്ടിച്ചിട്ടല്ലാതെ” എന്ന നബിവചനം എത്ര സത്യം! രോഗങ്ങളില്ലാതെ ജീവിക്കുവാൻ മനുഷ്യരെ സഹായിക്കുന്നതിനുള്ള ഫലങ്ങളും പച്ചക്കറികളും മറ്റു ഭക്ഷ്യവസ്തുക്കളുമെല്ലാം അല്ലാഹു ഭൂമിയിൽ സൃഷിടിച്ച് തന്നിട്ടുണ്ട്. അഥവാ രോഗങ്ങളുണ്ടായാൽ അവക്കെല്ലാമുള്ള മരുന്നുകൾ നമ്മുടെ ഈ ഭൂമിയിൽ തന്നെ അല്ലാഹു ഒരുക്കിവെച്ചിട്ടുമുണ്ട്. അവ കണ്ടുപിടിക്കുകയെന്ന പണി മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. അവ കണ്ടുപിടിക്കാനുള്ള മാർഗദർശനവും പ്രകൃതിയിൽ തന്നെയുണ്ട്. അതിന്നായി അന്വേഷിക്കാനും ഗവേഷണങ്ങൾ നടത്താനും മനുഷ്യർക്ക് ബുദ്ധിയും ചിന്താശേഷിയുമെല്ലാം അല്ലാഹു നൽകിയിട്ടുമുണ്ട്. അല്ലാഹുവിന്റെ ഭൂമിയിൽ അവൻ ഒരുക്കിവെച്ച മരുന്നുകൾ അവൻ നൽകിയ ബുദ്ധിയുപയോഗിച്ച് കണ്ടെത്തുകയാണ് ഗവേഷകർ ചെയ്യുന്നത്. ഈ രംഗത്തെ പഠനങ്ങളെല്ലാം രാജാധിരാജനായ അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെയാണ് വെളിപ്പെടുത്തുന്നത്. അത്തരം പഠനങ്ങൾ നടത്തുകയും പഠനങ്ങളെക്കുറിച്ച് വായിക്കുകയും ചെയ്യുമ്പോഴെല്ലാം ഖുർആനിലെ സൂറത്തുർ റഹ്‌മാനിൽ മുപ്പത്തിയൊന്ന് തവണ ആവർത്തിക്കുന്ന ചോദ്യമാണ് നമുക്ക് ഓർമ്മ വരിക: “അപ്പോള്‍ നിങ്ങള്‍ രണ്ട് പേരുടെയും നാഥൻ ‌ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ക്ക് നിഷേധിക്കാനാവുക? ”

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

3 Comments

  • Anonymous 23.05.2020
  • l1
    w

    Anonymous 23.05.2020
  • qtel

    Anonymous 23.05.2020

Leave a comment

Your email address will not be published.